Sunday, April 1, 2007

പ്രഥമ വചനങ്ങള്‍ക്കൊപ്പം.

മൂന്ന്

പകലിന്റെ മുഖത്ത്‌ രാത്രിയുടെ കരിമ്പടം വീഴാന്‍ തുടങ്ങുന്നു. സൂര്യന്‍ പടിഞ്ഞാറ് എരിഞ്ഞടങ്ങുന്നു. സ്വര്‍ണ്ണമായി തിളങ്ങിയിരുന്ന മണല്‍ കുന്നുകള്‍ പതുക്കെ രാത്രിയ്ക്കൊപ്പമെത്തിയ അന്ധകാരത്തേ സ്വീകരിച്ചു തുടങ്ങി. വിശാലമായ മേലാപ്പില്‍ അങ്ങിങ്ങ്‌ നക്ഷത്രങ്ങള്‍ തലകാണിക്കുന്നുണ്ട്.

അംഗശുദ്ധി വരുത്തി തുറസ്സായ മരുഭൂമിയുടെ മാറില്‍ പ്രാര്‍ത്ഥനക്കായി ഒറ്റനിരയില്‍ അണിനിരന്നു. "അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍..." ഇമാമി ന്റെ ഉയര്‍ന്ന ശബ്ദത്തിന്‌ പിന്നില്‍ പ്രാര്‍ത്ഥനയിലേക്ക്‌ പ്രവേശിച്ചു. ദൈവീക കാരുണ്യങ്ങള്‍ക്കായുള്ള തേട്ടവുമായി ചുണ്ടുകള്‍ സജീവമായി. ഇമാമിന്റെ ശബ്ദത്തില്‍ ചാരുതയാര്‍ന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ഒഴുകിയെത്തി.

"വായിക്കുക... സൃഷ്ടിച്ച രക്ഷിതാവിന്റെ നാമത്തില്‍. മനുഷ്യനെ ഒട്ടിപ്പിടിക്കുന്ന മാംസപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചവനാണവന്‍. നീ വായിക്കുക... നിന്റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ പഠിപ്പിച്ചവന്‍. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചു. (കൊണ്ടേയിരിക്കുന്നു). "

അങ്ങകലേ മക്കയിലേ 'ജബലുന്നൂറി ലെ' ഹിറാ ഗുഹയ്കകത്ത്‌ ആയിരത്തി നാനൂറിലധികം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മുഴങ്ങിയ ഖുര്‍ആന്റെ പ്രഥമ വചനങ്ങള്‍. മനുഷ്യമനസ്സുകളില്‍ ചിന്തകളുടെ ഓളങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന ആശയങ്ങളും മുള്ള്‌ പോലെ തറക്കുന്ന ചോദ്യങ്ങളുമായി ഖുര്‍ആന്‍ സൂക്തങ്ങള്‍ സൃഷ്ടിക്കുന്ന ആശയ പ്രപഞ്ചം, ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു സമൂഹത്തെ അത്യുന്നതിയില്‍ എത്തിച്ച വിപ്ലവ മന്ത്രം. എല്ലാം മറന്ന്, അടഞ്ഞ മിഴികള്‍ക്കപ്പുറം തുറന്ന മനസ്സുമായി ഞാനും അതില്‍ ലയിച്ചു.

പകല്‍ പകര്‍ന്ന ചൂടുമായി പരന്ന് കിടക്കുന്ന മണല്‍പരപ്പില്‍ നെറ്റിത്തടം പൊള്ളിക്കുന്ന സുജൂദില്‍ പ്രപഞ്ചനാഥന്‌ സ്തോത്രങ്ങളര്‍പ്പിച്ചു. സാവധാനം വീശുന്ന കാറ്റില്‍ ഉണര്‍ന്നുയരുന്ന മണല്‍തരികളെ പ്രതിരോധിക്കാന്‍ കണ്ണടച്ച്‌ ദേഹവും ദേഹിയും പ്രപഞ്ചനാഥന്‌ സമര്‍പ്പിച്ചു. ചലിക്കുന്ന ചുണ്ടുകളില്‍ സജീവമായ ദൈവിക സ്തോത്രങ്ങള്‍ ആത്മാവില്‍ നിര്‍വൃതിയുടെ വേലിയേറ്റമായി. ദയാപരനായ ദൈവത്തോടുള്ള അടങ്ങാത്ത നന്ദിയും കടപ്പാടും വീണ്ടും വീണ്ടും ആണയിട്ട്‌ ‘നമാസ്‌‘ അവസാനിപ്പിച്ചു.

