Tuesday, March 27, 2007

അന്വേഷിച്ചെത്തിയ ഓര്‍മ്മകള്‍.

രണ്ട്.

ആകാശച്ചെരിവിന്റെ ചാരനിറത്തില്‍ സന്ധ്യയുടെ ചെമപ്പ്‌ പതുക്കേ പടരാന്‍ തുടങ്ങിയിരുന്നു. വൃദ്ധന്റെ പരുക്കന്‍ സ്വരത്തിലൂടെ ഹസ്സനുബ്നുസാബിത്തും, കഅബും, ഖന്‍സയും, ലദീദും മാറി മാറി പാടിക്കൊണ്ടിരിക്കവേ, ആ ശബ്ദത്തിന്റെ ഏറ്റവും വലിയ ആസ്വാദകന്‍ അദ്ദേഹം തന്നെയാണെന്ന് ഞാനൂഹിച്ചു. ശബ്ദത്തിന്റെ അരോഹണവരോഹണത്തില്‍ വികാരങ്ങളുടെ വേലിയേറ്റവും തുടികൊട്ടുന്ന ഹൃദയവും എനിക്കും വായിക്കാനായി. സാമാന്യം വേഗത്തില്‍ നീങ്ങുന്ന സംഘത്തിലെ ഏകദേശം മധ്യത്തിലുള്ള എന്റെ ഒട്ടകത്തിന്റെ പുറത്തുറപ്പിച്ച ജീനിയുടെ പരുക്കന്‍ പ്രതലത്തിലൂടെ കൈയ്യോടിച്ച്‌ ഞാനും ആ ശബ്ദത്തില്‍ ലയിച്ചിരുന്നു.

പടര്‍ന്നൊഴുകുന്ന വരികളുടെ ഇടവേളകളിലൊന്നില്‍ പിന്നില്‍ നിന്നാരോ വിളിച്ച്‌ പറയുന്നു... "ഏ.. സഹോദരാ.. ഇസ്മാഈല്‍. ഒന്ന് കൂടി പാടാമോ... ?". സന്തോഷത്തിന്റെ വേലിയേറ്റം ആ ശബ്ദത്തിലടങ്ങിയിരുന്നു. ഹസ്സാനുബ്‌നു സാബിത്തിന്റെ പ്രസിദ്ധമായ പ്രവാചക(സ ) പ്രകീര്‍ത്തനത്തിലെ മനോഹര വരികള്‍

“കാണാനായില്ലെനിക്ക്
അങ്ങയെപ്പോലൊരുത്തമനെയെങ്ങും
ജനനിയായില്ലൊരാളും
അങ്ങയെപ്പോലൊരു സൌന്ദര്യത്തിനു വേറെ

അന്യുനമായ സൃഷ്ടിയല്ലോ അങ്ങ്
എല്ലാമെല്ലാം എങ്ങനെയാകേണ്ടിയിരുന്നോ
അങ്ങനെയല്ലോ അങ്ങെന്ന സൃഷ്ടി.“

പിന്നില്‍ നിന്ന്‍ കരുത്തുള്ള ശബ്ദം വീണ്ടുമുയര്‍ന്നു... "ഇസ്മാഈല്‍... മബ്‌റൂഖ്‌... "

ഹസ്സാന്റെ മനോഹര വരികള്‍ കാതിന് കുളിരായി മനസ്സില്‍ മാധുര്യമായി ആവര്‍ത്തിക്കപ്പെട്ടപ്പോഴാണ് ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മദീനയിലേക്ക് ഭാണ്ഡം മുറുക്കുമ്പോള്‍ കൊച്ചുകൊച്ചു സഹായങ്ങളുമായെത്തിയ ആ വൃദ്ധമുഖം ഓര്‍മ്മയിലെത്തിയത്‌.

