പതിനാല്
കണ്ണെത്തും ദൂരത്ത് ഗതകാല സുകൃതങ്ങളുടെ ഓര്‍മ്മകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന മസ്ജിദുന്നബവി. മക്ക തിരസ്കരിച്ച പുണ്യറസൂലെന്ന സൌഭാഗ്യം നെഞ്ചിലേറ്റാന്‍ ഊഷരഭൂമിയായ യസ്‌രിബിന് ലഭിച്ച ഭാഗ്യമാണ്, ഇന്നും ശതകോടികളുടെ ഉള്ളുരുക്കമാക്കി മദീനയെ മാറ്റിയത്. ഓരോ മണല്‍ തരിക്കും ആ സ്നേഹപ്രവാഹത്തിന്റെ നൂറ് നുറ് കഥകള്‍ പറയാനുണ്ടാവും.. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മക്കയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ചെത്തിയ ഒരു കൂട്ടം ദരിദ്രരേയും അവര്‍ക്കിടയിലെ പൂര്‍ണ്ണചന്ദ്രനേയും സ്വീകരിച്ച ആ ഉന്നത പാരമ്പര്യത്തിന്റെ അനന്തരാവകാശികള്‍, ഇന്നും മദീന സന്ദര്‍ശിക്കുന്ന ഭാഷവര്‍ണ ഭേദമന്യേ എല്ലാവരേയും സ്വീകരിച്ച് 'താങ്കളെന്റെ അതിഥിയാവാന്‍ ദയവുണ്ടാവണം' എന്ന് അപേക്ഷിക്കുന്നു... നിര്‍ബന്ധിക്കുന്നു... മദീനക്കാരുടെ ആതിഥേയ മര്യാദയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
AD622-ല്‍ മക്കയില്‍ നിന്ന് പലായനം ചെയ്തെത്തിയ പരിശുദ്ധനബി(സ) ശിഷ്യരോടൊപ്പം മണ്ണും മരവും ചുമന്ന് നിര്‍മ്മിച്ചതാണ് മസ്ജിദുന്നബവി. ചളികട്ടകൊണ്ടുള്ള ചുമരുകള്‍ക്കിടയില്‍ ഈന്തപ്പനത്തടി തൂണാക്കി ഈന്തപ്പനയോല മേഞ്ഞ 1050 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കപ്പെട്ട ലളിതമായ ഒരു കെട്ടിടം. പിന്നീട് AD628ല്‍ നബിതിരുമേനിയുടെ ജീവിതകാലത്ത് തന്നെ 2500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നവീകരിച്ച അതേ മസ്ജിദുന്നബവിയാണ് കണ്മുമ്പില്‍ ഒരു കൊട്ടാരമായി മാറിയിരിക്കുന്നത്.
ജീവിതത്തിലെ സകല ചലനങ്ങളും ദൈവികസമക്ഷം പ്രതിഫലം ലഭിക്കുന്നതാണെന്നും, ഒരു പുഞ്ചിരിപോലും ദാനമാണെന്നും... എന്തിന് പൊതുവഴിയില്‍ നിന്ന് നീക്കം ചെയ്യുന്ന ഒരു മുള്ള് വരെ ദൈവീക വിശ്വാസത്തിന്റെ ഭാഗമാണെന്നും പഠിപ്പിച്ച നബിതിരുമേനി(സ), മസ്‌ജിദിന്റെ ദൌത്യം ദൈവീക സ്തോത്രങ്ങളില്‍ മാത്രം പരിമിതപ്പെടുത്തിയില്ല. പകരം പ്രവാചകനും ഭരണാധികാരിയും ന്യായാധിപനും സൈന്യാധിപനും എല്ലാമടങ്ങിയ ആ ജീവിത ദൌത്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു മസ്ജിദുന്നബവി.
പ്രവാചകരുടെ ഉന്നതമായ അധ്യാപനങ്ങള്‍ക്ക്, അനന്യസാധരണമായ ഭരണനിര്‍വ്വഹണത്തിന്, അതുല്യമായ നീതിബോധത്തിനും ന്യായവിധികള്‍ക്കും, ഒട്ടനവധി ദൌത്യവാഹക സംഘങ്ങളുടെ കൂടിക്കാഴ്ചകള്‍ക്ക്, കൂമ്പാരമായ സമ്പത്തിന്, അത് പാവങ്ങളിലേക്കെത്തിക്കാനുള്ള പെടാപാടുകള്‍ക്ക്, ശന്തമായ ഒരു സാമൂഹ്യജീവിതം സാധ്യമാക്കാനുള്ള ചര്‍ച്ചകള്‍ക്ക്... അങ്ങനെ ആ ജീവിതത്തിലെ ഒത്തിരി മഹാസംഭവങ്ങള്‍ക്ക് സാക്ഷിയാവാന്‍ ഭാഗ്യം ലഭിച്ച മസ്ജിദുന്നബവി.
വിശ്വാസിയുടെ ദൈവീക സ്തോത്രത്തിന് മാത്രമല്ല മസ്ജിദ് എന്നും സാമൂഹിക നവോഥാനത്തില്‍ അതിന് വലിയൊരു പങ്ക് വഹിക്കാനുണ്ടെന്നും പ്രവാചകന്‍ പഠിപ്പിച്ചു. മദീനയിലെ മസ്ജിദിന്റെ ഒരു ഭാഗം കിടപ്പാടമില്ലാത്ത പാവങ്ങള്‍ക്ക് ഉറങ്ങാനായി മാറ്റി വെച്ചിരുന്നു പ്രവാചകന്‍. മസ്ജിദിനോട് ചേര്‍ന്ന കൊച്ചുകൂരയില്‍ തന്നെയായിരുന്നു അവിടുന്നും കഴിഞ്ഞിരുന്നത്. വിയോഗ ശേഷം അതെ വീട്ടില്‍ തന്നെ ഖബറടക്കി.
ഉള്ളിലെവിടെയോ ഉത്ഭവിച്ച സ്നേഹത്തിന്റെ ചൂട് കണ്‍തടം നനക്കുന്നുണ്ട്. വാമൊഴിക്കും വരമൊഴിക്കും പ്രകടിപ്പിക്കാനാവാത്ത വികാരം സിരകളിലൂടെ ഒഴുകുന്നു... പരിശുദ്ധ നബിയുടെ അതിഥി ആയാണല്ലോ ഇന്ന് ഞാനും... ഈ മദീനയില്‍ എത്തിയിരിക്കുന്നത്...
വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന ആ മനോഹര സൌധം കണ്ടപ്പോള്‍ പതിനാല് നൂറ്റാണ്ട് മുമ്പ് ഈന്തപ്പനയോലകളുടെ നിഴലില്‍ ലോകാവസാനത്തെക്കുറിച്ചും അന്ന് ലോകത്ത് പ്രത്യക്ഷപ്പെടുന്ന പൈശാചിക ശക്തിയായ ദജ്ജാലിനെ കുറിച്ചും വിശദീകരിച്ചത് ഓര്‍മ്മയില്‍ അത്ഭുതമായെത്തി. 'ലോകം മുഴുവന്‍ നാശത്തിന്റെ വിത്ത് പാകി ദജ്ജാല്‍ മദീന അതിര്‍ത്തിയില്‍ എത്തുമെന്നും അവിടെ വെച്ച് എന്റെ ഈ മസ്ജിദ് നോക്കി ആരുടേതാണ് ആ വെള്ള കൊട്ടാരമെന്ന് അന്വേഷിക്കുമെന്നും' ആയിരുന്നു ആ പ്രവചനം. അതിന് മറുപടി 'അത് മുഹമ്മദിന്റെ കൊട്ടാരമാണെന്ന് ജനങ്ങള്‍ മറുപടി കൊടുക്കുമെന്ന്' അവിടുന്ന് കൂട്ടിചേര്‍ക്കുമ്പോള്‍ മസ്ജിദുന്നബവി ഈന്തപ്പന മേഞ്ഞ മഴയും വെയിലും പൂര്‍ണ്ണമായി തടയാന്‍ കഴിയാത്ത രീതിയിലായിരുന്നു... ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊട്ടാരമായ മസ്ജിദുന്നബവി കാണുമ്പോള്‍ മനസ്സില്‍ പുണ്യറസൂലിന്റെ വാക്കുകള്‍ മുഴങ്ങുന്നു... ചുണ്ടുകള്‍ സലാത്ത് കോണ്ട് സജീവമാക്കി... തുടികൊട്ടുന്ന മനസ്സ് കൊണ്ട് പുണ്യറസൂലിനെ അഭിവാദ്യം ചെയ്തു...
