Wednesday, May 9, 2007

ആഗ്രഹങ്ങള്‍... അനുഗ്രഹങ്ങള്‍.

നാല്

മേലെ കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങള്‍. നേരിയ ഹുങ്കാരത്തോടെ തണുത്തകാറ്റ്‌ ശരീരത്തിന്‌ കുളിരായി ഒഴുകുന്നു. ഉറക്കം യാത്ര പറഞ്ഞ കണ്ണുകളില്‍ മദീനയുടെ തെരുവുകള്‍ സ്വപ്നമായെത്താന്‍ തുടങ്ങി. അല്പം ശക്തിയില്‍ തണുത്ത കാറ്റ്‌ തലോടി കടന്ന് പോയി... ഞാനാറിയാതെ ചുണ്ടുകള്‍ക്ക്‌ പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ ജീവനായി. മനസ്സില്‍ കവിതകള്‍ വീണമീട്ടിയപ്പോള്‍ കണ്ണുകള്‍ സ്നേഹ സജലങ്ങളായി. മദീനയുടെ തെരുവുകളിള്‍ ഞാനും മജ്‌നുവായി...

ഒരു സഹയാത്രികന്‍ നടന്നടുക്കുന്നു. ഓരോ സ്ഥലത്തും സംഘം തമ്പടിക്കുമ്പോള്‍ യാത്രികര്‍ പരസ്പരം പരിചയപ്പെടാനും പരിചയം പുതുക്കാനും ആ അവസരങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്‌. ദൂരെ വെച്ച്‌ തന്നെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഞാന്‍ തിരിച്ചും.

ആ പരുക്കന്‍ കൈയില്‍ എന്റെ കൈ വിശ്രമിക്കവേ അദ്ദേഹം പറഞ്ഞു

"ഹേ... ഇന്ത്യയുടെ പ്രതിനിധീ നമുക്ക്‌ ഒരു സന്തോഷ വാര്‍ത്തയുണ്ട്‌."

എന്റെ കണ്ണിലെ ജിജ്ഞാസ അദ്ദേഹത്തിന്റെ പുഞ്ചിരിയായി. "നാളെ പ്രഭാതത്തിന്‌ മുമ്പ്‌ നാം പ്രവാചകരുടെ(സ) നഗരത്തില്‍ പ്രവേശിക്കും... ഇന്‍ഷാഅല്ല... ഇപ്പോള്‍ ഏകദേശം അതിര്‍ത്തിയിലാണ്‌ നാമുള്ളത്‌."

എന്റെ മനസ്സിനെ കയറൂരി വിട്ടു. മദീനയുടെ തെരുവുകള്‍ക്ക്‌ പറയാനുള്ള ഒരായിരം ചരിത്രങ്ങള്‍ക്ക്‌ എന്റെ കാതും മനസ്സും സജ്ജമാക്കി. സൂര്യതേജസ്സോടെ കടന്ന് വന്ന പ്രവാചകരെ(സ) ഇരുകൈകളും നീട്ടി സ്വീകരിച്ച ആ തെരുവുകള്‍ നാളെ എന്നേയും സ്വീകരിക്കും. ജന്മനാട്‌ ഉപേക്ഷിച്ചെത്തിയ പ്രവാചകര്‍ക്ക്‌(സ) വീടൊരുക്കാന്‍ മത്സരിച്ച മദീനക്കാരുടെ പിന്മുറക്കാരുമായി നാളെ എനിക്കും സംസാരിക്കാനാവും. ‘വാഹനമായ ഒട്ടകം എവിടെയാണൊ നില്‍ക്കുന്നത്‌ അവിടെ ഞാന്‍ താമസിക്കാം‘ എന്ന് ആ തര്‍ക്കത്തിന്‌ നബിതിരുമേനി(സ) തന്നെ പരിഹാരം നിര്‍ദ്ദേശിച്ചപ്പോള്‍ ഒട്ടകത്തിന്റെ കാലടികള്‍ക്കൊപ്പം തുടിക്കുന്ന മനസ്സുമായി നീങ്ങിയ ജനക്കൂട്ടത്തെ കണ്ട മദീനയുടെ മണല്‍ തരികള്‍ എനിക്കും മറക്കാനാവാത്ത അനുഭൂതി പകരും. വീടുകളുടെ വലുപ്പവും ഗാംഭീര്യവും ശ്രദ്ധിക്കാതെ ഒരു കൊച്ചു കൂരയുടെ മുമ്പില്‍ ഒട്ടകം നിന്നപ്പോള്‍ പ്രവാചകരുടെ(സ) ആതിഥേയനാവാന്‍ കഴിഞ്ഞതിന്റെ സന്തോഷം കണ്ണില്‍ നിറച്ചെത്തിയ അബൂഅയ്യൂബുല്‍ അന്‍സാരി(റ)യുടെ ഓര്‍മ്മകളുമായി സല്ലപിക്കാം. എന്റെ സ്വപ്നങ്ങളില്‍ മദീന മാത്രമായിരുന്നു. ചിതറിക്കിടക്കുന്ന മണല്‍ കുന്നുകള്‍ക്കുമപ്പുറം തല ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന ഉഹ്ദ് പര്‍വ്വതവും.

