Wednesday, March 12, 2008

പൊയ് പോയ കാലത്തിനൊപ്പം...

ഇരുപത്.

തിളങ്ങുന്ന മുഖത്തെ തലമുറകളുടെ കഥകള്‍ ഒളിപ്പിച്ച ചുളിവുകള്‍, അദ്ദേഹം കാത്ത് സൂക്ഷിക്കുന്ന പുഞ്ചിരിയുടെ ഭാഗമായിരിക്കുന്നു. പരിചയപ്പെട്ട ആദ്യനിമിഷം മുതല്‍ തന്നെ ആ കണ്ണുകളുടെ സ്നേഹവും കൈകളുടെ സാന്ത്വനവും അനുഭവിക്കുകയായിരുന്നു. എപ്പോഴും അനങ്ങുന്ന ചുണ്ടുകള്‍ക്കിടയില്‍ പതുങ്ങിയ ദൈവീക സ്തോത്രങ്ങള്‍. സംസാരത്തിലും പെരുമാറ്റത്തിലും സൂക്ഷിക്കുന്ന അങ്ങേയറ്റത്തെ സംസ്കാരവും സൌഹൃദവും... ഏത് പരിതസ്ഥിതിയും മന്ദസ്മിതത്തോടെ നേരിടാന്‍ അത്ഭുതകരമായ പാടവം... ഇതെല്ലാം ചേര്‍ത്ത് വെച്ചാല്‍ വൃദ്ധനായ ഇസ്മാഈലിന്റെ തനിസ്വരൂപമായി.

“അസ്സലാമുഅലൈക്കും.. വ റഹ് മത്തുല്ലാഹി... വബറക്കാത്തു...’ (താങ്കള്‍ക്ക് ദൈവത്തില്‍ നിന്ന് സമാധാനവും കാരുണ്യവും ഐശ്വര്യവും ഉണ്ടായിരിക്കട്ടേ...) എന്ന് അഭിവാദ്യം ചെയ്ത് കൈ പിടിച്ചതോടെ ആ പരുക്കന്‍ കൈകള്‍ എനിക്കായി തീറെഴുതിയെന്ന് തോന്നി. സ്നേഹത്തിന്റെ കരുത്തുള്ള മുറുക്കത്തില്‍ നിന്ന് ആദ്യം ഞാന്‍ തന്നെ കൈകള്‍ പിന്‍വലിച്ചു. ആ പിന്മാറ്റത്തോടൊപ്പം നിന്ന എന്റെ മനസ്സ് വായിച്ചപോലെ അദ്ദേഹത്തിന്റെ ചുണ്ടിലെ പുഞ്ചിരി ഒന്ന് കൂടി പ്രസന്നമായി... കൂടെ പതുങ്ങിയ സ്വരത്തില്‍ കൂട്ടിച്ചേര്‍ത്തു... “സഹോദരാ... ഹസ്തദാനം ചെയ്യുമ്പോള്‍ നബിതിരുമേനി (സ) ആദ്യം കൈ പിന്‍വലിക്കുമായിരുന്നില്ല. ആ പാത പിന്തുടരാന്‍ ഞാനും ആഗ്രഹിക്കുന്നു." കൂടെയുള്ള ചെറുപ്പക്കാരനെ പരിചയപ്പെടുത്തി... “ഇത് സഈദ്.. മദീനക്കാരനായ ഒരു സൌഭാഗ്യവാന്‍...” സഈദ് ആലിംഗനത്തോടൊപ്പം “എന്റേ സുഹൃത്തേ സ്വാഗതം..” എന്ന് പതുങ്ങിയ സ്വരവും കേട്ടു...

