Tuesday, March 25, 2008

ചുട്ടുപൊള്ളുന്ന ഓര്‍മ്മകള്‍...

ഇരുപത്തിഒന്ന്.

മരുഭൂമി പാകപ്പെടുത്തിയെടുത്ത പരുക്കന്‍ മനസ്സുകളിലെ തെളിഞ്ഞ സ്നേഹം ഈ യാത്രയില്‍ പലവട്ടം രുചിക്കാന്‍ അവസരം ലഭിച്ചിരുന്നു. അപ്പോഴൊക്കെ മാനവീകതയുടെ മാതൃകയാകേണ്ട ഒരു ഭൂമികയ്ക്ക്‍... സംസ്കാര സമ്പന്നമായ ഒരു സമൂഹ സൃഷ്ടിയ്ക്ക്‍... സ്നേഹവും കരുണയും സമാധാനവും അടിസ്ഥാനമായ ഒരു ജനസഞ്ചയത്തിന്റെ അടിത്തറയ്ക്ക്‍... വേണ്ടി അനുഭങ്ങളുടെ തീച്ചൂളയില്‍ ജീവിച്ച, പുണ്യറസൂലെ(സന്ന പൂര്‍ണ്ണ ചന്ദ്രനും അനുചരന്മാരും മറക്കാനാവത്ത അനുഭവമായി മനസ്സില്‍ നിറഞ്ഞിരുന്നു. ത്യാഗാനുഭവങ്ങളുടെ അത്യുഷ്ണവും അതിശൈത്യവും കടന്നാണ് ഈ നാട് സമാധാനത്തിന്റെ വസന്തത്തെ പുല്‍കിയത്. കഠിനമായ പീഡകളില്‍ നിന്ന് നീന്തിയെത്തിയ പുണ്യറസൂലിനേ(സ)യും അനുചരന്മാരേയും ഇരുകരങ്ങളും നീട്ടി സ്വാഗതമോതിയ യസ് രിബിന് മദീനയുടെ പൂര്‍ണ്ണതയിലേക്കുള്ള യാത്ര ഒട്ടും സുഗമമായിരുന്നില്ല. പക്ഷേ ആ യാത്രയില്‍ മദീനയുടെ നായക സ്ഥാനത്ത് നബി തിരുമേനി(സ)യുട് അദ്വിതീയ വ്യക്തിവിശേഷം ഉണ്ടായിരുന്നു.

ഈ താഴ്വരയില്‍ ഓര്‍മ്മയിലേക്ക് മലവെള്ളപ്പാച്ചിലായെത്തുന്ന ചരിത്ര സംഭവങ്ങളുടെ ചൂടും ചൂരുമായി ചുറ്റിത്തിരിയുമ്പോഴെല്ലാം ഇസ്മാഈലിന്റെയും സഈദിന്റെയും സ്നേഹഭാഷണങ്ങളുടെ അകമ്പടി ഉണ്ടായിരുന്നു. എന്റെ ചിന്തകളില്‍ നിന്ന് ഗതകാലത്തിലേക്ക് ചാല് കീറി നീങ്ങുന്ന സംസാരത്തില്‍ പലപ്പോഴും ഞാനറിയതെ തന്നെ ലയിച്ച് പോവുന്നു..

തോളില്‍ കൈ വെച്ച് ഇസ്മാഈല്‍ സംസാരിച്ച് തുടങ്ങി... ഉഹ്ദിനെ കുറിച്ച്... അതിന്റെ താഴ്വരയില്‍ ഉറങ്ങുന്ന ചരിത്രത്തിന്റെ ആരോഹണ അവരോഹണങ്ങളെക്കുറിച്ച്... നിശ്ശബ്ദനായി ആ അധികം ഉയരമില്ലാത്ത കുന്നിനെ നോക്കി നില്‍ക്കുന്ന എന്നോടായി അദ്ദേഹം പറഞ്ഞു... “സഹോദരാ... താങ്കള്‍ കേട്ടിട്ടുണ്ടോ... ഒരിക്കല്‍ നബിതിരുമേനി(സ)യും അബൂബക്കറും(റ) ഉമറും(റ) ഉസ്മാനും(റ) ഈ കുന്നിലൂടെ സഞ്ചരിക്കുകയായിരുന്നു... ആ പുണ്യപാദങ്ങളുടെ സ്പര്‍ശന സുഖം കൊണ്ടെന്ന പോലെ ഉഹ്ദ് പിടഞ്ഞുപോയി... അനങ്ങുന്ന പര്‍വ്വതത്തില്‍ തന്റെ കാല്‍ അമര്‍ത്തി വെച്ച് പുണ്യറസൂല്‍ പറഞ്ഞെത്രെ... ‘ഏ ഉഹ്ദ്... അടങ്ങൂ... ഒരു പ്രവാചകനും ഒരു സിദ്ദീഖും രണ്ട് രക്തസാക്ഷികളുമാണ് ഇപ്പോള്‍ ഇവിടെ ഉള്ളത് ...‘ ഉഹ്ദിന്റെ അനക്കം അവസാനിച്ചെത്രെ...”

അദ്ദേഹത്തിന്റെ വാക്കുകളിലെ ആവേശം എന്നിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു... സ്നേഹവലയം കൊണ്ട് പ്രകൃതിയെപ്പോലും വിഭ്രമിപ്പിച്ച വിശുദ്ധനായകന്റെ പുണ്യനഗരിയുടെ തെരുവുകളില്‍ അലയുന്ന ഞാനെന്ന വ്യക്തിക്ക്, അവിടുത്തെ അനുയായി ആണെന്ന് അത്മാര്‍ത്ഥതയോടെ അവകാശപ്പെടാന്‍ എന്ത് യോഗ്യത... എന്ന് മനസ്സ് ചോദിച്ച് കൊണ്ടിരുന്നു. ഈ നേതാവ് തന്നെയാണെന്റെ ഏറ്റവും വലിയ അഭിമാനം എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു... അതില്‍ കവിഞ്ഞ് എനിക്ക് എന്ത് വേണം എന്ന് മനസ്സെന്നോട് പറയുമ്പോള്‍ ചുണ്ടില്‍ സലാത്ത് വിരിഞ്ഞിരുന്നു.

