Sunday, July 22, 2007

പൈതൃകം.

എട്ട്.

വൃദ്ധന്‍ സംസാരിക്കാന്‍ തുടങ്ങി. പതിഞ്ഞതെങ്കിലും ഗാംഭീര്യമുള്ള ആ ശബ്ദം ചരിത്രത്തിന്റെ ഏടുകളിലേക്കിറങ്ങി. പതിനാല്‌ നൂറ്റാണ്ട് മുമ്പ്‌ ഒരു നാഗരികതയ്ക്ക്‌ ജന്മം നല്‍കാന്‍ ഈ ഊഷരഭൂമിയില്‍ കടന്ന പോയ പൂര്‍വ്വസൂരികളുടെ കാല്‍പാടുകള്‍, അദ്ദേഹത്തിന്റെ ചുണ്ടുകളുടെ ചലനത്തിനൊപ്പം ഞങ്ങളും കാണാന്‍ തുടങ്ങി... കഷ്ടപ്പാടുകളും ദുരിതങ്ങളും അക്രമങ്ങളും പരിഹാസങ്ങളും അതിജീവിച്ച്‌ നീങ്ങിയ ഒരു നീണ്ട നിര... അവര്‍ക്ക്‌ നേതൃത്വം നല്‍കാന്‍ നിലാവ്‌ പോലെ കുളിര്‌ നല്‍കിയ ഒരു പുണ്യറസൂലും (സ).

മക്കയില്‍ മര്‍ദ്ദനങ്ങളുടെ കാലം... മുഹമ്മദിനേയും(സ) സംഘത്തേയും സമൂഹത്തില്‍ നിന്ന് ബഹിഷ്കരിക്കുക എന്ന ഗോത്രമുഖ്യരുടെ തീരുമാനം മക്കക്കാര്‍ നടപ്പാക്കി. നിരന്തരം ആക്രമിക്കപ്പെടുന്നതിന് പുറമെ ഭക്ഷണവും വെള്ളവും വരെ തടഞ്ഞപ്പോള്‍ നബിതിരുമേനിയും(സ) കുടുംബവും അനുയായികളും തൊട്ടടുത്ത ഒരു കുന്നിന്‍ ചെരുവിലേക്ക്‌ താമസം മാറി... അത്‌ പട്ടിണിക്കാലത്തെ ആഹാരം പച്ചിലകളും വൃക്ഷത്തൊലികളുമായിരുന്നു. പിന്നെ വല്ലപ്പോഴും മക്കയിലെ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ രഹസ്യമായി എത്തിക്കുന്ന ഭക്ഷണവും...

ഇതിനിടയില്‍ മക്കയിലെ ഗോത്ര പ്രമാണിമാരില്‍ ചിലര്‍ ഈ മൃഗീയതയെ എതിര്‍ത്ത്‌ തുടങ്ങി. ഈ ബഹിഷ്കരണ തീരുമാനത്തിനായി ശക്തമായി വാദിച്ച അംറുബ്‌നു ഹിശാമിനെ ചിലര്‍ ചോദ്യം ചെയ്തു. മുന്ന് വര്‍ഷങ്ങള്‍ക്ക്‌ ശേഷം മക്കയില്‍ നബിതിരുമേനി(സ)യും കുടുബവും തിരിച്ചെത്തിയതോടെ മര്‍ദ്ദനങ്ങള്‍ പൂര്‍വ്വാധികം ശക്തമായി. ഏതാനും പ്രവാചക ശിഷ്യന്മാര്‍ എത്യോപ്യയിലേക്ക്‌ പലായനം ചെയ്തു. അനാഥനായ പ്രവാചകര്‍ (സ) അക്കാലം വരെ പിതാമഹനായ അബൂതാലിബിന്റെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നത്‌. അത് പിന്‍വലിക്കാന്‍ ഖുറൈശി നേതാക്കന്മാര്‍ അബൂതാലിബിനോട്‌ പലതവണ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെങ്കിലും അദ്ദേഹം അനുസരിച്ചില്ല.

