Wednesday, June 20, 2007

കാലത്തിന്റെ ഉപഹാരം.

ആറ്

അരിച്ചെത്തുന്ന തണുപ്പിനെ പ്രതിരോധിക്കാന്‍ ചൂടുള്ള കാപ്പി നുണഞ്ഞ്‌, ആ വൃദ്ധന്റെ പരുപരുത്ത ശബ്ദത്തിനായി കാതോര്‍ത്തിരിക്കവെ മനസ്സ്‌ കാലത്തിന്റെ അതിര്‍ത്തി ഭേദിച്ച്‌ പിന്നോട്ട്‌ നടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആഥിത്യമരുളിയ മക്കയിലേക്ക്‌. മസ്‌ജിദുല്‍ ഹറമും കൂറ്റന്‍ കെട്ടിടങ്ങളും വീതിയുള്ള നടപ്പാതകളും വമ്പന്‍ കച്ചവടകേന്ദ്രങ്ങളും ഇല്ലാതിരുന്ന പഴയ മക്കയിലേക്ക്. നാലുഭാഗവും ഉയര്‍ന്ന് നില്‍ക്കുന്ന കുന്നുകള്‍ക്ക്‌ നടുവിലെ ഊഷര ഭൂമി. അവിടെ തലയുയര്‍ത്തി നില്‍ക്കുന്ന കഅ്ബയും ചുറ്റും പരന്ന് കിടന്ന ഒരു നാഗരികതയും.

യുദ്ധങ്ങള്‍ക്കായി ജീവിച്ച ഒരു ജനത. ഒരു ഒട്ടകം മറ്റൊരു ഗോത്രക്കാരന്റെ കൃഷി നശിപ്പിച്ചതിനാല്‍ നാല് പതിറ്റാണ്ട്‌ യുദ്ധം ചെയ്ത, സായാഹ്ന സദസ്സുകളില്‍ നശിപ്പിച്ച സ്ത്രീകളുടെ സ്ഥിതിവിവര കണക്കുകള്‍ നിരത്തി അതില്‍ അഭിമാനം കൊണ്ടിരുന്ന, ജനിച്ചത് പെണ്‍കുഞ്ഞെങ്കില്‍ ഭാര്യയുടെ മാറില്‍ നിന്ന് പറിച്ചെടുത്ത്‌ കൈവിറക്കാതെ കാലിടറാതെ മരുഭൂമിയുടെ ഗര്‍ഭത്തില്‍ അടക്കി, ആ ധീരതയില്‍ അഭിമാനം കൊണ്ട ഒരു സമൂഹം. കാമപൂരണവും, ലഹരിയും, യുദ്ധവുമാണ് ജീവിതത്തിന്റെ ലക്ഷ്യവും സന്തോഷവും എന്ന് വിശ്വസിച്ചിരുന്ന സമൂഹം. ഇവര്‍ക്കിടയിലായിരുന്നു പ്രവാചകരുടെ(സ) ജന്മവും വളര്‍ച്ചയും.

ജനനത്തിന്‌ മുമ്പ് പിതാവായ അബ്ദുള്ള നിര്യാണം പ്രാപിച്ചു. പിന്നെ മാതാവിനോടൊപ്പം ഏതാനും വര്‍ഷത്തെ ബാല്യകാലം. ആറാം വയസ്സില്‍ മാതാവായ ആമിനയോടൊപ്പം 'യസ്‌രിബി ലുള്ള', പിതാവിന്റെ കബര്‍ സന്ദര്‍ശിച്ച്‌ മടങ്ങവേ 'അബവാ' എന്ന സ്ഥലത്ത്‌ വെച്ച്‌ അവരും നഷ്ടമായി. പിന്നീട്‌ പിതാമഹനായ അബ്ദുല്‍ മുത്തലിബിന്റെ സംരക്ഷണയില്‍ ആയിരുന്നു രണ്ട്‌ വര്‍ഷം. എട്ടാം വയസ്സില്‍ അദ്ദേഹത്തിന്റെ വിയോഗത്തോടെ സംരക്ഷണം പിതാവിന്റെ സഹോദരന്‍ അബൂതാലിബ്‌ ഏറ്റെടുത്തു. തുടര്‍ന്ന് നാല്‌ പതിറ്റണ്ട്‌ അദ്ദേഹത്തിന്റെ കൂടെയായിരുന്നു അവിടുന്ന്‍ കഴിഞ്ഞത്‌.

