Thursday, November 8, 2007

പ്രാര്‍ത്ഥന.

പതിനഞ്ച്.

കിഴക്കുണരാന്‍ ഇനിയും സമയമുണ്ട്‌... ഒരു പകലിന്റെ കൂടെ പിറവിക്കായി രാത്രി പതുക്കെ യാത്ര ചോദിക്കാന്‍ തുടങ്ങുന്നു. വീശിയടിക്കുന്ന കാറ്റിനൊപ്പം എത്തുന്ന സുഖമുള്ള തണുപ്പ്‌ ശരീരത്തില്‍ തലോടി കടന്ന് പോയി. മദീനയുടെ മണ്ണിനോടും മരങ്ങളോടും സല്ലപിച്ചെത്തുന്ന ഈ ഇളംകാറ്റിനോട്‌ വല്ലാത്ത ഇഷ്ടം തോന്നുന്നു. ദൂരെ നിഴലായി നില്‍ക്കുന്ന 'ഉഹ്‌ദ്‌, ഞങ്ങളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുണ്ടാവണം.

തലയുയര്‍ത്തി നില്‍ക്കുന്ന മസ്ജിദുന്നബവി യെ കണ്ണിമയ്കാതെ കണ്ടുനിന്നു. ഉയര്‍ന്ന മിനാരങ്ങളില്‍ നിന്നൊഴുകുന്ന പാല്‍ വെളിച്ചവും അവയ്കിടയിലെ താഴികക്കുടങ്ങളും കുറച്ചപ്പുറത്തെ പച്ച ഖുബ്ബയും താഴെ മസ്ജിദിലേക്ക്‌ ഒഴുകിയെത്തുന്ന പതിനായിരങ്ങളും... മനസ്സിന്‌ കാഴ്ചയുടെ വസന്തം തന്നെ.


ഭാഷ,രാജ്യ,വര്‍ണ്ണ,വര്‍ഗ്ഗ വൈവിധ്യങ്ങള്‍ക്കപ്പുറം ഒരേ നേതാവിന്റെ അനുയായികളെന്ന ബോധം അകത്തേക്കൊഴുകുന്ന പതിനായിരങ്ങളുടെ മുഖത്ത്‌ കാണാം. അംഗശുദ്ധിവരുത്തി അവരോടൊപ്പം അകത്തേക്ക്‌ നടക്കുമ്പോള്‍ ആ നായകന്റെ ഓര്‍മ്മകള്‍ വീണ്ടും ചുണ്ടുകളെ സലാത്ത്‌ കൊണ്ട്‌ സജീവമാക്കി. 'മുഹമ്മദ്‌' (സ) എന്ന് സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള അറബി കയ്യെഴുത്ത്‌ പതിച്ച വാതിലുകള്‍ പിന്നിട്ട്‌ അകത്ത്‌ കടന്നു. വിശാലമായ ഹാളിലെ തിരക്ക്‌ കുറഞ്ഞ കോണില്‍ നിന്ന് രണ്ട്‌ റകഅത്ത്‌ ഐഛിക നമസ്കാരത്തില്‍ പ്രവേശിച്ചു.

സ്രഷ്ടാവിന്റെ മുമ്പില്‍ വിനയാന്വിതനായി തന്റെ ജീവിതം വിശുദ്ധമാക്കാന്‍ വിശ്വാസി ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന സമയമാണ്‌ നമസ്കാരം. "അല്ലാഹുവാണ്‌ മഹാന്‍" എന്ന് ഉച്ചരിച്ച്‌ നമാസ്‌ ആരംഭിക്കുന്ന വിശ്വാസി "ആകാശഭൂമികളുടെ അധീശാധികാരിയയ ദൈവത്തിങ്കലേക്ക്‌ ഋജുമനസ്കനായി ഞാന്‍ മുഖതിരിച്ചിരിക്കുന്നു... ഞാന്‍ ബഹുദൈവ വിശ്വാസിയല്ല. എന്റെ നമസ്കാരവും എന്റെ സകല ചലനങ്ങളും എന്റെ ജീവിതവും മരണവും ലോകങ്ങളുടെ രക്ഷിതാവയ അല്ലാഹുവിനുള്ളതാണ്‌... അവന്‌ പങ്കാളികളില്ല... ഞാന്‍ അനുസരണാശീലരില്‍ പെട്ടവനാണ്‌" എന്ന പ്രതിജ്ഞയ്ക്ക്‌ ശേഷം വിശുദ്ധഖുര്‍ആനിലെ പ്രഥമ അദ്ധ്യയം പരായണം ചെയ്യുന്നു. അതും ഒരു പ്രാര്‍ത്ഥന തന്നെ


