Tuesday, July 15, 2008

മറക്കാനാവാത്ത മടക്കം.

അവസാന ഭാഗം.

“അനന്തമായ മണല്‍പരപ്പിനപ്പുറം ആകാശവും ഭൂമിയും സന്ധിക്കുന്ന വരെ കണ്ണെത്തും ദൂരത്തെല്ലാം ഒതുക്കി വെച്ച മണല്‍ കുന്നുകള്‍. ചൂടാറാന്‍ തുടങ്ങുന്ന പൊടിമണലിനെ വല്ലപ്പോഴും ചുഴറ്റി ഉയര്‍ത്തി സ്ഥനഭ്രംശം വരുത്തുന്ന കൊച്ചു മണല്‍ക്കാറ്റ്‌. അകലെയെങ്ങോ കാത്തിരിക്കുന്ന മരുപച്ചയും ലക്ഷ്യമാക്കി താളത്തില്‍ നീങ്ങുന്ന ഒട്ടകസംഘം... വരിയായി നീങ്ങുന്ന അവയുടെ കുളമ്പുകള്‍ക്കടിയില്‍ പുളയുന്ന പൊള്ളുന്ന മണല്‍. ആഴ്ന്ന കാലുകള്‍ വലിച്ചെടുത്ത്‌ അതിവേഗം നടക്കുമ്പോള്‍ , സാമാന്യം വേഗത്തില്‍ അനങ്ങുന്ന പൂഞ്ഞയില്‍ അമര്‍ന്നിരുന്ന് ആ നൃത്തത്തോട്‌ താദാത്മ്യപ്പെടാന്‍ ശ്രമിച്ചു. മനസ്സില്‍ മദീനയായിരുന്നു... “

രണ്ടായിരത്തിഏഴ് മാര്‍ച്ചില്‍ ഇങ്ങനെ എഴുതിത്തുടങ്ങുമ്പോള്‍ ഈ പരമ്പര ഇത്ര നീണ്ട് പോവും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ആദ്യ ഭാഗം കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ‘തുടരണോ ?“ എന്നൊരു കമന്റും ചേര്‍ത്ത് ഇരുപത്തി ഏഴാം തിയ്യതി പബ്ലിഷ് ചെയ്തു. അന്ന് പലരും തുടര്‍ന്ന് എഴുതാന്‍ നിര്‍ബന്ധിച്ചു... അങ്ങനെ തുടങ്ങി പതിനാറ് മാസങ്ങള്‍ കൊണ്ട് തുടര്‍ച്ചയായി ഇരുപത്തിനാല് ഭാഗങ്ങള്‍ എഴുതി... ഈ ഇരുപത്തിആറാം ഭാഗത്തിലൂടെ ഈ പരമ്പര തീരുമ്പോള്‍ നന്ദി പറയാന്‍ ഒത്തിരി പേരുകള്‍ ഉണ്ട്. ആദ്യം നന്ദി പറയേണ്ടത് ലഭിച്ച ദൈവീക സഹായത്തിന് തന്നെ. അധികരം റഫറന്‍സ് ഒന്നും ഇല്ലാത്ത എഴുത്ത്... മുമ്പ് വായിച്ചു തീര്‍ത്ത കാര്യങ്ങള്‍... കേട്ട് മറന്ന ചരിത്രങ്ങള്‍‍... എഴുതാനിരിക്കുമ്പോള്‍ മനസ്സില്‍ ജനിക്കുന്ന വാചകങ്ങള്‍... മനസ് കൊണ്ടുള്ള ഒരു ദീര്‍ഘ യാത്ര... മരുഭൂമിയിലൂടെ നിങ്ങുന്ന സാര്‍ത്ഥവാഹക സംഘത്തില്‍ പ്രാര്‍ത്ഥന നിര്‍ഭരമായ തീര്‍ത്ഥാടക മനസ്സ്... അത് കാണുന്ന കാഴ്ചകള്‍, പരിചയപ്പെടുന്ന വ്യക്തികള്‍, അകകണ്ണില്‍ തെളിയുന്ന ഗതകാല സുകൃതങ്ങള്‍... (ഇന്ന്‍ വരെ നേരിട്ട് മദീനയിലോ മക്കയിലോ പോയിട്ടില്ല.)ഇതൊക്കെ ചേര്‍ന്നാണ് ഈ പരമ്പര ഉണ്ടായത്.


ഇത് എഴുതാന്‍ ഏറ്റവും വലിയ പ്രേരണ വായനക്കാര്‍ തന്നെയായിരുന്നു. നിരന്തരം നിര്‍ബന്ധിക്കുന്ന ബ്ലോഗറല്ലാത്ത അശോക് എന്ന സുഹൃത്ത് മുതല്‍ ‘എഴുതി തീര്‍ത്തില്ലെങ്കില്‍ നീ വിവരം അറിയും’ എന്ന് ഭീഷണിപ്പെടുത്തിയ കുറുമാന്‍ വരെ... പോസ്റ്റുകളിലും കമന്റിലും ഈ ‘സാര്‍ത്ഥവാഹക സംഘത്തെ’ ഓര്‍മ്മിച്ച പൊതുവാള്‍, അഞ്ചല്‍ക്കാരന്‍, അതുല്യേച്ചി, അരവിന്ദ്, ദുര്യോധനന്‍.. പിന്നെ പബ്ലിഷ് ചെയ്യാന്‍ സഹായിക്കാറുള്ള അഗ്രജന്‍, സുല്ല്, മിന്നാമിനുങ്ങ്, മഴത്തുള്ളി, അപ്പു, സിയ... “ ഒന്ന് മുതല്‍ ഈ ഭാഗം വരെ വായിക്കാനെത്തിയവര്‍... അഭിപ്രായം അറിയിച്ചവര്‍... തെറ്റുകള്‍ സ്നേഹപൂര്‍വ്വം ചൂണ്ടിക്കാണിച്ചവര്‍... എല്ലാവരോടുമുള്ള കടപ്പാടുകള്‍ ‘നന്ദി‘ എന്ന രണ്ടക്ഷരത്തില്‍ ഒതുങ്ങില്ലന്ന് അറിയാം... എങ്കിലും ‘നന്ദി’ പറയുന്നു.


‘സാര്‍ത്ഥവാഹക സംഘത്തോടൊപ്പം‘ എന്ന ഈ പരമ്പര ഇവിടെ പൂര്‍ണ്ണമാകുന്നു. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഒത്തിരി ഒത്തിരി നന്ദി...

സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.