വ്യക്തിജീവിതത്തിലെ വിശുദ്ധിയും ഉന്നതമായ സംസ്കാരവും കളങ്കമില്ലാത്ത നീതിബോധവും കാരണം മക്കകാര്‍ മുഹമ്മദി(സ)നെ സ്നേഹപൂര്‍വ്വം അല്‍അമീന്‍ എന്ന് വിളിച്ചു. അവര്‍ക്ക്‌ എല്ലാമായിരുന്നു ആ അനാഥന്‍. ആദ്യകാലത്ത്‌ ആട്ടിടയനും വളര്‍ന്നപ്പോള്‍ നല്ലൊരു കച്ചവടക്കാരനുമായി അല്‍അമീന്‍. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍, ധനം വിശ്വസ്തതയോടെ സൂക്ഷിക്കാന്‍, വ്യവഹരങ്ങളില്‍ സാക്ഷിയാകാന്‍... എല്ലാറ്റിനും സ്നേഹപൂര്‍വ്വം മക്കക്കാര്‍ അല്‍അമീനെ സമീപിച്ചു. പക്ഷേ ദൈവം ഏകനാണെന്ന് പറഞ്ഞതോടെ അല്‍അമീന്‍ അവര്‍ക്ക് ഭ്രാന്തനായി. പ്രബോധനത്തിന്റെ ആദ്യഘട്ടത്തില്‍ ഒരിക്കല്‍ അവിടുന്ന്‍ സഫാ കുന്നിന്റെ മുകളില്‍ നിന്ന് ചുറ്റും തടിച്ച്‌ കൂടിയ മക്കക്കാരോട് ചോദിച്ചു.

"ഏ ... മക്കാ നിവാസികളേ ഈ കുന്നിന്‌ പിന്നില്‍ നിന്ന് ഒരു സൈന്യം മക്കയെ ആക്രമിക്കാന്‍ വേണ്ടി തയ്യാറായി നില്‍പ്പുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ... ?"

ശ്രോതാക്കള്‍ ഒന്നിച്ച്‌ പറഞ്ഞു 'വിശ്വസിക്കും.'

'എന്ത്‌ കൊണ്ട്‌' അവിടുന്ന് തിരിച്ച്‌ ചോദിച്ചു.

'കാരണം താങ്കള്‍ ഇന്നേ വരെ ആസത്യം പറഞ്ഞതായി ഞങ്ങള്‍ക്കറിയില്ല. ആരെയും വഞ്ചിച്ചിട്ടില്ല. അത്‌ കൊണ്ട്‌ താങ്കളെ വിശ്വസിക്കുന്നു."

നബിതിരുമേനി തുടര്‍ന്നു..."എങ്കില്‍ അക്കാര്യമല്ല എനിക്ക്‌ പറായാനുള്ളത്‌.. അവനെ മാത്രമേ ആരാധന ഏക ദൈവത്തിന് മാത്രം..."

"മുഹമ്മദേ നിനക്ക്‌ നാശം..." ഇതും പറഞ്ഞ്‌ തിരിഞ്ഞ്‌ നടന്ന അബൂലഹബിന്റെ കൂടെ ജനക്കൂട്ടവും പിരിഞ്ഞ്‌ പോയി.