"അളവറ്റ ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. സര്‍വ്വ സ്തോത്രങ്ങളും ലോകരക്ഷിതവായ അല്ലാഹുവിനാകുന്നു. അളവറ്റ ദയാപരനും കരുണാനിധിയുമായവന്‍. പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥനായവന്‍. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു. ഞങ്ങളെ ചൊവ്വായ മാര്‍ഗ്ഗത്തിലാക്കേണമേ. അത്‌ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗ്ഗമാണ്‌. നിന്റെ കോപത്തിന്‌ വിധേയമായവരുടെയോ മാര്‍ഗ്ഗഭ്രംശം സംഭവിച്ചവരുടെയോ മര്‍ഗ്ഗമല്ല. "

അതിന്‌ ശേഷം ഖുര്‍ആനിലെ ഏതെങ്കിലും സൂക്തമെങ്കിലും ഉരുവിട്ട ശേഷം ദൈവീക സ്തോത്രത്തോടെ കുനിയുന്നു. എതാനും സമയം ദൈവത്തെ പ്രകീര്‍ത്തിച്ച്‌ വീണ്ടും ഉയര്‍ന്ന് ദൈവീക സമക്ഷം സാഷ്ടാംഗ പ്രണാമം ചെയ്യുന്നു. ഈ ഘട്ടങ്ങളിലെല്ലാം അവന്റെ ചുണ്ട്‌ പ്രകീര്‍ത്തനങ്ങളിലും മനസ്സ്‌ പ്രാര്‍ത്ഥനകളിലും മുഴുകിയിരിക്കും. ഏതാനും സമയം എല്ലാം മറന്ന് പൂര്‍ണ്ണമായും ഏകനായ ദൈവസമക്ഷം മനസ്സും ശരീരവും സമര്‍പ്പിക്കുകയാണ്‌ നമസ്കാരം.

നമസ്കാരം കഴിഞ്ഞ്‌ പ്രാര്‍ത്ഥന കൊണ്ട്‌ ചുണ്ടും മനസ്സും സജീവമാക്കി. സകലലോക രക്ഷിതാവിന്റെ ദാസനാണെന്ന ബോധം മനസ്സില്‍ സൃഷ്ടിക്കുന്ന അഭിമാനവും സുരക്ഷിത്വവും അലോചിച്ചിരുന്നു. മസ്ജിദിനകത്ത്‌ തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനകളിലും ഖുര്‍ആന്‍ പാരയണത്തിലും മുഴുകിയിരിക്കുന്നു. അരുണ കിരണങ്ങളുടെ ആഗമനമായില്ലെങ്കിലും ഇവിടെ പകലിന്റെ പ്രതീതി തന്നെ.

മസ്ജിദിനകത്ത്‌ വെറുതെ കണ്ണോടിക്കുമ്പോള്‍ ഇതിന്റെ നിര്‍മ്മാണ സമയം ഓരോ ഇഞ്ചിലും പാലിക്കപ്പെട്ട സൂക്ഷ്മത കൂടുതല്‍ ബോധ്യമാവുന്നു. നബിതിരുമേനി(സ)യുടെ ഹിജറയോടനുബന്ധിച്ച്‌ നിര്‍മ്മിക്കപ്പെട്ടതാണ്‌ മസ്ജിദുന്നബവി. ഏതാനും മണിക്കൂറുകള്‍ക്ക്‌ മുമ്പ്‌ വൃദ്ധനായ ഇസ്മാഈലിന്റെ പരുക്കന്‍ സ്വരത്തില്‍ വിവരിക്കപ്പെട്ട ഹിജറ... നബിതിരുമേനിയും സിദ്ധീഖും ഖുബായില്‍ നിന്ന് പുറപ്പെട്ട്‌ വഴിയില്‍ വെച്ച്‌ അന്നത്തെ ജുമുഅ നമസ്കാരം നിര്‍വ്വഹിച്ച്‌ മദീന ലക്ഷ്യമാക്കി നീങ്ങി.