മസ്ജിദുന്നബവിയ്ക്കകത്ത്, സ്നേഹഭാജനത്തിന്റെ സമീപ്യത്തില്‍ ലോകം വിസ്മൃതമായി. ചുറ്റുവട്ടവും ഒഴുകുന്ന സന്ദര്‍ശകരെ മറന്നു. ഇസ്മാഈലും സഈദും ഓര്‍മ്മയുടെ തിരശ്ശീലയില്‍ നിന്ന് നഷ്ടമായിരിക്കുന്നു. പകരം മനസ്സിന്റെ കണ്ണാടിയില്‍ ജ്വലിക്കുന്ന മുഖം... ശോഭയാര്‍ന്ന പുഞ്ചിരി... അക്ഷരങ്ങളില്‍ നിന്ന് ഞാന്‍ വരഞ്ഞെടുത്ത പുണ്യറസൂല്‍ (സ) എന്ന മഹാത്ഭുതം... സന്തപ്തഹൃദയങ്ങള്‍ക്ക് സാന്ത്വനമേകിയ ‍.. സമത്വവും സ്വാതന്ത്ര്യവും സ്നേഹവും കാരുണ്യവും പഠിപ്പിച്ച‍‍... സൃഷ്ടിയേയും സ്രഷ്ടാവിനെയും വിശദീകരിച്ച‍‍... ഈ ലോകത്ത് നിന്ന് പരലോകത്തേക്ക് ഒരു കിളിവാതില്‍ തുറന്ന് തന്ന‍‍.. ‘പൂര്‍ണ്ണ ചന്ദ്രന്‍ എന്ന് മദീനക്കാര്‍ വിശേഷിപ്പിച്ച സവിശേഷ വ്യക്തിത്വം... പരീക്ഷണങ്ങളില്‍ പതറാത്ത ആ മഹാനായക സമക്ഷം മര്യാദയോടെ എന്റെ സ്നേഹം തുടിക്കുന്ന ഹൃദയം സമര്‍പ്പിച്ചു....


ആ പുഞ്ചിരിയ്ക്ക് മുമ്പില്‍ മക്ക കീഴടക്കിയപ്പോള്‍ മക്കക്കാരുടെ മനസ്സിലെ വിദ്വേഷവും പൊയ്മറഞ്ഞിരുന്നു... ഇസ് ലാമിന്റെ ബദ്ധശത്രുക്കളായിരുന്നവര്‍ അടുത്ത മിത്രങ്ങളായി... നബിതിരുമേനി(സ)യ്ക്കെതിരെ സംഘടിക്കാന്‍ നേതൃത്വം നല്‍കിയ അബൂസുഫ് യാന്‍ പശ്ചാത്തപിച്ച് ശിഷ്യത്വം സ്വീകരിച്ചു... ഉഹദ് യുദ്ധക്കളത്തില്‍ ജീവനറ്റ് കിടന്ന ഹംസയുടെ നെഞ്ച് വലിച്ച് പൊളിച്ച് ചുടുചോര പറ്റിയ കരള്‍ പറിച്ചെടുത്ത് ചവച്ച് തുപ്പിയ അബൂസുഫ് യാന്റെ പത്നി ഹിന്തും മുസ് ലിം ആയി... ഹംസ(റ)യെ പിന്നില്‍ നിന്ന് കുന്തമെറിഞ്ഞ് വീഴ്ത്തിയ വഹ് ശിയും അബൂജഹലിന്റെ മകന്‍ ഇക് രിമയും ഇസ്ലാമില്‍ എത്തി. നബിതിരുമേനി(സ)യെയും അനുയായികളെയും നിരന്തരം ദ്രോഹിച്ചിരുന്നവര്‍ അവിടുന്നിന്റെ ആത്മമിത്രങ്ങളായി. ക്രൂരമായി കല്ലെറിഞ്ഞ ത്വാഇഫുകാര്‍ ആ ശിഷ്യത്വം സ്വീകരിച്ചു....


ഒട്ടകം ഒരു തോട്ടത്തില്‍ കയറിയ കാരണത്തിന് പതിറ്റാണ്ടുകള്‍ ചോരചിന്തിയ യുദ്ധകൊതിയ്ക്ക് വിരാമമായി... മേഖലയില്‍ സമാധാനത്തിന്റെ പൂക്കള്‍ വിരിഞ്ഞു... നൂറ്റാണ്ടുകള്‍ നീണ്ട കുടിപ്പകകള്‍ക്ക് അന്ത്യമായി... മദ്യനിരോധനത്തോടെ കലഹങ്ങള്‍ക്ക് അവസാനമായി... കുഴിച്ച് മൂടിയിരുന്ന പെണ്‍ മക്കള്‍ക്ക് ജീവിക്കാന്‍ അവകാശമായി... ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സമൂഹത്തിന്റെ മാന്യതയായി... സുരക്ഷിതവും സുഖകരവുമായ ജീവിതം... ഇരുപത്തിമൂന്ന് വര്‍ഷം മുമ്പ് മക്കയിലെ ജബലുന്നൂറിലെ ഹിറ ഗുഹയില്‍ വെച്ച് ലഭിച്ച ഖുര്‍ആന്‍ ഒരുക്കിയ ജീവിത പദ്ധതിയുടെ സുഖവും സമാധാനവും സൌന്ദര്യവും അവര്‍ ആസ്വദിച്ച് തുടങ്ങി...


മക്കയില്‍ നിന്ന് നബി തിരുമേനി (സ) പലായനം ചെയ്തെത്തിയിട്ട് ദശാബ്ദത്തോട് അടുക്കുമ്പോഴാണ്, അനുയായികളൊടൊപ്പം മക്ക സന്ദര്‍ശിക്കാനും ഹജ്ജ് നിര്‍വ്വഹിക്കാനും അവിടുന്ന് തീരുമാനിച്ചത്. തന്റെ അഭാവത്തില്‍ അബൂദുജാന(റ) യെ മദീനയുടെ ഭരണച്ചുമതല ഏല്‍പ്പിച്ച ശേഷം അനുയായികളോടോപ്പം ഹജ്ജിനായി പുറപ്പെട്ടു. ഇതിനെ ‘ഹജ്ജത്തുല്‍ വിദാ‍അ’ (വിടവാങ്ങല്‍ ഹജ്ജ്) എന്നാണ് അറിയപ്പെടുന്നത്. ആ ഹജ്ജില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ മക്കയിലേക്ക് ഒഴുകി... പുണ്യറസൂല്‍(സ) അറുപത്തിമൂന്ന് വര്‍ഷം നീണ്ട ആയുസ്സില്‍ ഒരു ഹജ്ജ് മാത്രമേ ചെയ്തിട്ടുള്ളൂ. ഇന്നും ഹജ്ജ് കര്‍മ്മത്തിനായി മക്കയിലേക്ക് ഒഴുകുന്ന ലക്ഷങ്ങളുടെ മാതൃക ആ ഹജ്ജ് തന്നെ. മുഴുവന്‍ ഇസ് ലാം മത വിശ്വാസികള്‍ക്കും ജീവിതത്തിലുടനീളം എന്നും ആദ്യത്തെയും അവസാനത്തെയും മാതൃക ഈ പ്രവാചകരുടെ(സ) ചര്യകള്‍ തന്നെ... അത് കൊണ്ട് തന്നെ വരും തലമുറയ്ക്ക് വേണ്ടി, അന്ന് അവിടുത്തെ വാക്കും പ്രവര്‍ത്തികളും ശിഷ്യന്മാര്‍ സൂക്ഷ്മമായി രേഖപ്പെടുത്തി. ഇന്നും ചരിത്രത്തില്‍ പരതിയാല്‍ ആ ഹജ്ജിന്റെ ചിത്രം സുവ്യക്തമായും നമുക്ക് വായിച്ചെടുക്കാനാവുന്നതും അത് കൊണ്ട് തന്നെ.


