Monday, September 17, 2007

നുറുങ്ങുവെട്ടം.

പതിനൊന്ന്.

മദീനയെന്ന മനസ്സിലെ മരുപ്പച്ചയിലേക്ക്‌ യാത്ര പുനരാംഭിച്ചു. ഉഹദ്‌ മലയുടെ നിഴലിലിലെ പുണ്യനഗരം, പുണ്യറസൂലിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ നെഞ്ചിലേറ്റി ജീവിക്കുന്ന തെരുവുകള്‍, കുഞ്ഞുനാളില്‍ മാതാവില്‍ നിന്ന് ലഭിച്ച പൂര്‍വ്വസൂരികളുടെ ഓര്‍മ്മകളിലൂടെ മനസ്സില്‍ വാങ്മയചിത്രമയ മദീന, പിന്നീട്‌ മനസ്സിന്റെ മോഹമായി.

മണല്‍തിട്ടകളോട്‌ സമരസപ്പെട്ട്‌ ഉയര്‍ന്ന് താഴുന്ന ഒട്ടകത്തിന്റെ പൂഞ്ഞയുടെ ചാഞ്ചാട്ടങ്ങള്‍ എന്നന്നേക്കും കുളിരുള്ള ഓര്‍മ്മയാവുന്നു. കാത്ത്‌ കാത്തിരുന്ന ആ സംഗമത്തിനായി മനസ്സ്‌ തുടിച്ചിരുന്നെങ്കിലും, ഈ യാത്രയുടെ ദൈര്‍ഘ്യം ഇത്തിരി കൂടി നീണ്ടുപോയിരുന്നെങ്കില്‍ ആ പ്രതീക്ഷയുടെ സുഖമുള്ള വികാരം കുറച്ചുകൂടി ആസ്വദിക്കാമായിരുന്നു എന്ന് ആഗ്രഹം തോന്നി.

യാത്രയെയിലൂടനീളം മനസ്സ്‌ ശരീരത്തിന്‌ പുറത്തായിരുന്നു. യാത്രയുടെ ദുര്‍ഘടങ്ങളോ സ്ഥലകല പരിമിതികളോ അതിനെ തളര്‍ത്തിയില്ല... അനന്ത വിഹായസ്സിന്‌ കീഴില്‍ ഉരുകുന്ന നെഞ്ചിന്‍കൂടിനക്കത്ത്‌ നിന്ന് പുറപ്പെട്ട്‌ നൂറ്റാണ്ടുകളുടെ അരോഹണ അവരോഹണങ്ങള്‍ നിമിഷം കൊണ്ട്‌ പൂര്‍ത്തിയാക്കുന്ന മനസ്സെന്ന മായാജാലം.

സായുധരായ ശത്രുക്കളുടെ കണ്ണില്‍ പെടാതെ സൌര്‍ഗുഹയുടെ ഇരുളിലെ മൂന്ന് ദിവസങ്ങള്‍ക്ക്‌ ശേഷം, സുറാഖയുടെ ഖഡ്ഗത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നബിതിരുമേനി(സ) യും അബൂബക്കര്‍ സിദ്ധീഖും യാത്ര തുടര്‍ന്നു. ഈ വിവരങ്ങളെല്ലാം അറിഞ്ഞ്‌ കൊണ്ടിരുന്ന മദീനക്കാര്‍ ബഹുമാന്യരായ ആ അതിഥികള്‍ക്കായി അതിര്‍ത്തിയില്‍ എന്നും കാത്തിരുന്നു.

ദിവസങ്ങള്‍ നീണ്ട യാത്രയ്ക്‌ ശേഷം യസ്‌രിബിനടുത്തുള്ള 'ഖുബാ' എന്ന സ്ഥലത്ത് നബിതിരുമേനിയും അബൂബക്കറും എത്തിയപ്പോള്‍ അവിടെത്തുകാര്‍ അവരെ സ്വീകരിച്ചു. തുടര്‍ന്ന് അവരോടൊപ്പം ചേര്‍ന്ന് 'ഖുബ'യില്‍ ഒരു 'മസ്ജിദി' ന്റെ നിര്‍മ്മാണം ആരംഭിച്ചു. പില്‍കാലത്ത്‌ പുതുക്കിപ്പണിത 'മസ്ജിദുല്‍ ഖുബ' ഇന്നും നിലനില്‍ക്കുന്നു. ഖുബയില്‍ അംറ്‌ ബിന്‍ ഔഫ്‌ കുടുംബത്തിലെ ഖന്‍സൂം ബിന്‍ യാസീന്‍ ആയിരുന്നു ആതിഥേയന്‍. മക്കയില്‍ നിന്ന് പലായനത്തിന്‌ മുമ്പ്‌ നബിതിരുമേനി ഏല്‍പ്പിച്ചിരുന്ന ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ച്‌ അലിയും അവരോടൊപ്പം ചേര്‍ന്നു.