പ്രമുഖ ഗോത്രങ്ങളായ ഔസ്‌ ഖസ്‌റജ്‌ എന്നിവരോടൊപ്പം ന്യൂനപക്ഷമായ യഹൂദികളുമടക്കം എല്ലാവരും, മക്കയില്‍ നിന്നെത്തുന്ന ആ പ്രവാചകനെ വരവേല്‍ക്കാന്‍ കണ്ണുനട്ട്‌ കാത്തിരുന്നു. കണ്ണെത്തും ദൂരെ മക്കയില്‍ നിന്നെത്തുന്ന സംഘത്തെകണ്ടതോടെ അവരുടെ അടുത്തേക്ക്‌ ഓടിയണഞ്ഞ ജനക്കൂട്ടം അഹ്ലാദാരവങ്ങളൊടെ അവരെ സ്വീകരിച്ചു. ആട്ടിന്‍ തോല്‍ മുറുക്കിയ ദഫില്‍ നിന്നുയരുന്ന ശബ്ദത്തിന്‌ അകമ്പടിയോടെ, 'വിദാഅ്‌ പര്‍വ്വതച്ചെരുവില്‍ ഞങ്ങള്‍ക്കൊരു പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചിരിക്കുന്നു' എന്ന് പാട്ട്‌ പാടി സ്വീകരിച്ച്‌ ആനയിച്ചു.

പലായനം ചെയ്തെത്തിയ നബിതിരുമേനി(സ)യേയും അബൂബക്കറിനേയും സ്വീകരിക്കാന്‍ മദീനക്കാര്‍ ശരിക്കും മത്സരിക്കുകയായിരുന്നു. അവരെ അതിഥിയായി ലഭിക്കാന്‍ അവര്‍ വാശിപിടിച്ചു... അവരവരുടെ വീടിന്റെ ഗുണഗണങ്ങള്‍ നിരത്തി തര്‍ക്കിച്ചു... അവസാനം നബിതിരുമേനി(സ) തീരുമാനം അറിയിച്ചു. ഞാന്‍ സഞ്ചരിക്കുന്ന ഈ ഒട്ടകം ആരുടെ വീടിന്‌ മുമ്പിലാണൊ മുട്ട്‌ കുത്തുന്നത്‌, അതായിരിക്കും എന്റെ താമസസ്ഥലമെന്ന്.


ഒരു വന്‍ ജനാവലിയുടെ മോഹങ്ങളിലൂടെ ഒട്ടകത്തിന്റെ കുളമ്പുകള്‍ നീങ്ങി. പ്രതീക്ഷയുടെയും നിരാശയുടെയും സ്വരങ്ങളുമായി മദീനക്കാര്‍ അതിനെ പിന്തുടര്‍ന്നു. അവസാനം അബൂ അയ്യൂബുല്‍ അന്‍സാരി(റ)യുടെ വീടിന്‌ മുമ്പിലുള്ള തുറസ്സായ സ്ഥലത്ത്‌ ഒട്ടകം മുട്ട്‌ കുത്തിയതോടെ, ആതിഥേയനാവനുള്ള ഭാഗ്യം അദ്ദേഹത്തിന്‌ ലഭിച്ചു.

ആ തുറസ്സായ സ്ഥലം അംറിന്റെ പുത്രന്മാരായ സഹല്‍. സുഹൈല്‍ എന്നീ രണ്ട്‌ അനാഥരുടേതായിരുന്നു. അവരില്‍ നിന്ന് വിലക്ക്‌ വാങ്ങിച്ച്‌, അവിടെ ഒരു മസ്ജിദിന്റെ നിര്‍മാണം ആരംഭിച്ചു. നബിതിരുമേനിയും അനുയായികളും ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ കൊണ്ട്‌ നിര്‍മ്മിച്ച ആ മസ്ജിദിന്‌ ഇന്നത്തെ മസ്ജിദുന്നബവിയുടെ പകിട്ട്‌ ഉണ്ടായിരുന്നില്ല. നാലുഭാഗവും മണ്‍കട്ടകള്‍ കൊണ്ട്‌ മറച്ച്‌, കുറച്ച്‌ ഭാഗം മാത്രം ഓലമേഞ്ഞ ലളിതമായ ഒരു മസ്ജിദ്‌. സ്വന്തമായി താമസ സൗകര്യമില്ലാത്തവര്‍ക്ക്‌ ഉറങ്ങാനായി ഓലമേഞ്ഞ സ്ഥലം സൗകര്യപ്പെടുത്തി. നല്ലൊരു വിളക്ക്‌ പോലും ഇല്ലാത്ത മസ്ജിദില്‍ വെളിച്ചത്തിനായി വൈക്കോല്‍ കത്തിക്കാറായിരുന്നു പതിവ്‌. ഏതാണ്ട്‌ ഒമ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ മസ്ജിദില്‍ സ്ഥിരമായ ഒരു വിളക്ക്‌ തെളിഞ്ഞത്‌. ഏതാനും ദിവസം അബൂഅയ്യൂബുല്‍ അന്‍സാരി(റ)യുടെ അതിഥിയായി താമസിച്ച പ്രവാചകന്‍(സ) മസ്ജിദിനോട്‌ ചേര്‍ന്ന് ഒരു കൂരയുടെ പണി പൂര്‍ത്തിയായപ്പോള്‍ താമസം അങ്ങോട്ട്‌ മാറ്റി.