ഈ ഉഹദും താഴ്വാരവും ഒരു ത്യാഗത്തിന്റെ കഥ നെഞ്ചിലേറ്റുന്നു. നബിതിരുമേനിയും സംഘവും ശക്തി തെളിയിച്ച ‘ബദര്‍ യുദ്ധം‘ മക്കക്കാരുടെ മനസ്സില്‍ സൃഷ്ടിച്ച ഏക വികാരം അണയ്ക്കാനാവാത്ത പ്രതികാരാഗ്നിയായിരുന്നു. ചുളുവില്‍ മദീനയെ അക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അബൂസുഫ് യാന്‍ ‘സഖീവ് യുദ്ധ’ ത്തില്‍ പരിഹാസ്യനായതും ആ അഗ്നിയ്ക്ക് ചൂട് പകര്‍ന്നു. സിറിയയില്‍ നിന്നെത്തിയ കച്ചവട സംഘത്തിന്റെ ലാഭം പൊതുമുതലില്‍ നിക്ഷേപിച്ചത് മദീനയെ ആക്രമിക്കാനുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മാത്രമായിരുന്നു.

ഈ സമയത്താണ് അന്ന് ഇസ്ലാം മത വിശ്വാസിയായി മാറിയിട്ടില്ലാത്ത പ്രവാചകരുടെ പിതൃവ്യന്‍ അബ്ബാസി(റ)ന്റെ കത്തുമായി ഒരാള്‍ മദീനയില്‍ എത്തിയത്. അക്ഷരാഭ്യാസമില്ലാ‍ത്ത നബി തിരുമേനി(സ)ക്ക് ഈ സന്ദേശം ‘ഖുബ്ബാ’ പള്ളിയില്‍ വെച്ച് വായിച്ച് കേള്‍പ്പിച്ചത് ഉബയ്യ് ബ് നു കഅബ് (റ) ആയിരുന്നു. മുവ്വായിരത്തോളം അംഗബലമുള്ള ഒരു വന്‍സൈന്യവുമായി മദീന ആക്രമിക്കാന്‍ പുറപ്പെടുന്ന മക്കകാരെ കുറിച്ചുള്ള വിവരങ്ങളായിരുന്നു അതിലെ ഉള്ളടക്കം. ഈ വിവരം രഹസ്യമായി സൂക്ഷിക്കാന്‍ നബിതിരുമേനി ഉബയ്യിനോട് പ്രത്യേകം നിര്‍ദ്ദേശിച്ചു. പിന്നീട് സഅദ് ബ് നു റബീഅ യുടെ വീട്ടിലെത്തി പരമ രഹസ്യമായി സൂക്ഷിക്കണം എന്ന നിര്‍ദ്ദേശത്തൊടെ കത്തിലെ വിവരങ്ങള്‍ നബി തിരുമേനി അദ്ദേഹത്തെയും അറിയിച്ചു. പക്ഷേ ഈ സംസാരം ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തിന്റെ ഭാര്യവഴി ഈ രഹസ്യം വളരെ പെട്ടെന്ന് പരസ്യമായി.

മക്കാ സൈന്യത്തിന്റെ അംഗ-ആയുധ ബലത്തെക്കുറിച്ചറിഞ്ഞ മദീനക്കാര്‍ ശരിക്കും അന്തം വിട്ട് പോയി. നബിതിരുമേനി(സ) അനുയായികളുമായും സഖ്യകക്ഷികളുമായും സ്തിതിവിശേഷങ്ങള്‍ ചര്‍ച്ച ചെയ്തു. മദീനയില്‍ തന്നെ നിന്ന് കൊണ്ട് രാജ്യത്തെ സംരക്ഷിക്കാമെന്നും അതിന് ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ അലോചിക്കാം എന്നുമായിരുന്നു നബിതിരുമേനി(സ)യുടെ അഭിപ്രായം. അനുയായികളില്‍ ഒരു വിഭാഗം അത് പിന്തുണച്ചു. എന്നാല്‍ ചിലര്‍ അത് ‘ഭീരുത്വ‘മായി വ്യാഖ്യാനിക്കപ്പെടുമെന്നും മദീനയുടെ പ്രാന്ത പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന സൈന്യത്തെ അവരുടെ സങ്കേതത്തില്‍ ചെന്ന് ആക്രമിക്കാം എന്നും അഭിപ്രായപ്പെട്ടു. “നിങ്ങള്‍ പരാജയപ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നു..” എന്ന് വരെ നബി തിരുമേനി(സ) മുന്നറിയിപ്പ് നല്‍കിയെങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു. അങ്ങനെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് ശത്രുസങ്കേതത്തില്‍ പോയി നേരിടാന്‍ തന്നെ നിശ്ചയിച്ചു.