ഒരു ദിവസം ഖുബയില്‍ നബിതിരുമേനി ജനങ്ങളോട്‌ സംസാരിച്ച്‌ കൊണ്ടിരിക്കുന്നതിനിടയ്ക്‌ തോളില്‍ നിന്ന് മേല്‍ മുണ്ട്‌ ഊര്‍ന്ന് വീണു. ഉടനെ സദസ്യരിലൊരാള്‍ അവിടുന്നിന്റെ അടുത്ത്‌ ഓടിയെത്തി മുതുകിലേക്ക്‌ സൂക്ഷിച്ച്‌ നോക്കാന്‍ തുടങ്ങി. ലജ്ജാലുവായിരുന്ന പ്രവാചകര്‍ ശരീരം വേഗം മറച്ച ശേഷം അന്വേഷിച്ചു...
"താങ്കളാരാണ്‌"

സുന്ദരനായ ആ മനുഷ്യന്‍ പതുക്കേ സംസാരിക്കാന്‍ തുടങ്ങി. "ഞാന്‍ 'മആബ്‌'. പേര്‍ഷ്യക്കാരനാണ്‌.

സദസ്യര്‍ക്ക്‌ കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി.

'പേര്‍ഷ്യ' (ഇറാന്‍) യിലെ 'ഇസ്‌ഫഹാന്‍' പട്ടണത്തിനടുത്തുള്ള 'ജിയ്യ' എന്ന ഗ്രാമത്തിലായിരുന്നു എന്റെ ജനനം. ധനാഢ്യനും ഗ്രാമ മുഖ്യനുമായിരുന്നു എന്റെ പിതാവ്‌. ഞങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം കൃഷിയായിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നത്‌ പിതാവ്‌ തന്നെയായിരുന്നു.

ഞാന്‍ ആ വീട്ടില്‍ കുടുംബത്തിന്റെ വാത്സല്യത്തില്‍ വളര്‍ന്നു. അഗ്നിയാരാധകരായ ഞങ്ങളുടെ വീട്ടിലെ അഗ്നികുണ്ഡം അണയാതെ സൂക്ഷിക്കലും അത്‌ പരിപാലിക്കലുമായിരുന്നു എന്റെ പ്രധാന ജോലി. അത്‌ കൊണ്ട്‌ തന്നെ പുറം ലോകം എനിക്ക്‌ അപരിചിതമായി.
അങ്ങനെയിരിക്കേ ഒരിക്കല്‍ എന്റെ പിതാവിന്‌ കൃഷിയിടത്തില്‍ പോവാന്‍ കഴിയാതെ വന്നപ്പോള്‍ ആ ജോലി എന്നെ ഏല്‍പ്പിച്ചു. ജീവിതത്തിലാദ്യമായിട്ടയിരുന്നു ഞാന്‍ അത്രയും ദൂരം തനിച്ച്‌ യാത്രചെയ്യുന്നത്‌.