ഇസ്മാഈല്‍ സംസാരിച്ച് കൊണ്ടിരുന്നു... ഇന്ത്യതന്നെയായിരുന്നു വിഷയം... ഇന്ത്യയും അറേബിയയും തമ്മില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സൌഹൃദബന്ധത്തിന്റെ അനുരണനം ആ വാചക പ്രവാഹത്തില്‍ മുഴച്ച് നിന്നു. അറബി കവിതകളിലെ ഇന്ത്യന്‍ സ്വാധീനവും വിശിഷ്യാ കേരളക്കരയും അറബിനാടും തമ്മുലുണ്ടായിരുന്ന ബന്ധങ്ങളുടെ ഊഷ്മളതയും അദ്ദേഹം വിവരിച്ചു... ഞങ്ങള്‍ സൌഹൃദം ആഗ്രഹിക്കുന്നു... സ്നേഹവും...” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് കൊണ്ടായിരിക്കാം ഈ മരുഭൂമിയില്‍ വിരിഞ്ഞ പുഷ്പത്തെ ലോകം മുഴുവന്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചത്...

രണ്ട് ദിവസങ്ങളാണ് മദീനയില്‍ താമസിക്കാന്‍ അവസരം ലഭിക്കുന്നത്. ആ കുറഞ്ഞ സമയം കൊണ്ട് ഈ തെരുവുകളിലുറങ്ങുന്ന ചരിത്രസത്യങ്ങളിലൂടെ ഒരു യാത്ര. കഴിയുന്നതും നമസ്കാര സമയം മസ്ജിദുന്നബവിയില്‍ എത്തുക... അതോടൊപ്പം പുണ്യറസൂലി‍(സ) ന്റെ റൌദാശരീഫിനടുത്ത് സലാത്തും സലാമും സമ്മാനമായി സമര്‍പ്പിക്കുക... മണിക്കുറുകള്‍ മിനുട്ടുകളുടെ വേഗത കടമെടുത്ത ഈ മണ്ണില്‍ ചിലവഴിക്കുന്ന നിമിഷങ്ങളത്രയും പരമാവധി ഉപയോഗപ്പെടുത്തുക... ഇതായിരുന്നു ചിന്തിച്ചുറപ്പിച്ച ഒരു രൂപരേഖ. പക്ഷേ അത് എത്രകണ്ട് വിജയിപ്പിക്കാനാവും എന്നത് ഒരു ചോദ്യചിഹ്നമായി കൂടെയുണ്ട്. ചരിത്രത്തിന്റെ അവഷ്ടങ്ങളിലേക്ക് ഒരു തിരിച്ച് പോക്കിന് ഒരുങ്ങുമ്പോഴും ഒരു കൂട്ട് ആഗ്രഹിച്ചു... മദീനയെ അറിയുന്ന മദീന അറിയുന്ന ഒരു മദീനക്കാരനെ ലഭിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു...

“താങ്കള്‍ക്ക് മദീന കാണാന്‍ ഒരു കൂട്ടാവും എന്റെ പ്രിയപ്പെട്ട സ്നേഹിതന്‍ സഈദ്...” വൃദ്ധന്റെ ഇടര്‍ച്ചയില്ലാത്ത ശബ്ദമാണ് ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്... മനസ്സറിഞ്ഞ് ലഭിച്ച വരദാനത്തിന് ആദ്യം ദൈവത്തെ സ്തുതിച്ചു... പിന്നെ ആ വൃദ്ധനോട് ഒരു നന്ദിയും... എങ്കില്‍ നമുക്ക് ഉഹ്ദിന്റെ താഴ്വാരത്തിലൊന്ന് ഒന്ന് പോയാലോ...എന്റെ ആഗ്രഹം അറിയിച്ചു... “എങ്കില്‍ നിങ്ങളോടൊപ്പം ഞാനും കൂടെ വരാം...” വൃദ്ധന് നല്ല ഉത്സാഹം... മസ്ജിദിന്റെ അടുത്ത് നിന്ന് ഏതാനും നാഴികയ്ക്കപ്പുറം തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഉഹ്ദ് പര്‍വ്വതം കാണം... അതിനെ നോക്കി ഒരിക്കല്‍ നബി തിരുമേനി പറഞ്ഞെത്രെ “നമ്മള്‍ ഈ ഉഹ്ദിനെ ഇഷ്ടപ്പെടുന്നു... അത് നമ്മേയും..” ഏകദേശം നാല് നാഴിക യാത്ര ചെയ്താല്‍ ഉഹ്ദ് പര്‍വ്വതത്തിന്റെ താഴ്വാരത്തിലെത്താനാവും... സഈദിന്റെ വാഹനത്തില്‍ യാത്ര തുടങ്ങി...