ഹസ്താദാനം ചെയ്തകൈകള്‍ സ്വതന്ത്രമാക്കാതെ അദ്ദേഹം പരിചയപ്പെട്ടു. 'ഞാന്‍ ഇസ്മാഈല്‍.... ഞങ്ങളുടെ പ്രപിതാമഹന്റെ പേരാണ്‌ എനിയ്ക്ക്.' ആ വാചകത്തിലെ വല്ലായ്മ എന്റെ മുഖത്ത്‌ വായിച്ചത് കൊണ്ടാവും, തന്റെ പരുക്കന്‍ കൈ നെഞ്ചില്‍ തട്ടി അഭിമാനത്തോടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു... "അബ്രഹാം(അ) പ്രവാചകന്റെയും ഹാജറയുടേയും പുത്രനായ പ്രവാചകന്‍ ഇസ്മാഈല്‍(അ) ആണ് ഞങ്ങളുടെ പിതാമഹന്‍. " ഏകദേശം അയ്യായിരം വര്‍ഷങ്ങള്‍ മുമ്പ് മണ്മറഞ്ഞ ‘ഇസ്മാഈല്‍ പ്രവാചകനെ അദ്ദേഹത്തിന്റെ ആഴമുള്ള കണ്ണുകളില്‍ തേടുകയിരുന്നു ഞാന്‍..

അബ്രഹാം (ഇബ്‌റാഹീം(അ)) പ്രവചകന്‍ പത്നിയായ ഹാജറ(റ)യും കൈക്കഞ്ഞായ ഇസ്മാഈലുമായി(അ) ഇറാക്കില്‍ നിന്ന് നാഴികകള്‍ താണ്ടി മക്കയിലെത്തുമ്പോള്‍ അവിടെ വിജനമായിരുന്നു. ഉയര്‍ന്ന് നില്‍ക്കുന്ന കുന്നുകളും അതിനിടയിലെ ചുട്ട്‌ പോള്ളുന്ന മണല്‍പരപ്പും മാത്രമുള്ള ഒരു വരണ്ട പ്രദേശം. മരത്തണല്‍ പോലുമില്ലാത്ത ഊഷരഭൂമിയില്‍ കുടുബത്തെ ഉപേക്ഷിച്ച്‌ തിരിച്ച്‌ നടക്കവേ ഭാര്യയായ ഹാജറ ഇബ്‌റാഹീം പ്രവാചന്റെ ഇരുചുമലുകളിലും കൈയ്യമര്‍ത്തി, വിജനമായ മരുഭൂമിയിലേക്കും ഭര്‍ത്താവിന്റെ മുഖത്തേക്കും മാറി മാറി നോക്കി ഇടറുന്ന ശബ്ദത്തില്‍ അന്വേഷിച്ചെത്രെ... "ഇബ്‌റാഹീം... ഞങ്ങളെ ആരുടെ ഉത്തരവാദിത്വത്തില്‍ ഏല്‍പ്പിച്ചാണ് അങ്ങ്‌ മടങ്ങുന്നത്... ? "നിറകണ്ണുകള്‍ തുടച്ച്‌ ഇബ്‌റാഹീം നബി(അ) യുടെ മറുപടി ഇതായിരുന്നു... "അല്ലാഹുവിനെ..." ആകാശ ഭൂമികളുടെ അധീശാധികാരിയുടെ ശക്തമായ കാവലില്‍ ആണ് ഉപേക്ഷിക്കപ്പെടുന്നത് എന്ന് ബോധ്യമായ നിമിഷം... ഹാജറ(റ) കൂട്ടിച്ചേര്‍‌ത്തു... "എങ്കില്‍ താങ്കള്‍ക്ക്‌ മടങ്ങാം ഇബ്‌റാഹീം... ഞങ്ങള്‍ക്ക് അവന്‍ ധാരാളമാണ്‌..." ഭാര്യയേയും കുഞ്ഞിനേയും ആ ജനരഹിതമായ മരുഭൂമിയില്‍ ഉപേക്ഷിച്ച് ‘അവര്‍ക്ക് അല്ലാഹു മതി‘ എന്ന മനക്കരുത്തോടെ തിരിഞ്ഞ് നടന്ന ഇബ്രാഹീം പ്രവാചകന്‍ മനസ്സില്‍ തെളിഞ്ഞു...

കൈക്കുഞ്ഞായ ഇസ്മാഈലിന്റെ വരണ്ടതൊണ്ട നനയ്ക്കാന്‍ വേണ്ടി, കത്തുന്ന കരളുമായി ആ മാതാവിന്റെ അന്വേഷണവും കുഞ്ഞിന്റെ കാലടിയില്‍ തന്നെ 'സംസം' ശുദ്ധജലപ്രവാഹം സൃഷ്ടിച്ച പ്രപഞ്ചനാഥന്റെ കാരുണ്യവും ഓര്‍ത്തപ്പോള്‍ സജലമിഴികളോടെ ഞാന്‍ നോക്കിനിന്നു... എനിക്കെന്റെ പിതാമഹന്റെ പേരാണെന്ന് അഭിമാനിച്ച ആ വൃദ്ധമുഖത്തെ മായാത്ത പുഞ്ചിരി.