മക്കയിലുള്ള കുടുംബത്തെ മദീനയിലെത്തിക്കാന്‍ സൈദുബനു ഹാരിസയേയും അബൂറാഫിഇ നേയും നിയോഗിച്ചു... അധികം വൈകാതെ മക്കയില്‍ നിന്ന് പ്രവാചകന്റെ കുടുംബത്തിലെ സൈനബ്‌ എന്ന മകളൊഴിച്ച്‌ എല്ലാവരും മദീനയിലെത്തി. അപ്പോഴും പ്രവാചക അനുയായി മാറിയിട്ടില്ലാത്ത സൈനബി(റ)ന്റെ ഭര്‍ത്താവ്‌ അബുല്‍ആസ്‌ അവരെ മദീനയിലേക്കയക്കാന്‍ വിസമ്മതിച്ചതിനാല്‍ 'സൈനബ്‌' മക്കയില്‍ തന്നെ തങ്ങി. കൂടാതെ അബൂബക്കറി(റ)ന്റെ കുടുബവും മദീനയില്‍ എത്തി.


മദീനയിലെ അഭ്യന്തര സ്ഥിതിവിശേഷം വിലയിരുത്തിയ നബിതിരുമേനി ആദ്യം അവിടെ സമാധാനത്തിന്റെ ഒരു അന്തരീക്ഷം സ്ഥാപിക്കാനാണ്‌ ശ്രമിച്ചത്‌. അതിന്റെ ആദ്യപടിയായി സ്വന്തം അനുയായികള്‍ക്കിടയില്‍ ശക്തമായ സാഹോദര്യ ബന്ധം ഉട്ടിയുറപ്പിക്കാന്‍ അവിടുന്ന് അഹ്വാനം ചെയ്തു. മക്കയില്‍ പലായനം ചെയ്തെത്തിയവരും (മുഹാജിര്‍) മദീനയില്‍ അവര്‍ക്ക്‌ അഭയം നല്‍കിയവരും (അന്‍സാര്‍) തമ്മില്‍ മാത്രമല്ല ഈ സാഹോദര്യം നിലവില്‍ വന്നത്‌. പകരം അന്നേവരെ പരസ്പരം യുദ്ധം ചെയ്തിരുന്ന, മദീനയിലെ ഔസ്‌, ഖസ്‌റജ്‌ എന്നീ ഗോത്രങ്ങള്‍ തമ്മിലും പരസ്പര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ പ്രവാചകര്‍(സ) വിജയിച്ചു. മക്കയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ചെത്തിയവര്‍ക്കായി അവര്‍ എല്ലാം പങ്കുവെച്ചു.