പ്രാര്‍ത്ഥനക്ക്‌ ശേഷം ചുണ്ടില്‍ തസ്‌ബീഹു*കളുമായി എന്നിലേക്കൊതുങ്ങി. മാനത്തിലെ ചുവപ്പിലധികവും കറുപ്പ്‌ തട്ടിയെടുത്തിരിക്കുന്നു. അങ്ങകലെ അടുക്കിയൊതിക്കിയ മണല്‍കുന്നുകള്‍ക്കപ്പുറം സൂര്യന്റെ അവസാന വെളിച്ചവും യാത്രപറയുകയായി. അരുടേയോ ചുണ്ടുകളില്‍ നിന്ന് അരിച്ചരിച്ചെത്തുന്ന തസ്‌ബീഹിന്റെ മാസ്മരികതയ്ക്കിടയിലും എന്റെ മനസ്സ്‌ എരിഞ്ഞസ്തമിച്ച സൂര്യന്റെ കഥപറയുന്ന അത്മാവിനോടൊപ്പമായിരുന്നു. സ്നേഹത്തിന്റെ തലോടലുമായി കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന് പതുക്കേ അത്യുഷ്ണത്തിലൂടെ പടിഞ്ഞാറിന്റെ ഗര്‍ഭത്തില്‍ യാത്രചോദിക്കുന്ന, പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനായി സ്വയം കത്തിയെരിയുന്ന സൂര്യഗോളത്തിന്‌ മനുഷ്യജീവിതവുമായി വല്ലാത്ത സാമ്യം തോന്നി...

അതോടൊപ്പം മദീന കണ്ട ഒരു സൂര്യഗ്രഹണവും മനസ്സിലെത്തി. നബി തിരുമേനിയുടെ ഇബ്രാഹീം എന്ന പുത്രന്‍ നിര്യാണം പ്രാപിച്ച സങ്കടവുമായി വിതുമ്പിക്കഴിയുന്ന മദീനയില്‍ അന്ന് യാദൃച്ഛികമായൊരു സൂര്യഗ്രഹണമുണ്ടായി. ജ്വലിച്ച്‌ നിന്നിരുന്ന സൂര്യന്റെ ഭാവമാറ്റത്തില്‍ ശങ്കിച്ച ചിലര്‍ പറഞ്ഞു. "ഇത്‌ പ്രവാചക പുത്രന്റെ വിയോഗത്തില്‍ പ്രപഞ്ചത്തിന്റെ ദുഃഖമാണെന്ന്’. ഫാത്തിമ എന്ന ഒരു മകളൊഴിച്ച്‌ ബാക്കി എല്ലാ മക്കളുടേയും കബറിടത്തില്‍ മണ്ണ് വാരിയിടേണ്ടി വന്ന്, അവസാനം തനിക്ക്‌ ലഭിച്ച ഈ കുഞ്ഞിനേയും നഷ്ടപെട്ട ദുഃഖത്തില്‍ മനസ്സ്‌ നൊ‌ന്തിരിക്കുന്ന നബിതിരുമേനി(സ) യുടെ കാതിലും ഈ വാര്‍ത്തയെത്തി. ഉടന്‍ തന്നെ അവിടുന്ന് മദീനയിലെ മസ്ജിദിലെത്തി. പ്രസംഗപീഠത്തില്‍ കയറി...

"ജനങ്ങളേ... സൂര്യചന്ദ്രന്മാര്‍ ദൈവീക ദൃഷ്ടാന്തം മാത്രമാണ്‌. മനുഷ്യരുടെ ജനന മരണങ്ങളുമായി അവയ്ക്‌ യാതൊരു ബന്ധവുമില്ല."
നബിതിരുമേനിയുടെ ആഗമനത്തിന്‌ മുമ്പ്‌ സൂര്യനും ചന്ദ്രനും അവര്‍ക്ക്‌ ദൈവങ്ങളായിരുന്നു. അത്‌ കൊണ്ട്‌ തന്നെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ അരാധനയുടെ അന്തതയില്‍ തളച്ചിടാതെ മനുഷ്യര്‍ പഠനവിഷയമാക്കാന്‍ അവിടുന്ന് നിര്‍‌ദ്ദേശിച്ചു.