‘ദുല്‍ ഹുലൈഫ‘ യില്‍ വെച്ച്’ ഒറ്റമുണ്ടും ഉത്തരീയവും ധരിച്ച് പ്രവാചകര്‍(സ) ഹജ്ജിന്റെ ചടങ്ങുകളില്‍ പ്രവേശിച്ചു. അനുഗമിച്ചിരുന്ന അനുചരന്മാര്‍ അവിടുത്തെ ഒരോ ചലനങ്ങളും അനുകരിച്ചു... അവരുടെ ചുണ്ടില്‍ ഒറ്റമന്ത്രമേ ഉണ്ടായിരുന്നുള്ളൂ... ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്... (“അല്ലാഹുവേ നിന്റെ വിളിക്ക് വിധേയരായി ഞങ്ങളിതാ എത്തിച്ചേര്‍ന്നിരിക്കുന്നു... നിനക്ക് യാതൊരു പങ്കാളിയുമില്ല... നിശ്ചയും സ്തോത്രങ്ങള്‍ നിനക്ക് മാത്രം... അനുഗ്രഹങ്ങള്‍ നിന്റേത് മാത്രം... അധീശാധികാരിയായ നിനക്ക് യാതൊരു പങ്കാളിയുമില്ല തന്നെ...).ഇന്നും ദുല്‍ഹജ്ജ് മാസത്തില്‍ മക്കിയിലേക്ക് ഒഴുകുന്ന പതിനായിരങ്ങള്‍ ഭാഷ,വര്‍ണ്ണ, വര്‍ഗ്ഗ ഭേദമന്യേ ഇതേ മന്ത്രം ഉരുവിടുന്നു. ‘കഅബാ’ പ്രദക്ഷണത്തിന് ശേഷം ദുല്‍ഹജ്ജ് എട്ടിന് നബിതിരുമേനി(സ) മക്കയില്‍ നിന്ന് മിനായിലെത്തി അന്ന് രാത്രി അവിടെ നമസ്കാരവും പ്രാര്‍ത്ഥനയുമായി കഴിച്ച് കൂട്ടി... അടുത്ത ദിവസം പ്രഭാത നമസ്കാരത്തിന് ശേഷം ഹജ്ജിന്റെ സുപ്രാധാന ചടങ്ങായ ‘അറഫാ‘ സമ്മേളനത്തിനായി പുറപ്പെട്ടു. അറഫ കുന്നിന്റെ ‘ഉര്‍ന്ന‘ താഴ്വരയില്‍ വെച്ച് തന്റെ ‘ഖിസ് വ’ എന്ന ഒട്ടകപ്പുറത്തിരുന്ന് തനിക്ക് ചുറ്റും കൂടിയ ലക്ഷങ്ങളോട് അവിടുന്ന് നടത്തിയ ‘ഖുത്ത് ബത്തുല്‍ വിദാ‍അ ‘ (വിടവാങ്ങള്‍ പ്രസംഗം) പ്രസിദ്ധമാണ്... ഒറ്റവാക്കും നഷ്ടപെടാതെ ആ പ്രഭാഷണം ഇന്നും ചരിത്രത്തില്‍ നിന്ന് ഇന്നും വായിച്ചെടുക്കാം.


ചുരുക്കത്തില്‍ ഇങ്ങനെയായിരുന്നു ആ പ്രസംഗം. “സര്‍വ്വ സ്തുതികളും അല്ലാഹുവിനെത്രെ... അവനോട് സഹായം അഭ്യര്‍ത്ഥിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.. അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നു...... നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണം എന്ന് ഞാന്‍ ഉപദേശിക്കുന്നു... ജനങ്ങളേ... എന്റെ വാക്കുകള്‍ നിങ്ങള്‍ സശ്രദ്ധം ശ്രവിച്ചാലും... ഈ വര്‍ഷത്തിന് ശേഷം ഞാനും നിങ്ങളും തമ്മില്‍ കണ്ട് മുട്ടി കൊള്ളണമെന്നില്ല... ജനങ്ങളേ നിങ്ങളുടെ രക്തവും ധനവും അന്ത്യദിനം വരെ പവിത്രമാണ്... ഈ ദിനം നിങ്ങള്‍ക്ക് പവിത്രമായ പോലെ... നിശ്ചയം നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണ്ട് മുട്ടുക തന്നെ ചെയ്യും... വല്ല സൂക്ഷിപ്പ് സ്വത്തും ഉണ്ടെങ്കില്‍ തന്നെ ഏല്‍പ്പിച്ചവര്‍ക്ക് തിരിച്ച് നല്‍കണം... അനിസ് ലാമികമായ പലിശകളെല്ലാം ഇന്ന് മുതല്‍ നിരോധിക്കപ്പെട്ടിരിക്കുന്നു... എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്... എല്ലാ വിധ കുടിപ്പകകളും ഇന്ന് അസാധുവാക്കിയിരിക്കുന്നു.. എല്ലാ കുലമഹികളും പദവികളും അസാധുവാക്കിയിരിക്കുന്നു.... ജനങ്ങളേ നിങ്ങള്‍ക്ക് സ്ത്രീകളോട് ബാധ്യതകളുണ്ട്... അവര്‍ക്ക് തിരിച്ചും... അവരോട് നിങ്ങള്‍ മൃദുവായി പെരുമാറുക... അവര്‍ നിങ്ങളുടെ സഹകാരികളാണ്... അല്ലാഹുവിന്റെ ‘അമാനാത്തായാണ്’ (സൂക്ഷിപ്പ് സ്വത്ത്) നിങ്ങള്‍ അവരെ വിവാഹം ചെയ്തിട്ടുള്ളത്.... സ്പഷ്ടമായ രണ്ട് കാര്യം വിട്ട് തന്ന് കൊണ്ടാണ് ഞാന്‍ പോവുന്നത്... അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ ചര്യയുമാണത്... ഓരേ പിതാവിന്റെ സന്തതികളാണ് നിങ്ങള്‍... നിങ്ങള്‍ ജനിച്ചത് ആദമില്‍ നിന്ന്... ആദമോ മണ്ണില്‍ നിന്നും... അറബിയ്ക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ശ്രേഷ്ഠതയില്ല... ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ... ഇവിടെ ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് ഇത് എത്തിച്ച് കൊടുക്കട്ടേ... ” അവിടുത്തെ ശബ്ദം കേള്‍ക്കാത്തവര്‍ക്കായി ഒരാള്‍ ഉച്ചത്തില്‍ ഏറ്റുപറയുന്നുണ്ടായിരുന്നു.” അല്ലാഹുവേ ഈ സന്ദേശം ഞാന്‍ ജനങ്ങള്‍ക്ക് എത്തിച്ച് നല്‍കിയില്ലയോ... “ എന്ന് ചോദിച്ചപ്പോള്‍ പൂര്‍ണ്ണ നിശ്ശബ്ദതയില്‍ പതിനായിരങ്ങളുടെ ശബ്ദം ഉയര്‍ന്നു. “അതേ റസൂലേ... അങ്ങ് ദൌത്യം നിര്‍വ്വഹിച്ചിരുന്നു... ഞങ്ങള്‍ക്ക് എത്തിച്ച് തന്നിരിക്കുന്നു..’ ആകാശത്തേക്ക് കൈ ഉയര്‍ത്തി അവിടുന്ന് പറഞ്ഞു.. “അല്ലാഹുവേ നീ ഇതിന് സാക്ഷി... “