പശ്ചിമാംബരത്തില്‍ ചെഞ്ചായം പൂശിത്തുടങ്ങി . സന്ധ്യാരാഗത്തിന്റെ സുഖമുള്ള തലോടലിന്റെ നിര്‍വൃതിയില്‍ ഒട്ടകങ്ങള്‍ നിശ്ചലമായതോടെ, ഏതാനും നിമിഷം നീണ്ട നിശ്ശബ്ദതക്ക്‌ വിരാമമായി. തൊട്ട്‌ മുമ്പിലെ ഒട്ടകപ്പുറത്തിരുന്ന് ഒരാള്‍ സായഹ്ന പ്രാര്‍ത്ഥനക്കായി ബാങ്ക്‌ വിളിച്ചു..."അല്ലാഹുവാണ് ഏറ്റവും മഹാന്‍"
"അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍"
"അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍"
"അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍"

"അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."
"അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."
"മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."
"മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. "

ആ ആഫ്രിക്കന്‍ വംശജന്റെ മധുരമുള്ള സ്വരം മരുഭൂമിയുടെ വിജനതയില്‍ ഒഴുകുമ്പോള്‍, ഇസ്‌ലാമിന്റെ ആദ്യകാല 'മുഅദ്ദിന്‍' ബിലാലിനെ ഒര്‍ത്തുപോയി. ഉമയ്യത്ത്‌ എന്ന അറബ്‌ പ്രമാണിയുടെ അടിമയായിരുന്ന കറുത്തനിറവും ചുരുണ്ടമുടിയുമുള്ള ആഫ്രിക്കന്‍ വംശജനായിരുന്നു ബിലാല്‍. ദൈവം ഏകനാണെന്ന് പറഞ്ഞതിനാല്‍ മക്കയിലെ പ്രമാണിമാര്‍ ക്രൂരമായി മര്‍ദ്ദിച്ചു.

പൊള്ളുന്ന മണലില്‍ നെഞ്ചില്‍ ഉരുട്ടി കയറ്റിയ പാറയുമായി മരണോട് മല്ലടിക്കുന്ന ആ കറുത്ത അടിമയുടെ ശരീരത്തില്‍ ഉമയ്യത്ത് എന്ന യജമാനന്റെ ചാട്ട ഉയര്‍ന്ന് പതിച്ച് കൊണ്ടിരുന്നു. ഒരോ പ്രാവശ്യവും ശരീരത്തില്‍ ചോര പൊട്ഞ്ഞ് മംസത്തിന്റെ ഭാഗങ്ങളുമായി അത് തിരിച്ച് ഉയരുമ്പോള്‍, ആ സീല്‍ക്കാരത്തിനിടയില്‍ ‘ദൈവം ഏകന്‍ മാത്രം...’ എന്ന് വേദനയോടെ ഞെരങ്ങുന്ന ബിലാലിനെ അബൂബക്കര്‍ സിദ്ദീഖ്‌* ആയിരുന്നു ധനം നല്‍കി മോചിപ്പിച്ചത്‌.

പില്‍കാലത്ത്‌ പ്രാര്‍ത്ഥനക്ക്‌ ക്ഷണിക്കാനായി ‘ബാങ്ക്‌‘ നിലവില്‍ വന്നപ്പോള്‍ പ്രവാചകന്‍ ആ ഉത്തരവാദിത്തം ഏല്‍പ്പിച്ചത് ഇതേ കാപ്പിരിയില്‍ ആയിരുന്നു പിന്നീട് വര്‍ഷങ്ങളോളം മദീനയിലെ മണല്‍ത്തരികള്‍ക്ക് ബിലാലിന്റെ മധുരമുള്ള സ്വരം സുപരിചിതമായി... എന്നും അഞ്ച് നേരം മദീന മസ്ജിന്റെ മച്ചില്‍ നിന്നുയരുന്ന ആ കറുത്തവന്റെ കരുത്തുള്ള സ്വരത്തിന്‍ മറുപടിയായി മദീനക്കാര്‍ പ്രാര്‍ത്ഥനയ്ക്ക് ഓടിയണയുമായിരുന്നു.

