Wednesday, June 20, 2007

കാലത്തിന്റെ ഉപഹാരം.

ആറ്

അരിച്ചെത്തുന്ന തണുപ്പിനെ പ്രതിരോധിക്കാന്‍ ചൂടുള്ള കാപ്പി നുണഞ്ഞ്‌, ആ വൃദ്ധന്റെ പരുപരുത്ത ശബ്ദത്തിനായി കാതോര്‍ത്തിരിക്കവെ മനസ്സ്‌ കാലത്തിന്റെ അതിര്‍ത്തി ഭേദിച്ച്‌ പിന്നോട്ട്‌ നടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആഥിത്യമരുളിയ മക്കയിലേക്ക്‌. മസ്‌ജിദുല്‍ ഹറമും കൂറ്റന്‍ കെട്ടിടങ്ങളും വീതിയുള്ള നടപ്പാതകളും വമ്പന്‍ കച്ചവടകേന്ദ്രങ്ങളും ഇല്ലാതിരുന്ന പഴയ മക്കയിലേക്ക്. നാലുഭാഗവും ഉയര്‍ന്ന് നില്‍ക്കുന്ന കുന്നുകള്‍ക്ക്‌ നടുവിലെ ഊഷര ഭൂമി. അവിടെ തലയുയര്‍ത്തി നില്‍ക്കുന്ന കഅ്ബയും ചുറ്റും പരന്ന് കിടന്ന ഒരു നാഗരികതയും.

യുദ്ധങ്ങള്‍ക്കായി ജീവിച്ച ഒരു ജനത. ഒരു ഒട്ടകം മറ്റൊരു ഗോത്രക്കാരന്റെ കൃഷി നശിപ്പിച്ചതിനാല്‍ നാല് പതിറ്റാണ്ട്‌ യുദ്ധം ചെയ്ത, സായാഹ്ന സദസ്സുകളില്‍ നശിപ്പിച്ച സ്ത്രീകളുടെ സ്ഥിതിവിവര കണക്കുകള്‍ നിരത്തി അതില്‍ അഭിമാനം കൊണ്ടിരുന്ന, ജനിച്ചത് പെണ്‍കുഞ്ഞെങ്കില്‍ ഭാര്യയുടെ മാറില്‍ നിന്ന് പറിച്ചെടുത്ത്‌ കൈവിറക്കാതെ കാലിടറാതെ മരുഭൂമിയുടെ ഗര്‍ഭത്തില്‍ അടക്കി, ആ ധീരതയില്‍ അഭിമാനം കൊണ്ട ഒരു സമൂഹം. കാമപൂരണവും, ലഹരിയും, യുദ്ധവുമാണ് ജീവിതത്തിന്റെ ലക്ഷ്യവും സന്തോഷവും എന്ന് വിശ്വസിച്ചിരുന്ന സമൂഹം. ഇവര്‍ക്കിടയിലായിരുന്നു പ്രവാചകരുടെ(സ) ജന്മവും വളര്‍ച്ചയും.

ജനനത്തിന്‌ മുമ്പ് പിതാവായ അബ്ദുള്ള നിര്യാണം പ്രാപിച്ചു. പിന്നെ മാതാവിനോടൊപ്പം ഏതാനും വര്‍ഷത്തെ ബാല്യകാലം. ആറാം വയസ്സില്‍ മാതാവായ ആമിനയോടൊപ്പം 'യസ്‌രിബി ലുള്ള', പിതാവിന്റെ കബര്‍ സന്ദര്‍ശിച്ച്‌ മടങ്ങവേ 'അബവാ' എന്ന സ്ഥലത്ത്‌ വെച്ച്‌ അവരും നഷ്ടമായി. പിന്നീട്‌ പിതാമഹനായ അബ്ദുല്‍ മുത്തലിബിന്റെ സംരക്ഷണയില്‍ ആയിരുന്നു രണ്ട്‌ വര്‍ഷം. എട്ടാം വയസ്സില്‍ അദ്ദേഹത്തിന്റെ വിയോഗത്തോടെ സംരക്ഷണം പിതാവിന്റെ സഹോദരന്‍ അബൂതാലിബ്‌ ഏറ്റെടുത്തു. തുടര്‍ന്ന് നാല്‌ പതിറ്റണ്ട്‌ അദ്ദേഹത്തിന്റെ കൂടെയായിരുന്നു അവിടുന്ന്‍ കഴിഞ്ഞത്‌.