മലര്‍ന്ന് കിടന്നു. പതുക്കേ പതുക്കേ തണുപ്പേറ്റെടുക്കുന്ന മണലിനോട്‌ വിടപറയുന്ന നനുത്ത ചൂട്‌, ശരീരത്തില്‍ പടരുന്നുണ്ട്‌. മനസ്സിനെ കെട്ടഴിച്ച്‌ വിട്ടു... പതുക്കേ കണ്ണുചിമ്മി. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഇതേ പോലെ ഈന്തപ്പനച്ചോട്ടില്‍ എല്ലാം മറന്നുറങ്ങിയ ഒരു അപരിചിതന്‍ എന്റെ മനസ്സിനെ സജീവമാക്കാനെത്തി... സ്വര്‍ണ്ണത്തിന് സുഗന്ധം പോലെ... മദീനയ്ക് ലഭിച്ച സുഗന്ധങ്ങലിലൊന്ന്...

റോമാ, പേര്‍ഷ്യ എന്നീ സാമ്രാജ്യങ്ങളെ വെല്ലുവിളിച്ച ഹസ്രത്ത്‌ ഉമര്‍ (റ) വിന്റെ അടുത്തേക്ക്‌ ഒരിക്കല്‍ ഒരു പ്രതിനിധി സംഘത്തെ നിയോഗിക്കാന്‍ റോമ തീരുമാനിച്ചു. മധ്യേഷ്യയിലെ കരുത്തനായ ചക്രവര്‍ത്തി(?)യെ സന്ദര്‍ശിക്കാനാണ്‌ പ്രതിനിധി സംഘം തയ്യാറാവുന്നത്‌ എന്നത്‌ കൊണ്ട്‌ തന്നെ, ദൌത്യസംഘത്തിന്റെ പുറപ്പാടിന് മുമ്പ് ഒട്ടനവധി കൂടിയാലോചനകള്‍ നടന്നു. ഖലീഫ ഉമറിനെ സന്ദര്‍ശിക്കുമ്പോള്‍ ധരിക്കേണ്ട വസ്ത്രത്തിന്റെ ഗുണഗണങ്ങള്‍ മുതല്‍ അദ്ദേഹവുമായി ചര്‍ച്ചയിലെ വിഷയങ്ങള്‍ വരെ തീരുമാനാമായി. അങ്ങനെ റോമന്‍ സാമ്രാജ്യത്തിന്റെ പ്രൌഡിയുമായി, ഒട്ടനവധി സമ്മാനങ്ങളും വാദ്യഘോഷങ്ങളുമായി ആ സംഘം മദീനയിലേക്ക്‌ പുറപ്പെട്ടു.

മദീനയ്ക്കടുത്ത് എത്തിയതോടെ അവര്‍ ഖലീഫ ഉമറി(റ)ന്റെ കൊട്ടാരം അന്വേഷിച്ചു തുടങ്ങി. കണ്ണെത്തും ദൂരത്തെല്ലാം കൊച്ചു കൊച്ചു കുടിലുകളല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ സാധിക്കാതെ സംഘം വിഷമിച്ചു. റോമന്‍ ചക്രവര്‍ത്തിയുടെ സ്നേഹസമ്മാനങ്ങള്‍ ഏല്‍പ്പിക്കാന്‍ എത്തിയിട്ട്‌ ഉമറി(റ)നെ കാണാനാവാതെ തിരിച്ച്‌ പോവേണ്ടി വരുമോ എന്ന ആശങ്കയായിരുന്നു സംഘത്തലവന്റെ മനസ്സ്‌ നിറയെ... അങ്ങനെ ആ അന്വേഷണത്തിനിടയിലാണ്‌ ഒരു യാത്രക്കാരന്‍ മരത്തണലില്‍ സുഖമായി ഉറങ്ങുന്നത്‌ കണ്ടത്‌.

അദ്ദേഹത്തോട്‌ അന്വേഷിക്കാനായി പ്രതിനിധി സംഘത്തിലെ ചിലര്‍ , ഈന്തപ്പനത്തണലില്‍ വലിച്ചിട്ട ഒരു ഈന്തപ്പനയോലയില്‍ ചുരുണ്ട്‌ കിടന്ന് സ്വസ്ഥമായി ഉറങ്ങുന്ന ആ മനുഷ്യന്റെ സമീപമെത്തി... പതുക്കെ കുലുക്കിയുണര്‍ത്തി.
അദ്ദേഹം എണീറ്റു. ചുറ്റുവട്ടവും കൂടിയിരിക്കുന്ന തിളങ്ങുന്ന വസ്ത്രങ്ങളും അടയാഭരണങ്ങളുമണിഞ്ഞ സൈനികരേയും ഉദ്യോഗസ്ഥരേയും മാറി മാറി നോക്കി അദ്ദേഹം അരാഞ്ഞു...