മദീനയില്‍ നിന്ന് നാല് നാഴിക ദൂരെ ഈ സ്ഥലത്തായിരുന്നു ശത്രുസൈന്യം താവളമടിച്ചിരുന്നത്. നബിതിരുമേനിയും സംഘവും ഈ തഴ്വാരത്തിലേക്ക് പുറപ്പെട്ടു... ഇവിടെ ഉഹ്ദ് മല പിന്നിലാക്കി തന്റെ എഴുന്നൂറോളം വരുന്ന സൈന്യത്തെ അവിടുന്ന് അണിനിരത്തി... അവരില്‍ നിന്ന് അബ്ദുല്ലാഹിബ് നു ജുബൈറിന്റെ നേതൃത്തില്‍ അമ്പെയ്ത്തില്‍ പ്രാവീണ്യമുള്ള അമ്പത് പേരെ ശത്രുക്കള്‍ കടന്നാക്രമിച്ചേക്കാവുന്ന കുന്നിന്‍ ചെരുവില്‍ കാവല്‍ ഭടന്മാരായി നിര്‍ത്തി.. അവരോടായി നബി തിരുമേനി പറഞ്ഞു. “നമ്മുടെ പിന്‍വശത്തുള്ള ഈ ഭാഗം നിങ്ങള്‍ സംരക്ഷിക്കണം. ഇതിലൂടെ ശത്രുക്കള്‍ ആക്രമിച്ചേക്കും. അവിടെ എപ്പോഴും നിങ്ങളുണ്ടാവണം. ഒരിക്കലും മാറി പോവരുത്. ഞങ്ങള്‍ ശത്രുക്കളെ പരാജയപ്പെടുത്തി അവരുടെ മേഖലയില്‍ പ്രവേശിച്ചാലും നിങ്ങള്‍ ഇവിടെ നിന്ന് ഇറങ്ങരുത്. ഞങ്ങള്‍ കൊല്ലപ്പെടുന്നത് കണ്ടാലും ഞങ്ങളെ രക്ഷിക്കാനോ അവരെ പ്രതിരോധിക്കാനോ വേണ്ടി ഈ സ്ഥലം വിട്ട് നിങ്ങള്‍ ഇറങ്ങരുത്. നിങ്ങള്‍ കുതിരകളെ അമ്പുകള്‍ കൊണ്ട് ആക്രമിച്ചാല്‍ മത്രം മതി. പാഞ്ഞ് വരുന്ന അമ്പ് കണ്ടാല്‍ അവ മുന്നോട്ട് നീങ്ങുകയില്ല...”

മറുവശത്ത് മുവ്വായിരം ഒട്ടകങ്ങളും ഇരുന്നൂറ് കുതിരകളും മുവ്വായിരം യോദ്ധക്കളുമടങ്ങിയ ഖുറൈശി സൈന്യം അണിനിരന്നു. കൊടിവാഹകനായ അബ്ദുല്‍ ഉസ്സക്ക് ഇരുവശത്തും ഇക് രിമത്തുബനു അബൂജഹലും ഖാലിദ് ബ്നു വലീദും സൈന്യാധിപരായി ഉണ്ടായിരുന്നു. ഉഹദ് യുദ്ധത്തില്‍ യോദ്ധക്കള്‍ക്ക് ആവേശം പകരാനെത്തിയ സ്ത്രീകളുടെ നേതൃത്വം ഹിന്ദിനായിരുന്നു. അബൂസുഫ് യാന്റെ പത്നിയും ഉത്തബയുടെ മകളുമായ് ഹിന്ദ് ചില പ്രത്യേക ലക്ഷ്യങ്ങളുമായാണ് ഉഹ്ദില്‍ എത്തിയത് തന്നെ. ബദര്‍ യുദ്ധത്തില്‍ തന്റെ പിതാവായ ഉത്ബയെ വകവരുത്തിയ നബി തിരുമേനിയുടെ പിതൃവ്യന്‍ ഹംസയെ ഏത് വിധേനയും വധിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം... ഹംസയുടെ രക്തത്തിന് പകരം, കുന്തമേറില്‍ അതിവിദഗ്ദനായ ‘വഹ്ശി’ യെന്ന അടിമയ്ക്ക് മോചനവും കൈ നിറയെ സമ്മാനവും ഹിന്ദ് വാഗ്ദാ‍നം ചെയ്തിരുന്നു. ലക്ഷ്യസാധ്യത്തിനായി വഹ്ശിയും ഉഹ്ദില്‍ എത്തിയിരുന്നു.

നബി തിരുമേനി(സ)യുടെ പിതാവിന്റെ സഹോദരാനായിരുന്ന ഹംസ(റ). നബിതിരുമേനി മക്കയില്‍ പ്രബോധനം ആരംഭിച്ച ആദ്യകലത്തൊരിക്കല്‍ അബൂജഹല്‍ പരസ്യമായി അവിടുന്നിനെ ആക്ഷേപിച്ചു... ചീത്തപ്പറഞ്ഞു... എല്ലാം കേട്ട് നിശ്ശബ്ദനായി തിരിച്ച് പോന്ന തന്റെ സഹോദര പുത്രനെ കുറിച്ച് വേട്ട കഴിഞ്ഞെത്തുന്ന വഴിയാണ് ഹംസ(റ) അറിഞ്ഞത്. അദ്ദേഹം അപ്പോള്‍ തന്നെ അബുജഹലിനെ തേടിയിറങ്ങി. ഒരു സദസ്സില്‍ ഇരിക്കുകയായിരുന്ന അബൂജഹലിനെ തന്റെ വില്ലുകൊണ്ട് അടിച്ചു... തിരിച്ചടിക്കാന്‍ ധൈര്യമുള്ളവര്‍ ഇറങ്ങി വരൂ എന്ന് വെല്ലുവിളിച്ചു. കത്തുന്ന കണ്ണുമായി നില്‍ക്കുന്ന ആ വില്ലാളിയെ എതിര്‍ക്കാന്‍ ധൈര്യമില്ലാതിരുന്ന ഖുറൈശികളുടെ മുഖത്ത് പുഛത്തോടെ നോക്കി ഹംസ പ്രഖ്യാപിച്ചു... “നിങ്ങള്‍ എന്തിന് വേണ്ടിയാണോ മുഹമ്മദിനെ വേട്ടയാടിയത്... ഞാനും അതേ വിശ്വാസം സ്വീകരിക്കുന്നു... അല്ലാഹു അല്ലതെ ഒരു ദൈവമില്ല... മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണ്...” പിന്നീട് ഹംസ പുണ്യറസൂലിന്റെ ജീവിതത്തിലുടനീളം സഹായി ആയിരുന്നു... തന്റെ പിതൃവ്യപുത്രന്‍ എന്നതിലുപരി ദൈവത്തിന്റെ ദൂതന്‍ ആയ നബിതിരുമേനിയോട് വല്ലാത്ത സ്നേഹവായ്പ്പായിരുന്നു ഹംസയ്ക്ക്... നബിതിരുമേനിയ്ക്ക് തിരിച്ചും.