നബിതിരുമേനി(സ)യേയും അനുയായികളേയും ആട്ടിയോടിച്ച മക്ക, ഒരിറ്റ്‌ രക്തം പോലും വീഴ്‌ത്താതെ പ്രവാചകര്‍(സ)ജയിച്ചടക്കിയ സമയത്ത് നബിതിരുമേനി(സ) ബിലാലിനെ അന്വേഷിച്ചു. തിങ്ങി നില്‍ക്കുന്ന ജനക്കൂട്ടത്തിന്റെ മുമ്പില്‍ അല്‍പം പരിഭ്രമത്തോടെ എത്തിയ, വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാവരും ആട്ടിയകറ്റിയിരുന്ന ആ ബിലാലിനോട് ഇസ്‌ലാമിന്റെ വിജയപ്രഖ്യപനം നടത്താന്‍ അവിടുന്ന് ആവശ്യപ്പെട്ടു. ക‌അബാ ശരീഫിന്റെ മുകളില്‍ കയറി അത്യുച്ചത്തില്‍ “അല്ലാഹു വാണ് ഏറ്റവും മഹാന്‍... അവനല്ലാതെ ആരാധ്യനില്ലന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു” എന്ന് വിളിച്ച് പറയുമ്പോള്‍ മക്ക പുളകം കൊണ്ടിരിക്കണം... വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉമ്മയ്യത്തിന്റെ ചാട്ടവാറിന്റെ സീല്‍ക്കാരത്തിനൊപ്പം മണല്‍ തരികള്‍ ശ്രവിച്ച വേദനയുടെ സ്വരത്തിന്‍ പകരം സ്വാതന്ത്ര്യത്തിന്റെ ശബ്ദം....

പ്രവാചകരുടെ (സ) വേര്‍പാടിന്‌ ശേഷം ബിലാല്‍ തന്റെ ബാങ്ക്‌ വിളിനിര്‍ത്തി. എങ്കിലും പലരും ആ സ്വരമാധുരിയ്ക്കായി നിര്‍ബന്ധിക്കുമായിരുന്നു. അവരോടെല്ലാം നിറഞ്ഞ കണ്ണുകളോടെ ...“ ബാങ്ക്‌ വിളിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ എനിക്ക് എന്റെ പ്രവാചകനെ (സ) ഒര്‍മ്മവരും... ആ വിയോഗത്തിന്റെ വേദന എനിക്ക് താങ്ങാനാവില്ല... അത്‌ കൊണ്ട്‌ നിര്‍ബന്ധിക്കരുത്‌.“ എന്ന് പറഞ്ഞൊഴിഞ്ഞു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഹസ്രത്ത്‌ ഉമര്‍(റ) വിന്റെ ഭരണകാലത്ത്‌ ഒരിക്കല്‍ ബിലാല്‍ മദീനയിലെത്തി. ഖലീഫയായ ഉമര്‍ ആ സ്വരമാധുരിക്കായി ബിലാലിനെ നിര്‍ബന്ധിച്ചു. കൂടെ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു... "നബി തിരുമേനി(സ) നമ്മുടെ കൂടെ ഉണ്ടായിരുന്ന കാലം ഓര്‍ക്കാനാണ്‌... ദയവായി അങ്ങ്‌ ബാങ്ക്‌ വിളിക്കണം."

ഉമറിന്റെ നിര്‍ബന്ധം സഹിക്കാനാവാതെ ബിലാല്‍ ബാങ്ക്‌ വിളിക്കാന്‍ തയ്യാറായി... മദീനയുടെ മസ്‌ജിദിന്റെ മച്ചില്‍ നിന്ന് ബിലാലിന്റെ ശബ്ധം മുഴങ്ങി....

"അല്ലാഹു അക്‍ബര്‍ ... അല്ലാഹു അക്‍ബര്‍."
"അല്ലാഹു അക്‍ബര്‍ ... അല്ലാഹു അക്‍ബര്‍."

മദീന ഒരു നിമിഷം സ്തബ്ദിച്ചു... അടുത്ത നിമിഷം മദീനക്കാര്‍ കൂട്ടംകൂട്ടമായി മസ്ജിദിലേക്ക് ഓടാന്‍ തുടങ്ങി. ഓടുമ്പോള്‍ അവര്‍ വിളിച്ച്‌ പറഞ്ഞിരുന്നത്രെ... " റസൂല്‍ തിരിച്ച് വന്നിരിക്കുന്നു... ബിലാലിന്റെ ബാങ്ക്‌ മുഴങ്ങുന്നു... ഞങ്ങളുടെ റസൂല്‍ വന്നിരിക്കുന്നു..." മദീന മസ്ജിദ് ലക്ഷ്യമാക്കി ജനക്കൂട്ടം ഓടിത്തുടങ്ങി...