മാര്‍ഗ്ഗ മധ്യേ ഒരു ദേവാലയം എന്റെ ശ്രദ്ധയില്‍ പെട്ടു. അന്നേവരെ അഗ്നിയാരധനയെക്കുറിച്ച്‌ മാത്രം അറിയാമായിരുന്ന എന്റെ മനസ്സില്‍ ഈ പുതിയ ആരാധനാ രീതി വല്ലാത്ത അത്ഭുതമുളവാക്കി. അതിനെ കുറിച്ച്‌ പഠിക്കാനായി അന്നത്തെ പകല്‍ മുഴുവന്‍ അവര്‍ക്കിടയില്‍ തന്നെ ചിലവഴിച്ചപ്പോള്‍ ഞാന്‍ കൃഷിയിടം തന്നെ മറന്നിരുന്നു. സൂര്യാസ്തമയ ശേഷം വീട്ടിലെത്തിയ എന്നോട്‌ ഞാന്‍ വൈകിയതില്‍ പരിഭ്രമിച്ചിരിക്കുന്ന പിതാവ്‌ കാരണങ്ങള്‍ അന്വേഷിച്ചു. വഴിയില്‍ വെച്ചുണ്ടായ സംഭവങ്ങളും അന്ന് പരിചയപ്പെട്ട പുതിയ ദര്‍ശനത്തെക്കുറിച്ചും ഞാന്‍ വാചാലനായി. എല്ലാം കേട്ട്‌ പിതാവ്‌ പറഞ്ഞു.
"മോനേ... അവരുടെ വിശ്വാസം അബന്ധമാണ്‌. നമ്മുടേതാണ്‌ ശരി"

"എനിക്ക്‌ തോന്നുന്നത്‌ അവരുടെ വിശ്വസമാണ്‌ ശരി എന്നാണ്‌" ഞാന്‍ വിശദീകരിച്ചു. അതോടെ പതിവിന്‌ വിപരീതമായി പിതാവ്‌ കോപിഷ്ഠനായി. ഞങ്ങള്‍ തമ്മിലുള്ള ഈ തര്‍ക്കം വളര്‍ന്നു. അതിന്റെ ഫലമായി എന്നെ കാല്‍ ചങ്ങലകളില്‍ ബന്ധിച്ച്‌ വീട്ട്‌ തടങ്കലിലാക്കി.

എങ്കിലും ഞാന്‍ നാട്ടിലെ ആ മതത്തിന്റെ അനുയായികളുമായി രഹസ്യമായി ബന്ധപ്പെട്ട്‌ കൊണ്ടിരുന്നു. അങ്ങനെയാണ്‌ സിറിയയിലേക്ക്‌ പുറപ്പെടുന്ന ഒരു യാത്രസംഘത്തെ കുറിച്ച്‌ അവര്‍ വിവരം അറിയിച്ചത്‌. സിറിയയില്‍ അവര്‍ക്ക്‌ നല്ല വേരുണ്ടെന്നും അവിടെ ചെന്നാല്‍ കൂടുതല്‍ പഠിക്കാനും അങ്ങനെ ജീവിക്കാനും അവസരം ലഭിക്കും എന്നും ഞാനറിഞ്ഞു. പിന്നെ രഹസ്യമായി വീട്ടില്‍ നിന്ന് ഒളിച്ചോടിയ ഞാന്‍ ആ സംഘത്തോടൊപ്പം ചേര്‍ന്ന് സിറിയയില്‍ എത്തി.

അവിടെ മറ്റൊരു ലോകമായിരുന്നു. ഞാന്‍ പരിചയപ്പെട്ട ആ പുതിയ മതത്തെ കുറിച്ച്‌ അറിയാന്‍ ആരെ സമീപിക്കണം എന്ന എന്റെ അന്വേഷണം അവിടെയുള്ള ദേവാലയത്തിലെ മുഖ്യപുരോഹിതന്റെ അടുത്തെത്തിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യനായി കഴിഞ്ഞ്‌ കൂടാന്‍ തുടങ്ങി.

ഏതാനും ദിവസങ്ങള്‍ കൊണ്ട്‌ തന്നെ അദ്ദേഹം നല്ല ആളല്ലന്ന് എനിക്ക്‌ മനസ്സിലായി. കാരണം ജനങ്ങള്‍ സാമുഹ്യ സേവനത്തിനായി നല്‍കുന്ന പണം അദ്ദേഹം സ്വന്തം അവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുകയും ബാക്കി നിലവറയില്‍ സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കേ അദ്ദേഹം മരണപ്പെട്ടു. അന്ന് തടിച്ച്‌ കൂടിയ ജനക്കൂട്ടത്തോട്‌ ഞാന്‍ സത്യം പറഞ്ഞു. തെളിവായി അദ്ദേഹം സൂക്ഷിച്ചിരുന്ന ധനം കാണിക്കുക കൂടി ചെയ്തപ്പോള്‍ അവര്‍ അദ്ദേഹത്തെ കുരിശിലേറ്റി.