വ്യക്തിജീവിതത്തിലെ വിശുദ്ധിയും ഉന്നതമായ സംസ്കാരവും കളങ്കമില്ലാത്ത നീതിബോധവും കാരണം മക്കകാര്‍ മുഹമ്മദി(സ)നെ സ്നേഹപൂര്‍വ്വം അല്‍അമീന്‍ എന്ന് വിളിച്ചു. അവര്‍ക്ക്‌ എല്ലാമായിരുന്നു ആ അനാഥന്‍. ആദ്യകാലത്ത്‌ ആട്ടിടയനും വളര്‍ന്നപ്പോള്‍ നല്ലൊരു കച്ചവടക്കാരനുമായി അല്‍അമീന്‍. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍, ധനം വിശ്വസ്തതയോടെ സൂക്ഷിക്കാന്‍, വ്യവഹരങ്ങളില്‍ സാക്ഷിയാകാന്‍... എല്ലാറ്റിനും സ്നേഹപൂര്‍വ്വം മക്കക്കാര്‍ അല്‍അമീനെ സമീപിച്ചു. പക്ഷേ ദൈവം ഏകനാണെന്ന് പറഞ്ഞതോടെ അല്‍അമീന്‍ അവര്‍ക്ക് ഭ്രാന്തനായി. പ്രബോധനത്തിന്റെ ആദ്യഘട്ടത്തില്‍ ഒരിക്കല്‍ അവിടുന്ന്‍ സഫാ കുന്നിന്റെ മുകളില്‍ നിന്ന് ചുറ്റും തടിച്ച്‌ കൂടിയ മക്കക്കാരോട് ചോദിച്ചു.

"ഏ ... മക്കാ നിവാസികളേ ഈ കുന്നിന്‌ പിന്നില്‍ നിന്ന് ഒരു സൈന്യം മക്കയെ ആക്രമിക്കാന്‍ വേണ്ടി തയ്യാറായി നില്‍പ്പുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ... ?"

ശ്രോതാക്കള്‍ ഒന്നിച്ച്‌ പറഞ്ഞു 'വിശ്വസിക്കും.'

'എന്ത്‌ കൊണ്ട്‌' അവിടുന്ന് തിരിച്ച്‌ ചോദിച്ചു.

'കാരണം താങ്കള്‍ ഇന്നേ വരെ ആസത്യം പറഞ്ഞതായി ഞങ്ങള്‍ക്കറിയില്ല. ആരെയും വഞ്ചിച്ചിട്ടില്ല. അത്‌ കൊണ്ട്‌ താങ്കളെ വിശ്വസിക്കുന്നു."

നബിതിരുമേനി തുടര്‍ന്നു..."എങ്കില്‍ അക്കാര്യമല്ല എനിക്ക്‌ പറായാനുള്ളത്‌.. അവനെ മാത്രമേ ആരാധന ഏക ദൈവത്തിന് മാത്രം..."

"മുഹമ്മദേ നിനക്ക്‌ നാശം..." ഇതും പറഞ്ഞ്‌ തിരിഞ്ഞ്‌ നടന്ന അബൂലഹബിന്റെ കൂടെ ജനക്കൂട്ടവും പിരിഞ്ഞ്‌ പോയി.

പിന്നീട്‌ മര്‍ദ്ദനങ്ങളുടെ കാലമായിരുന്നു. പ്രവാചകരും അനുയായികളും അക്രമിക്കപ്പെട്ടു. യാസിറും അദ്ദേഹത്തിന്റെ പത്നി സുമയ്യയും നിര്‍ദ്ദയം വധിക്കപ്പെട്ടു. ക്രൂരമായ മര്‍ദ്ദനം അസഹ്യമായതോടെ ചിലര്‍ ജന്മനാട്‌ ഉപേക്ഷിച്ച്‌ എത്യോപ്യയിലേക്ക്‌ പലായനം ചെയ്തു. അവരെ തിരിച്ചയക്കണം എന്ന് ആവശ്യപ്പെട്ട് മക്കക്കാര്‍ അന്നത്തെ എത്യോപ്യന്‍ ഭരണാധികാരിയായിരുന്ന ‘നേഗസി’ നെ സമീപിച്ചുവെങ്കിലും സത്യം ബോധ്യമായ അദ്ദേഹം അവര്‍ക്ക്‌ എല്ലാ സംരക്ഷണവും ഉറപ്പ്‌ നല്‍കി.