അബൂതാലിബ്‌ ഈ ലോകത്തോട്‌ വിടപറഞ്ഞു. ആ വിഷമഘട്ടത്തില്‍ നിന്ന് മോചനം ലഭിക്കും മുമ്പേ പത്നിയായ ഖദീജയും നിര്യാണം പ്രാപിച്ചു. ആ ദു:ഖകാലഘട്ടം ആണ്‌ പ്രവാചക ചരിത്രത്തിലെ 'ആമുല്‍ ഹുസ്‌ന്‍' (ദുഃഖ വര്‍ഷം) എന്ന് അറിയപ്പെടുന്നത്‌. ഇക്കാലത്ത്‌ മര്‍ദ്ദനങ്ങള്‍ പൂര്‍വ്വാധികം ശക്തമായതോടെ നബി തിരുമേനി ‘താഇഫെ‘ന്ന സ്ഥലത്തേക്ക്‌ യാത്ര തിരിച്ചു. പുറപ്പെടുമ്പോള്‍ അമ്മാവന്മാരുടെ നാടായത്‌ കൊണ്ട്‌ അവര്‍ സഹായിക്കും എന്ന പ്രതീക്ഷയിലായിരുന്നു. വേലക്കാരനായി വന്ന് കുടുംബാംഗമായി മാറിയ അതേ സൈദ്‌ താഇഫിലേക്കുള്ള യാത്രാമധ്യ നബി തിരുമേനിയുടെ കൂടെ ഉണ്ടായിരുന്നു.

തണുത്ത മണലില്‍ പടിഞ്ഞിരുന്ന് വാക്കുകളിലൂടെ നൂറ്റാണ്ടുകളുടെ യാത്ര നടത്തുന്ന വൃദ്ധന്റെ കണ്ണുകള്‍ ഞങ്ങളിലെ സൈദ്‌ എന്ന് പേരുള്ള യാത്രക്കാരനെ തിരഞ്ഞു... കൂടെ ഞങ്ങളും. ഞങ്ങളുടെ കണ്ണുകള്‍ കൂട്ടി മുട്ടിയപ്പോള്‍ അദ്ദേഹം പുഞ്ചിരിച്ചു... വൃദ്ധന്റെ സ്വരം വീണ്ടും ഞങ്ങള്‍ക്ക്‌ വഴിവിളക്കായി...


താഇഫില്‍ എത്തിയ പ്രവാചകന്‍(സ) തന്റെ പ്രബോധനത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ താഇഫുകാര്‍ കയ്യൊഴിഞ്ഞു. അവരും മര്‍ദ്ദനം തുടങ്ങി. തെരുവില്‍ അവിടുന്ന് ആക്രമിക്കപ്പെട്ടു. നാല്‌ ഭാഗത്ത്‌ നിന്നും തുരുതുരാ കല്ലുകള്‍ ശരീരത്തില്‍ പതിച്ചപ്പോള്‍ കൂടെയുള്ള സൈദന്ന തന്നാലാവും വിധം അത്‌ തടയാന്‍ ശ്രമിച്ചു. "ഭ്രാന്തന്‍... ഭ്രാന്തന്‍" എന്ന് താഇഫുകാര്‍ ആര്‍ത്തുവിളിച്ചു.

ശരീരത്തില്‍ നിന്ന് വാര്‍ന്നൊലിക്കുന്ന രക്തവുമായി നബിതിരുമേനി(സ) തളര്‍ന്നിരുന്നു. അര്‍ത്തട്ടഹിച്ചെത്തിയ ജനങ്ങള്‍ നിലത്ത് വലിച്ചിഴച്ചു... പിടിച്ചെഴുന്നേല്‍പ്പിച്ച്‌ വീണ്ടും കല്ലെറിയാന്‍ തുടങ്ങി. അലറി വിളിച്ച്‌ അക്രമിക്കുന്ന ജനക്കൂട്ടത്തെ നോക്കി സൈദ്‌ കരഞ്ഞ്‌ പറഞ്ഞു..."എറിയല്ലേ... ഇത്‌ ഒരു നല്ല മനുഷ്യനാണ്‌, സത്യസന്ധനും വിശ്വസ്തനുമാണ്‌, നിങ്ങള്‍ക്കായി ലഭിച്ച വിമോചകനാണ്‌... എറിയല്ലേ.. " പാഞ്ഞ്‌ വരുന്ന കല്ലുകള്‍ സൈദ്‌ ശരീരം തൊണ്ട്‌ തടയാന്‍ ശ്രമിച്ചു... നബി തിരുമേനി(സ)യേയും കൂട്ടി കുറച്ചപ്പുറത്തുള്ള ഒരു മരത്തണലിരുത്തി.

