Tuesday, July 15, 2008

മറക്കാനാവാത്ത മടക്കം.

അവസാന ഭാഗം.

“അനന്തമായ മണല്‍പരപ്പിനപ്പുറം ആകാശവും ഭൂമിയും സന്ധിക്കുന്ന വരെ കണ്ണെത്തും ദൂരത്തെല്ലാം ഒതുക്കി വെച്ച മണല്‍ കുന്നുകള്‍. ചൂടാറാന്‍ തുടങ്ങുന്ന പൊടിമണലിനെ വല്ലപ്പോഴും ചുഴറ്റി ഉയര്‍ത്തി സ്ഥനഭ്രംശം വരുത്തുന്ന കൊച്ചു മണല്‍ക്കാറ്റ്‌. അകലെയെങ്ങോ കാത്തിരിക്കുന്ന മരുപച്ചയും ലക്ഷ്യമാക്കി താളത്തില്‍ നീങ്ങുന്ന ഒട്ടകസംഘം... വരിയായി നീങ്ങുന്ന അവയുടെ കുളമ്പുകള്‍ക്കടിയില്‍ പുളയുന്ന പൊള്ളുന്ന മണല്‍. ആഴ്ന്ന കാലുകള്‍ വലിച്ചെടുത്ത്‌ അതിവേഗം നടക്കുമ്പോള്‍ , സാമാന്യം വേഗത്തില്‍ അനങ്ങുന്ന പൂഞ്ഞയില്‍ അമര്‍ന്നിരുന്ന് ആ നൃത്തത്തോട്‌ താദാത്മ്യപ്പെടാന്‍ ശ്രമിച്ചു. മനസ്സില്‍ മദീനയായിരുന്നു... “

രണ്ടായിരത്തിഏഴ് മാര്‍ച്ചില്‍ ഇങ്ങനെ എഴുതിത്തുടങ്ങുമ്പോള്‍ ഈ പരമ്പര ഇത്ര നീണ്ട് പോവും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ആദ്യ ഭാഗം കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ‘തുടരണോ ?“ എന്നൊരു കമന്റും ചേര്‍ത്ത് ഇരുപത്തി ഏഴാം തിയ്യതി പബ്ലിഷ് ചെയ്തു. അന്ന് പലരും തുടര്‍ന്ന് എഴുതാന്‍ നിര്‍ബന്ധിച്ചു... അങ്ങനെ തുടങ്ങി പതിനാറ് മാസങ്ങള്‍ കൊണ്ട് തുടര്‍ച്ചയായി ഇരുപത്തിനാല് ഭാഗങ്ങള്‍ എഴുതി... ഈ ഇരുപത്തിആറാം ഭാഗത്തിലൂടെ ഈ പരമ്പര തീരുമ്പോള്‍ നന്ദി പറയാന്‍ ഒത്തിരി പേരുകള്‍ ഉണ്ട്. ആദ്യം നന്ദി പറയേണ്ടത് ലഭിച്ച ദൈവീക സഹായത്തിന് തന്നെ. അധികരം റഫറന്‍സ് ഒന്നും ഇല്ലാത്ത എഴുത്ത്... മുമ്പ് വായിച്ചു തീര്‍ത്ത കാര്യങ്ങള്‍... കേട്ട് മറന്ന ചരിത്രങ്ങള്‍‍... എഴുതാനിരിക്കുമ്പോള്‍ മനസ്സില്‍ ജനിക്കുന്ന വാചകങ്ങള്‍... മനസ് കൊണ്ടുള്ള ഒരു ദീര്‍ഘ യാത്ര... മരുഭൂമിയിലൂടെ നിങ്ങുന്ന സാര്‍ത്ഥവാഹക സംഘത്തില്‍ പ്രാര്‍ത്ഥന നിര്‍ഭരമായ തീര്‍ത്ഥാടക മനസ്സ്... അത് കാണുന്ന കാഴ്ചകള്‍, പരിചയപ്പെടുന്ന വ്യക്തികള്‍, അകകണ്ണില്‍ തെളിയുന്ന ഗതകാല സുകൃതങ്ങള്‍... (ഇന്ന്‍ വരെ നേരിട്ട് മദീനയിലോ മക്കയിലോ പോയിട്ടില്ല.)ഇതൊക്കെ ചേര്‍ന്നാണ് ഈ പരമ്പര ഉണ്ടായത്.


ഇത് എഴുതാന്‍ ഏറ്റവും വലിയ പ്രേരണ വായനക്കാര്‍ തന്നെയായിരുന്നു. നിരന്തരം നിര്‍ബന്ധിക്കുന്ന ബ്ലോഗറല്ലാത്ത അശോക് എന്ന സുഹൃത്ത് മുതല്‍ ‘എഴുതി തീര്‍ത്തില്ലെങ്കില്‍ നീ വിവരം അറിയും’ എന്ന് ഭീഷണിപ്പെടുത്തിയ കുറുമാന്‍ വരെ... പോസ്റ്റുകളിലും കമന്റിലും ഈ ‘സാര്‍ത്ഥവാഹക സംഘത്തെ’ ഓര്‍മ്മിച്ച പൊതുവാള്‍, അഞ്ചല്‍ക്കാരന്‍, അതുല്യേച്ചി, അരവിന്ദ്, ദുര്യോധനന്‍.. പിന്നെ പബ്ലിഷ് ചെയ്യാന്‍ സഹായിക്കാറുള്ള അഗ്രജന്‍, സുല്ല്, മിന്നാമിനുങ്ങ്, മഴത്തുള്ളി, അപ്പു, സിയ... “ ഒന്ന് മുതല്‍ ഈ ഭാഗം വരെ വായിക്കാനെത്തിയവര്‍... അഭിപ്രായം അറിയിച്ചവര്‍... തെറ്റുകള്‍ സ്നേഹപൂര്‍വ്വം ചൂണ്ടിക്കാണിച്ചവര്‍... എല്ലാവരോടുമുള്ള കടപ്പാടുകള്‍ ‘നന്ദി‘ എന്ന രണ്ടക്ഷരത്തില്‍ ഒതുങ്ങില്ലന്ന് അറിയാം... എങ്കിലും ‘നന്ദി’ പറയുന്നു.


‘സാര്‍ത്ഥവാഹക സംഘത്തോടൊപ്പം‘ എന്ന ഈ പരമ്പര ഇവിടെ പൂര്‍ണ്ണമാകുന്നു. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഒത്തിരി ഒത്തിരി നന്ദി...

സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.

മസ്ജിദുന്നബവിയ്ക്കകത്ത്, സ്നേഹഭാജനത്തിന്റെ സമീപ്യത്തില്‍ ലോകം വിസ്മൃതമായി. ചുറ്റുവട്ടവും ഒഴുകുന്ന സന്ദര്‍ശകരെ മറന്നു. ഇസ്മാഈലും സഈദും ഓര്‍മ്മയുടെ തിരശ്ശീലയില്‍ നിന്ന് നഷ്ടമായിരിക്കുന്നു. പകരം മനസ്സിന്റെ കണ്ണാടിയില്‍ ജ്വലിക്കുന്ന മുഖം... ശോഭയാര്‍ന്ന പുഞ്ചിരി... അക്ഷരങ്ങളില്‍ നിന്ന് ഞാന്‍ വരഞ്ഞെടുത്ത പുണ്യറസൂല്‍ (സ) എന്ന മഹാത്ഭുതം... സന്തപ്തഹൃദയങ്ങള്‍ക്ക് സാന്ത്വനമേകിയ ‍.. സമത്വവും സ്വാതന്ത്ര്യവും സ്നേഹവും കാരുണ്യവും പഠിപ്പിച്ച‍‍... സൃഷ്ടിയേയും സ്രഷ്ടാവിനെയും വിശദീകരിച്ച‍‍... ഈ ലോകത്ത് നിന്ന് പരലോകത്തേക്ക് ഒരു കിളിവാതില്‍ തുറന്ന് തന്ന‍‍.. ‘പൂര്‍ണ്ണ ചന്ദ്രന്‍ എന്ന് മദീനക്കാര്‍ വിശേഷിപ്പിച്ച സവിശേഷ വ്യക്തിത്വം... പരീക്ഷണങ്ങളില്‍ പതറാത്ത ആ മഹാനായക സമക്ഷം മര്യാദയോടെ എന്റെ സ്നേഹം തുടിക്കുന്ന ഹൃദയം സമര്‍പ്പിച്ചു....


ആ പുഞ്ചിരിയ്ക്ക് മുമ്പില്‍ മക്ക കീഴടക്കിയപ്പോള്‍ മക്കക്കാരുടെ മനസ്സിലെ വിദ്വേഷവും പൊയ്മറഞ്ഞിരുന്നു... ഇസ് ലാമിന്റെ ബദ്ധശത്രുക്കളായിരുന്നവര്‍ അടുത്ത മിത്രങ്ങളായി... നബിതിരുമേനി(സ)യ്ക്കെതിരെ സംഘടിക്കാന്‍ നേതൃത്വം നല്‍കിയ അബൂസുഫ് യാന്‍ പശ്ചാത്തപിച്ച് ശിഷ്യത്വം സ്വീകരിച്ചു... ഉഹദ് യുദ്ധക്കളത്തില്‍ ജീവനറ്റ് കിടന്ന ഹംസയുടെ നെഞ്ച് വലിച്ച് പൊളിച്ച് ചുടുചോര പറ്റിയ കരള്‍ പറിച്ചെടുത്ത് ചവച്ച് തുപ്പിയ അബൂസുഫ് യാന്റെ പത്നി ഹിന്തും മുസ് ലിം ആയി... ഹംസ(റ)യെ പിന്നില്‍ നിന്ന് കുന്തമെറിഞ്ഞ് വീഴ്ത്തിയ വഹ് ശിയും അബൂജഹലിന്റെ മകന്‍ ഇക് രിമയും ഇസ്ലാമില്‍ എത്തി. നബിതിരുമേനി(സ)യെയും അനുയായികളെയും നിരന്തരം ദ്രോഹിച്ചിരുന്നവര്‍ അവിടുന്നിന്റെ ആത്മമിത്രങ്ങളായി. ക്രൂരമായി കല്ലെറിഞ്ഞ ത്വാഇഫുകാര്‍ ആ ശിഷ്യത്വം സ്വീകരിച്ചു....


ഒട്ടകം ഒരു തോട്ടത്തില്‍ കയറിയ കാരണത്തിന് പതിറ്റാണ്ടുകള്‍ ചോരചിന്തിയ യുദ്ധകൊതിയ്ക്ക് വിരാമമായി... മേഖലയില്‍ സമാധാനത്തിന്റെ പൂക്കള്‍ വിരിഞ്ഞു... നൂറ്റാണ്ടുകള്‍ നീണ്ട കുടിപ്പകകള്‍ക്ക് അന്ത്യമായി... മദ്യനിരോധനത്തോടെ കലഹങ്ങള്‍ക്ക് അവസാനമായി... കുഴിച്ച് മൂടിയിരുന്ന പെണ്‍ മക്കള്‍ക്ക് ജീവിക്കാന്‍ അവകാശമായി... ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സമൂഹത്തിന്റെ മാന്യതയായി... സുരക്ഷിതവും സുഖകരവുമായ ജീവിതം... ഇരുപത്തിമൂന്ന് വര്‍ഷം മുമ്പ് മക്കയിലെ ജബലുന്നൂറിലെ ഹിറ ഗുഹയില്‍ വെച്ച് ലഭിച്ച ഖുര്‍ആന്‍ ഒരുക്കിയ ജീവിത പദ്ധതിയുടെ സുഖവും സമാധാനവും സൌന്ദര്യവും അവര്‍ ആസ്വദിച്ച് തുടങ്ങി...


മക്കയില്‍ നിന്ന് നബി തിരുമേനി (സ) പലായനം ചെയ്തെത്തിയിട്ട് ദശാബ്ദത്തോട് അടുക്കുമ്പോഴാണ്, അനുയായികളൊടൊപ്പം മക്ക സന്ദര്‍ശിക്കാനും ഹജ്ജ് നിര്‍വ്വഹിക്കാനും അവിടുന്ന് തീരുമാനിച്ചത്. തന്റെ അഭാവത്തില്‍ അബൂദുജാന(റ) യെ മദീനയുടെ ഭരണച്ചുമതല ഏല്‍പ്പിച്ച ശേഷം അനുയായികളോടോപ്പം ഹജ്ജിനായി പുറപ്പെട്ടു. ഇതിനെ ‘ഹജ്ജത്തുല്‍ വിദാ‍അ’ (വിടവാങ്ങല്‍ ഹജ്ജ്) എന്നാണ് അറിയപ്പെടുന്നത്. ആ ഹജ്ജില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ മക്കയിലേക്ക് ഒഴുകി... പുണ്യറസൂല്‍(സ) അറുപത്തിമൂന്ന് വര്‍ഷം നീണ്ട ആയുസ്സില്‍ ഒരു ഹജ്ജ് മാത്രമേ ചെയ്തിട്ടുള്ളൂ. ഇന്നും ഹജ്ജ് കര്‍മ്മത്തിനായി മക്കയിലേക്ക് ഒഴുകുന്ന ലക്ഷങ്ങളുടെ മാതൃക ആ ഹജ്ജ് തന്നെ. മുഴുവന്‍ ഇസ് ലാം മത വിശ്വാസികള്‍ക്കും ജീവിതത്തിലുടനീളം എന്നും ആദ്യത്തെയും അവസാനത്തെയും മാതൃക ഈ പ്രവാചകരുടെ(സ) ചര്യകള്‍ തന്നെ... അത് കൊണ്ട് തന്നെ വരും തലമുറയ്ക്ക് വേണ്ടി, അന്ന് അവിടുത്തെ വാക്കും പ്രവര്‍ത്തികളും ശിഷ്യന്മാര്‍ സൂക്ഷ്മമായി രേഖപ്പെടുത്തി. ഇന്നും ചരിത്രത്തില്‍ പരതിയാല്‍ ആ ഹജ്ജിന്റെ ചിത്രം സുവ്യക്തമായും നമുക്ക് വായിച്ചെടുക്കാനാവുന്നതും അത് കൊണ്ട് തന്നെ.


