Wednesday, May 21, 2008

സ്പഷ്ടമായ വിജയം ...

ഇരുപത്തിനാല്

മടക്കയത്രയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാ‍ക്കി... സമയ വേഗത കൂടുതലാണ് മദീനയില്‍... സഈദിന്റെ വീട്ടില്‍ നിന്ന് പ്രാതല്‍ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ എന്നെ അലട്ടിയിരുന്നത് ആ മടക്കയാത്ര തന്നെയായിരുന്നു. കാത്തുകാത്തിരുന്ന് ലഭിച്ച സൌഭാഗ്യം നിമിഷങ്ങള്‍ക്കകം നഷ്ടമാവുന്നവന്റെ വേദന‍.... ഈ സ്നേഹാന്തരീക്ഷവുമായി താദാത്മ്യപ്പെട്ട മനസ്സിനെ പെട്ടന്ന് പറിച്ചെടുക്കാന്‍ വിധിക്കപ്പെട്ടവന്റെ വ്യാകുലത... ഈ മണ്ണ് ചരിത്രത്തിലെ അത്യപൂര്‍വ്വ നിമിഷങ്ങള്‍ എനിക്കായി പങ്ക് വെച്ചിട്ടുണ്ട്. ഈ തെരുവുകള്‍ ഗതകാല സുകൃതങ്ങളുമായി എന്നെ കൂട്ടിയിണക്കിയിട്ടുണ്ട്... ഈ അന്തരീക്ഷം മനസ്സിന് സമാധാനത്തിന്റെ കുളിര്‍മഴ സമ്മാനിച്ചിട്ടുണ്ട്. യാത്ര ചെയ്തെത്തുമ്പോള്‍ ഈ നഗരം ഏറ്റവും വലിയ പ്രേരണയായിരുന്നെങ്കില്‍ യാത്രപറയുമ്പോള്‍ മറക്കാനാവാത്ത വികാരമായിരിക്കുന്നു. ‘മദീന’ എന്ന്‍ കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മകളുടെ തടയിണ പൊട്ടും... കണ്ണുകളില്‍ നനവ് പടരും... ഇങ്ങനെ ഈ തരിശ് ഭൂമി മനസ്സില്‍ കുരുങ്ങിക്കിടക്കുമ്പോള്‍... ‘ഒരു യാത്ര വാചകം‍‘ ചോദ്യമായി അവശേഷിക്കുന്നു.

തൊട്ടപ്പുറത്ത് ഇരിക്കുന്ന സഈദിന്റെ മുഖത്തും രണ്ട് ദിവസം കൊണ്ട് പടുത്തുയര്‍ത്തിയ ഒരു സൌഹൃദത്തിന്റെ വേരറ്റുപ്പോവുന്നതിന്റെ സങ്കടമുണ്ട്. ചരിത്രത്തിന്റെ ഏടുകളുമായി എപ്പോഴും വാചലമാവാറുള്ള സഈദ് പൂര്‍ണ്ണ നിശ്ശബ്ദനായിരിക്കുന്നു. ഒരേ ബിന്ദുവില്‍ കണ്ണ് നട്ടിരിക്കുന്ന ഇസ്മാഈലിന്റെ മുഖത്തെ നിസംഗതയും നനഞ്ഞ കണ്ണുകളും എന്നോട് പറയേണ്ട വചകങ്ങള്‍ ഒരുക്കുകയാവും... കരുത്തുള്ള ശബ്ദവും സുന്ദരമായ ഭാഷയും കാരുണ്യത്തോടെയുള്ള പെരുമാറ്റവും... ഇസ്മാഈല്‍ ഈ വൃദ്ധനെ ഒരിക്കലും മറക്കാനാവില്ല... ആ പരുക്കന്‍ സ്വരത്തിലൂടെയായിരുന്നു ഈ നാടിന്റെ ചരിത്രത്തിലേക്ക് സഞ്ചരിച്ചത്. സ്വതസിദ്ധമായ ശൈലിയില്‍ ചരിത്രത്തിന്റെ നീക്കിയിരുപ്പുകള്‍ അദ്ദേഹം പരിചയപ്പെടുത്തുമ്പോള്‍ അത് നൂറ്റാണ്ടുകളിലേക്കുള്ള യാത്രയായിരുന്നു.