ദാഹിച്ച്‌ വലഞ്ഞ നബിതിരുമേനി വെള്ളത്തിനായി സൈദിനെ പറഞ്ഞയച്ചു... കത്തുന്ന വെയിലില്‍ താഇഫുകാരുടെ മര്‍ദ്ദനത്തിന്റെ ഭാരവും പേറി മരച്ചുവട്ടിലിരിക്കുന്ന അവിടുന്ന് പിറുപിറുത്തിരുന്ന ഒരു പ്രാര്‍ത്ഥന ഇതായിരുന്നു... "അല്ലാഹുവേ നീ മര്‍ദ്ദിക്കപ്പെടുന്നവരുടെ നാഥനാണ്‌. നീയാണെന്റെ നാഥന്‍, എന്റെ കഴിവ്‌ കുറഞ്ഞ കാരണമാണവര്‍ എന്നെ മനസ്സിലാക്കതിരുന്നത്‌, അവരെ ശിക്ഷക്ക്‌ വിധേയമാക്കരുതേ..."

സൈദ്‌ വെള്ളപ്പാത്രവുമായി കിണറുകള്‍ അന്വേഷിച്ചു നടന്നു. കുറച്ച്‌ ദൂരെയുള്ള കിണറ്റില്‍ നിന്ന് പാത്രം നിറക്കവേ തോട്ടയുടമ ഓടിയെത്തി. "ആ ഭ്രാന്തന്‌ നല്‍കാന്‍ എന്റെ കിണറില്‍ വെള്ളമില്ല..." എന്ന് പറഞ്ഞ്‌ വെള്ളപ്പാത്രം തട്ടിത്തെറിപ്പിച്ചു. സങ്കടത്തോടെ സൈദ്‌ തിരിച്ച്‌ നടന്നു. ദൂരെ നിന്ന് വെള്ളപ്പാത്രവുമായി വരുന്ന സൈദിനേകണ്ടപ്പോള്‍ നബി തിരുമേനി പറഞ്ഞത്രെ... ഒന്ന് വേഗം വരൂ സൈദ്‌... വല്ലാത്ത ദാഹം... സൈദിന്റെ കണ്ണുകള്‍ നിറഞ്ഞു. വെള്ളപ്പാത്രം കമിഴ്‌ത്തിക്കാണിച്ച്‌ സൈദ്‌ വിങ്ങിപ്പൊട്ടി "നബിയേ... അങ്ങേയ്ക്‌ ഒരിറ്റ്‌ വെള്ളം പോലും തരാന്‍ ഈ ജനത തയ്യാറല്ല."

ഇതെല്ലാം കുറച്ചപ്പുറത്ത്‌ നിന്ന് കാണുന്നുണ്ടായിരുന്നു ഉത്‌ബത്ത്‌ എന്ന പ്രമുഖന്‍. അദ്ദേഹം ഈ ദയനീയത കണ്ട്‌ തന്റെ ജോലിക്കാരനായ അദ്ദാസിനെ വിളിച്ച്‌ കുറച്ച്‌ മുന്തിരി നബിതിരുമേനിക്ക്‌ കൊടുത്തയച്ചു.... എല്ലാവരും കല്ലെറിഞ്ഞ നാട്ടില്‍ തന്നെ സഹായിക്കനെത്തിയ അയാളൊട് നിറകണ്ണുകളുമായി നബി തിരുമേനി(സ) അന്വേഷിച്ചു "നിങ്ങളാരാണ്‌..."

"ഞാന്‍ അദ്ദാസ്‌, നിനേവക്കാരനാണ്‌" എന്നദ്ദേഹം മറുപടി പറഞ്ഞു.

"അത്‌ എന്റെ യൂനുസിന്റെ (ജോന പ്രവാചകന്‍) സ്ഥലമാണല്ലോ നിനേവ..." എന്നായി നബിതിരുമേനി(സ).
ഭൃത്യന്‌ അത്ഭുതമായി "താങ്കള്‍ യൂനുസിനെ അറിയുമോ ... ?"

"അറിയാം... അതേ യൂനുസ്‌ കൊണ്ട്‌ വന്ന സത്യവുമായി വന്നതാണ് ഞാന്‍. ആ സത്യം പറഞ്ഞതിനാണ്‌ ഈ കല്ലേറ്‌ കൊള്ളേണ്ടി വന്നത്‌."

"എന്റെ യൂനുസും താങ്കളും ഒരേ സത്യത്തിന്റെ പ്രബോധകരാണെങ്കില്‍ ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു അല്ലാഹുവാണ്‌ ഏകനായ ദൈവം എന്നും താങ്കള്‍ പ്രവാചകനാണെന്നും."

കല്ലേറ്‌ കൊണ്ട നാട്ടില്‍ നിന്നും ഒരു അനുയായി കിട്ടിയ സന്തോഷത്തോടെ സൈദും പ്രവാചകരും മക്കയിലേക്ക്‌ തന്നെ തിരിച്ചു.