"അശ്‌ഹദു അല്ലാഇലാഹ ഇല്ലള്ളാ..."
"അശ്‌ഹദു അല്ലാഇലാഹ ഇല്ലള്ളാ..."

അടുത്തത്‌ പറയേണ്ടത്‌ ‘മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകന്‍ ആണെന്നാണ്‌...‘ ബിലാല്‍ ശക്തി സംഭരിച്ചു... തൊണ്ടയില്‍ നിന്ന് ശബ്ദം ഇത്തിരി പ്രയാസപെട്ടാണെങ്കിലും പുറത്ത്‌ വന്നു...

"അശ്‌ഹദു അന്ന മുഹമ്മദന്‍... " വാക്കുകള്‍ മുഴുമിക്കാനാവും മുമ്പ് ബിലാലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... തൊണ്ടയിടറി... ബിലാല്‍ പൊട്ടിക്കരഞ്ഞു... കൂടെ ബാങ്ക് കേള്‍ക്കാന്‍ കാത്ത് കാത്തിരുന്ന ഉമറും ചുറ്റും തടിച്ച്‌ കൂടിയ മദീനയും...

പ്രാര്‍ത്ഥനക്കായി പകലിന്റെ ചൂട്‌ ഇനിയും ശേഷിക്കുന്ന മണലില്‍ നിരയായി നിന്നു... ചുവന്ന് തുടുത്ത മാനത്തിനും സ്വര്‍ണ്ണ നിറമാര്‍ന്ന മരുഭൂമിക്കും ഇടയില്‍... സാഷ്ടാംഗങ്ങളുടെ ചൂടിനായി പകലിന്റെ ഉഷ്ണവും പേറി മരുഭൂമിയും കാത്ത്‌ കിടക്കുന്നു.

Monday, March 26, 2007

കനവിന്റെ കിനാവ്.

തുടക്കം

അനന്തമായ മണല്‍പരപ്പിനപ്പുറം ആകാശവും ഭൂമിയും സന്ധിക്കുന്ന വരെ കണ്ണെത്തും ദൂരത്തെല്ലാം ഒതുക്കി വെച്ച മണല്‍ കുന്നുകള്‍. ചൂടാറാന്‍ തുടങ്ങുന്ന പൊടിമണലിനെ വല്ലപ്പോഴും ചുഴറ്റി ഉയര്‍ത്തി സ്ഥനഭ്രംശം വരുത്തുന്ന കൊച്ചു മണല്‍ക്കാറ്റ്‌. അകലെയെങ്ങോ കാത്തിരിക്കുന്ന മരുപച്ചയും ലക്ഷ്യമാക്കി താളത്തില്‍ നീങ്ങുന്ന ഒട്ടകസംഘം... വരിയായി നീങ്ങുന്ന അവയുടെ കുളമ്പുകള്‍ക്കടിയില്‍ പുളയുന്ന പൊടിമണല്‍. ആഴ് ന്ന കാലുകള്‍ വലിച്ചെടുത്ത്‌ അതിവേഗം നടക്കുമ്പോള്‍ , സാമാന്യം വേഗത്തില്‍ അനങ്ങുന്ന പൂഞ്ഞയില്‍ അമര്‍ന്നിരുന്ന് ആ നൃത്തത്തോട്‌ താദാത്മ്യപ്പെടാന്‍ ശ്രമിച്ചു.