ഇന്നത്തെ പ്രാതല്‍ സമയവും സഈദ് സംസാരിച്ച വിഷയം മദീനയുടെ ഭൂതകാലമായിരുന്നു. ബദ്ധശ്രദ്ധരായി അത് ശ്രദ്ധിക്കുന്ന ഞങ്ങളെ പോലും മറന്നാണ് ആ മദീനക്കാരന്‍ ഗതകാലത്തിലേക്ക് നടന്നത്. സംസാരം തുടങ്ങിയത് ഹുദൈബിയ സന്ധിയെക്കുറിച്ച് പറഞ്ഞായിരുന്നു. നബിതിരുമേനിയും(സ) മക്കക്കാരും ഒപ്പ് വെച്ച ഒരു സന്ധി... ഒറ്റവായനയില്‍ മുസ് ലിങ്ങള്‍ക്ക് പൂര്‍ണ്ണമായും എതിരാണെന്ന് ആരും വിധിയെഴുതുന്ന വിധമുള്ള വ്യവസ്ഥകളായിരുന്നു ‘ഹുദൈബിയ സന്ധി‘ യില്‍ അധികവും...

പുണ്യറസൂലും(സ) അനുചരന്മാരും മക്കയില്‍ നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയിട്ട് വര്‍ഷം ആറ് കഴിഞ്ഞു. ‘മക്ക’ എന്ന തങ്കളുടെ ജന്മ ദേശത്തിലേക്ക് തിരിച്ചെത്തുക എന്നതിലുപരി എല്ലാ ദിവസങ്ങളിലും അഞ്ച് നേരം തിരിഞ്ഞ് നിസ്കരിക്കുന്ന കഅബാലയം സന്ദര്‍ശിക്കുക എന്നത് മുസ്ലിങ്ങളുടെ മോഹമായിരുന്നു. മുസ്ലിങ്ങളൊഴിച്ച് ബാക്കി ആര്‍ക്ക് വേണമെങ്കിലും കഅബാ സന്ദര്‍ശനത്തിന് മക്കക്കാര്‍ അനുവാദം നല്‍കിയിരുന്നു. നബി തിരുമേനി(സ) മക്കയില്‍ തന്റെ പ്രതിനിധിയായി അബ്ദുല്ലാഹിബ്നു ഉമ്മുമക്തൂമിനെ ഏല്‍പ്പിച്ച് നിരായുധരായ (അറബികള്‍ യാത്രയില്‍ കൂടെ കരുതാറുള്ള സാധാരണ ആയുധങ്ങള്‍ ഉണ്ടായിരുന്നു) അയിരത്തി നാനൂറ് അനുയായികളുമായി ഉംറ നിര്‍വ്വഹിക്കുന്നതിന് വേണ്ടി മക്കയിലേക്ക് പുറപ്പെട്ടു.

തികച്ചും സമാധാനപരമായി തീര്‍ത്ഥാടനം കഴിച്ച് തിരിച്ച് പോരുകയായിരുന്നു ആ യാത്രയുടെ ഉദ്ദ്യേശ്യം. പക്ഷേ ഈ വിവരം മക്കകാര്‍ അറിഞ്ഞു.. മുസ്ലിങ്ങള്‍ മക്കയില്‍ കയറുന്നത് തടയാന്‍ ‘ഇക് രിമ, ഖാലിദ് ബ്നു വലീദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു സംഘം ‘ദൂതുവാ’ യില്‍ താവളമിടിച്ചു. ‘ഉസ്ഫാനി‘ ല്‍ വെച്ചാണ് മുസ് ലിങ്ങള്‍ ഈ വിവരം അറിഞ്ഞത് . ഒരു യുദ്ധം ആഗ്രഹിക്കാത്തത് കൊണ്ട് തന്നെ ‘അസ് ലം’ ഗോത്രക്കാരന്റെ സഹായത്തോടെ മറ്റൌരു ദുര്‍ഘടമായ വഴിയിലൂടെ യാത്ര തുടര്‍ന്ന സംഘം ‘ഹുദൈബിയ’ യില്‍ താവളമടിച്ചു.