ഇന്ന് ആര്‍ഭാടത്തില്‍ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഭൂതകാലത്തില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണഠം ഇടറി. ചുണ്ടില്‍ ഉപ്പുരസമെത്തി. എന്റെ കണ്ണും നിറഞ്ഞൊഴുകുന്നുണ്ട്.

വൃദ്ധനായ ഇസ്മാഈല്‍ തൊണ്ടശരിയാക്കി. അദ്ദേഹത്തിന്റെ നരച്ച രോമങ്ങള്‍ അതിര്‍ത്തി തീര്‍ക്കുന്ന മുഖം എപ്പോഴും എബ്രഹാം പ്രവാചകനേയും മകനായ ഇസ്മാഈലിനേയും മനസ്സിലെത്തിക്കും. ദൈവീക കല്‍പന ശിരസ്സാ വഹിച്ച്‌ ഭാര്യയേയും ചോരകുഞ്ഞിനേയും മക്കയെന്ന വരണ്ട ഭൂമിലുപേക്ഷിച്ച്‌ നിറഞ്ഞ കണ്ണുകളുമായി തിരിച്ച്‌ ഇറാഖിലേക്ക്‌ തന്നെ യാത്ര തിരിച്ച അബ്രാഹം പ്രവാചകന്‍ പിന്നീടൊരിക്കല്‍ തിരിച്ചെത്തിയത്‌ മറ്റൊരു ദൈവീക പരീക്ഷണത്തിന്റെ ഭാഗമാവാനായിരുന്നു.

ദൈവത്തിന്‌ ബലിനല്‍കാനായി ഒരു കൈയ്യില്‍ മകനേയും മറ്റേ കയ്യില്‍ ചുരുട്ടിയ കയറും കഠാരയുമായി മരുഭൂമിയിലൂടെ നടന്ന് പോവുന്ന ആ പ്രപിതാമഹന്റെ ചിത്രം മനസ്സില്‍ വരയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. പിതാവായ ഇബ്രാഹീം നബി പുത്രനായ ഇസ്മാഈലിനെ ദൈവത്തിന്‌ ബലിനല്‍കാനാണ്‌ ഈ യാത്രയെന്ന് അറിയിച്ചപ്പോള്‍ ആ പുത്രന്റെ അന്ത്യഭിലാഷങ്ങള്‍ (വസിയ്യത്ത് (ഒസ്യത്ത്)) ഏത്‌ മനസ്സിനെയും ഉരുക്കുന്നതായിരുന്നു.

പിതാവിന്റെ വിരലുകള്‍ മുറുകേപിടിച്ച്‌ ഇസ്മാഈല്‍ പറയാന്‍ തുടങ്ങി. "ഉപ്പാ... ഞാന്‍ ധരിച്ച ഈ വസ്ത്രം ഉമ്മയെ ഏല്‍പ്പിക്കണം. അതിനായി എന്നെ അറുക്കുന്നതിന്‌ മുമ്പ്‌ അത് അഴിച്ചെടുക്കണം. ഇല്ലങ്കില്‍ അതില്‍ എന്റെ ചോര പുരണ്ടത്‌ കണ്ടാല്‍ സഹിക്കാന്‍ എന്റെ ഉമ്മയ്ക്ക്‌ കഴിഞ്ഞ്‌ കൊള്ളണമെന്നില്ല. അങ്ങ്‌ എന്റെ കൈ കാലുകള്‍ ബന്ധിക്കണം. ഇല്ലങ്കില്‍ ഞാന്‍ എത്ര ക്ഷമിച്ചാലും കഴുത്തിലെ മംസത്തിലൂടെ, ഞെരമ്പുകളിലൂടെ കത്തിയുടെ മൂര്‍ച്ചയുള്ള വായ്‌ത്തല നീങ്ങുമ്പോള്‍ എന്റെ മുഖത്ത്‌ വേദനയുടെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടാം. അത്‌ കണ്ടാല്‍ പിതാവായ അങ്ങേയ്ക്‌ ദൈവീക തീരുമാനം നടപ്പാക്കുന്നതില്‍ വൈമനസ്യം തോന്നാന്‍ സാധ്യതയുണ്ട്‌. അങ്ങനെ സംഭവിക്കാതിരിക്കാനായി എന്നെ കമിഴ്‌ത്തി കിടത്തി വേണം അറുക്കാന്‍... ഇന്‍ഷാ അല്ലാ... ദൈവാനുഗ്രഹമുണ്ടെങ്കില്‍ അങ്ങേയ്ക്ക്‌ എന്നെ പരലോകത്ത്‌ വെച്ച്‌ ക്ഷമാശീലരുടെ കൂട്ടത്തില്‍ കണ്ടുമുട്ടാനാവും...