വഴിയിലെ പ്രാതല്‍ കഴിഞ്ഞ് യാത്ര തുടന്നപ്പോഴും കാറിന്റെ പിന്‍സീറ്റിലിരുന്ന് ഓടിമറയുന്ന തെരുവുകള്‍ വിസ്മയത്തോടെ ശ്രദ്ധിച്ചു... പുണ്യറസൂലി(സ)ന്റെയും അനുചരന്മാരുടെയും ഗതകാലമുറങ്ങുന്ന അന്തരീക്ഷം ഒരു വിദ്യാര്‍ത്ഥിയുടെ ഔത്സുക്യതോടെ നോക്കിയിരിക്കുമ്പോള്‍, ആ പൂര്‍വ്വസൂരികളുടെ ഓര്‍മ്മകള്‍ മലവെള്ളപ്പാച്ചിലായി മനസ്സിലെത്തി... ‘ആദര്‍ശ‘ത്തിനായി ജന്മനാടും വീടും ഉപേക്ഷിച്ച് ഈ ഊഷരഭൂമിയില്‍ കുടിയേറിയ ആ സംഘത്തെ വെറുതെ വിടാന്‍ മക്കക്കാര്‍ ഒരുക്കമല്ലായിരുന്നു. അതിന്റെ ആദ്യ ശ്രമങ്ങളില്‍ ഒന്നായിരുന്നു ബദര്‍ യുദ്ധം.. പക്ഷേ ഏതാനും നിമിഷം കൊണ്ട് ആ സംഘത്തെ നിഷ്കാസനം ചെയ്യാം എന്ന് കരുതി വന്നവര്‍ക്ക് പുണ്യറസൂ(സ)ലിന്റെ സംഘത്തിന്റെ ആത്മാര്‍ത്ഥതയുടെയും കറയറ്റ നേതൃപാടവത്തിന്റെയും മുമ്പില്‍ തോറ്റോടേണ്ടി വന്നു...

അതോടെ മക്കക്കാര്‍ക്ക് പ്രതികാരാഗ്നി വര്‍ദ്ധിച്ചു... കാരണം ആ യുദ്ധത്തില്‍ മക്കകാര്‍ക്ക് ഏറ്റവും വലിയ നഷ്ടം അവരുടെ ശക്തരായ നേതൃനിരയായിരുന്നു. അവശേഷിച്ച അബൂസുഫ് യാന്‍ മുഹമ്മദിനെ(സ)യും സംഘത്തെയും നശിപ്പിക്കാന്‍ ദൃഢപ്രതിജ്ഞയെടുത്തു. അദ്ദേഹത്തിന്റെ ഭാര്യയും ഉത്ത്ബയുടെ മകളുമായ ഹിന്ദിന്റെ പ്രതികാരഗ്നിയും ഒട്ടും കുറവായിരുന്നില്ല. മദീനയെ മുച്ചൂടും മുടിക്കാവുന്ന രീതിയില്‍ കടന്നാക്രമണം നടത്താനും അതിനാവശ്യമായ സമ്പത്തിക ബാധ്യതകള്‍ക്കായി അബൂസുഫ് യാന്‍ രക്ഷിച്ചെത്തിച്ച കച്ചവട സംഘത്തിലെ മുഴുവന്‍ ധനവും നീക്കിവെക്കാനും തീരുമാനിച്ചു.