‘ദുല്‍ ഹുലൈഫ‘ യില്‍ വെച്ച്’ ഒറ്റമുണ്ടും ഉത്തരീയവും ധരിച്ച് പ്രവാചകര്‍(സ) ഹജ്ജിന്റെ ചടങ്ങുകളില്‍ പ്രവേശിച്ചു. അനുഗമിച്ചിരുന്ന അനുചരന്മാര്‍ അവിടുത്തെ ഒരോ ചലനങ്ങളും അനുകരിച്ചു... അവരുടെ ചുണ്ടില്‍ ഒറ്റമന്ത്രമേ ഉണ്ടായിരുന്നുള്ളൂ... ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്... (“അല്ലാഹുവേ നിന്റെ വിളിക്ക് വിധേയരായി ഞങ്ങളിതാ എത്തിച്ചേര്‍ന്നിരിക്കുന്നു... നിനക്ക് യാതൊരു പങ്കാളിയുമില്ല... നിശ്ചയും സ്തോത്രങ്ങള്‍ നിനക്ക് മാത്രം... അനുഗ്രഹങ്ങള്‍ നിന്റേത് മാത്രം... അധീശാധികാരിയായ നിനക്ക് യാതൊരു പങ്കാളിയുമില്ല തന്നെ...).ഇന്നും ദുല്‍ഹജ്ജ് മാസത്തില്‍ മക്കിയിലേക്ക് ഒഴുകുന്ന പതിനായിരങ്ങള്‍ ഭാഷ,വര്‍ണ്ണ, വര്‍ഗ്ഗ ഭേദമന്യേ ഇതേ മന്ത്രം ഉരുവിടുന്നു. ‘കഅബാ’ പ്രദക്ഷണത്തിന് ശേഷം ദുല്‍ഹജ്ജ് എട്ടിന് നബിതിരുമേനി(സ) മക്കയില്‍ നിന്ന് മിനായിലെത്തി അന്ന് രാത്രി അവിടെ നമസ്കാരവും പ്രാര്‍ത്ഥനയുമായി കഴിച്ച് കൂട്ടി... അടുത്ത ദിവസം പ്രഭാത നമസ്കാരത്തിന് ശേഷം ഹജ്ജിന്റെ സുപ്രാധാന ചടങ്ങായ ‘അറഫാ‘ സമ്മേളനത്തിനായി പുറപ്പെട്ടു. അറഫ കുന്നിന്റെ ‘ഉര്‍ന്ന‘ താഴ്വരയില്‍ വെച്ച് തന്റെ ‘ഖിസ് വ’ എന്ന ഒട്ടകപ്പുറത്തിരുന്ന് തനിക്ക് ചുറ്റും കൂടിയ ലക്ഷങ്ങളോട് അവിടുന്ന് നടത്തിയ ‘ഖുത്ത് ബത്തുല്‍ വിദാ‍അ ‘ (വിടവാങ്ങള്‍ പ്രസംഗം) പ്രസിദ്ധമാണ്... ഒറ്റവാക്കും നഷ്ടപെടാതെ ആ പ്രഭാഷണം ഇന്നും ചരിത്രത്തില്‍ നിന്ന് ഇന്നും വായിച്ചെടുക്കാം.


ചുരുക്കത്തില്‍ ഇങ്ങനെയായിരുന്നു ആ പ്രസംഗം. “സര്‍വ്വ സ്തുതികളും അല്ലാഹുവിനെത്രെ... അവനോട് സഹായം അഭ്യര്‍ത്ഥിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.. അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നു...... നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണം എന്ന് ഞാന്‍ ഉപദേശിക്കുന്നു... ജനങ്ങളേ... എന്റെ വാക്കുകള്‍ നിങ്ങള്‍ സശ്രദ്ധം ശ്രവിച്ചാലും... ഈ വര്‍ഷത്തിന് ശേഷം ഞാനും നിങ്ങളും തമ്മില്‍ കണ്ട് മുട്ടി കൊള്ളണമെന്നില്ല... ജനങ്ങളേ നിങ്ങളുടെ രക്തവും ധനവും അന്ത്യദിനം വരെ പവിത്രമാണ്... ഈ ദിനം നിങ്ങള്‍ക്ക് പവിത്രമായ പോലെ... നിശ്ചയം നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണ്ട് മുട്ടുക തന്നെ ചെയ്യും... വല്ല സൂക്ഷിപ്പ് സ്വത്തും ഉണ്ടെങ്കില്‍ തന്നെ ഏല്‍പ്പിച്ചവര്‍ക്ക് തിരിച്ച് നല്‍കണം... അനിസ് ലാമികമായ പലിശകളെല്ലാം ഇന്ന് മുതല്‍ നിരോധിക്കപ്പെട്ടിരിക്കുന്നു... എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്... എല്ലാ വിധ കുടിപ്പകകളും ഇന്ന് അസാധുവാക്കിയിരിക്കുന്നു.. എല്ലാ കുലമഹികളും പദവികളും അസാധുവാക്കിയിരിക്കുന്നു.... ജനങ്ങളേ നിങ്ങള്‍ക്ക് സ്ത്രീകളോട് ബാധ്യതകളുണ്ട്... അവര്‍ക്ക് തിരിച്ചും... അവരോട് നിങ്ങള്‍ മൃദുവായി പെരുമാറുക... അവര്‍ നിങ്ങളുടെ സഹകാരികളാണ്... അല്ലാഹുവിന്റെ ‘അമാനാത്തായാണ്’ (സൂക്ഷിപ്പ് സ്വത്ത്) നിങ്ങള്‍ അവരെ വിവാഹം ചെയ്തിട്ടുള്ളത്.... സ്പഷ്ടമായ രണ്ട് കാര്യം വിട്ട് തന്ന് കൊണ്ടാണ് ഞാന്‍ പോവുന്നത്... അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ ചര്യയുമാണത്... ഓരേ പിതാവിന്റെ സന്തതികളാണ് നിങ്ങള്‍... നിങ്ങള്‍ ജനിച്ചത് ആദമില്‍ നിന്ന്... ആദമോ മണ്ണില്‍ നിന്നും... അറബിയ്ക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ശ്രേഷ്ഠതയില്ല... ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ... ഇവിടെ ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് ഇത് എത്തിച്ച് കൊടുക്കട്ടേ... ” അവിടുത്തെ ശബ്ദം കേള്‍ക്കാത്തവര്‍ക്കായി ഒരാള്‍ ഉച്ചത്തില്‍ ഏറ്റുപറയുന്നുണ്ടായിരുന്നു.” അല്ലാഹുവേ ഈ സന്ദേശം ഞാന്‍ ജനങ്ങള്‍ക്ക് എത്തിച്ച് നല്‍കിയില്ലയോ... “ എന്ന് ചോദിച്ചപ്പോള്‍ പൂര്‍ണ്ണ നിശ്ശബ്ദതയില്‍ പതിനായിരങ്ങളുടെ ശബ്ദം ഉയര്‍ന്നു. “അതേ റസൂലേ... അങ്ങ് ദൌത്യം നിര്‍വ്വഹിച്ചിരുന്നു... ഞങ്ങള്‍ക്ക് എത്തിച്ച് തന്നിരിക്കുന്നു..’ ആകാശത്തേക്ക് കൈ ഉയര്‍ത്തി അവിടുന്ന് പറഞ്ഞു.. “അല്ലാഹുവേ നീ ഇതിന് സാക്ഷി... “


ഈ സമയത്താണ് “ഇന്നേ ദിവസം ദൈവീക ജീവിത വ്യവസ്ഥ പൂര്‍ത്തീകരിച്ച് തന്നിരിക്കുന്നു... “ എന്ന് തുടങ്ങുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ അവതരിച്ചത്. അത് കേട്ടപ്പോള്‍ എല്ലാവരും സന്തോഷിച്ചു.. ഇനി മാറ്റത്തിരുത്തലുകള്‍ ആവശ്യമില്ലാതെ ദൈവീക വ്യവസ്ഥയുടെ അവതരണം പൂര്‍ണ്ണമായിരിക്കുന്നു. കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമില്ലാത്ത നിയമ വ്യവസ്ഥ നിലവില്‍ വന്നിരിക്കുന്നു.... ഈ ദര്‍ശനത്തിന്റെ പൂര്‍ണ്ണത ദൈവീക ഗ്രന്ഥത്തിലൂടെ പ്രഖ്യാപിച്ച നിമിഷം അവിടെ കൂടിയ പതിനായിരങ്ങള്‍ ആഹ്ലാദിച്ചു... പക്ഷേ ആ അഹ്ലാദത്തിനിടയില്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞ് അബൂബക്കര്‍ സിദ്ധീഖ് (റ) എന്ന അവിടുത്തെ ആത്മസുഹൃത്തും ഉണ്ടായിരുന്നു... ‘ദൌത്യം അവസാനിച്ചാല്‍ പിന്നെ പ്രവാചകന്റെ ആവശ്യം ഇല്ലന്നും അത് നബിതിരുമേനിയുടെ വിയോഗ സൂചനയാണ് എന്നും സിദ്ദീഖ് കൂട്ടിവായിച്ചു.


എപ്പോഴും നിഴലുപോലെ കൂടെയുണ്ടായിരുന്നു സിദ്ധീഖ്... ഇസ്ലാമിനെ പരിചയപ്പെടുത്തിയപ്പോള്‍ ഒരു ശങ്കയും കൂടാതെ ആദ്യ വിശ്വാസിയായ സിദ്ദീഖ്...നബിതിരുമേനി(സ)യുടെ ജീവിത ദൌത്യത്തില്‍ സഹകാരിയായി ആത്മമിത്രമായി ജീവിച്ച സിദ്ദീഖ്... പലായന മധ്യേ സൌറ് ഗുഹയുടെ ഇരുട്ടില്‍ പതുങ്ങിയിരിക്കുന്ന അപകടങ്ങള്‍ ആദ്യം അന്വേഷിച്ചതുംസിദ്ദീഖായിരുന്നു... അവരെ വേട്ടയാടാനായി പരക്കം പായുന്ന ശത്രുകളുടെ സാന്നിധ്യം സൌറ് ഗുഹയ്ക്ക് അകത്ത് നിന്ന് ഭീതിയോടെ നോക്കി “നബിയേ (സ) അവര്‍ കാലിലേക്ക് നോക്കിയാല്‍ നമ്മളെ കണ്ടെത്തും... അബൂബക്കറിന്റെ ജീവിതം അവസാനിച്ചാല്‍ ഒന്നും നഷ്ടപെടാനില്ല... അങ്ങയെ പിടികൂടിയാല്‍ ഈ ദൌത്യം തകര്‍ന്ന് പോവും... “ എന്ന് ആധിയോടെ വേവലാതിപ്പെട്ട സിദ്ധീഖിനെ പുണ്യറസൂല്‍(സ) സമധാനിപ്പിച്ചു...”വിഷമിക്കണ്ട സിദ്ധീഖ്... അല്ലാഹു നമ്മോടൊപ്പമുണ്ട്” ആ ഇരുണ്ട ഗുഹയില്‍... പതുങ്ങിയ ലോകനായകന്റെ കരുത്തുള്ള ശബ്ദത്തിലെ ധൈര്യം തിരിച്ചറിഞ്ഞ സിദ്ധീഖ്... ആ ആത്മ സുഹൃത്തിന് അവിടുത്തെ വിയോഗ സൂചന പെട്ടന്ന് ഉള്‍കൊള്ളാനായി.


റൌദാശരീഫിന്റെ അടുത്ത് നിന്ന് പുണ്യറസൂലിന് (സ) സലാം പറഞ്ഞ് പതുക്കെ നടക്കാന്‍ മനസ്സ് മടിച്ചു... പതുക്കെ പുറത്തിറങ്ങുമ്പോള്‍ കൂടെ തന്നെയുള്ള സഈദിനെയും ഇസ്മാഈലിനെയും ശ്രദ്ധിച്ചു. ഇസ്മാഈലിന്റെ മുഖത്തെ ദുഃഖം ഞാന്‍ വായിച്ചെടുത്തു. മക്കകാരനായ ആ വൃദ്ധനും മദീനക്കാരനാ‍യ ആ ചെറുപ്പക്കാരനും ഇന്ത്യക്കാരനായ ഞാനും... അടുത്ത കുടുബത്തെ പിരിയുന്ന വേദന അനുഭവിക്കുന്നു എന്ന് തോന്നി. “ഇത് ‘ജന്നത്തുല്‍ ബഖീഅ’.”