കൈകാലുകള്‍ ബന്ധിച്ച്‌ മൂര്‍ച്ചയുള്ള കത്തി കഴുത്തിലൂടെ ചലിക്കുമ്പോള്‍ അതിന്റെ മൂര്‍ച്ചയെങ്ങോ പോയി മറഞ്ഞതും ദൈവീക പരീക്ഷണമായിരുന്നു ഇബ്രാഹീം. താങ്കള്‍ വിജയിച്ചിരിക്കുന്നു എന്ന് ജിബ്‌രീല്‍ (ഗാബ്രിയേല്‍ മാലാഖ) അറിയിച്ചതും... എല്ലാം മനസ്സിലെത്തിയപ്പോള്‍ അയ്യായിരം വര്‍ഷങ്ങള്‍ക്ക്‌ ശേഷം അതേ ഇസ്മാഈലിന്റെ പേര്‌ ലഭിച്ച വൃദ്ധന്റെ വാക്കുകളിലൂടെ ആ ഈസ്മാഈലി പരമ്പരയില്‍ ജന്മം കൊണ്ട മറ്റൊരു ഇതിഹാസത്തെ കാണുകയായിരുന്നു.

അദ്ദേഹം തുടര്‍ന്നു...

പിന്നീടാണ്‌ മക്കക്കാര്‍ നബിതിരുമേനിയെ വധിക്കാന്‍ തീരുമാനിച്ചത്‌. വധത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു ഗോത്രത്തിന്റെ ചുമലില്‍ വന്നാല്‍ നാളെ അതൊരു ഗോത്ര യുദ്ധമായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് അരോ അഭിപ്രായപ്പെട്ടു. അതിന്‌ പ്രതിവിധിയായി എല്ലാ ഗോത്രങ്ങളില്‍ നിന്നും ഒരോ ആളുകളെ തിരഞ്ഞെടുക്കാനും അവരെല്ലാവരും കൂടെ ഒരു പ്രഭാതത്തില്‍ ഒന്നിച്ച്‌ ആക്രമിക്കാനും തീരുമാനിച്ചു. അതിനായി പ്രത്യേക പരിശിലനം നല്‍കി ഒരു സംഘത്തെ വാര്‍ത്തെടുത്തു...

അങ്ങനെ ആ ദിവസവും ആഗതമായി...

കാലം നിശ്ശബ്ദമായിരിക്കണം. ഞങ്ങളും നിശ്ശബ്ദരായിരുന്നു... ഇസ്മാഈല്‍ എന്ന വൃദ്ധന്റെ വാചക പ്രവാഹത്തിന്‌ മുമ്പില്‍... സംസാര മധ്യ, മുമ്പിലെ തളികയില്‍ പരത്തിയിട്ട ഈത്തപ്പഴത്തില്‍ ഒന്നെടുത്ത്‌ വായിലിട്ട്‌ അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു.

Wednesday, July 4, 2007

ഇരുളും വെളിച്ചവും.

ഏഴ്

തണുത്ത അന്തരീക്ഷത്തില്‍ കാപ്പി അകത്ത്‌ സൃഷ്ടിച്ച ചൂടുമായി ആ വൃദ്ധവചനങ്ങള്‍ ശ്രവിക്കാന്‍ ഞങ്ങള്‍ വട്ടമിട്ടിരുന്നു. വെളുത്ത തലപ്പാവും തൂവെള്ള താടിയ്കുമിടയില്‍ പുഞ്ചിരിക്കുന്ന ആ വാര്‍ദ്ധക്യത്തിന് വല്ലാതെ ആകര്‍ഷണീയതയുണ്ട്‌. മരുഭൂമിയില്‍ ഒട്ടകത്തെ മേച്ച്‌ നടന്നിരുന്ന, മദ്യത്തിലും സ്ത്രീയിലുമെന്ന പോലെ യുദ്ധങ്ങളിലെ ചോരച്ചാലുകളിലും ലഹരി കണ്ടെത്തിയിരുന്ന ഒരു ജനവിഭാഗത്തിലെ കണ്ണി... വാക്കിലും നോക്കിലും ഉന്നതമായ സംസ്കാരം പുലര്‍ത്തുന്ന അദ്ദേഹത്തിനടുത്തിരിക്കുമ്പോള്‍ എന്റെ മനസ്സ്‌ വീണ്ടും ഗതകാലത്തിലേക്ക്‌ പറന്നു... മദീനയുടെ ചരിത്രത്തിലേക്ക്...

