Thursday, December 13, 2007

ഓര്‍മ്മകള്‍...

പതിനേഴ്.


പ്രഭാത നമസ്കാരം കഴിഞ്ഞ് എല്ലാവരും പ്രാര്‍ത്ഥനകളുമായി അവരവരിലേക്ക് ഒതുങ്ങിയിരിക്കുന്നു. പ്രവാചക സ് നേഹം സൃഷ്ടിക്കുന്ന കുളിരുള്ള അസ്വസ്ഥതയുമായി ഞാനും എന്നിലേക്ക് ഉള്‍വലിഞ്ഞു. കുഞ്ഞുന്നാള്‍ മുതല്‍ വാമൊഴികളിലൂടെ വരമൊഴികളിലൂടെ മനസ്സില്‍ ചേക്കേറിയ ഒരു നാഗരികതയുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും സുപ്രാധാന പങ്ക് വഹിച്ച, മദീനയുടെ ഹൃദയമായ മസ്ജിദുന്നബവിയിലാണ് ഞാനും‍ എന്ന സുഖമുള്ള ചിന്ത മാത്രമായിരുന്ന് മനസ്സില്‍. മനുഷ്യത്വത്തിന്റെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കാലത്തിന്റെ തീരത്ത് കൂടെ മദീനയുടെ നായകന്റെ പരിപക്വമായ നേതൃത്വത്തില്‍ നീങ്ങുന്ന സംഘത്തിലെ, പ്രതിനിധിയാണ് ഞാനും എന്ന ഉത്തരവാദിത്വ ബോധം എത്രകണ്ട് നിര്‍വ്വഹിക്കപെട്ടു എന്ന് സ്വയം വിചാരണ നടത്തി. അവിടുന്ന് പകര്‍ന്ന കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ, ധാര്‍മ്മികതയുടെ, ലാളിത്യത്തിന്റെ അമൂല്യ അധ്യായങ്ങള്‍ എന്നിലെ ഇഛകളോട് യുദ്ധം ചെയ്ത് വിജയിച്ചോ എന്നൊരു ആത്മ പരിശോധന... എന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ അതില്‍ എന്റെ പരാജയം എന്നെ അസ്വസ്ഥമാക്കുന്നു. കൈയ്യില്‍ ആകെ ശേഷിപ്പുള്ളത് സ് നേഹം നിറച്ച ഹൃദയം മാത്രമാണെന്ന് ഞാന്‍ എന്നെ ബോധ്യപ്പെടുത്തി.

ഈന്തപ്പനത്തോട്ടങ്ങള്‍ സമൃദ്ധമായ ഈ ഊഷര ഭൂമിയും, തലമുറകളുടെ ഉത്ഥാന പതനങ്ങള്‍ക്ക് സാക്ഷിയായ മലമടക്കുകളും, ചരിത്രത്തിന്റെ വര്‍ണ്ണ വൈവിധ്യങ്ങളുടെ ഓര്‍മ്മകളുമായി മസ്ജിദുന്നബവിയും, വിശ്വാസികളുടെ കണ്ണില്‍ സ്നേഹത്തിന്റെ ചുടുബാഷ്പം സൃഷ്ടിക്കുന്ന റൌദാശരീഫിന്റെ സാന്നിധ്യവും നിറഞ്ഞ മദീന എന്നും മനസ്സില്‍ മോഹവും പ്രതീക്ഷയുമായിരുന്നു. മണ്ണിലും വിണ്ണിലും സുകൃതമായ പുണ്യറസൂലി(സ)ന്റെ ഈ മസ്ജിദിലിരിക്കുമ്പോള്‍ മനസ്സില്‍ ആഹ്ലാദത്തിന്റെ ആരവത്തേക്കാള്‍ സ്നേഹത്തിന്റെ മര്‍മ്മരമായിരുന്നു. ലോകത്തിന്റെ മറ്റൊരു മൂലയില്‍ ജനിച്ച് മറ്റൊരു ഭാഷ സംസാരിക്കുന്ന ഞാന്‍ മദീനയുടെ മണ്ണിലെത്തിയത് ഈ സ്നേഹഭാജനത്തിന്റെ സാമീപ്യമൊന്നിന് വേണ്ടി മാത്രം. ഹൃദയത്തെ ഉരുക്കുന്ന ആ സ്നേഹപ്രവാഹത്തിന്റെ സ്വാധീനം കുളിരുള്ള സാന്ത്വനമാവുമ്പോള്‍ കണ്ണുകള്‍ കവിഞ്ഞൊഴുകും. ആ പടിവാതിലിലെ ഭൃത്യനാണെന്ന ബോധത്തോടെ പതുക്കെ എഴുന്നേറ്റു.

ഇനി റൌദാശരീഫി ല്‍ എത്തണം... നായകന്റെ സമീപത്തെത്തി മര്യാദയോടെ ‘അസ്സലാമു അലൈക്ക യാ റസൂലുല്ലാ...* ” എന്ന് അഭിവാദ്യം ചെയ്യണം. കടല് താണ്ടി എന്നോടൊപ്പമെത്തിയ സ് നേഹം തുടിക്കുന്ന മനസ്സ് അവിടെ സമര്‍പ്പിക്കണം... അധികം സമയം ചിലവഴിച്ച് ‘മര്യാദകേട്‘ കാണിക്കാതെ പതുക്കെ പുറത്തിറങ്ങണം... മനസ്സ് ആ സംഗമത്തിന് തയ്യാറായി.... ഞാനടങ്ങുന്ന കോടാനു കോടികളുടെ ഏറ്റവും വലിയ സ്നേഹഭാജനത്തിന്റെ അന്ത്യവിശ്രമ സ്ഥലത്തേക്കാണ് ഞാന്‍ നീങ്ങുന്നത് എന്നോര്‍ത്തപ്പോള്‍ ചുണ്ടുകള്‍ സലാത്തിന്റെ പൂമാല തീര്‍ത്തു.

മസ്ജിദുന്നബവിയുടെ തെക്ക് കിഴക്ക് മൂലയോട് ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന നബി തിരുമേനിയുടെ വീട്ടില്‍ തന്നെയാണ് (പിന്നീട് ആ ഭാഗം മസ്ജിദിനോട് കൂട്ടിചേര്‍ത്തു) പുണ്യറസുലും അവിടുത്ത ഏറ്റവും അടുത്ത രണ്ട് അനുചരന്മാരും അന്ത്യവിശ്രമം കൊള്ളുന്നത്. പ്രവാചകരുടെ(സ) പത്നിയും അബൂബക്കര്‍ സിദ്ധീഖി(റ)ന്റെ മകളുമായ ആയിശ(റ)യുടെ വീടായിരുന്നു അത്‍. ‘നബി തിരുമേനി(സ)യുടെ തൊട്ടടുത്ത് തന്നെ എന്നെയും മറവ് ചെയ്യണം എന്ന് ഒന്നാം ഖലീഫയായ അബൂബക്കര്‍(റ) വിയോഗ സമയം വസിയ്യത്ത് ചെയ്തിരുന്നു. പിന്നീട് ഒരാളെ കൂടി കബറക്കാനുള്ള സ്ഥലം മാത്രമേ ആ മുറിയില്‍ ശേഷിച്ചിരുന്നുള്ളു. ആ സ്ഥലം ആയിശ (റ) സ്വന്തം അന്ത്യവിശ്രമത്തിനായി മാറ്റിവെച്ചു. പക്ഷേ ഒരിക്കല്‍ ഉമര്‍ (റ) അവരോട് ആ സ്ഥലം തനിക്ക് അന്ത്യവിശ്രമത്തിനായി നല്‍കാമോ എന്ന് അന്വേഷിച്ചു... തന്നേക്കാള്‍ അതിന് യോഗ്യന്‍ ഉമറാണെന്ന് അറിയാവുന്ന ആയിശ (റ) സന്തോഷത്തോടെ സമ്മതവും നല്‍കി.