ഖുറൈശികളുടെ നിര്‍ദ്ദേശപ്രകാരം ‘ഖുസാ‍ അ’ ഗോത്രക്കരുടെ കൂടെ ‘ബുദൈല്‍ ബിന്‍ വറഖ‘ മുസ് ലിം സംഘത്തെ സന്ദര്‍ശിച്ചു. പ്രവാചകനും സംഘവും സമാധാന പരമായി ഉംറ നിര്‍വ്വഹിക്കാനാണ് വന്നിരിക്കുന്നെത് ബോധ്യമായ അദ്ദേഹം അത് ഖുറൈശികളെ അറിയിച്ചു. പക്ഷെ അത് സ്വീകരിക്കാന്‍ മടിച്ച ഖുറൈശികള്‍ മറ്റൊരു പ്രതിനിധിയായ ‘ഹുലൈസും’ പ്രതിനിധിയായി അയച്ചു. അദ്ദേഹം താവളം സന്ദര്‍ശിച്ച് തീര്‍ത്ഥാടനം മാത്രമാണ് മുസ് ലിങ്ങളുടെ ലക്ഷ്യം എന്ന് ഖുറൈശികളെ അറിയിച്ചു. പിന്നീട് ഖുറൈശികള്‍ നിയോഗിച്ച മൂന്നമത്തെ പ്രതിനിധി ‘ഉര്‍വ്വ’യും മുസ്ലിം ക്യാമ്പ് സന്ദര്‍ശിച്ച് സംതൃപ്തനായി തിരിച്ച് പോയി.

ഖുറൈശികളുടെ മറുപടി ലഭിക്കാതിരുന്നപ്പോള്‍ നബി തിരുമേനി ഒരു ദൂതനെ മക്കയിലേക്ക് നിയോഗിച്ചു. പക്ഷേ ഖുറൈശികള്‍ ദൂതന്റെ ഒട്ടകത്തെ കഴുത്തറുത്ത് കൊന്നു. ‘അഹാബീഷ്’ എന്ന ഗോത്രം ഇടപെട്ടത് കൊണ്ട് മാത്രമയിരുന്നു അദ്ദേഹത്തിന്റെ ജീവന്‍ തിരിച്ച് കിട്ടിയത്. ഇതിന് ശേഷം ഖുറൈശി സംഘത്തിലെ ചിലര്‍ മുസ് ലിം കൂടാരത്തിലേക്ക് കല്ലേറ് നടത്തി. അമ്പതോളം വരുന്ന അവരെ പിടിക്കൂടിയെങ്കിലും നബി തിരുമേനി(സ) മാപ്പ് നല്‍കി വിട്ടയച്ചു.

നബിതിരുമേനി(സ) തന്റെ അനുയായികളില്‍ പ്രധാനിയായ ഉസ്മാനുബ് നു അഫ്ഫാനെ (റ) വീണ്ടും മക്കയിലേക്ക് ദൂതനായി നിയോഗിച്ചു. വഴി മധ്യ ‘അബാബ് ബിന്‍ സഈദ്‘ എന്ന മക്കകാരന്‍ ഉസ്മാന് (റ) സംരക്ഷണം ഉറപ്പ് നല്‍കുകയും ചെയ്തു. നബിതിരുമേനി(സ)യും സംഘവും സമാധാന പൂര്‍വ്വം ഉംറ നിര്‍വ്വഹിച്ച് തിരിച്ച് പോവും എന്ന് ഖുറൈശികളെ ബോധ്യപ്പെടുത്താന്‍ ഉസ്മാന്‍(റ) പരമാവധി ശ്രമിച്ചു. പക്ഷെ അത് അസാധ്യമാണെന്നായിരുന്നു ഖുറൈശികളുടെ മറുപടി. ഉസ്മാനുമായുള്ള ചര്‍ച്ച നീണ്ട് പോയി. ഉസ്മാന്റെ മടക്കം വൈകിയപ്പോള്‍ മുസ് ലിങ്ങള്‍ക്കിടയില്‍ ‘ ഉസ്മാന്‍ കൊല്ലപ്പെട്ടിരിക്കുന്നു’ എന്ന് വാര്‍ത്ത പ്രചരിച്ചു. ഇത് അറിഞ്ഞതോടെ അനുയായികള്‍ ഒന്നടങ്കം നബി തിരുമേനിയുടെ പിന്നില്‍ മരണം വരെ ഉറച്ച് നില്‍ക്കുമെന്നും ഉസ്മാന(റ)ന്റെ രക്തതിന് പകരമായി യുദ്ധത്തിന് തയ്യാറാണെന്നും പ്രതിജ്ഞ ചെയ്തു. ഇതാണ് ചരിത്ര ‘ബൈഅത്തു രിദ് വാന്‍‘ ( ‘രിദ് വാന്‍‘ പ്രതിജ്ഞ) എന്ന് അറിയപ്പെടുന്നത്.