"നിങ്ങള്‍ക്കായി ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ... ?"

പ്രതിനിധി സംഘത്തിനും സന്തോഷമായി... ശരീരത്തില്‍ പറ്റിയ മണല്‍ തരികള്‍ പതുക്കേ തട്ടി മാറ്റുന്ന അയാളോട്‌ സംഘത്തലവന്‍ അന്വേഷിച്ചു..." ഉമറിന്റെ കൊട്ടാരം. ഒന്ന് കാണിച്ച്‌ തരാമോ ?"

ഒരു നിമിഷം... സംഘത്തെ മുഴുവന്‍ ആശ്ചര്യത്തോടെ നോക്കി നിന്ന അദ്ദേഹം പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു... "കൊട്ടാരമോ...?"

സംഘത്തലവന്‍ വിശദീകരിച്ചു..."അതേ കൊട്ടാരം. നിങ്ങളുടെ ഭരണാധികാരിയുടെ കൊട്ടാരം... “

അയാള്‍ ആശ്ചര്യത്തൊടെ വീണ്ടും അന്വേഷിച്ചു "ഭരണാധികാരിയുടെ കൊട്ടാരമോ...?"

യാത്രക്കാരന്റെ വാക്കുകളില്‍ പരിഹാസത്തിന്റെ ധ്വനിയുണ്ടെന്ന് സംശയിച്ച സംഘത്തലവന്‍ ദേഷ്യത്തോടെ തിരിച്ചടിച്ചു..." ഏ മനുഷ്യാ പരിഹസിക്കരുത്. ഞാന്‍ ഇത്‌ പലതവണ ആവര്‍ത്തിച്ചു. താങ്കള്‍ക്ക്‌ അറിയില്ലങ്കില്‍ അത് പറയൂ, ഞങ്ങള്‍ അന്വേഷിച്ച് ഞങ്ങള്‍ കണ്ടെത്തിക്കൊള്ളാം. റോമില്‍ നിന്ന് നിങ്ങളുടെ ഭരണാധികാരിയെ കാണാന്‍ എത്തിയവരാണ്‌ ഞങ്ങള്‍... " ഇതും പറഞ്ഞ്‌ തിരിഞ്ഞ്‌ നടന്നപ്പോള്‍ ആ സാധാരണക്കാരന്‍ പിന്നാലെ ഓടിയെത്തി... പതുങ്ങിയ സ്വരത്തില്‍ പറഞ്ഞു.

"സഹോദരന്മാരെ... തെറ്റിദ്ധരിക്കരുത്‌. നിങ്ങള്‍ അന്വേഷിക്കുന്ന പ്രവാചക(സ)രുടെ പ്രതിനിധിയായ ഉമര്‍ ഞാനാണ്‌. ഞങ്ങള്‍ക്ക് കൊട്ടാരമോ സൈന്യമോ അടയാഭരണങ്ങളോ ഇല്ല..."

റോമന്‍ സാമ്രാജ്യത്തിന്റെ പ്രൌഢിയും ഗാംഭീര്യവും ഉമറിനെ കാണിക്കാനിറങ്ങിപ്പുറപ്പെട്ട ആ സംഘം ഒരു നിമിഷം നെടുങ്ങിയിരിക്കണം.

"സഹോദരാ... എഴുന്നേല്‍ക്കൂ..." കയ്യില്‍ ആവി പറക്കുന്ന കടുംകാപ്പിയുമായി ആ ആഫ്രിക്കന്‍ വംശജന്‍. കൂടെയിരുന്ന് ചൂടുള്ള ചായ കുടിക്കുമ്പോള്‍ അദ്ദേഹം പതുക്കേ മൂളാന്‍ തുടങ്ങി... ഇമാം ബൂസീരിയുടെ കവിത.