പ്രഭാത നമസ്കാരത്തിന് നേതൃത്വം നല്‍കവേ അഗ്നിയാരധകനായ പേര്‍ഷ്യക്കാരന്റെ കുത്തേറ്റാണ് ഉമര്‍(റ) രക്തസാക്ഷിയായത്. വിയോഗത്തിന് മുമ്പ് ഉമര്‍ തന്റെ മകനായ അബ്ദുല്ലയെ അടുത്ത് വിളിച്ചു... “മോനെ.. നബി തിരുമേനി (സ)യും അബൂബക്കറും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിനടുത്ത് എനിക്ക് ഖബറിന് സ്ഥലം ലഭിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. ഇക്കാര്യം ഞാന്‍ ഒരിക്കല്‍ ആയിശ (റ)യോട് അന്വേഷിക്കുകയും അവര്‍ എന്റെ ഈ ആഗ്രഹമറിഞ്ഞ് സമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷേ അന്ന് ഞാന്‍ രാജ്യത്തിന്റെ ഖലീഫയായിരുന്നു. ഭരണാധികാരിയുടെ ആഗ്രഹം എങ്ങനെ നിരാകരിക്കും എന്ന വിചാരം കാരണമാവാം ചിലപ്പോ അവര്‍ അതിന് സമ്മതിച്ചത്. അത് കൊണ്ട് നീ അവരോട് ഒന്ന് സമ്മതം ചോദിക്കണം... അവര്‍ സമ്മതിച്ചാല്‍ എന്നെ അവിടെ മറവ് ചെയ്യണം” അബ്ദുല്ല പിതാവിന്റെ അഭിലാഷവുമായി ആയിശയുടെ അടുത്തെത്തി... നബി തിരുമേനിയുടെ സമീപത്ത് അന്ത്യവിശ്രമം ലഭിക്കാന്‍ അബൂബക്കറി(റ)നേക്കാളും ഉമറി(റ)നേക്കാളും യോഗ്യര്‍ മറ്റാരുമില്ലന്ന് അറിയാവുന്ന ആയിശ(റ) പൂര്‍ണ്ണ സമ്മതം നല്‍കി... അങ്ങനെ തന്റെ നേതാവിന്റേയും സുഹൃത്തിന്റേയും തൊട്ടടുത്ത് ഉമര്‍ (റ) വിനും കബറൊരുക്കി. റൌദാ ശരീഫിനടുത്തേക്ക് നടക്കുമ്പോള്‍ മനസ്സില്‍ പുണ്യറസൂലും അവിടുത്ത ആ രണ്ട് സഹചാരികളും ആയിരുന്നു.

ഒരു രാത്രിയില്‍ അസഹ്യമായ വിശപ്പ് കാരണം ഉമര്‍ വീട് വിട്ടിറങ്ങി... തെരുവില്‍ വെച്ച് ഒരാളെ കണ്ട് മുട്ടി... അത് അബൂബക്കര്‍ സിദ്ധീഖായിരുന്നു... വിശപ്പ് തന്നെയാണ് അദ്ദേഹത്തേയും അവിടെ എത്തിച്ചതെന്ന് പരസ്പരം പറയാതെ തന്നെ മനസ്സിലയി... അധികം വൈകാതെ മറ്റൊരാളു കൂടി അവിടെയെത്തി... അത് നബിതിരുമേനി (സ) ആയിരുന്നു. രണ്ട് പേരേയും കണ്ടപ്പോള്‍ പതിവ് പുഞ്ചിരിയോടെ അവിടുന്ന് പറഞ്ഞു “നിങ്ങളെ രണ്ട് പേരേയും വീട്ടില്‍ നിന്ന് പുറത്തിറക്കിയത് എന്തോ... അതേ കാരണം തന്നെയാണ് എന്നെയും ഇവിടെ എത്തിച്ചത്.” അവര്‍ മുന്ന് പേരേയും ഒന്നിച്ച് കണ്ട ഒരു മദിനക്കാരന്‍ ഭക്ഷണത്തിനായി ക്ഷണിച്ചു... അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കവേ പുണ്യറസൂല്‍ തന്റെ ഉറ്റമിത്രങ്ങളെ ഓര്‍മ്മിപ്പിച്ചു... “അബൂബക്കര്‍(റ) ഉമര്‍(റ) ഈ അനുഗ്രഹങ്ങളെ കുറിച്ച് നാം ചോദ്യംചെയ്യപ്പെടുന്ന ഒരു ദിവസം വരും

അനുയായികളാല്‍ ഇത്രയധികം സ്നേഹിക്കപ്പെടുന്ന ഒരു നേതാവ് ലോകചരിത്രത്തില്‍ അത്യപൂര്‍വ്വം തന്നെ. സ്വന്തം ജീവനേക്കാള്‍ നേതാവിനെ സ്നേഹിക്കുന്ന അനുയായികള്‍‍... നേതാവിന്റെ ശരീരത്തില്‍ മുള്ള് തറയ്ക്കാതിരിക്കാന്‍ എല്ലാം സമര്‍പ്പിക്കുന്ന അനുയായികള്‍... ഒരിക്കല്‍ മദീനയിലെ സമീപ പ്രദേശമായ ‘അള്ല്, ഖാര്‍റാത്ത് എന്നീ ഗോത്രക്കാര്‍ നബിതിരുമേനിയെ സന്ദര്‍ശിച്ച് ‘അവര്‍ ഇസ് ലാം സ്വീകരിച്ചിരിക്കുകയാണെന്നും ഖുര്‍ഃആനും മതാനുഷ്ഠാനങ്ങളും പഠിപ്പിക്കാനായി ഒരു സംഘത്തെ അയച്ച് കൊടുക്കണമെന്നും’ ആവശ്യപ്പെട്ടു. അതനുസരിച്ച് ആസ്വിമിബിന് സാബിത്തി(റ)ന്റെ നേതൃത്വത്തില്‍ ആറുപേര് അടങ്ങുന്ന സംഘത്തെ നബി തിരുമേനി(സ) അയച്ച് കൊടുത്തു. എന്നാല്‍ വഴിയില്‍ വെച്ച് ഈ ആറുപേരെ വഞ്ചനയില്‍ പെടുത്തി ‘ഹുദൈല്‍‘ ഗോത്രക്കാര്‍ക്ക് ഒറ്റിക്കൊടുത്തു. ഇരുന്നൂറോളം വരുന്ന അക്രമി സംഘം ആറുപേരെ വളഞ്ഞു...
അവരെ മക്കക്കാര്‍ക്ക് അടിമകളായി വില്‍കാനായിരുന്നു അവരുടെ പദ്ധതി. ചെറുത്തുനിന്ന അവരില്‍ രണ്ടുപേരെ അവിടെ വെച്ച് തന്നെ വധിച്ചു... ഒരാളെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ബാക്കിയുണ്ടായിരുന്ന് ‘സൈദുബ്നു അദ്ദസിന(റ)’ , ‘ഖുബൈബ് ബിന്‍ അദിയ്യ് (റ)‘ എന്നിവരെ ബന്ധനസ്ഥരാക്കി. ഖുബൈബി(റ)നെ കുരിശിലേറ്റി ക്രൂരമായി വധിച്ചു. സൈദ്ബ്നു അദ്ദസിന(റ)യെ മക്കയിലെ സഫ് വാനുബ്നു ഉമയ്യ വാങ്ങി... വിലക്ക് വാങ്ങിയ സൈദിനെ ക്രൂരമായി വധിക്കാനായി സഫ് വാന്‍ തന്റെ അടിമയായിരുന്ന നസ്താസിനെയാണ് ഏല്‍പ്പിച്ചത്. നസ്താസ് സൈദിന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളായി മുറിച്ചെടുക്കാന്‍ തുടങ്ങി... അബൂസുഫ് യാനടക്കമുള്ള ഖുറൈശി നേതാക്കന്മാര്‍ ആ രംഗം കണ്ട് ആസ്വദിച്ചു... മാംസഭാഗങ്ങള്‍ നസ്താസ് മുറിച്ചെടുക്കുമ്പോള്‍ അബൂസുഫ് യാന്‍ സൈദിനോട് പുച്ഛത്തോടെ ചോദിച്ചു “സൈദ്... നിന്നെ നിന്റെ കുടുബത്തിലേക്കയച്ച് തല്‍സ്ഥാനത്ത് മുഹമ്മദിനെ നിര്‍ത്തി വധിക്കുന്നതല്ലേ നിനക്കിഷ്ടം...“ അറ്റ് പോകുന്ന മാംസഭാഗങ്ങളുടെ അസഹ്യമായ വേദന അടക്കി സൈദ് ശബ്ദമുയര്‍ത്തി... “ഞാന്‍ വീട്ടിലിരിക്കേ... മുഹമ്മദ്(സ) ഇപ്പോള്‍ എവിടെയാണൊ അവിടെ വെച്ച് ഒരു മുള്ള് തറക്കുന്നത് പോലും സൈദിന് അസഹ്യമാണ്”.. ഈ മറുപടി കേട്ട് അത്ഭുതപെട്ട അബൂസുഫ് യാന്‍ പറഞ്ഞുവെത്രെ... “ ഞാന്‍ റോമന്‍ കൊട്ടാ‍രത്തിലും പേര്‍ഷ്യന്‍ കൊട്ടാരത്തിലും പോയിട്ടുണ്ട്... ഒട്ടനവധി ഭരണാധികാരികളെയും നേതാക്കളെയും കണ്ടിട്ടുണ്ട്... പക്ഷേ മുഹമ്മദിനെ പോലെ സ്വന്തം അനുയായികള്‍ ഇത്രയധികം സ്നേഹിക്കുന്ന ഒരു നേതാവിനെ എനിക്ക് ഇന്നേവരെ കാണാനായിട്ടില്ല...” പില്‍കാലത്ത് അബൂസുഫ് യാനും പ്രവാചക അനുയായി ആയി മാറി എന്നത് മറ്റൊരു മഹാത്ഭുതം.