പിന്നീട്‌ മര്‍ദ്ദനങ്ങളുടെ കാലമായിരുന്നു. പ്രവാചകരും അനുയായികളും അക്രമിക്കപ്പെട്ടു. യാസിറും അദ്ദേഹത്തിന്റെ പത്നി സുമയ്യയും നിര്‍ദ്ദയം വധിക്കപ്പെട്ടു. ക്രൂരമായ മര്‍ദ്ദനം അസഹ്യമായതോടെ ചിലര്‍ ജന്മനാട്‌ ഉപേക്ഷിച്ച്‌ എത്യോപ്യയിലേക്ക്‌ പലായനം ചെയ്തു. അവരെ തിരിച്ചയക്കണം എന്ന് ആവശ്യപ്പെട്ട് മക്കക്കാര്‍ അന്നത്തെ എത്യോപ്യന്‍ ഭരണാധികാരിയായിരുന്ന ‘നേഗസി’ നെ സമീപിച്ചുവെങ്കിലും സത്യം ബോധ്യമായ അദ്ദേഹം അവര്‍ക്ക്‌ എല്ലാ സംരക്ഷണവും ഉറപ്പ്‌ നല്‍കി.

മക്കക്കാര്‍ പ്രവാചകരോടും കുടുബത്തോടും നിസ്സഹകരണം പ്രഖ്യാപിച്ചു. അതിന് വേണ്ടി എല്ലഗോത്രങ്ങളും തമ്മില്‍ കരാറുണ്ടാക്കുകയും അത്‌ പെൊതുസ്ഥലമായിരുന്ന കഅ്ബാ പരിസരത്ത്‌ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇക്കാലത്ത്‌ അവിടുന്ന് 'ശിഅ്ബ്‌' എന്ന കുന്നിന്‍ ചെരുവിലേക്ക്‌ താമസം മാറി. മുഴുപ്പട്ടിണിക്കിടയില്‍ മക്കയില്‍ നിന്ന് ആരെങ്കിലും രഹസ്യമായി എത്തിക്കുന്ന ഭക്ഷണവും പിന്നെ പച്ചിലകളും മാത്രമായിരുന്നു ആശ്വാസം. മൂന്ന് വര്‍ഷക്കാലം ഈ ബഹിഷ്കരണം തുടര്‍ന്നു.

ഒരിക്കല്‍ അവിടുന്ന് പ്രാര്‍ത്ഥിക്കാനായി കഅ്ബായിലെത്തി. അന്ന് കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായിരുന്ന ഉസ്മാ നോട്‌ ഒന്ന് തുറന്ന് കാണാനും പ്രാര്‍ത്ഥിക്കാനുമായി താക്കോല്‍ ആവശ്യപ്പെട്ടു. ഉസ്മാന്‍ പുച്ഛത്തോടെ ചിരിച്ചു. കഅബ പരിസരത്ത്‌ നിന്ന് ബലമായി തള്ളിപ്പുറത്താക്കുമ്പോള്‍ അവിടുന്ന് ഉസ്മാനോട്‌ പറഞ്ഞു. "ഉസ്മാന്‍ ഈ താക്കോല്‍ എന്റെ കൈകളില്‍ എത്തുന്ന ഒരു ദിവസമുണ്ടാവും..." ഉസ്മാന്‍ തിരിച്ചടിച്ചു "അന്ന് ഖുറൈശി*കളുടെ നാശത്തിന്റെ ദിവസമായിരിക്കും." ആ വാചകങ്ങള്‍ മുഴുവനാവും മുമ്പേ അവിടുന്ന് പറഞ്ഞു.

"അങ്ങനെയല്ല ഉസ്മാന്‍... അന്ന് അവര്‍ അഭിമാനമുള്ളവരും ജീവിക്കുന്നവരുമായിരിക്കും"

വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ക്ക്‌ ശേഷം മക്ക പ്രവാചകനും(സ) അനുയായികളും ജയിച്ചടക്കിയ സമയം. ഇതേ ഉസ്മാന്‍ വിറച്ച് കൊണ്ട് ആ സന്നിധിയിലെത്തി. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ താന്‍ തള്ളിപ്പുറത്താക്കിയ ആ അനാഥനല്ല മുഹമ്മദ്‌(സ). ചോദ്യം ചെയ്യപ്പെടാത്ത നേതാവ്‌... ജീവന്‌ തുല്ല്യം സ്നേഹിക്കുന്ന പതിനായിരങ്ങള്‍... ഒരിറ്റ്‌ രക്തമൊഴുക്കാതെ അവരോടൊപ്പം മക്ക കീഴടക്കുമ്പോള്‍ അബൂസുഫ്‌യാനടക്കമുള്ള ഖുറൈശി പ്രമുഖര്‍ ഓടിയോളിച്ചിരുന്നു. "അല്ലാഹുവാണ് മഹാന്‍" എന്ന് പ്രഖ്യാപിച്ച്‌ മലവെള്ളപ്പാച്ചിലായി മക്കയിലേക്കൊഴുകിയ ജനക്കൂട്ടത്തിന്റെ മുഴുവന്‍ പ്രതികാരഗ്നിയും അടക്കി നിര്‍ത്തിയത്‌ ആ പുഞ്ചിരിയിലായിരുന്നു. ഒന്ന് മൂളിയാല്‍ മക്ക മുഴുവന്‍ നശിപ്പിക്കാന്‍ മാത്രമുള്ള സൈന്യത്തിന്റെ അധിപന്‌ ‘ഉസ്മാന്‍‘ താക്കോല്‍ നീട്ടി. അത്‌ വാങ്ങി കഅബയും പരിസരവും ശുചീകരിച്ച്‌ പ്രാര്‍ത്ഥനക്ക്‌ ശേഷം അവിടുന്ന് വീണ്ടും ഉസ്മാനെ അന്വേഷിച്ചു.

രണ്ടാമതും ഉസ്മാന്‍ തിരുസന്നിധിയിലെത്തി. വിറക്കുന്ന കൈകളില്‍ കഅ്ബയുടെ താക്കോല്‍ തിരിച്ചേല്‍പ്പിക്കവെ നബിതിരുമേനിയുടെ ജാമാതാവും, സംരക്ഷകനും പിതൃവ്യനുമായ അബൂതാലിബിന്റെ പുത്രനുമായ അലി ചോദിച്ചു... "പ്രവാചകരെ ആ താക്കോല്‍ സൂക്ഷിക്കാനുള്ള അവകാശം എനിക്ക്‌ നല്‍കാമോ..." പെട്ടന്ന് തന്നെ അലിക്ക്‌ മറുപടി ലഭിച്ചു. "അലീ... അമാനത്ത്‌ തിരിച്ചേല്‍പ്പിക്കുക എന്നത്‌ നമുക്ക് ബാധ്യതയാണ്‌" പിന്നെ ഉസ്മാനോടായി പറഞ്ഞു. "ഉസ്മാന്‍ നിങ്ങളില്‍ നിന്ന് ഏതെങ്കിലും അക്രമികളല്ലാതെ ഈ താക്കോല്‍ തട്ടിയെടുക്കുകയില്ല."

ആയിരത്തി നാനൂറിലധികം വര്‍ഷങ്ങളായി അതേ ഉസ്മാന്റെ പിന്മുറക്കാര്‍ ഇന്നും ആ താക്കോല്‍ സൂക്ഷിക്കുന്നു... ആ അമാനത്തി*നോടുള്ള വിശ്വസ്തത പുലര്‍ത്തിക്കൊണ്ട്‌ തന്നെ...

വൃദ്ധനായ ഇസ്മായീല്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു... പതുക്കേ അടുത്തേക്ക്‌ നീങ്ങിയിരുന്നു.




ഖുറൈശി : മക്കയിലെ ഒരു പ്രമുഖ ഗോത്രം, നബി തിരുമേനിയും ഈ ഗോത്രത്തിലായിരുന്നു ജനിച്ചത്.
അനാമത്ത് : സൂക്ഷിപ്പ് സ്വത്ത്.

Tuesday, June 12, 2007

കരുണയുടെ നാ‍നാര്‍ത്ഥങ്ങള്‍.

