Tuesday, March 25, 2008

ചുട്ടുപൊള്ളുന്ന ഓര്‍മ്മകള്‍...

ഇരുപത്തിഒന്ന്.

മരുഭൂമി പാകപ്പെടുത്തിയെടുത്ത പരുക്കന്‍ മനസ്സുകളിലെ തെളിഞ്ഞ സ്നേഹം ഈ യാത്രയില്‍ പലവട്ടം രുചിക്കാന്‍ അവസരം ലഭിച്ചിരുന്നു. അപ്പോഴൊക്കെ മാനവീകതയുടെ മാതൃകയാകേണ്ട ഒരു ഭൂമികയ്ക്ക്‍... സംസ്കാര സമ്പന്നമായ ഒരു സമൂഹ സൃഷ്ടിയ്ക്ക്‍... സ്നേഹവും കരുണയും സമാധാനവും അടിസ്ഥാനമായ ഒരു ജനസഞ്ചയത്തിന്റെ അടിത്തറയ്ക്ക്‍... വേണ്ടി അനുഭങ്ങളുടെ തീച്ചൂളയില്‍ ജീവിച്ച, പുണ്യറസൂലെ(സന്ന പൂര്‍ണ്ണ ചന്ദ്രനും അനുചരന്മാരും മറക്കാനാവത്ത അനുഭവമായി മനസ്സില്‍ നിറഞ്ഞിരുന്നു. ത്യാഗാനുഭവങ്ങളുടെ അത്യുഷ്ണവും അതിശൈത്യവും കടന്നാണ് ഈ നാട് സമാധാനത്തിന്റെ വസന്തത്തെ പുല്‍കിയത്. കഠിനമായ പീഡകളില്‍ നിന്ന് നീന്തിയെത്തിയ പുണ്യറസൂലിനേ(സ)യും അനുചരന്മാരേയും ഇരുകരങ്ങളും നീട്ടി സ്വാഗതമോതിയ യസ് രിബിന് മദീനയുടെ പൂര്‍ണ്ണതയിലേക്കുള്ള യാത്ര ഒട്ടും സുഗമമായിരുന്നില്ല. പക്ഷേ ആ യാത്രയില്‍ മദീനയുടെ നായക സ്ഥാനത്ത് നബി തിരുമേനി(സ)യുട് അദ്വിതീയ വ്യക്തിവിശേഷം ഉണ്ടായിരുന്നു.

ഈ താഴ്വരയില്‍ ഓര്‍മ്മയിലേക്ക് മലവെള്ളപ്പാച്ചിലായെത്തുന്ന ചരിത്ര സംഭവങ്ങളുടെ ചൂടും ചൂരുമായി ചുറ്റിത്തിരിയുമ്പോഴെല്ലാം ഇസ്മാഈലിന്റെയും സഈദിന്റെയും സ്നേഹഭാഷണങ്ങളുടെ അകമ്പടി ഉണ്ടായിരുന്നു. എന്റെ ചിന്തകളില്‍ നിന്ന് ഗതകാലത്തിലേക്ക് ചാല് കീറി നീങ്ങുന്ന സംസാരത്തില്‍ പലപ്പോഴും ഞാനറിയതെ തന്നെ ലയിച്ച് പോവുന്നു..

തോളില്‍ കൈ വെച്ച് ഇസ്മാഈല്‍ സംസാരിച്ച് തുടങ്ങി... ഉഹ്ദിനെ കുറിച്ച്... അതിന്റെ താഴ്വരയില്‍ ഉറങ്ങുന്ന ചരിത്രത്തിന്റെ ആരോഹണ അവരോഹണങ്ങളെക്കുറിച്ച്... നിശ്ശബ്ദനായി ആ അധികം ഉയരമില്ലാത്ത കുന്നിനെ നോക്കി നില്‍ക്കുന്ന എന്നോടായി അദ്ദേഹം പറഞ്ഞു... “സഹോദരാ... താങ്കള്‍ കേട്ടിട്ടുണ്ടോ... ഒരിക്കല്‍ നബിതിരുമേനി(സ)യും അബൂബക്കറും(റ) ഉമറും(റ) ഉസ്മാനും(റ) ഈ കുന്നിലൂടെ സഞ്ചരിക്കുകയായിരുന്നു... ആ പുണ്യപാദങ്ങളുടെ സ്പര്‍ശന സുഖം കൊണ്ടെന്ന പോലെ ഉഹ്ദ് പിടഞ്ഞുപോയി... അനങ്ങുന്ന പര്‍വ്വതത്തില്‍ തന്റെ കാല്‍ അമര്‍ത്തി വെച്ച് പുണ്യറസൂല്‍ പറഞ്ഞെത്രെ... ‘ഏ ഉഹ്ദ്... അടങ്ങൂ... ഒരു പ്രവാചകനും ഒരു സിദ്ദീഖും രണ്ട് രക്തസാക്ഷികളുമാണ് ഇപ്പോള്‍ ഇവിടെ ഉള്ളത് ...‘ ഉഹ്ദിന്റെ അനക്കം അവസാനിച്ചെത്രെ...”