മക്കക്കാര്‍ പ്രവാചകരോടും കുടുബത്തോടും നിസ്സഹകരണം പ്രഖ്യാപിച്ചു. അതിന് വേണ്ടി എല്ലഗോത്രങ്ങളും തമ്മില്‍ കരാറുണ്ടാക്കുകയും അത്‌ പെൊതുസ്ഥലമായിരുന്ന കഅ്ബാ പരിസരത്ത്‌ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇക്കാലത്ത്‌ അവിടുന്ന് 'ശിഅ്ബ്‌' എന്ന കുന്നിന്‍ ചെരുവിലേക്ക്‌ താമസം മാറി. മുഴുപ്പട്ടിണിക്കിടയില്‍ മക്കയില്‍ നിന്ന് ആരെങ്കിലും രഹസ്യമായി എത്തിക്കുന്ന ഭക്ഷണവും പിന്നെ പച്ചിലകളും മാത്രമായിരുന്നു ആശ്വാസം. മൂന്ന് വര്‍ഷക്കാലം ഈ ബഹിഷ്കരണം തുടര്‍ന്നു.

ഒരിക്കല്‍ അവിടുന്ന് പ്രാര്‍ത്ഥിക്കാനായി കഅ്ബായിലെത്തി. അന്ന് കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായിരുന്ന ഉസ്മാ നോട്‌ ഒന്ന് തുറന്ന് കാണാനും പ്രാര്‍ത്ഥിക്കാനുമായി താക്കോല്‍ ആവശ്യപ്പെട്ടു. ഉസ്മാന്‍ പുച്ഛത്തോടെ ചിരിച്ചു. കഅബ പരിസരത്ത്‌ നിന്ന് ബലമായി തള്ളിപ്പുറത്താക്കുമ്പോള്‍ അവിടുന്ന് ഉസ്മാനോട്‌ പറഞ്ഞു. "ഉസ്മാന്‍ ഈ താക്കോല്‍ എന്റെ കൈകളില്‍ എത്തുന്ന ഒരു ദിവസമുണ്ടാവും..." ഉസ്മാന്‍ തിരിച്ചടിച്ചു "അന്ന് ഖുറൈശി*കളുടെ നാശത്തിന്റെ ദിവസമായിരിക്കും." ആ വാചകങ്ങള്‍ മുഴുവനാവും മുമ്പേ അവിടുന്ന് പറഞ്ഞു.

"അങ്ങനെയല്ല ഉസ്മാന്‍... അന്ന് അവര്‍ അഭിമാനമുള്ളവരും ജീവിക്കുന്നവരുമായിരിക്കും"

വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ക്ക്‌ ശേഷം മക്ക പ്രവാചകനും(സ) അനുയായികളും ജയിച്ചടക്കിയ സമയം. ഇതേ ഉസ്മാന്‍ വിറച്ച് കൊണ്ട് ആ സന്നിധിയിലെത്തി. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ താന്‍ തള്ളിപ്പുറത്താക്കിയ ആ അനാഥനല്ല മുഹമ്മദ്‌(സ). ചോദ്യം ചെയ്യപ്പെടാത്ത നേതാവ്‌... ജീവന്‌ തുല്ല്യം സ്നേഹിക്കുന്ന പതിനായിരങ്ങള്‍... ഒരിറ്റ്‌ രക്തമൊഴുക്കാതെ അവരോടൊപ്പം മക്ക കീഴടക്കുമ്പോള്‍ അബൂസുഫ്‌യാനടക്കമുള്ള ഖുറൈശി പ്രമുഖര്‍ ഓടിയോളിച്ചിരുന്നു. "അല്ലാഹുവാണ് മഹാന്‍" എന്ന് പ്രഖ്യാപിച്ച്‌ മലവെള്ളപ്പാച്ചിലായി മക്കയിലേക്കൊഴുകിയ ജനക്കൂട്ടത്തിന്റെ മുഴുവന്‍ പ്രതികാരഗ്നിയും അടക്കി നിര്‍ത്തിയത്‌ ആ പുഞ്ചിരിയിലായിരുന്നു. ഒന്ന് മൂളിയാല്‍ മക്ക മുഴുവന്‍ നശിപ്പിക്കാന്‍ മാത്രമുള്ള സൈന്യത്തിന്റെ അധിപന്‌ ‘ഉസ്മാന്‍‘ താക്കോല്‍ നീട്ടി. അത്‌ വാങ്ങി കഅബയും പരിസരവും ശുചീകരിച്ച്‌ പ്രാര്‍ത്ഥനക്ക്‌ ശേഷം അവിടുന്ന് വീണ്ടും ഉസ്മാനെ അന്വേഷിച്ചു.

രണ്ടാമതും ഉസ്മാന്‍ തിരുസന്നിധിയിലെത്തി. വിറക്കുന്ന കൈകളില്‍ കഅ്ബയുടെ താക്കോല്‍ തിരിച്ചേല്‍പ്പിക്കവെ നബിതിരുമേനിയുടെ ജാമാതാവും, സംരക്ഷകനും പിതൃവ്യനുമായ അബൂതാലിബിന്റെ പുത്രനുമായ അലി ചോദിച്ചു... "പ്രവാചകരെ ആ താക്കോല്‍ സൂക്ഷിക്കാനുള്ള അവകാശം എനിക്ക്‌ നല്‍കാമോ..." പെട്ടന്ന് തന്നെ അലിക്ക്‌ മറുപടി ലഭിച്ചു. "അലീ... അമാനത്ത്‌ തിരിച്ചേല്‍പ്പിക്കുക എന്നത്‌ നമുക്ക് ബാധ്യതയാണ്‌" പിന്നെ ഉസ്മാനോടായി പറഞ്ഞു. "ഉസ്മാന്‍ നിങ്ങളില്‍ നിന്ന് ഏതെങ്കിലും അക്രമികളല്ലാതെ ഈ താക്കോല്‍ തട്ടിയെടുക്കുകയില്ല."

ആയിരത്തി നാനൂറിലധികം വര്‍ഷങ്ങളായി അതേ ഉസ്മാന്റെ പിന്മുറക്കാര്‍ ഇന്നും ആ താക്കോല്‍ സൂക്ഷിക്കുന്നു... ആ അമാനത്തി*നോടുള്ള വിശ്വസ്തത പുലര്‍ത്തിക്കൊണ്ട്‌ തന്നെ...

വൃദ്ധനായ ഇസ്മായീല്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു... പതുക്കേ അടുത്തേക്ക്‌ നീങ്ങിയിരുന്നു.




ഖുറൈശി : മക്കയിലെ ഒരു പ്രമുഖ ഗോത്രം, നബി തിരുമേനിയും ഈ ഗോത്രത്തിലായിരുന്നു ജനിച്ചത്.
അനാമത്ത് : സൂക്ഷിപ്പ് സ്വത്ത്.

25 comments:

Rasheed Chalil said...

സാര്‍ത്ഥവാഹ സംഘത്തോടൊപ്പം - ഭാഗം ആറ് പോസ്റ്റുന്നു.

:: niKk | നിക്ക് :: said...

ഇത്തിരിവെട്ടംസ് താങ്കള്‍‍ ഒത്തിരിവട്ടംസ് ആണ് :) പതിവ് പോലെതന്നെ എഴുത്ത് നന്ന് :)

മുസ്തഫ|musthapha said...
This comment has been removed by the author.
മുസ്തഫ|musthapha said...