സഈദിന്റെ മധുരമുള്ള ശബ്ദം ഇപ്പോഴും ദുഃഖത്തിന്റെ നിറം കലര്‍ന്നത് തന്നെ “ഇവിടെയാണ് നബിതിരുമേനിയുടെ മകളായ ഫാത്തിമയടക്കം മക്കള്‍ അന്ത്യവിശ്രം കൊള്ളുന്നത്. കൂടാതെ അനുയായികളില്‍ അധികപേരുടെ ഖബറുകളും ഇവിടെ തന്നെ... ‘ബഖീഇ’ലെ തരിശ് ഭൂമിയോടെ വെറുതെ മനസ്സ് കൊണ്ട് സംവദിക്കാന്‍ ശ്രമിച്ചു... ആ മണല്‍തരിയില്‍ പൂര്‍വ്വ സൂരികളുടെ കാല്പാടുകള്‍ കണ്ടെത്താന്‍ ശ്രമിച്ചു... വിയോഗത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അനുചരനായ ‘അബൂ മുഹൈവിബ‘ (റ)യോടൊപ്പം നബിതിരുമേനി(സ) ഈ ഖബര്‍സ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. അര്‍ദ്ധരാത്രി... ലോകം ഉറങ്ങികിടക്കുമ്പോള്‍ ഈ തരിശുഭൂമിയില്‍ അവസാന നിദ്രയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി അവിടുന്ന് ദീര്‍ഘനേരം പ്രാര്‍ത്ഥന നടത്തി... നിറഞ്ഞ കണ്ണുകളുമായി വിതുമ്പുന്ന ആ പ്രാര്‍ത്ഥന കണ്ട അബൂമുഹൈവിബ ആഗ്രഹിച്ചു പോയെത്രെ... “മരണപ്പെട്ടിരുന്നെങ്കിലും തനിക്കും ആ പ്രാര്‍ത്ഥനയുടെ പുണ്യം ലഭിക്കുമായിരുന്നു‘ എന്ന്.


ഈ ഖബര്‍സ്ഥാനില്‍ നിന്ന് തിരിച്ച് നടക്കുമ്പോള്‍ സഹായി ആയി കൂടെ വന്ന അബൂമുഹൈവിബ(റ) യോട് അവിടുന്ന് പറഞ്ഞു “ഭൂലോകത്ത് നിത്യ ജീവിതവും നിത്യമായ സ്വര്‍ഗ്ഗവാസവും ആണോ വേണ്ടത്... അതോ എന്റെ നാഥനായ അല്ലാഹുവുമായുള്ള സംഗമമാണോ വേണ്ടത് എന്ന് തിരഞ്ഞെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അബൂ മുഹൈബ കോരിത്തരിച്ചു പോയി.. തന്നെക്കാളും ഇഷ്ടപ്പെടുന്ന പുണ്യവ്യക്തിത്വത്തോട് ഉടനടി പറഞ്ഞു.. “മുഴുവന്‍ സുഖ സൌകര്യങ്ങളോടെ ഭൂലോകത്ത് നിത്യജീവിതവും അവസാ‍നം നിത്യമായ സ്വര്‍ഗ്ഗവാസവും“ അങ്ങേയ്ക്ക് തിരഞ്ഞെടുക്കാമായിരുന്നില്ലെ.. . നബി തിരുമേനി (സ) പറഞ്ഞു... “ഇല്ല അബൂമുഹൈവിബാ... ഞാന്‍ എന്റെ നാഥനെ കണ്ട് മുട്ടാനാഗ്രഹിക്കുന്നു...”


‘ജന്നത്തുല്‍ ബഖീഇ‘ ലൂടെ പതുക്കെ നടക്കുന്ന ആ പ്രവാചകനേയും കൂടെ നടക്കുന്ന ആ അനുയായിയേയും വരച്ചെടുക്കാന്‍ ശ്രമിച്ചു. “അവിടുത്തെ സന്തോഷം ഞങ്ങളുടെ സന്തോഷമായിരുന്നു. അവിടുത്ത ദുഃഖം ഞങ്ങളുടെ ദുഃഖമായിരുന്നു... അവിടുത്തെ വേദന ഞങ്ങളുടെ വേദനയായിരുന്നു... അത് കൊണ്ട് തന്നെ അവിടുന്നിന് പനി ബാധിച്ചപ്പോള്‍ മദിനയ്ക്കും ദുഃഖമായിരുന്നു.”
സഈദിന്റെ പതിഞ്ഞ സ്വരം... മനസ്സ് വായിച്ചെടുക്കാനുള്ള അസാമാന്യ പാഠവം തന്നെയുണ്ട് ആ മദീനക്കാരന്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കൊപ്പം തലയാട്ടി അംഗീകരിക്കുന്ന ഈസ്മാഈല്‍ എന്ന വൃദ്ധന്‍.. ‘ബഖീഇ’ നോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ സഈദ് വീണ്ടും ഗതകാലത്തിലേക്ക് നടക്കാന്‍ തുടങ്ങിയിരുന്നു.


‘ശക്തമായ പനിയും തലവേദനയും ബാധിച്ച് നബിതിരുമേനി(സ) കിടപ്പിലായതോടെ മദീനയില്‍ ദുഃഖം തളം കെട്ടി. അറുപത്തിമൂന്ന് വര്‍ഷം നീണ്ട ആ ജീവിതത്തില്‍ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം... മദീനക്കാരുടെ മുഖത്ത് നിത്യദുഃഖമായി ആ അസുഖം... ചുട്ട് പൊള്ളുന്ന പനിക്ക് കുറച്ച് ആശ്വാസം ലഭിച്ച ഒരു ദിവസം അവിടുന്ന് മസ്ജിദില്‍ എത്തി... നമസ്കാര ശേഷം അവിടെ കൂടിയിരുന്ന അനുയായികളോട് സംസാരിച്ചു... “അല്ലാഹു അവന്റെ ദാസന് ഇഹലോക ജീവിതമോ പരലോക ജീവിതമോ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കി... ആ ദാസന്‍ പരലോക ജീവിതം തിരഞ്ഞെടുത്തു...” നിശബ്ദതയെ ഭേദിച്ച് മസ്ജിദിനകത്ത് ഒരു പൊട്ടിക്കരച്ചില്‍ ഉയര്‍ന്നു... അത് ആത്മ സുഹൃത്തായ അബൂബക്കര്‍ ആയിരുന്നു... അദ്ദേഹം വിലപിച്ചു “നബിയെ... അങ്ങേയ്ക്ക് വേണ്ടി എല്ലാം ത്യജിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്...” “ശക്തനായിരിക്കൂ അബൂബക്കര്‍ ..” എന്ന് അവിടുന്ന് ആശ്വസിപ്പിച്ചു... തിരിച്ച് വീട്ടിലേക്ക് പോവും മുമ്പേ അവിടുന്ന് പറഞ്ഞു... മുഹാജിര്‍ (മക്കയില്‍ നിന്ന് പലായനം ചെയ്ത് വന്ന അനുയായികള്‍) സമൂഹമേ... നിങ്ങള്‍ അന്‍സാറുകള്‍ക്ക് (മദീനക്കാര്‍) നന്മമാത്രം കാംക്ഷിക്കുക... എന്റെ സ്വന്തക്കാരാണവര്‍... എനിക്ക് അഭയം നല്‍കിയ എന്റെ വിശ്വസ്ത മിത്രങ്ങള്‍... അവര്‍ക്ക് നന്മ ചെയ്യുക...”


സഈദ് പൊട്ടിക്കരഞ്ഞു... ഈസ്മാഈലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... പതറിയ ശബ്ദത്തില്‍‍ സഈദ് പറഞ്ഞു “അതെ... ഈ പ്രവാചകര്‍(സ) ഞങ്ങളുടെ ജീവനാണ്... മദീനയുടെ ആത്മാവാണ്.. ഞങ്ങള്‍ക്ക് എല്ലാം നല്‍കിയത് പുണ്യറസൂലാണ്...” വാഹനത്തില്‍ ചാരി കുറച്ചപ്പുറത്തെ മസ്ജിദുന്നബവിയിലേക്ക് നോക്കി നിറകണ്ണുകളോടെ ഞാന്‍ നിന്നു.. സഈദ് സംസാരിക്കാനാവാതെ തേങ്ങി...‍ ഇസ്മാഈല്‍ സംസാരിച്ച് തുടങ്ങി...


“അസുഖം അനുദിനം വര്‍ദ്ധിച്ചു... പൊള്ളുന്ന പനി... അസഹ്യമായ വേദന... അതോടെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കാനുള്ള ഉത്തവാദിത്വം അബൂബക്കര്‍ സിദ്ധീഖിനെ ഏല്‍പ്പിച്ചു. പതിവ് പോലെ അവിടുത്തെ ഇഷ്ടമകള്‍ ഫാത്തിമ സന്ദര്‍ശനത്തിനെത്തി...“ സഈദ് കരുത്ത് വീണ്ടെടുത്തിരിക്കുന്നു. അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി...

“ഫാത്തിമയെ അവിടുന്നിന് ഇഷ്ടമായിരുന്നു... ഏഴ് മക്കളില്‍ ആറ് പേരും അവിടുത്തെ ജീവിത കാലത്ത് തന്നെ ലോകത്തോട് വിടപറഞ്ഞിരുന്നു. മക്കളില്‍ ആകെ ബാക്കിയായത് ഫാത്തിമ മാത്രമായിരുന്നു. മാത്രവുമല്ല ... നുബുവ്വത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ പത്നിയായ ഖദീജ വിടപറഞ്ഞ ശേഷം എല്ലാറ്റിനും സഹായം ഫാത്തിമ എന്ന് മകളായിരുന്നു. ചെറുപ്പത്തില്‍ തന്നെ പിതാവിനെ പരിപാലിച്ച് ജീവിച്ച ‘ഫാത്തിമ’ (റ) ചില ചരിത്രകാരന്മാര്‍ വിളിച്ചത് തന്നെ ‘പിതാവിന്റെ മാതാവ്’ എന്നാണ്. “എന്റെ ഭാഗമാണ് ഫാത്തിമ(റ)“ എന്ന് അവിടുന്ന് പറയുമായിരുന്നു


ആ പിതാവും പുത്രിയും ആയിരുന്നു എന്റെ മനസ്സിലും...നബി തിരുമേനിയുടെ വീടിനും ഫാത്തിമയുടെ വീടിനും അഭിമുഖമായി രണ്ട് ജനലുകള്‍ ഉണ്ടായിരുന്നെത്രെ... എല്ലാ പ്രഭാതത്തിലും ആദ്യം പിതാവ് വീടിന്റെ ജനല്‍ തുറക്കുമായിരുന്നു... അപ്പുറത്ത് ഫാത്തിമ(റ)യുടെ വീട്ടിലും ജനല്‍ തുറക്കും.. പിതാവും പുത്രിയും പരസ്പരം കാണും... യാത്ര പുറപ്പെടുമ്പോള്‍ ഏറ്റവും അവസാനം നബി തിരുമേനി(സ) സന്ദര്‍ശിക്കാറുണ്ടായിരുന്നത് ഫാത്തിമ(റ)യെ ആയിരുന്നു... തിരിച്ചെത്തിയാല്‍ ആദ്യം ഫാത്തിമയുടെ അടുത്ത് ഓടിയെത്തും...


“മരപ്പലകയില്‍ വിരിച്ച ഈന്തപ്പന ഓലയില്‍ പരീക്ഷീണനായി കിടക്കുന്ന നബിതിരുമേനി(സ)യുടെ സമീപം ഫാത്തിമ ഓടിയെത്തി... പിതാവിന്റെ നെറ്റിയില്‍ മകള്‍ ചുബിച്ചപ്പോള്‍ അവിടുന്ന് ഫാത്തിമ(റ)യെ ചേര്‍ത്തുപിടിച്ചു... കാതിലെന്തോ പറഞ്ഞു... ഫാത്തിമ കരഞ്ഞു പോയി... അപ്പോള്‍ അടുത്ത കാതില്‍ മറ്റെന്തോ പറഞ്ഞു... അതോടെ ഫാത്തിമ(റ)യുടെ ചുണ്ടില്‍ പുഞ്ചിരിയെത്തി... നബിതിരുമേനി(സ) യുടെ വിയോഗ ശേഷം ഫാത്തിമ(റ) അത് വിശദീകരിച്ചു ആദ്യം പറഞ്ഞത് “ഞാന്‍ ഈ ലോകത്തോട് യാത്ര പറയുകയാണ് മോളെ...’ എന്നായിരുന്നു. അത് കേട്ടപ്പോഴാണ് കരഞ്ഞത് .. അപ്പോള്‍ പിതാവ് ആശ്വസിപ്പിച്ചു... “എന്റെ കുടുബത്തില്‍ നിന്ന് ആദ്യം എന്നോട് ചേരുന്നത് നീയായിരിക്കും.. “ ഈ പ്രവചനം സത്യമാക്കി... നബിതിരുമേനി(സ)യുടെ വിയോഗ ശേഷം ആറ് മാസത്തിന് ശേഷംഫാത്തിമ(റ)യും ഈ ലോകത്തോട് യാത്ര പറഞ്ഞു.


