Tuesday, April 8, 2008

മറക്കാനാവാത്ത പാഠങ്ങള്‍...

ഇരുപത്തിരണ്ട്

ഈ അന്തരീക്ഷത്തിന്റെ മൌനത്തിന്, തിമര്‍ത്ത് പെയ്യുന്ന മഴയുടെ ഗാംഭീര്യവും സൌന്ദര്യവുമുണ്ട്... അതോടൊപ്പം അടുക്കും ചിട്ടയുമില്ലാതെ ആര്‍ത്തലച്ചെത്തുന്ന ഓര്‍മ്മകളുടെ കുത്തൊഴുക്ക് , ബോധത്തെ ഗതകാലവുമായി നിരന്തരം ബന്ധിപ്പിക്കുന്നു. ഇവിടെ ഓരോ മണ്‍ത്തരിക്കും കഥപറയാന്‍ ഒട്ടനവധി സാക്ഷ്യങ്ങളുണ്ട്. അവരറിഞ്ഞ, അവരെയറിഞ്ഞ പുണ്യറസൂലെന്ന(സ) മഹാത്ഭുതത്തിന്റെ... അവിടുത്തെ സച്ചരിതരായ ശിഷ്യന്മാരുടെ... മരിക്കാത്ത മഹദ് ചരിതങ്ങള്‍ നെഞ്ചിലേറ്റുന്ന ഉഹ്ദ് പര്‍വ്വതത്തോടും ഈ താഴ്വാരയോടും സംവദിക്കാന്‍ എന്റെ മനസ്സും പാകപ്പെട്ടിരിക്കുന്നു. ഈ നാടിന്റെ ചൂടും ചൂരും ആശ്ലേഷിക്കാന്‍ ദേശ, ഭാഷ, വര്‍ഗ്ഗ, വര്‍ണ്ണ...വൈവിധ്യങ്ങള്‍ ഭേദിച്ചെത്തിയ ജനകോടികളുടെ സാന്നിധ്യത്തിന് സാക്ഷിയാണെങ്കിലും, സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് മാനവികതയുടെ പാത തീര്‍ത്ത് ഗംഭീര്യത്തോടെ കടന്ന് പോയ മദീനയുടെ നായകന്റെ പാദങ്ങളുടെ അനക്കവും അടക്കവും ഈ താഴ്വാരം ഇപ്പോഴും മറന്ന് കാണില്ല.

നബിതിരുമേനി(സ)യുടെ പരിപക്വ നേതൃത്വവും അതുല്യമായ യുദ്ധതന്ത്രജ്ഞതയും കാരണം ഉഹ്ദ് യുദ്ധവും ആദ്യം മുസ് ലിങ്ങള്‍ക്ക് വിജയമായിരുന്നു. യുദ്ധം തുടങ്ങി അധികം കഴിയും മുമ്പ് തന്നെ അബൂസുഫ് യാന്റെ സൈന്യം പലായനം ചെയ്ത് തുടങ്ങി... മക്ക ലക്ഷ്യമാക്കി ഓടുന്ന സൈന്യത്തെ ഹിന്ദിന്റെ സംഘം പ്രേരിപ്പിച്ചു... പ്രീണിപ്പിച്ചു... പരിഹസിച്ചു... ആക്ഷേപിച്ചു... പക്ഷേ പ്രാണഭയത്തിന് മുമ്പില്‍ ആ വികല മനസ്സിന്റെ ജല്പനങ്ങള്‍ മക്കകാര്‍ അവഗണിച്ചു. ഓടുന്ന സൈനികര്‍ ഉപേക്ഷിക്കുന്ന ആയുധങ്ങളും വാഹനങ്ങളും മുസ് ലിംങ്ങള്‍ സംഭരിച്ച് തുടങ്ങി...