ഈ വിവരങ്ങള്‍ അറിഞ്ഞ ഉടന്‍ ഉസ്മാന്‍ തിരിച്ചെത്തി... മുസ്ലിങ്ങള്‍ സന്തോഷിച്ചു. അങ്ങനെ ഒരു ഘട്ടത്തിലാണ് മുസ്ലിങ്ങള്‍ക്കും ഖുറൈശികള്‍ക്കും ഇടയില്‍ അനുരജ്ഞനത്തിന്റെ വഴി തുറന്നത്. ഖുറൈശി പ്രതിനിധിയായി ‘സുഹൈല്‍ ബിന്‍ അംറ്‘ സന്ധി സംഭാഷണത്തിനെത്തി. ഖുറൈശികളുടെ കര്‍ക്കശമയ നിലപാടുകള്‍ സൌമ്യമായി മറുപടി പറയുകയും അതില്‍ പലതും നബി തിരുമേനി അംഗീകരിക്കുകയും ചെയ്തു. ദിര്‍ഘമായ സംഭഷണങ്ങളുടെ അവസാനം സന്ധി വ്യവസ്ഥകള്‍ ഇങ്ങനെ നിലവില്‍ വന്നു.

1. മുസ് ലിങ്ങളും ഖുറൈശികളും തമ്മില്‍ പത്ത് വര്‍ഷത്തിന് യുദ്ധം ഉണ്ടാവില്ല.
2. ഈ വര്‍ഷം മുസ് ലിങ്ങള്‍ മടങ്ങിപ്പോകണം. അടുത്തവര്‍ഷം മക്കയില്‍ (നിരായുധരായി - യാത്രയില്‍ കൂടെ കരുതാറുള്ള ആയുധങ്ങള്‍ ആവാം) മൂന്ന് ദിവസം തമസിച്ച്, ഉംറ നിര്‍വ്വഹിച്ച് തിരിച്ച് പോവാം.
3. ഖുറൈശികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇഷ്ടമുള്ള ഗോത്രങ്ങളുമായി സന്ധി ചെയ്യാം.
4. ഖുറൈശികളുടെ ഭാഗത്ത് നിന്നും രക്ഷിതാക്കളുടെ അനുവാദമില്ലാതെ ആരെങ്കിലും മദീനയില്‍ അഭയം തേടിയാല്‍ അവരെ തിരിച്ചയക്കണം. എന്നാല്‍ മുസ് ലിം പക്ഷത്ത് നിന്നും ആരെങ്കിലും മക്കയില്‍ വന്ന് അഭയം തേടിയാല്‍ അവരെ തിരിച്ചയക്കേണ്ടതില്ല.പ്രത്യക്ഷത്തില്‍ ഈ സന്ധി മുസ് ലിങ്ങള്‍ക്ക് എതിരായിരുന്നു. എന്നിട്ടും അനുയായികള്‍ മുഴുവന്‍ ആ നേതാവിനെ അനുസരിച്ചു. വിശുദ്ധഖുര്‍ആന്‍ ഈ സന്ധിയെ വിശേഷിപ്പിച്ചത് സ്പഷ്ടമായ വിജയം എന്നായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഹുദൈബിയ സന്ധി സ്പഷ്ടമായ വിജയമായിരുന്നു എന്ന് വ്യക്തമാവാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. ഇസ് ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്നാണ് പില്‍കാലത്ത് അബൂബക്കര്‍ സിദ്ധീഖ് ഈ സന്ധിയെ വിശേഷിപ്പിച്ചത്.