"അലീ... സൂക്ഷിപ്പ്‌ സ്വത്ത്‌ (അമാനത്ത്‌) തിരിച്ചേല്‍പ്പിക്കുക എന്നത്‌ ബാധ്യതയാണ്‌" പിന്നെ ഉസ്മാനോടായി പറഞ്ഞു. "ഉസ്മാന്‍ നിങ്ങളില്‍ നിന്ന് ഏതെങ്കിലും അക്രമികളല്ലാതെ ഈ താക്കോല്‍ തട്ടിയെടുക്കുകയില്ല."

ആയിരത്തി നാനൂറിലധികം വര്‍ഷങ്ങളായി അതേ ഉസ്മാന്റെ പിന്മുറക്കാര്‍ ഇന്നും ആ താക്കോല്‍ സൂക്ഷിക്കുന്നു... ആ അമാനത്തി*നോടുള്ള വിശ്വസ്തത പുലര്‍ത്തിക്കൊണ്ട്‌ തന്നെ...

എത്ര മഹനീയമായ മാതൃകയാണ് പ്രവാചകന്‍ കാണിച്ചു തന്നിരിക്കുന്നത്...!
ഇത്തിരി, ഇനിയും ഇതുപോലെയുള്ള ഒരു പാട് നല്ല കഥകള്‍ കൊണ്ട് ഇവിടം നിറയ്ക്കൂ!

കഥ കേള്‍ക്കാന്‍ കാത്തിരിക്കുന്നവന്‍റെ ചിന്തകളിലൂടെ കഥ പറഞ്ഞ ഈ ശൈലി മനോഹരം!

സു | Su said...

വായിച്ചു.

asdfasdf asfdasdf said...

എഴുത്ത് നന്നായി ഇത്തിരി.

Unknown said...

വായിച്ചു. ഏഴാമത്തേത് വരട്ടെ.

Mubarak Merchant said...

അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ് (സ)യുടെ ജീവിതം പലരും എഴുതിയത് വായിച്ചിട്ടുണ്ട്. അയത്ന ലളിതമായ വായന ഈ പോസ്റ്റില്‍ നിന്നാണു കിട്ടിയതെന്നറിയിക്കട്ടെ. വിശദാംശങ്ങളിലൂടെ കടന്ന് തന്നെ എഴുത്ത് പുരോഗമിക്കട്ടെ എന്നാശംസിക്കുന്നു.

കുറുമാന്‍ said...

ഇത്തിരിയേ, ഇത്തിരിയുടെ എഴുത്ത് എന്നും വേറിട്ടു നില്‍ക്കുന്നു. കുറച്ച് കാലമായി വായിക്കാന്‍ സമയം കിട്ടാറില്ല. ഒരാഴ്ചയും കൂടി കഴിഞ്ഞാല്‍ എല്ലാം ശരിയാകും. ഓഫീസിലെ എഴുത്തും, വായനയും, നിറുത്തിയിട്ട് (ഞാനല്ല, കമ്പനി ബ്ലോക്ക് ചെയ്തത് എന്റെ കുറ്റമാ) മാസം രണ്ടാവാറായി.

അടുത്തത് വേഗം പോരട്ടെ.

ഇടിവാള്‍ said...

സബ്ജക്റ്റില്‍ വല്യ പിടിയില്ലാത്തതിനാല്‍ ഓണ്‍ ടോപ്പിക് ഒന്നും പറയാന്‍ വയ്യ...
സ്റ്റൈല്‍ തികച്ചും നന്ന്... സ്വയം ഓര്‍ത്തെഴുതുനതോ...പുസ്തകം നോക്കി എഴുതി വ്യാഖ്യാനിക്കുന്നതോ ?? ഏതാ ?

സ്വയം എഴുതുന്നതാണെങ്കില്‍ ക്ലപ്പ്ക്ലാപ്പ്! ...

mydailypassiveincome said...

ഇത്തിരീ,

വളരെ നന്നായിട്ടെഴുതിയിരിക്കുന്നു. ഇപ്പോഴാണ് വായിക്കാനൊത്തത്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:വായിച്ചു. കുറേ ഉപകഥകള്‍ ഒറ്റവാചകത്തില്‍ പറഞ്ഞ് പോകുന്നതിനോട് യോജിപ്പില്ല. ചുരുങ്ങിയ പക്ഷം ഒരു * ഉം താഴെ ഒരു വിശദീകരണവും തരൂലേ?