ഈ സമയത്താണ് “ഇന്നേ ദിവസം ദൈവീക ജീവിത വ്യവസ്ഥ പൂര്‍ത്തീകരിച്ച് തന്നിരിക്കുന്നു... “ എന്ന് തുടങ്ങുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ അവതരിച്ചത്. അത് കേട്ടപ്പോള്‍ എല്ലാവരും സന്തോഷിച്ചു.. ഇനി മാറ്റത്തിരുത്തലുകള്‍ ആവശ്യമില്ലാതെ ദൈവീക വ്യവസ്ഥയുടെ അവതരണം പൂര്‍ണ്ണമായിരിക്കുന്നു. കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമില്ലാത്ത നിയമ വ്യവസ്ഥ നിലവില്‍ വന്നിരിക്കുന്നു.... ഈ ദര്‍ശനത്തിന്റെ പൂര്‍ണ്ണത ദൈവീക ഗ്രന്ഥത്തിലൂടെ പ്രഖ്യാപിച്ച നിമിഷം അവിടെ കൂടിയ പതിനായിരങ്ങള്‍ ആഹ്ലാദിച്ചു... പക്ഷേ ആ അഹ്ലാദത്തിനിടയില്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞ് അബൂബക്കര്‍ സിദ്ധീഖ് (റ) എന്ന അവിടുത്തെ ആത്മസുഹൃത്തും ഉണ്ടായിരുന്നു... ‘ദൌത്യം അവസാനിച്ചാല്‍ പിന്നെ പ്രവാചകന്റെ ആവശ്യം ഇല്ലന്നും അത് നബിതിരുമേനിയുടെ വിയോഗ സൂചനയാണ് എന്നും സിദ്ദീഖ് കൂട്ടിവായിച്ചു.


എപ്പോഴും നിഴലുപോലെ കൂടെയുണ്ടായിരുന്നു സിദ്ധീഖ്... ഇസ്ലാമിനെ പരിചയപ്പെടുത്തിയപ്പോള്‍ ഒരു ശങ്കയും കൂടാതെ ആദ്യ വിശ്വാസിയായ സിദ്ദീഖ്...നബിതിരുമേനി(സ)യുടെ ജീവിത ദൌത്യത്തില്‍ സഹകാരിയായി ആത്മമിത്രമായി ജീവിച്ച സിദ്ദീഖ്... പലായന മധ്യേ സൌറ് ഗുഹയുടെ ഇരുട്ടില്‍ പതുങ്ങിയിരിക്കുന്ന അപകടങ്ങള്‍ ആദ്യം അന്വേഷിച്ചതുംസിദ്ദീഖായിരുന്നു... അവരെ വേട്ടയാടാനായി പരക്കം പായുന്ന ശത്രുകളുടെ സാന്നിധ്യം സൌറ് ഗുഹയ്ക്ക് അകത്ത് നിന്ന് ഭീതിയോടെ നോക്കി “നബിയേ (സ) അവര്‍ കാലിലേക്ക് നോക്കിയാല്‍ നമ്മളെ കണ്ടെത്തും... അബൂബക്കറിന്റെ ജീവിതം അവസാനിച്ചാല്‍ ഒന്നും നഷ്ടപെടാനില്ല... അങ്ങയെ പിടികൂടിയാല്‍ ഈ ദൌത്യം തകര്‍ന്ന് പോവും... “ എന്ന് ആധിയോടെ വേവലാതിപ്പെട്ട സിദ്ധീഖിനെ പുണ്യറസൂല്‍(സ) സമധാനിപ്പിച്ചു...”വിഷമിക്കണ്ട സിദ്ധീഖ്... അല്ലാഹു നമ്മോടൊപ്പമുണ്ട്” ആ ഇരുണ്ട ഗുഹയില്‍... പതുങ്ങിയ ലോകനായകന്റെ കരുത്തുള്ള ശബ്ദത്തിലെ ധൈര്യം തിരിച്ചറിഞ്ഞ സിദ്ധീഖ്... ആ ആത്മ സുഹൃത്തിന് അവിടുത്തെ വിയോഗ സൂചന പെട്ടന്ന് ഉള്‍കൊള്ളാനായി.