ഈ സമയത്ത് ഒരാള്‍ നബിതിരുമേനി(സ)യേയും സംഘത്തേയും അന്വേഷിച്ചെത്തി. അത് ഖുറൈശികള്‍ക്ക് വേണ്ടി സന്ധിയില്‍ ഒപ്പ് വെച്ച ‘സുഹൈലുബ്നു അംറി‘ന്റെ പുത്രന്‍ ‘അബൂ ജന്‍ദല്‍‘ ആയിരുന്നു. നബി തിരുമേനി(സ)യെ പ്രവാചകനായി അംഗീകരിച്ചത് കാരണം കുടുബത്തിന്റെ തടവില്‍ കഴിയുകയായിരുന്നു അദ്ദേഹം. മക്കാ അതിര്‍ത്തിയില്‍ നബിതിരുമേനി(സ)യും സംഘവും എത്തിയിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍, മദീനയിലേക്ക് രക്ഷപ്പെടാന്‍ ഖുറൈശികളുടെ കണ്ണ് വെട്ടിച്ച് കല്‍ ചങ്ങലയോടെ എത്തിയതായിരുന്നു അബൂജന്‍ദല്‍ (റ)‍. ശരീരത്തിലെ മര്‍ദ്ദനങ്ങളുടെ പാടുകള്‍ കാണിച്ച് ‘ഞാനും മദീനയിലേക്ക് വരാം റസൂലേ(സ)... ഈ കൊടിയ മര്‍ദ്ദനങ്ങള്‍ സഹിക്കാനാവുന്നില്ല...’ എന്ന് അദ്ദേഹം വിലപിച്ചു. ഈ അവസ്ഥ കണ്ട് അവിടെ കൂടിയവരുടെയും കണ്ണ് നിറഞ്ഞു. പക്ഷേ കരാറനുസരിച്ച് അദ്ദേഹത്തെ കൂടെ കൂട്ടാന്‍ സാധിക്കുമായിരുന്നില്ല... നബി തിരുമേനി (സ) അബൂ ജന്‍ദലിനെ ആശ്വസിപ്പിച്ചു... മക്കയിലേക്ക് തന്നെ തിരിച്ച് പോവാന്‍ ആവശ്യപ്പെട്ടു. അബൂ ജന്‍ദല്‍(റ) എന്ന പാവത്തിന്റെ മുടിയില്‍ ചുറ്റിപ്പിടിച്ച് മക്കയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുന്നത് അവിടുന്നും(സ) അനുയായികളും നിറകണ്ണുകളോടെ നോക്കി നിന്നു.

ഈ സന്ധി നിലവില്‍ വന്ന ഉടന്‍ ‘ഖുസാഅ’ ഗോത്രം മുസ് ലിങ്ങളുമായും ‘ബനൂ ബക്കര്‍‘ ഗോത്രം ഖുറൈശികളുമായും സഖ്യത്തിലേര്‍പ്പെട്ടു. ദീര്‍ഘകാലത്തേക്ക് യുദ്ധം ഇല്ല എന്ന കരാറ് വഴി കൂടുതല്‍ വിശാലമായി ഇസ് ലാമിക പ്രബോധനത്തിന് മുസ് ലിങ്ങള്‍ക്ക് അവസരം ലഭിച്ചു. കൂടാതെ അത് വരെ ശത്രുതയോടെ പരസ്പരം കണ്ടിരുന്ന രണ്ട് വിഭാഗങ്ങള്‍ അടുത്തിടപഴകി ജീവിക്കാന്‍ തുടങ്ങിയതോടെ പരസ്പരം പഠിക്കാനും മനസ്സിലാക്കാനും അവസരം ലഭിച്ചു. ആളുകള്‍ ഇസ് ലാമിലേക്ക് ഒഴുകി തുടങ്ങി.


സന്ധിവ്യവസ്ഥകളില്‍ ‘ഖുറൈശികളുടെ ഭാഗത്ത് നിന്ന് രക്ഷിതാക്കളുടെ അനുവാദം കൂടാതെ ആരെങ്കിലും മദീനയില്‍ അഭയം തേടിയാല്‍ അവരെ തിരിച്ചയക്കണം. എന്നാല്‍ മുസ് ലിം പക്ഷത്ത് നിന്നും ആരെങ്കിലും മക്കയില്‍ വന്ന അഭയം തേടിയാല്‍ അവരെ തിരിച്ചയക്കേണ്ടതില്ല.‘ എന്ന വ്യവസ്ഥയായിരുന്നു പ്രത്യക്ഷത്തില്‍ മുസ് ലിങ്ങള്‍ക്ക് ഏറ്റവും ക്ഷീണമുണ്ടാക്കിയിരുന്നത്. ഒരിക്കല്‍ അബൂബസീര്‍ എന്ന മക്കകാരന്‍ ഇസ് ലാം സ്വീകരിക്കുകയും അഭയം ആവശ്യപ്പെട്ട് മദീനയില്‍ എത്തുകയും ചെയ്തു... കരാറ് വ്യവസ്ഥ അനുസരിച്ച് നബിതിരുമേനി(സ) അദ്ദേഹത്തെ മദീനയില്‍ നിന്ന്‍ മടക്കി അയച്ചു. പക്ഷേ മക്കയിലേക്ക് പോകും വഴി രക്ഷപ്പെട്ട അബൂബസീര്‍ സിറിയയിലേക്കുള്ള മാര്‍ഗ്ഗത്തിലെ ‘ഈസ്’ എന്ന സ്ഥലത്ത് താമസം തുടങ്ങി. ഈ വിവരം അറിഞ്ഞ് മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യാന്‍ കഴിയാത്ത എഴുപതോളം ആളുകള്‍ ഈസിലെത്തി. സിറിയയിലേക്കുള്ള ഖുറൈശികളുടെ കച്ചവടസംഘത്തിന് ഇവര്‍ ഭീഷണിയായി തുടങ്ങി. ഇത് മനസ്സിലായപ്പോള്‍ ‘രക്തബന്ധത്തിന്റെ പേരില്‍ ഈ വ്യവസ്ഥ റദ്ദാക്കണം‘ ഖുറൈശികള്‍ മദീനയിലെത്തി. നബി തിരുമേനി അവരുടെ അഭ്യര്‍ത്ഥന സ്വീകരിച്ചു... ഈസില്‍ താവളമടിച്ചിരുന്ന മുസ് ലിങ്ങള്‍ കൂടി മദീനയില്‍ എത്തിച്ചേര്‍ന്നു.