ഒരിക്കല്‍ പൊതുമുതലില്‍ നിന്ന് ജനങ്ങള്‍ക്കായി നബിതിരുമേനി സമ്പത്ത് വിതരണം ചെയ്യവേ മദീനക്കാരില്‍ ചിലര്‍ക്ക് തോന്നി... ലഭിച്ചത് കുറഞ്ഞ് പോയെന്ന്... ഈ വിവരം നബിതിരുമേനിയുടെ കാതിലുമെത്തി... “എന്തിന് നിങ്ങള്‍ ധനത്തിന് ആഗ്രഹിക്കണം... ഞാന്‍ പോരെ... നിങ്ങള്‍ക്ക് ” എന്ന് ചോദിച്ചതോടെ അവരുടെ കണ്ണ് നിറഞ്ഞു... “അവരൊന്നിച്ച് വിളിച്ച് പറഞ്ഞു... “അങ്ങ് മതി ഞങ്ങള്‍ക്ക്... അങ്ങ് മാത്രം മതി ഞങ്ങള്‍ക്ക്... അങ്ങേയ്ക്ക് വേണ്ടി എല്ലാം ത്യജിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്...” മക്കക്കാര്‍ പുണ്യറസൂലെ(സ)ന്ന സൌഭാഗ്യം ഉപേക്ഷിച്ചപ്പോള്‍ അതിനെ നെഞ്ചോട് അടക്കിപ്പിടിച്ച മദീനയുടെ മനസ്സായിരുന്നു അത്.

ഉഹദ് യുദ്ധത്തെ കുറിച്ച് ഒരു പ്രവാചക ശിഷ്യന്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു. “എന്റെ മുമ്പിലായിരുന്നു നബിതിരുമേനി(സ)... നാല് ഭാഗത്ത് നിന്നും അമ്പുകള്‍ പാഞ്ഞ് വരുന്നത് കോണ്ടപ്പോള്‍ ഞാന്‍ അവിടുന്നിനെ എന്റെ പിന്നിലേക്ക് നിര്‍ത്തി... ആ അമ്പുകള്‍ ഞാന്‍ ഏറ്റെടുക്കാന്‍ തുടങ്ങി... എന്റെ കൈകള്‍ ഞാന്‍ അമ്പുകള്‍ക്കായി കാട്ടി കൊടുത്തു. എന്റെ കൈ അറ്റ് വീണു...” ആരോ ഇടയ്ക്ക് അന്വേഷിച്ചു...” താങ്കള്‍ക്ക് വേദനിച്ചില്ലേ സഹോദരാ...” രണ്ട് കണ്ണും നിറച്ച് അദ്ദേഹം പറഞ്ഞു... “എന്റെ മനസ്സില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല... ഞാന്‍ അവിടെ നിന്ന് മാറിയാല്‍ ഈ അമ്പുകള്‍ അല്ലാഹുവിന്റെ ദൂതരുടെ ശരീരത്തില്‍ തറക്കും... എന്ന ഒറ്റ ചിന്തയേ മനസ്സിലുണ്ടായിരുന്നുള്ളൂ...” ഉഹദ് യുദ്ധത്തിന് ശേഷവും ജീവിച്ച അദ്ദേഹം തന്റെ മുറിഞ്ഞ കൈ അഭിമാനത്തോടെ ഉയര്‍ത്തി കാണിക്കുമായിരുന്നു...

ലോകത്ത് കോടാനുകോടി ജനങ്ങളുടെ സ്നേഹഭാജനത്തിന്റെ അന്ത്യവിശ്രമസ്ഥാനത്തേക്ക് നടക്കുമ്പോള്‍ ഹൃദയം തുടികൊട്ടുന്നു... കണ്ണുകള്‍ കവിഞ്ഞൊഴുകുന്നുണ്ട്... മനസ്സില്‍ മുഹമ്മദെ(സ)ന്ന വികരം മാത്രം... ചുണ്ടില്‍ സലാത്തിന്റെ അക്ഷരങ്ങള്‍ മാത്രം....കാത്ത് കാത്തിരുന്ന് കിട്ടിയ സൌഭാഗ്യത്തിന്റെ തൊട്ടടുത്ത്.... വര്‍ഷങ്ങളായി മനസ്സില്‍ താലോലിക്കുന്ന മോഹത്തിന്റെ തൊട്ടടുത്ത്... മദീനയുടെ നായകന്റെ ആലിംഗനം കൊതിച്ച പരസഹസ്രം അനുയായികളില്‍ ഒരാളായി ഞാനും..

എന്റെ മനസ്സില്‍ സവാദ് പുഞ്ചിരിക്കുന്നു... കൈയില്‍ ഒരു ഈന്തപ്പന കമ്പുമായി യുദ്ധക്കളത്തില്‍ അനുയായികളെ അണിയായി നിര്‍ത്തുന്ന പുണ്യറസൂലിന്റെ ചിത്രം എന്റെ മനസ്സ് വരച്ച് കഴിഞ്ഞു... ഇടയ്ക്ക് ‘സവാദ്’ എന്ന ശിഷ്യന്‍ പറഞ്ഞു... “അങ്ങയുടെ കയ്യിലെ ആ കമ്പ് എന്റെ വയറില്‍ തട്ടി... എനിക്ക് വല്ലാതെ നൊന്ത് പോയി റസൂലേ...” ജീവനോളം നേതാവിനെ സ്നേഹിക്കുന്ന നൂറ് കണക്കിന് ശിഷ്യന്മാരുടെ മുമ്പില്‍ വെച്ച് സവാദ് കൂ‍ട്ടിച്ചേര്‍ത്തു... എനിക്ക് അതിന് പ്രതികാരം ചെയ്യണം... എന്നെ വേദനിപ്പിച്ച പോലെ എനിക്ക് അങ്ങയേയും വേദനിപ്പിക്കണം...” പുഞ്ചിരിച്ച് നില്‍ക്കുന്ന പുണ്യറസൂലും ആവലാതിക്കാരനായ സവാദും ഒഴിച്ചുള്ളവര്‍ ഞെട്ടിപ്പോയി... കാരണം നബി തിരുമേനി(സ) അവര്‍ക്ക് ജീവനേക്കാള്‍ പ്രധാനപ്പെട്ടതായിരുന്നു...

