Monday, January 28, 2008

ഹൃദയ ചഷകം.

പതിനെട്ട്.

വികാരഭരിതമായ അന്തരംഗവുമായി മാത്രമെ റൌദാശരീഫിനടുത്ത് നില്‍ക്കാനാവൂ. തുടികൊട്ടുന്ന മനസ്സിനകത്തെ സ്നേഹവികാരത്തിന്റെ വേലിയേറ്റം വരഞ്ഞിടാന്‍, ഭാഷയുടെ പരിധികളും പരിമിതികളും എന്നെ അശക്തനാക്കുന്നു... ചുറ്റും ഉയരുന്ന പതിനായിരങ്ങളുടെ ഇടറിയ സ്നേഹമര്‍മ്മരം എന്റെ ഉള്ളുരുക്കത്തിനും പുതിയ ഭാഷ്യം രചിച്ചിരുന്നു. പുണ്യറസൂലിനും(സ) അനുചരന്മാര്‍ക്കും ഞാന്‍ അഭിവാദ്യങ്ങളുടെ പൂമാല തീര്‍ത്തു.

ചരിത്രത്തിലെ മൂന്ന് വഴിവിളക്കുകളുടെ അന്ത്യവിശ്രമസ്ഥാനത്ത്, സ്നേഹം കുതിര്‍ന്ന കണ്ണുകളുമായി നില്‍ക്കുമ്പോള്‍, അവരുടെ കാല്‍പ്പാടുകളിലെ വെളിച്ചത്തിന്റെ കിരണങ്ങള്‍ ഓര്‍മ്മകളെ സജീവമാക്കി. നൂറ്റാണ്ട് പതിനഞ്ച് കഴിഞ്ഞിട്ടും മറവിയുടെ കര്‍ട്ടന് പിന്നില്‍ മറയാത്ത അതുല്യ വ്യക്തിത്വവിശുദ്ധികള്‍... പുണ്യറസൂലും (സ) ആ ലോകഗുരുവിന്റെ ശിക്ഷണത്തിന്റെ ഒന്നത്യം ജീവിതത്തിന്റെ വെള്ളിവെളിച്ചമാക്കിയ അബൂബക്കറും ഉമറും. ഗുരുവിന്റെ അധ്യാപനങ്ങള്‍ പകര്‍ന്ന നന്മകളുമായി, കാലത്തിന് മറക്കാനാവത്ത ഓര്‍മ്മകള്‍ സമ്മാനിച്ച് കടന്ന് പോയ പ്രവാചകശിഷ്യന്മാര്‍. ഈ മസ്ജിദുന്നബവിയില്‍ നന്മയുടെ പ്രകാശം പ്രസരിപ്പിച്ച, പ്രകാശ ഗോപുരമായ പുണ്യറസൂലിന്റെ തൊട്ടടുത്ത് തന്നെ അന്ത്യനിദ്രയും ലഭിച്ചു.