ഇക്കാലത്തൊരിക്കല്‍ അബൂസുഫ് യാന്‍ ഏതാനും ആളുകളുമായി മദീനയുടെ അതിര്‍ത്തിയിലെത്തി. ഒരു അന്‍സാരിയേയും കുടുബത്തെയും വധിക്കുകയും അദ്ദേഹത്തിന്റെ വീടും തോട്ടവും തീയിടുകയും ചെയ്തു.. ഇത് അറിഞ്ഞ് നബിതിരുമേനി(സ)യും സംഘവും അവരെ തടയാനായി പുറപ്പെട്ടു. പക്ഷേ അബൂസുഫ് യാന്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെ മുഹമ്മദും(സ) സംഘവും ഉണ്ടെന്ന ഭയത്താല്‍ ഓടുന്ന സംഘം ഭക്ഷണാവശ്യത്തിനായി മക്കയില്‍ നിന്ന് കൂടെ കരുതിയിരുന്ന ഗോതമ്പ് പൊടി വഴിയില്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്... ഗോതമ്പ് പൊടി ചാക്കുകളുടെ ഭാരം അവരുടെ രക്ഷപ്പെടലിന്റെ വേഗത കുറച്ചതായിരുന്നു കാരണം. പില്‍കാലത്ത് ഈ സംഭവത്തെ സഖീവ് (ഗോതമ്പ് പൊടി) യുദ്ധം എന്നാണ് അറിയപ്പെട്ടത്. ഈ സംഭവം അബൂസുഫ് യാനെ അറബികള്‍ക്കിടയില്‍ കൂടുതല്‍ പരിഹാസ്യനാക്കുകയായിരുന്നു.

ഇതിന് ശേഷം ‘ഗത്ഫാര്‘‍, ‘സുലൈം‘ എന്നീ ഗോത്രങ്ങള്‍ മദീനയെ അക്രമിക്കാന്‍ പുറപ്പെട്ടു. വിവരങ്ങള്‍ അറിഞ്ഞ നബിതിരുമേനി(സ)യും നാന്നൂറ്റിഅമ്പത് അനുയായികളും “ഖര്‍ഖറത്തുല്‍ ഖുദ്റ‘ എന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും വിവരം അറിഞ്ഞ് അക്രമികള്‍ പിന്തിരിഞ്ഞു. ഈ സംഭവ ശേഷം മുസ് ലിം സംഘം ഒരിടത്ത് വിശ്രമത്തിനായി തമ്പടിച്ചു.. നേതാവായിട്ടും ഭരണാധികാരി ആയിട്ടും ആഡംഭരത്തിന്റെ ആദ്യപാഠങ്ങള്‍ കൊണ്ട് പോലും ജീവിതരീതിയെ മലീമസമാക്കാത്ത പുണ്യറസൂല്‍ (സ) അനുയായികളില്‍ നിന്ന് കുറച്ച് അകലെ ഒരു മരച്ചുവട്ടില്‍ കണ്ണടച്ച് വിശ്രമിക്കുന്നു. തൊട്ടടുത്ത് നിന്ന് ഒരു ശബ്ദം കേട്ട് നോക്കുമ്പോള്‍ ഒരാള്‍ കൈയില്‍ വാളുമായി... വാളുയര്‍ത്തി അയാള്‍ ചോദിച്ചു “മുഹമ്മദേ ഇപ്പോള്‍ നിന്നെ ആര് രക്ഷിക്കും...” ജീവനെടുക്കാന്‍ വന്നവന്റെ മുഖത്ത് നോക്കി നബിതിരുമേനി മറുപടി നല്‍കി “അല്ലാഹു രക്ഷിക്കും...” തന്റെ മുമ്പില്‍ ജീവന് വേണ്ടി കെഞ്ചുന്ന ‘മുഹമ്മദിനെ’ സങ്കല്പിച്ച അയാള്‍ ഒരു നിമിഷം തരിച്ച് പോയി...വാള് കൈയില്‍ നിന്ന് താഴെ വീണു... അത് നബിതിരുമേനിയുടെ കൈയിലെത്തി... പുണ്യറസൂല്‍ ചോദിച്ചുവെത്രെ “ഇപ്പോള്‍ താങ്കളെ ആര് രക്ഷിക്കും...” “എന്നെ രക്ഷിക്കാന്‍ താങ്കളല്ലാതെ മറ്റാര്...” എന്ന് പറഞ്ഞ് മരണം ഉറപ്പിച്ച ശത്രുവിനും അവിടുന്ന് മാപ്പ് നല്‍കി... ശത്രുവായെത്തിയവന്‍ മിത്രമായി... നബിതിരുമേനി(സ)യുടെ ശിഷ്യനായി...