സ്തംഭിച്ച് നില്‍ക്കുന്ന അനുയായികളെ ഗൌനിക്കാതെ തിരിച്ചടിച്ച് ആ പ്രശ്നം പരിഹരിക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടു... കാലം കാതോര്‍ത്തിരിക്കണം... ഈ അറേബിയായിലെ മണല്‍ തരികളെ സാക്ഷിയാക്കി ... തടിച്ച് കൂടിയ പ്രവാചക ശിഷ്യരെ സാക്ഷിയാക്കി... അനന്തമായ ആകാശവും ആകാശവും ആ യുദ്ധഭൂമിയും സാക്ഷിയാക്കി സാവാദ് പുണ്യറസൂലിനോട് പ്രതികാരം ചെയ്യാന്‍ ഓടിച്ചെന്നു... ഇടയ്ക്ക് വെച്ച് കയ്യിലുണ്ടായിരുന്ന ഈന്തപ്പന കമ്പ് വലിച്ചെറിഞ്ഞു... അടുത്തെത്ത് ആ പുണ്യമുഖത്തേക്ക് ഒന്ന് കൂടി നോക്കി ആലിംഗനം ചെയ്തു... ആ ആലിംഗനത്തില്‍ തൊണ്ടയിറടികൊണ്ട് സവാദ് കൂ‍ട്ടിച്ചേര്‍ത്തു... “നബിയെ അങ്ങയോട് ഒരു പ്രതികാരത്തിന് ഈ സവാദിന് കഴിയുമോ... തിരിച്ച് വരാനാവും എന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത യുദ്ധഭൂമിയിലാണ് ഞാന്‍... ഈ അവസാന നിമിഷം അങ്ങയെ ആലിംഗനം ചെയ്യാന്‍ ഇങ്ങനെ ഒരു വഴിയെ ഞാന്‍ കണ്ടുള്ളൂ... ഞാന്‍... ക്ഷമിക്കണേ റസൂലേ...” അതായിരുന്നു സവാദിന്റെ പ്രതികാരം... സ്നേഹത്തിന്റെ പ്രതികാരം.... സവാദിന്റെ നിറഞ്ഞ കണ്ണുകള്‍ക്കൊപ്പം ചുറ്റുവട്ടത്തെ എല്ലാ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു...

റൌദാശരീഫിന്റെ സമീപത്ത് എത്തിയിരിക്കുന്നു... നനഞ്ഞ കണ്ണുകളോടെ പതിഞ്ഞ ശബ്ദത്തില്‍ ഞാനും പുണ്യറസൂലിനെ അഭിവാദ്യം ചെയ്തു...





* റൌദാ ശരീഫ് : നബിതിരുമേനിയുടെ അന്ത്യവിശ്രമസ്ഥലം. തൊട്ടടുത്ത് തന്നെ അബൂബക്കര്‍ ഉമര്‍ എന്നിവരുടെ ഖബറുകളും സ്ഥിതിചെയ്യുന്നു.
*അസ്സലാമു അലൈക്ക യാ റസൂലുല്ലാ...*” : അല്ലാഹുവിനെ ദൂതരെ അങ്ങേയ്ക്ക് എന്റെ സലാം...

Wednesday, December 5, 2007

ഒരു പൂക്കാലത്തിനായി...

പതിനാറ്.


അല്ലാഹു അക് ബര്‍‍... അല്ലാഹു അക് ബര്‍‍...
അല്ലാഹു അക് ബര്‍‍... അല്ലാഹു അക് ബര്‍‍...
അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാ...
അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാ...

മസ്ജിദുന്നബവിയ്കകത്ത്‌ ബാങ്ക്‌ വചനങ്ങള്‍ മുഴങ്ങുമ്പോള്‍ ആദ്യ 'മുഅദ്ദിന്‍' ബിലാലി(റ)ന്റെ ഓര്‍മ്മകളുമായി മനസ്സ്‌ വീണ്ടും സല്ലപിക്കാന്‍ തുടങ്ങി. സൗന്ദര്യം കുറഞ്ഞ ആ ആഫ്രിക്കന്‍ വംശജന്റെ മനോഹര സ്വരം മദീനയുടെ മണല്‍തരികള്‍ക്കും മസ്ജിദുന്നബവിയ്കും മാത്രമല്ല ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് ബിലാലിനെ അറിഞ്ഞവര്‍ക്കും മറക്കാനാവില്ല.
അറബ്‌ പ്രമാണിയും തന്റെ യജമാനനുമായ ഉമയ്യത്തിന്റെ ഉറക്കമില്ലാ രാത്രികള്‍ ജീവസുറ്റതാക്കാന്‍ തൊണ്ടപൊട്ടി പാടാറുണ്ടായിരുന്നെത്രെ ബിലാല്‍(റ).. പക്ഷേ ഒരു വിശ്വസ്ത ഭൃത്യന്‍ എന്നതിലുപരി ബിലാലി(റ)നെ ഒരു മനുഷ്യനായി കാണാന്‍ ഉമയ്യത്തിന്‌ ഒരിക്കലും കഴിഞ്ഞില്ല. മാട്‌ പോലെ അനുസരിക്കാന്‍ മാത്രം ബാധ്യസ്ഥനായ അടിമകള്‍ യജമാനന്റെ ഒരു അഭിനന്ദനത്തിന്‌ പോലും അര്‍ഹരല്ല എന്നായിരുന്നു ഉമയ്യത്തടങ്ങുന്ന അറബി പ്രമാണിമാരുടെ വിശ്വാസം.

ഈ സമയത്താണ്‌ ബിലാല്‍, അമ്മാര്‍, യാസിര്‍ തുടങ്ങിയ അടിമകള്‍ സ്വതന്ത്രമായി ചിന്തിക്കുകയും മുഹമ്മദിന്റെ അനുയായികളായി പൊറുക്കാനാവാത്ത അപരാധം ചെയ്തത്‌. മക്കയിലെ പാരമ്പര്യ വിശ്വാസ-ആചാരങ്ങളെ ചോദ്യം ചെയ്യുന്നവരില്‍ തങ്ങളുടെ അടിമകളും ഉണ്ടെന്ന് അറിഞ്ഞതോടെ മര്‍ദ്ദനങ്ങള്‍ ആരംഭിച്ചു. യാസിറും പത്നിയായ സുമയ്യയും ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ക്രൂരമായി കൊലചെയ്യപ്പെട്ടു. അമ്മാറിനെ ശിരസ്സിലും ശരീരത്തിലും ഇരുമ്പ്‌ പഴുപ്പിച്ച്‌ വെച്ചാണ്‌ പ്രാകൃത ശിക്ഷ നടപ്പാക്കിയതെങ്കില്‍ പൊള്ളുന്ന വെയില് കൊണ്ട് കത്തുന്ന, മണലില്‍ കിടത്തി, നെഞ്ചില്‍ ഭാരമുള്ള കല്ല് കയറ്റി ചാട്ടകൊണ്ട്‌ മാറി മാറി പ്രഹരിച്ചാണ്‌ അറബി പ്രമാണിമാര്‍ ബിലാലിനെ ശിക്ഷിച്ചത്‌.