നീണ്ട രോഗ ദിവസങ്ങള്‍ക്ക് ശേഷം ഒരു രാത്രി ആശ്വാസം കിട്ടി... പനി കുറഞ്ഞു... പ്രഭാതത്തില്‍ അവിടുന്ന് മസ്ജിദിലെത്തി... നമസ്കാര ശേഷം മസ്ജിദിലുള്ളവരെ അഭിസംബോധന ചെയ്ത് പറഞ്ഞു... “അല്ലാഹു അനുവദിച്ചതേ ഞാന്‍ നിങ്ങള്‍ക്ക് അനുവദനീയം ആക്കീയുട്ടുള്ളു... അല്ലാഹു നിഷിദ്ധമാക്കിയതേ ഞാന്‍ നിഷിദ്ധമാക്കിയിട്ടുള്ളൂ... ഖബറിടങ്ങള്‍ ആരാധനാലയങ്ങളാക്കിയ ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ ശാപം...” കൂടാതെ മക്കയില്‍ നിന്ന് പലായനം ചെയ്തെത്തിയ മുഹാജിറുകളും മദീനയില്‍ അവരെ സഹായിച്ച അന്‍സാറുകളും പരസ്പര സഹകരണത്തോടെ ജീവിക്കണം എന്ന് അവിടുന്ന് പ്രത്യേകം വസിയ്യത്ത് ചെയ്തു. “ഞാന്‍ മുമ്പേ പോവുന്നു... എന്റെ പിന്നില്‍ നിങ്ങളും വരുന്നതാണ്” എന്ന് കൂടി അവിടുന്ന് കൂട്ടിച്ചേര്‍ത്തു... അസുഖത്തിന് കുറവ് കണ്ട് ആശ്വസിച്ചു മദീന... പക്ഷേ അത് വൃഥാവിലായിരുന്നു.


ഹിജറ കഴിഞ്ഞ് പതിനൊന്നാമത്തെ വര്‍ഷം... റബീഉല്‍ അവ്വല്‍ പന്ത്രണ്ട് (ഏ ഡി 632 ജൂണ്‍ - 8 - ഇതില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്.) പള്ളിയില്‍ നിന്നെത്തിയതോടെ അസുഖം പൂര്‍വ്വാധികം വര്‍ദ്ധിച്ചു... മദീന ചൂട്ട്പോള്ളാന്‍ തുടങ്ങും മുമ്പ് അവിടുന്ന് ഈ ലോകത്തോട് വിടപറഞ്ഞു... ‘അല്ലാഹുവെ... അത്യന്നതാനായ മിത്രമേ...” എന്ന് അവസാന മൊഴിയോടെ ആ മിഴികള്‍ മേല്‍പ്പോട്ടുയര്‍ന്നടഞ്ഞു...


മദീന തേങ്ങി... ആര്‍ത്തുവിലപിക്കുന്നത് പോലും ആ മഹാനായകനോടുള്ള അനാദരവ് ആകും എന്നറിയാവുന്ന മദീനക്കാര്‍ തേങ്ങിക്കരഞ്ഞു... സംഭവം അറിഞ്ഞ് ഓടിയെത്തിയ ഉമറിന് നബിതിരുമേനി(സ) ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ ആവുമായിരുന്നിരുന്നില്ല... വീടിന് പുറത്ത് വാളുമായി “നബിതിരുമേനി ജീവിച്ചിരുപ്പില്ല എന്ന് പറയുന്നവനെ അക്രമിക്കും‘ എന്ന് ഉമര്‍ ഭീഷണി മുഴക്കി.. സിദ്ദീഖ് കടന്ന് വന്നു... നിശ്ശബ്ദനായി അകത്ത് കടന്ന് പുണ്യശരീരം കണ്ടു... നിറകണ്ണുകളോടെ തിരിച്ചിറങ്ങി... തന്നെ ഉറ്റ് നോക്കുന്ന മുഴുവന്‍ ആളുകളേയും അക്കൂട്ടത്തില്‍ ദേഷ്യത്തില്‍ നില്‍ക്കുന്ന ഉമറിനേയും അഭിമുഖീകരിച്ച് അബൂബക്കര്‍ സംസാരിച്ചു “ആരെങ്കിലുംമുഹമ്മദിനെ ആരാധിച്ചിരുന്നെങ്കില്‍ മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു... ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നെങ്കില്‍ അവന്‍ എന്നെന്നും ജീവിച്ചിപ്പുള്ളവനാണ്...” തുടര്‍ന്ന് “മുഹമ്മദ് ഒരു പ്രവാചകന്‍ മാത്രം... മറ്റു പ്രവാചകന്മാരും കഴിഞ്ഞ് പോയിട്ടുണ്ട്...” എന്ന് തുടങ്ങുന്ന ഖുര്‍ ആന്‍ സൂക്തവും കൂടി പാരായണം ചെയ്തതോടെ ഒരു വിലാപത്തോടെ ഉമര്‍ വാള് വലിച്ചെറിഞ്ഞു....


ഞാന്‍ ജെയിംസ് എ മിഷ് നറുടെ വാക്കുകള്‍ ഓര്‍ത്തുപോയി “At Muhammad's own death an attempt was made to defy him, but the man who was become his administrative successor killed the hysteria with one of the noblest speeches in religious history: “if there are any among you who worshipped Muhammad, he is dead. But if it is God you worshipped, He lives for ever.”


തന്റെ പിന്‍ഗാമിയെ കുറിച്ച് നബിതിരുമേനി(സ) വ്യക്തമായ സൂചനകള്‍ ഒന്നും നല്‍കിയിരുന്നില്ല. അവിടുത്ത അഭാവത്തില്‍ നമസ്കാരത്തിന് നേതൃത്വം വഹിക്കാന്‍ ചുമതലപ്പെടുത്തിയത് അബൂബക്കറി(റ)നെ ആയിരുന്നു. ഇനി ആര് നേതൃത്വം എന്നതിനെ കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് സിദ്ധീഖ് (റ) , അബൂ ഉബൈദ (റ), ഉമര്‍ (റ) എന്നീ രണ്ട് പേരെ നിര്‍ദ്ദേശിച്ചു. പക്ഷേ അത് മുഴുവനാക്കാന്‍ സമ്മതിക്കാതെ ഉമര്‍ (റ) പറഞ്ഞു... സിദ്ദീഖ് ജീവിച്ചിരിക്കുന്ന സമൂഹത്തില്‍ നേതാവായിരിക്കാന്‍ ഞാന്‍ യോഗ്യനല്ല...അത് കൊണ്ട് ഞാന്‍ അങ്ങയെ പ്രവാചകരുടെ പ്രതിനിധിയയി പ്രതിജ്ഞ ചെയ്യുന്നു... അതോടെ സദസ്സ് ഒന്നടങ്കം അത് അംഗീകരിച്ചു... നബിതിരുമേനിയെ വീട്ടില്‍ തന്നെ ഖബറടക്കി... പില്‍കാലത്ത് വീട് നിന്നിരുന്ന സ്ഥലം കൂടി മസ്ജിദുന്നബവിയോട് ചേര്‍ത്തു.


ഇരു കൈകളും അമര്‍ത്തിപ്പിടിച്ച് ഇസ്മാഈല്‍ യാത്ര പറഞ്ഞു... പാറപോലെ കരുത്തുള്ള ആ വൃദ്ധമനസ്സ് ഉള്ളിലെ വിഷമം ഒതുക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു. “താങ്കള്‍ക്ക് ഞാന്‍ എന്ത് തരും സഹോദരാ...” ശബ്ദം ഇടറിയിരിക്കുന്നു. “അങ്ങയുടെ സ്വരത്തില്‍ കഅബ് ബിന് സുഹൈറിന്റെ കവിത ഒന്ന് കൂടി കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.‘ വൃദ്ധന്‍ ആവേശത്തോടെ കവിത ചൊല്ലി... കണ്ണടച്ച് ഞാനും സഈദും ആസ്വദിച്ചു.. കൈവിരലിലെ മോതിരം സമ്മാനിച്ചാണ് സഈദ് യാത്രയാക്കിയത്... ആലിംഗനം ചെയ്ത് വാഹനത്തില്‍ കയറുമ്പോള്‍ ഒന്നും പകരം നല്‍കിയില്ലല്ലോ എന്ന് മനസ്സ് വേദനിച്ചു... എന്റെ മനസ്സ് വായിച്ച സഈദ് പറഞ്ഞു “ഈ നല്ല ഓര്‍മ്മകള്‍ മാത്രം മതി... താങ്കള്‍ ഞങ്ങളുടെ അതിഥിയാണ്... മദീനയുടെ അതിഥി” കൂടെ ഒരു ചെറിയ പൊതി കയ്യില്‍ ഏല്‍പ്പിച്ചു... ‘ഇത് എന്റെ വീട്ടുകാരുടെ സമ്മാനം’


വാഹനം പതുക്കെ നീങ്ങി... തിരിഞ്ഞ് നോക്കുമ്പോള്‍ നാല് കണ്ണുകള്‍ എന്നില്‍ തന്നെ തറഞ്ഞിരിക്കുന്നു... സഈദ് തന്ന പൊതി അഴിച്ചു... ‘അജ് വ‘ എന്ന ഇനം ഈത്തപ്പഴം... നബി തിരുമേനി(സ) ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഇനം... മദീനക്കാര്‍ അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും ഭക്ഷണത്തിലും സമ്മാനത്തിലും നബിതിരുമേനി(സ)യെ അനുകരിക്കാന്‍ ശ്രമിക്കുന്നു... ഏറ്റവും വിലപ്പെട്ട നിധി ഉപേക്ഷിക്കുന്നവന്റെ മാനസിക അവസ്ഥയോടെ ദൂരെ മറയുന്ന മസ്ജിദുന്നബവിയും, വെളുത്ത മിനാരങ്ങള്‍ക്കിടയിലെ പച്ചഖുബ്ബയും നോക്കിയിരുന്നു... കണ്ണിമ വെട്ടാതെ... മറക്കാത്ത ഓര്‍മ്മകളില്‍ നിന്നൊരു മടക്കയാത്ര... ദൂരെ മസ്ജിദുന്നബവി കാഴ്ചയില്‍ നിന്ന് മറഞ്ഞു... മനസ്സില്‍ നഷ്ടത്തിന്റെ വേദന നിറഞ്ഞു... ചുണ്ടില്‍ കവിത വിരിഞ്ഞു... തലോടി കടന്ന് പോവുന്ന ഇളങ്കാറ്റിനെ സലാത്തും സലാമും‍ പുണ്യറസൂലിന്റെ തിരുസന്നിധിയില്‍ സമ്മാനമായി സമര്‍പ്പിക്കാന്‍ ഏല്‍പ്പിച്ചു...

പുറത്ത് വെയില്‍ കത്തിത്തുടങ്ങിയിരിക്കുന്നു... അകത്ത് മനസ്സും... വാഹനത്തിനകത്തെ നേരിയ തണുപ്പില്‍ മൌനമായിരിക്കുമ്പോള്‍ ഇനിയും ഒരു മടക്കയാത്രയെ കുറിച്ചായിരുന്നു ചിന്ത... മദീനയിലേക്ക് തന്നെ ഒരു മടക്കം... ഇതേ വഴിത്താരയിലൂടെ ഒരു യാത്ര കൂടി... വാഹനത്തിനകത്തെ എഫ് എം റേഡിയോയില്‍ നിന്ന് അറബി കവിത ഒഴുകിയെത്തി... പൂര്‍ണ്ണചന്ദ്രനായ നബിയേ അങ്ങേയ്ക്ക് അഭിവാദ്യങ്ങള്‍... സ്വപ്നങ്ങളുടെ സ്വപ്നമേ അങ്ങേയ്ക്ക് അഭിവാദ്യങ്ങള്‍... നിറകണ്ണുകള്‍ അടച്ചപ്പോള്‍ കവിളിലേക്ക് ഒഴുകിയ ചൂട് അമര്‍ത്തിത്തുടച്ച് സീറ്റില്‍ ചാഞ്ഞ് കിടന്നു...


അവസാനിച്ചു.

53 comments:

ഇത്തിരിവെട്ടം said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം : അവസാന ഭാഗം.

Abdul Fathah Hamza said...

ഇത്തിരീ, ഇങ്ങനെ ഹൃദയ സ്പര്‍ശമായി സാര്‍ത്ഥക സംഘത്തിലെ കഥകള്‍ ഞ്നങ്ങള്‍ക്ക് വിവരിച്ച് തരാനുള്ള കഴിവിനെ, ഞാന്‍ ആദ്യമായി ദൈവത്ത്തിന് നന്ദി പറയുന്നു. അപ്പ്പോഴേക്കും, താങ്കള്‍ യാത്ര നിര്‍ത്തിയല്ലോ എന്ന സങ്കടവും അവശേഷിക്കുന്നു.
സത്യമായിട്ടും ഇത്തിരീ, കണ്ണ് നിറയുന്നു. വായനക്ക് വേഗത കിട്ടുന്നില്ല. ആദ്യം തന്നെ അവസാന ഭാഗം എന്നു കൊടുക്കരുതായിരുന്നു.

സഈദിനേയും, ഇസ്മായിലിനേയും ഇനിയും കണ്ട്മുട്ടാനുള്ള സന്ദര്‍ഭം ഉണ്ടാകക്ട്ടെ എന്ന് ഞാന്‍ നിറകണ്ണുകളോടെ, ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

“ആരെങ്കിലുംമുഹമ്മദിനെ ആരാധിച്ചിരുന്നെങ്കില്‍ മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു... ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നെങ്കില്‍ അവന്‍ എന്നെന്നും ജീവിച്ചിപ്പുള്ളവനാണ്..“
ദൈവത്തിന് നന്ദി.

കുട്ടിച്ചാത്തന്‍ said...

ഇത്രയും ഓര്‍മ്മയില്‍ നിന്നെടുത്തെഴുതിയതില്‍ സന്തോഷം അഭിനന്ദനങ്ങള്‍.

മുസാഫിര്‍ said...

റഷീദ്,
ഒന്നര വര്‍ഷം നീണ്ട ഒരു തപസ്യക്ക് ഉചിതമാ‍യ ഒരു പര്യവസാനം.