അദ്ദേഹത്തിന്റെ വാക്കുകളിലെ ആവേശം എന്നിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു... സ്നേഹവലയം കൊണ്ട് പ്രകൃതിയെപ്പോലും വിഭ്രമിപ്പിച്ച വിശുദ്ധനായകന്റെ പുണ്യനഗരിയുടെ തെരുവുകളില്‍ അലയുന്ന ഞാനെന്ന വ്യക്തിക്ക്, അവിടുത്തെ അനുയായി ആണെന്ന് അത്മാര്‍ത്ഥതയോടെ അവകാശപ്പെടാന്‍ എന്ത് യോഗ്യത... എന്ന് മനസ്സ് ചോദിച്ച് കൊണ്ടിരുന്നു. ഈ നേതാവ് തന്നെയാണെന്റെ ഏറ്റവും വലിയ അഭിമാനം എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു... അതില്‍ കവിഞ്ഞ് എനിക്ക് എന്ത് വേണം എന്ന് മനസ്സെന്നോട് പറയുമ്പോള്‍ ചുണ്ടില്‍ സലാത്ത് വിരിഞ്ഞിരുന്നു.

ഈ ഉഹദും താഴ്വാരവും ഒരു ത്യാഗത്തിന്റെ കഥ നെഞ്ചിലേറ്റുന്നു. നബിതിരുമേനിയും സംഘവും ശക്തി തെളിയിച്ച ‘ബദര്‍ യുദ്ധം‘ മക്കക്കാരുടെ മനസ്സില്‍ സൃഷ്ടിച്ച ഏക വികാരം അണയ്ക്കാനാവാത്ത പ്രതികാരാഗ്നിയായിരുന്നു. ചുളുവില്‍ മദീനയെ അക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അബൂസുഫ് യാന്‍ ‘സഖീവ് യുദ്ധ’ ത്തില്‍ പരിഹാസ്യനായതും ആ അഗ്നിയ്ക്ക് ചൂട് പകര്‍ന്നു. സിറിയയില്‍ നിന്നെത്തിയ കച്ചവട സംഘത്തിന്റെ ലാഭം പൊതുമുതലില്‍ നിക്ഷേപിച്ചത് മദീനയെ ആക്രമിക്കാനുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മാത്രമായിരുന്നു.

ഈ സമയത്താണ് അന്ന് ഇസ്ലാം മത വിശ്വാസിയായി മാറിയിട്ടില്ലാത്ത പ്രവാചകരുടെ പിതൃവ്യന്‍ അബ്ബാസി(റ)ന്റെ കത്തുമായി ഒരാള്‍ മദീനയില്‍ എത്തിയത്. അക്ഷരാഭ്യാസമില്ലാ‍ത്ത നബി തിരുമേനി(സ)ക്ക് ഈ സന്ദേശം ‘ഖുബ്ബാ’ പള്ളിയില്‍ വെച്ച് വായിച്ച് കേള്‍പ്പിച്ചത് ഉബയ്യ് ബ് നു കഅബ് (റ) ആയിരുന്നു. മുവ്വായിരത്തോളം അംഗബലമുള്ള ഒരു വന്‍സൈന്യവുമായി മദീന ആക്രമിക്കാന്‍ പുറപ്പെടുന്ന മക്കകാരെ കുറിച്ചുള്ള വിവരങ്ങളായിരുന്നു അതിലെ ഉള്ളടക്കം. ഈ വിവരം രഹസ്യമായി സൂക്ഷിക്കാന്‍ നബിതിരുമേനി ഉബയ്യിനോട് പ്രത്യേകം നിര്‍ദ്ദേശിച്ചു. പിന്നീട് സഅദ് ബ് നു റബീഅ യുടെ വീട്ടിലെത്തി പരമ രഹസ്യമായി സൂക്ഷിക്കണം എന്ന നിര്‍ദ്ദേശത്തൊടെ കത്തിലെ വിവരങ്ങള്‍ നബി തിരുമേനി അദ്ദേഹത്തെയും അറിയിച്ചു. പക്ഷേ ഈ സംസാരം ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തിന്റെ ഭാര്യവഴി ഈ രഹസ്യം വളരെ പെട്ടെന്ന് പരസ്യമായി.