സിറിയയിലേക്കുള്ള കച്ചവട സംഘത്തിനിടയില്‍ ഉമയ്യത്തിന്റെ ഭാരിച്ച സമ്പത്തുമായി യാത്രചെയ്യുന്ന ആ കറുത്ത അടിമ ഇടത്താവളത്തില്‍ വെച്ച് ഒരിക്കല്‍ മനോഹരമായി പാടി. സംഘം ഒന്നടങ്കം അത്‌ ആസ്വദിച്ചിരുന്നെങ്കിലും ആ മനോഹര ശബ്ദത്തിന്റെ ഉടമയെ ഒരാളും അഭിനന്ദിച്ചില്ല. സമൂഹത്തിന്റെ മേലാളന്മാരായ യജമാന്മാരെ സന്തോഷിപ്പിക്കുക എന്ന ഉത്തരവാദിത്വം മാത്രമെ ആ കറുത്ത അടിമ ചെയ്തുള്ളൂ എന്നായിരുന്നു ശ്രോതാക്കളുടെ മനോഭാവം. ബിലാലെന്ന അടിമ അഭിനന്ദനത്തിന്റെ നേരിയ സ്വരം പോലും പ്രതീക്ഷതുമില്ല. പക്ഷെ അന്ന് പാതി മയക്കത്തിനിടയിലും ആ മധുര സ്വരം ശ്രവിച്ച ഒരു ആഢ്യനായ അറബി ബിലാലിനെ തോളില്‍തട്ടി അഭിനന്ദിച്ചു. അത്‌ അബൂബക്കര്‍ സിദ്ദീഖായിരുന്നു.

കച്ചവട സംഘത്തിനിടയില്‍ ഉമയ്യത്തിന്റെ ഭാരിച്ച സമ്പത്തുമായി യാത്രചെയ്യുന്ന ആ കറുത്ത അടിമയെ ആരും ശ്രദ്ധിച്ചില്ലങ്കിലും അതേ സംഘത്തില്‍ യാത്രചെയ്തിരുന്ന അബൂബക്കര്‍(റ) ശ്രദ്ധിച്ചു. തക്കം കിട്ടിയാല്‍ അടിമകള്‍ യജമാനനില്‍ നിന്ന് ഒളിച്ചോടിയിരുന്ന അക്കാലത്ത്‌ ഭാരിച്ച സമ്പത്ത്‌ ഏല്‍പ്പിക്കാന്‍ മാത്രം ഉമ്മയ്യത്തിന്റെ മനസ്സില്‍ ആ കറുത്ത അടിമ നേടിയെടുത്ത വിശ്വസ്തത തന്നെയായിരുന്നു അതിന്‌ പ്രധാന കാരണം. പില്‍കാലത്ത്‌ ഉമയ്യത്തിന്റെ ചാട്ടവാറിന്റെ സീല്‍കാരത്തിനടിയില്‍ നിന്ന് മര്‍ദ്ദനമേറ്റ്‌ വിണ്ട്‌ കീറിയ ശരീവുമായി ബിലാലിനെ മോചിപ്പിച്ചതും അബൂബക്കര്‍ സിദ്ദീഖ്‌(റ) തന്നെയായിരുന്നു.

സിദ്ധീഖിനെ കുറിച്ചോര്‍ത്തപ്പോള്‍ നബിതിരുമേനി(സ)യും അബൂബക്കറും(റ) ഉമറും(റ) അന്ത്യവിശ്രമം കൊള്ളുന്ന ഭാഗത്തേക്ക്‌ കണ്ണ്‍ പാഞ്ഞു. പുരുഷന്മാരില്‍ നിന്ന് ആദ്യ വിശ്വാസി, നബിതിരുമേനിയുടെ അടുത്ത അനുയായി... പലായന സമയം കൂടെ യാത്രചെയ്യാന്‍ അവസരം ലഭിച്ച സൌഭാഗ്യവാന്‍... ഒന്നാം ഖലീഫ... അങ്ങനെ എണ്ണപ്പെട്ട വിശേഷണങ്ങള്‍ ലഭിച്ച അബൂബക്കര്‍(റ), പ്രവാചകത്വം ലഭിക്കും മുമ്പ്‌ തന്നെ നബിതിരുമേനിയുടെ ഏറ്റവും അടുത്ത സുഹൃത്ത്‌ ആയിരുന്നു. സമൂഹത്തിലെ ദരിദ്രരേയും അശരണരേയും സഹായിക്കുക എന്ന അവരുടെ സമാനസ്വഭാവത്തില്‍ ഉടലെടുത്ത ആ സൗഹൃദം ചരിത്രത്തിന്‌ ഒട്ടനവധി അസുലഭ നിമിഷങ്ങള്‍ സമ്മനിച്ചിട്ടുണ്ട്‌.

പില്‍കാലത്ത്‌ അല്‍അമീന്‌ ലഭിച്ച പ്രവാചകത്വത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ ഒന്ന് ഈ കാരുണ്യമുള്ള മനസ്സ്‌ സമൂഹത്തില്‍‍ സൃഷ്ടിക്കുക എന്നത്‌ തന്നെയായിരുന്നു. ഓരോരുത്തരും തന്റെ സ്നേഹവലയത്തില്‍ കുടുബവും സമൂഹവും മുഴുവന്‍ മനുഷ്യവര്‍ഗ്ഗവും മാത്രമല്ല... പ്രപഞ്ചം മുഴുവന്‍ ഉള്‍പ്പെടുത്താന്‍ അവിടുന്ന് ആവശ്യപ്പെട്ടു. ഓരോരുത്തര്‍ക്കും ദൈവത്തില്‍ ലഭിച്ച അനുഗ്രഹങ്ങള്‍, ലഭിക്കാത്തവര്‍ക്ക്‌ കൂടി പങ്ക്‌ വെക്കാനുള്ളതാണെന്നും അത്‌ അങ്ങേയറ്റം പുണ്യമാണെന്നും അവിടുന്ന് പഠിപ്പിച്ചു.

എല്ലാ സൃഷ്ടികളും ദൈവത്തിന്റെ കുടുബമാണെന്ന് അവിടുന്ന് ഓര്‍മ്മിപ്പിച്ചു... ദേശ ഭാഷ വര്‍ണ്ണ വൈവിധ്യങ്ങള്‍ക്ക് അതീതമായി 'എല്ലാവരും ആദമിന്റെ മക്കളാണ്‌ - ആദം മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവനും' എന്നതായിരുന്നു ആ സമത്വസിദ്ധാന്തത്തിന്റെ അടിസ്ഥാനം. നിങ്ങള്‍ക്കിടയിലുള്ള ഗോത്ര, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണെന്നും വ്യക്തിയുടെ മൂല്യം അളക്കുന്നതില്‍ ഈ വിശേഷണങ്ങള്‍ക്ക്‌ ഒരു സാധ്യതയും ഇല്ലന്നും അവിടുന്ന് തീര്‍ത്ത്‌ പറഞ്ഞു.

ഈ മരുഭൂമിയില്‍ എല്ലാവരോടും പുഞ്ചിരിച്ച്‌ എല്ലാവരേയും സഹായിച്ച്‌ എല്ലാവരോടും നല്ലത്‌ മാത്രം സംസാരിച്ച്‌ ജീവിതത്തിലെ ഓരോ നിമിഷവും സുഗന്ധമാക്കിയ ആ വ്യക്തിത്വത്തിന്റെ സുഗന്ധമാണ്‌ എന്നെയും കിലോമീറ്ററുകള്‍ താണ്ടി ഈ മദീനയിലെത്തിച്ചത്‌ എന്ന ബോധം ഉള്ളിലുണര്‍ന്നപ്പോള്‍... ചുണ്ടില്‍ സലാത്ത്‌ നിറഞ്ഞു... പിടയ്ക്കുന്ന ഹൃദയവുമായി ഞാന്‍ പുണ്യറസൂലിനെ അഭിവാദ്യം ചെയ്തു.

മക്കയിലെ മദീനയിലെ മണല്‍തരികള്‍ക്ക്‌ പുളകമായി, തൊട്ടതല്ലാം പൊന്നാക്കി ജീവിച്ച ആ വ്യക്ത്വത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണിലാണിരിക്കുന്നത്‌ എന്ന ബോധം എന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നു. ഇന്ത്യയില്‍ നിന്ന് ഈ പുണ്യമണ്ണിന്റെ വിശുദ്ധിയിലെത്തിയ എന്നെ മദീന മസ്‌ജിദിന്റെ ഓരോ ഇഞ്ചും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി എനിക്ക്‌ തോന്നി. മക്കയും മദീനയും ഓര്‍മ്മക്ക്‌ ഓര്‍മ്മകള്‍ പകരുന്ന മണ്ണാണ്‌... സ്വപ്നം പോലും സ്വപ്നങ്ങള്‍ കാണുന്ന അന്തരീക്ഷവും...