യുദ്ധം മുറുകിയപ്പോള്‍ തന്റെ ഇരതേടി വഹ്ശി ഇറങ്ങി. യുദ്ധക്കളത്തില്‍ പാത്തും പതുങ്ങിയും ഹംസയെ അന്വേഷിച്ച് നടന്ന് വഹ്ശി തന്റെ ലക്ഷ്യം സ്ഥാനം പെട്ടെന്ന് കണ്ടെത്തി. പോരാട്ടത്തില്‍ ബദ്ധശ്രദ്ധനായിരുന്ന ഹംസയെ മറഞ്ഞ് നിന്ന വഹ്ശി കുന്തമെറിഞ്ഞ് വീഴ്ത്തി... പിടയുന്ന ഹംസയുടെ ശരീരത്തില്‍ നിന്നും കുന്തം വലിച്ചൂരിയെടുത്ത് വഹ്ശി ഹിന്ദിനെ തേടി നടന്നു....

‘ഇതാ ഹസ്രത്ത് ഹംസ (റ) യുടെ അന്ത്യവിശ്രമ സ്ഥാനം...“ സഈദിന്റെ ശബ്ദമാണ് ഉണര്‍ത്തിയത്... കത്താന്‍ തുടങ്ങുന്ന വെയിലിന് താഴെ തൊട്ട് മുമ്പിലെ ഖബറിലേക്ക് ഞാന്‍ നിറഞ്ഞ കണ്ണുകളോടെ നോക്കിനിന്നു... യുദ്ധത്തിന്റെ അന്ത്യത്തില്‍ വഹ്ശി ഹിന്ദിനേയും കൂടി ഹംസയുടെ ശരീരത്തിനടുത്ത് എത്തിയെത്രെ... ഹംസ(റ) ഓരോ അംഗങ്ങളും ഛേദിച്ചെടുക്കുമ്പോള്‍ ഹിന്ദ് അട്ടഹസിച്ചു ചിരിച്ചു... അംഗഭംഗം വരുത്തിയ ശരീരത്തിന്റെ നെഞ്ച് ഹിന്ദ് വലിച്ച് പൊളിച്ചു... രാക്ഷസീയതയോടെ ഹംസ(റ)യുടെ കരള്‍ വലിച്ച് പറിച്ചെടുത്തു... ആര്‍ത്തിയോടെ ചവച്ച് തുപ്പി‍...

പില്‍കാലത്ത് ഹിന്ദിനും വഹ്ശിക്കും പുണ്യറസൂല്‍ മാപ്പ് നല്‍കി... അവര്‍ നബിതിരുമേനിയുടെ ശിഷ്യരായി... ഒരിക്കല്‍ സദസ്സില്‍ തൊട്ടുമുമ്പില്‍ ഇരിക്കുന്ന വഹ്ശിയെ കണ്ടപ്പോള്‍ അവിടുത്തെ കണ്ണുകള്‍ നിറഞ്ഞു... തൊണ്ടയിടറി... “വഹ്ശീ താങ്കള്‍ കഴിയുന്നതും നേരെ മുമ്പില്‍ ഇരിക്കരുതേ... ഞാന്‍ എന്റെ ഹംസയെ ഓര്‍ത്ത് പോവുന്നു...” എന്ന് അടഞ്ഞ ശബ്ദവുമായി ലോകഗുരു പറഞ്ഞെത്രെ...

“രക്ത സാക്ഷികളുടെ നേതാവേ അങ്ങേയ്ക്ക് എന്റെ സലാം...” എന്ന് ഈ ഖബറിന് മുമ്പില്‍ നിന്ന് അഭിവാദ്യം ചെയ്യുമ്പോള്‍ തൊണ്ടയിടറി...കണ്ണുകള്‍ നിറഞ്ഞൊഴുകി.... എന്തോ തടഞ്ഞ ശബ്ദത്തില്‍ ഒരിക്കല്‍ കൂടി ഞാന്‍ പറഞ്ഞൊപ്പിച്ചു... ‘അസ്സലാമു അലൈക യാ സയ്യിദുശ്ശുഹദാഹ്...”

Wednesday, March 12, 2008

പൊയ് പോയ കാലത്തിനൊപ്പം...

ഇരുപത്.

തിളങ്ങുന്ന മുഖത്തെ തലമുറകളുടെ കഥകള്‍ ഒളിപ്പിച്ച ചുളിവുകള്‍, അദ്ദേഹം കാത്ത് സൂക്ഷിക്കുന്ന പുഞ്ചിരിയുടെ ഭാഗമായിരിക്കുന്നു. പരിചയപ്പെട്ട ആദ്യനിമിഷം മുതല്‍ തന്നെ ആ കണ്ണുകളുടെ സ്നേഹവും കൈകളുടെ സാന്ത്വനവും അനുഭവിക്കുകയായിരുന്നു. എപ്പോഴും അനങ്ങുന്ന ചുണ്ടുകള്‍ക്കിടയില്‍ പതുങ്ങിയ ദൈവീക സ്തോത്രങ്ങള്‍. സംസാരത്തിലും പെരുമാറ്റത്തിലും സൂക്ഷിക്കുന്ന അങ്ങേയറ്റത്തെ സംസ്കാരവും സൌഹൃദവും... ഏത് പരിതസ്ഥിതിയും മന്ദസ്മിതത്തോടെ നേരിടാന്‍ അത്ഭുതകരമായ പാടവം... ഇതെല്ലാം ചേര്‍ത്ത് വെച്ചാല്‍ വൃദ്ധനായ ഇസ്മാഈലിന്റെ തനിസ്വരൂപമായി.