മക്കാ സൈന്യത്തിന്റെ അംഗ-ആയുധ ബലത്തെക്കുറിച്ചറിഞ്ഞ മദീനക്കാര്‍ ശരിക്കും അന്തം വിട്ട് പോയി. നബിതിരുമേനി(സ) അനുയായികളുമായും സഖ്യകക്ഷികളുമായും സ്തിതിവിശേഷങ്ങള്‍ ചര്‍ച്ച ചെയ്തു. മദീനയില്‍ തന്നെ നിന്ന് കൊണ്ട് രാജ്യത്തെ സംരക്ഷിക്കാമെന്നും അതിന് ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ അലോചിക്കാം എന്നുമായിരുന്നു നബിതിരുമേനി(സ)യുടെ അഭിപ്രായം. അനുയായികളില്‍ ഒരു വിഭാഗം അത് പിന്തുണച്ചു. എന്നാല്‍ ചിലര്‍ അത് ‘ഭീരുത്വ‘മായി വ്യാഖ്യാനിക്കപ്പെടുമെന്നും മദീനയുടെ പ്രാന്ത പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന സൈന്യത്തെ അവരുടെ സങ്കേതത്തില്‍ ചെന്ന് ആക്രമിക്കാം എന്നും അഭിപ്രായപ്പെട്ടു. “നിങ്ങള്‍ പരാജയപ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നു..” എന്ന് വരെ നബി തിരുമേനി(സ) മുന്നറിയിപ്പ് നല്‍കിയെങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു. അങ്ങനെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് ശത്രുസങ്കേതത്തില്‍ പോയി നേരിടാന്‍ തന്നെ നിശ്ചയിച്ചു.

മദീനയില്‍ നിന്ന് നാല് നാഴിക ദൂരെ ഈ സ്ഥലത്തായിരുന്നു ശത്രുസൈന്യം താവളമടിച്ചിരുന്നത്. നബിതിരുമേനിയും സംഘവും ഈ തഴ്വാരത്തിലേക്ക് പുറപ്പെട്ടു... ഇവിടെ ഉഹ്ദ് മല പിന്നിലാക്കി തന്റെ എഴുന്നൂറോളം വരുന്ന സൈന്യത്തെ അവിടുന്ന് അണിനിരത്തി... അവരില്‍ നിന്ന് അബ്ദുല്ലാഹിബ് നു ജുബൈറിന്റെ നേതൃത്തില്‍ അമ്പെയ്ത്തില്‍ പ്രാവീണ്യമുള്ള അമ്പത് പേരെ ശത്രുക്കള്‍ കടന്നാക്രമിച്ചേക്കാവുന്ന കുന്നിന്‍ ചെരുവില്‍ കാവല്‍ ഭടന്മാരായി നിര്‍ത്തി.. അവരോടായി നബി തിരുമേനി പറഞ്ഞു. “നമ്മുടെ പിന്‍വശത്തുള്ള ഈ ഭാഗം നിങ്ങള്‍ സംരക്ഷിക്കണം. ഇതിലൂടെ ശത്രുക്കള്‍ ആക്രമിച്ചേക്കും. അവിടെ എപ്പോഴും നിങ്ങളുണ്ടാവണം. ഒരിക്കലും മാറി പോവരുത്. ഞങ്ങള്‍ ശത്രുക്കളെ പരാജയപ്പെടുത്തി അവരുടെ മേഖലയില്‍ പ്രവേശിച്ചാലും നിങ്ങള്‍ ഇവിടെ നിന്ന് ഇറങ്ങരുത്. ഞങ്ങള്‍ കൊല്ലപ്പെടുന്നത് കണ്ടാലും ഞങ്ങളെ രക്ഷിക്കാനോ അവരെ പ്രതിരോധിക്കാനോ വേണ്ടി ഈ സ്ഥലം വിട്ട് നിങ്ങള്‍ ഇറങ്ങരുത്. നിങ്ങള്‍ കുതിരകളെ അമ്പുകള്‍ കൊണ്ട് ആക്രമിച്ചാല്‍ മത്രം മതി. പാഞ്ഞ് വരുന്ന അമ്പ് കണ്ടാല്‍ അവ മുന്നോട്ട് നീങ്ങുകയില്ല...”