അതിന്‌ ശേഷം മദീനയിലെ ന്യൂനപക്ഷമായിരുന്ന യഹൂദ ഗോത്രങ്ങളുമായി സൗഹൃദ സന്ധിയില്‍ ഏര്‍പ്പെടുകായായിരുന്നു നബിതിരുമേനി(സ) ചെയ്തത്‌. ആ കാരാര്‍ വ്യവസ്ഥകള്‍ ഇപ്രകാരമായിരുന്നു. 'മുസ്ലിങ്ങള്‍ക്കും യഹൂദര്‍ക്കും അവരവരുടെ വിശ്വാസം അനുസരിച്ച്‌ ജീവക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. മദീനയിലെ യഹൂദര്‍ മുസ്‌ലിങ്ങളെ പോലെ തന്നെ ഒരു ജനതയായതിനാല്‍ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്‌ യുദ്ധം വേണ്ടി വന്നാല്‍ വരുന്ന ചെലവ്‌ ഇരുക്കൂട്ടരും വഹിക്കേണ്ടതാണ്‌. ഏത്‌ വിഭാഗത്തില്‍ പെട്ടവര്‍ അക്രമം കാണിച്ചാലും ഏത്‌ പരിതസ്ഥിതിയിലും അവരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ഇരുകൂട്ടരും ചെയ്യരുത്‌. പൊതു ആവശ്യങ്ങള്‍ക്കുള്ള ചിലവ്‌ മുസ്‌ലിങ്ങളും യഹൂദരും കൂടെ വഹിക്കേണ്ടതാണ്‌. ഇരു കൂട്ടരും തമ്മിലുള്ള ബന്ധം സ്നേഹത്തിന്റെയും വിട്ട്‌ വീഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കണം. ആരും അക്രമത്തിന്റെയും പ്രതികാരത്തിന്റെയും മാര്‍ഗ്ഗം സ്വീകരിക്കരുത്‌. ഉടമ്പടി വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ ഇരുകൂട്ടരും ഒന്നിച്ച്‌ നിന്ന് ചെറുക്കേണ്ടതാണ്‌. മദീന പട്ടണം ഇരു കൂട്ടര്‍ക്കും സംരക്ഷിത മേഖലയാണ്‌, അത്‌ കൊണ്ട്‌ തന്നെ മക്കയിലെ ഖുറൈശികള്‍ക്കോ അവരുടെ സഖ്യകക്ഷികള്‍ക്കോ അവിടെ അഭയം നല്‍കരുത്‌. മദീന ആക്രമിക്കപ്പെട്ടാല്‍ മുസ്ലിങ്ങളും യഹൂദരും അതിനെ ചെറുക്കാന്‍ ബാധ്യസ്ഥരാണ്‌. കരാറിലെ വ്യവസ്ഥയില്‍ ഭാവിയില്‍ തര്‍ക്കം ഉണ്ടായാല്‍ അത്‌ നബിതിരുമേനിയുടെ അന്തിമ തീരുമാനത്തിന്‌ വിടേണ്ടതാണ്‌.'

അങ്ങനെ മദീനയില്‍ ഒരു സ്നേഹസാമ്രാജ്യം പ്രവാചക തിരുമേനി(സ) പടുത്തുയര്‍ത്തി. മദീന ഇസ്ലാമിന്‌ വളക്കൂറുള്ള മണ്ണായിരുന്നു. മക്കയിലെ കഷ്ടപ്പാടിന്റെ കലഘട്ടത്തിന്‌ ശേഷം ഒരു സമാധാനത്തിന്റെ നല്ലകാലം. പരസ്പരം സ്നേഹിച്ച്‌ എല്ലാം പങ്ക്‌ വെച്ച്‌ ജീവിക്കുന്ന അനുയായികളും അവര്‍ ജീവന്‌ തുല്യം സ്നേഹിക്കുന്ന നായകനും. പക്ഷേ ആ സ്നേഹപ്രകടനത്തിന്‌ നായകന്‍ ചില പരിധി നിശ്ചയിച്ചിരുന്നു.


ഏകനായ സ്രഷ്ടാവിന്റെ മുമ്പില്‍ മാത്രമേ ശിരസ്സ്‌ നമിക്കാവൂ എന്ന് ഖണ്ഡിതമായി അവിടുന്ന് വിളംബരം ചെയ്തു. തന്നോടുള്ള സ്നേഹത്തിന്റെ പരിധി അവിടുന്ന് നിര്‍വ്വചിച്ചു. "യേശുവിനെ ദൈവപുത്രനാക്കിയപോലെ എന്നെ നിങ്ങള്‍ പുകഴ്ത്തരുത്‌... അല്ലാഹുവിന്റെ അടിമ മാത്രമാണ്‌ ഞാന്‍, നിങ്ങള്‍ അല്ലഹുവിന്റെ ദാസനും ദൂതനുമാണെന്ന് പറഞ്ഞ്‌ കൊള്ളുക". എപ്പോഴും അനുയായികളെ അവിടുന്ന് ഓര്‍മ്മിപ്പിച്ചു... ഏക ദൈവത്തിന്‌ മാത്രമായിരിക്കണം ആരാധനകളും പ്രാര്‍ത്ഥനകളും... ആ ദൈവത്തിന്‌ മാത്രമെ ആത്യന്തികമായി സഹായിക്കാനാവൂ... എന്ന് തീര്‍ത്ത്‌ പറഞ്ഞു. വിയോഗത്തിന്‌ തൊട്ട്‌ മുമ്പ്‌ പോലും "എന്റെ ഖബറിടം നിങ്ങള്‍ ആരാധനാ സ്ഥലമാക്കരുത്‌" എന്ന് അനുയായികളെ ഉണര്‍ത്തിയിരുന്നു.