അഞ്ച്

തൊട്ടപ്പുറത്ത്‌ ജ്വലിക്കുന്ന അഗ്നിക്കപ്പുറം അരോ ആരെയോ ശകാരിക്കുന്നു. പതുക്കേ അങ്ങോട്ട്‌ നടന്നു. സഹയാത്രികരല്ലാം അയാള്‍ക്ക്‌ ചുറ്റും കൂടിയിട്ടുണ്ട്‌. ഏണീക്കാന്‍ കൂട്ടാക്കാത്ത ഒട്ടകത്തെയാണ്‌ അയാള്‍ ശകാരിച്ചത്‌. വര്‍ഷങ്ങളുടെ ദൂരം പേറുന്ന മുഖത്തെ ചുളിവുകളിലെ വെളുത്ത രോമങ്ങളില്‍ തലോടി വൃദ്ധനായ ഇസ്മാഈല്‍ പതുക്കെ അദ്ദേഹത്തെ അടുത്ത്‌ വിളിച്ചു.

"സഹോദരാ അതിനെ ഉപദ്രവിക്കരുത്‌. അതിനും വിശ്രമം ആവശ്യമാണ്‌. 'ലോകത്തിന്‌ മുഴുവന്‍ കാരുണ്യമായിട്ടല്ലാതെ നബിയെ അങ്ങനെ നിയോഗിച്ചിട്ടില്ലന്ന്' ദൈവം വിശേഷിപ്പിച്ച പ്രവാചക അനുയായികളല്ലേ നാം.. അത്‌ കൊണ്ട്‌ ആ വാഹനത്തോട്‌ താങ്കള്‍ നന്ദി കാണിക്കണം... നമുക്ക്‌ വാഹനമായതിന്‌... നമ്മേ ഇവിടെ വരേ എത്തിച്ചതിന്‌... പ്രിയ സഹോദരാ... ' എല്ലാത്തിനോടും കാരുണ്യത്തോടെ വര്‍ത്തിക്കാന്‍‘ ദൈവം നമ്മേ പഠിപ്പിച്ചിട്ടില്ലേ... എല്ലാ സൃഷ്ടികളും ദൈവത്തിന്റെ കുടുബമാണെന്ന് നബിതിരുമേനി(സ) നമ്മേ പഠിപ്പിച്ചിട്ടില്ലേ... നാം ആ പ്രവാചകരുടെ നഗരത്തിലേക്കുള്ള യാത്രയിലാണ്‌... “ അവിടുന്ന് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു..

കുഞ്ഞുങ്ങളുടെ ഭാവമുള്ള വൃദ്ധമുഖത്ത്‌ നിന്നുയരുന്ന വാക്കുകള്‍ക്കായി ഞങ്ങള്‍ അവിടെ തന്നെ ഇരുന്നു... കൂടെ അദ്ദേഹവും. ശിരസ്സ്‌ താഴ്ത്തി... പതുങ്ങിയ ശബ്ദത്തില്‍ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹം ഞങ്ങളെ മറന്നെന്ന് തോന്നി.

ഒരിടത്ത്‌ ഒരു വേശ്യയുണ്ടായിരുന്നു... തിന്മ ജോലിയായി സ്വീകരിച്ചവള്‍... അവള്‍ ഒരു യാത്രയ്ക്കിടെ ഒരു നായയെ കണ്ടു. വിശന്നോട്ടിയ വയറും ദാഹിച്ച്‌ വലഞ്ഞ കണ്ണുകളുമായി മരുഭൂമിയുടെ വിജനതയില്‍ മരണത്തോട്‌ അടുത്തിരുന്നു അത്‌. അതിന്റെ കണ്ണിലെ ദാഹം തിരിച്ചറിഞ്ഞ അവള്‍ വെള്ളം അന്വേഷിച്ച്‌ കണ്ടെത്തി. വെള്ളമെടുക്കാന്‍ പാത്രം ഇല്ലാത്തതിനാല്‍ തന്റെ ഷൂ അഴിച്ച്‌ അതില്‍ വെള്ളം മുക്കിയെടുത്ത്‌ നയയുടെ സമീപം എത്തി അതിന്റെ ജീവന്‍ രക്ഷിച്ചു... അക്കാരണം കൊണ്ട്‌ മാത്രം അവര്‍ സ്വര്‍ഗ്ഗാവകാശിയായി.