മറുവശത്ത് മുവ്വായിരം ഒട്ടകങ്ങളും ഇരുന്നൂറ് കുതിരകളും മുവ്വായിരം യോദ്ധക്കളുമടങ്ങിയ ഖുറൈശി സൈന്യം അണിനിരന്നു. കൊടിവാഹകനായ അബ്ദുല്‍ ഉസ്സക്ക് ഇരുവശത്തും ഇക് രിമത്തുബനു അബൂജഹലും ഖാലിദ് ബ്നു വലീദും സൈന്യാധിപരായി ഉണ്ടായിരുന്നു. ഉഹദ് യുദ്ധത്തില്‍ യോദ്ധക്കള്‍ക്ക് ആവേശം പകരാനെത്തിയ സ്ത്രീകളുടെ നേതൃത്വം ഹിന്ദിനായിരുന്നു. അബൂസുഫ് യാന്റെ പത്നിയും ഉത്തബയുടെ മകളുമായ് ഹിന്ദ് ചില പ്രത്യേക ലക്ഷ്യങ്ങളുമായാണ് ഉഹ്ദില്‍ എത്തിയത് തന്നെ. ബദര്‍ യുദ്ധത്തില്‍ തന്റെ പിതാവായ ഉത്ബയെ വകവരുത്തിയ നബി തിരുമേനിയുടെ പിതൃവ്യന്‍ ഹംസയെ ഏത് വിധേനയും വധിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം... ഹംസയുടെ രക്തത്തിന് പകരം, കുന്തമേറില്‍ അതിവിദഗ്ദനായ ‘വഹ്ശി’ യെന്ന അടിമയ്ക്ക് മോചനവും കൈ നിറയെ സമ്മാനവും ഹിന്ദ് വാഗ്ദാ‍നം ചെയ്തിരുന്നു. ലക്ഷ്യസാധ്യത്തിനായി വഹ്ശിയും ഉഹ്ദില്‍ എത്തിയിരുന്നു.

നബി തിരുമേനി(സ)യുടെ പിതാവിന്റെ സഹോദരാനായിരുന്ന ഹംസ(റ). നബിതിരുമേനി മക്കയില്‍ പ്രബോധനം ആരംഭിച്ച ആദ്യകലത്തൊരിക്കല്‍ അബൂജഹല്‍ പരസ്യമായി അവിടുന്നിനെ ആക്ഷേപിച്ചു... ചീത്തപ്പറഞ്ഞു... എല്ലാം കേട്ട് നിശ്ശബ്ദനായി തിരിച്ച് പോന്ന തന്റെ സഹോദര പുത്രനെ കുറിച്ച് വേട്ട കഴിഞ്ഞെത്തുന്ന വഴിയാണ് ഹംസ(റ) അറിഞ്ഞത്. അദ്ദേഹം അപ്പോള്‍ തന്നെ അബുജഹലിനെ തേടിയിറങ്ങി. ഒരു സദസ്സില്‍ ഇരിക്കുകയായിരുന്ന അബൂജഹലിനെ തന്റെ വില്ലുകൊണ്ട് അടിച്ചു... തിരിച്ചടിക്കാന്‍ ധൈര്യമുള്ളവര്‍ ഇറങ്ങി വരൂ എന്ന് വെല്ലുവിളിച്ചു. കത്തുന്ന കണ്ണുമായി നില്‍ക്കുന്ന ആ വില്ലാളിയെ എതിര്‍ക്കാന്‍ ധൈര്യമില്ലാതിരുന്ന ഖുറൈശികളുടെ മുഖത്ത് പുഛത്തോടെ നോക്കി ഹംസ പ്രഖ്യാപിച്ചു... “നിങ്ങള്‍ എന്തിന് വേണ്ടിയാണോ മുഹമ്മദിനെ വേട്ടയാടിയത്... ഞാനും അതേ വിശ്വാസം സ്വീകരിക്കുന്നു... അല്ലാഹു അല്ലതെ ഒരു ദൈവമില്ല... മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണ്...” പിന്നീട് ഹംസ പുണ്യറസൂലിന്റെ ജീവിതത്തിലുടനീളം സഹായി ആയിരുന്നു... തന്റെ പിതൃവ്യപുത്രന്‍ എന്നതിലുപരി ദൈവത്തിന്റെ ദൂതന്‍ ആയ നബിതിരുമേനിയോട് വല്ലാത്ത സ്നേഹവായ്പ്പായിരുന്നു ഹംസയ്ക്ക്... നബിതിരുമേനിയ്ക്ക് തിരിച്ചും.