ഇതെല്ലാം മലമുകളില്‍ നിന്ന് അമ്പയ്തുകാരും കാണുന്നുണ്ടായിരുന്നു. ‘യുദ്ധം കഴിഞ്ഞു... നമ്മുടെ സംഘം വിജയിച്ചു... ഇനി നമുക്ക് താഴേക്ക് ഇറങ്ങാം... യുദ്ധമുതല്‍ ഒരുമിച്ച് കൂട്ടാം...‘ അവരില്‍ ഭൂരിഭാഗവും ചിന്തിച്ചത് അങ്ങനെയായിരുന്നു. കുന്നിന്‍ ചെരുവില്‍ നിന്ന് പ്രവാചകന്റെ നിര്‍ദ്ദേശം ലഭിക്കും മുമ്പ് താഴെ ഇറങ്ങുന്ന വരെ സംഘനേതാവായ അബ്ദുല്ലാഹിബ്നു ജുബൈറ്(റ) തടഞ്ഞ് നോക്കി... പക്ഷേ ‘യുദ്ധം തീര്‍ന്നു ... ഇനി എന്തിന് ഇവിടെ നില്‍ക്കണം എന്നായിരുന്നു ഇറങ്ങുന്നവരുടെ ന്യായീകരണം... നബിതിരുമേനിയുടെ(സ) നിര്‍ദ്ദേശം ലഭിക്കാതെ ഇറങ്ങരുത് എന്ന് അബ്ദുല്ല ആവര്‍ത്തിച്ചെങ്കിലും അദ്ദേഹമടക്കം പത്തോളം ആളുകളൊഴിച്ച് ബാക്കി യുദ്ധക്കളത്തിലിറങ്ങി...

“അവിടെയായിരുന്നു ആ വില്ലാളികളെ നബിതിരുമേനി(സ) നിര്‍ത്തിയിരുന്നത്...”

കുറച്ചപ്പുറത്തേക്ക് വിരല്‍ ചൂണ്ടിയ സഈദാണ് ഉണര്‍ത്തിയത്. അദ്ദേഹത്തിന്റെ ചിന്തകളും എന്നോടൊപ്പം തന്നെ സഞ്ചരിക്കുന്നുണ്ടെന്ന് തോന്നുന്നു. യുദ്ധത്തിന്റെ ഗതി മുഴുവന്‍ നിയന്ത്രിച്ച ആ സ്ഥലത്തേക്ക് തന്നെ നോക്കി നില്‍ക്കുന്ന ഞങ്ങളോട് സഈദ് സംസാരിച്ച് തുടങ്ങി. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒരു ഗൈഡിന്റെ വിവരണത്തിനപ്പുറം മുറിവേറ്റ ഹൃദയത്തിന്റെ തേങ്ങലുമുണ്ടായിരുന്നു...


“യുദ്ധക്കളം വിട്ടോടുന്നവരെ പിന്തുടരുന്ന മുസ്ലിങ്ങളോടൊപ്പം കുന്നില്‍ നിന്നറങ്ങിയവരും ചേര്‍ന്നപ്പോള്‍ ഏതാനും ആളുകള്‍ മാത്രമെ അബ്ദുല്ലാഹിന് ജുബൈറിന്റെ കൂടെ ശേഷിച്ചുള്ളൂ... മക്കയിലേക്ക് തിരിച്ചോടുന്ന സൈന്യത്തില്‍ നിന്ന് ഇടയ്ക്ക് പിന്തിരിഞ്ഞ് നോക്കിയ ഖാലിദ് ബ് നു വലീദ് യുദ്ധക്കളത്തിന്റെ പിന്‍ഭാഗം സംരക്ഷിച്ചിരുന്ന അമ്പയ്തുകാരുടെ അഭാവം ശ്രദ്ധിച്ചു. തന്റെ കൂടെയുള്ളവരെ നിമിഷങ്ങള്‍ക്കകം സംഘടിപ്പിച്ച ഖാലിദ് യുദ്ധക്കളത്തിന്റെ പിന്‍ഭാഗത്തൂടെ മുസ്ലിങ്ങളെ ആക്രമിച്ചു...“


കുന്നിന്‍ ചെരുവിലെ സാമാന്യം വലിയ പാറയിലിരിക്കുന്ന ഇസ്മാഈലിന്റെ അടുത്ത് തന്നെയിരുന്ന് സഈദിന്റെ വിവരണം ശ്രദ്ധിച്ചു...