പടിപ്പുര said...

റഷീദ്, നന്നായെഴുതി. നല്ലൊരു ഉദ്യമമായിരുന്നു.

ഏറനാടന്‍ said...

ഇതത്ര ചില്ലറക്കാര്യമല്ല. ഒന്നര വര്‍ഷം തുടര്‍ന്ന ലേഖനപരമ്പര! മാഷേ ബ്ലോഗിനുവെളിയിലുള്ള വായനക്കാരിലും ഇവയെത്തിക്കുവാനുള്ള മാര്‍ഗം കാണുമല്ലോ.. പടച്ചതമ്പുരാന്‍ അനുഗ്രഹിക്കട്ടെ.

സുല്‍ |Sul said...

ഇത്തിരീ
പറയാന്‍ വാക്കുകളില്ല.
ഇത്തിരിയുള്ള ഈ ഇത്തിരിയുടെ കയ്യില്‍ നിന്നും ഇത്രയും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കൂടുതല്‍ എഴുതാന്‍ പറയുമ്പോഴും, മുഴുവനാക്കുമോ എന്ന ഒരു ശങ്കയുണ്ടായിരുന്നു. ബ്ലോഗിംങ് ആരോടും കമ്മിറ്റ്മെന്റ് ഇല്ല്ലാത്ത എഴുത്തായതിനാല്‍, തുടരണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടയിടത്തെല്ലാം തുടരണം, മുഴുവനാക്കണം എന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയ ഇത്തിരിക്കെന്റെ അഭിവാദനങ്ങള്‍!!!

പുണ്യറസൂലിന്റെ ജീവിതവും ഇസ്ലാമിന്റെ ദര്‍ശനങ്ങളും ഒരു യാത്രാവിവരണമെന്ന വണ്ണം അനുവാചകനില്‍ എത്തിക്കാന്‍ ഇത്തിരിക്കു കഴിഞ്ഞിട്ടുണ്ട്. ഓരോ ഭാഗങ്ങള്‍ വായിക്കുമ്പോഴും വായനക്കാരും ഇസ്മായിലിന്റേയും സ‌ഈദിന്റേയും സഹയാത്രികരാവുകയായിരുന്നു.

ഇത് ഒരു പുണ്യപ്രവര്‍ത്തിയായിരിക്കെ ഇതിനുള്ള പ്രതിഫലം നാഥനില്‍നിന്ന് താങ്കള്‍ക്ക് ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ!!!

-സുല്‍

അടയാളം said...
This comment has been removed by the author.
അടയാളം said...

ലോകമെമ്പാടുമുള്ള മുഴുവന്‍ മനുഷ്യര്‍ക്കും
മാര്‍ഗദര്‍ശിയായി വഴികാട്ടിയായി മുമ്പേ
നടന്നുനീങ്ങിയ മാതൃകാപുരുഷനാണ്
അന്ത്യപ്രവാചകന്‍ മുഹമ്മദ്.

മാനവ ചരിത്രത്തിന്റെ സമസ്തമേഖലകളീലേക്കും
ആവശ്യമായ വെള്ളിവെളിച്ചം വിതറിക്കൊണ്ടാണ്
ആ യുഗപുരുഷന്‍ കടന്നുപോയത്.
എഴുത്തും വായനയും അറിഞ്ഞുകൂടാത്ത,
നിരക്ഷരനായിരുന്ന ആ വിശ്വഗുരുവിന്റെ
മഹിതചരിത്രവും അതുവഴി ഇസ്ലാമിക സംസ്കാരത്തിന്റെ ശക്തിയും ചൈതന്യവും
ഏതൊരാള്‍ക്കും മനസ്സിലാക്കാനുതകും വിധം
ലളിതവും ആഖ്യാനഭംഗിയോടെയും
ഇവിടെ കോറിയിട്ടിരിക്കുന്നു.

ഇതൊരു തപസ്യയാണ്.
ഒരു വര്‍ഷത്തിലേറേക്കാലമായി മുടങ്ങാതെ
ഈ വിഷയം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തോടെ
കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു എന്നുള്ളത്
ഒരുപക്ഷെ,ഇന്നുവരെ ബൂലോഗത്ത് മറ്റാര്‍ക്കും
ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു തപസ്സ്.
അതുകൊണ്ടു തന്നെ, ഇരുപത്തിയാറ്
അദ്ധ്യായങ്ങളിലായി ഈ പരമ്പരക്ക്
ശുഭപര്യവസാനമാകുമ്പോള്‍ ഇതിന്റെ
ശില്‍പ്പിക്ക് തീര്‍ച്ചയായും അഭിമാനിക്കാം,
അതിലുപരി,ഈ നിയോഗം പൂര്‍ത്തിയാക്കാനായെന്ന
ചാരിതാര്‍ഥ്യത്തോടെ നിറമിഴികളോടെ
മദീനയുടെ മണ്ണിനോട് വിടപറയാം..
വായനക്കാര്‍ സാക്ഷി..!

അശോക്. said...

വായിച്ച അപൂര്‍വ്വം ബ്ലൊഗുകളില്‍ ഒന്നാം സ്ഥാനത്ത് ഞാന്‍ കാണുന്ന ഒന്നാണ് ഈ ലേഖനങ്ങള്‍. ഒന്നാം അധ്യായം മുതല്‍ അവസാന അധ്യായം വരെ ഒറ്റയിരുപ്പിന് വായിച്ച് തീര്‍ക്കാവുന്ന മനോഹാരമായ അവതരണം. കൂടാതെ പ്രവാചകന്‍ മുഹമ്മദിനെ കുറിച്ച് പലപ്പോഴായി കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ വിശദമായ ഒരു ചരിത്ര വിവരണം വായിക്കുന്നത് ആദ്യമായി ആയിരുന്നു.


മക്കയിലെ ഒരോ മണല്‍ തരിക്കും ചിരപരിചിതനായിരുന്നു ആ മനുഷ്യന്‍... ആരേയും നോവിക്കാതെ അരോടും ദേഷ്യപ്പെടാതെ എപ്പോഴും ചുണ്ടില്‍ പുഞ്ചിരി സൂക്ഷിക്കുന്ന ആകര്‍ഷണീയ വ്യക്തിത്വം.., കരുത്തുള്ള വലിയ ശിരസ്സ്‌, വീതിയുള്ള നെറ്റി, പ്രകാശിക്കുന്ന കണ്ണിണകളും കറുത്ത കണ്‍പീലികളും, പരസ്പരം ചേരാത്ത കട്ടിയുള്ള കണ്‍പുരികം, പൂര്‍ണ്ണ വട്ടമല്ലാത്ത മുഖത്ത്‌ വെട്ടിയൊതുക്കി മനോഹരമാക്കിയ കറുത്ത താടി... കഴുത്തറ്റം ഇറങ്ങിക്കിടക്കുന്ന ഇത്തിരി ചുരുണ്ട്‌ സമൃദ്ധമായ മുടി, ചുവപ്പ്‌ കലര്‍ന്ന വെളുത്ത നിറം... അല്‍പം മുന്നോട്ടാഞ്ഞുള്ള ദ്രുതഗമനം... ബലിഷ്ടമായ മാംസപേശികളാല്‍ വാര്‍ത്തെടുത്ത മിതമായ ഉയരമുള്ള ശരീരം, വിശാലമായ മാറിടം, രൂപത്തില്‍ മാത്രമല്ല ശബ്ദത്തിലും സംസാരശൈലിയിലും സുന്ദരന്‍.. മക്കാനിവാസികളുടെ പ്രിയപ്പെട്ടവനായ അല്‍അമീനെന്ന മുഹമ്മദ്‌(സ).


ഇത് വായിച്ച ശേഷമാണ് ഞാന്‍ ഈ ലേഖനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് തന്നെ പ്രവാചകന്റെ രൂപത്തെ കുറിച്ചുള്ള ഒരു വിശദീകരണം കണ്ടതോടെയാണ്. പിന്നീട് ഒരോ ഭാഗവും വായിച്ചു. സംശയങ്ങള്‍ വരുമ്പോള്‍ റശീദിനെ നേരിട്ട് വിളിച്ച് അന്വേഷിച്ചു. ഏത് തിരക്കിലും അദ്ദേഹം വിശദമായി മറുപടി നല്‍കുകയും ചെയ്തു.


മുകളില്‍ ആരോ സൂചിപ്പിച്ച പോലെ ഇതൊരു തപസ്യ തന്നെ. എന്നെ പോലെയുള്ള ആളുകള്‍ക്ക് ഈ സേവനം വളരെ വിലപ്പെട്ടതാണ്. ഇനിയും പ്രതീക്ഷിക്കുന്നു. ഇനിയും പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്ന് താങ്കളുമായുള്ള സംസാരത്തിലൂടെ എനിക്ക് അറിയാം അത് കൊണ്ട് ഇത് ഇവിടെ നിര്‍ത്തരുത് എന്നൊരു അഭ്യര്‍ത്ഥനയോടെ.

സ്നേഹപൂര്‍വ്വം.
അശോക്.

അനൂപ്‌ കോതനല്ലൂര്‍ said...

ഞാന്‍ ഇടക്കിടെ വായിച്ചിരുന്നു മാഷെ മനുഷ്യക മൂല്യങ്ങളെ ഉയര്‍ത്തികാട്ടുന്ന നല്ലൊരു ജീവ സന്ദേശമാണ് ഈ മതപഠനത്തില്ലൂടെ വായിക്കാന്‍
കഴിഞ്ഞത്

അപ്പു said...

ഇത്തിരിറഷീദേ, നിങ്ങൾ ഇത്തിരിയല്ല, ഒത്തിരിയാണ്!

26 അദ്ധ്യായങ്ങളിലൂടെ, ഒരു നീണ്ടയാത്രാനുഭവം പങ്കുവച്ച്, മുടക്കം കൂടാതെ ഒരു സപര്യയായി ഈ കഥാചരിത്രം ഇവിടെ പങ്കുവച്ചതിന് ആയിരമായിരം അഭിനന്ദനങ്ങൾ. താങ്കളുടെ കഥാകഥന പാടവം പൂർണ്ണമായും ഈ ബ്ലോഗിൽ വിരിഞ്ഞിരിക്കുന്നത് കാണാനാവുന്നുണ്ട്. ഒരിക്കൽ പോലും മക്കയോ മദീനയോ സന്ദർശിച്ചിട്ടില്ലാത്ത റഷീദ്,നൂറ്റാണ്ടുകൾക്കുമുമ്പ് നടന്ന ആ സന്ദർഭങ്ങളിലേക്ക് ഒരു ചുവർച്ചിത്രത്തിലെന്നപോലെ അനുവാചകനെ കൂട്ടിക്കൊണ്ടുപോകുന്ന അത്ഭുതം പലതവണ ഈ ചരിത്രത്തിൽ കാണാനായിട്ടുണ്ട്. ഇസ്ലാം എന്നത് വളരെ conservative ആയ ഒരു ചിന്താസരണിയാണെന്ന ധാരണ പൊളിക്കുന്നതായി ഈ എഴുത്ത് എന്നറിയിക്കട്ടെ. അതിൽ താങ്കൾക്ക് അഭിമാനിക്കാം.

ബ്ലോഗിന്റെ എല്ലാ നല്ലവശങ്ങളും ഭംഗിയായി ഉപയോഗപ്പെടുത്തിയ ഈ ബ്ലോഗ്, ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ ബ്ലോഗുകൾക്കും മാതൃകയാവേണ്ടതാണ്. ദൃഢനിശ്ചയത്തോടെ ഇതു പൂർത്തിയാക്കുവാൻ താങ്കൾ കാണിച്ച നിശ്ചയദാർഢ്യത്തെ അഭിനന്ദികാതിരിക്കാ‍നാവില്ല.

ഒരിക്കൽകൂടി എല്ലാം ആശംസകളും നേരുന്നതോടൊപ്പം ഇനിയും ഇത്തരം മനോഹരമായ രചനകൾ താങ്കളുടെ കീബോർഡിലുടെ വിരിയട്ടെ എന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു.

സ്നേഹപൂർവ്വം
അപ്പു.

Shaf said...
This comment has been removed by the author.
Shaf said...

പ്രിയപെട്ട സഹോദരന്‍,
ഈ പോസ്റ്റിന്റെ ലിങ്ക് കണ്ട അന്നുമുതല്‍ വായിക്കാനുള്ള ശ്രമവുമായി നടക്കുകയായിരുന്നു ഇന്നാണ് ഒത്തുവന്നത്..പലബ്ലോഗുകളും വായിച്ചുതള്ളുന്ന പോലെയായിരുന്നില്ല ഈ പോസ്റ്റുകള്‍ ഇവിടെ കേവലം വായന മാത്രമായിരുന്നില്ല..സ്നേഹമെന്നത് കണ്ടെത്തിയ പട്ടണമാണ് മദീന..എല്ലാവരുടേയും സ്നേഹഭാജനവും അവിടെ തന്നെ (സ)..മദീന സന്ദര്‍ശിക്കാനുള്ള എന്റെ അടങ്ങാത്ത ആഗ്രഹത്തിന് ജീവന്‍ നല്‍കുന്നു ഈ കുറിപ്പുകള്‍..ഇവിടെ ചരിത്രവും അനുഭവവും യാത്രയും സ്നേഹവും സന്ദിക്കുന്നു അതുക്കൊണ്ടു തന്നെ വല്ലത്തോരു അനുഭൂതി വായാന നല്‍കുന്നുണ്ട്.പലപ്പോഴും വരികള്‍ വായിച്ചുതീരുമ്പോഴേക്ക് കണ്ണുകള്‍ നിറയാറുണ്ട്..