റൌദാശരീഫിന്റെ അടുത്ത് നിന്ന് പുണ്യറസൂലിന് (സ) സലാം പറഞ്ഞ് പതുക്കെ നടക്കാന്‍ മനസ്സ് മടിച്ചു... പതുക്കെ പുറത്തിറങ്ങുമ്പോള്‍ കൂടെ തന്നെയുള്ള സഈദിനെയും ഇസ്മാഈലിനെയും ശ്രദ്ധിച്ചു. ഇസ്മാഈലിന്റെ മുഖത്തെ ദുഃഖം ഞാന്‍ വായിച്ചെടുത്തു. മക്കകാരനായ ആ വൃദ്ധനും മദീനക്കാരനാ‍യ ആ ചെറുപ്പക്കാരനും ഇന്ത്യക്കാരനായ ഞാനും... അടുത്ത കുടുബത്തെ പിരിയുന്ന വേദന അനുഭവിക്കുന്നു എന്ന് തോന്നി. “ഇത് ‘ജന്നത്തുല്‍ ബഖീഅ’.”


സഈദിന്റെ മധുരമുള്ള ശബ്ദം ഇപ്പോഴും ദുഃഖത്തിന്റെ നിറം കലര്‍ന്നത് തന്നെ “ഇവിടെയാണ് നബിതിരുമേനിയുടെ മകളായ ഫാത്തിമയടക്കം മക്കള്‍ അന്ത്യവിശ്രം കൊള്ളുന്നത്. കൂടാതെ അനുയായികളില്‍ അധികപേരുടെ ഖബറുകളും ഇവിടെ തന്നെ... ‘ബഖീഇ’ലെ തരിശ് ഭൂമിയോടെ വെറുതെ മനസ്സ് കൊണ്ട് സംവദിക്കാന്‍ ശ്രമിച്ചു... ആ മണല്‍തരിയില്‍ പൂര്‍വ്വ സൂരികളുടെ കാല്പാടുകള്‍ കണ്ടെത്താന്‍ ശ്രമിച്ചു... വിയോഗത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അനുചരനായ ‘അബൂ മുഹൈവിബ‘ (റ)യോടൊപ്പം നബിതിരുമേനി(സ) ഈ ഖബര്‍സ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. അര്‍ദ്ധരാത്രി... ലോകം ഉറങ്ങികിടക്കുമ്പോള്‍ ഈ തരിശുഭൂമിയില്‍ അവസാന നിദ്രയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി അവിടുന്ന് ദീര്‍ഘനേരം പ്രാര്‍ത്ഥന നടത്തി... നിറഞ്ഞ കണ്ണുകളുമായി വിതുമ്പുന്ന ആ പ്രാര്‍ത്ഥന കണ്ട അബൂമുഹൈവിബ ആഗ്രഹിച്ചു പോയെത്രെ... “മരണപ്പെട്ടിരുന്നെങ്കിലും തനിക്കും ആ പ്രാര്‍ത്ഥനയുടെ പുണ്യം ലഭിക്കുമായിരുന്നു‘ എന്ന്.


ഈ ഖബര്‍സ്ഥാനില്‍ നിന്ന് തിരിച്ച് നടക്കുമ്പോള്‍ സഹായി ആയി കൂടെ വന്ന അബൂമുഹൈവിബ(റ) യോട് അവിടുന്ന് പറഞ്ഞു “ഭൂലോകത്ത് നിത്യ ജീവിതവും നിത്യമായ സ്വര്‍ഗ്ഗവാസവും ആണോ വേണ്ടത്... അതോ എന്റെ നാഥനായ അല്ലാഹുവുമായുള്ള സംഗമമാണോ വേണ്ടത് എന്ന് തിരഞ്ഞെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അബൂ മുഹൈബ കോരിത്തരിച്ചു പോയി.. തന്നെക്കാളും ഇഷ്ടപ്പെടുന്ന പുണ്യവ്യക്തിത്വത്തോട് ഉടനടി പറഞ്ഞു.. “മുഴുവന്‍ സുഖ സൌകര്യങ്ങളോടെ ഭൂലോകത്ത് നിത്യജീവിതവും അവസാ‍നം നിത്യമായ സ്വര്‍ഗ്ഗവാസവും“ അങ്ങേയ്ക്ക് തിരഞ്ഞെടുക്കാമായിരുന്നില്ലെ.. . നബി തിരുമേനി (സ) പറഞ്ഞു... “ഇല്ല അബൂമുഹൈവിബാ... ഞാന്‍ എന്റെ നാഥനെ കണ്ട് മുട്ടാനാഗ്രഹിക്കുന്നു...”


‘ജന്നത്തുല്‍ ബഖീഇ‘ ലൂടെ പതുക്കെ നടക്കുന്ന ആ പ്രവാചകനേയും കൂടെ നടക്കുന്ന ആ അനുയായിയേയും വരച്ചെടുക്കാന്‍ ശ്രമിച്ചു. “അവിടുത്തെ സന്തോഷം ഞങ്ങളുടെ സന്തോഷമായിരുന്നു. അവിടുത്ത ദുഃഖം ഞങ്ങളുടെ ദുഃഖമായിരുന്നു... അവിടുത്തെ വേദന ഞങ്ങളുടെ വേദനയായിരുന്നു... അത് കൊണ്ട് തന്നെ അവിടുന്നിന് പനി ബാധിച്ചപ്പോള്‍ മദിനയ്ക്കും ദുഃഖമായിരുന്നു.”
സഈദിന്റെ പതിഞ്ഞ സ്വരം... മനസ്സ് വായിച്ചെടുക്കാനുള്ള അസാമാന്യ പാഠവം തന്നെയുണ്ട് ആ മദീനക്കാരന്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കൊപ്പം തലയാട്ടി അംഗീകരിക്കുന്ന ഈസ്മാഈല്‍ എന്ന വൃദ്ധന്‍.. ‘ബഖീഇ’ നോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ സഈദ് വീണ്ടും ഗതകാലത്തിലേക്ക് നടക്കാന്‍ തുടങ്ങിയിരുന്നു.