“സൈന്യത്തെ ഖാലിദ് പിന്നില്‍ നിന്ന് ആക്രമിച്ചപ്പോള്‍ തന്നെ ഓടി രക്ഷപ്പെടുകയായിരുന്ന മക്കക്കാരും മുസ് ലിങ്ങള്‍ക്കെതിരെ തിരിഞ്ഞു. ശത്രുകള്‍ ഉപേക്ഷിച്ചോടുന്ന വസ്തുക്കള്‍ സംഭരിക്കുന്ന മുസ് ലിം സൈന്യം എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നതിന് മുമ്പ് തന്നെ ഇരുവശത്ത് നിന്നും കൂട്ടകശാപ്പ് ആരംഭിച്ചിരുന്നു. നിരായുധരായി പകച്ച് നിന്നവരെ ഒരോരുത്തരെയായി അവസാനിപ്പിച്ച് മക്കകാര്‍ മുന്നേറി കൊണ്ടിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ ഒരു ശബ്ദം കേട്ടത്... “മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു...”


“അതോടെ പലരും യുദ്ധക്കളത്തില്‍ തളര്‍ന്നിരുന്നു... അവര്‍ക്ക് നേതാവ് മാത്രമായിരുന്നില്ല നബിതിരുമേനി(സ)... അതിനപ്പുറം അവര്‍ മനസ്സറിഞ്ഞ് സ്നേഹിച്ചിരുന്ന പ്രവാചകന്‍ കൂടിയായിരുന്നു... അവിടുന്ന്(സ) ജീവിച്ചിരിപ്പില്ലാത്ത ഒരു ലോകത്തെ കുറിച്ച് സ്വപ്നം കാണാന്‍ പറ്റാത്തവരായിരുന്നു അവരിലധികവും‍... ഈ വാര്‍ത്തയുടെ ആഘാതത്തില്‍ പലരും വാള് വലിച്ചെറിഞ്ഞു... “നബി തിരുമേനി ജീവിച്ചിരിപ്പില്ലെങ്കില്‍ പിന്നെന്ത് യുദ്ധം... എന്നായിരുന്നു അവരുടെ ചിന്ത... മറ്റു ചിലര്‍ യുദ്ധക്കളത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു... ചിലരൊക്കെ ധൈര്യം കൈവിടാതെ യുദ്ധം ചെയ്ത് കൊണ്ടിരുന്നു... “


“സത്യത്തില്‍ നബി തിരുമേനിയല്ല, മുസ്ലിങ്ങളുടെ കൊടിവാഹകനായ മിസ്അബ് ബ് നു ഉമൈറായിരുന്നു കൊല്ലപ്പെട്ടത്. നിങ്ങള്‍ക്ക് അറിയില്ലേ... മിസ് അബിനെ... ഞങ്ങളുടെ ഈ മദീനയിലേക്ക് ആദ്യമായി ഇസ്ലാം പരിചയപ്പെടുത്താനായി നബിതിരുമേനി(സ) നിയോഗിച്ച മിസ്അബ് ബ്നു ഉമൈറി(റ)നെ....”


സഈദിന്റെ വാചകങ്ങളോട് ചേര്‍ന്ന് വൃദ്ധനായ ഇസ്മാഈല്‍ എഴുന്നേറ്റു... നെഞ്ചില്‍ പരുക്കന്‍ കൈകള്‍ പതുക്കേ തട്ടി അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ സംസാരിച്ച് തുടങ്ങി... “അറിയാം എന്റെ പ്രിയപ്പെട്ട സഈദ്... അറിയാം... ആ മിസ് അബിനെ മറക്കാന്‍ കഴിയുമോ...”