സുല്‍ |Sul said...

ഇത്തിരീ
നന്നായി എഴുതി എന്നു പറയേണ്ടതില്ലല്ലോ.
കുട്ടിച്ചാത്തന്‍ പറഞ്ഞതു പോലെ ഉപകഥകള്‍ എല്ലാം വെട്ടിച്ചുരുക്കിയതെന്തേ? ചിലയിടങ്ങളില്‍ കുറച്ചു കൂടി വിവരണമാവാമായിരുന്നു.
ആശംസകള്‍!
-സുല്‍

മനോജ് കുമാർ വട്ടക്കാട്ട് said...

നന്നായിട്ടുണ്ട്, ഇത്തിരി.

Unknown said...

ഇത്തിരീ,

തുടരുകയീ സപര്യ...
ലളിതമായി, ഇസ്ലാമിനെയും,അതിന്റെ ഉത്പത്തിയെയും,പാരമ്പര്യത്തെയും ലോകത്തിന് കാട്ടിക്കൊടുക്കുക.

ആഗ്രഹമുള്ളവര്‍ മനസ്സിലാക്കട്ടെ...

സാല്‍ജോҐsaljo said...

;)

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ :-)

Anonymous said...

ഇത്തിരിവെട്ടം ശരിക്കും മനസ്സില്‍ തട്ടുന്നുണ്ട് ഈ അവതരണ രീതി. ഒത്തിരി ഇഷ്ടമായി. തുടര്‍ന്ന് എഴുതുമല്ലോ.

അഭിനന്ദനങ്ങള്‍.

Anonymous said...

ഇത്തിരിവെട്ടം ശരിക്കും മനസ്സില്‍ തട്ടുന്നുണ്ട് ഈ അവതരണ രീതി. ഒത്തിരി ഇഷ്ടമായി. തുടര്‍ന്ന് എഴുതുമല്ലോ.

അഭിനന്ദനങ്ങള്‍.

ഇളംതെന്നല്‍.... said...

ഇത്തിരി..... നന്നായി... കൂടുതല്‍ വിശദീകരണം വേണ്ടുന്ന ഭാഗങ്ങള്‍ ശ്രദ്ധിച്ചാല്‍ എല്ലാ തരത്തിലുള്ള വായനക്കാര്‍ക്കും കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമാകും .. തുടരൂ...

Rasheed Chalil said...

വായിച്ച് അഭിപ്രായം അറിയിച്ച

നിക്ക്.
അഗ്രജന്‍.
സു.
കുട്ടമ്മേനോന്‍.
ദില്‍ബാസുരന്‍.
ഇക്കാസ്.
കുറുമാന്‍.
ഇടിവാള്‍.
മഴത്തുള്ളി.
കുട്ടിച്ചാത്തന്‍., തീര്‍ച്ചയായും ഇനി മുതല്‍ ശ്രമിക്കാം.
സുല്‍.
പടിപ്പുര.
പൊതുവാള്‍.
സാല്‍ജോ.
അപ്പു.
നിറം.
ഇളംതെന്നല്‍...

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

thoufi | തൗഫി said...

മുഹമ്മദ് നബിയുടെ ബഹുമുഖ വ്യക്തിത്വം, നിഷ്പക്ഷമായി പഠിക്കാന്‍ ശ്രമിച്ച
ചിന്തകരെയെല്ലാം അമ്പരപ്പിച്ചിട്ടുണ്ട്.
അത്രമാത്രം വൈവിധ്യം നിറഞ്ഞതായിരുന്നു ആ വ്യക്തിത്വം. ലോകത്തെങ്ങുമുള്ള പരശ്ശതം മാനവസമൂഹത്തിന് മാര്‍ഗ്ഗദര്‍ശനമായിട്ടാണ് പ്രവാചകന്‍ മുഹമ്മദ് നിയോഗിക്കപ്പെട്ടത്.

“ലോകജനതക്ക് മുഴുവനുമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല” എന്നാണ് വിശുദ്ധ ഖുര്‍‌ആനില്‍
ദൈവം തമ്പുരാന്‍ പറഞ്ഞത്.