അദ്ദേഹത്തിന്‌ പകരം പുതിയ പുരോഹിതന്‍ സ്ഥനമേറ്റു. അദ്ദേഹം വളരേ നല്ല വ്യക്തിയായിരുന്നു. അദ്ദേഹത്തോടൊപ്പം കഴിഞ്ഞ്‌ കൂടവെ അദ്ദേഹം രോഗബാധിതനായി. മരണത്തോട്‌ അടുത്തപ്പോള്‍ ഞാന്‍ അന്വേഷിച്ചു. "അങ്ങയുടെ കാലശേഷം ഞാന്‍ ആരെ ഗുരുവായി സ്വീകരിക്കും." അതിനദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. "അല്ലാഹുവാണേ... ഈസാനബിയുടെ അനുയായികള്‍ വളരെ കുറവാണ്‌. ഞാന്‍ അറിയുന്ന ഒരാള്‍ 'മൂസലില്‍' ഉണ്ട്‌. എന്റെ കാലശേഷം നീ അദ്ദേഹത്തിന്റെ അടുത്തേക്ക്‌ പോവുക."
അദ്ദേഹത്തിന്റെ വിയോഗാനന്തരം ഞാന്‍ 'മൂസലില്‍'എത്തി ഞാന്‍ അവിടെയുള്ള പുരോഹിതനെ ആഗമനോദ്ദേശ്യവും ഗുരുവിന്റെ അവസാന വാക്കുകളും അറിയിച്ചു. അങ്ങനെ അദ്ദേഹത്തോടൊപ്പം കുറച്ച്‌ കാലം താമസിച്ചു. അവസാനം അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളില്‍ ഞാന്‍ വീണ്ടും ഇനിയെന്ത്‌ എന്ന ചോദ്യമുന്നയിച്ചു. അദ്ദേഹം 'നസീബിന്‍' എന്ന സ്ഥലത്ത്‌ ജീവിക്കുന്ന മറ്റൊരാളെ കുറിച്ച്‌ പറഞ്ഞു. അദ്ദേഹത്തിന്റെ മരണാനന്തരം അടുത്ത ഗുരുവിനെ അന്വേഷിച്ച്‌ ഞാന്‍ 'നസീബിനില്‍' എത്തി. നസീബിനിലെ ഗുരുവിന്റെ വിയോഗനന്തരം അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ 'അമൂരിയ്യാ' യില്‍ എത്തി. അവിടെ ഗുരുവിനോടൊപ്പം കഴിയവേ ചില്ലറ കൃഷിയും കൂടാതെ അവിടെ ഉണ്ടായിരുന്ന പശുക്കളേയും ആടുകളെയും പരിപാലിക്കുക എന്ന ജോലിയും കൂടി ഞാന്‍ ഏറ്റെടുത്തു.

അധിക കാലം കഴിയും മുമ്പ്‌ അദ്ദേഹത്തിന്റെ വിയോഗ സമയമായി. മറ്റു ഗുരുക്കന്മാരോടെന്ന പോലെ ഞാന്‍ അന്വേഷിച്ചു... അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. "ഈസാ നബി പ്രബോധനം ചെയ്ത മതം അനുസരിക്കുന്നവര്‍ ആരും എന്റെ അറിവിലില്ല. മാത്രവുമല്ല അബ്രഹം പ്രവാചകന്‍ പ്രബോധനം ചെയ്ത തത്വങ്ങള്‍ പ്രബോധനം ചെയ്യാനായി മറ്റൊരു പ്രവാചകന്‍ ആഗതനായിരിക്കുന്നു. ഇനി നീ ആ പ്രവാചകനെ പിന്‍പറ്റുക. അത്‌ അറേബിയായില്‍ ആയിരിക്കും. ആ പ്രാവചകന്റെ ലക്ഷണങ്ങളില്‍ ഒന്ന് ദാനമായി ലഭിച്ചതില്‍ നിന്ന് ഭക്ഷിക്കുകയില്ല. എന്നാല്‍ സമ്മാനമായി ലഭിച്ചതില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്യും. പിന്നെ ആ പ്രവാചകന്റെ ഇരു ചുമലുകള്‍ക്കും മധ്യ പ്രവാചകത്വത്തിന്റെ അടയാളം കാണാം."