അബ്ദുല്‍ ബാസിത്തിന്റെ മനോഹരമായ പാരായണം അവസാനിച്ചു... വീണ്ടും വൃദ്ധനായ ഇസ്മാഈല്‍ സംസാരിച്ചു തുടങ്ങി. 'മസ്ജിദുന്നബവിയുടേ നിര്‍മ്മാണവും വിപുലീകരണവും വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.' നിശ്ശബ്ദതയ്കിടയില്‍ ഒഴുകിയെത്തുന്ന ആ പരുക്കന്‍ സ്വരം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.
നബിതിരുമേനി(സ)യുടെ വിയോഗശേഷം AD638-ല്‍ രണ്ടാം ഖലീഫ ഉമര്‍(റ)-ന്റെ കാലത്ത് ആദ്യമായി 4200(70mx60m) ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ആറ് കവാടങ്ങളുമായി മസ്ജിദ് നവീകരിച്ചു. പിന്നീട് മൂന്നാം ഖലീഫ ഉസ്മാന്റെ കാലത്ത്(AD649) വീണ്ടും നവീകരിച്ചു. അന്ന് മസ്ജിദിനകത്തെ ഇഷ്ടികകള്‍ അറബിക് കയ്യെഴുത്ത് കൊണ്ട് അലങ്കരിച്ചു. സീലിംഗ് ഇന്ത്യന്‍ വുഡ് കൊണ്ടും തൂണുകള്‍ ഇരുമ്പും ഈയവും ഉപയോഗിച്ച് മാറ്റിപ്പണിതു. കൂടാതെ പ്രാര്‍ത്ഥനയ്ക് നേതൃത്വം നല്‍കുന്നവര്‍ക്കായി ഒരു 'മിഅ്‌റാബും' ഖലീഫ ഉസ്മാന്‍(റ) കാലത്ത് നിര്‍മ്മിക്കപ്പെട്ടു.
പിന്നീട് അബ്ബാസിയ ഭരണാധികാരി ഉമറുബ്നു അബ്ദുല്‍ അസീസിന്റെ നിര്‍ദ്ദേശ പ്രകാരം മദീന ഗവര്‍ണര്‍ ആയിരുന്ന വലീദ് ബിന്‍ അബ്ദുല്‍ മലിക് ആയിരുന്നു പിന്നീട് നവീകരിച്ചത്. AD 707-710.അതോടെ മസ്ജിദ് 2369 ചതുരശ്ര മീറ്റര്‍ കൂടി ചേര്‍ത്ത് വിശാലമാക്കുകയും നാല് മിനാരങ്ങള്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു. പിന്നീട് അബ്ബാസിയ ഭരണാധികാരി തന്നെയായ ഖലീഫ മഹ്ദി അല്‍ അബ്ബാസി (AD779-782) 2450 ചതുരശ്ര മീറ്റര്‍ കൂടി വികസിപ്പിച്ചു.
AD1483-ല്‍ സുല്‍ത്താന്‍ ഖൈതബിയുടെ നവീകരണത്തിന് ശേഷം ഓട്ടോമന്‍ തുര്‍ക്കി ഖലീഫയായിരുന്ന അബ്ദുല്‍ മജീദ് മുറാദ് അല്‍ ഉസ്മാനി AD1844-1861യുടെ കാലത്താണ് നവീകരിച്ചത്. റൌദാശരീഫിന് മുകളില്‍ പച്ചഖുബ്ബ സ്ഥാപിച്ചതും കൂടാതെ മറ്റു 170 ഖുബ്ബകള്‍ സ്ഥാപിച്ചതും മസ്ജിദിന്റെ വിസ്തീര്‍ണ്ണം വീണ്ടും വര്‍ദ്ധിപ്പിച്ചതും ഇക്കാലത്തായിരുന്നു. കൂടാതെ പ്രവാചകരുടെ കാലത്തുണ്ടായിരുന്ന മസ്ജിന്റെ ഭാഗം പ്രത്യേകം അടയാളപ്പെടുത്തുകയും ചെയ്തു.
പിന്നീട് സൌദീ രാജവംശത്തിലെ 1949-1955 അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്ത് മസ്ജിന്റെ വലുപ്പം 16327 ചതുരശ്ര മീറ്റര്‍ ആക്കി വികസിപ്പിച്ചു. ഫഹദ് രാജാവിന്റെ കാലത്ത് (1984-1994) വീണ്ടും നവീകരിച്ച മസ്ജിദുന്നബവി ഇപ്പോള്‍ 98500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണം ഉണ്ട്. ഒരേ സമയം 650,000 തീര്‍ത്ഥാടകരെ ഉള്‍കൊള്ളാന്‍ മാത്രം സൌകര്യം. മേല്‍ക്കൂര 67000 ച.മീറ്ററും, മസ്ജിദിനോട് അനുബന്ധിച്ച ഓപ്പണ്‍ ഏരിയ 235000 ചതുരശ്ര അടിയും അനുബന്ധമായ ഹറം ഏരിയ 400500 ചതുരശ്രമീറ്റരും ആണ്.
മസ്ജിന്റെ പല ഭാഗത്തായി 44.64 മീറ്റര്‍ മുതല്‍ 104 മീറ്റര്‍ വരെ വിവിധ ഉയരങ്ങളിലുള്ള 10 മിനാരങ്ങള്‍. പടിഞ്ഞാറ് ബാബുസ്സലാം, ബാബു അബൂക്കര്‍ സിദ്ധീഖ്, കിഴക്ക് ബാബുറഹ്‌മ, ബാബു ജിബ്രീല്‍.. ബാബുന്നിസ്സാ എന്നിങ്ങനെ അഞ്ച് കവാടങ്ങള്‍. കിഴക്ക് കിങ്ങ് അബ്ദുല്‍ അസീസ്, അലിയ്യുബ്നു അബൂതാലിബ്, വടക്ക്: ഉസ്മാനുബ്നു അഫ്ഫാന്‍, കിംഗ് ഫഹദ്, ഉമര്‍ ഇബ്നു ഖത്താബ്. പടിഞ്ഞാറ്: സുല്‍ത്താല്‍ അബ്ദുല്‍ മജീദ്, കിംഗ് സഊദ്. എന്നീ മെയിന്‍ ഗേറ്റുകള്‍. 85 വാതിലുകളുള്ള ഈ മസ്ജിദിലെ മേല്‍ക്കൂരയില്ലാത്ത ഭാഗങ്ങളില്‍ വെയില്‍ ഉള്ളപ്പോള്‍ മാത്രം വിടരുന്ന പന്ത്രണ്ട് കൂറ്റന്‍ ഇലക്ട്രിക്ക് കുടകളും 4500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിംഗ് സൌകര്യവുമടക്കം പ്രവാചകന്റെ മസ്ജിദ് നിര്‍മ്മാണത്തിലും സൌന്ദര്യത്തിലും അപൂര്‍വ്വം കെട്ടിടങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു
മസ്ജിദിന്റെ തെക്ക് കിഴക്ക് മൂലയിലെ പച്ചഖുബ്ബക്ക് താഴെ നബിതിരുമേനിയുടെ ഖബറിടം സ്ഥിതിചെയ്യുന്നു. തൊട്ടടുത്ത് ജീവിതകാലത്ത് അവിടുന്നിന്റെ ഏറ്റവും അടുത്ത അനുയായികള്‍ അബൂബക്കറും ഉമറും... വൃദ്ധന്റെ സ്വരം ഇടറാന്‍ തുടങ്ങിയിരിക്കുന്നു... ഈ പുണ്യമണ്ണിലൂടെ കണ്ണ്‍ പായിക്കുമ്പോള്‍, പച്ചഖുബ്ബ വീണ്ടും വീണ്ടും കാഴ്ചയെ ആകര്‍ഷിക്കുമ്പോള്‍ ശരീരം മുഴുവന്‍ പറയാനാവാത്ത വികാരം അലയടിക്കുന്നു.