“അസ്സലാമുഅലൈക്കും.. വ റഹ് മത്തുല്ലാഹി... വബറക്കാത്തു...’ (താങ്കള്‍ക്ക് ദൈവത്തില്‍ നിന്ന് സമാധാനവും കാരുണ്യവും ഐശ്വര്യവും ഉണ്ടായിരിക്കട്ടേ...) എന്ന് അഭിവാദ്യം ചെയ്ത് കൈ പിടിച്ചതോടെ ആ പരുക്കന്‍ കൈകള്‍ എനിക്കായി തീറെഴുതിയെന്ന് തോന്നി. സ്നേഹത്തിന്റെ കരുത്തുള്ള മുറുക്കത്തില്‍ നിന്ന് ആദ്യം ഞാന്‍ തന്നെ കൈകള്‍ പിന്‍വലിച്ചു. ആ പിന്മാറ്റത്തോടൊപ്പം നിന്ന എന്റെ മനസ്സ് വായിച്ചപോലെ അദ്ദേഹത്തിന്റെ ചുണ്ടിലെ പുഞ്ചിരി ഒന്ന് കൂടി പ്രസന്നമായി... കൂടെ പതുങ്ങിയ സ്വരത്തില്‍ കൂട്ടിച്ചേര്‍ത്തു... “സഹോദരാ... ഹസ്തദാനം ചെയ്യുമ്പോള്‍ നബിതിരുമേനി (സ) ആദ്യം കൈ പിന്‍വലിക്കുമായിരുന്നില്ല. ആ പാത പിന്തുടരാന്‍ ഞാനും ആഗ്രഹിക്കുന്നു." കൂടെയുള്ള ചെറുപ്പക്കാരനെ പരിചയപ്പെടുത്തി... “ഇത് സഈദ്.. മദീനക്കാരനായ ഒരു സൌഭാഗ്യവാന്‍...” സഈദ് ആലിംഗനത്തോടൊപ്പം “എന്റേ സുഹൃത്തേ സ്വാഗതം..” എന്ന് പതുങ്ങിയ സ്വരവും കേട്ടു...

ഇസ്മാഈല്‍ സംസാരിച്ച് കൊണ്ടിരുന്നു... ഇന്ത്യതന്നെയായിരുന്നു വിഷയം... ഇന്ത്യയും അറേബിയയും തമ്മില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സൌഹൃദബന്ധത്തിന്റെ അനുരണനം ആ വാചക പ്രവാഹത്തില്‍ മുഴച്ച് നിന്നു. അറബി കവിതകളിലെ ഇന്ത്യന്‍ സ്വാധീനവും വിശിഷ്യാ കേരളക്കരയും അറബിനാടും തമ്മുലുണ്ടായിരുന്ന ബന്ധങ്ങളുടെ ഊഷ്മളതയും അദ്ദേഹം വിവരിച്ചു... ഞങ്ങള്‍ സൌഹൃദം ആഗ്രഹിക്കുന്നു... സ്നേഹവും...” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് കൊണ്ടായിരിക്കാം ഈ മരുഭൂമിയില്‍ വിരിഞ്ഞ പുഷ്പത്തെ ലോകം മുഴുവന്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചത്...

രണ്ട് ദിവസങ്ങളാണ് മദീനയില്‍ താമസിക്കാന്‍ അവസരം ലഭിക്കുന്നത്. ആ കുറഞ്ഞ സമയം കൊണ്ട് ഈ തെരുവുകളിലുറങ്ങുന്ന ചരിത്രസത്യങ്ങളിലൂടെ ഒരു യാത്ര. കഴിയുന്നതും നമസ്കാര സമയം മസ്ജിദുന്നബവിയില്‍ എത്തുക... അതോടൊപ്പം പുണ്യറസൂലി‍(സ) ന്റെ റൌദാശരീഫിനടുത്ത് സലാത്തും സലാമും സമ്മാനമായി സമര്‍പ്പിക്കുക... മണിക്കുറുകള്‍ മിനുട്ടുകളുടെ വേഗത കടമെടുത്ത ഈ മണ്ണില്‍ ചിലവഴിക്കുന്ന നിമിഷങ്ങളത്രയും പരമാവധി ഉപയോഗപ്പെടുത്തുക... ഇതായിരുന്നു ചിന്തിച്ചുറപ്പിച്ച ഒരു രൂപരേഖ. പക്ഷേ അത് എത്രകണ്ട് വിജയിപ്പിക്കാനാവും എന്നത് ഒരു ചോദ്യചിഹ്നമായി കൂടെയുണ്ട്. ചരിത്രത്തിന്റെ അവഷ്ടങ്ങളിലേക്ക് ഒരു തിരിച്ച് പോക്കിന് ഒരുങ്ങുമ്പോഴും ഒരു കൂട്ട് ആഗ്രഹിച്ചു... മദീനയെ അറിയുന്ന മദീന അറിയുന്ന ഒരു മദീനക്കാരനെ ലഭിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു...