ഗുരുവിന്റെ വേര്‍പാടിന്‌ ശേഷം ഞാന്‍ അറേബിയയിലേക്ക്‌ പോവുന്ന യാത്ര സംഘങ്ങളെ അന്വേഷിച്ചു. അങ്ങനെയിരിക്കേ ഒരു യാത്ര സംഘം 'അമൂരിയ' വഴി വന്നു. ഞാന്‍ അവരോട്‌ എന്നെ അറേബിയയില്‍ എത്തിക്കുകയാണെങ്കില്‍ എന്റെ ആടുകളേയും പശുകളേയും നല്‍കാം എന്ന് പറഞ്ഞു. അവര്‍ സമ്മതപ്രകാരം അവരോടൊപ്പം യാത്ര തുടര്‍ന്നു. പക്ഷേ അവര്‍ വഞ്ചകരായിരുന്നു. അറേബിയയില്‍ എത്തിക്കുന്നതിന്‌ പകരം 'വാദില്‍ ഖുറ' യില്‍ വെച്ച്‌ അവര്‍ എന്നെ അടിമായാക്കി ഒരു ജൂതന്‌ വിറ്റു.
കുറച്ച്‌ കാലം ആ ജൂതനരികില്‍ ജോലിക്കാരനായി താമസിച്ചു. പിന്നീട്‌ അദ്ദേഹം 'ബനൂ ഖുറൈദ ' വംശജനായ ഒരു ബന്ധുവിന്‌ എന്നെ വിറ്റു. അങ്ങനെ പുതിയ യജമാനനോടൊപ്പം ഞാന്‍ മദീനയിലെത്തി. അദ്ദേഹത്തിന്റെ ഈന്തപ്പനത്തോട്ടത്തില്‍ ജോലി ചെയ്തു കഴിഞ്ഞു. അങ്ങനെയിരിക്കേ ഒരു ദിവസം ഞാന്‍ ഈന്തപ്പന മുകളില്‍ ജോലി ചെയ്ത്‌ കൊണ്ടിരിക്കുന്നു. തൊട്ട്‌ താഴെ എന്റെ യജമാനനും അദ്ദേഹത്തിന്റെ ബന്ധുവും സംസാരിച്ച്‌ കൊണ്ടിരിക്കുന്നു.

ബന്ധു : "ഔസ്‌-ഖസ്‌റജ്‌ ഗോത്രക്കാരെ ദൈവം നശിപ്പിക്കട്ടേ... മക്കയില്‍ നിന്നെത്തിയ പ്രവാചനെന്ന് അവകാശപ്പെടുന്ന ഒരാളുമായി ഖുബാ (മദീനയ്ക്കടുത്തുള്ള ഒരു പ്രദേശം) യില്‍ വെച്ച്‌ അവര്‍ ഇപ്പോള്‍ സംസാരിച്ച്‌ കൊണ്ടിരിക്കുന്നു."
ഞാന്‍ ആവേശം കൊണ്ട്‌ വളരെ പെട്ടൊന്ന് താഴെയിറങ്ങി. യജമാനന്റെ ബന്ധുവിനോട്‌ അന്വേഷിച്ചു "എന്താണ്‌ താങ്കള്‍ പറഞ്ഞത്‌. ഒന്ന് കൂടി വിശദമാക്കമോ" പക്ഷേ എന്റെ ആ ചോദ്യം യജമാനന്‌ ഇഷ്ടമായില്ല. അദ്ദേഹം എന്നോട്‌ കയര്‍ത്തു.
എങ്കിലും ഇന്നലെ വൈകുന്നേരം കുറച്ച്‌ ഈത്തപ്പഴങ്ങളുമായി ഞാന്‍ ഇവിടെയെത്തി. "ഇത്‌ എന്റെ ദാനമാണ്‌" എന്ന് പറഞ്ഞ്‌ ഇവിടെ ഏല്‍പ്പിച്ചപ്പോള്‍ അങ്ങ്‌ അത്‌ എല്ലാവര്‍ക്കും അത്‌ വീതം വെച്ചു. അങ്ങ്‌ ഭക്ഷിക്കുന്നുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിക്കുകുന്നുണ്ടായിരുന്നു. ഇല്ല എന്ന് ബോധ്യമായപ്പോള്‍ ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. ഒന്നാമത്തെ പരീക്ഷണം വിജയിച്ചിരിക്കുന്നു. തുടികൊട്ടുന്ന ഹൃദയവുമായാണ്‌ ഇന്ന് ഞാന്‍ ഈ സന്നിധിയില്‍ എത്തിയത്‌. ഇന്നും ഞാന്‍ ഈത്തപ്പഴം ഏല്‍പ്പിച്ചിരുന്നു. ഇത്‌ എന്റെ ഉപഹാരം എന്ന് പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ അങ്ങ്‌ ബാക്കിയുള്ളവര്‍ക്കായി പങ്ക്‌ വെച്ചതോടൊപ്പം അതില്‍ നിന്ന് കഴിക്കുകയും ചെയ്തു. അതോടെ എനിക്ക്‌ ഏകദേശം ഉറപ്പായി ഇത്‌ പ്രവാചകന്‍ തന്നെ. പിന്നെ ഞാന്‍ പ്രവാചകത്വത്തിന്റെ അടയാളം കാണാനായി ശ്രമിക്കുകയായിരുന്നു. അത്‌ കണ്ടതോടെ ഞാനുറപ്പിക്കുന്നു... "അല്ലാഹു അല്ലാതെ ഒരു ദൈവമില്ലനും അവിടുന്ന് അല്ലാഹുവിന്റെ പ്രവാചകരാണെന്നും"