മനസ്സില്‍ മദീനയായിരുന്നു... പുണ്യറസൂലിന്റെ(സ) മരിക്കാത്ത ഓര്‍മ്മകള്‍ നെഞ്ചിലേറ്റി ‘മദീനത്തുന്നബി’ (പ്രവാചകന്റെ നഗരം) എന്ന് പേര്‌ സ്വീകരിച്ച ഊഷരഭൂമി. മദീനയിലെ ഊടുവഴികളും മൊട്ടക്കുന്നുകളും നീണ്ട തെരുവുകളും തിരക്കേറിയ പട്ടണവും സന്ദര്‍ശകരായ അപരിചിതരില്‍‍ തന്റെ അതിഥിയെ അന്വേഷിക്കുന്ന തദ്ദേശീയരും... എല്ലാറ്റിനും സാക്ഷിയായി ഉഹ്ദ് പര്‍വ്വതവും, 'മസ്‌ജിദുന്നബവി' യും ഓര്‍മ്മകള്‍ക്ക് പുതുജീവന്‍ നല്‍കുന്ന പച്ചഖുബ്ബയും അതിന്റെ ചുവട്ടിലെ ‘റൌദാ ശരീഫും’ ... എല്ലാമെല്ലാം മനസ്സില്‍ ശില്പമായി പതിഞ്ഞിരിപ്പുണ്ട്.

ശരീരത്തിനും മനസ്സിനും വല്ലാത്ത ലാഘവം കൈ വന്നിരിക്കുന്നു. ചൂടുള്ള പകല്‍ അവസാനിക്കാറായി. പൊള്ളുന്ന മണലിലൂടെ നീങ്ങുന്ന സംഘത്തില്‍ ആരോ ഉച്ചത്തില്‍ പാടുന്നുണ്ട്. അനന്തമായ മരുഭൂമിയില്‍ ഉയര്‍‌ന്നൊഴുകുന്ന ആ പരുക്കന്‍ സ്വരം ആദ്യകാല അറബി കവി ‘കഅബി‘ന്റെ വരികള്‍ക്ക് ജീവനേകുന്നു... വാക്കുകള്‍ ആശയങ്ങളിലേക്ക് പാലം കെട്ടുമ്പോള്‍ പിരിഞ്ഞ്‌ പോയ സഖി സമ്മാനിച്ച സ്നേഹതാപത്തെകുറിച്ച്‌ കവി വാചാലമായത് വായിച്ചെടുത്തു. ഒട്ടകത്തിന്റെ താളത്തിനൊപ്പം ഉയര്‍ന്ന് താഴ്ന്ന്, ജനിച്ച്‌ മരിക്കുന്ന വൃദ്ധസ്വരത്തിലൂടെ ‘കഅബു ബ്‌നു സുഹൈറെ‘ന്ന ആറാം നൂറ്റാണ്ടിലെ കവി ഈ ഊഷര ഭൂമിയില്‍ പുനര്‍ജനിക്കുന്നു.

സഖിയുടെ അംഗലാവണ്യവും, അവള്‍ പകരുന്ന ആനന്ദത്തിന്റെ അനന്തസാധ്യതകളും, സിരകളില്‍ ഭ്രാന്ത് പകരുന്ന മദ്യമെന്ന മാസ്മരികതയും കവിതകളില്‍ വിഷയമാക്കിയിരുന്ന കഅബിന്‌, ഇസ്‌ലാമിക നിയമങ്ങള്‍ വ്യക്തിജീവിതത്തിന് വെച്ച പരിധികളും ചിട്ടവട്ടങ്ങളും അംഗീകരിക്കാനായിരുന്നില്ല. മക്കയും മദീനയും അടക്കം ചുറ്റവട്ടം മുഴുവന്‍ ഇസ് ലാം പ്രചരിക്കുകയും നബിതിരുമേനി(സ) അവര്‍ ഏറ്റവും സ്നേഹിക്കുന്ന നേതാവ് ആവുകയും ചെയ്തപ്പോള്‍, പ്രവാചക(സ) പ്രബോധനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന കഅബ് സഹോദരനൊപ്പം പലായനം ചെയ്തു. പക്ഷേ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടതോടെ അദ്ദേഹം വിഷമിച്ചു. തിരിച്ചെത്തിയാല്‍ സുരക്ഷിതനായിരിക്കുമോ എന്ന് അന്വേഷിക്കാനായി സഹോദരനെ തിരിച്ചയച്ചു.