പ്രവാചക(സ)രും അബൂബക്കറും ഉമറും അവരുടെ ജീവിതവും ലോകത്തെ പഠിപ്പിച്ച അസംഖ്യം നന്മകള്‍ മനസ്സിന്റെ തിരശ്ശീലയിലൂടെ കടന്ന് പോയി. അതിലൊന്ന് മനുഷ്യവര്‍ഗ്ഗത്തിന് ദൈവീകമായി ലഭിച്ച ഔന്നത്യവും. ആ ഔന്നത്യം അളക്കാനുള്ള മാനദണ്ഡം സ്നേഹവും കാരുണ്യവും നിറഞ്ഞ മനസ്സിന്റെ ഉടമസ്ഥനാവുക എന്നതും ആണ്. ‘മനുഷ്യപുത്രനെ നാം ബഹുമാനിച്ചിരിക്കുന്നു.‘ എന്ന സൂക്തം ഉള്‍കൊള്ളുന്ന ഖുര്‍ആന്റെ ജീവിക്കുന്ന മാതൃകയായിരുന്നല്ലോ നബിതിരുമേനി(സ). വര്‍ണ്ണം, വര്‍ഗ്ഗം, ദേശം, ഭാഷ എല്ലാം മഹത്വത്തിന്റെ മാനദണ്ഡമാകുന്ന ഈ നൂറ്റാണ്ടിലും നബിതിരുമേനിയുടെ വീക്ഷണത്തിലെ മനുഷ്യ മഹത്വം അളക്കാനുള്ള മാനദണ്ഡം പ്രാധാന്യമര്‍ഹിക്കുന്നു. ‘മനുഷ്യവംശം അല്ലാഹുവിന്റെ കുടുംബമാണ്. അപരന് നന്മ ചെയ്യുന്നവനാണ് തന്റെ കുടുബത്തില്‍ വെച്ച് അവന് ഏറ്റവും പ്രിയപ്പെട്ടവന്‍’ എന്ന പ്രവാചക വചനവും, ‘മറ്റുള്ളവരോട് കരുണ കാണിക്കുന്നവര്‍ക്കാണ് ഏറ്റവും ദയാപരനായ ദൈവം കരുണ്യം ചൊരിഞ്ഞ് നല്‍കുന്നത്. ഭൂമിയിലുള്ളവരോട് നിങ്ങള്‍ അനുകമ്പ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളെ അനുഗ്രഹിക്കും‘ എന്ന പ്രവാചക വചനവും ഇതോട് ചേര്‍ത്ത് വായിക്കേണ്ടത് തന്നെ. പ്രവാചകര്‍(സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ തടിച്ച് കൂടിയ ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം അനുയായികളോട് ഇത് ഇങ്ങനെ വ്യക്തമാക്കി.. “മനുഷ്യ സമൂഹമേ... നിങ്ങളുടെ ദൈവം ഒന്ന്. പിതാവും ഒന്ന്. നിങ്ങളെല്ലാം ആദമിന്റെ മക്കള്‍. ആദമോ മണ്ണില്‍ നിന്നും. ദൈവത്തിന്റെ മുമ്പില്‍ നിങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ടന്‍ ഏറ്റവും വലിയ സല്‍സ്വഭാവിയാണ്. ഒരു അറബിക്കും അനറബിയുടെ മേല്‍ ദൈവഭക്തി കൊണ്ടല്ലാതെ ഒരു ശ്രേഷ്ഠതയുമില്ല.” ഒരൊറ്റ ദൈവം എന്ന ആത്മീയ ഏകത്വവും ഒരു പിതാവിന്റെ സന്തതികള്‍ എന്ന ‘പൊതുപിതൃത്വ’വും നല്‍കുന്ന ഏകമാനവികതയുടെ പാഠങ്ങളാണ് ആ വാക്കുകളില്‍ നിറഞ്ഞ് നിന്നത്.

ആരാധന കേവലം ചടങ്ങുകളില്‍ ഒതുക്കാതെ മുഴുജീവിതവും ആരാധനയുടെ പരിധിയില്‍ പെടുത്തി ഇസ് ലാം. അതിനാല്‍ സാമൂഹ്യ സേവനങ്ങളും സല്‍പ്രവര്‍ത്തനങ്ങളും ജീവകാരുണ്യപരാമായ എന്തും ആരാധനയാണ്. “പകല്‍ നോമ്പനുഷ്ഠിക്കുകയും രാത്രി നിന്നു നമസ്കരിക്കുകയും ദൈവീക മാര്‍ഗ്ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് പോലെയാണ് അഗതികളെയും വിധവകളെയും സംരക്ഷിക്കുന്നത്’ എന്ന് നബി തിരുമേനി(സ) ഒരിക്കല്‍ പറയുകയുണ്ടായി. അനസ് എന്ന പ്രവാചക അനുയായി പറയുകയുണ്ടായി... ‘നബിതിരുമേനിയോടൊപ്പം ഞങ്ങള്‍ ഒരു യാത്രയിലായിരുന്നു. ഞങ്ങളില്‍ ചിലര്‍ക്ക് നോമ്പുണ്ടായിരുന്നു... ചിലര്‍ക്ക് ഉണ്ടായിരുന്നില്ല. ചൂടുള്ള ഒരു ദിവസം സംഘം ഒരിടത്ത് നിന്നു. കയ്യില്‍ പുതപ്പുള്ളവര്‍ക്ക് കൂടുതല്‍ തണല്‍ കിട്ടി... ചിലര്‍ കൈപത്തികൊണ്ട് വെയില്‍ തടഞ്ഞു... (ചൂടും ക്ഷീണവും കാരണം) നോമ്പുകാര്‍ വീണുപോയി. പക്ഷേ നോമ്പില്ലാത്തവര്‍ ടെന്റ് പണിതു... ഒട്ടകങ്ങള്‍ക്ക് തീറ്റയും വെള്ളവും നല്‍കി. ഇത് കണ്ട് നബി തിരുമേനി പറഞ്ഞു... “നോമ്പില്ലാത്തവര്‍ ഇന്ന് പുണ്യം മുഴുവന്‍ കരസ്ഥമാക്കി.”