ഒരു വലിയ കെട്ട്‌ വിറകിനടുത്ത്‌ നിസ്സഹയതോടെ നില്‍ക്കുന്ന ഒരു വൃദ്ധമുഖം ഒര്‍ത്തുപോയി. വിറക്‌ കെട്ട്‌ വീട്ടിലെത്തിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ആ വൃദ്ധയെ സഹായിക്കാന്‍ ഒരു യുവാവെത്തി. ഭാരിച്ച ചുമടുമായി പിന്നില്‍ നടക്കുന്ന യുവാവിനോട്‌, മക്കയിലെ സാമൂഹ്യസംവിധാനത്തെക്കുറിച്ചും വഴിതെറ്റുന്ന യുവത്വത്തെക്കുറിച്ചും ആ കൂട്ടത്തില്‍ അവരെ സഹായിക്കാന്‍ തയ്യാറായ യുവാവിന്റെ മഹാമന്‍സ്കതയെക്കുറിച്ചും അവര്‍ വഴിനീളെ സംസാരിച്ച്‌ കൊണ്ടിരുന്നു. പാരമ്പര്യമായി ലഭിച്ച വിശ്വാസങ്ങളെ തള്ളിക്കളയുന്ന യുവാക്കളില്‍ അവര്‍ നിരാശയായിരുന്നു. അവരുടെ ആധികളും വേദനകളും ശ്രവിച്ച്‌ അവരുടെ ഉപദേശങ്ങള്‍ ശ്രദ്ധിച്ച്‌ നിശ്ബ്ദനായി ആ യുവാവ്‌ കൂടെ നടന്നു.

നീണ്ട യാത്രയ്ക്കൊടുവില്‍ അവര്‍ അവരുടെ വീട്ടിലെത്തി. വിറക്‌ കെട്ട്‌ ഒതുക്കി വെച്ച്‌ യാത്രപറയാന്‍ തുടങ്ങിയ യുവാവിനോട്‌ അവര്‍ അടക്കാനാവത്ത നന്ദിയും കടപ്പാടും അറിയിച്ചു... പിന്നീട്‌ അവരുടെ സംസാരം ഉപദേശങ്ങളിലേക്ക്‌ നീങ്ങി. "മോനേ... മക്കയില്‍ നിന്നെ പോലെ ഒരാളെ കാണാന്‍ പ്രായാസമാണ്‌. ഈ നല്ല മനസ്സ്‌ ജീവിതകാലം മുഴുവന്‍ കാത്ത്‌ സൂക്ഷിക്കണം. നീ എപ്പോഴും ശ്രദ്ധിക്കണം... സമൂഹം വഴിതെറ്റിക്കും... പിന്നെ ജനങ്ങളെ മുഴുവന്‍ വഴിതെറ്റിക്കുന്ന ഒരു മുഹമ്മദ്‌ ഉണ്ടെന്ന് കേള്‍ക്കുന്നു. നിന്നെ പോലുള്ള യുവാക്കള്‍ ആണ്‌ അവന്റെ ലക്ഷ്യം എന്നും കേള്‍ക്കുന്നു. അത്‌ കൊണ്ട്‌ ഒരിക്കലും ആ മുഹമ്മദിന്റെ ഇന്ദ്രജാലത്തില്‍ പെട്ട്‌ പോകരുത്‌... ശ്രദ്ധിക്കണേ... " ഇത്രയും കേട്ടപ്പോള്‍ ആ ചെറുപ്പക്കാരന്‍ പരുങ്ങിക്കൊണ്ട്‌ പറഞ്ഞു... "ഉമ്മാ... ആ മുഹമ്മദ്‌ ഞാനാണ്‌..." പിന്നെ അവര്‍ക്ക്‌ പ്രവാചകന്റെ ദൗത്യം ബോധ്യപ്പെടാന് അധികം താമസമുണ്ടായില്ല.

ഈ കാരുണ്യം തന്നെ 'കരുണാവാന്‍ നബി മുത്ത്‌ രത്നമോ' ശ്രീ നാരയണ ഗുരു പറഞ്ഞതും. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച്‌ ഉണ്ണുന്നവന്‍ എന്നില്‍ പെട്ടവനല്ല എന്നും അനാഥനെ സംരക്ഷിക്കുന്നവര്‍ക്ക്‌ സ്വര്‍ഗ്ഗത്തിലെ ഉന്നത സ്ഥാനമുണ്ടെന്നും അവിടുന്ന് അനുയായികളെ ഉണര്‍ത്തിയിട്ടുണ്ട്‌. "മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ... അവന്‍ അനാഥരെ ആട്ടിയകറ്റുന്നവനും അഗതിക്ക്‌ ഭക്ഷണം നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കാത്തവനും ആണെന്ന്" പഠിപ്പിച്ച ഖുര്‍ആന്‍ ആയിരുന്നല്ലോ അവിടുത്ത സ്വഭാവ വിശേഷങ്ങളുടെ അടിസ്ഥാനം."

വല്ലതും കൈയിലുണ്ടെങ്കില്‍ പൊതുമുതലില്‍ ലയിപ്പിക്കുകയോ ദാനം ചെയ്യുകയോ ആയിരുന്നു അവിടുത്തെ പതിവ്‌. വിയോഗത്തിന്‌ തൊട്ട്‌ മുമ്പ്‌ കൈയില്‍ വന്ന പെട്ട ഏഴ്‌ ദിനാര്‍ ദാനം ചെയ്യാന്‍ അവിടുന്ന് കുടുംബത്തെ ഏല്‍പ്പിച്ചിരുന്നു. പക്ഷേ നബിതിരുമേനിക്ക്‌ രോഗം കാരണം വിഷമിക്കുന്ന കുടുംബാംഗങ്ങള്‍ അത്‌ ദാനം ചെയ്യാന്‍ മറന്ന് പോയി. രോഗാവസ്ഥയില്‍ ഒരിക്കല്‍ അവിടുന്ന് അത്‌ ദാനം ചെയ്തോ എന്ന് അന്വേഷിച്ചു... അത്‌ ചെയ്യാന്‍ മറന്നു എന്നറിഞ്ഞപ്പോള്‍ "ആ സ്വര്‍ണ്ണനാണയങ്ങളുമായി അല്ലാഹുവിനെ കണ്ട്‌ മുട്ടാന്‍ ഇടയായിരുന്നെങ്കില്‍ ഞാന്‍ എന്റെ നാഥനോട്‌ എന്ത്‌ സമാധാനം പറയുമായിരുന്നു... എത്രയും പെട്ടെന്ന് അത്‌ ദാനം ചെയ്യൂ" എന്ന് വേവലാതിയോടെ നിര്‍ദ്ദേശിച്ച ആ പുണ്യജീവിതത്തിലുടനീളം അഗതികളോടും അശരണരോടും മര്‍ദ്ദിതരോടും കാണിച്ച കാരുണ്യ മനോഭാവം ആര്‍ക്കും വിസ്മരിക്കാനാവില്ല. ഈ കാരുണയുടെ പാഠമാണ്‌ അബൂബക്കറി(റ)നും ഉമറി(റ)നും ഉസ്മാനും(റ) അലി(റ)ക്കും അടക്കം തന്റെ മുഴുവന്‍ അനുയായികള്‍ക്കും അവിടുന്ന് പകര്‍ന്നത്‌.

ഈ പാഠം തന്നെയാണ്‌ അശരണനായ ബിലാലിനെ മോചിപ്പിക്കാന്‍ അബൂബക്കറിനെ പ്രപ്തനാക്കിയത്‌. പ്രസവവേദനകൊണ്ട്‌ കഷ്ടപ്പെട്ട സ്ത്രീയുടെ പ്രസവ ശുശ്രൂഷയ്ക്‌ സ്വന്തം ഭാര്യയെ നിയോഗിക്കാന്‍ ഭരണാധികാരിയായ ഉമറിനെ പ്രേരിപ്പിച്ചത്‌. ആ പുണ്യഗുരുവിന്റെ കനപ്പെട്ട സംസ്കരണം തന്നെയാണ്‌ ധര്‍മ്മിഷ്ഠനായ ഉസ്മാനേയും നീതിമാനായ അലിയേയും ചരിത്രത്തിന്‌ സമ്മാനിച്ചത്‌.