ഇസ്മാഈലിന്റെ ഇടറാത്ത സ്വരത്തിലെ സ്നേഹത്തിന്റെ ഇടര്‍ച്ച ഞാന്‍ വായിച്ചെടുത്തു. അദ്ദേഹം തുടര്‍ന്നു ...“സമ്പന്നരായ അബ്ദുദ്ദാര്‍ കുടുബത്തില്‍ ജനിച്ച മിസ്അബ്(റ)... ഉമൈറ് - ഖുനാസ ദമ്പതിമാരുടെ പുത്രനായ മിസ് അബ്... നിങ്ങള്‍ക്കറിയാമോ അതിസുന്ദരാനായിരുന്നു മിസ്അബ്(റ)... വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധം പ്രസരിപ്പിച്ച് എല്ലാവരോടും പുഞ്ചിരിച്ച് നടന്ന് പോവാറുള്ള മിസ്അബ്(റ) മക്കയിടെ അഭിമാനമായിരുന്നു ... വഴിയരികില്‍ അറബി പെണ്‍കൊടികള്‍ കണ്ണില്‍ സ്വപ്നവുമായി അദ്ദേഹത്തെ കാണാന്‍ കാത്തിരിക്കുമായിരുന്നെത്രെ... ആ പത്നീപദം അന്ന് എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമായിരുന്നു. സ്വര്‍ണ്ണത്തിന് സുഗന്ധം പോലെ നല്ല മനസ്സും...അനന്യസാധരണമായ് വാഗ്വിലാസവും...“


“അങ്ങനെയിരിക്കേയാണ് മിസ്അബ്(റ) പുണ്യറസൂലിന്റെ(സ) ശിഷ്യനാവുന്നത്. വീട്ടുകാര്‍ അറിയാതെയാണ് അദ്ദേഹം ആ പുതിയ സിദ്ധാന്തത്തിന്റെ അനുയായി ആയത്. അതോടെ ആര്‍ഭാടത്തെ സ്നേഹിച്ചിരുന്ന മിസ് അബ് ലാളിത്യം ഇഷ്ടപ്പെട്ടുത്തുടങ്ങി... വിവരങ്ങള്‍ വീട്ടുകാരറിഞ്ഞു. മിസ് അബ് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു... ആക്രമിക്കപ്പെട്ടു... വീട് തന്നെ തടവറയായി...ദുഃഖവും ദുരിതവും നിറഞ്ഞ ഒരു യൌവ്വനം... മദീനയില്‍ ഇസ് ലാം പരിചയപ്പെടുത്താനായി പ്രവാചകന്‍ നിയോഗിച്ചത് മിസ്അബി(റ) നെ ആയിരുന്നു... “ ഇസ്മാഈല്‍ പറഞ്ഞ് നിര്‍ത്തി.

“ഉഹ്ദ് യുദ്ധത്തില്‍ മുസ് ലിം പതാക വാഹകന്‍ ഇതേ മിസ് അബ് ആയിരുന്നു...“ തൊണ്ട ശരിയാക്കി സഈദ് തുടര്‍ന്നു. “യുദ്ധത്തില്‍ ഇബ് നു ഖമീഅ മിസ്അബിന്റെ കൈകള്‍ ഛേദിച്ചു... മുറിഞ്ഞ് തൂങ്ങിയ കൈ കൊണ്ട് തന്റെ പ്രസ്ഥാനത്തിന്റെ പതാക കക്ഷത്തില്‍ അമര്‍ത്തി പിടിച്ച മിസ് അബിന്റെ ശരീരത്തിലേക്ക് കുന്തമിറക്കിയതും ഖമീഅ ആയിരുന്നു. തന്റെ കുന്തത്തിനിരയായ ഈ സുന്ദരന്‍ പ്രവാചകനായ മുഹമ്മദ്(സ)ആണെന്നാണ്... അത് കൊണ്ടാണ് മിസ് അബ് ജീവന്റെ അവസാ‍ന തുടിപ്പുമയി വീഴുമ്പോള്‍ ഖമീഅ വിളിച്ചു പറഞ്ഞത്... “നിശ്ചയം ഞാന്‍ മുഹമ്മദിനെ വധിച്ചിരിക്കുന്നു...”