അദ്ദേഹം തുടര്‍ന്നു... ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കേണ്ട മറ്റൊരു സംഭവം ഉണ്ട്‌. നബിതിരുമേനി തന്നെ മറ്റൊരിക്കല്‍ പറഞ്ഞു... ഒരു സ്ത്രീ ഒരിക്കല്‍ പൂച്ചയെ കെട്ടിയിട്ടു... ധാരാളം പ്രാര്‍ത്ഥനകളിലും വ്രതാനുഷ്ഠാനങ്ങളിലും മുഴുകുന്ന അവര്‍ അതിന്‌ ഭക്ഷണം നല്‍കിയില്ല... കെട്ടയിഴിച്ച്‌ വിട്ടതുമില്ല. അങ്ങനെ അത്‌ ചത്ത്‌ പോയി... അക്കാരണത്താല്‍ അവര്‍ നരകാവകാശിയായി.“ ആരാധനകളുടെ ചിട്ടവട്ടങ്ങള്‍ക്കപ്പുറം ഒരു കരുണ നിറഞ്ഞ മനസ്സും സ്വര്‍ഗ്ഗാവകാശിയാവുന്നതിന് ആവശ്യമാണെന്നര്‍ത്ഥം. അദ്ദേഹത്തിന്റെ വൃദ്ധമുഖത്ത്‌ നിന്ന് വാക്കുകള്‍ പൊഴിഞ്ഞ്‌ വീണു. "ഏ ... മുഹമ്മദിന്റെ അനുയായികളേ നിങ്ങള്‍ക്കറിയുമോ "ഒരു കുരുവിയേക്കാള്‍ നിസ്സാരമായ ഒരു ജീവിയായാണ്‌ നിങ്ങള്‍ കൊല്ലുന്നതെങ്കിലും അതിനെ കുറിച്ച്‌ ദൈവീക സമക്ഷം നിങ്ങള്‍ കണക്ക്‌ ബോധിപ്പിക്കേണ്ടി വരും... എന്ന് പറഞ്ഞതും ഈ പ്രവാചക തിരുമേനി തന്നെയാണ്‌.

ഒരിക്കല്‍ മദീനയിലെ മസ്ജിദിനകത്ത്‌ ഒരു പൂച്ചപ്രസവിച്ചു. അതിനെ അടിച്ചോടിക്കാന്‍ വന്ന അനുയായിയോട്‌ രൂക്ഷമായി 'മാതാവിനെ തല്ലരുത്‌' എന്ന് ആജ്ഞാപിച്ചവരാണ് ഈ പ്രവാചകര്‍. വാക്കുകളുടെ പ്രവാഹത്തിന്റെ അവസാനം ആ സഹയാത്രികനോട്‌ അദ്ദേഹം അന്വേഷിച്ചു... എന്താ താങ്കളുടെ പേര്‌

"സൈദ്‌ ... ഞാന്‍ ത്വാഈഫുകാരനാണ്‌.

"ഹോ" ആ വൃദ്ധമുഖത്ത്‌ ആശ്ചര്യം... ചുറ്റും കൂടിയിരിക്കുന്ന ഞങ്ങളോട്‌ അദ്ദേഹം വീണ്ടും സംസാരിച്ച് തുടങ്ങി.

"നിങ്ങള്‍ക്കറിയാമോ ‘സൈദുബ്‌നു ഹാരിസി‘നെ... പ്രവാചക പത്നിയായ ഖദീജയുടെ സഹോദരന്റെ വേലക്കാരനായിരുന്ന സൈദിനെ... അതിന്‌ മുമ്പ്‌ നല്ലൊരു കുടുംബത്തില്‍ ആണ്‌ സൈദ്‌ ജനിച്ചത്‌. ചെറുപ്പത്തില്‍ എങ്ങനെയോ വഴിതെറ്റിയ സൈദ്‌ അറേബ്യയിലെ അടിമച്ചന്തയിലെത്തി. അവിടെ നിന്നാണ്‌ ആ കൊച്ചു കുഞ്ഞിനെ ഖദീജയുടെ സഹോദരന്‍ വിലക്ക്‌ വാങ്ങിയത്‌. അദ്ദേഹം അവനെ സഹോദരിയ്ക്‌ ജോലിക്കാരനായി നല്‍കി." "ഖദീജയെ പ്രവാചകന്‍ (സ) വിവാഹം ചെയ്തപ്പോള്‍ സൈദ്‌ ആ വീട്ടിലെ അംഗമായി. അന്ന് അവിടുന്നിന്‌ പ്രവാചകത്വം ലഭിച്ചിട്ടുണ്ടായിരുന്നില്ല.