പ്രവാചകജീവിതത്തിലെ പല സംഭവങ്ങളും കേട്ടതോ വായിച്ചതോ ആണെങ്കിലും അതൊന്നും ഇത്രമാത്രം വിശദമായതോ വ്യക്തമായതോ ആയിരുന്നില്ല,,ഈ യാത്രയില്‍ പലപ്പോഴും ഇത്തിരി (ഒത്തിരിയായ ഇത്തിരി) യുടെ കൂടെ ഉള്ള അനുഭവമുണ്ടാകാറുണ്ട്.പ്രാവാചകന്റെ ജീവിതത്തിലെ ചിലകാര്യങ്ങള്‍ (സ) ഇത്തിരി വളരെ സൂക്ഷമമായും വ്യകതമായും വിവരിക്കാറുണ്ട് ഇത് അശോക് പറഞ്ഞപോലെ.ഒരു വര്‍ഷത്തോളം ഇതിനുവേണ്ടിയിട്ടുള്ള ഇത്തിരിയുടെ ശ്രമം അതിന്റെ പൂര്‍ണതയിലെത്തി എന്നു വിശ്വസിക്കുന്നു..ബ്ലോഗുകളെ വെടിപ്പന്‍ പാരവെക്കാനുള്ള ഉപകരണമാക്കി മാറ്റികൊണ്ടിരിക്കുമ്പോള്‍ ഈ പോസ്റ്റുകള്‍ ബ്ലോഗിന്റെ യാതാര്‍ത്ഥ ലക്ഷ്യത്തിലേകെത്തിക്കുന്നു..

മനസ്സിലുള്ള സ്നേഹവും കടപ്പാടും നന്ദി യും ‘നന്ദി’ എന്ന വാക്കുകൊണ്ട് തീര്‍ക്കുന്നില്ല..ഇതിനായി ചിലവഴിച്ച സമയവും കഴിവും മറ്റുപലതിനെക്കാളും വിലപ്പെട്ടതാണ്, സര്‍വ്വശകതനായ അള്ളാഹും അതിനുള്ള പ്രതിഫലം നല്‍കട്ടെ..ആമീന്‍

(അവശ്യകാറുള്ളപ്പോള്‍ ഒന്നും അവസാനിക്കാറില്ല..സമാനമായത് വീണ്ടും വന്നുകൊണ്ടിരിക്കും അതില്ലാതെ പറ്റില്ല ഇത്തിരി..:) )

Rajeeve Chelanat said...

റഷീദ്

വളരെ പ്രായോഗികവാദിയും നയതന്ത്രജ്ഞനുമായ ഒരു സാമൂഹിക പരിഷ്ക്കര്‍ത്താവിനെയാണ് മുഹമ്മദ് നബിയെന്ന വ്യക്തിയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ഏതൊരു വലിയ പ്രതിഭയിലും കാണുന്ന അളവിലുള്ള അല്പം നിര്‍ബന്ധബുദ്ധിയും അല്പം ഉന്മാദവുമൊക്കെ നബിതിരുമേനിക്കും ഉണ്ടായിരുന്നുവെന്നും തോന്നിയിട്ടുണ്ട്. എങ്കിലും ഒരു പുതിയ സാമൂഹികക്രമവും അതില്‍ അടിയുറച്ച പ്രായേണ ഒരു സിവിലൈസ്‌‌ഡ് സമൂഹത്തെയും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ക്രിസ്തുവിലും ഈ ഗുണങ്ങള്‍ ഒരാള്‍ക്ക് ദര്‍ശിക്കാന്‍ കഴിയും. ദശവതാരങ്ങളായി ഫിക്ക്‍ഷണലൈസു ചെയ്യപ്പെട്ട ഹിന്ദു മതത്തിലെ ഭരണപരിഷ്കാരികളുടെ കഥകളിലെ നെല്ലും പതിരുമാകട്ടെ (ടിപ്പണികളുടെ പിന്‍‌ബലമില്ലെങ്കില്‍) അവ്യക്തമായി ശേഷിക്കുകയും ചെയ്യുന്നു. ഒരു മിത്തിന്റെ നിലയില്‍‌നിന്ന് അവ വളരുന്നത് ഉപനിഷദ്‌ചിന്തകളില്‍ മാത്രമാണ്.

മെക്ക എന്ന തങ്ങളുടെ ദേവാലയ-നഗരത്തിന്റെ അനന്തമായ വ്യാപാര സാദ്ധ്യതകള്‍ക്ക് കോട്ടം തട്ടില്ല്ലെന്ന ഉറപ്പു വാങ്ങിയിട്ടാണ് ഇസ്ലാം മതം സ്വീകരിക്കാന്‍ മെക്ക നിവാസികള്‍ തയ്യാറായത്.

പ്രാക്തന വിശ്വാസങ്ങള്‍ മതങ്ങളായി മാറിയപ്പോള്‍ അവ സ്ഥാപനവത്‌ക്കരിക്കപ്പെടുകയും കച്ചവടവത്‌ക്കരിക്കപ്പെടുകയും മലീമസമാക്കപ്പെടുകയുമാണുണ്ടായത്. വിശ്വാസങ്ങളിലെ ധാര്‍മ്മിക-മാനുഷിക പാരമ്പര്യങ്ങളെ മതങ്ങള്‍ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി കൈമാറ്റം ചെയ്തു.

എങ്കിലും ആ പോയ്‌‌പ്പോയ നന്മകളെ ഓര്‍ത്തെടുക്കാനും അവയിലെ പൊതുവായ നന്മയുടെ സാം‌‌രാംശങ്ങളെ തിരിച്ചുപിടിക്കാനുമുള്ള ഒരു എളിയ സംരംഭമെന്ന നിലക്ക് ഇതൊരു സാര്‍ത്ഥവാഹകയാത്രതന്നെയായിരുന്നു എന്നു പറയാം.

മുഴുവനുമൊന്നും വായിച്ചിട്ടില്ല. ഏറിയാല്‍ പത്തോ പതിനഞ്ചോ.

അഭിവാദ്യങ്ങളോടെ

മഴത്തുള്ളി said...

ഇത്തിരി മാഷേ,

പ്രവാചകന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും കോര്‍ത്തിണക്കി തയ്യാറാക്കിയ ഈ യാത്രാവിവരണം വളരെ വിലപിടിച്ച ഒരു ലേഖനസമാഹാരം ആയി മാറിയിരിക്കുന്നു. ഇത്രയും കാലം കൊണ്ട് ഇത്ര മനോഹരമായ ഒരു സമാഹാരം തയ്യാറാക്കിയ മാഷിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇതിനിടയില്‍ തുടരണോ വേണ്ടയോ എന്ന സംശയങ്ങള്‍ ഉടലെടുത്തെങ്കിലും ശക്തമായ ഒരു തീരുമാനമെടുത്ത് ഇതു പൂര്‍ത്തിയാക്കിയ ഇത്തിരിക്ക് ഒരിക്കല്‍ക്കൂടി എന്റെ അഭിനന്ദനങ്ങള്‍.

പലപ്പോഴും ഇത് വായിക്കുമ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. എങ്ങനെ ഇത്ര ലാഘവത്തോടെ ഒഴുക്കോടെ ഇങ്ങനെ എഴുതാന്‍ കഴിയുന്നു എന്ന്. പലപ്പോഴും ഞാന്‍ അത് പറഞ്ഞിട്ടുമുണ്ട്. എന്തായാലും ‘സാര്‍ത്ഥവാഹക സംഘത്തോടൊപ്പം’ ബൂലോകത്തിലെ മറ്റു ബ്ലോഗുകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.

പ്രവാചകനേക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുള്ള അനവധി വായനക്കാര്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടായിരിക്കും.

ഇനിയും ഇതുപോലെ അനവധി രചനകള്‍ എഴുതാനുള്ള കഴിവ് ഈശ്വരന്‍ നല്‍കട്ടെ.

കരീം മാഷ്‌ said...

നബിയുടെ അവസാനത്തെ വിടവാങ്ങൽ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞ സ്തീകൾക്കു നൽകേണ്ട സംരക്ഷണവും, പ്രാധാന്യവും കാലക ലോകത്തിൽ ഏറ്റവും അനിവാര്യതയെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ്‌ ഇത്തിരിവെട്ടത്തിന്റെ ഈ അവസാന അധ്യായം വായിക്കുന്നതിലൂടെ!.
പെണ്ണുങ്ങൾ അല്ലാഹുവിന്റെ സൂക്ഷിപ്പു സ്വത്താണ്‌. അവരെ ബഹുമാനിക്കുക.
അതിൽപ്പരം ഒരു വാക്കുകൊണ്ടു പെണ്ണിനെ ബഹുമാനിക്കാനില്ലാത്ത വരികൾ പ്രവാചകനിലൂടെ അല്ലാഹുവിന്റെ ആജ്ഞയായി എത്തിയതു പാലിക്കാൻ കഴിയാത്തവൻ മുസ്ലിമെന്നല്ല ഒരു മനുഷ്യൻ പോലുമാകുന്നില്ല.

മക്കയിലേക്കുള്ള പാത നിർത്തിയതിൽ വിഷമമുണ്ട്‌.
പതിവായി വായിച്ചിരുന്ന ഒന്നാണ്‌ ( അഭിമാനത്തോടെ!)

അതുല്യ said...

ഓഫീസിലേം, സ്വ ജീവിതത്തിലേം ഒക്കേനും തിരക്കുകള്‍ക്കിടയില്‍ ഇത്രേം കാര്യങ്ങള്‍ ക്രമമായിട്ട് സ്വസ്ഥമായിട്ട് ഇരുന്ന് എഴുതിയ ആ മനസ്സാന്നിധ്യത്തിനു പത്തരമാറ്റിന്റെ തിളക്കമുണ്ട് എന്ന് പറയാതെ വയ്യ ഇത്തിരിയേ...

GREAT WORK MAAN !

::സിയ↔Ziya said...

പ്രിയ റഷീദ്,

താങ്കള്‍ പൂര്‍ണ്ണമാക്കിയ ഈ മഹദ്‌സംരംഭത്തിന്റെ മൂല്യം കാലം തിരിച്ചറിയും...

ഇപ്പോള്‍ കൂടുതലൊന്നുമെഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല.

എല്ലാ നന്മകളും താങ്കള്‍ക്കുണ്ടാവട്ടെ എന്ന ഹൃദയപൂര്‍വ്വമയ പ്രാര്‍ത്ഥനയോടെ...

അത്ക്കന്‍ said...

ഒരു മഹത്തായ ജീവിത വ്യവസ്ഥ അല്ലെങ്കില്‍ ഒരു മഹത്തായ സംസ്കാരം തന്നെ വളരെ ലാളിത്യത്തോടെ മനസ്സിനെ തൊട്ടറിയുന്ന വിധത്തില്‍ താങ്കള്‍ ലോകത്തെ അറിയിച്ചു; ഒന്നര വര്‍ഷക്കാലം കൊണ്ട്.?!.
എന്നെ ഈ ബൂലോഗത്തേക്ക് പരിചയപ്പെടുത്തിയ കുറുമാനാണ് താങ്കളുടെ ഈ സംരംഭത്തെ കുറിച്ച് പറഞ്ഞത്.വളരെ തനിമയോടെ ഞാന്‍ വായിച്ചിരുന്നു,അതിലെ സകല വികാരങ്ങളേയും ഉള്‍കൊണ്ട് തന്നെ.ഒട്ടേറെ കാ‍ര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞു.താങ്കളെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
******
താങ്കള്‍ ഇതുവരേയും മദീനയും സന്ദര്‍ശിച്ചിട്ടില്ല എന്ന് തുടക്കത്തില്‍ എഴുതേണ്ടതില്ലായിരുന്നു.

പള്ളിക്കരയില്‍ said...

മഹിതമായ ഒരു കര്‍മ്മത്തിന്റെ മികവാര്‍ന്ന സാക്ഷാത്ക്കാരം....
നന്ദിയും അഭിനന്ദനങ്ങളും അറിയിക്കട്ടെ.....

ഇത്തിരിയല്ല വെട്ടം; ഒത്തിരിയുണ്ട്..

സന്തോഷം.

കിലുക്കാംപെട്ടി said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം :
പലതവണ വായിച്ചു. ഇനി മുഴുവനും ഒന്നു പ്രിന്റ് എടുത്ത് ഒന്നിച്ചു വായിക്കണം.എന്റെ അറിവില്ലായ്മ കൊണ്ടായിരിക്കാം മനസ്സിലാക്കാന്‍ കുറച്ചു സമയം എടുക്കുന്നു. എന്നാലും മോനെ തിരക്കുകള്‍ക്കിടയിലും ഇത്ര ഭംഗിയായി , ഒരു ലേഖന പരമ്പര എഴുതിയല്ലോ. അഭിനന്ദിക്കാതെ പറ്റില്ല. എല്ലാ ഭാവുകങ്ങളും നേരുന്നു.“അല്ലാഹുവിനെ ആരാധിച്ചിരുന്നെങ്കില്‍ അവന്‍ എന്നെന്നും ജീവിച്ചിപ്പുള്ളവനാണ്..“
ഇങ്ങനെയുള്ള അറിവുകള്‍ മറ്റുള്ളവരിലേക്കു പകരുക എന്നതാണ് ഏറ്റവും വലിയ ആരാധന.