‘ശക്തമായ പനിയും തലവേദനയും ബാധിച്ച് നബിതിരുമേനി(സ) കിടപ്പിലായതോടെ മദീനയില്‍ ദുഃഖം തളം കെട്ടി. അറുപത്തിമൂന്ന് വര്‍ഷം നീണ്ട ആ ജീവിതത്തില്‍ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം... മദീനക്കാരുടെ മുഖത്ത് നിത്യദുഃഖമായി ആ അസുഖം... ചുട്ട് പൊള്ളുന്ന പനിക്ക് കുറച്ച് ആശ്വാസം ലഭിച്ച ഒരു ദിവസം അവിടുന്ന് മസ്ജിദില്‍ എത്തി... നമസ്കാര ശേഷം അവിടെ കൂടിയിരുന്ന അനുയായികളോട് സംസാരിച്ചു... “അല്ലാഹു അവന്റെ ദാസന് ഇഹലോക ജീവിതമോ പരലോക ജീവിതമോ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കി... ആ ദാസന്‍ പരലോക ജീവിതം തിരഞ്ഞെടുത്തു...” നിശബ്ദതയെ ഭേദിച്ച് മസ്ജിദിനകത്ത് ഒരു പൊട്ടിക്കരച്ചില്‍ ഉയര്‍ന്നു... അത് ആത്മ സുഹൃത്തായ അബൂബക്കര്‍ ആയിരുന്നു... അദ്ദേഹം വിലപിച്ചു “നബിയെ... അങ്ങേയ്ക്ക് വേണ്ടി എല്ലാം ത്യജിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്...” “ശക്തനായിരിക്കൂ അബൂബക്കര്‍ ..” എന്ന് അവിടുന്ന് ആശ്വസിപ്പിച്ചു... തിരിച്ച് വീട്ടിലേക്ക് പോവും മുമ്പേ അവിടുന്ന് പറഞ്ഞു... മുഹാജിര്‍ (മക്കയില്‍ നിന്ന് പലായനം ചെയ്ത് വന്ന അനുയായികള്‍) സമൂഹമേ... നിങ്ങള്‍ അന്‍സാറുകള്‍ക്ക് (മദീനക്കാര്‍) നന്മമാത്രം കാംക്ഷിക്കുക... എന്റെ സ്വന്തക്കാരാണവര്‍... എനിക്ക് അഭയം നല്‍കിയ എന്റെ വിശ്വസ്ത മിത്രങ്ങള്‍... അവര്‍ക്ക് നന്മ ചെയ്യുക...”


സഈദ് പൊട്ടിക്കരഞ്ഞു... ഈസ്മാഈലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... പതറിയ ശബ്ദത്തില്‍‍ സഈദ് പറഞ്ഞു “അതെ... ഈ പ്രവാചകര്‍(സ) ഞങ്ങളുടെ ജീവനാണ്... മദീനയുടെ ആത്മാവാണ്.. ഞങ്ങള്‍ക്ക് എല്ലാം നല്‍കിയത് പുണ്യറസൂലാണ്...” വാഹനത്തില്‍ ചാരി കുറച്ചപ്പുറത്തെ മസ്ജിദുന്നബവിയിലേക്ക് നോക്കി നിറകണ്ണുകളോടെ ഞാന്‍ നിന്നു.. സഈദ് സംസാരിക്കാനാവാതെ തേങ്ങി...‍ ഇസ്മാഈല്‍ സംസാരിച്ച് തുടങ്ങി...


“അസുഖം അനുദിനം വര്‍ദ്ധിച്ചു... പൊള്ളുന്ന പനി... അസഹ്യമായ വേദന... അതോടെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കാനുള്ള ഉത്തവാദിത്വം അബൂബക്കര്‍ സിദ്ധീഖിനെ ഏല്‍പ്പിച്ചു. പതിവ് പോലെ അവിടുത്തെ ഇഷ്ടമകള്‍ ഫാത്തിമ സന്ദര്‍ശനത്തിനെത്തി...“ സഈദ് കരുത്ത് വീണ്ടെടുത്തിരിക്കുന്നു. അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി...

“ഫാത്തിമയെ അവിടുന്നിന് ഇഷ്ടമായിരുന്നു... ഏഴ് മക്കളില്‍ ആറ് പേരും അവിടുത്തെ ജീവിത കാലത്ത് തന്നെ ലോകത്തോട് വിടപറഞ്ഞിരുന്നു. മക്കളില്‍ ആകെ ബാക്കിയായത് ഫാത്തിമ മാത്രമായിരുന്നു. മാത്രവുമല്ല ... നുബുവ്വത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ പത്നിയായ ഖദീജ വിടപറഞ്ഞ ശേഷം എല്ലാറ്റിനും സഹായം ഫാത്തിമ എന്ന് മകളായിരുന്നു. ചെറുപ്പത്തില്‍ തന്നെ പിതാവിനെ പരിപാലിച്ച് ജീവിച്ച ‘ഫാത്തിമ’ (റ) ചില ചരിത്രകാരന്മാര്‍ വിളിച്ചത് തന്നെ ‘പിതാവിന്റെ മാതാവ്’ എന്നാണ്. “എന്റെ ഭാഗമാണ് ഫാത്തിമ(റ)“ എന്ന് അവിടുന്ന് പറയുമായിരുന്നു


ആ പിതാവും പുത്രിയും ആയിരുന്നു എന്റെ മനസ്സിലും...നബി തിരുമേനിയുടെ വീടിനും ഫാത്തിമയുടെ വീടിനും അഭിമുഖമായി രണ്ട് ജനലുകള്‍ ഉണ്ടായിരുന്നെത്രെ... എല്ലാ പ്രഭാതത്തിലും ആദ്യം പിതാവ് വീടിന്റെ ജനല്‍ തുറക്കുമായിരുന്നു... അപ്പുറത്ത് ഫാത്തിമ(റ)യുടെ വീട്ടിലും ജനല്‍ തുറക്കും.. പിതാവും പുത്രിയും പരസ്പരം കാണും... യാത്ര പുറപ്പെടുമ്പോള്‍ ഏറ്റവും അവസാനം നബി തിരുമേനി(സ) സന്ദര്‍ശിക്കാറുണ്ടായിരുന്നത് ഫാത്തിമ(റ)യെ ആയിരുന്നു... തിരിച്ചെത്തിയാല്‍ ആദ്യം ഫാത്തിമയുടെ അടുത്ത് ഓടിയെത്തും...


“മരപ്പലകയില്‍ വിരിച്ച ഈന്തപ്പന ഓലയില്‍ പരീക്ഷീണനായി കിടക്കുന്ന നബിതിരുമേനി(സ)യുടെ സമീപം ഫാത്തിമ ഓടിയെത്തി... പിതാവിന്റെ നെറ്റിയില്‍ മകള്‍ ചുബിച്ചപ്പോള്‍ അവിടുന്ന് ഫാത്തിമ(റ)യെ ചേര്‍ത്തുപിടിച്ചു... കാതിലെന്തോ പറഞ്ഞു... ഫാത്തിമ കരഞ്ഞു പോയി... അപ്പോള്‍ അടുത്ത കാതില്‍ മറ്റെന്തോ പറഞ്ഞു... അതോടെ ഫാത്തിമ(റ)യുടെ ചുണ്ടില്‍ പുഞ്ചിരിയെത്തി... നബിതിരുമേനി(സ) യുടെ വിയോഗ ശേഷം ഫാത്തിമ(റ) അത് വിശദീകരിച്ചു ആദ്യം പറഞ്ഞത് “ഞാന്‍ ഈ ലോകത്തോട് യാത്ര പറയുകയാണ് മോളെ...’ എന്നായിരുന്നു. അത് കേട്ടപ്പോഴാണ് കരഞ്ഞത് .. അപ്പോള്‍ പിതാവ് ആശ്വസിപ്പിച്ചു... “എന്റെ കുടുബത്തില്‍ നിന്ന് ആദ്യം എന്നോട് ചേരുന്നത് നീയായിരിക്കും.. “ ഈ പ്രവചനം സത്യമാക്കി... നബിതിരുമേനി(സ)യുടെ വിയോഗ ശേഷം ആറ് മാസത്തിന് ശേഷംഫാത്തിമ(റ)യും ഈ ലോകത്തോട് യാത്ര പറഞ്ഞു.