പ്രവാചകരിലോ പുണ്യവാന്മാരിലോ ദൈവിക പരീവേഷം ആരോപിക്കുന്നത്‌ പ്രവാചകര്‍(സ) ശക്തമായി നിരോധിച്ചു. സൃഷ്ടിപൂജയ്ക്ക്‌ സാധ്യതയുള്ള ഒന്നിനോടും രാജിയാവാത്ത കടുത്ത നിലപാടാണ്‌ അവിടുന്ന് സ്വീകരിച്ചത്‌... മക്കയിലെ മര്‍ദ്ദനകാലത്ത്‌ ഒരിക്കല്‍ മക്കകാര്‍ സമവായ ശ്രമം നടത്തി. 'ഞങ്ങള്‍ ആരാധിക്കുന്നതിനെ കുറച്ച്‌ ദിവസം നിങ്ങള്‍ ആരാധിക്കുക... പകരം നിങ്ങള്‍ ആരാധിക്കുന്നതിനെ ഞങ്ങളും ആരാധിക്കാം'. പക്ഷേ ഖുര്‍ആന്‍ ഇസ്‌ലാമിന്റെ നിലപാട്‌ വ്യക്തമാക്കി കൊണ്ട്‌ അവതരിച്ചു.. അത്‌ അസാധ്യമാണ്‌ അവര്‍ക്ക്‌ അവരുടെ മതം... നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം .

എങ്കിലും ഇതര ആശയ ആദര്‍ശങ്ങളില്‍ ജീവിക്കുന്നവരുമായി സാഹോദര്യത്തില്‍ ജീവിക്കാന്‍ പ്രവാചകര്‍ കല്‍പിച്ചു. അതിന്റെ ഏറ്റവും നല്ല ഉദാഹരണം കൂടിയാണ്‌ മദീനയിലെ ന്യൂനപക്ഷമായ യഹൂദരമായി അവിടുന്ന് ഒപ്പ്‌ വെച്ച ഈ സന്ധി വ്യവസ്ഥകള്‍.

ഒരിക്കല്‍ മദീന സന്ദര്‍ശിച്ച ക്രൈസ്തവ നിവേദക സംഘത്തിനെ സ്വീകരിച്ച്‌ അവരൊട്‌ ഇസ്ലാമിക തത്വങ്ങള്‍ വിശദീകരിച്ചു പ്രവാചകര്‍(സ). പ്രാര്‍ത്ഥനാ സമയം ആയപ്പോള്‍ മദീന മസ്ജിദില്‍ തന്നെ അതിന്‌ സൗകര്യം ചെയ്ത്‌ കൊടുത്തു... തിരിച്ച്‌ പോകവേ 'ഞങ്ങള്‍ക്കിടയില്‍ നീതിപൂര്‍വ്വം വിധികല്‍പ്പിക്കാന്‍ കഴിയുന്ന ഒരാളെ കൂടെ അയക്കണം' എന്ന് ആവശ്യപ്പെട്ട അവരോടൊപ്പം ശിഷ്യനായ അബൂ ഉബൈദത്തുല്‍ ജറ്‌റാഹി(റ)നെ അയക്കുകയും ചെയ്തു.

ഈ സംസ്കാരം അവിടുന്ന് അനുയായികളിലും ഊട്ടിയുറപ്പിച്ചു. കാലങ്ങള്‍ക്ക്‌ ശേഷം ജറൂസലം ഇസ്ലാമിക സമ്രാജ്യത്തിന്‌ കീഴടങ്ങിയ സമയം... അധികാര കൈമാറ്റം നേരിട്ടാവണമെന്നും അതിനായി ഭരണാധികാരിയയ ഉമര്‍ നേരിട്ട്‌ ജറൂസലമില്‍ എത്തണമെന്നുമായപ്പോള്‍ മദീനയില്‍ നിന്ന് ഉമറും വേലക്കാരനും കൂടി പുറപ്പെട്ടു.