സൈദിന്റെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ സൈദ്‌ മക്കയില്‍ ‘അല്‍അമീന്‍‘ എന്ന് അറിയപ്പെടുന്ന മുഹമ്മദി(സ)ന്റെ വീട്ടില്‍ ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. അങ്ങനെ സൈദിന്റെ പിതാവും അദ്ദേഹത്തിന്റെ സഹോദരനും കൂടി ആ കുട്ടിയെ തിരിച്ച്‌ കൊണ്ട്‌ പോവാനെത്തി. അവര്‍ മകനെ തിരിച്ച് തരണമെന്നും അതിന് എന്ത്‌ നഷ്ടപരിഹാരം നല്‍കാനും ഒരുക്കമാണെന്നും പ്രവാചകരെ (സ) അറിയിച്ചു. പ്രവാചകരുടെ മറുപടി ഇപ്രകാരമായിരുന്നു. "സൈദിന്‌ നിങ്ങോളൊടൊപ്പം വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ വന്ന് കൊള്ളട്ടേ...അതിന്‌ നഷ്ടപരിഹാരത്തിന്റെ ആവശ്യമില്ല. ഇനി ഇവിടെ എന്നോടൊപ്പം കഴിയാനാണ്‌ താല്‍പര്യമെങ്കില്‍ അങ്ങനെയാവട്ടേ... തീരുമാനം എടുക്കേണ്ടത്‌ സൈദാണ്‌. നിങ്ങള്‍ സൈദിനോട്‌ സംസാരിക്കുക.“

അവര്‍ സൈദിന്റെ അടുത്തെത്തി. കാര്യങ്ങള്‍ വിശദീകരിച്ചു. അതിന്‌ സൈദിന്റെ മറുപടി ഇപ്രകാരമായിരുന്നു. "എനിക്ക്‌ അങ്ങോട്ട്‌ വരാന്‍ ആഗ്രഹമുണ്ട്‌. പക്ഷേ അതിനായി ഈ അല്‍ അമീനെ ഉപേക്ഷിക്കുന്നതിന്‌ വിഷമമുണ്ട്‌. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ഈ കുടുബത്തില്‍ കഴിയാനാണ്‌ അവിടേക്ക്‌ വരുന്നതിലും ഞാന്‍ ഇഷ്ടപ്പെടുന്നത്‌." അന്ന് മുതല്‍ സൈദ്‌ പ്രവാചകരുടെ ദത്ത്‌ പുത്രനായി... ശ്വാസം പതുക്കേ വലിച്ചെടുത്ത്‌ അദ്ദേഹം തുടര്‍ന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇതേ സൈദാണ്‌ ത്വാഇഫില്‍ അവിടുന്നിന്റെ കൂടെയുണ്ടായിരുന്നത്‌.



ചരിത്രത്തിന്റെ ഏടുകളായി ആ ചുണ്ടുകള്‍ ചലിച്ച്‌ കോണ്ടിരുന്നു. അപ്പോള്‍ കാരുണ്യത്തിന്റെ മഹാ വ്യക്തിത്വത്തെ ഓര്‍ത്തു... ചുണ്ടിലെത്തിയത് ശ്രീനാരയണ ഗുരുവിന്റെ വരികളായിരുന്നു... 'കരുണാവാന്‍ നബി മണിമുത്ത്‌ രത്നമോ...?'

അഗ്നിയുടെ ചൂടിനും മരുഭൂമിയുടെ തണുപ്പിനുമിടയില്‍ ഞങ്ങള്‍ ആ വൃദ്ധവചനങ്ങള്‍ക്കായി കാത്തിരുന്നു..