ഈയൊരു ജീവിതപാഠം ഉള്‍കൊണ്ടവാരായിരുന്നു പ്രവാചക ശിഷ്യന്മാരും... മനുഷ്യനെ അളക്കുന്നതിന് അവരുടെ മാനദണ്ഡം പള്ളിയിലെ പ്രാര്‍ത്ഥയിലെ സാന്നിധ്യമോ വേഷഭൂഷാധികളോ ആയിരുന്നില്ല. ഒരിക്കല്‍ ഖലീഫ ഉമറി(റ)ന്റെ മുമ്പില്‍ എന്തോ കാര്യത്തിന് സാക്ഷിനില്‍കാന്‍ ഒരാളെത്തി. അയാളുടെ സാക്ഷി മൊഴി സ്വീകരിക്കുന്നതിന് മുമ്പ് ‘താങ്കളെ കുറിച്ച് അറിയാവുന്ന ഒരാളെ കൊണ്ടുവരൂ...’ എന്ന് ഉമര്‍(റ) അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം ഒരാളുമായി ഉമറി(റ)ന്റെ അടുക്കലെത്തി... വന്നയാള്‍ അദ്ദേഹത്തെ പുകഴിത്തി സംസാരിച്ച് തുടങ്ങി... സംസാ‍രത്തിനിടയില്‍ ഇടപ്പെട്ട് ഉമര്‍ (റ) അന്വേഷിച്ചു..
“ഇദ്ദേഹത്തിന്റെ എല്ലാ രഹസ്യങ്ങളും അറിയുന്ന അയല്‍വാസിയാണോ താങ്കള്‍...?”
“അല്ല” എന്നായിരുന്നു മറുപടി.
“ഇദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാവുന്ന വല്ല യാത്രയിലും താങ്കള്‍ പങ്കാളിയായിട്ടുണ്ടോ... ?“
“ഇല്ല”
“ഇദ്ദേഹത്തിന്റെ സൂക്ഷ്മത മനസ്സിലാക്കാവുന്ന വല്ല സാമ്പത്തിക ഇടപാടും താങ്കള്‍ നടത്തിയിട്ടുണ്ടോ... ?“
“ഇല്ല”
“മസ്ജിദില്‍ ഖുര്‍ആന്‍ ഉരുവിട്ട് ശിരസ്സ് ഉയര്‍ത്തിയും താഴ്ത്തിയും ഇദ്ദേഹം നമസ്കരിക്കുന്നത് താങ്കള്‍ കണ്ടിരിക്കും അല്ലേ.. ?“
“അതെ”
ഉമറ് (റ) അദ്ദേഹത്തോട് പറഞ്ഞു.. “പോവാം.. താങ്കള്‍ക്ക് ഇദ്ദേഹത്തെക്കുറിച്ച് ഒന്നും അറിയില്ല“ എന്ന് പറഞ്ഞ് തിരിച്ചയച്ചു.” ആദ്യത്തെയാളോട് “താങ്കളെ അറിയുന്ന ആരെയെങ്കിലും കൂട്ടികൊണ്ട് വരൂ..” എന്ന് വീണ്ടും ആവശ്യപ്പെട്ടു.

റൌദാശരീഫിന്റെ തൊട്ടടുത്ത് ഈ മഹാ വ്യക്തിത്വങ്ങളെ അഭിവാദ്യം ചെയ്ത് പതുക്കെ നീങ്ങുന്ന ജനക്കൂട്ടത്തിനിടയിലൊരാളായി ഞാനും പുറത്തേക്ക് നടന്ന് തുടങ്ങി...