ലോകത്തിന് മുഴുവന്‍ മാതൃകാജീവിതം നയിച്ച രണ്ട് മഹാരഥന്മാരും അവരെ ആ നിലയിലെത്തിച്ച നബിതിരുമേനിയും. മനസ്സില്‍ സിദ്ധീഖിന്റേയും ഫാറൂഖിന്റെയും രൂപം തെളിഞ്ഞു. ആദ്യവിശ്വാസിയായ സിദ്ധീഖ്. നബിതിരുമേനിയുടെ ഉറ്റസുഹൃത്ത് കൂടിയായിരുന്ന ആ സൌമ്യശീലന്‍... നബിതിരുമേനിയുടെ വിയോഗ ശേഷം ആ സമൂഹത്തിന്റെ നേതൃത്വ ചുമതല അബൂക്കര്‍ സിദ്ധീഖി(റ)നായിരുന്നു. രാജ്യത്തിന്റെ ഭരണാധികാരിയായി സിദ്ധീഖ് തിരഞ്ഞെടുക്കപ്പെട്ട ദിവസം ഒരു പെണ്‍കുട്ടി പറഞ്ഞ് പോയി... എല്ലാ ദിവസവും എന്റെ വീട്ടിലെ ആടുകളെ കറന്ന് തന്നിരുന്ന അബൂബക്കര്‍ രാജ്യത്തിന്റെ ഭരണാധികാരിയായതോടെ ഇനി ആരെ കൊണ്ട് ആ ജോലി ചെയ്യിക്കും. പക്ഷെ പിറ്റേന്നും പതിവ് പോലെ സിദ്ധീഖ്(റ) അതിരാവിലെ ജോലിക്ക് എത്തിയിരുന്നു.
സിദ്ദീഖും ഫാറൂഖും ജീവിതത്തില്‍ സൂക്ഷിച്ച നീതിബോധത്തിന്റെ ഉത്തമ ഉദാഹരണം അവരുടെ ജീവിതം തന്നെ... ഒരിക്കല്‍ വീട്ടിലെ ആവശ്യങ്ങള്‍ ഭര്‍ത്താവിനെ അറിയിക്കാന്‍ സിദ്ദീഖിന്റെ ഭാര്യ അദ്ദേഹത്തിന്റെ സമീപമെത്തി. രാജ്യകാര്യങ്ങളില്‍ വ്യപൃതനായിരുന്ന അദ്ദേഹത്തോട് അവര്‍ സംസാരിക്കാന്‍ ആരംഭിച്ചതോടെ അദ്ദേഹം വിളക്കണച്ചു... 'എന്തിന് വിളക്കണച്ചു ?' എന്ന ചോദ്യത്തിന് "രാജ്യത്തിന്റെ പൊതുമുതലില്‍ നിന്നുള്ള എണ്ണയാണ് ആ വിളക്കില്‍ കത്തുന്നത്... അത് ഉപയോഗിച്ച് വീട്ടുകാര്യങ്ങള്‍ സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല." എന്ന് ഉടനെ മറുപടിയും ലഭിച്ചു.
ആരാരും സഹായത്തിനില്ലാത്ത ഒരു വൃദ്ധയെക്കുറിച്ച് ഉമര്‍(റ) വിവരം ലഭിച്ചു... അദ്ദേഹം തീരുമാനിച്ചു... അവരെ സഹായിക്കണം. പിറ്റേന്ന് രവിലെ ഉമര്‍ ആ ദരിദ്രയുടെ ഭവനത്തിലെത്തി.. പക്ഷേ വീട് വൃത്തിയാക്കിയിരിക്കുന്നു. അവരുടെ വസ്ത്രങ്ങളെല്ലാം അലക്കിയിരിക്കുന്നു... പിറ്റേന്നും ഉമര്‍ എത്തിയെങ്കിലും അപ്പോഴേക്കും അരോ എല്ലാ ജോലിയും തീര്‍ത്ത് പോയിരുന്നു. അത് ആരാണെന്നറിയാനായി ഉമര്‍(റ) നേരത്തെയെത്തി പുറത്ത് മറഞ്ഞിരുന്നു.
ആ വൃദ്ധയുടെ വീട്ടിലെ എല്ലാ ജോലികളും തീര്‍ത്ത് നേരം പുലരും മുമ്പ് പുറത്ത് വരുന്ന വ്യക്തിയെ കണ്ട് ഉമര്‍ നെടുങ്ങിപ്പോയി... മദീനയുടെ ഭരണാധികാരിയും ഉമറിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ഖലീഫ അബൂബക്കര്‍ സിദ്ധീഖ് തന്നെ... തിരിച്ച് നടക്കുമ്പോള്‍ ഉമര്‍ പറഞ്ഞ് പോയി "ഉമറിനെ ജയിക്കുന്നവന്‍ സിദ്ദീഖല്ലാതെ മറ്റാരുണ്ട്."
ആ പുണ്യറസൂലിന്റെ ഏറ്റവും അടുത്ത രണ്ട് സഖാക്കള്‍... നന്മക്ക് വേണ്ടി മത്സരിച്ച രണ്ട് ഉറ്റസുഹൃത്തുക്കള്‍. ഒരിക്കല്‍ നബി തിരുമേനി ശിഷ്യരോട് ദാനം ചെയ്യാന്‍ ആവശ്യപ്പെട്ടു... എല്ലാവരും വീട്ടിലേക്ക് നടക്കുമ്പോള്‍ ഉമര്‍(റ) മനസ്സില്‍ ആഗ്രഹിച്ചു പോയി... ഈ നന്മകൊണ്ട് സിദ്ദിഖിനെ പിന്നിലാക്കണം. എല്ലാത്തിലും എപ്പോഴും ഒന്നാം സ്ഥാനം സൌമ്യനായ സിദ്ധീഖ് ആയത് കൊണ്ട് ഉമര്‍ മോഹിച്ച് പോയി. ഉമര്‍ തിരിച്ചെത്തിയപ്പോള്‍ തിരുമേനി അന്വേഷിച്ചു "ഉമര്‍ എന്താണ് നിങ്ങള്‍ ദാനം ചെയ്യുന്നത്". "എന്റെ മുഴുവന്‍ സമ്പാദ്യത്തിന്റെ നേര്‍പകുതി ദാനം ചെയ്യുകയാണ്. ബാക്കി വരുന്ന ഒരു പകുതി എന്റെ കുടുംബത്തിനായി ഞാന്‍ ബാക്കി വെക്കുന്നു" എന്നായിരുന്നു മറുപടി. ഒരു ഭാഗം കുടുബത്തിന് മാറ്റിവെച്ചു." ഉമറിനെ നബിതിരുമേനി അഭിനന്ദിച്ചു... പലരും പലതും കൊണ്ടുവന്നു... അവസാനം സിദ്ധീഖും തിരുസന്നിധിയിലെത്തി...
ചോദ്യം ആവര്‍ത്തിച്ചു "സിദ്ധീഖ്... എന്താണ് താങ്കള്‍ ദാനം ചെയ്യുന്നത" ഉമര്‍(റ) അടക്കം ശിഷ്യന്മാര്‍ കാതോര്‍ത്തിരിക്കവെ ആ സൌമ്യനായി സിദ്ദീഖ് മറുപടി പറഞ്ഞു... "എന്റെ ധനം മുഴുവന്‍..." "താങ്കളുടെ കുടുംബത്തിനൊന്നും ബാക്കിവെച്ചില്ലേ..." എന്ന നബിതിരുമേനിയുടെ മറുചോദ്യത്തിന് സിദ്ദീഖ് ശിരസ്സ് താഴ്‌ത്തി പതുക്കേ പറഞ്ഞു... "എന്റെ കുടുബത്തിന് അല്ലാഹും പ്രവാചകനും തന്നെ ധാരാളാമാണ്..."
കണ്ണുകള്‍ സജലങ്ങളായിരിക്കുന്നു... ഇവരുടെ പാദസ്പര്‍ശനമേറ്റ ഈ മണ്ണില്‍ നില്‍ക്കാന്‍ എന്ത് യോഗ്യത എന്ന് മനസ്സ് ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു... എല്ലാറ്റിനും സാക്ഷിയായി മദീന മസ്ജിദ് വെളിച്ചത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു... വാഹനത്തിന്റെ വേഗത കുറഞ്ഞു... നമുക്ക് ഇറങ്ങാറായി... ഉബൈദ് പതുക്കേ പറഞ്ഞു... ഒലിച്ചിറങ്ങിയ കണ്ണിര് പതുക്കേ തുടച്ച് ഞാനും ഇറങ്ങാന്‍ തയ്യാറായി.