ഒട്ടകത്തിന്റെ മൂക്കുകയറ് പിടിക്കാന്‍ മാത്രമറിയാവുന്ന
ഒരു കാടന്‍ ജനതയെക്കൊണ്ട് നാഗരികതകളുടെ കടിഞ്ഞാണ്‍ പിടിപ്പിക്കാന്‍ കഴിഞ്ഞു എന്നത് നിരക്ഷരനായിരുന്ന പ്രവാചകന്‍ സാധിച്ചെടുത്ത അനേകം വിപ്ലവങ്ങളിലൊന്ന് മാത്രം..

ഇത്തിരീ..തുടരുക ഈ സപര്യ.. അങ്ങകലെ പുണ്യപുരുഷന്മാരുടെ പാദസ്പര്‍ശമേറ്റ് പുളകിതമായിക്കിടക്കുന്ന അറേബ്യന്‍ മണല്‍ത്തരികരികളിലൂടെ..,
ഒരു ജനതയുടെ ചരിത്രത്തിലൂടെ..,
ഒരു നാഗരികതയുടെ ഉയിര്‍ത്തെഴുന്നേല്പിലൂടെ..,
ഒരു തത്വസംഹിതയുടെ ജീവത്തുടിപ്പുകള്‍ ഒപ്പിയെടുക്കാന്‍ താങ്കളുടെ ഈ യാത്രാസംഘത്തിന് കഴിയുമാറകട്ടേ എന്ന ആശംസകളോടെ...

deepdowne said...

ക'അബയുടെ താക്കോല്‍ ഉസ്മാന്റെ കുടുംബത്തിന്റെ കൈവശമാണിപ്പോഴും എന്ന് മുന്‍പും കേട്ടിട്ടുണ്ട്‌. പക്ഷേ സൗദിയിലെ രാജാവിന്റെ പേരു പറയുമ്പോള്‍ 'ഖാദിമുല്‍ ഹറമൈനുശ്ശരിഫൈന്‍' അഥവാ 'രണ്ടു പുണ്യാരാധനാലയങ്ങളുടെയും (മക്കയിലെയും മദീനയിലെയും) സൂക്ഷിപ്പുകാരന്‍' എന്ന പദവി പേരിന്റെ കൂടെ എപ്പോഴും പറയുന്നതു കേള്‍ക്കാമല്ലോ. അതൊരു ഔപചാരികപദവി മാത്രമാണോ? ശരിക്കും ഉസ്മാന്റെ കുടുംബത്തില്‍ തന്നെയാണോ താക്കോല്‍? കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്‌. ശരിയായ വിശദീകരണം അറിയാമെങ്കില്‍ പറഞ്ഞുതരണേ.

ബ്ലോഗ്‌ നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങള്‍!

Rasheed Chalil said...

മിന്നാമിനുങ്ങേ നന്ദി.
deepdowne നന്ദി.

മക്കയില്‍ കഅബ സ്ഥിതി ചെയ്യുന്ന മസ്ജിദുല്‍ ഹാറാമും അനുബന്ധ പ്രദേശങ്ങളും, മദീനയില്‍ നബിയുടെ മസ്ജിദും അനുബന്ധ പ്രദേശങ്ങളും ആണ്‌ രണ്ട്‌ ഹറമുകള്‍. ഈ രണ്ട്‌ ഹറമുകളുടെ സൂക്ഷിപ്പുക്കാര്‍ എന്നര്‍ത്ഥത്തിലുള്ള 'ഖാദിമുല്‍ ഹറമെനിശ്ശരീഫൈന്‍' എന്ന് സൌദീ ഭരണാധികാരികള്‍ സ്ഥാനപ്പേര്‌ സ്വീകരിച്ചിരിക്കുന്നു.

കഅബയുടെ താക്കോല്‍ സൂക്ഷിപ്പ്‌ ഇന്നും അതേ ഉസ്മാന്റെ കുടുംബത്തിലെ പിന്‍തലമുറ തന്നെ.

deepdowne said...

നന്ദി ഇത്തിരിവെട്ടം.