യുദ്ധ ശേഷം മിസ് അബിന്റെ ജീവനില്ല ശരീരം കണ്ട് പുണ്യറസൂലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കയില്‍ ആര്‍ഭാടത്തോടെ ജീവിച്ചിരുന്ന മിസ്അബിന്റെ ശരീരത്തില്‍ ആകെയുണ്ടായിരുന്നത് ഒരു കഷ്ണം പരുപരുത്ത കമ്പിളിയായിരുന്നു. കബറടക്കാന്‍ വേണ്ടി ശരീരം മൂടാന്‍ പോലും അത് തികയാതെ വന്നപ്പോള്‍ തലയുടെ ഭാഗം ആ കമ്പിളികഷ്ണം കൊണ്ടും കാല്‍ഭാഗം പുല്ല് കൊണ്ടും മറച്ചാണ് അദ്ദേഹത്തെ കബറകക്കിയത്.“

“ഒരു നിമിഷം മനസ്സ് പിടഞ്ഞുപോയി... ഞാനും പഠിച്ചിരുന്നു മിസ് അബിന്റെ യൌവ്വനം... ആര്‍ഭാടത്തെ ഇത്രയധികം ഇഷ്ടപെടുന്നവര്‍ അന്ന് മക്കയില്‍ കുറവായിരുന്നു... മക്കക്കാര്‍ക്ക് സൌന്ദര്യത്തിന്റെ അളവ് കോലും മിസ്അബ് ആയിരുന്നു...“ മനസ്സില്‍ എല്ലാം നേടിയവന്‍ എന്ന ആ പ്രവാചക(സ) ശിഷ്യന്റെ പുഞ്ചിരി തിളങ്ങുന്നു...”

അവേശത്തോടെ സഈദ് സംസാരിച്ച് തുടങ്ങി... അദ്ദേഹം ചുറ്റുപാടുകള്‍ മറന്നിരിക്കുന്നു...

“യുദ്ധക്കളത്തില്‍ അപ്പോഴും പുണ്യറസൂല്‍ ഉണ്ടായിരുന്നു. അനുയായികളുടെ സംരക്ഷണ വലയത്തില്‍...ഒരു ശിഷ്യന്‍ പില്‍കാലത്ത് ആ സംഭവങ്ങള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു. ‘എന്റെ പിന്നിലായിരുന്നു അല്ലാഹുവിന്റെ റസൂല്‍.. നാല് ഭാഗത്ത് നിന്നും അമ്പുകള്‍ പാഞ്ഞ് വരുകയായിരുന്നു... ഞാന്‍ എന്റെ ശരീരം കൊണ്ട് അവ ഏറ്റെടുത്തു... എന്റെ നെഞ്ചും കൈകളും ഞാന്‍ അതിനായി കാണിച്ച് കൊടുത്തു...” ആവേശത്തോടെ യുദ്ധരംഗം വിവരക്കുന്ന അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു... “ ശരീരത്തില്‍ അമ്പ് തറക്കുമ്പോള്‍... ഈ കൈകള്‍ ഛേദിക്കപ്പെട്ടപ്പോള്‍.. ചുറ്റുവട്ടവും ഒന്നിച്ച് ആക്രമിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുമ്പോള്‍ താങ്കള്‍ക്ക് വേദനിച്ചിരുന്നില്ലേ...”പുഞ്ചിരിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി “എനിക്കറിയില്ല... ഞാന്‍ നില്‍ക്കുന്നിടത്ത് നിന്ന് മാറിയാല്‍ പാഞ്ഞെത്തുന്ന അമ്പ് തറക്കുന്നത് പുണ്യറസൂലിന്റെ ദേഹത്തായിരിക്കും... എന്ന ഒറ്റ ചിന്തയേ മനസ്സിലുണ്ടായിരുന്നുള്ളൂ... മറ്റൊന്നിനെ കുറിച്ച് ആലോചിക്കാനും എനിക്ക് താല്പര്യമില്ലായിരുന്നു.”