Saturday, October 27, 2007
Wednesday, October 17, 2007
ആസ്വാദനം
പതിമൂന്ന്
ഞങ്ങള്‍ക്കായി കാത്ത് കിടന്ന വാഹനങ്ങളില്‍ ഒന്നിലേക്ക് നടക്കുമ്പോള്‍ തന്നെ യാത്രയുടെ ബാക്കി ഒന്നരമണിക്കൂര്‍ കൂടി വൃദ്ധനായ ഇസ്‌മാഈലിന്റെ കൂടെയാവണം എന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹം കയറിയ വാഹനത്തിന്റെ പിന്‍സീറ്റില്‍ ഞാനും ബിലാലിന്റെ ശബ്ദമാധുരിയെ ഓര്‍മ്മിപ്പിച്ച ആഫ്രിക്കന്‍ വംശജനായ ഉബൈദും കയറി... അതിന് മുമ്പ് തോളിലെ ഭാണ്ഡം കാറിന്റെ ഡിക്കിലൊതുക്കാന്‍ പുഞ്ചിരിയോടെ അദ്ദേഹം ഞങ്ങളെ സഹായിച്ചു.
എനിക്ക് മദീനയുടെ ഒരോ അണുവും ആസ്വദിക്കണമായിരുന്നു. വൃദ്ധന്റെ ചുണ്ടിന്റെ അനക്കത്തിലൂടെ അദ്ദേഹത്തിന്റെ മനസ്സിന്റെ പ്രാര്‍ത്ഥന എന്നിലേക്കും പടര്‍ന്നു. വാഹനത്തിന്റെ താഴ്ത്തിയ ഗ്ലാസ്സിനകത്തൂടെ സൂചിപോലെ തറക്കുന്ന കുളിരുമായി പാഞ്ഞെത്തുന്ന കാറ്റിന് മുഖം നല്‍കി പുറം കാഴ്ചകളോട് സമരസപ്പെടവേ... അദ്ദേഹം പതുക്കേ സംസാരിച്ചു. "മക്കളേ... നിങ്ങളറിയുന്നുണ്ടോ എങ്ങോട്ടാണ് ഈ യാത്രയെന്ന് ?."
നീണ്ട ഒരു മൌനത്തിന് ശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു... "നബി(സ)യുടെ മസ്ജിദാണ് നമ്മുടെ അടുത്ത ലക്ഷ്യം."
വീണ്ടും നിശ്ശബ്ദത പരന്നു. പതിനാല് നൂറ്റാണ്ട് കാലത്തെ ചരിത്രത്തിന്റെ പച്ചപ്പുമായി പരന്ന് കിടക്കുന്ന പുണ്യനഗരവും ആ നഗരത്തിന്റെ ജീവസ്സും തേജസ്സുമായ പ്രവാചകന്റെ മസ്ജിദും... അദ്ദേഹം തുടര്‍ന്നു.
"താങ്കള്‍ക്കറിയാമോ... മുന്ന് മസ്ജിദുകളിലേക്ക് മാത്രമാണ് പ്രവാചകന്‍ തീര്‍ത്ഥാടനം അനുവദിച്ചത്. അതിലൊന്ന് കഅ്ബാ ശരീഫ് കുടികൊള്ളുന്ന മക്കയിലെ മസ്ജിദുല്‍ ഹറാം, മറ്റൊന്ന് ജറുസലമിലെ മസ്ജിദുല്‍ അഖ്‌സ പിന്നെ പ്രവാചകന്റെ മസ്ജിദ് എന്നറിയപ്പെടുന്ന 'മസ്ജിദുന്നബവി'യും.
അബ്രഹാം പ്രവാചകന്റെ ഓര്‍മ്മകളുമായി ശേഷിക്കുന്ന മക്കയും മസ്‌ദുല്‍ ഹറാമും സഫാമര്‍വാ കുന്നുകളും... സംസമിന്റെ മാധുര്യവും യാത്രയുടെ ആദ്യഘട്ടത്തിലെ മധുരമായിരുന്നു. സാമ്പത്തിക കഴിവും ആരോഗ്യവും യാത്രാ സൌകര്യവും ലഭിച്ച എല്ലാ ഇസ്‌ലാം മത വിശ്വാസിയും ഈ മസ്ജിദ് സന്ദര്‍ശനം ഹജ്ജ് വഴി അല്ലാഹു നിര്‍ബന്ധമാക്കി വെച്ചു. 'മസ്‌ജിദുല്‍ അഖ്‌സ' ദാവീദും സോളമനുമടക്കം ഒട്ടനവധി പ്രവാചകന്മാരുടെ ഓര്‍മ്മകളുമായി നിലനില്‍ക്കുന്നു.
കാറില്‍ നിശ്ശബ്ദത കളിയാടി... വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദം മാത്രം... ഗ്ലാസ്സുയര്‍ത്തി ഞാന്‍ എന്നിലേക്ക് മടങ്ങി. നിശ്ശബ്ദതയെ ഭംഗിച്ചത് പ്രസിദ്ധ ഖാരിഅ് 'അബ്ദുല്‍ ബാസിത്ത് അബ്ദുസ്സമദി'ന്റെ മനോഹര സ്വരമായിരുന്നു. മനസ്സില്‍ സമാധാനത്തിന്റെ താരാട്ട് പോലെ വിശുദ്ധവചനങ്ങള്‍ നിശ്ശബ്ദതയില്‍ മുഴങ്ങാന്‍ തുടങ്ങി.
"അളവറ്റ ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍". വിശുദ്ധ ഖുര്‍ആനില്‍ 114 അധ്യായങ്ങളില്‍ 113 അധ്യായങ്ങളും ആരംഭിക്കുന്നത് ഈ സൂക്തത്തോടെയാണ്. തൌബ (പശ്ചാത്താപം) എന്ന അധ്യായത്തില്‍ ഈ സൂക്തം ഇല്ല. എങ്കിലും 'നംല്' (ഉറുമ്പ്) എന്ന അധ്യായത്തില്‍ പ്രസ്തുത സൂക്തം ഒരു പ്രവാശ്യം ആവത്തിക്കപ്പെട്ടിരിക്കുന്നു.
323760 അക്ഷരങ്ങളിലൂടെ 114 വലുതും ചെറുതുമായ അധ്യായങ്ങളിലൂടെ ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് പലസമയങ്ങളിലായി അവതരിപ്പിക്കപ്പെട്ട ഈ ഗ്രന്ഥം സൃഷ്ടിച്ചെടുത്തത് ഒരു പുതിയ സമൂഹത്തെയായിരുന്നു. അറബി സാഹിത്യത്തിലെ അമൂല്യരത്നം കൂടിയായ ഈ ഗ്രന്ഥത്തിലൂടെ സഞ്ചരിച്ചാല്‍ നിത്യ നൂതനമായ അതിന്റെ ഭാഷയും ശൈലിയും അറബി അറിയുന്ന ആര്‍ക്കും മനസ്സിലാക്കാനാവും. മനുഷ്യമനസ്സിനോട് സംവദിക്കുന്ന ഈ ഗ്രന്ഥം ലോകത്തിന് പകര്‍ന്ന വെളിച്ചം ഇന്നും തുടരുന്നു.
"ഒരു അന്ധന്‍ സമീപിച്ചപ്പോള്‍ അദ്ദേഹം മുഖം തിരിച്ചുകളഞ്ഞു. നീ എന്ത് ധരിച്ചു ? ഒരു പക്ഷേ അവന്‍ പരിശുദ്ധി നേടിയെങ്കിലോ...?" സ്ഫുടമായ അറബിയില്‍ എണ്‍പതാം അദ്ധ്യായത്തിലെ ആദ്യ സൂക്തങ്ങള്‍ അബ്ദുല്‍ ബാസിത്തിന്റെ ശബ്ദമായി മുഴങ്ങി...
കണ്ണടച്ച് കാതും മനസ്സും തുറന്ന് ശ്രവിച്ച ആ നിമിഷം ശരീരത്തിലൂടെ ഒരു കുളിര് പാഞ്ഞ് പോയി... അന്ധനെ അവഗണിച്ചതിനുള്ള താക്കീതാണ്... മദീനയുടെ നായകന്റെ മണ്ണില്‍ നിന്ന് ആദ്യം കേള്‍ക്കുന്ന വചനങ്ങള്‍... ഒരു നിമിഷം എന്റെ മനസ്സില്‍ "അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂം" പുഞ്ചിരിച്ചു... അന്ധനായിരുന്ന ഒരു പ്രവാചക അനുയായി... മക്കയിലെ തെരുവോരങ്ങളിലൂടെ നബിതിരുമേനി(സ)യെ അന്വേഷിച്ച് എത്താറുണ്ടായിരുന്ന നിഷ്കളങ്കനും പരമ ദരിദ്രനുമായ അബ്ദുല്ല."