“താങ്കള്‍ക്ക് മദീന കാണാന്‍ ഒരു കൂട്ടാവും എന്റെ പ്രിയപ്പെട്ട സ്നേഹിതന്‍ സഈദ്...” വൃദ്ധന്റെ ഇടര്‍ച്ചയില്ലാത്ത ശബ്ദമാണ് ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്... മനസ്സറിഞ്ഞ് ലഭിച്ച വരദാനത്തിന് ആദ്യം ദൈവത്തെ സ്തുതിച്ചു... പിന്നെ ആ വൃദ്ധനോട് ഒരു നന്ദിയും... എങ്കില്‍ നമുക്ക് ഉഹ്ദിന്റെ താഴ്വാരത്തിലൊന്ന് ഒന്ന് പോയാലോ...എന്റെ ആഗ്രഹം അറിയിച്ചു... “എങ്കില്‍ നിങ്ങളോടൊപ്പം ഞാനും കൂടെ വരാം...” വൃദ്ധന് നല്ല ഉത്സാഹം... മസ്ജിദിന്റെ അടുത്ത് നിന്ന് ഏതാനും നാഴികയ്ക്കപ്പുറം തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഉഹ്ദ് പര്‍വ്വതം കാണം... അതിനെ നോക്കി ഒരിക്കല്‍ നബി തിരുമേനി പറഞ്ഞെത്രെ “നമ്മള്‍ ഈ ഉഹ്ദിനെ ഇഷ്ടപ്പെടുന്നു... അത് നമ്മേയും..” ഏകദേശം നാല് നാഴിക യാത്ര ചെയ്താല്‍ ഉഹ്ദ് പര്‍വ്വതത്തിന്റെ താഴ്വാരത്തിലെത്താനാവും... സഈദിന്റെ വാഹനത്തില്‍ യാത്ര തുടങ്ങി...

വഴിയിലെ പ്രാതല്‍ കഴിഞ്ഞ് യാത്ര തുടന്നപ്പോഴും കാറിന്റെ പിന്‍സീറ്റിലിരുന്ന് ഓടിമറയുന്ന തെരുവുകള്‍ വിസ്മയത്തോടെ ശ്രദ്ധിച്ചു... പുണ്യറസൂലി(സ)ന്റെയും അനുചരന്മാരുടെയും ഗതകാലമുറങ്ങുന്ന അന്തരീക്ഷം ഒരു വിദ്യാര്‍ത്ഥിയുടെ ഔത്സുക്യതോടെ നോക്കിയിരിക്കുമ്പോള്‍, ആ പൂര്‍വ്വസൂരികളുടെ ഓര്‍മ്മകള്‍ മലവെള്ളപ്പാച്ചിലായി മനസ്സിലെത്തി... ‘ആദര്‍ശ‘ത്തിനായി ജന്മനാടും വീടും ഉപേക്ഷിച്ച് ഈ ഊഷരഭൂമിയില്‍ കുടിയേറിയ ആ സംഘത്തെ വെറുതെ വിടാന്‍ മക്കക്കാര്‍ ഒരുക്കമല്ലായിരുന്നു. അതിന്റെ ആദ്യ ശ്രമങ്ങളില്‍ ഒന്നായിരുന്നു ബദര്‍ യുദ്ധം.. പക്ഷേ ഏതാനും നിമിഷം കൊണ്ട് ആ സംഘത്തെ നിഷ്കാസനം ചെയ്യാം എന്ന് കരുതി വന്നവര്‍ക്ക് പുണ്യറസൂ(സ)ലിന്റെ സംഘത്തിന്റെ ആത്മാര്‍ത്ഥതയുടെയും കറയറ്റ നേതൃപാടവത്തിന്റെയും മുമ്പില്‍ തോറ്റോടേണ്ടി വന്നു...

അതോടെ മക്കക്കാര്‍ക്ക് പ്രതികാരാഗ്നി വര്‍ദ്ധിച്ചു... കാരണം ആ യുദ്ധത്തില്‍ മക്കകാര്‍ക്ക് ഏറ്റവും വലിയ നഷ്ടം അവരുടെ ശക്തരായ നേതൃനിരയായിരുന്നു. അവശേഷിച്ച അബൂസുഫ് യാന്‍ മുഹമ്മദിനെ(സ)യും സംഘത്തെയും നശിപ്പിക്കാന്‍ ദൃഢപ്രതിജ്ഞയെടുത്തു. അദ്ദേഹത്തിന്റെ ഭാര്യയും ഉത്ത്ബയുടെ മകളുമായ ഹിന്ദിന്റെ പ്രതികാരഗ്നിയും ഒട്ടും കുറവായിരുന്നില്ല. മദീനയെ മുച്ചൂടും മുടിക്കാവുന്ന രീതിയില്‍ കടന്നാക്രമണം നടത്താനും അതിനാവശ്യമായ സമ്പത്തിക ബാധ്യതകള്‍ക്കായി അബൂസുഫ് യാന്‍ രക്ഷിച്ചെത്തിച്ച കച്ചവട സംഘത്തിലെ മുഴുവന്‍ ധനവും നീക്കിവെക്കാനും തീരുമാനിച്ചു.

ഇക്കാലത്തൊരിക്കല്‍ അബൂസുഫ് യാന്‍ ഏതാനും ആളുകളുമായി മദീനയുടെ അതിര്‍ത്തിയിലെത്തി. ഒരു അന്‍സാരിയേയും കുടുബത്തെയും വധിക്കുകയും അദ്ദേഹത്തിന്റെ വീടും തോട്ടവും തീയിടുകയും ചെയ്തു.. ഇത് അറിഞ്ഞ് നബിതിരുമേനി(സ)യും സംഘവും അവരെ തടയാനായി പുറപ്പെട്ടു. പക്ഷേ അബൂസുഫ് യാന്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെ മുഹമ്മദും(സ) സംഘവും ഉണ്ടെന്ന ഭയത്താല്‍ ഓടുന്ന സംഘം ഭക്ഷണാവശ്യത്തിനായി മക്കയില്‍ നിന്ന് കൂടെ കരുതിയിരുന്ന ഗോതമ്പ് പൊടി വഴിയില്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്... ഗോതമ്പ് പൊടി ചാക്കുകളുടെ ഭാരം അവരുടെ രക്ഷപ്പെടലിന്റെ വേഗത കുറച്ചതായിരുന്നു കാരണം. പില്‍കാലത്ത് ഈ സംഭവത്തെ സഖീവ് (ഗോതമ്പ് പൊടി) യുദ്ധം എന്നാണ് അറിയപ്പെട്ടത്. ഈ സംഭവം അബൂസുഫ് യാനെ അറബികള്‍ക്കിടയില്‍ കൂടുതല്‍ പരിഹാസ്യനാക്കുകയായിരുന്നു.