"അറബികളിലും അനറബികളിലും ഏറ്റവും ഉത്തമനാണ്‌ മുഹമ്മദ്‌"
"ഭൂമിയിലൂടെ നടക്കുന്നവരില്‍ ഏറ്റവും ഉല്‍കൃഷ്ടനാണ്‌ മുഹമ്മദ്‌"
"ഇരു ലോകങ്ങളുടേയും സൌന്ദര്യമാണ്‌ മുഹമ്മദ്‌"
"ഇരുളും വിഷമങ്ങളും നീക്കികളയുന്ന വെളിച്ചമാണ്‌ മുഹമ്മദ്‌"
"മുഹമ്മദിനെ ഓര്‍ക്കുന്നത്‌ ദേഹത്തിന്‌ ദേഹിയെന്നപോലെയാണ്‌"
"മുഹമ്മദിനോട്‌ നന്ദി കാണിക്കല്‍ സമുദായത്തിന്‌ ബാദ്ധ്യതയാണ്‌"

കണ്ണടച്ച്‌ മനോഹര ശബ്ദത്തില്‍ അദ്ദേഹം മൂളികൊണ്ടിരിക്കേ ഞാനും അതില്‍ ഭാഗഭാക്കായി... എന്റെ ചുണ്ടും സജീവമായിരുന്നു.. ബൂസീരിയുടെ കവിതശകലവുമായി.




ജബലുന്നൂര്‍ : മക്കയിലുള്ള ഒരു പര്‍വ്വതം. ഖുര്‍‌ആന്റെ അവതരണം തുടങ്ങിയത് ഇതിലെ ഹിറ എന്ന് പേരുള്ള ഒരു ഗുഹയില്‍ വെച്ചാ‍യിരുന്നു.
ഇമാം : നേതാവ് എന്നാണ് വാക്കര്‍ത്ഥം. ഇവിടെ നമസ്കാരത്തിന് നേതൃത്വം നല്‍കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍.
സുജൂദ് : സാഷ്ടാംഗ പ്രണാമം.
തസ്ബീഹ് : ദൈവത്തെ സുതുതിക്കുക.

2 comments:

Rasheed Chalil said...

13 comments:
ഇത്തിരിവെട്ടം|Ithiri said...
സാര്‍ത്ഥവാഹക സംഘത്തോടോപ്പം - മുന്നാം ഭാഗം ഇവിടെ പോസ്റ്റുന്നു...

തുടരണോ... ഇനിയും ?

April 1, 2007 9:47 PM
ഇക്കാസ്ജി ആനന്ദ്ജി said...
മുഹമ്മദി(സ)ലൂടെയും പിന്നീടു വന്ന ഖലീഫമാരിലൂടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കരുണ്യത്തിന്റെയും പാതയില്‍ ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെ സമഗ്രമായി പ്രതിപാദിക്കുന്ന മഹത്തായ ജീവിത പദ്ധതിയാണ് ഇസ്‌ലാം.

ഇന്ന് മുസ്‌ലിം നാമധാരികളായ ഒരുകൂട്ടം പേര്‍ സ്വന്തം സൌകര്യാര്‍ത്ഥം യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ച് ഈ ജീവിത പദ്ധതിയ്ക്കെതിരേ കൊടുവാളുയര്‍ത്തുന്നു!

ഇത്തരക്കാര്‍ ഇത്തിരിവെട്ടം റഷീദിക്കയുടെ ഈ ലേഖനം ഒരുവട്ടെമെങ്കിലും മനസ്സിരുത്തി വായിക്കുന്നത് ഒരു പുനര്‍ വിചിന്തനത്തിനു വഴി തെളിച്ചേക്കും.

പ്രവാചക പരമ്പരയിലെ അവസാന കണ്ണിയായ മുഹമ്മദ് (സ)പഠിപ്പിച്ചതാണ് യഥാര്‍ത്ഥ ഇസ്‌ലാം, അല്ലാതെ ഇന്ന് പാശ്ചാത്യശക്തികള്‍ പ്രചരിപ്പിക്കുന്നതല്ല.

April 1, 2007 10:06 PM
::സിയ↔Ziya said...
രാവിലെ ജോലിത്തിരക്കു കാരണം മുഴുവനും വായിക്കാന്‍ കഴിയുന്നില്ല.
മനൊഹരമായിട്ടുണ്ട് അവതരണം...
ആശംസകള്‍

April 1, 2007 10:14 PM
അഗ്രജന്‍ said...
സ്വന്തം മകന്‍ വേര്‍പിരിഞ്ഞ സമയത്തും പൊങ്ങിവന്ന അന്ധവിശ്വാസത്തെ തുടച്ചു നീക്കുകയാണ് പ്രവാചക തിരുമേനി ചെയ്തത്.