Areekkodan | അരീക്കോടന്‍ said...

ഇത്തിരീ.....

അങ്ങനെ സാര്‍ത്ഥവാഹക സംഘം യാത്ര നിര്‍ത്തുന്നു.ഇസ്ലാമിനെയും മുത്തുനബി മുഹമ്മദ്‌ (സ.അ) നെയും ധാരാളം അമുസ്ലികള്‍ക്ക്‌ കൂടി നന്നായി പരിചയപ്പെടുത്തി ദൗത്യം പൂര്‍ണ്ണമായി നിറവേറ്റിക്കൊണ്ടുള്ള ഈ യാത്രയിലെ എല്ലാ ഭാഗവും വായിക്കാനായതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു.

ധാരാളം സുഹൃത്തുകള്‍ ഇസ്ലാമിനെ ഇതിലൂടെ പരിചയപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.അല്ലാഹു താങ്കളുടെ ഈ സദുദ്യമം സാലിഹായ പ്രവര്‍ത്തനമായി കണക്കാക്കി അര്‍ഹമായ പ്രതിഫലം നല്‍കുമാറാകട്ടെ.ആമീന്‍.

ഞാന്‍ വായിച്ച പല സന്ദര്‍ഭങ്ങളിലും ഈ വിവരങ്ങള്‍ ഉമ്മയുമായും ഭാര്യയുമായും പങ്കുവെക്കാറുണ്ടായിരുന്നു.മിക്കവയും എന്നെ കണ്ണീരണിയിപ്പിക്കുകയും ചെയ്തിരുന്നു.

ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.

nowfal mubaraque said...

നന്ദി റഷീദിക്ക.
ഇത്രയും വലിയൊരുദ്യമം ഇത്ര ഭംഗിയാക്കിയതിന് അഭിനന്ദനങ്ങള്‍.
ഇഹത്തിലും പരത്തിലും സര്‍വ്വേശ്വരന്‍ നിങ്ങളുടെമേല്‍ അനുഗ്രഹം വര്‍ഷിക്കുമാറാകട്ടെ.

അഗ്രജന്‍ said...

ഇത്തിരി...

ബഹുമാനപ്പെട്ട റസൂല്‍ (സ) യെ കുറിച്ചും അവിടുത്തെ ജീവിതചര്യകളെ കുറിച്ചും, ഒരു സഞ്ചാരിയുടെ നിഴലില്‍ നിന്നുകൊണ്ട് ഇത്രയും നന്നായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞത് വലിയ കാര്യം തന്നെയാണ്.

ഇത്തിരി മദീനയിലോ മക്കയിലോ ഇതുവരേയും പോയിട്ടില്ലെങ്കില്‍ കൂടിയും, അവിടങ്ങളിലെല്ലാം എത്തിച്ചേര്‍ന്ന ഒരാളുടെ ഹൃദയവികാരങ്ങളോടെ തന്നെ ഇത്രയും ഭാഗങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതിലും, നബിതിരുമേനിയുടെ ജീവിതചര്യകളെ കുറിച്ചും തിരുമേനിയുടെ രൂപഭാവാദികളെ കുറിച്ചും ആരുടേയും ഉള്ളില്‍ പതിയുന്ന വിധം തന്നെ ഇവിടെ പകര്‍ത്തിവെക്കുന്നതിലും, ഇസ്ലാമീക ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ കാലഘട്ടത്തെ വളരെ ലളിതമായി ഇസ്മാഈല്‍, സഈദ് എന്ന കഥാപാത്രങ്ങളോടൊപ്പം നിന്ന് വളരെ സുന്ദരമായി തന്നെ, ഓരോന്നോരോന്നായി പ്രതിപാദിച്ചിരിക്കുന്നതിലും ഇത്തിരി വിജയിച്ചിരിക്കുന്നു.

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

ബഷീര്‍ വെള്ളറക്കാട്‌ said...

റഷീദ്‌

താങ്കളുടെ ഈ ലേഖന പരമ്പരയില്‍ ചിലതൊക്കെ വായിച്ചിട്ടുണ്ട്‌.. ഇന്‍ശാ അല്ലാ , മുഴുവനായി പ്രിന്റെടുത്ത്‌ വായിക്കാന്‍ കരുതുന്നു..

ഈ മഹത്തായ ഉദ്യമത്തിനു താങ്കള്‍ ചിലവഴിച്ച ഓരോ നിമിഷവും ഊര്‍ജ്ജവും നാളെ ആഖിരറത്തില്‍ പ്രതിഫലം കിട്ടുന്ന പ്രവര്‍ത്തിയായി അല്ലാഹു സ്വീകരിക്കട്ടെ..

മുത്ത്‌ റസൂല്‍ (സ) തങ്ങളെ ഇകള്‍ത്താന്‍ ശ്രമിയ്ക്കുന്ന മുസ്ലിം നാമധാരകള്‍ വരെ അരങ്ങു വാഴുന്ന ഈ കാല്‍ഘട്ടത്തില്‍ ആ പുണ്യ റസൂലിന്റെ ജീവിത അധ്യാപനങ്ങള്‍ മാനവകുലത്തിനു പകര്‍ന്ന് നല്‍കാന്‍ ആവുന്നത്‌ ചെയ്യുക.. ഇത്തിരി വെട്ടം ഒത്തിരി പ്രകാശം മനസ്സുകളില്‍ പരത്തട്ടെ. ഈ അശാന്തമായ ലോകത്ത്‌ സ്നേഹ സ്പര്‍ശമായി ഭവിക്കട്ടെ..


ഇത്‌ ആ പുണ്യ റസൂലിനു സമര്‍പ്പിക്കുന്ന സ്വലാത്തായി അല്ലാഹു സ്വീകരിക്കട്ടെ. സ്വലാത്ത്‌ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും തിരസ്കരിക്കപ്പെടില്ല എന്ന് പണ്ഡിത്ന്മാര്‍ വിവക്ഷിച്ചിരിക്കുന്നു..

അഭിനന്ദനങ്ങള്‍

Anonymous said...

Dear brother,
I came to know about this blog from Madhyamam daily. Have just read it. I request you to make this a small book and distribute it to our fellow brothers.

Brother, I appreciate your initiative and thanks to Allah, You have done it very well. Now am going to inform my friends and relatives about this who has been unknown about this till now.

Thanks and good luck once again! Alla will defenitely bless u!

by
Nazeer
Abu Dhabi

Anonymous said...

nallathu... :)

മുകേഷ്. said...

സുഹൃത്തേ നന്ദി. മാധ്യമം പത്രം വഴിയാണ് രണ്ട് ഈ ബ്ലോഗില്‍ എത്തിയത്. രണ്ട് ദിവസം കൊണ്ട് ഒന്ന് മുതല്‍ ഇരുപത്തിആറ് ഭാഗങ്ങളും വായിച്ചുതീര്‍ത്തു. വായനയുടെ അവസാനം അഭിപ്രായം എന്ത് പറയണം എന്നറിയാത്ത ഒരു മാനസികാവസ്ഥയിലാണ് ഞാന്‍. താങ്കള്‍ പറഞ്ഞ നന്ദിയെക്കാളും വലിയൊരു നന്ദി പറയട്ടേ. ഈ പുതിയ വിഷയം ഇത്രയും മനോഹരമായി പരിചയപ്പെടുത്തിയതിന്.

മുഹമ്മദ് നബിയെ കുറിച്ച് പലസ്ഥലത്തും വായിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം മനോഹരമായ വര്‍ണ്ണനയും പരിചയപ്പെടുത്തലും എന്നെ അത്ഭുതപ്പെടുത്തി. ലോകചരിത്രത്തിന്റെ നിഴലിലായിരുന്നു പ്രവാചകന്റെ ജീവിതവും ദൌത്യവും എന്ന് താങ്കള്‍ ബോധ്യപ്പെടുത്തുന്നു. ഇതിനൊക്കെ അപ്പുറം ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിച്ചിരുന്ന വ്യക്തിയുടെ നേര്‍ച്ചിത്രം വരച്ച് തന്നതിന് താങ്കള്‍ക്ക് നന്ദി. ഇത് ഇനിയും തുടരാന്‍ കഴിഞ്ഞാല്‍ അത് ഒരു പുണ്യം ആയിരിക്കും. പ്രതീക്ഷയോടെ

സ്നേഹപൂര്‍വ്വം.

പ്രയാസി said...

“ആരെങ്കിലുംമുഹമ്മദിനെ ആരാധിച്ചിരുന്നെങ്കില്‍ മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു... ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നെങ്കില്‍ അവന്‍ എന്നെന്നും ജീവിച്ചിപ്പുള്ളവനാണ്..“
ദൈവത്തിന് നന്ദി.

മക്കയൊ മദീനയൊ താങ്കള്‍ നേരിട്ട് കണ്ടില്ലെന്നറിയുമ്പോള്‍ അത്ഭുതവും ആദരവും തോന്നിപ്പോകുന്നു.

യൂ ആര്‍ ഗ്രേറ്റ് ഇത്തിരീ....

aneezone said...

Mabrook rasheed bhai..
May god bless you.


with love
anees kodiyathur

വേണു venu said...

നല്ല ഉദ്യമം റഷീദേ. അഭിനന്ദനങ്ങള്‍.

Nirar Basheer said...

Dear Friend, Assalamu alaikkum, It was very nicely presented Seerah of prophet. I just started reading. May Allah bless you.

popy said...

Assalamu alikkum...
Congrats Rasheed...A very good Blog.May Allh bless you.Thanks for more information.Really touching...
With Prayers,
Shameer

Anonymous said...

salam
i just know yesterday about this from prabhodhanam.
thank god!!!!!!!!!!
For give u to complete this
over every word of thanks may allah give u the actual prize for it.
and.........
word blocked on throat.........
wassalam


kunjunni

lini said...

Dear Rasheedka,
u did a great job,each words touching to heart,keep it up,may Allah bless u alwys-here&hereafter.

nizam said...

Assalamu alaikum,
I got this link from Prabhodanam(last week), I just complete all 26,It was really more informative, may allah reward for this.

Nizam Al Ain

കുറുമാന്‍ said...

മുഹമ്മദ്നബി ആദ്യമാ‍യി നേരിട്ട് നയിച്ച വിശുദ്ധ യുദ്ധം ബദര്‍ യുദ്ധം.

ഇന്ന് ബദര്‍ദിനം!

റഷീദ് ഈ പരമ്പര എഴുതി അവസാനിപ്പിച്ചിട്ട് ആഴ്ചകള്‍ ചിലത് കഴിഞ്ഞെങ്കിലും, ഈ പുണ്യദിനത്തില്‍ മാത്രമാ‍ണ് സ്വാര്‍ത്ഥവാഹക സംഘത്തോടോപ്പത്തിന്റെ അവസാന ഭാഗം വാ‍യിക്കാന്‍ സാ‍ധിച്ചത്.

ഒന്നാം അധ്യായം മുതല്‍ മുടങ്ങാതെ വാ‍യിക്കാറുണ്ടായിരുന്നു. ഇസ്ലാം മതത്തെകുറിച്ച് കാ‍ര്യമായ പരിഞ്ജാനം ഇല്ലാത്തതിനാല്‍ ചീല അധ്യായങ്ങള്‍ വായിച്ചതിനുശേഷം ഇത്തിരിയെ ഫോണ്‍ ചെയ്ത് സംശയങ്ങള്‍ ചോദിച്ച് മനസ്സിലാക്കുക പതിവായിരുന്നു.

ചില അധ്യായങ്ങളില്‍ കണ്ണുകളില്‍ നനവ് അനുഭവപെട്ടത് നടന്ന സംഭവങ്ങളെ ലളിതമായി മനസ്സില്‍ കൊള്ളുന്നത് പോല്ലെ ഇത്തിരിവെട്ടം വിവരിച്ചതിനാല്‍ കൂടിയാണ്.

ഒന്നാം അധ്യായം മുതല്‍ ഇരുപത്തേഴാം അധ്യായം വരെ ഒറ്റയിരുപ്പിന് ഇരുന്ന് വാ‍യിച്ചുപോകാന്‍ (ജാതിമതഭേദമന്യേ) കഴിയുന്ന ഒരു ലേഖനപരമ്പരയായിട്ടാണ് ഇത് എനിക്കനുഭവപെട്ടത്.

റഷീദിന് നന്ദി, ഒപ്പം സര്‍വ്വേശ്വരന്‍ താങ്കള്‍ക്കും കുടുംബത്തിനും മറ്റെല്ലാ‍വര്‍ക്കും നന്മവരുത്തട്ടെ എന്നും ആശംസിക്കുന്നു.

Arsheed Hamza said...

just read about this blog 2 days back. and finished reading in two sessions. its really touching and tears came to my eyes at several occassions. may Allah bless u and give u words and inspiration to write many more such articles. Great about this blog is u introduced Islam in a passive way but very effictively. In 24 episodes u said all that I learned in 24 years time.

ഉമ്പാച്ചി said...

ഇത്തിരിവെട്ടം
എന്നിനി പറയാനാവില്ല,
അത്രയുണ്ട് ഇവിടെ വെട്ടം.
വെളിച്ചത്തേക്കാള്‍ വെളിച്ചം, നൂറുന്‍ അലാ നൂര്‍.

ഇങ്ങനെ ഒരു കാര്യം അറിഞ്ഞിരുന്നില്ല,
ഇന്നത്തെ മാധ്യമം വാര്‍ത്തയാണ് വഴികാട്ടിയത്.
ഒരധ്യായം മാത്രം വായിച്ചു.
വേവറിയാന്‍ ഒരു വറ്റു മതിയല്ലോ..