“ഇതാ... നാം ഉഹ്ദിനോട് അടുക്കുന്നു... “ സഈദിന്റെ പതുങ്ങിയ ശബ്ദം... കുറച്ചപ്പുറത്ത് ഉഹദിന്റെ താഴ്വാരം കണ്ണെത്തും ദൂരത്ത് കണ്ട് തുടങ്ങി... ഒരു മഹായുദ്ധത്തിന് സാക്ഷ്യം വഹിച്ച മണ്ണ്... ഓര്‍മ്മകളില്‍ ഉഹദ് എന്നും ഒരു നൊമ്പരമായിരുന്നു... ആ മണ്ണ് കാണുമ്പോള്‍ തന്നെ പുണ്യറസൂലിന്റെ ഓര്‍മ്മകള്‍ ഓടിയെത്തും... അവിടുത്തെ പിതാവിന്റെ സഹോദരന്‍ ഹംസയെന്ന വില്ലാളിവീരന്റെ സ്മരണയെത്തും... പുണ്യറസൂലിനെ സംരക്ഷിക്കാന്‍ എല്ലാം മറന്ന അനുയായികളുടെ സ്നേഹത്തിന്റെ ഓര്‍മ്മകള്‍ ഓടിയെത്തുന്നു... അന്ന് ജ്വലിച്ചു നിന്ന ഉമ്മു അമ്മാറ എന്ന വനിത മനസ്സില്‍ കെടാവിളക്ക് പോലെ...


യുദ്ധം കൊടുമ്പിരികൊണ്ട ഘട്ടത്തില്‍ പുണ്യറസൂലിന്റെ സംരക്ഷണത്തിനായി ഉമ്മുഅമ്മാറ എന്ന സ്ത്രീരത്നവും ആയുധമെടുത്തു... യുദ്ധക്കളത്തില്‍ മുറിവേല്‍ക്കുന്നവരെ ശുശ്രൂഷിക്കാന്‍ വേണ്ടി സംഘത്തോട് കൂടെ എത്തിയതായിരുന്നു അവര്‍... ശത്രുക്കളൊട് സ്വന്തം ജീവന്‍ അവഗണിച്ച് പൊരുതിയ ഉമ്മുഅമ്മാറയെ പിന്നീടൊരിക്കല്‍ മദീനയുടെ തെരുവില്‍ പുണ്യറസൂല്‍ കണ്ടുമുട്ടി... ഉമ്മുഅമ്മാറയെ കണ്ടപ്പോള്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചു... “അല്ലാഹുവേ ഉമ്മു അമ്മാറയെ അനുഗ്രഹിക്കണേ... അവര്‍ക്ക് ഐശ്വര്യം നല്‍കണേ... “ പുണ്യറസൂല്‍ (സ) അവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ ഉമ്മുഅമ്മാറ ഇടയ്ക്ക് ഇടപെട്ട് കൊണ്ട് പറഞ്ഞെത്രെ ...“റസൂലേ... എനിക്ക് വേണ്ടി ഇത്രയൊന്നും പ്രാര്‍ത്ഥിക്കേണ്ടതില്ല... ഉമ്മു അമ്മാറക്ക് ഇതൊന്നും ആവശ്യമില്ല... എനിക്ക് ഒറ്റക്കാര്യം മാത്രം മതി... മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല... എനിക്ക് അത് ലഭിക്കാനായി അങ്ങ് പ്രാര്‍ത്ഥിക്കുമോ... “ ചോദ്യഭാവത്തില്‍ നോക്കിയ പുണ്യറസൂലിന്റെ മുമ്പില്‍ കണ്ണ് താഴ്ത്തി ഉമ്മു അമ്മാറ കൂട്ടിചേര്‍ത്തു... “സ്വര്‍ഗ്ഗത്തില്‍ അങ്ങയുടെ സമീപത്ത് ഒരു സ്ഥാനം നബിയേ...” ഉമ്മു അമ്മാറയുടെ സ്നേഹം എന്റെ കണ്ണുകളില്‍ അശ്രുവായി... നനഞ്ഞ കണ്ണുയര്‍ത്തി നോക്കുമ്പോള്‍ വാഹനം നിന്നിരിക്കുന്നു... “എന്നെ തന്നെ ശ്രദ്ധിച്ചിരിക്കുന്ന സഈദും ഇസ്മാഈലും... കണ്ണുകള്‍ അമര്‍ത്തിത്തുടച്ച് ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.