ആദ്യഘട്ടത്തില്‍ യുദ്ധം അവസാനിച്ച് വിശ്രമിക്കുകയായിരുന്ന അനസ് എന്ന പ്രവാചക(സ) ശിഷ്യന്‍, തിരിച്ചെത്തിയപ്പോള്‍ യുദ്ധക്കളം ആകെ മാറിയിരിക്കുന്നു... ഒരിടത്തിരുന്ന് അബൂബക്കറും ഉമറും വിലപിക്കുന്നു... അന്വേഷിച്ചപ്പോള്‍ അല്ലാഹുവിന്റെ പ്രവാചകന്‍ വധിക്കപ്പെട്ടു... എന്ന് പറഞ്ഞ അവര്‍ വീണ്ടും തേങ്ങിയപ്പോള്‍ അനസ് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു “റസൂല്‍ ഇല്ലാത്ത ഈ ലോകത്ത് നമ്മളെന്തിന്...” യുദ്ധാവസാനം അനസിന്റെ മൃതദേഹം തിരിച്ചറിയാനുള്ള അടയാളമായി ശേഷിച്ചത് ഏതാനും വിരലുകള്‍ മാത്രമായിരുന്നു.

നബി തിരുമേനി കൊല്ലപ്പെട്ടു എന്ന വര്‍ത്ത കേട്ട് ചിലരൊക്കെ ഓടി രക്ഷപ്പെട്ടു... ഇതിനിടയില്‍ നബി തിരുമേനിയെ കണ്ട ഒരു ശത്രു വീശിയെറിഞ്ഞ കുന്തം മുഖത്താണ് കൊണ്ടത്... അവിടുത്തെ പല്ല് പറഞ്ഞ് പോയി... പടച്ചട്ടയുടെ കൊളുത്തുകള്‍ കവിളില്‍ ആണ്ടിറങ്ങി... അവിടെ നിന്ന് നീങ്ങുമ്പോള്‍ ശത്രുക്കള്‍ തീര്‍ത്ത കുഴിയില്‍ അവിടുന്ന് വീണു... ശരീരത്തില്‍ മുറിവ് പറ്റി...

മദീനക്കാര്‍ യുദ്ധം കഴിഞ്ഞെത്തുന്ന പ്രവാചകനേയും അനുചരന്മാരെയും കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ചിലരൊക്കെ ഓടിയെത്തിയത്. അന്വേഷിച്ചപ്പോള്‍ ആദ്യം പുണ്യറസൂല്‍ ജീവിച്ചിരുപ്പില്ല എന്നായിരുന്നു മറുപടി. ഇത് കേട്ട് പലരും ഉഹ്ദ് ലക്ഷ്യമാക്കി ഓടാന്‍ തുടങ്ങി... ഉറ്റവരുടെ വേര്‍പാടുകളുടെ വാര്‍ത്തകള്‍ വഴിയില്‍ നിന്ന് അറിയുമ്പൊഴെല്ലാം അവര്‍ അന്വേഷിച്ചത് നബിതിരുമേനി(സ)യെ കുറിച്ചായിരുന്നു... ‘അവിടുന്ന് ജീവിച്ചിരിപ്പുണ്ട്...’ എന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ... നബി തിരുമേനി(സ)യെ കാണണം... ബാക്കി എല്ലാം മറക്കാന്‍ അവര്‍ ഒരുക്കമായിരുന്നു... നബിതിരുമേനി (സ)യെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു പോയി... “ എല്ലാ വിഷമങ്ങളും ക്ഷമിക്കാന്‍ ഞങ്ങളൊരുക്കമാണ്... എല്ലാ സങ്കടങ്ങളും മറക്കാന്‍ ഞങ്ങളൊരുക്കമാണ് ... അങ്ങ് കൂടെയുണ്ടങ്കില്‍ ...”

സഈദിന്റെ തൊണ്ടയും ഇടറിയിരിക്കുന്നു... നിറമിഴികളോടെ ഇസ്മാഈല്‍ തലകുലുക്കി.. എന്റെ കണ്‍കുഴികളും പൊട്ടിയൊഴുകാന്‍ പാകമായിരുന്നു.