യുദ്ധം മുറുകിയപ്പോള്‍ തന്റെ ഇരതേടി വഹ്ശി ഇറങ്ങി. യുദ്ധക്കളത്തില്‍ പാത്തും പതുങ്ങിയും ഹംസയെ അന്വേഷിച്ച് നടന്ന് വഹ്ശി തന്റെ ലക്ഷ്യം സ്ഥാനം പെട്ടെന്ന് കണ്ടെത്തി. പോരാട്ടത്തില്‍ ബദ്ധശ്രദ്ധനായിരുന്ന ഹംസയെ മറഞ്ഞ് നിന്ന വഹ്ശി കുന്തമെറിഞ്ഞ് വീഴ്ത്തി... പിടയുന്ന ഹംസയുടെ ശരീരത്തില്‍ നിന്നും കുന്തം വലിച്ചൂരിയെടുത്ത് വഹ്ശി ഹിന്ദിനെ തേടി നടന്നു....

‘ഇതാ ഹസ്രത്ത് ഹംസ (റ) യുടെ അന്ത്യവിശ്രമ സ്ഥാനം...“ സഈദിന്റെ ശബ്ദമാണ് ഉണര്‍ത്തിയത്... കത്താന്‍ തുടങ്ങുന്ന വെയിലിന് താഴെ തൊട്ട് മുമ്പിലെ ഖബറിലേക്ക് ഞാന്‍ നിറഞ്ഞ കണ്ണുകളോടെ നോക്കിനിന്നു... യുദ്ധത്തിന്റെ അന്ത്യത്തില്‍ വഹ്ശി ഹിന്ദിനേയും കൂടി ഹംസയുടെ ശരീരത്തിനടുത്ത് എത്തിയെത്രെ... ഹംസ(റ) ഓരോ അംഗങ്ങളും ഛേദിച്ചെടുക്കുമ്പോള്‍ ഹിന്ദ് അട്ടഹസിച്ചു ചിരിച്ചു... അംഗഭംഗം വരുത്തിയ ശരീരത്തിന്റെ നെഞ്ച് ഹിന്ദ് വലിച്ച് പൊളിച്ചു... രാക്ഷസീയതയോടെ ഹംസ(റ)യുടെ കരള്‍ വലിച്ച് പറിച്ചെടുത്തു... ആര്‍ത്തിയോടെ ചവച്ച് തുപ്പി‍...

പില്‍കാലത്ത് ഹിന്ദിനും വഹ്ശിക്കും പുണ്യറസൂല്‍ മാപ്പ് നല്‍കി... അവര്‍ നബിതിരുമേനിയുടെ ശിഷ്യരായി... ഒരിക്കല്‍ സദസ്സില്‍ തൊട്ടുമുമ്പില്‍ ഇരിക്കുന്ന വഹ്ശിയെ കണ്ടപ്പോള്‍ അവിടുത്തെ കണ്ണുകള്‍ നിറഞ്ഞു... തൊണ്ടയിടറി... “വഹ്ശീ താങ്കള്‍ കഴിയുന്നതും നേരെ മുമ്പില്‍ ഇരിക്കരുതേ... ഞാന്‍ എന്റെ ഹംസയെ ഓര്‍ത്ത് പോവുന്നു...” എന്ന് അടഞ്ഞ ശബ്ദവുമായി ലോകഗുരു പറഞ്ഞെത്രെ...

“രക്ത സാക്ഷികളുടെ നേതാവേ അങ്ങേയ്ക്ക് എന്റെ സലാം...” എന്ന് ഈ ഖബറിന് മുമ്പില്‍ നിന്ന് അഭിവാദ്യം ചെയ്യുമ്പോള്‍ തൊണ്ടയിടറി...കണ്ണുകള്‍ നിറഞ്ഞൊഴുകി.... എന്തോ തടഞ്ഞ ശബ്ദത്തില്‍ ഒരിക്കല്‍ കൂടി ഞാന്‍ പറഞ്ഞൊപ്പിച്ചു... ‘അസ്സലാമു അലൈക യാ സയ്യിദുശ്ശുഹദാഹ്...”