നീണ്ട രോഗ ദിവസങ്ങള്‍ക്ക് ശേഷം ഒരു രാത്രി ആശ്വാസം കിട്ടി... പനി കുറഞ്ഞു... പ്രഭാതത്തില്‍ അവിടുന്ന് മസ്ജിദിലെത്തി... നമസ്കാര ശേഷം മസ്ജിദിലുള്ളവരെ അഭിസംബോധന ചെയ്ത് പറഞ്ഞു... “അല്ലാഹു അനുവദിച്ചതേ ഞാന്‍ നിങ്ങള്‍ക്ക് അനുവദനീയം ആക്കീയുട്ടുള്ളു... അല്ലാഹു നിഷിദ്ധമാക്കിയതേ ഞാന്‍ നിഷിദ്ധമാക്കിയിട്ടുള്ളൂ... ഖബറിടങ്ങള്‍ ആരാധനാലയങ്ങളാക്കിയ ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ ശാപം...” കൂടാതെ മക്കയില്‍ നിന്ന് പലായനം ചെയ്തെത്തിയ മുഹാജിറുകളും മദീനയില്‍ അവരെ സഹായിച്ച അന്‍സാറുകളും പരസ്പര സഹകരണത്തോടെ ജീവിക്കണം എന്ന് അവിടുന്ന് പ്രത്യേകം വസിയ്യത്ത് ചെയ്തു. “ഞാന്‍ മുമ്പേ പോവുന്നു... എന്റെ പിന്നില്‍ നിങ്ങളും വരുന്നതാണ്” എന്ന് കൂടി അവിടുന്ന് കൂട്ടിച്ചേര്‍ത്തു... അസുഖത്തിന് കുറവ് കണ്ട് ആശ്വസിച്ചു മദീന... പക്ഷേ അത് വൃഥാവിലായിരുന്നു.


ഹിജറ കഴിഞ്ഞ് പതിനൊന്നാമത്തെ വര്‍ഷം... റബീഉല്‍ അവ്വല്‍ പന്ത്രണ്ട് (ഏ ഡി 632 ജൂണ്‍ - 8 - ഇതില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്.) പള്ളിയില്‍ നിന്നെത്തിയതോടെ അസുഖം പൂര്‍വ്വാധികം വര്‍ദ്ധിച്ചു... മദീന ചൂട്ട്പോള്ളാന്‍ തുടങ്ങും മുമ്പ് അവിടുന്ന് ഈ ലോകത്തോട് വിടപറഞ്ഞു... ‘അല്ലാഹുവെ... അത്യന്നതാനായ മിത്രമേ...” എന്ന് അവസാന മൊഴിയോടെ ആ മിഴികള്‍ മേല്‍പ്പോട്ടുയര്‍ന്നടഞ്ഞു...


മദീന തേങ്ങി... ആര്‍ത്തുവിലപിക്കുന്നത് പോലും ആ മഹാനായകനോടുള്ള അനാദരവ് ആകും എന്നറിയാവുന്ന മദീനക്കാര്‍ തേങ്ങിക്കരഞ്ഞു... സംഭവം അറിഞ്ഞ് ഓടിയെത്തിയ ഉമറിന് നബിതിരുമേനി(സ) ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ ആവുമായിരുന്നിരുന്നില്ല... വീടിന് പുറത്ത് വാളുമായി “നബിതിരുമേനി ജീവിച്ചിരുപ്പില്ല എന്ന് പറയുന്നവനെ അക്രമിക്കും‘ എന്ന് ഉമര്‍ ഭീഷണി മുഴക്കി.. സിദ്ദീഖ് കടന്ന് വന്നു... നിശ്ശബ്ദനായി അകത്ത് കടന്ന് പുണ്യശരീരം കണ്ടു... നിറകണ്ണുകളോടെ തിരിച്ചിറങ്ങി... തന്നെ ഉറ്റ് നോക്കുന്ന മുഴുവന്‍ ആളുകളേയും അക്കൂട്ടത്തില്‍ ദേഷ്യത്തില്‍ നില്‍ക്കുന്ന ഉമറിനേയും അഭിമുഖീകരിച്ച് അബൂബക്കര്‍ സംസാരിച്ചു “ആരെങ്കിലുംമുഹമ്മദിനെ ആരാധിച്ചിരുന്നെങ്കില്‍ മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു... ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നെങ്കില്‍ അവന്‍ എന്നെന്നും ജീവിച്ചിപ്പുള്ളവനാണ്...” തുടര്‍ന്ന് “മുഹമ്മദ് ഒരു പ്രവാചകന്‍ മാത്രം... മറ്റു പ്രവാചകന്മാരും കഴിഞ്ഞ് പോയിട്ടുണ്ട്...” എന്ന് തുടങ്ങുന്ന ഖുര്‍ ആന്‍ സൂക്തവും കൂടി പാരായണം ചെയ്തതോടെ ഒരു വിലാപത്തോടെ ഉമര്‍ വാള് വലിച്ചെറിഞ്ഞു....


ഞാന്‍ ജെയിംസ് എ മിഷ് നറുടെ വാക്കുകള്‍ ഓര്‍ത്തുപോയി “At Muhammad's own death an attempt was made to defy him, but the man who was become his administrative successor killed the hysteria with one of the noblest speeches in religious history: “if there are any among you who worshipped Muhammad, he is dead. But if it is God you worshipped, He lives for ever.”