മദീനയിലെ ഒരു സദസ്സ്, ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സംശയങ്ങളും ആവലാതികളും ശ്രദ്ധാപൂര്‍വ്വം കേട്ട്‌ നബിതിരുമേനി (സ) പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു... ഇതിനിടയില്‍ ഒരു ഗ്രമീണന്‍ അവിടുന്നിനോട്‌ ചേര്‍ന്നിരുന്ന് പരുക്കന്‍ സ്വരത്തില്‍ പറഞ്ഞ്‌ തുടങ്ങി.

"റസൂലേ ഞാന്‍ ഒരു ഗ്രാമീണനാണ്‌... ഞാന്‍ പാപിയാണ്‌. എനിക്ക്‌ അല്ലാഹു മാപ്പ്‌ തരുമോ...?"

നബിതിരുമേനിയോടൊപ്പം സദസ്സും ആ മനുഷ്യനെ ശ്രദ്ധിച്ചു... പതറുന്ന ശബ്ദത്തില്‍ അയാള്‍ തുടര്‍ന്നു. "നബിയേ ഞാന്‍ എന്റെ മക്കളേ ജീവനോടെ കുഴിച്ച്‌ മൂടിയവനാണ്‌. ഓരോ പ്രാവശ്യവും എന്റെ ഭാര്യ ജന്മം നല്‍കുന്ന ചോര കുഞ്ഞുങ്ങളെ വാശിയോടെ ഈ മരുഭൂമിയില്‍ ഞാന്‍ അവസാനിപ്പിച്ചിട്ടുണ്ട്‌..."

അവസാനം ജനിച്ച കുഞ്ഞിന്റെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്‌... ചോരപൈതലായിരിക്കേ അവളേയും നശിപ്പിക്കാനൊരുങ്ങിയ എന്നെ ഭാര്യ തടഞ്ഞപ്പോള്‍ ആരോരുമറിയാതെ അവളെ വളര്‍ത്താം എന്ന വ്യവസ്ഥയില്‍ ഞാന്‍ വെറുതെ വിട്ടു. വളരേ പെട്ടന്ന് അവള്‍ ഞങ്ങളുടെ വീടിന്റെ വെളിച്ചമായി. അവളുടെ നിഷ് കളങ്ക മുഖവും പുഞ്ചിരിയും എന്നില്‍ മനുഷ്യത്വം തിരിച്ച്‌ കൊണ്ട്‌ വന്നു തുടങ്ങി.. അവള്‍ വളര്‍ന്നു. നടക്കാനും... കൊഞ്ഞുറഞ്ഞ ഭാഷയില്‍ സംസാരിക്കാനും തുടങ്ങി...

"അങ്ങനെയിരിക്കേ ഒരിക്കല്‍ ഒരു സുഹൃത്ത്‌ എന്നോട്‌ പരിഹാസത്തോടെ ചോദിച്ചു... "നീ പെണ്‍കുട്ടിയെ വളര്‍ത്തുന്നുണ്ട്‌ അല്ലേ...". അതെന്റെ അഭിമാനത്തിനേറ്റ ഏറ്റവും വലിയ ക്ഷതമായിരുന്നു. ജീവന്‍ നഷ്ടമായാലും അഭിമാനം പണയപ്പെടുത്തിക്കൂടാ... പിറ്റേന്ന് ഭാര്യയോട്‌ കള്ളം പറഞ്ഞ്‌ ഒരിക്കലും വീടിന്‌ പുറത്തിറങ്ങാത്ത മകളുമായി ഞാന്‍ മരുഭൂമിയിലേക്കിറങ്ങി.

ആളൊഴിഞ്ഞ മരുഭൂമിയിലെ ചെറിയ തണലില്‍ അവളെ നിര്‍ത്തി ഞാന്‍ കുഴിയെടുത്തു. കുഴിക്കരികിലേക്ക് വിളിച്ചപ്പോള്‍ അവള്‍ ഓടിയെത്തി. എന്റെ ശരീരത്തിലെ വിയര്‍പ്പില്‍ പറ്റിപ്പിടിച്ച മണല്‍ തരികള്‍ കുഞ്ഞുകൈകള്‍ കൊണ്ട്‌ വൃത്തിയാക്കികൊണ്ടിരിക്കേ ഞാന്‍ അവളേ കുഴിയിലേക്ക്‌ തള്ളി... അവള്‍ "അബൂ... " എന്ന് അലറിക്കരഞ്ഞു. രണ്ടാമത്‌ ശബ്ദം ഉയരും മുമ്പേ ഞാന്‍ അവളുടെ മുഖത്തേക്ക്‌ മണ്ണ്‍ കോരിയിട്ടു... പിന്നീട്‌ മണലില്‍ മറയാതെ പിടയുന്ന കൊച്ചുമേനിയിലേക്കും.