അത്ഭുതത്തോടെ നബിതിരുമേനിയും ശിഷ്യന്മാരും കേട്ടിരുന്നു. അവിടെ വെച്ചാണ്‌ 'മആബ്‌' എന്ന പേരിന്‌ പകരം 'സല്‍മാന്‍' എന്ന് പ്രവാചകന്‍ നമകരണം ചെയ്തു. പില്‍കാലത്ത്‌ 'സര്‍ല്‍മാനുല്‍ ഫാരിസി' എന്നറിയപ്പെട്ട പ്രവാചക ശിഷ്യനായി അദ്ദേഹം മാറി..

'ഖുബ'യിലെ നാല്‌ ദിവസത്തിന്‌ ശേഷം വെള്ളിയാഴ്ച പുലര്‍ച്ചേ നബിതിരുമേനിയും സംഘവും മദീനയിലേക്ക്‌ യാത്ര തിരിച്ചു. വഴിയില്‍ 'ബനൂ സലീമ' ഗോത്രക്കാര്‍ താമസിക്കുന്ന 'റാനൂന'യില്‍ എത്തിയപ്പോള്‍ അവിടെ ഇറങ്ങി, ചരിത്രത്തിലെ ആദ്യ ജുമുഅ നമസ്കാരവും ഖുത്ബ യും നിര്‍വ്വഹിച്ച ശേഷം ആ സംഘം യാത്ര തുടര്‍ന്നു...

ഞങ്ങളും യാത്ര തുടര്‍ന്നു. അങ്ങ്‌ ദൂരെ മദീനയുടേ അതിരുകള്‍ ഞങ്ങളെ സ്വഗതം ചെയ്യന്‍ ഒരുങ്ങി നില്‍പ്പുണ്ടാവും. പതുക്കെ പ്രഭാതത്തെ വരവേല്‍ക്കാനൊരുങ്ങുന്ന മദീന നഗരം കൂട്ടത്തില്‍ ഞങ്ങളേയും വരവേല്‍ക്കുമെന്ന പ്രതീക്ഷയില്‍ ഒട്ടത്തിന്റെ ചലനം വേഗത്തിലായി.
ഔസ്‌, ഖസ്‌റജ്‌ : മദീനയിലെ രണ്ട്‌ പ്രധാന ഗോത്രങ്ങള്‍.
* ജുമുഅ നമസ്കാരം : വെള്ളിയാഴ്ചയിലെ മധ്യഹ്ന പ്രാര്‍ത്ഥന.
ഖുത്ത്‌ബ : വെള്ളിയാഴ്ച മധ്യഹ്നപ്രാര്‍ത്ഥനയോടൊപ്പം വേണ്ട പ്രഭാഷണം.