Anonymous said...

Dear Ethiree,
Congrats for a great job well done. Just finished reading whole 26 portions. Really inspiring. Helped to clear lots of doubts, confusions and miseries about Isalm and Prophet Muhammed.

May God almighty reward you.

Sudheer. Ernakulam.

abdu said...

മനുഷ്യ്‌ മനസിലെ വിഗാരഘാളേ തൊട്ടരിജഹ ഗ്യ്‌റൻ ത്ത്ക്കാരൻ

കുറുമ്പന്‍ said...

എഴുതാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കെട്ടെ...
മദീന യാത്രയുടെ മുന്‍പു തന്നെ താങ്കളുടെ ഈ 'പുണ്യം' ശ്രദ്ധയില്‍ പെട്ടിരുന്നു...അന്നു വിളിച്ചൊന്നു സംസാരിക്കണമെന്നുണ്ടായിരുന്നു, കഴിഞ്ഞില്ല...പിന്നീട് നോക്കിയപ്പോള്‍ മൊബൈല്‍ നമ്പര്‍ കണ്ടില്ല...
ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്ക് പോലും അസൂയ തോന്നും വിധം മസ്ജിദുന്നബവിയുടെ തിരുമുറ്റത്ത് മയങ്ങിക്കിടന്ന ഒരു രാവുണ്ടായി എന്റെ ജീവിതത്തില്‍...അന്ന് ഫജ്റിനോടടുക്കുന്ന സമയത്ത് സൗദി മതകാര്യ വകുപ്പിലെ ചെറുപ്പക്കാരനും സുമുഖനുമായ ഒരു ഉദ്ധ്യോഗസ്ഥന്‍ ഹാജി ഹാജി എന്നു വിളിച്ചുണര്‍ത്തിയപ്പോള്‍ അദ്ധേഹത്തിന്റെ സ്നേഹത്തോടെയുള്ള ഇടപെടലുകള്‍ ഓര്‍മ്മപ്പെടുത്തിയത് അല്ലാഹുവിന്റെ റസൂലിനെ ഇരുകൈകളും നീട്ടി സ്വീകരിച്ച അന്‍സാരികളുടെ സ്നേഹമാണു, ആ അന്‍സാരികളുടെ പിന്‍ തലമുറക്കാരനായിരിക്കാം ഇവനെ വന്ന് വിളിച്ചുണര്‍ത്തിയതെന്ന ചിന്ത കണ്ണുകളെ നനച്ചു...
വിശ്വാസികള്‍ക്ക് ഇങ്ങെനെയാണു ത്വൈബാ നഗരി...അവിടുത്തെ ഓരോ മണല്‍തരി പോലും ആഷിഖുകള്‍ക്ക് അത്ഭുതങ്ങളാണ്...ഔദാര്യവാനായ അല്ലാഹുവിന്റെ കരുണാ കടാക്ഷത്തിനായ് കാത്തിരിക്കുകയാണിവന്‍ അടുത്ത മദീന യാത്രക്കായ്...
അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യെട്ടെ...

ഇനിയുമെഴുതണം, ഇതിനൊരു തുടര്‍ച്ച വേണം...അല്ലാഹുവിന്റെ റസൂലിനെക്കുറിച്ചെഴുതാനല്ലെങ്കില്‍ പിന്നെ ഈ ഭാഷ പോലും നമുക്കെന്തിനാണ്...?...
ഇതൊരപേക്ഷയാണ്...

ജിപ്പൂസ് said...

അപ്പുവേട്ടന്റെ വാക്കുകള്‍ കടമെടുത്ത് പറയട്ടെ,താങ്കള്‍ ഇത്തിരിയല്ല ഒത്തിരി ആണു ഇക്കാ...പാസ്പ്പോര്‍ട്ടും വിസയുമില്ലാതെ,കാല്‍ക്കാശു ചിലവില്ലാതെ പ്രവാചക നഗരം സന്ദര്‍ശിച്ചു ഞാന്‍.ഇങ്ങനെ പറഞ്ഞാല്‍ മുഴുവനാവില്ല.ഒന്നര വര്‍ഷത്തോളം ഞാന്‍ ന്റെ മുത്തു നബിയുടെ പട്ടണത്തിലായിരുന്നു.ലോകാനുഗ്രഹിയോടൊപ്പം ഒരുമിച്ച് ഉണ്ട് ഉറങ്ങിയ പ്രതീതി.

തിരികെ പോരാന്‍ കഴിയുന്നില്ല ഇത്തിരി ഇക്കാ.അത്രമേല്‍ സ്വാധീനിച്ചിരിക്കുന്നു പുണ്യപുരുഷനും,അദ്ധേഹത്തിന്റെ കാലടികള്‍ പതിഞ്ഞ മണല്‍ത്തരികളും,മണല്‍പ്പരപ്പിലൂടെ ഇഴഞ്ഞു നീങ്ങുന്ന കാഫിലയുമെല്ലാം.ജീവിതം മുന്നോട്ട് തള്ളി നീക്കുന്ന ബദ്ധപ്പാടിനിടയില്‍ മദീനാമുനവ്വറയെക്കുറിച്ചുള്ള ചിന്ത നമ്മില്‍ പലര്‍ക്കും കൈമോശം വന്നു പോവാറുണ്ട്.

ഇത്തിരിയുടെ വിരല്‍ത്തുമ്പിലൂടെ ഒഴുകിപ്പരന്ന കണ്ണീരിന്റെ നനവുള്ള വശ്യതയാര്‍ന്ന ഈ അക്ഷരക്കൂട്ടങ്ങളിലൂടെ ഒരാവര്‍ത്തിയെങ്കിലും സഞ്ചരിച്ചവര്‍ മദീനയിലേക്കുള്ള പാത മറക്കില്ല.ഊഷരഭൂമിയിലെ ഊദിന്റെ നറുമണവും പേറി വരുന്ന മന്ദമാരുതന്‍ അനുവാചകനെ ആയുസ്സിലൊരിക്കലെങ്കിലും പുണ്യഹറമില്‍ കൊണ്ടുചെന്നെത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.ഇത്തിരിയുടെ വലതു ചുമലിലെ മാലാഖമാര്‍ക്കു ഒത്തിരി ഒത്തിരി കോറി വെക്കാനുണ്ടാകും താങ്കളുടെ ഈ സ്രിഷ്ടിയെക്കുറിച്ച്,തീര്‍ച്ച.

വീട്ടില്‍ എല്ലാരും ഉറക്കമായിരിക്കുന്നു.മനസ്സ് ഉറങ്ങാന്‍ സമ്മതിക്കുന്നില്ല... തുറന്നിട്ട ജാലകപ്പഴുതിലൂടെ ഉള്ളിലോട്ട് പതിയെ അരിച്ചെത്തുന്ന നേരിയ തണുപ്പ്.ലാപ്ടോപ്പിനു മുന്‍പില്‍ അക്ഷരങ്ങള്‍ക്കായി പരതി മൌനമായിരിക്കുമ്പോള്‍ ഇനിയും ഒരു മടക്കയാത്രയെ കുറിച്ചായിരുന്നു എന്റേയും ചിന്ത... മദീനയിലേക്ക് തന്നെ ഒരു മടക്കം... പുണ്യറസൂലിന്റെ കാലടിപ്പാടുകള്‍ തേടി ഇതേ വഴിത്താരയിലൂടെ ഒരു യാത്ര കൂടി... പിടക്കുന്ന ഖല്‍ബിനുള്ളില്‍ നിന്ന് പണ്ട് ഓത്തുപള്ളിയില്‍ വെച്ച് കേട്ട ഒരു അറബി കവിത ഒഴുകിയെത്തി... പൂര്‍ണ്ണചന്ദ്രനായ നബിയേ അങ്ങേയ്ക്ക് അഭിവാദ്യങ്ങള്‍... സ്വപ്നങ്ങളുടെ സ്വപ്നമേ അങ്ങേയ്ക്ക് അഭിവാദ്യങ്ങള്‍...

അക്ഷരാര്‍ഥത്തില്‍ കണ്ണു നിറഞ്ഞിരിക്കുന്നു...പോകണമെനിക്ക് തിരികെ.അന്ത്യപ്രവാചകന്റെ സ്മരണകളുറങ്ങുന്ന മണലാരുണ്യത്തിലേക്ക്.ആ കാഫിലകള്‍ക്കിടയിലേക്ക്...!
കൊണ്ടുപോകില്ലേ ഇത്തിരീ.....

തെച്ചിക്കോടന്‍ said...

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത് അയച്ചുതന്ന മെയിലുകള്‍ വഴി എല്ലാ അദ്ധ്യായങ്ങളും വായിച്ചിരുന്നു. ഒരു റമദാന്‍ മാസത്തിലായിരുന്നു അത്, ബ്ലോഗിനെക്കുറിച്ച് അത്ര പരിചയമില്ലാതിരുന്ന കാലം, അതുകൊണ്ടുതന്നെ എന്റെ അഭിനന്ദനങ്ങള്‍ ഞാന്‍ സുഹൃത്തിനു ഇ-മെയില്‍ ആയി അയച്ചു കൊടുത്തിരുന്നു. ഇപ്പോള്‍ കറങ്ങിത്തിരിഞ്ഞ്‌ എവിടെ എത്തിയിരിക്കുന്നു, ദൈവാനുഗ്രഹം. അനുമോദിക്കാന്‍ സമയ പരിധിയില്ല, എന്റെ അനുമോദനങ്ങള്‍.

മദിന നേരില്‍കണ്ട ആളാണ് ഞാന്‍ അതുകൊണ്ടുതന്നെ, ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത താങ്കള്‍ ഓരോ കാര്യങ്ങളും വിവരിക്കുമ്പോള്‍ മനസ്സുകൊണ്ട് വീണ്ടും അവിടെ എത്തിയ പ്രതീതിയായിരുന്നു. അത്രമാത്രം ആകര്‍ഷനീയമാണ് വിവരണം. അവസാനിച്ചത്‌ വേദനിപ്പിച്ചു.
ഇനിയും എഴുതണം, മുകളില്‍ ചിലര്‍ അഭിപ്രായപ്പെട്ടതുപോലെ പുസ്തകമാക്കി പ്രസിദ്ധീകരിക്കണം
അല്ലാഹു അനുഗ്രഹിക്കട്ടെ.

കുഞ്ഞായി said...

വളരെ മനോഹരമായ എഴുത്ത് മാഷേ...
ഈ എഴുതിയ സംഭവത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഒത്തിരി കേട്ടിരിക്കുന്നെങ്കിലും ഒരിക്കലും ഇത്രക്ക് ടച്ചിങ്ങ് ആയിട്ട് തോന്നിയില്ല...
അഭിനന്ദനങ്ങള്‍

Mohasin said...

ഇത്തിരി... എത്ര മനോഹരമയിരിക്കുന്നു എഴുത്തും വര്‍ണനയും. ഈ 26 ലക്കവും വായിക്കാന്‍ അധികം സമയമൊന്നും വേണ്ടി വന്നില്ല... സ്നേഹത്തില്‍ പൊതിഞ്ഞ കണ്ണീരില്‍ ചാലിച്ച രസൂലിന്റെ ( സ്വല്ലല്ലഹു അലൈഹിവസല്ലം ) ചരിത്രം.. സഹാബതുകളുടെ ത്യാഗ നിര്‍ഭലമായ ജീവിതം... ഒരു മുസ്ലിമായി കൊണ്ടല്ലാതെ ഞങ്ങളെ മരിപ്പിക്കല്ലേ .... എന്നാ പ്രാര്‍ത്ഥനയോടെ ... നന്ദി പറഞ്ഞുകൊണ്ട്... എന്ന് സുഹൃത്ത്‌ . മുഹ്സിന്‍.

Musthafa said...

Very nice blog . I have buy this book from IPH and have told to my friends to read this book.
MK Musthafa

nassuru said...

ഇത്തിരി ഇത്രയുംനീണ്ട ഒരു എഴുത്ത്, നന്നായിരിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.

Riyas Biyyam said...

റഷീദ്‌ക്കാ വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.
ഇതൊരു വിലപ്പെട്ട കര്‍മ്മമായി നാഥന്‍ നിങ്ങളില്‍ നിന്നും സ്വീകരിക്കുമാരാകട്ടെ..
പ്രാര്‍ത്ഥനയോടെ ...
ഒരു സഹോദരന്‍

Riyas Biyyam said...
This comment has been removed by the author.
Shafeek said...

വളരെ വൈകിയെങ്കിലും ഇപ്പോയാണ് ഇത് വായിക്കാന്‍ അവസരം കിട്ടുന്നത്.
ശരിക്കും വായനയുടെ സുഖം ഇന്ന് ഞാനറിഞ്ഞു......
മനസുകൊണ്ട് ഞാനും ഉണ്ടായിരുന്നു നിങ്ങളുടെ സാര്‍ത്ഥവാഹക സംഘത്തോടൊപ്പം.....
ഞാനും കണ്ടു മദീനയെ......
അറിഞ്ഞു ആ സ്നേഹതീരത്തെ....
അനുഭവിച്ചു ആ കാരുണ്യ കടാക്ഷം.....

أسلام عليكم
താങ്ങളുടെ മേല്‍ അലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ......

നസീര്‍ said...

പോയി കണ്ടതിലും മനോഹരമായ വിവരണം...നന്ദി സഹോദരാ....