ഇസ് ലാം സ്വീകരിക്കും മുമ്പ് തന്നെ സ്വഭാവത്തില്‍ ഉന്നത മൂല്യം സൂക്ഷിച്ചിരുന്നു അബൂബക്കര്‍. അത് കൊണ്ട് തന്നെയാണ് അല്‍ അമീന്റെ ഏറ്റവും അടുത്ത സുഹൃത്തായതും, ‘അല്ലാഹു എന്നോട് ജനങ്ങളെ ഈ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കാന്‍ കല്‍പ്പിച്ചിരിക്കുന്നു’ എന്ന് നബി തിരുമേനി പറഞ്ഞപ്പോള്‍ ആദ്യ വിശ്വാസിയായതും ഈ സൌഹൃദത്തിന്റെ അനുരണം തന്നെ. മക്കയിലായിരുന്നപ്പോള്‍ എല്ലാദിവസവും രാവിലെയും വൈകുന്നേരവും നബി തിരുമേനി അബൂബക്കറെ സന്ദര്‍ശിക്കുമായിരുന്നു. മദീനയില്‍ എത്തിയപ്പോള്‍ അബൂബക്കര്‍ രാത്രി വൈകും വരെ നബിതിരുമേനിയുടെ വീട്ടിലും തങ്ങുമായിരുന്നെത്രെ.

അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ആ ആ ലോകഗുരുവിന്റെ ഈ രണ്ട് ശിഷ്യന്മാര്‍... നബി തിരുമേനിയുടെ മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അബൂബക്കറിന്റെ കുടുംബ സഹായം ഉണ്ടായി. ആ യാത്രയെ കുറിച്ച് അറിയുന്നവര്‍ അബൂബക്കര്‍, മക്കളായ അബ്ദുല്ല്ല, ആയിശ, അസ്മ, ജോലിക്കാരനായ ആമിറുബ് നു ഫുഹൈറ എന്നിവരായിരുന്നു. അബൂബക്കര്‍ പുണ്യറസൂലിന്റെ സഹയാത്രികനായി... അബ്ദുല്ലയാണ് മൂന്ന് ദിവസം സൌറ് ഗുഹയില്‍ താമസിക്കുമ്പോള്‍, അവരെ പിടികൂടാന്‍ വേണ്ടിയുള്ള മക്കക്കാരുടെ നീക്കങ്ങള്‍ രഹസ്യമായി അറിഞ്ഞ് പുണ്യറസൂലിനെയും അബൂബക്കറേയും അറിയിച്ചത്. ഗുഹയ്ക്കടുത്ത് മേയ്ക്കാനെത്തുന്നപ്പോലെ ഒരു കൂട്ടം ആടുകളുമായെത്തുന്ന ആമിര്‍ അവര്‍ക്ക് വേണ്ട ഭക്ഷണവും പാലും എത്തിച്ചു. മക്കക്കാരുടെ അന്വേഷണം അടങ്ങിയ ശേഷം സൌറ് ഗുഹയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെടുമ്പോള്‍ അവരെ സഹായിക്കാന്‍ അസ്മയും എത്തിയിരുന്നു. പാത്രങ്ങളും ഭക്ഷണങ്ങളും ഒട്ടകപ്പുറത്ത് ബന്ധിക്കാന്‍ കയറ് ലഭിക്കാതിരുന്നപ്പോള്‍ അസ്മ തന്റെ വസ്ത്രത്തിന്റെ ഒരു ഭാഗം കീറിയെടുത്താണ് അത് ബന്ധിച്ചു... ആ സംഭവത്തിന് ശേഷം അസ്മ ‘ഇരട്ടപ്പട്ടക്കാരി‘ എന്ന പേരില്‍ വിശ്വാസികള്‍ക്ക് പ്രയങ്കരിയായി.. പുരുഷന്മാരില്‍ അങ്ങേയ്ക്ക് ഏറ്റവും ഇഷ്ടം ആരെയാണ് എന്ന അംറുബനു ആസിന്റെ ചോദ്യത്തിന് നബി തിരുമേനിയുടെ മറുപടി അബൂബക്കര്‍ എന്നായിരുന്നു.