തന്റെ പിന്‍ഗാമിയെ കുറിച്ച് നബിതിരുമേനി(സ) വ്യക്തമായ സൂചനകള്‍ ഒന്നും നല്‍കിയിരുന്നില്ല. അവിടുത്ത അഭാവത്തില്‍ നമസ്കാരത്തിന് നേതൃത്വം വഹിക്കാന്‍ ചുമതലപ്പെടുത്തിയത് അബൂബക്കറി(റ)നെ ആയിരുന്നു. ഇനി ആര് നേതൃത്വം എന്നതിനെ കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് സിദ്ധീഖ് (റ) , അബൂ ഉബൈദ (റ), ഉമര്‍ (റ) എന്നീ രണ്ട് പേരെ നിര്‍ദ്ദേശിച്ചു. പക്ഷേ അത് മുഴുവനാക്കാന്‍ സമ്മതിക്കാതെ ഉമര്‍ (റ) പറഞ്ഞു... സിദ്ദീഖ് ജീവിച്ചിരിക്കുന്ന സമൂഹത്തില്‍ നേതാവായിരിക്കാന്‍ ഞാന്‍ യോഗ്യനല്ല...അത് കൊണ്ട് ഞാന്‍ അങ്ങയെ പ്രവാചകരുടെ പ്രതിനിധിയയി പ്രതിജ്ഞ ചെയ്യുന്നു... അതോടെ സദസ്സ് ഒന്നടങ്കം അത് അംഗീകരിച്ചു... നബിതിരുമേനിയെ വീട്ടില്‍ തന്നെ ഖബറടക്കി... പില്‍കാലത്ത് വീട് നിന്നിരുന്ന സ്ഥലം കൂടി മസ്ജിദുന്നബവിയോട് ചേര്‍ത്തു.


ഇരു കൈകളും അമര്‍ത്തിപ്പിടിച്ച് ഇസ്മാഈല്‍ യാത്ര പറഞ്ഞു... പാറപോലെ കരുത്തുള്ള ആ വൃദ്ധമനസ്സ് ഉള്ളിലെ വിഷമം ഒതുക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു. “താങ്കള്‍ക്ക് ഞാന്‍ എന്ത് തരും സഹോദരാ...” ശബ്ദം ഇടറിയിരിക്കുന്നു. “അങ്ങയുടെ സ്വരത്തില്‍ കഅബ് ബിന് സുഹൈറിന്റെ കവിത ഒന്ന് കൂടി കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.‘ വൃദ്ധന്‍ ആവേശത്തോടെ കവിത ചൊല്ലി... കണ്ണടച്ച് ഞാനും സഈദും ആസ്വദിച്ചു.. കൈവിരലിലെ മോതിരം സമ്മാനിച്ചാണ് സഈദ് യാത്രയാക്കിയത്... ആലിംഗനം ചെയ്ത് വാഹനത്തില്‍ കയറുമ്പോള്‍ ഒന്നും പകരം നല്‍കിയില്ലല്ലോ എന്ന് മനസ്സ് വേദനിച്ചു... എന്റെ മനസ്സ് വായിച്ച സഈദ് പറഞ്ഞു “ഈ നല്ല ഓര്‍മ്മകള്‍ മാത്രം മതി... താങ്കള്‍ ഞങ്ങളുടെ അതിഥിയാണ്... മദീനയുടെ അതിഥി” കൂടെ ഒരു ചെറിയ പൊതി കയ്യില്‍ ഏല്‍പ്പിച്ചു... ‘ഇത് എന്റെ വീട്ടുകാരുടെ സമ്മാനം’


വാഹനം പതുക്കെ നീങ്ങി... തിരിഞ്ഞ് നോക്കുമ്പോള്‍ നാല് കണ്ണുകള്‍ എന്നില്‍ തന്നെ തറഞ്ഞിരിക്കുന്നു... സഈദ് തന്ന പൊതി അഴിച്ചു... ‘അജ് വ‘ എന്ന ഇനം ഈത്തപ്പഴം... നബി തിരുമേനി(സ) ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഇനം... മദീനക്കാര്‍ അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും ഭക്ഷണത്തിലും സമ്മാനത്തിലും നബിതിരുമേനി(സ)യെ അനുകരിക്കാന്‍ ശ്രമിക്കുന്നു... ഏറ്റവും വിലപ്പെട്ട നിധി ഉപേക്ഷിക്കുന്നവന്റെ മാനസിക അവസ്ഥയോടെ ദൂരെ മറയുന്ന മസ്ജിദുന്നബവിയും, വെളുത്ത മിനാരങ്ങള്‍ക്കിടയിലെ പച്ചഖുബ്ബയും നോക്കിയിരുന്നു... കണ്ണിമ വെട്ടാതെ... മറക്കാത്ത ഓര്‍മ്മകളില്‍ നിന്നൊരു മടക്കയാത്ര... ദൂരെ മസ്ജിദുന്നബവി കാഴ്ചയില്‍ നിന്ന് മറഞ്ഞു... മനസ്സില്‍ നഷ്ടത്തിന്റെ വേദന നിറഞ്ഞു... ചുണ്ടില്‍ കവിത വിരിഞ്ഞു... തലോടി കടന്ന് പോവുന്ന ഇളങ്കാറ്റിനെ സലാത്തും സലാമും‍ പുണ്യറസൂലിന്റെ തിരുസന്നിധിയില്‍ സമ്മാനമായി സമര്‍പ്പിക്കാന്‍ ഏല്‍പ്പിച്ചു...

പുറത്ത് വെയില്‍ കത്തിത്തുടങ്ങിയിരിക്കുന്നു... അകത്ത് മനസ്സും... വാഹനത്തിനകത്തെ നേരിയ തണുപ്പില്‍ മൌനമായിരിക്കുമ്പോള്‍ ഇനിയും ഒരു മടക്കയാത്രയെ കുറിച്ചായിരുന്നു ചിന്ത... മദീനയിലേക്ക് തന്നെ ഒരു മടക്കം... ഇതേ വഴിത്താരയിലൂടെ ഒരു യാത്ര കൂടി... വാഹനത്തിനകത്തെ എഫ് എം റേഡിയോയില്‍ നിന്ന് അറബി കവിത ഒഴുകിയെത്തി... പൂര്‍ണ്ണചന്ദ്രനായ നബിയേ അങ്ങേയ്ക്ക് അഭിവാദ്യങ്ങള്‍... സ്വപ്നങ്ങളുടെ സ്വപ്നമേ അങ്ങേയ്ക്ക് അഭിവാദ്യങ്ങള്‍... നിറകണ്ണുകള്‍ അടച്ചപ്പോള്‍ കവിളിലേക്ക് ഒഴുകിയ ചൂട് അമര്‍ത്തിത്തുടച്ച് സീറ്റില്‍ ചാഞ്ഞ് കിടന്നു...


അവസാനിച്ചു.