മക്കയില്‍ നബിതിരുമേനിയും സഖാക്കളും അക്രമിക്കപ്പെട്ടിരുന്ന കാലം. ഖുറൈശി നേതാക്കളെ തന്റെ ദൌത്യം ബോധ്യപ്പെടുത്താന്‍ പ്രവാചക തിരുമേനി പാടുപെട്ട് പരിശ്രമിക്കുന്ന സമയം. ഒരിക്കല്‍ ഖുറൈശി നേതാവും ധനികനും വാഗ്മിയുമായിരുന്ന 'വലീദുബ്നു മുഗീറ', വിശുദ്ധ ഖുര്‍ആന്റെ മാസ്മരികതയില്‍ അത്ഭുതപെട്ട് അതേക്കുറിച്ച് സംസാരിക്കാന്‍ നബിതിരുമേനിയുടെ സമീപമെത്തി. അദ്ദേഹവുമായി ആ വിഷയം സംസാരിച്ച് കൊണ്ടിരിക്കേ... മൂഗീറ ആ വാക്കുകളില്‍ ശ്രദ്ധകേന്ദൃികരിച്ചിരിക്കെ, അന്ധനായ 'അബ്ദുല്ലാഹിബ്നു ഉമ്മു മഖ്‌ത്തൂം' അവിടെയെത്തി.
അവിടെ ഇരിക്കുന്ന ഖുറൈശിപ്രമുഖന്റെ സ്ഥാനമാനങ്ങളോ അവര്‍ ഏര്‍പ്പെട്ടിരുന്ന സംസാരത്തിന്റെ പ്രാധാന്യമോ ഗൌരവമോ മനസ്സിലാവാത്ത 'അബ്ദുല്ല' നബി തിരുമേനിയോട് ഖുര്‍ആന്‍ പാരായണം ചെയ്ത് കൊടുക്കാന്‍ ആവശ്യപ്പെട്ടു. എപ്പോഴും ആ അപേക്ഷ സന്തോഷത്തോടെ സ്വീകരിക്കാറുള്ള നബിതിരുമേനി ആ സമയത്ത് അദ്ദേഹത്തിന്റെ അപേക്ഷ അവഗണിച്ചു.
പക്ഷേ എല്ലാം അവിടെ അവസാനിച്ചില്ല... ഇതിന് അതിശക്തമായ മുന്നറിയിപ്പുമായി വിശുദ്ധ വചനങ്ങള്‍ അവതരിച്ചു. "ഒരു അന്ധന്‍ സമീപിച്ചപ്പോള്‍ അദ്ദേഹം മുഖം തിരിച്ചുകളഞ്ഞു. നീ എന്ത് ധരിച്ചു ? ഒരു പക്ഷേ അവന്‍ പരിശുദ്ധി നേടിയെങ്കിലോ...? അല്ലങ്കില്‍ അവന്‍ ചിന്തിക്കുകയും അത് അയാള്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്തേക്കാമല്ലോ. എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടേ. നീ അവന്റെ നേരെ ശ്രദ്ധതിരിക്കുന്നു. അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ താങ്കള്‍ക്കെന്താണ് കുറ്റം?. (അല്ലാഹുവെ) ഭയപ്പെടുന്നനായിക്കൊണ്ട് താങ്കളുടെ അടുത്ത് ഓടിവന്നവനാകട്ടേ. അവന്റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു. അരുത്, ഇത് മനുഷ്യനെ ബോധവാന്മാരാക്കാനുള്ള സന്ദേശമാണ്. അത് കൊണ്ട് വല്ലവനും ഉദ്ദേശിക്കുന്നെങ്കില്‍ ഇത് ഓര്‍മ്മിക്കട്ടേ..." (ഖുര്‍ആന്‍ 80 - 1:12)
ഈ സൂക്തങ്ങള്‍ അവതരിച്ചപ്പോഴും സത്യസന്ധനായ പ്രവാചകന്‍ പരസ്യമാക്കി. ദൈവീക വെളിപാടിന്റെ ചൂടില്‍ ഉരുകിയ മനസ്സും നനഞ്ഞ കണ്ണുകളുമായി ആ അന്ധനോട് നബിതിരുമേനി ക്ഷമചോദിച്ചു. വര്‍ഷങ്ങള്‍ നീണ്ട ആ ജീവിത്തിലുടനീളം അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂമിന്റെ ആഗമനം അറിഞ്ഞാല്‍ ഉടന്‍ അവിടുന്ന് എഴുന്നേറ്റ് സ്വീകരിക്കുമായിരുന്നു. അബ്ദുല്‍ ബാസിതിന്റെ ശബ്ദം മനസ്സിനെ നൂറ്റാണ്ടുകള്‍ക്കപ്പുറം മദീനയുടെ തെരുവുകളില്‍ തപ്പിത്തടഞ്ഞ് സഞ്ചരിച്ചിരുന്ന ആ അഗതിയായ അന്ധനിലെത്തിക്കുന്നു... ആവര്‍ത്തിച്ച് പാരായണം മുഴങ്ങുന്ന ആ വചനങ്ങള്‍ക്കായി ഞാന്‍ മനസ്സിന്റെ വാതില്‍ മലര്‍ക്കേ തുറന്നു.
ജീവിത്തതിലുടനീളം ദൈവീക ഉദ്ബോധനങ്ങള്‍ അനുസരിച്ച് ജീവിച്ച പുണ്യറസൂലില്‍ നിന്ന് ഉണ്ടാവുന്ന ഒരു ചെറിയ കുറവുകള്‍ പോലും ഖുര്‍ആന്‍ കര്‍ശനമായി തടഞ്ഞു. ഉഹ്‌ദ് യുദ്ധത്തിനിടെ അവിടുന്നിന്റെ ശരീരത്തില്‍ മുറിവ് പറ്റി. ശത്രു സൈന്യത്തിലെ 'ഉത്ബത്ത് ബിന്‍ അബീവഖാസ്' എറിഞ്ഞ കല്ല് പതിച്ച് പല്ലുകള്‍ പറിഞ്ഞു... ശിരോകവചത്തിന്റെ കണ്ണികള്‍ മുറിവില്‍ ആണ്ടിറങ്ങി... മുഖത്ത് നിന്ന് രക്തം നില്‍കാതെ ഒഴുകാന്‍ തുടങ്ങി... ആ ഘട്ടത്തില്‍ അവിടുന്ന് വേദനയോടെ പറഞ്ഞ് പോയി "തങ്ങളുടെ പ്രവാചകന്റെ മുഖം രക്തപങ്കിലമാക്കിയ ഈ ജനത എങ്ങനെ വിജയിക്കാനാണ്". ഉടന്‍ ദൈവീക വചനം അവതരിച്ചു "കാര്യം തീരുമാനിക്കാന്‍ നിനക്ക് യാതൊരു അവകാശവുമില്ല. അല്ലാഹു ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം, അല്ലങ്കില്‍ അക്രമികളായതിനാല്‍ അവരെ ശിക്ഷിച്ചേക്കാം" ( ഖുര്‍ആന്‍ 3:128)
ഈ പ്രവാചകര്‍ സത്യസന്ധനല്ലയിരുന്നെങ്കില്‍ ഈ സൂക്തങ്ങള്‍ മറച്ചു വെക്കുമായിരുന്നു.. ലോകാവസാനം വരേ മനുഷ്യര്‍ പാരായണം ചെയ്യുന്ന ഗ്രന്ഥത്താളില്‍ ഇന്നും ശേഷിക്കുന്നു ഈ വചനങ്ങളെല്ലാം... അലകടലിലെ തിരമാല പോലെ ഹൃദയത്തില്‍ ആരവമായി ഖുര്‍ആന്‍ വചനങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരുന്നു. വീതിയുള്ള റോഡിലൂടെ സാമാന്യം വേഗതയില്‍ നീങ്ങുന്ന വാഹനത്തിന്റെ ഉയര്‍ത്തിവെച്ച ഗ്ലാസിന് പിന്നിലിരുന്ന് മദീനയുടെ തെരുവുകള്‍ ഞാന്‍ ആസ്വദിച്ചു...
വൃദ്ധന്‍ മുരടനക്കി.. "അതാ... പ്രവാചകന്റെ മസ്‌ജിദ്". ശിരസ്സ് മുതല്‍ പാദം വരേ ഒരു തരിപ്പ് പാഞ്ഞ് പോയി... സകല രോമകൂപങ്ങളും ആ സുവാര്‍ത്ത സ്വീകരിച്ചു... ഡ്രൈവറുടെയും വൃദ്ധന്റേയും ഇടയിലൂടെ കാറിന്റെ സുതാര്യമായ ഫ്രണ്ട് ഗ്ലാസ്സിനപ്പുറം... ദൂരെ മദീനയുടെ ജീവനായ പ്രവാചകന്റെ മസ്ജിദിന്റെ വെളുത്ത മിനാരങ്ങളുടെ തിളക്കം എന്റെ നനഞ്ഞ മിഴികള്‍ക്ക് മധ്യേ തെളിഞ്ഞു.