ഒരിക്കല്‍ നബിതിരുമേനി മദീനയിലൂടെ നടന്ന് നീങ്ങുമ്പോള്‍ പിന്നില്‍ നടക്കുന്ന ഉസ്മാന്‍ അവിടുത്തെ കാല്‍പാടുകള്‍ എണ്ണാന്‍ തുടങ്ങി. ഇടയ്കെപ്പോഴോ ഇത്‌ നബിതിരുമേനിയുടെ കണ്ണില്‍ പെട്ടപ്പെട്ടു... "എന്തുപറ്റി ഉസ്മാന്‍..." എന്ന് അന്വേഷിച്ചപ്പോള്‍ ഉസ്മാന്‍ മറുപടി പറഞ്ഞു... "അങ്ങയുടേ കാലടികള്‍ എത്രയുണ്ടോ അത്രയും അടിമകളെ വാങ്ങി മോചിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു..."

മദീനയിലെ ഒരു ക്ഷാമ കാലം... അവശ്യവസ്തുകള്‍ എവിടെയും ലഭിക്കുന്നില്ല... എത്ര വിലകൊടുത്താലും അവശ്യസാധങ്ങള്‍ ലഭിക്കാത്ത അവസ്ഥ... അ സമത്ത്‌ വ്യാപാരിയായ ഉസ്മാനുബ്നു അഫ്ഫാന്‍ (റ) അടുത്ത്‌ കുറച്ച്‌ ധാന്യങ്ങളും മറ്റും വന്ന് പെട്ടത്‌. കച്ചവടക്കാര്‍ അദ്ദേഹത്തോട്‌ പൊന്നും വില പറഞ്ഞു. ആദ്ദേഹത്തിന്റെ ചിലവിന്റെ പല ഇരട്ടി നല്‍കി സ്വന്തമാക്കാന്‍ അവര്‍ ചുറ്റും കൂടി... ലേലത്തുക വര്‍ദ്ധിച്ച്‌ ഒരുപാട്‌ ഇരട്ടിയായിട്ടും ഇത്‌ വില്‍ക്കാന്‍ തയ്യാറാവാത്ത ഉസ്മാനോട്‌ കാരണം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു... നിങ്ങള്‍ പറയുന്നതിലും ലാഭം തരാം എന്ന് എന്നോട്‌ വാഗ്ദാനം ചെയ്ത ഒരാള്‍ക്ക്‌ വേണ്ടി ഞാനിത്‌ മാറ്റിവെച്ചിരിക്കുന്നു. കച്ചവടക്കാര്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കേ 'അങ്ങനെ അനേകമിരട്ടി തിരിച്ച്‌ തരാമെന്നേറ്റ അല്ലാഹുവില്‍ നിന്നുള്ള ലാഭം മതി എനിക്ക്‌' എന്ന് പറഞ്ഞ്‌ ഉസ്മാന്‍ അത്‌ ജനങ്ങള്‍ക്ക്‌ ദാനം ചെയ്തു.

മദീനയിലെ ജലക്ഷാമമുണ്ടായി... മിക്ക കിണറുകളും വറ്റിവരണ്ടു... കുടിക്കാനും കൃഷി നനയ്ക്കാനും വെള്ളമില്ലാത്ത മദീനയില്‍ ഒരു ജൂതന്റെ കിണറില്‍ അന്നും നല്ല വെള്ളം ഉണ്ടായിരുന്നു. പക്ഷേ അതില്‍ നിന്ന് വെള്ളം നല്‍കാന്‍ വിസമ്മതിച്ച അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് കിണറ്‌ വിലക്ക്‌ വാങ്ങി പൊതുജനത്തിന്‌ വേണ്ടി മാറ്റിവെച്ചതും ഇതേ ഉസ്മാന്‍ തന്നെ... ഇന്നും മദീനക്കടുത്ത്‌ 'ബിഅ്‌റു ഉസ്മാന്‍' (ഉസ്മാന്റ കിണര്‍) ഉണ്ട്‌... തെളിഞ്ഞ നീരുറവയോടെ... ഇന്നും ഉപയോഗപ്രദമായി...

സമൂഹത്തിന്റെ പൊതു പ്രശ്നങ്ങളില്‍ ഇടപെടുന്ന മനുഷ്യസ്നേഹമാണ്‌ മതത്തിന്റെ കാതല്‍ എന്ന് നബിതിരുമേനി പഠിപ്പിച്ചു. തന്റെ ഇരുപത്തിമൂന്ന് വര്‍ഷത്തെ ജീവിതത്തിലൂടെ.. ആ കുറഞ്ഞ കാലം കൊണ്ട്‌ സൃഷ്ടിച്ചെടുത്ത ഒരു മാതൃകാ സമൂഹത്തിലൂടെ, മനുഷ്യസമുദായത്തിനായി വിട്ടേച്ച്‌ പോയ ഒരുപാട്‌ നന്മകളിലൂടെ...

ഏറ്റവും വലിയ പ്രാര്‍ത്ഥന ദൈവീക ഭവനത്തില്‍ നടത്തുന്ന കര്‍മ്മങ്ങളില്‍ അല്ല... പകരം ജീവിതം മുഴുവന്‍ പ്രര്‍ത്ഥനയാണെന്നായിരുന്നു പ്രവാചകരുടെ അധ്യാപനം. ജീവിതം മുഴുവന്‍ ആരാധനയും ഭൂമി മുഴുവന്‍ മസ്ജിദും ആവുന്ന അവസ്ഥാവിശേഷമാണ്‌ സത്യവിശ്വാസം എന്ന് അവിടുന്നിന്റെ അധ്യാപനങ്ങള്‍ ബോധ്യപ്പെടുത്തുന്നു. വ്യക്തിജീവിതവും കുടുബജീവിതവും സമൂഹജീവിതവും ഉറക്കവും ഉണര്‍ച്ചയും സന്തോഷവും ദുഃഖവും ക്ഷമയും വേദനയും തുടങ്ങി പുഞ്ചിരി പോലും സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗം ആണെന്നും അതെല്ലാം ദൈവത്തിനുള്ള സ്തോത്രങ്ങളാണെന്നും അവിടുന്ന് പഠിപ്പിച്ചു.
ഒരു വ്യക്തി സഹജീവികളോടുള്ള കടമകള്‍ പ്രവാചകര്‍ എണ്ണിപ്പറഞ്ഞത്‌ ഇങ്ങനെ... കണ്ടാല്‍ അഭിവാദ്യം ചെയ്യണം, ക്ഷണം സ്വീകരിക്കണം, രോഗിയെ സന്ദര്‍ശിക്കണം, മൃതദേഹത്തെ അനുഗമിക്കണം ... അങ്ങനെ സമൂഹ ജീവിയായ മനുഷ്യന്‌ സുവ്യക്തമായ ഒരു ജീവിത പാത ക്രമീകരിക്കുന്നതായിരുന്നു നബിതിരുമേനിയുടെ പാഠങ്ങള്‍.