ഇതിന് ശേഷം ‘ഗത്ഫാര്‘‍, ‘സുലൈം‘ എന്നീ ഗോത്രങ്ങള്‍ മദീനയെ അക്രമിക്കാന്‍ പുറപ്പെട്ടു. വിവരങ്ങള്‍ അറിഞ്ഞ നബിതിരുമേനി(സ)യും നാന്നൂറ്റിഅമ്പത് അനുയായികളും “ഖര്‍ഖറത്തുല്‍ ഖുദ്റ‘ എന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും വിവരം അറിഞ്ഞ് അക്രമികള്‍ പിന്തിരിഞ്ഞു. ഈ സംഭവ ശേഷം മുസ് ലിം സംഘം ഒരിടത്ത് വിശ്രമത്തിനായി തമ്പടിച്ചു.. നേതാവായിട്ടും ഭരണാധികാരി ആയിട്ടും ആഡംഭരത്തിന്റെ ആദ്യപാഠങ്ങള്‍ കൊണ്ട് പോലും ജീവിതരീതിയെ മലീമസമാക്കാത്ത പുണ്യറസൂല്‍ (സ) അനുയായികളില്‍ നിന്ന് കുറച്ച് അകലെ ഒരു മരച്ചുവട്ടില്‍ കണ്ണടച്ച് വിശ്രമിക്കുന്നു. തൊട്ടടുത്ത് നിന്ന് ഒരു ശബ്ദം കേട്ട് നോക്കുമ്പോള്‍ ഒരാള്‍ കൈയില്‍ വാളുമായി... വാളുയര്‍ത്തി അയാള്‍ ചോദിച്ചു “മുഹമ്മദേ ഇപ്പോള്‍ നിന്നെ ആര് രക്ഷിക്കും...” ജീവനെടുക്കാന്‍ വന്നവന്റെ മുഖത്ത് നോക്കി നബിതിരുമേനി മറുപടി നല്‍കി “അല്ലാഹു രക്ഷിക്കും...” തന്റെ മുമ്പില്‍ ജീവന് വേണ്ടി കെഞ്ചുന്ന ‘മുഹമ്മദിനെ’ സങ്കല്പിച്ച അയാള്‍ ഒരു നിമിഷം തരിച്ച് പോയി...വാള് കൈയില്‍ നിന്ന് താഴെ വീണു... അത് നബിതിരുമേനിയുടെ കൈയിലെത്തി... പുണ്യറസൂല്‍ ചോദിച്ചുവെത്രെ “ഇപ്പോള്‍ താങ്കളെ ആര് രക്ഷിക്കും...” “എന്നെ രക്ഷിക്കാന്‍ താങ്കളല്ലാതെ മറ്റാര്...” എന്ന് പറഞ്ഞ് മരണം ഉറപ്പിച്ച ശത്രുവിനും അവിടുന്ന് മാപ്പ് നല്‍കി... ശത്രുവായെത്തിയവന്‍ മിത്രമായി... നബിതിരുമേനി(സ)യുടെ ശിഷ്യനായി...

“ഇതാ... നാം ഉഹ്ദിനോട് അടുക്കുന്നു... “ സഈദിന്റെ പതുങ്ങിയ ശബ്ദം... കുറച്ചപ്പുറത്ത് ഉഹദിന്റെ താഴ്വാരം കണ്ണെത്തും ദൂരത്ത് കണ്ട് തുടങ്ങി... ഒരു മഹായുദ്ധത്തിന് സാക്ഷ്യം വഹിച്ച മണ്ണ്... ഓര്‍മ്മകളില്‍ ഉഹദ് എന്നും ഒരു നൊമ്പരമായിരുന്നു... ആ മണ്ണ് കാണുമ്പോള്‍ തന്നെ പുണ്യറസൂലിന്റെ ഓര്‍മ്മകള്‍ ഓടിയെത്തും... അവിടുത്തെ പിതാവിന്റെ സഹോദരന്‍ ഹംസയെന്ന വില്ലാളിവീരന്റെ സ്മരണയെത്തും... പുണ്യറസൂലിനെ സംരക്ഷിക്കാന്‍ എല്ലാം മറന്ന അനുയായികളുടെ സ്നേഹത്തിന്റെ ഓര്‍മ്മകള്‍ ഓടിയെത്തുന്നു... അന്ന് ജ്വലിച്ചു നിന്ന ഉമ്മു അമ്മാറ എന്ന വനിത മനസ്സില്‍ കെടാവിളക്ക് പോലെ...