ഈ കാലത്താണ് നബിതിരുമേനി(സ) അക്കാലത്തെ പ്രമുഖരായ ഭരണാധികരികള്‍ക്ക് കത്തുകള്‍ അയച്ചത്. അന്നത്തെ വന്‍ശക്തികളായിരുന്ന റോമ(ബൈസാന്റിയ) ചക്രവര്‍ത്തിയായ ഹിറക്ലിയസ്സ് , പേര്‍ഷ്യന്‍ ചക്രവര്‍ത്തി കോസ് റോസ് എന്നിവരേയും കൂടാതെ ഈജിപ്ത് ഭരണാധികാരി മുഖൌഖിസ്, എത്യോപ്യ ഭരണാധികാരി നേഗസ് എന്നിവരേയും ഇസ് ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തുകള്‍ പ്രത്യക ദൂതന്മാര്‍ വശം നബിതിരുമേനി(സ) കൊടുത്തയച്ചു. നിരക്ഷരനായിരുന്ന നബി തിരുമേനി പറഞ്ഞ് എഴുതിച്ച കത്തുകള്‍ക്ക് താഴേ അവിടുന്നിന്റെ കയ്യിലെ മോതിരം ഉപയോഗിച്ച് സീല്‍ പതിപ്പിക്കുകയും ചെയ്തിരുന്നു .

ആ സന്ദേശങ്ങളില്‍ ചിലത് ഇന്നും സൂക്ഷിക്കപ്പെടുന്നുണ്ട്. അതില്‍ പെട്ട ഒന്നിന്റെ ചിത്രമാണിത്.ഹുദൈബിയ സന്ധികഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം തികയാറാവുന്ന സമയം നബിതിരുമേനിയും രണ്ടായിരം അനുയായികള്‍ അടങ്ങുന്ന സംഘവും കൂടി ഉം റക്ക് പുറപ്പെട്ടു. ഈ ഘട്ടത്തിലാണ് ഉഹദ് യുദ്ധത്തില്‍ മുസ് ലിങ്ങളെ പരാജയപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഖാലിദ് ബ് നു വലീദ് ‘ഞാന്‍ ഇസ്ലാം സ്വീകരിക്കുന്നു‘ എന്ന് വിളംബരം ചെയ്യുന്നത്. അബൂസുഫ് യാനടക്കം പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഖാലിദ് ഉറച്ച് നിന്നു. അദ്ദേഹം നബി തിരുമേനിയെ തേടി മദീനയിലെത്തി. വൈകാതെ ഖുറൈശി വാഗ്മി കൂടിയായിരുന്ന അംറു ബ്നു ആസും മദീനയിലെത്തി നബി തിരുമേനിയുടെ അനുയായി അയി മാറി...


നമുക്ക് മസ്ജിദുന്ന ബവിയിലേക്ക് പോവാം...’ അവിടെ നിന്നല്ലേ താങ്കള്‍ക്ക് തിരിച്ച് പോവേണ്ടത്... വേദന നിറഞ്ഞ സഈദിന്റെ സ്വരം... ഭാണ്ഡങ്ങളുമായി പതുക്കെ എഴുന്നേറ്റു.