20 comments:

ഇത്തിരിവെട്ടം said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം : ഇരുപത്തിഒന്ന്

ദ്രൗപദി said...

കൊള്ളാം..
ആശംസകള്‍

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ഹൃദയം നിറഞ്ഞു. മനസ്സ് ശുദ്ധമായി..

കണ്ണൂരാന്‍ - KANNURAN said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം യാത്ര തുടരാം..

അത്യുദീയ ആണോ അതോ അദ്വിതീയ ആണോ ശരി??

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊള്ളാം

വാല്‍മീകി said...

ഈ ലക്കവും നന്നായി.

അപ്പു said...

ഇത്തിരീ...ഒത്തിരി നന്നായി.

സുല്‍ |Sul said...

ഇത്തിരീ ഈ ഭാഗവും ഭംഗിയായി.
ഉഹ്ദിനെക്കുറിച്ച് ബാക്കി അടുത്ത പോസ്റ്റുകളില്‍ പ്രതീക്ഷിക്കാം അല്ലേ.
ആശംസകള്‍.

-സുല്‍

കരീം മാഷ്‌ said...

“സാര്‍ത്ഥവാഹക സംഘത്തോടൊപ്പം“
ത്തിലെ ഏറ്റവും നല്ല ലക്കം. നല്ല അനുഭൂതി.
കൂടെ നടക്കുന്ന സുഖം.
അഭിനന്ദനങ്ങള്‍.

കുട്ടിച്ചാത്തന്‍ said...

ഇരുപതും ഇരുപത്തൊന്നും ഒരുമിച്ചു വായിച്ചു.

നിലാവര്‍ നിസ said...

നല്ല വായന

ബഷീര്‍ വെള്ളറക്കാട്‌ said...

നല്ല ഒരു വായനാനുഭവം.. ഒരു നല്ല യാത്രയുടെ.. ഒരു നല്ല ആസ്വാദനത്തിന്റെ വഴിയിലൂടെ..
എല്ലാ നന്മകളും നേരുന്നു ഈ ഉദ്യമം ആഖിറത്തില്‍ സ്വീകരിക്കപ്പെടട്ടെ.. ആമീന്‍

പൊതുവാള് said...

ഇതും നന്നായി

തുടരൂ‍

കുട്ടന്‍മേനൊന്‍ said...

വായിക്കുന്നുണ്ട്.. തുടരട്ടെ.

അഗ്രജന്‍ said...

വളരെ നന്നായി എഴുതിയിരിക്കുന്നു ഈ ലക്കവും.

മെലോഡിയസ് said...

സമയകുറവ് കൊണ്ട് വായന തീരെ കുറവ്..കുറേ ലക്കങ്ങള്‍ ഒന്നിച്ചാണ് വായിച്ച് തീര്‍ത്തത്. വളരെ നന്നായിരീക്കുന്നു ഇത്തിരീ...

കാസിം തങ്ങള്‍ said...

വളരെ നല്ല അവതരണം. കാരുണ്യത്തിന്റെ കുളിര്‍ തെന്നലായ പുണ്യ റസൂലിന്റെയും(സ) അവിടുത്തെ നക്ഷത്ര തുല്യരായ അനുചരരുടെയും ത്യാഗോജ്ജ്വലമായ ജീവിത മാത്ര്കകള്‍ നമുക്ക് പ്രചോദനമാവട്ടെ.

അത്ക്കന്‍ said...

ഇതും ഹ്രുദയത്തില്‍,ത്യാഗത്തിന്‍റെ മഹത്തായ വിപ്ളവം-എഴുതുച്ചേര്‍ത്തു.
സര്‍വ്വശക്തനായ ദൈവംതമ്പുരാന്‍ താങ്കളുടെ ഉദ്യമം വിജയിപ്പിച്ചു തരുമാറാകട്ടെ.(ആമീന്‍)

Anonymous said...

ഈ നേതാവ് തന്നെയാണെന്റെ ഏറ്റവും വലിയ അഭിമാനം എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു...

ee lekhanangakk ii varikalan urjjam.

Niyaz said...

Oraayiram nandi