ഖാരിഅ് : ഖുര്‍ആന്‍ പാരായണം നടത്തുന്നവര്‍ക്ക് പറയുന്ന പേര്.

Thursday, October 4, 2007
സുഗന്ധം.
പന്ത്രണ്ട്.
വിശുദ്ധ നഗരത്തിന്റെ കാവല്‍ക്കാരനെന്നോണം തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഉഹ്ദ് മലയുടെ നിഴലില്‍, വിഭാതത്തിന്റെ വിശുദ്ധിയുമായി പ്രവാചക നഗരം കണ്ണെത്തും ദൂരത്ത് പരന്ന് കിടക്കുന്നു. നനച്ച മണലും ഈന്തപ്പന തണ്ടുകളും കൊണ്ട് നിര്‍മ്മിച്ച പഴയകാല കുടിലുകള്‍ക്ക് പകരം കോണ്‍ക്രീറ്റ് സൌധങ്ങള്‍ നിറഞ്ഞ നഗരത്തിന്റെ വിദൂര ദൃശ്യം കാണുന്നുണ്ട്.
അതിര്‍ത്തിയില്‍ വെച്ച് ഒട്ടകങ്ങളോട് വിടപറഞ്ഞു. രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും ചലനത്തിലും സൌമ്യത സൂക്ഷിക്കുന്ന, മിണ്ടാപ്രാണികളായ ആ സഹയാത്രികരോട് യാത്രപറഞ്ഞിട്ടും അവയുടെ സാമിപ്യം മനസ്സില്‍ ഒരു ചെറുനൊമ്പരമായി ബാക്കി നില്‍ക്കുന്നു.
ഒരാള്‍ ഞങ്ങള്‍ക്ക് നേരെ നടന്നടുത്തു. മദീനയില്‍ കണ്ട് മുട്ടുന്ന ആദ്യ മദീനക്കാരന്‍. ഓരോരുത്തരേയും പരിചയപ്പെട്ട് ആലിംഗനം ചെയ്ത് സ്വീകരിക്കുമ്പോള്‍ "സഹോദരാ താങ്കള്‍ക്ക് പ്രവാചക നഗരത്തിലേക്ക് സ്വാഗതം" എന്ന് പതുങ്ങിയ സ്വരത്തില്‍ അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവസാന യാത്രികനേയും പരിചയപ്പെട്ട ശേഷം തൊട്ടടുത്ത ടെന്റിലേക്ക് ക്ഷണിച്ചു. കൂടെ 'എന്നോടൊപ്പം അഞ്ച് മിനുട്ട് ചിലവഴിക്കണം' എന്ന അഭ്യര്‍ത്ഥനയും. ഇത്രയും സ്നേഹപൂര്‍വ്വം ഒരാള്‍ നിര്‍ബന്ധിക്കുന്നത് ആദ്യമായിട്ടാണ്. മറുത്തൊന്നും പറയാന്‍ ശക്തിയില്ലാതെ അദ്ദേഹത്തോടൊപ്പം നടന്നു.
യാത്ര വിശേഷങ്ങള്‍ അന്വേഷിച്ച് പതുക്കെ നീങ്ങുന്ന ആ മധ്യവയസ്കന്റെ കൂടെ നടക്കുമ്പോള്‍, ഈ മണ്ണിന്റെ ഒരു പിടി മുഷ്ടിയില്‍ അടക്കി ചെവിയോട് ചേര്‍ത്താല്‍ അതിന്റെ ആത്മകഥ കേള്‍ക്കാന്‍ കഴിയുമെന്ന് തോന്നി. മദീനയുടെ തെരുവുകള്‍ എന്തൊക്കെ കണ്ടിരിക്കും... ഹിജ്‌റ മുതല്‍ വിയോഗം വരെ പത്ത് വര്‍ഷം... പ്രവാചകന്‍, ഭരണാധികാരി, ന്യായാധിപന്‍, സൈന്യധിപന്‍... എല്ലാം അടങ്ങിയ അനുപമ വ്യക്തിത്വത്തിന്റെ ആയുസ്സിലെ പത്ത് വര്‍ഷം... എല്ലാറ്റിനും ഈ മണല്‍ തരികളും ദൂരെ ഉയര്‍ന്ന് നില്‍ക്കുന്ന ഉഹ്‌ദും സാക്ഷി.
ഒരു നിമിഷം ‘The 100: A Ranking Of The Most Influential Persons In History‘ എന്ന മൈക്കിള്‍ എച്ച് ഹാര്‍ട്ടിന്റെ പുസ്തകത്തിലെ ആദ്യഭാഗം ഓര്‍ത്തുപോയി. ലോകത്ത് ജീവിച്ച നൂറ് മഹാന്മാരെ തിരഞ്ഞെടുത്ത അദ്ദേഹം അതില്‍ ഒന്നാം സ്ഥാനം എന്ത് കൊണ്ട് മുഹമ്മദ് നബിക്ക് നല്‍കി എന്ന് ആദ്യ ഖണ്ഡികയില്‍ തന്നെ വിശദീകരിക്കുന്നുണ്ട്.
“My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels...“
ഈ മണ്ണില്‍ കാല്‍ പതിയുമ്പോള്‍ ശരീരം മുഴുവന്‍ കുളിര് പായുന്നു. പൂര്‍വ്വസൂരികളുടെ കാല്‍പ്പാടുകളുടെ ചൂടിന്റെ സുഗന്ധം പേറി പരന്ന് കിടക്കുന്ന മദീനയുടെ, അതിര്‍ത്തിയിലെ ആ പഴയ ടെന്റില്‍ ചൂടുള്ള ചായ പതുക്കെ കുടിക്കുമ്പോള്‍, മനസ്സില്‍ അവിടുന്ന് ആ സമൂഹത്തെ സംസ്കരിച്ച രീതി ശാസ്ത്രമായിരുന്നു. ആട് മേച്ച് നടന്നിരുന്ന സംസ്കാര ശൂന്യര്‍ക്കിടയില്‍ സംസ്കാരത്തിന്റെ ഒരു കൈത്തിരി വെട്ടം തെളിക്കാന്‍ അനുഭവിച്ച ത്യാഗങ്ങളുടെ ഓര്‍മ്മകളായിരുന്നു. അതിനായി അനുഭവിച്ച മര്‍ദ്ദനങ്ങളും പരിഹാസങ്ങളുമായിരുന്നു.അതിനായി സ്വീകരിച്ച അധ്യാപന രീതികളായിരുന്നു.
മദീനയിലെ ഒരു സദസ്സാണ് ഓര്‍മ്മയിലെത്തിയത്. ചുറ്റും ഇരിക്കുന്ന അനുയായികള്‍ക്കിടയില്‍ ചന്ദ്രശോഭയോടെ പ്രവാചകന്‍(സ). ആ സമയത്താണ് വെപ്രാളത്തോടെ ഒരു മധ്യവയസ്കന്‍ സദസ്സിലെത്തിയത്. വന്നപാടെ മറ്റൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം ആഗമനോദ്ദേശ്യം അറിയിച്ചു. "എനിക്ക് വ്യഭിചരിക്കണം... അതിന് അങ്ങ് എന്നെ അനുവാദിക്കണം." ആ സദസ്സിന് അത് അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു. നിശബ്ദരായിരിക്കുന്ന സദസ്യര്‍ക്ക് മധ്യേ അദ്ദേഹം വീണ്ടും ആവശ്യം ആവര്‍ത്തിച്ചു.
നബിതിരുമേനി സ്നേഹപ്പൂര്‍വ്വം അദ്ദേഹത്തെ തന്റെ സമീപത്തേക്ക് ക്ഷണിച്ചു. അടുത്തിരുത്തി വിവരങ്ങള്‍ ആരായാന്‍ തുടങ്ങി. ഒരോ കാര്യങ്ങളും പറയുന്നതിനിടെ അയാള്‍ ആഗമനോദ്ദേശ്യം ആവര്‍ത്തിച്ച് കൊണ്ടിരുന്നു. അവിടുന്ന് പതുങ്ങിയ സ്വരത്തില്‍ അദ്ദേഹത്തോട് ചോദിച്ചു..