യുദ്ധം കൊടുമ്പിരികൊണ്ട ഘട്ടത്തില്‍ പുണ്യറസൂലിന്റെ സംരക്ഷണത്തിനായി ഉമ്മുഅമ്മാറ എന്ന സ്ത്രീരത്നവും ആയുധമെടുത്തു... യുദ്ധക്കളത്തില്‍ മുറിവേല്‍ക്കുന്നവരെ ശുശ്രൂഷിക്കാന്‍ വേണ്ടി സംഘത്തോട് കൂടെ എത്തിയതായിരുന്നു അവര്‍... ശത്രുക്കളൊട് സ്വന്തം ജീവന്‍ അവഗണിച്ച് പൊരുതിയ ഉമ്മുഅമ്മാറയെ പിന്നീടൊരിക്കല്‍ മദീനയുടെ തെരുവില്‍ പുണ്യറസൂല്‍ കണ്ടുമുട്ടി... ഉമ്മുഅമ്മാറയെ കണ്ടപ്പോള്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചു... “അല്ലാഹുവേ ഉമ്മു അമ്മാറയെ അനുഗ്രഹിക്കണേ... അവര്‍ക്ക് ഐശ്വര്യം നല്‍കണേ... “ പുണ്യറസൂല്‍ (സ) അവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ ഉമ്മുഅമ്മാറ ഇടയ്ക്ക് ഇടപെട്ട് കൊണ്ട് പറഞ്ഞെത്രെ ...“റസൂലേ... എനിക്ക് വേണ്ടി ഇത്രയൊന്നും പ്രാര്‍ത്ഥിക്കേണ്ടതില്ല... ഉമ്മു അമ്മാറക്ക് ഇതൊന്നും ആവശ്യമില്ല... എനിക്ക് ഒറ്റക്കാര്യം മാത്രം മതി... മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല... എനിക്ക് അത് ലഭിക്കാനായി അങ്ങ് പ്രാര്‍ത്ഥിക്കുമോ... “ ചോദ്യഭാവത്തില്‍ നോക്കിയ പുണ്യറസൂലിന്റെ മുമ്പില്‍ കണ്ണ് താഴ്ത്തി ഉമ്മു അമ്മാറ കൂട്ടിചേര്‍ത്തു... “സ്വര്‍ഗ്ഗത്തില്‍ അങ്ങയുടെ സമീപത്ത് ഒരു സ്ഥാനം നബിയേ...” ഉമ്മു അമ്മാറയുടെ സ്നേഹം എന്റെ കണ്ണുകളില്‍ അശ്രുവായി... നനഞ്ഞ കണ്ണുയര്‍ത്തി നോക്കുമ്പോള്‍ വാഹനം നിന്നിരിക്കുന്നു... “എന്നെ തന്നെ ശ്രദ്ധിച്ചിരിക്കുന്ന സഈദും ഇസ്മാഈലും... കണ്ണുകള്‍ അമര്‍ത്തിത്തുടച്ച് ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.


വാര്‍ഷികക്കുറിപ്പ് :-

കഴിഞ്ഞ ‘നബിദിന‘ത്തോട് അനുബന്ധിച്ച് ‘ഇത്തിരിവെട്ടം’ എന്ന ബ്ലോഗില്‍ ആണ് ‘സാര്‍ത്ഥവാഹക സംഘത്തോടൊപ്പം‘ എഴുതിത്തുടങ്ങിയത്. പിന്നീട് ‘സ്നേഹസംഗമം‘ എന്ന ബ്ലോഗിലായിരുന്നു ഏതാനും ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. കൂടുതല്‍ ഭാഗങ്ങളായപ്പോള്‍ ‘സാര്‍ത്ഥവാഹക സംഘത്തോടൊപ്പം’ എന്ന ബ്ലോഗിലേക്ക് മാറ്റി... ആദ്യ ഭാഗം എഴുതിയത് ഒരു ഭാഗത്തില്‍ ഒതുങ്ങാതെ വന്നപ്പോള്‍ “തുടരണോ...” എന്നൊരു ചോദ്യവുമായി പബ്ലിഷ് ചെയ്തു. പിന്നീട് അത് നാല് ഭാഗത്തില്‍ ഒതുക്കാം എന്നായിരുന്നു ഉദ്ദേശ്യം... പക്ഷേ ഞാന്‍ പോലും അറിയാതെ ഇന്ന് ഇത് ‘ഇരുപതാം ഭാഗവും‘ എഴുതി തീര്‍ന്നിരിക്കുന്നു. അതോടൊപ്പം സാര്‍ത്ഥവാഹക സംഘത്തിന് ഒരു വയസ്സും.

ഈ സമയത്ത് ഓര്‍ക്കേണ്ടതും നന്ദി പറയേണ്ടതുമായ ഒത്തിരി പേരുകളുണ്ട്. ഒന്നാം സ്ഥാനം കാരുണ്യവാനായ ദൈവത്തോട് തന്നെ... പിന്നെ നിരന്തരം നിര്‍ബന്ധിക്കുന്ന ബ്ലൊഗേഴ്സും അല്ലാത്തവരുമായ വായനാക്കാര്‍... ആസ്വദനത്തിലൂടെ ഇതിനോട് ചേര്‍ന്നൊഴുകാന്‍ ശ്രമിച്ച പൊതുവാള്‍.. ഇത് ‘വാരവിചാര‘ത്തിലൂടെ പരിചയപ്പെടുത്തിയ ‘അഞ്ചല്‍ക്കാരന്‍’.. എഴുതാന്‍ നിര്‍ബന്ധിക്കുന്ന, എന്റെ ബ്ലോഗ് സുഹൃത്തുക്കള്‍... അല്ലാത്തവര്‍... എല്ലാവരും തന്ന പ്രോത്സാഹനത്തിന് ‘നന്ദി‘ എന്ന ഒറ്റവാക്ക് കൊണ്ട് പകരമാവില്ല എന്നറിയാം... എങ്കിലും മനസ്സ് നിറഞ്ഞ നന്ദി പറയുന്നു...

ആകെ എത്രഭാഗം എന്നത് ഇന്നും എന്റെ മുമ്പില്‍ ഒരു ചോദ്യചിഹ്നമാണ്. നാലോ അഞ്ചോ ഭാഗങ്ങളും കൂടി എഴുതി ഈ സാര്‍ത്ഥവാഹക സംഘത്തിന് ഫുള്‍സ്റ്റോപ്പിടണം എന്നാണ് ആഗ്രഹിക്കുന്നത്... ദൈവാനുഗ്രഹമുണ്ടെങ്കില്‍ ... ഇത് വരെ തന്നെ പ്രത്സാഹനം ഇനിയും ഉണ്ടാവും എന്ന പ്രതീക്ഷയോടെ...


സ്നേഹപൂര്‍വ്വം.

ഇത്തിരിവെട്ടം.