മരുഭൂമിയുടെ കൂരിരുട്ടില്‍ മാനം നോക്കി മലര്‍ന്ന് കിടക്കുമ്പോള്‍ വര്‍ഷങ്ങള്‍ വരുത്തിയ മാറ്റങ്ങളായിരുന്നു മനസ്സ്‌ നിറയെ. ഇന്ന് മദീനയ്ക്ക്‌ ആര്‍ഭാടത്തിന്റെ മുഖമാണെങ്കില്‍ അന്ന് ദാരിദ്ര്യത്തിന്റെ മുഖമായിരുന്നു. രാഷ്ട്രം സമ്പന്നമാവണം എന്നതിനപ്പുറം സമാധാനവും ശാന്തിയും സംസ്കാരവും ആണ്‌ ഒരു രാഷ്ട്രത്തിന്റെ സുസ്ഥിരതയ്ക്‌ ആധാരമെന്നായിരുന്നു പ്രവാചകന്റെ (സ) രാഷ്ട്ര സങ്കല്‍പ്പം. സ്ത്രീപുരുഷ വര്‍ഗ്ഗ വര്‍ണ്ണ വ്യത്യസങ്ങളില്ലാതെ ആര്‍ക്കും ആരെയും ഭയപ്പെടാതെ ജീവിക്കാവുന്ന ഒരു ഭരണവ്യവസ്ഥ. "നിശ്ചയം മനുഷ്യരെല്ലാം സഹോദരന്മാരണെന്നതിന്‌ ഞാന്‍ സാക്ഷി" എന്നത്‌ അവിടുന്നിന്റെ എല്ലാ ദിവസത്തേയും പ്രാര്‍ത്ഥനയുടെ ഭാഗമായിരുന്നു.

മദീനയുടെ ഭരണാധികാരിയായ പ്രവാചകന്റെ വീട്ടില്‍ മിക്ക ദിവസങ്ങളിലും മുഴുപട്ടിണിയായിരുന്നു. അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈത്തപ്പഴവും. മുഴുപ്പട്ടിണിയിലും അവിടുന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത്‌ "അല്ലാഹുവേ എന്നെ ദരിദ്രനായി ജീവിപ്പിച്ച്‌ ദരിദ്രനായി തന്നെ മരിപ്പിക്കേണമേ..." എന്നായിരുന്നു. ഒരിക്കല്‍ പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യാന്‍ വേണ്ടി കൂട്ടിയിട്ട ഈത്തപ്പഴക്കൂട്ടത്തില്‍ നിന്ന് മകളുടെ മകനായ ഹസന്‍ ഒന്നെടുത്ത്‌ വായിലിട്ടു. കുഞ്ഞിന്റെ വായില്‍ നിന്ന് ബലമായി ഈത്തപ്പഴം വലിച്ചെടുക്കുമ്പോള്‍ അവിടുന്ന് പഠിപ്പിച്ചു.. "മോനെ അന്യന്റെ സമ്പത്ത്‌ ആഗ്രഹിക്കരുത്‌... ആഹരിക്കരുത്‌. അത്‌ നിഷിദ്ധമാണ്‌.'

ഒരിക്കല്‍ ആ മദീനയുടെ ഭരണാധികാരി ജോലി അന്വേഷിച്ചിറങ്ങി. അനുയായികള്‍ അറിഞ്ഞാല്‍ ആ നിമിഷം തന്റെ വീട്‌ ഭക്ഷണം കൊണ്ട്‌ നിറയും എന്നറിയാവുന്ന പ്രവാചകര്‍ (സ) കുറച്ച്‌ ദൂരെ ഒരു ജൂതന്റെ തോട്ടത്തിലാണെത്തിയത്‌. കുറച്ച്‌ ഈത്തപ്പഴം പ്രതിഫലമായി തന്നാല്‍ ആ തോട്ടം മുഴുവന്‍ നനയ്കാം എന്നേറ്റു പ്രവാചകര്‍(സ). വെള്ളം കോരി ഓരോ മരച്ചുവടും നനച്ച്‌ തീരാറായപ്പോള്‍, വീട്ടിലെ കരയുന്ന മക്കളെ ഓര്‍ത്ത് ആവണം... അവിടുന്ന് ഇത്തിരി ധൃതികാണിച്ചു... പാത്രം കിണറ്റിലേക്ക്‌ വീണു.

അത് കണ്ട് കൊണ്ടാണ് തോട്ടത്തിന്റെ ഉടമസ്ഥന്‍ എത്തിയത്‌. അയാളുടെ കണ്ണുകള്‍ കോപം കൊണ്ട്‌ നിറഞ്ഞു... തിരുമേനിയുടെ കവിളില്‍ ആഞ്ഞടിച്ചു. പരുക്കന്‍ കൈകള്‍ മുഖത്ത്‌ വരച്ച തിണര്‍ത്ത പാടുകളില്‍ തലോടി‌ അവിടുന്ന് പറഞ്ഞു... "സഹോദരാ... പാത്രം ഞാന്‍ തന്നെ തിരിച്ചെടുത്ത്‌ തരാം... പക്ഷേ ഇക്കാരണത്താല്‍ എനിക്ക്‌ കൂലിയായി തരാമെന്നേറ്റ ഈത്തപ്പഴത്തില്‍ കുറവ്‌ വരരുത്‌. "മുഖത്തെ അടിയുടെ പാടും കൈകളില്‍ ഒരു പിടി ഈത്തപ്പഴങ്ങളുമായി വീട്‌ ലക്ഷ്യമാക്കി നടന്ന് നീങ്ങുന്ന ഇന്നത്തെ നൂറ് കോടി ജനങ്ങളുടെ നായകന്‍ മനസ്സിലെത്തി... ആ വ്യക്തിത്വ വിശുദ്ധിക്ക് മുമ്പില്‍ സലാത്തിന്റെ പൂക്കളുമായി ഞാനിരുന്നു.