ഖലീഫ ഒട്ടകപ്പുറത്തും ജോലിക്കാരന്‍ നടന്നും യാത്ര തുടങ്ങി. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഉമര്‍ താഴെയിറങ്ങി... വേലക്കാരനോട്‌ വാഹനത്തില്‍ കയറാന്‍ കല്‍പിച്ചു.. അങ്ങനെ ആ ഭരാണാധികാരിയും വേലക്കാരനും ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ ജറൂസലമില്‍ സ്വീകരിക്കാന്‍ കാത്തിരിക്കുന്നവരുടെ അടുത്തെത്തി.

ഒട്ടകപ്പുറത്തിരിക്കുന്ന ഭരണാധികാരിയെ സ്വീകരിക്കാന്‍ ഓടിയെത്തിയവരോട്‌ ഒട്ടകപ്പുറത്തിരിക്കുന്ന വ്യക്തി വിളിച്ച്‌ പറഞ്ഞു.. "സഹോദരന്മാരെ ക്ഷമിക്കണം... ഞങ്ങളുടെ ഭരണാധികാരി ഉമര്‍ ഈ കൂടെ നടക്കുന്നയാളാണ്‌. ഞാന്‍ അദ്ദേഹത്തിന്റെ വേലക്കാരനാണ്‌. മദീന മുതല്‍ ഇവിടെ വരെ ഊഴം വെച്ചാണ്‌ ഞങ്ങള്‍ യാത്ര ചെയ്തത്‌. അങ്ങനെ ഇവിടെ എത്തിയപ്പോള്‍ എന്റെ ഊഴമായിപ്പോയി. അത്‌ കൊണ്ട്‌ പറ്റിപ്പോയതാണെന്ന് ആ വേലക്കാരന്‍ വിശദീകരിച്ചപ്പോള്‍ അവര്‍ പിന്നില്‍ നടക്കുന്ന ആ നീതിമാനെ സ്വീകരിച്ചു.

പ്രാര്‍ത്ഥനക്ക്‌ സമയമായപ്പോള്‍ ഖലീഫ അതിനായി ഒരു സ്ഥലം അന്വേഷിച്ചു. തൊട്ടടുത്ത ചര്‍ച്ചില്‍ അതിന്‌ സൗകര്യമൊരുക്കിയപ്പോള്‍ അദ്ദേഹം വിനയപൂര്‍വ്വം അത്‌ നിരസിച്ചു. കൂടെ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു. 'അവിടെ വെച്ച്‌ പ്രാര്‍ത്ഥിക്കുന്നതിന്‌ എനിക്ക്‌ വിഷമമുള്ളത്‌ കൊണ്ടല്ല. പകരം വര്‍ഷങ്ങള്‍ക്ക്‌ ശേഷം 'ഇത്‌ ഞങ്ങളുടെ ഉമര്‍ പ്രാര്‍ത്ഥിച്ച സ്ഥലം' എന്ന് ആരെങ്കിലും അവകാശവാദമുന്നയിച്ചാല്‍ അവര്‍ ഈ ആരാധനാലത്തില്‍ കൈവെച്ചാല്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉമര്‍ മറുപടി പറയേണ്ടി വരും. അത്‌ കൊണ്ട്‌ മാത്രമാണെന്ന് മറ്റൊരു സ്ഥലം മതി എന്ന് പറഞ്ഞത്‌' എന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...
അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...
അശ്‌ഹദു അന്‍ലാഇലാഹ ഇല്ലല്ലാ...
അശ്‌ഹദു അന്‍ലാഇലാഹ ഇല്ലല്ലാ...
അശ്‌ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാ...
അശ്‌ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാ...

മദീന മസ്ജിദിനകത്ത്‌ പ്രഭാത പ്രാര്‍ത്ഥനക്കുള്ള ബാങ്ക്‌ വിളി ഉയര്‍ന്നു. കണ്ണടച്ച്‌ മനസ്സ്‌ തുറന്ന് ഞാനും ആ വചനങ്ങളുടെ അന്തോളനത്തില്‍ മുഴുകി...