വാര്‍ഷികക്കുറിപ്പ് :-

കഴിഞ്ഞ ‘നബിദിന‘ത്തോട് അനുബന്ധിച്ച് ‘ഇത്തിരിവെട്ടം’ എന്ന ബ്ലോഗില്‍ ആണ് ‘സാര്‍ത്ഥവാഹക സംഘത്തോടൊപ്പം‘ എഴുതിത്തുടങ്ങിയത്. പിന്നീട് ‘സ്നേഹസംഗമം‘ എന്ന ബ്ലോഗിലായിരുന്നു ഏതാനും ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. കൂടുതല്‍ ഭാഗങ്ങളായപ്പോള്‍ ‘സാര്‍ത്ഥവാഹക സംഘത്തോടൊപ്പം’ എന്ന ബ്ലോഗിലേക്ക് മാറ്റി... ആദ്യ ഭാഗം എഴുതിയത് ഒരു ഭാഗത്തില്‍ ഒതുങ്ങാതെ വന്നപ്പോള്‍ “തുടരണോ...” എന്നൊരു ചോദ്യവുമായി പബ്ലിഷ് ചെയ്തു. പിന്നീട് അത് നാല് ഭാഗത്തില്‍ ഒതുക്കാം എന്നായിരുന്നു ഉദ്ദേശ്യം... പക്ഷേ ഞാന്‍ പോലും അറിയാതെ ഇന്ന് ഇത് ‘ഇരുപതാം ഭാഗവും‘ എഴുതി തീര്‍ന്നിരിക്കുന്നു. അതോടൊപ്പം സാര്‍ത്ഥവാഹക സംഘത്തിന് ഒരു വയസ്സും.

ഈ സമയത്ത് ഓര്‍ക്കേണ്ടതും നന്ദി പറയേണ്ടതുമായ ഒത്തിരി പേരുകളുണ്ട്. ഒന്നാം സ്ഥാനം കാരുണ്യവാനായ ദൈവത്തോട് തന്നെ... പിന്നെ നിരന്തരം നിര്‍ബന്ധിക്കുന്ന ബ്ലൊഗേഴ്സും അല്ലാത്തവരുമായ വായനാക്കാര്‍... ആസ്വദനത്തിലൂടെ ഇതിനോട് ചേര്‍ന്നൊഴുകാന്‍ ശ്രമിച്ച പൊതുവാള്‍.. ഇത് ‘വാരവിചാര‘ത്തിലൂടെ പരിചയപ്പെടുത്തിയ ‘അഞ്ചല്‍ക്കാരന്‍’.. എഴുതാന്‍ നിര്‍ബന്ധിക്കുന്ന, എന്റെ ബ്ലോഗ് സുഹൃത്തുക്കള്‍... അല്ലാത്തവര്‍... എല്ലാവരും തന്ന പ്രോത്സാഹനത്തിന് ‘നന്ദി‘ എന്ന ഒറ്റവാക്ക് കൊണ്ട് പകരമാവില്ല എന്നറിയാം... എങ്കിലും മനസ്സ് നിറഞ്ഞ നന്ദി പറയുന്നു...

ആകെ എത്രഭാഗം എന്നത് ഇന്നും എന്റെ മുമ്പില്‍ ഒരു ചോദ്യചിഹ്നമാണ്. നാലോ അഞ്ചോ ഭാഗങ്ങളും കൂടി എഴുതി ഈ സാര്‍ത്ഥവാഹക സംഘത്തിന് ഫുള്‍സ്റ്റോപ്പിടണം എന്നാണ് ആഗ്രഹിക്കുന്നത്... ദൈവാനുഗ്രഹമുണ്ടെങ്കില്‍ ... ഇത് വരെ തന്നെ പ്രത്സാഹനം ഇനിയും ഉണ്ടാവും എന്ന പ്രതീക്ഷയോടെ...


സ്നേഹപൂര്‍വ്വം.

ഇത്തിരിവെട്ടം.