സമൂഹത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന സ്വാന്തന്ത്ര്യങ്ങള്‍ക്ക്‌ അവിടുന്ന് പരിധി നിശ്ചയിച്ചു. കൊല, കൊള്ള, മദ്യപാനം, വ്യഭിചാരം, പലിശ, അസൂയ, പൊങ്ങച്ചം, അഹങ്കാരം തുടങ്ങി അന്യനെ കുറിച്ച്‌ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്‌ വരെ അവിടുന്ന് കര്‍ശനമായി നിരോധിച്ചു. ഒരാള്‍ മറ്റൊരാളുടെ ജീവന്‍ ധനം അഭിമാനം ഇത്‌ മുന്നും നിഷിദ്ധമാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചു... ജീവന്‍ പോലെ സ്വത്ത്‌ പോലെ തന്നെ അന്യരുടെ അഭിമാനവും അമൂല്യമാണെന്നാണ്‌ അവിടുന്നിന്റെ വാക്കുകള്‍. പരദൂഷണം പറയുന്നതിനെ മനുഷ്യന്റെ പച്ചമാംസം തിന്നുന്നതിനോടാണ്‌ അവിടുന്ന് ഉപമിച്ചത്‌... അനുയായികളാരോ ചോദിച്ചു... 'ഞങ്ങള്‍ പറയുന്ന ദോഷങ്ങള്‍ പറയപ്പെടുന്നവനില്‍ ഉള്ളതാണെങ്കിലോ... ?" മറുപടി ഉടനെ വന്നു... "അത്‌ തന്നെയാണ്‌ പരദൂഷണം... അത്‌ അവനില്‍ ഇല്ലാത്തതാണെങ്കില്‍ അതിനെ 'കളവ്‌' എന്നാണ്‌ വിളിക്കുക.

പാപങ്ങള്‍ സംഭവിച്ച്‌ പോയവന്റെ മുമ്പില്‍, മരണത്തിന്റെ അവസാന നിമിഷം വരെ പശ്ചാത്തപത്തിന്റെ വാതില്‍ തുറന്ന് കിടക്കുകയാണെന്ന് അവിടുന്ന് പറയുമായിരുന്നു. എല്ലാം ദൈവം ക്ഷമിക്കുമെങ്കിലും മനുഷ്യരുമായി ബന്ധപ്പെട്ട ഒന്നും ദൈവം ക്ഷമിക്കില്ലന്നും അതിനുള്ള അവകാശം സഹജീവിക്ക്‌ മാത്രമാണെന്നും അവിടുന്ന് പഠിപ്പിച്ചു. സഹജീവിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ മാത്രമല്ല, വാക്കലോ പ്രവര്‍ത്തിയാലോ അവന്റെ സമക്ഷത്തിലോ അഭാവത്തിലോ ഇഷ്ടപെടാന്‍ കഴിയാത്തത്‌ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത്‌ ക്ഷമിക്കാനുള്ള അവകാശം ആ വ്യക്തിയില്‍ മാത്രം നിക്ഷിപ്തമെത്രെ.

ഒരിക്കല്‍ അനുയായികളോട്‌ അവിടുന്ന് ചോദിച്ചു.."ആരാണ്‌ പാപ്പരായവന്‍ എന്നറിയുമോ.. ?" അനുയായികള്‍ പറഞ്ഞു "കയ്യില്‍ ഒന്നുമില്ലാത്ത ദരിദ്രന്‍" നബി തിരുമേനി പറഞ്ഞു.. "അല്ല... ഒരാള്‍ ജീവിതകാലത്ത്‌ ഒരുപാട്‌ നന്മകള്‍ ചെയ്തു... പക്ഷേ അവന്‍ പരദൂഷണം പറഞ്ഞത്‌ കാരണം ആ നന്മകളുടെ പ്രതിഫലം മുഴുവന്‍ പരലോകത്ത്‌ വെച്ച്‌ പരദൂഷണം പറയപെട്ടവര്‍ക്ക്‌ ഓഹരിവെക്കപ്പെട്ടു...' അവനാണ്‌ യാഥാര്‍ത്ഥത്തില്‍ പാപ്പരായവന്‍"

'മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു"
'മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു"

ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. തൊട്ടപ്പുറത്ത്‌ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ്‌(സ) ദൈവത്തിന്റെ ദൂതനാണെന്ന് സാക്ഷ്യം വഹിക്കുന്നു എന്ന വചനം ഓര്‍ത്തപ്പോള്‍ ഉള്ള്‌ ഉരുകാന്‍ തുടങ്ങി. അല്ലാഹു ഏല്‍പ്പിച്ച ഉത്തരവാദിത്വം പ്രവാചകനെന്ന നിലയില്‍ പൂര്‍ത്തീകരിക്കാന്‍ പാട്‌ പെട്ട അതുല്യ വ്യക്തിപ്രഭാവം. 'മരണാനന്തരം താന്‍ ഈ ദൗത്യത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടും എന്ന് എപ്പോഴും വേവലാതിയോടെ ചിന്തിച്ച പ്രവാചകന്‍(സ).

ഒരിക്കല്‍ അബ്ദുല്ലാഹിബ്നു അബ്ബാസ്‌(റ) എന്ന അനുയായിയോട്‌ നബിതിരുമേനി (സ) ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മനോഹര ശബ്ദത്തില്‍ ഉയരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ആസ്വദിച്ചിരിക്കുകയായിരുന്നു നബിതിരുമേനി... 'സൂറത്തുന്നിസാഅ്‌' (സ്ത്രീകള്‍ എന്ന അധ്യായം) ആയിരുന്നു അദ്ദേഹം പാരായണം ചെയ്ത്‌ കൊണ്ടിരുന്നത്‌."എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട്‌ വരികയും ഇക്കൂട്ടര്‍ക്കെതിരില്‍ നിന്ന് നാം സാക്ഷിയായി കൊണ്ട്‌ വരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ " എന്ന സൂക്തത്തിലൂടെ അബ്ദുല്ലയുടെ മനോഹര ശബ്ദവും മനസ്സും കടന്ന് പോയി.

'നാളെ ഞാനടങ്ങുന്ന ഈ സമൂഹത്തിന്റെ സാക്ഷിയാണല്ലോ ഈ എന്റെ മുമ്പില്‍ ഇരിക്കുന്ന് ഇത്‌ ശ്രവിക്കുന്നത്‌' എന്ന ബോധം അബ്ദുല്ല (റ) യെ ഒന്ന് തലയുയര്‍ത്തി നബിതിരുമേനി(സ)യെ ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചു. കണ്ണുയര്‍ത്തിയപ്പോള്‍ അബ്ദുല്ല ഞെട്ടിപോയി... 'നബി തിരുമേനിയുടെ രണ്ട്‌ കണ്ണുകളും നിറഞ്ഞൊഴുകുന്നു. ചോദ്യം ചെയ്യപ്പെടുന്ന അന്ത്യദിനത്തെയോര്‍ത്ത്‌ അവിടുന്ന് തേങ്ങുമ്പോള്‍ അബ്ദുല്ലയുടെ കണ്ണുകളും നിറഞ്ഞൊഴുകി. നിറഞ്ഞൊഴുകുന്ന കണ്ണുകളൊടെ അവിടുന്ന് അബ്ദുല്ലയോട്‌ പാരായണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

വിയോഗത്തിന്റെ ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ നിര്‍വ്വഹിച്ച ഹജ്ജിനോട്‌ അനുബന്ധിച്ച്‌ തടിച്ച്‌ കൂടിയ ആയിരങ്ങളെ നോക്കി അവിടുന്ന് ചോദിച്ചു 'അല്ലാഹു എന്നെ ഏല്‍പ്പിച്ചത്‌ നിങ്ങളില്‍ ഞാന്‍ എത്തിച്ചു എന്നതിന് നിങ്ങള്‍ സാക്ഷിയല്ലേ..." കൂടിനിന്നിരുന്ന പതിനായിരങ്ങള്‍ ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞു... "ഞങ്ങള്‍ സാക്ഷിയാണ്‌ റസൂലെ...' കൈകള്‍ ആകാശത്തേക്കുയര്‍ത്തി അവിടുന്ന് കൂട്ടിച്ചെര്‍ത്തു... 'അല്ലാഹുവേ നീ ഇതിന്‌ സാക്ഷി...'

ബാങ്ക്‌ അവസാനിച്ചിരിക്കുന്നു. മസ്ജിദില്‍ എല്ലാവരും ഐഛിക പ്രാര്‍ത്ഥന നിര്‍വഹിച്ചു തുടങ്ങി. ഞാനും എഴുന്നേറ്റു... പ്രാര്‍ത്ഥനയില്‍ പ്രവേശിച്ചു... ഉരുകുന്ന മനസ്സുമായി...