ജനങ്ങളുടെ ആടുകളെ മേയ്ക്കുകയും അവയെ കറന്ന് കൊടുക്കാറുണ്ടായിരുന്ന അബൂബക്കര്‍ നല്ലൊരു വസ്ത്രവ്യാപാരി കൂടിയായിരുന്നു ‍... ഭരണാധികാരിയായ ശേഷവും ഇതേ തൊഴിലുകള്‍ തന്നെ തുടര്‍ന്നു. ഒരിക്കല്‍ ഹസ്രത്ത് ഉമറും അബൂ‍ ഉബൈദയും അദ്ദേഹത്തെ വഴിയില്‍ വെച്ച് തലയില്‍ ഒരു കെട്ട് വസ്ത്രങ്ങളുമായി കണ്ട് മുട്ടി. അന്വേഷിച്ചപ്പോള്‍ അത് വില്‍ക്കാനായി ചന്തയിലേക്കാണെന്ന് മറുപടി കിട്ടി. ഇതിന് ശേഷമാണ് ജനങ്ങള്‍ ഭരണാധികാരിക്ക് ഒരു നിശ്ചിത ശമ്പളം നിശ്ചയിച്ചത്. ആ ശമ്പളം പൊതുമുതലില്‍ നിന്നായത് കൊണ്ട് അദ്ദേഹം അത്യധികം സൂക്ഷ്മത പാലിക്കുമായിരുന്നു. അതിനാല്‍ ആ ഭരണാധികാരിയുടെ വീട്ടില്‍ എന്നും ദാരിദ്യമായിരുന്നു. താന്‍ പൊതുമുതലില്‍ നിന്ന് പറ്റിയ ശമ്പളം മുഴുവന്‍ തന്റെ സ്വത്ത് വിറ്റ് വീട്ടാന്‍ അബൂബക്കര്‍(റ) നിര്യാണത്തിന് തൊട്ട് മുമ്പേ വസിയ്യത്ത് ചെയ്യുകയുണ്ടായി.

ഇസ് ലാമിക പ്രബോധനത്തിന്റെ ആദ്യഘട്ടത്തില്‍ നബിതിരുമേനിയുടെ വിശ്വാസപ്രമാണങ്ങള്‍ സ്വീകരിച്ചവരില്‍ നല്ലൊരു വിഭാഗം അടിമകളായിരുന്നു. ഇവരില്‍ അധികപേരെയും മോചന ദ്രവ്യം നല്‍കി മോചിപ്പിച്ചത് അബൂബക്കര്‍ ആയിരുന്നു. ബിലാല്‍, ആമിറുബ് നു ഫുഹൈറ, നദീറ, ജാരിയാബനീമൂമില്‍, നഹ്ദിയ, ബിന് ത്തു നഹ്ദിയ തുടങ്ങിയവരെല്ലാം അബൂബക്കറിന്റെ ധനം കൊണ്ട് മോചിപ്പിക്കപ്പെട്ട അടിമകളാണ്.

അര്‍ദ്ധരാത്രി കഴിഞ്ഞാലും തണുത്ത മണലിലൂടെ ഖലീഫ ഉമര്‍ തന്റെ ഭരണീയരുടെ വീടുകള്‍ക്കടുത്തൂടെ അങ്ങാടിക്കവലകളിലൂടെ മരുഭൂമിയുടെ വിജനതയിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുമായിരുന്നു. ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നറിയുന്നതിന്... യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ഒട്ടകം വിശന്ന് ചത്ത് പോയാല്‍ ഞാന്‍ ദൈവത്തിന്റെ മുമ്പില്‍ സമാധാനം ബോധിപ്പിക്കേണ്ടി വരും എന്ന് വേവലാതിപ്പെടുമായിരുന്നു ആ ഭരണാധികാരി. അന്നും പതിവ് പോലെ രാത്രിസഞ്ചാ‍രത്തിനിറങ്ങിയ ഉമറിന് ദൂരെ ഒരു വീട്ടില്‍ നിന്ന് വെളിച്ചം കാണാനായി... നേരം വെളുക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട്. പതുക്കെ വെളിച്ചം കണ്ട സ്ഥലത്തേക്ക് ആ ഭരണാധികാരി നടന്നു.