റസൂല്‍ (സ) തിരുമേനി ജീവിച്ച് കാണിച്ച, ഉമര്‍ (റ) തുടങ്ങിയ മഹാരഥന്മാര്‍ പിന്‍പറ്റി പഠിപ്പിച്ചു തന്ന ഇസ്ലാമിന്‍റെ മുഖമുദ്രയായ ലാളിത്യമിന്നെവിടെ!

ഇത്തിരി... വളരെ നന്നായി എഴുതിയിരിക്കുന്നു.

അഭിനന്ദനങ്ങള്‍

April 1, 2007 10:40 PM
പടിപ്പുര said...
ഇത്തിരീ, എന്തിന്‌ സംശയം? തുടരുക.

April 1, 2007 10:43 PM
ഏറനാടന്‍ said...
റസൂലേ.. റസൂലേ..
നിന്‍ വരവാലേ
നാടാകെ പാടുകയായ്‌
വന്നല്ലോ റബ്ബിന്‍ ദൂതന്‍
.....
ഹിറാഗുഹയില്‍ ഏകനായ്‌
തപസ്സു നീ അണിഞ്ഞപ്പോള്‍
ഖുര്‍ആനും കൊണ്ടതാ
ജീബ്‌രീല്‍ വന്നണഞ്ഞല്ലോ..

റഷീദ്‌ഭായ്‌.. ഒരു സംശയവും വേണ്ട, തുടരുകയിനിയും.

April 1, 2007 11:38 PM
Hakeem said...
Excellent, u are doing a good work, plse continue, wish u all the best

April 2, 2007 12:09 AM
അപ്പു said...
ഇത്തിരീ തുടരണം...

ഖലീഫ ഉമറിന്റെ കഥകള്‍ ഇനിയും ഏറെയുണ്ടല്ലോ. അതൊക്കെയൊന്നു പറയുക.

April 2, 2007 1:34 AM
മിന്നാമിനുങ്ങ്‌ said...
പതിനാല് സംവത്സരങ്ങള്‍ക്കപ്പുറത്ത്
അറേബ്യാ മണലാരണ്യത്തില്‍ വീശിയടിച്ച
വിമോചന സന്ദേശത്തിന്റെ സൌന്ദ്യര്യവും സൌരഭ്യവും
തനിമ ഒട്ടും ചോര്‍ന്നുപോകാതെ ഇത്തിരി ഇവിടെ
പുനരാവരണം ചെയ്യുന്നു.
വായനക്കാരനെ യാത്രാസംഘത്തോടൊപ്പം നടത്തിച്ച്
ആകാംക്ഷാഭരിതമാക്കാന്‍ പോന്ന എഴുത്ത്.

നീങ്ങട്ടെ,സാര്‍ത്ഥവാഹക സംഘം മുന്നോട്ട്

April 2, 2007 2:28 AM
മഴത്തുള്ളി said...
ഇത്തിരീ, ഇനിയും തുടരൂ.

ഈ പോസ്റ്റിനോടൊപ്പം വരുന്ന വിശദമായ കമന്റുകളും വാ‍ായിക്കുമ്പോള്‍ വളരെയേറെക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു..

April 2, 2007 3:20 AM
Nousher said...
അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

qw_er_ty

April 2, 2007 2:38 PM
കുട്ടിച്ചാത്തന്‍ said...
തുടരൂ..ഓരോപ്രാവശ്യവും ഇത്തിരിയേ സംഘം യാത്ര ചെയ്യൂ അല്ലേ?

qw_er_ty

April 3, 2007 7:31 AM
ഇത്തിരിവെട്ടം|Ithiri said...
ഇക്കാസ്.
സിയ.
അഗ്രജന്‍.
പടിപ്പുര.
ഏറനാടന്‍.
ഹക്കീം.
അപ്പു.
മിന്നാമിനുങ്ങ്.
നൌഷര്‍.
മഴത്തുള്ളി.
കുട്ടിച്ചാത്തന്‍. അടുത്ത ഭാഗത്തോടെ അവസാനിപ്പിക്കം.

എല്ലാവര്‍ക്കും ഒത്തിരി നന്ദി. ഇത്

April 3, 2007 8:06 PM

Anonymous said...

Assalamu Alaikum Ithiri
This is my first comment on any blog. I see lot of blogs and you all blogger are my friend now. But I never post/publish my comment yet. Ithiri very good presentation. Its really touching.
May Almighty bless you with his Rahmath.
Massalama
Mahar