"സഹോദരാ... വീട്ടില്‍ നിങ്ങളുടെ സഹോദരിയുണ്ടൊ... ?"
അദ്ദേഹം “അതെ“ എന്ന് മറുപടി പറഞ്ഞു. "അവരെ ഒരാള്‍ വ്യഭിചരിക്കുന്നത് താങ്കള്‍ ഇഷ്ടപ്പെടുമോ... ?
പരുഷവും കര്‍ക്കശവുമായ സ്വരത്തില്‍ അദ്ദേഹം പെട്ടന്ന് പ്രതികരിച്ചു.. "ഇല്ല... ഒരിക്കലുമില്ല."
"താങ്കളുടെ മാതാവിനെ ആരെങ്കിലും നശിപ്പിക്കുന്നത് താങ്കള്‍ ഇഷ്ടപ്പെടുമോ... ?"
കൂരമ്പുപോലെ തറക്കുന്ന ചോദ്യത്തില്‍ ആ മനുഷ്യന്‍ ഒന്ന് പിടഞ്ഞു. "അവന്റെ വംശനാശം വരുത്തും ഞാന്‍" അയാള്‍ ക്രൂദ്ധനായി.
"താങ്കള്‍ക്ക് പെണ്മക്കളുണ്ടോ... ?"
"ഉണ്ട്"
"അവരെ ആരെങ്കിലും വ്യഭിചരിച്ചാലോ...?"
"അത് എനിക്ക് അസഹ്യമാണ്. ആരായലും അവനെ ഞാനും നശിപ്പിക്കും"
അവസാനത്തെ ചേദ്യവും അവിടുന്ന് മൊഴിഞ്ഞു "താങ്കളുടെ ഭാര്യയെ ആരെങ്കിലും വ്യഭിചരിച്ചാലോ... ?"
"അവനെ ഞാന്‍ നശിപ്പിക്കും. അവന്റെ കുടുബത്തെ ഈ ലോകത്ത് ഞാന്‍ ബാക്കിവെച്ചേക്കില്ല..."
ക്രൂദ്ധനായ ആ മനുഷ്യന്റെ നെഞ്ചിലൂടെ അവിടുന്നിന്റെ കൈകള്‍ പായുമ്പോള്‍ ആ മനുഷ്യനെ ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു.." നിങ്ങള്‍ നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്ത്രി... ഒരു പെങ്ങളാണ് അല്ലെങ്കില്‍ മാതാവാണ് അല്ലെങ്കില്‍ മകളാണ്... അല്ലെങ്കില്‍ ഭാര്യയാണ്.. അത് കൊണ്ട് അത് ചെയ്യരുതേ സഹോദരാ... വ്യഭിചാരം തിന്മയാണ്. " ആ ചലിക്കുന്ന ചുണ്ടുകളും തന്നെ ആശ്വസിപ്പിക്കുന്ന കൈകളും നോക്കി ആ മനുഷ്യന്‍ വിങ്ങിപ്പൊട്ടി. പതുക്കേ തിരിഞ്ഞ് നടക്കുമ്പോള്‍ അദ്ദേഹം പറഞ്ഞുവെത്രെ "ഈ സദസ്സിലെത്തുമ്പോള്‍ എന്റെ ഏറ്റവും വലിയ ആഗ്രഹവും ഇഷ്ടവും വ്യഭിചാരമായിരുന്നു. പക്ഷേ തിരിഞ്ഞ് നടക്കുമ്പോള്‍ ഞാന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് വ്യഭിചാരം തന്നെ..."
മറ്റൊരിക്കല്‍ ‘എന്റെ കുടുബത്തിന് ജീവിക്കാന്‍ നിര്‍വ്വാഹമില്ല. വല്ലതും തന്ന് സഹായിക്കണേ...” എന്ന് ആവശ്യപ്പെട്ട് ഒരാള്‍ ആ സദസ്സിലെത്തി. ഒരു നിമിഷം അയാളെ നോക്കി അവിടുന്ന് ചോദിച്ചു. "താങ്കളുടെ കയ്യില്‍ ധനമായി എന്തുണ്ട്."
"എന്റെ കയ്യില്‍ ഒന്നും ഇല്ല. ആകെ യുള്ളത് ഒരു കമ്പിളിയും ഒരു പാത്രവും. അത് രാത്രി ഉറങ്ങാനും ഭക്ഷണം പാകം ചെയ്യാനുമുള്ളതാണ്."
"അത് കൊണ്ടുവരൂ.. " അവയുമായി അയാള്‍ പ്രവാചക സവിധത്തില്‍ തിരിച്ചെത്തി."
അവിടുന്ന് അത് വാങ്ങി സദസ്സിനോടായി ചോദിച്ചു "ഇതിന് നിങ്ങള്‍ എന്തു വില തരും."
ഒരാള്‍ പറഞ്ഞു "ഒരു ദിര്‍ഹം" മറ്റൊരാള്‍ "രണ്ട് ദിര്‍ഹം" പറഞ്ഞു.
രണ്ടാമത്തെ ആള്‍ക്ക് അത് നല്‍കി കിട്ടിയ രണ്ട് ദിര്‍ഹം യാചിക്കാന്‍ വന്നവന്റെ കയ്യില്‍ കൊടുത്ത് അത് കൊണ്ട് ഭക്ഷണം കഴിക്കാനും ബാക്കി പണം കൊണ്ട് ഒരു മഴു വാങ്ങാനും ആവശ്യപ്പെട്ടു. മഴുവുമായി അയാള്‍ വീണ്ടുമെത്തി. "താങ്കള്‍ പോയി വിറക് ശേഖരിച്ച് അത് വില്‍ക്കൂ" എന്നായി പ്രവാചകന്‍. ദിവസങ്ങള്‍ക്ക് ശേഷം പ്രവാചക സവിധത്തില്‍ അയാള്‍ വീണ്ടുമെത്തി. ചെലവ് കഴിഞ്ഞ് ബാക്കിയായ പത്ത് ദിര്‍ഹമുമായി.
അവിടുന്ന് സൃഷ്ടിച്ച സമൂഹത്തിന്റെ അടിസ്ഥാനം സമൂഹത്തിന്റെ സമാധനവും സംസ്കാരവും ആയിരുന്നു. ആളോഹരി വരുമാനത്തിന്റെ കനം കൊണ്ട് രാജ്യത്തിന്റെ വികസനം എന്ന പല്ലവിയെ പ്രവാചകര്‍ നിരകരിച്ചു. മക്കയിലെ മര്‍ദ്ദനങ്ങളുടെ കാലത്ത് ഒരു അനുയായി പരാതിയുമായി പ്രവാചക സന്നിധിയില്‍ എത്തി. വാക്കുകള്‍ക്ക് അവസാനം "എന്നാണ് പ്രവാചകരേ ഇതില്‍ നിന്ന് ഒരു മോചനം. അങ്ങ് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലയോ... ?' എന്ന് ആ ശിഷ്യന്‍ കൂട്ടിച്ചേര്‍ക്കുക കൂടി ചെയ്തപ്പോള്‍ നബിതിരുമേനി(സ)യുടെ മറുപടി ഇപ്രകാരമായിരുന്നു. "സഹോദരാ ക്ഷമിക്കുക... നിങ്ങളുടെ മുന്‍ഗാമികള്‍ ഇതിലും കൂടുതല്‍ അനുഭവിച്ചിട്ടുണ്ട്. ഇതല്ലാം അവസാനിക്കും... എന്നിട്ട് ഇറാഖില്‍ നിന്ന് മക്ക വരെ ഒരു പെണ്‍കുട്ടിക്ക് തനിച്ച് സഞ്ചരിക്കാവുന്ന ഒരു കാലം സംജാതമാവും..." പില്‍കാലത്ത് മദീന കണ്ട ആ അവസ്ഥയ്ക് ഈ മണല്‍തരികള്‍ സാക്ഷി.
ആ വാക്കുകള്‍ ശിരസ്സാവഹിച്ച അനുയായികള്‍. അവരെ ജീവനുതുല്യം സ്നേഹിച്ച പ്രവാചകരും... പല നിഷ്ഠകളും നിയന്ത്രണങ്ങളും പ്രവാചകന്‍ പഠിപ്പിക്കുമ്പോള്‍ അവര്‍ അപ്പടി സ്വീകരിച്ചു. മദ്യം അവര്‍ക്കിടയില്‍ സാര്‍വത്രികമായിരുന്ന സമയം. "മരണ ശേഷം മുന്തിരിവള്ളിക്ക് താഴെ ഖബറടക്കണം... മണ്ണിലേക്ക് ആഴ്‌ന്ന് വരുന്ന മുന്തിരി വേരുകളിലൂടെ എന്റെ അസ്ഥിപഞ്ജരങ്ങള്‍ക്ക് ലഹരി ആസ്വദിക്കണം' എന്ന് അന്ത്യഭിലാഷം എഴുതിയ കവികള്‍ ജീവിച്ച കാലം.