അതൊരു കൊച്ചു കൂരയില്‍ നിന്നാണ്... അകത്ത് വിളക്ക് കത്തുന്നുണ്ട്... കാതോര്‍ത്തപ്പോള്‍ അകത്ത് നിന്ന് സ്ത്രീശബ്ദം വ്യക്തമായി കേള്‍ക്കുന്നുണ്ട്... മോളെ എഴുന്നേല്‍ക്ക്... ഒരു സ്ത്രീ ഉറങ്ങിക്കിടക്കുന്ന മകളെ വിളിച്ചുണര്‍ത്തുകയാണ്... എഴുന്നേല്‍ക്കാന്‍ മടികാണിക്കുന്ന മകളെ വീണ്ടും വിളിച്ചുണര്‍ത്തി അവര്‍ കൂട്ടിച്ചേര്‍ത്തു... ‘കറന്ന് വെച്ച പാലില്‍ വെള്ളം ചേര്‍ക്കൂ... പ്രഭാതമായാല്‍ പാല്‍ എത്തിക്കേണ്ടതാണ്. അത് കൊണ്ട് അതില്‍ വെള്ളം ചേര്‍ത്ത് വെയ്ക്കൂ...’ മകളുടെ മറുപടി വന്നു ‘ഉമ്മാ... പാലില്‍ വെള്ളം ചേര്‍ക്കുന്നത് പാപമല്ലേ... നബിതിരുമേനി അങ്ങയല്ലേ പഠിപ്പിച്ചത്. കൂടാതെ പാലില്‍ വെള്ളം ചേര്‍ക്കരുതെന്ന് ഖലീഫയുടെ നിര്‍ദ്ദേശവുമില്ലേ... ‘ മാതാവയ സ്ത്രീ അതിന് മറുപടി പറഞ്ഞു.. ‘എവിടെയോ ഉറങ്ങിക്കിടക്കുന്ന ഖലീഫ ഉമറ് ഇത് കാണുന്നില്ലല്ലോ... നീ വെള്ളം ചേര്‍ക്ക്...” വീടിന്റെ പുറത്ത് നിന്ന് ഖലീഫ സംസാരം ശ്രദ്ധിച്ച് കേള്‍ക്കുകയാണ്... മകള്‍ മറുപടി നല്‍കി... “ഉമ്മാ... ഖലീഫ കണുന്നില്ല... ശരിയാണ്, പക്ഷേ എന്നേയും നിങ്ങളെയും ഖലീഫയേയും സൃഷ്ടിച്ച അല്ലാഹു ഇത് കാണുകയില്ലേ... അത് കൊണ്ട് ഞാന്‍ അത് ചെയ്യില്ല...” ദൈവത്തെ സ്തുതിച്ച് ഉമര്‍ (റ) വീട്ടിലേക്ക് തിരിച്ച് നടന്നു.

പിറ്റേന്ന് മദീനയുടെ പ്രാന്തപ്രദേശത്ത് താമസക്കുന്ന ആ പല്‍കാരിയുടെ കുടിലില്‍ ഖലീഫയുടെ പ്രതിനിധിയെത്തി, പാല്‍കാരിയേയും മകളെയും ഖലീഫ വിളിപ്പിക്കുന്നു എന്ന്‍ അറിയിച്ചു. ദരിദ്രരായ തങ്ങളെ എന്തിന് വിളിപ്പിക്കുന്നു എന്നറിയതെ ഭയന്നാണ് ആ കുടുംബം ഖലീഫയുടെ സന്നിധിയിലേക്ക് പുറപ്പെട്ടത്. അവിടെയെത്തിയപ്പോള്‍ പാല്‍കാരിയുടെ മകളോട് ഉമര്‍ ചോദിച്ചു... “മോളെ നിനക്ക് എന്റെ മകന്റെ ഭാര്യയാവാന്‍ സമ്മതമാണോ...?“ തന്റെ മകനായ ഉസാമയെ വിളിപ്പിച്ച് ഉമര്‍ വിശദീകരിച്ചു... “സ്വന്തം മാതാവ് പാലില്‍ വെള്ളം ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ട് ദൈവത്തെ ഭയപ്പെട്ട് അത് ചെയ്യാന്‍ എനിക്കാവില്ല ... എന്ന് പറഞ്ഞ ഈ പെണ്‍കുട്ടിയേക്കാള്‍ നല്ലൊരു ഭാര്യയെ നിനക്ക് ലഭിക്കില്ല മോനെ... അത് കൊണ്ട് നീ ഇവരെ വിവാഹം കഴിക്കുക” ... അങ്ങനെ പാല്‍കാരിയുടെ മകള്‍ രാജ്യം ഭരിക്കുന്ന ഖലീഫയുടെ മകന്റെ ഭാര്യയായി..