സദസ്സ്‌ വിങ്ങിപ്പൊട്ടി... നബിതിരുമേനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി... ആ ഗ്രാമീണന്‍ തൊണ്ടയിടറികൊണ്ട്‌ ചോദിച്ചു ... അല്ലാഹുവിന്റെ പ്രവാചകരേ(സ) എന്നോട്‌ അല്ലാഹു ക്ഷമിക്കുമോ... ഞാന്‍ പശ്ചാത്തപിക്കുന്നു... എന്നോട്‌ ക്ഷമിക്കുമോ...

അത്മാര്‍ത്ഥമായി പശ്ചപത്തപിച്ചാല്‍ ഏത്‌ തെറ്റും ക്ഷമിക്കുന്ന കാരുണ്യവാനാണ്‌ ദൈവം എന്ന് വിശദീകരിക്കുമ്പോഴും അവിടുത്തെ കണ്ണീര്‍ തോര്‍ന്നിട്ടുണ്ടായിരുന്നില്ല... അന്നത്തെപ്പോലെ നബിതിരുമേനി (സ) കരയുന്നത്‌ പിന്നീടും അതിന്‌ മുമ്പും ഞങ്ങള്‍ കണ്ടിട്ടില്ലന്ന് അനുയായികള്‍ സാക്ഷ്യപ്പെടുത്തുന്നു.

പെണ്‍ജന്മങ്ങളെ ജീവനോടെ കുഴിച്ച്‌ മൂടിയ കാട്ടാള ഹൃദയനായിരുന്നു നബിതിരുമേനിയുടെ മുമ്പിലെത്തും വരെ ഖലീഫ ഉമര്‍ അടക്കം പലരും. അവിടുന്നിന്റെ അധ്യാപനങ്ങള്‍ അവരെ മനുഷ്യരാക്കി മാറ്റി.

അര്‍ദ്ധ രാത്രി കഴിഞ്ഞിരിക്കുന്നു. തണുത്തുറഞ്ഞ മരുഭൂമിയിലുടെ ഒരാള്‍ ആഞ്ഞ്‌ നടക്കുന്നു. ദൂരെ വിജനമായ മരുഭൂമിയിലെ കൊച്ചു വെളിച്ചമായിരുന്നു ആ അപരിചിതന്റെ ലക്ഷ്യം.

മരുഭൂമിയില്‍ ഒരുക്കിയ കൊച്ചു ടെന്റില്‍ തൂക്കിയിട്ട കൊച്ചു വെളിച്ചം. പുറത്ത്‌ യാത്രക്കാരന്റെ മുഖഭാവമുള്ള ഒരാള്‍ പരിഭ്രമത്തോടെ നടക്കുന്നു. അകത്ത്‌ നിന്ന് ഒരു സ്ത്രീയുടെ അടക്കിപ്പിടിച്ച വിലാപവും കേള്‍ക്കുന്നുണ്ട്‌. പതിവ്‌ അഭിവാദ്യത്തിന്‌ ശേഷം വന്നെത്തിയ അപരിചിതന്‍ അന്വേഷിച്ചു "എന്താണ്‌ സഹോദരാ താങ്കളുടെ പ്രശ്നം... ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ...?"

അയാള്‍ പറഞ്ഞു " ഞങ്ങള്‍ യാത്രക്കാരണ്‌. ഈ വഴിയില്‍ വെച്ച്‌ എന്റെ ഭാര്യയ്ക്ക്‌ പ്രസവ വേദന തുടങ്ങി. രാത്രിയായതിനാല്‍ സഹായിക്കാന്‍ ആരുമില്ല. ആരെയെങ്കിലും അന്വേഷിക്കാനായി ഞാന്‍ പുറത്ത്‌ പോയാല്‍ അവള്‍ ഇവിടെ തനിച്ചാവും. എന്ത്‌ ചെയ്യണം എന്ന് ഒരു പിടിയും ഇല്ല."

'ഞാനിപ്പോള്‍ വരാം...' ഇതും പറഞ്ഞ്‌ ആ അപരിചിതന്‍ യാത്ര പറഞ്ഞു. അദ്ദേഹം തന്റെ വീട്ടിലെത്തി. ആദ്യം ഭാര്യയെ വിളിച്ചുണര്‍ത്തി. ഏതാനും നിമിഷങ്ങള്‍ക്ക്‌ ശേഷം ഒരു പാത്രത്തില്‍ ഭക്ഷണവും കുറച്ച്‌ പഴയ വസ്ത്രങ്ങളുമായി അദ്ദേഹത്തിന്റെ പത്നി ആ പാവം പെണ്ണിന്റെ പ്രസവമെടുക്കാനായി ഇറങ്ങി."