അവര്‍ക്കിടയിലേക്കാണ് "സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം“ എന്ന ഖുര്‍ആന്‍ സൂക്തം മദ്യനിരോധന വിളംബരമായി അവതരിച്ചത്.
പ്രവാചക(സ)ശിഷ്യന്മാര്‍ മദീനയിലെ തെരുവുകളില്‍ ആ നിരോധന ഉത്തരവിനെ കുറിച്ച് അറിയിക്കുമ്പോള്‍ ചിലരുടെ കയ്യില്‍ മദ്യചഷകം... ചിലരുടെ തൊണ്ടയിലൂടെ മദ്യം ആമാശയയത്തിലേക്ക്... വേറെ ചിലര്‍ കുടിക്കാനായി കാത്തിരിക്കുന്നു വേറെ ചിലര്‍ മദ്യകച്ചവടക്കാരാണ്... ഈ ജനത്തിന്റെ കാതിലാണ് "ആരെങ്കിലും ലഹരി കഴിക്കുകയും അതില്‍ പശ്ചാത്തപിക്കാതിരിക്കുകയും ചെയ്താല്‍ വിധിനിര്‍ണ്ണയ ദിവസം അവന്‍ എന്നില്‍ പെട്ടവനല്ല ... ഞാന്‍ അവന്റെ ആളുമല്ല" എന്ന പ്രവാചക വചനം മുഴങ്ങിയത്.
അതോടെ മദീന മഹാത്ഭുതത്തിന് സാക്ഷിയായി. കഴിച്ച് കൊണ്ടിരുന്നവര്‍ ആ നിമിഷം അവസാനിപ്പിച്ചു. മദ്യചഷകങ്ങള്‍ വലിച്ചെറിഞ്ഞു. മദ്യം ശേഖരിച്ച് വെച്ചിരുന്ന പാത്രങ്ങള്‍ വ്യാപാരികള്‍ തച്ചുടച്ചു. ആമാശയത്തില്‍ മദ്യം എത്തിയ മറ്റുചിലര്‍ "അല്ലാഹുവിന്റെ പ്രവാചകന്‍ നിരോധിച്ച ഒന്നും എന്റെ വയറ്റില്‍ അവശേഷിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല" എന്ന് പറഞ്ഞ് അണ്ണാക്കിലേക്ക് കൈ വിരല്‍ കടത്തി ചര്‍ദ്ദിച്ച് തള്ളി... ആ സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന് ചരിത്രം സാക്ഷി.
അനുയായികളുടെ മനസ്സിനെ വല്ലതെ സ്വാധീനിച്ച വ്യക്തിത്വം. പക്ഷെ അത് സ്നേഹത്തിന്റെ സ്വാധീനമായിരുന്നു. വ്യക്തിജീവിതത്തില്‍ ലാളിത്യം ഇഷ്ടപ്പെട്ട പ്രവാചകന്‍. ജീവിതത്തിലും നിര്യാണത്തിലും ദാരിദ്ര്യം ആഗ്രഹിച്ച അത്യുന്നത വ്യക്തിത്വം... ഒരു ജീവിത വ്യവസ്ഥ പ്രബോധനം ചെയ്തതിനും അത് ജീവിച്ച് കാണിച്ചതിനും കാലം സാക്ഷി... ഈ ഊഷരഭൂമിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന മാമലകളും അവയ്കിടയില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ജബലുന്നൂറും ഉഹ്‌ദ് മലയും സാക്ഷി. മരുഭൂമി താണ്ടി ഈ മണ്ണിലെത്തിയ ഞാന്‍ തന്നെ സാക്ഷി.
ചോദ്യം ചെയ്യാതെ അനുസരിക്കുന്ന ഒരു കൂട്ടം അനുയായികളുള്ള മദീന രാജ്യത്തിന്റെ ഭരണാധികാരി ചളിക്കട്ട കൊണ്ട് പണിത് ഈന്തപ്പന ഓല മേഞ്ഞ് കുടിലിലാണ് താമസിച്ചത്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കുടിലില്‍ ചൂടിക്കട്ടിലും ഈന്തപ്പന ഓല നിറച്ച തലയിണയും ആയിരുന്നു ആഢംഭര വസ്തുക്കള്‍. അതില്‍ കിടന്ന് ശരീരത്തില്‍ വീണ ചെമന്ന് തുടുത്ത പാട് നോക്കി കണ്ണ് നിറച്ച അനുയായികളെ അവിടുന്ന് പുഞ്ചിരിയോടെ സമാധാനിപ്പിക്കുമായിരുന്നു. മൂന്ന് ദിവസം തുടര്‍ച്ചയായി വയറ് നിറച്ച് ആഹരിക്കാന്‍ കഴിയാത്ത ദരിദ്രന്‍.. മദീനയുടെ ഭരണാധികാരി ഈ ലോകത്ത് നിന്ന് യാത്ര പറയവേ അവിടുത്തെ ചമ്മട്ടി ഒരു ജൂതന്റെ കയ്യില്‍ പണയത്തിലായിരുന്നു.
അനുയായികളുടെ സ്നേഹം അതിര് കടക്കുമ്പോള്‍ അവിടുന്ന് പറയുമായിരുന്നു ... ഞാന്‍ ഒരു ദൈവദാസന്‍ മാത്രമാണെന്ന്.. ഒരിക്കല്‍ ഒരു അനുയായി സ്നേഹാധിക്യത്താല്‍ "യജമാനനേ... അത്യുന്നതരേ..." എന്ന് വിളിച്ചപ്പോള്‍ നാണത്തോടെ "ഞാന്‍ അബ്ദുല്ലയുടെ മകനും ദൈവത്തിന്റെ ദാസനുമാണ്. അതില്‍ കവിഞ്ഞ നിലയില്‍ എന്നെ സംബോധന ചെയ്യരുത്" എന്ന് അപേക്ഷിച്ച മഹാമാനുഷന്റെ പാദങ്ങള്‍ പതിഞ്ഞ മണ്ണിലൂടെയാണ് എനിക്കും യാത്ര ചെയ്യേണ്ടത്. മറ്റൊരിക്കല്‍ ഒരു അപിരിചിതന്‍ അവിടുന്നിന്റെ മുമ്പില്‍ നിന്ന് പരിഭ്രമിച്ചപ്പോള്‍ പറഞ്ഞത് "പരിഭ്രമിക്കാതിരിക്കൂ... ഞാന്‍ രാജവല്ല, ഉണക്കമാംസം പാകം ചെയ്ത് കഴിക്കുന്ന ഒരു സാധാരണ ഖുറൈശിയുടെ മകനാണ് ഞാന്‍." എന്ന് ആശ്വസിപ്പിച്ച ആ മഹാമനസ്കതയുടെ മുമ്പില്‍ ഒരു തരി മണ്ണാവാന്‍ ഭാഗ്യമുണ്ടായിരുന്നെങ്കില്‍ എന്ന് മോഹിച്ച് പോയി...
ഈ മണ്ണിന് എന്റെ മനസ്സുമായി സംവദിക്കാന്‍ കഴിയുന്നുണ്ട്... അതിന്റെ ചെറുമര്‍മ്മരങ്ങളുമായി താദാത്മ്യപെട്ടപ്പോള്‍ ‘പുണ്യ പദങ്ങള്‍ വിട്ടേച്ച് പോയ നന്മകള്‍ ജീവിതത്തില്‍ പ്രകാശമാകട്ടേ‘ എന്ന പ്രാര്‍ത്ഥന ചുണ്ടില്‍ വിരിഞ്ഞു. പ്രഭാതമാവാന്‍ ഇത്തിരി സമയം കൂടി ബാക്കിയുണ്ട്... പ്രഭാത പ്രാര്‍ത്ഥനക്കായി പ്രവാചകരുടെ മസ്ജിദില്‍ എത്തേണ്ടതുണ്ട് . തോളിലെ ഭാണ്ഡക്കെട്ട് ഒന്ന് കൂടി മുറുക്കി പിടിച്ച് കാലുകള്‍ക്ക് വേഗതകൂട്ടി.

Subscribe to:
Posts (Atom)