അനിയന്റെ ആഗമനവും പ്രതീക്ഷിച്ചിരുന്ന കഅബിനെ തേടിയെത്തിയത്‌ അനിയനും പ്രവചകന്റെ അനുയായി എന്ന വാര്‍ത്ത ആയിരുന്നു. വേഷപ്രഛന്നനായി അദ്ദേഹം മദീനയിലെത്തി. ചുറ്റുമിരിക്കുന്ന ശിഷ്യര്‍ക്കിടയിലെ പൂര്‍ണ്ണചന്ദ്രനായ നബിതിരുമേനി(സ)യുടെ തൊട്ടടുത്ത്‌ തന്നെ കഅബ്‌ സ്ഥനം പിടിച്ചു. ആ വാക്കുകള്‍ സശ്രദ്ധം ശ്രവിക്കവേ ഇടയ്ക്ക് എപ്പോഴോ കഅബിന്റെ മനസ്സിലും നബിതിരുമേനി(സ) അധ്യാപനങ്ങള്‍ സ്വാധീനം ചെലുത്തി... അത് ചോദ്യമായി പുറത്ത് വന്നു... "അങ്ങ് കഅബ് ബ്‌നു സുഹൈറിനും മാപ്പ്‌ നല്‍കുമോ.. ?"

"എന്ത്‌ കൊണ്ട്‌ മാപ്പ് നല്‍കാതിരിക്കണം." എന്നായിരുന്നു പ്രവാചകന്റെ (സ) മറുചോദ്യം... പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു... "ഞാനാണ്‌ നബിയേ... ആ കഅബ്‌". ശബ്ദത്തിന്റെ ഉടമയെത്തേടി മുഖം തിരിച്ചപ്പോഴേക്കും ആ കവി ഹൃദയം ഉരുകിയൊലിച്ചിരുന്നു... അറബി ഭാഷയുടെ സൌന്ദര്യം ആവാഹിച്ച പദങ്ങളാല്‍ കോര്‍‌ത്തെടുത്ത കാവ്യത്തിന് അവിടെ തുടക്കമായി... നനഞ്ഞ കണ്‍പീലികളോടെ കഅബ്‌ കവിത ചൊല്ലവെ പ്രവാചകനും(സ) ശിഷ്യരും ശിരസ്സ് താഴ്‌ത്തി ആസ്വദിക്കുന്നുണ്ടായിരുന്നു.

ആയിരത്തി നനൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രചിക്കപ്പെട്ട ആ കവിത... ഇന്നും മരുഭൂമിയുടെ വിജനതയെ സജീവമാക്കുന്നു. വിരഹതീവ്രത ഗര്‍ഭം ധരിച്ച വാക്കുകള്‍... വരികളില്‍ തെളിയുന്ന പ്രേയസിയുടെ മനസ്സും അവള്‍ക്കായി തുടിക്കുന്ന ഹൃദയത്തിലെ അടങ്ങാത്ത പ്രണയവും... വിരഹത്തില്‍ ജനിക്കുന്ന സ്നേഹത്തിന്റെ ഓര്‍മ്മകള്‍... പാടികൊണ്ടിരിക്കേ സഖിയുടെ സ്ഥാനത്ത്‌ പ്രവാചകരാവുന്നു(സ)... അവരോടുള്ള ഇഷ്ടം കവിയുടെ ഹൃദയത്തെ ചൂട്ട്‌ നീറ്റുന്നു... വരികളായി ആ വൃദ്ധന്റെ പരുക്കന്‍ സ്വരം ഇഴ നെയ്യുമ്പോള്‍ ശരീരം പെരുത്തു... കണ്ണുകളില്‍ നിറഞ്ഞ സ്നേഹം കവിളുകളില്‍ ഉരുണ്ടൊഴുകി. കവിത കഴിഞ്ഞപ്പോള്‍ പ്രവാചക തിരുമേനി(സ) തന്റെ മേല്‍മുണ്ടെടുത്ത്‌ കഅബിന് സമ്മാനമായി നല്‍കി... ഏറ്റവും മൂല്ല്യം കൂടിയ ഒരു പൊന്നാട...

കവിതയിലൂടെ എന്റെ മനസ്സും സഞ്ചരിച്ച് കൊണ്ടിരുന്നു... പതിനാല് നൂറ്റാണ്ട് മുമ്പ് പ്രവാചക(സ)സന്നിധിയില്‍ വിരിഞ്ഞ ക‌അബിന്റെ ശബ്ദത്തിന്റെ അവസാന വരികളിലൂടെ പരുക്കന്‍ സ്വരം വീണ്ടും വീണ്ടും സഞ്ചരിക്കുന്നു... ഒട്ടകത്തിന്റെ താളവും വേഗത്തിലായി... ലക്ഷ്യത്തിലെത്താനുള്ള ആര്‍ത്തിയോടെ മണല്‍കൂനകള്‍ അത് ചവിട്ടിത്തള്ളി...