തിരിച്ചെത്തിയ അപരിചിതനേയും ഭാര്യയേയും ആ യാത്രക്കാരന്‍ സ്വാഗതം ചെയ്തു. അദ്ദേഹം ഈ സഹായവുമായെത്തിയ മനുഷ്യനോട്‌ സംസാരിച്ചിരിക്കവേ അകത്ത്‌ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങി." തൊട്ട്‌ പിറകേ അകത്തേക്ക്‌ പോയ സ്ത്രീ വിളിച്ച്‌ പറഞ്ഞു "അമീറുല്‍ മുഅ്‌മിനീന്‍... താങ്കളുടെ സുഹൃത്തിന്‌ സന്തോഷവാര്‍ത്ത അറിയിക്കണേ... അദ്ദേഹത്തിന്‌ ഒരു ആണ്‍കുഞ്ഞ്‌ പിറന്നിരിക്കുന്നു."

'അമീറുല്‍ മുഅ്‌മിനീന്‍' എന്ന പദം കേട്ട്‌ ആ യാത്രക്കാരന്‍ ഞെട്ടിത്തരിച്ച്‌ പോയി. കാരണം ഭരണാധികാരിയെ സ്നേഹപൂര്‍വ്വം വിളിക്കുന്ന സ്ഥാനപ്പേരാണ്‌ അത്‌. അങ്ങനെയെങ്കില്‍ ഇപ്പോഴും തന്റെ അടുത്ത്‌ പുഞ്ചിരിച്ചിരിക്കുന്ന ഈ മനുഷ്യനാണ്‌ മധ്യേഷ്യയിലെ ശക്തനായ ഭരണാധികാരി ഖലീഫാ ഉമര്‍... അകത്ത്‌ തന്റെ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്‌ എത്തിയത്‌ ഈ ഭരണാധികാരിയുടെ പത്നിയും... അമ്പരപ്പിനവാസാനം നിറഞ്ഞ കണ്ണുകളുമായി ആ യാത്രക്കാരന്‍ ഉമറിനെ കെട്ടിപ്പിടിച്ചു...

ആ വൃദ്ധന്റെ മനോഹരമായ മൊഴികള്‍ക്കായി കാതോര്‍ത്തിരിക്കവേ തൊട്ടടുത്തിരിക്കുന്ന ഒരാള്‍ ഒരു ഉറുദു കവിത മൂളാന്‍ തുടങ്ങി. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക്‌ മാത്രമായി 'പ്രകീര്‍ത്തനം (നഹ്‌ത്ത്‌) എന്ന കാവ്യശാഖ തന്നെയുണ്ട്‌ ഉര്‍ദു ഭാഷയില്‍.

മദീനയുടെ പ്രാന്തപ്രദേശങ്ങളിലൂടെ അലഞ്ഞ്‌ നടക്കുന്ന കവിയുടെ മോഹങ്ങളായി ജനിച്ച കവിത. പ്രവാചക നഗരത്തിന്റെ മണല്‍തരികളില്‍ തന്നെ എന്റെ ജീവിതം അവസാനിച്ചെങ്കില്‍ എന്ന അദ്ദേഹത്തിന്റെ ആഗ്രഹം... സുന്ദരമായ വരികള്‍ മാറി മാറി വിരിഞ്ഞപ്പോള്‍ പലരും അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. ആവേശത്തോടെ പ്രവാചകരെ (സ) അഭിവാദ്യം ചെയ്ത്‌ കൊണ്ടുള്ള കവിത ഉച്ചത്തില്‍ ചൊല്ലാന്‍ തുടങ്ങി. വരികളില്‍ പലതും നഷ്ടപെട്ടിരുന്നെങ്കിലും ആ ശബ്ദവും ആവേശവും സംഘത്തില്‍ നിശ്ശബ്ദത പടര്‍ത്തി...

മുമ്പെങ്ങോ കേട്ടുമറന്ന ഹഫീസ്‌ ജലാന്ഥരിയുടെ മനോഹരമായ വരികളിലൂടെ മനസ്സില്‍ മദീനയുടെ നായകന്റെ പുഞ്ചിരിയുമായി മനസ്സ്‌ താദാത്മ്യപെടുന്നു... വൃദ്ധനായ ഇസ്മാഈലിന്റെ ശബ്ദം വീണ്ടും ഉയരുന്നു... സൈദിന്‌ വേണ്ടി.