Wednesday, August 29, 2007

കാല്‍പ്പാടുകള്‍...

പത്ത്.

ശിരസ്സെടുക്കാന്‍ കാത്തിരുന്നവര്‍ക്കിടയിലൂടെ നബിതിരുമേനി ദൈവീക സഹായത്താല്‍ രക്ഷപ്പെട്ടു. ആ വൃദ്ധന്റെ ഇടറിയ ശബ്ദം നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം ഇതേ സംഭവം വിശദീകരിച്ച എഡ്വേഡ്‌ ഗിബ്ബണ്‍-ന്റെ വാക്കുകള്‍ എന്നെ ഓര്‍മ്മിപ്പിച്ചു. "in this eventful moment the lance of an arab might have changed the history of the world" (സംഭവബഹുലമായ ഈ നിമിഷത്തില്‍ ഒരു അറബിയുടെ കുന്തം ലോകചരിത്രം തന്നെ മാറ്റിയേനെ.)

വീട്ടില്‍ നിന്നറങ്ങിയ പ്രവാചകന്‍(സ) ആദ്യം എത്തിയത്‌ ഉറ്റസുഹൃത്തായ അബൂബക്കറിന്റെ സമീപത്തായിരുന്നു. ഈ പലായനം പ്രതീക്ഷിച്ചിരുന്ന അബൂബക്കര്‍ (റ) രണ്ട്‌ ഒട്ടകങ്ങളും വഴികാട്ടിയേയും തയ്യാറാക്കിയിരുന്നു.
നബിതിരുമേനിയും(സ) അബൂബക്കറും(റ) അന്ന് രാത്രി തന്നെ ചരിത്ര പ്രധാന്യമുള്ള ഹിജ്‌റ (പലായനം) ആരംഭിച്ചു. ആദ്യം അവര്‍ മക്കയുടെ തെക്ക്‌ ഭാഗത്തുള്ള സൌറ്‌ പര്‍വ്വതത്തിലെ സൌറ്‌ ഗുഹയില്‍ എത്തി. പിറ്റേന്ന് മുഹമ്മദ്‌ (സ) രക്ഷപ്പെട്ടു എന്നറിയുമ്പോള്‍ എന്ത്‌ വിലകൊടുത്തും അത്‌ തടയാന്‍ മക്കക്കാര്‍ ശ്രമിക്കുമെന്നും തല്‍കാലം അന്വേഷണങ്ങള്‍ക്ക്‌ ശമനം വരുന്ന വരേ അവിടെ താമസിക്കാനുമായിരുന്നു തീരുമാനം.














സൌര്‍ ഗുഹ.



അകത്തേക്ക്‌ കയറാന്‍ പ്രയാസമുള്ള ഗുഹയില്‍ ആദ്യം സിദ്ധീഖ്‌(റ) പ്രവേശിച്ചു. കലങ്ങളായി ആരും ഉപയോഗിക്കാത്തതിനാല്‍ വൃത്തികേടയി, ക്ഷുദ്രജീവികളും സര്‍പ്പങ്ങളും നിറഞ്ഞ ഗുഹ വൃത്തിയാക്കി മാളങ്ങളെല്ലാം അടച്ച്‌ സിദ്ധീഖ്‌ അവിടുന്നിനെ അകത്തേക്ക്‌ കയറാന്‍ അനുവദിച്ചു.
പിറ്റേന്ന് പ്രഭാതം... വീട്‌ വളഞ്ഞവര്‍ നബിതിരുമേനി(സ)യെ കാത്തിരുന്നു. പക്ഷെ വീടിന് പുറത്ത്‌ വന്ന അലിയെ കണ്ടപ്പോഴാണ്‌ തങ്ങള്‍ക്ക്‌ പിണഞ്ഞ അമളി മനസ്സിലാക്കിയത്‌. ഗോത്രപ്രമുഖര്‍ ഒരുമിച്ച്‌ കൂടി. മുഹമ്മദ്‌(സ) രക്ഷപ്പെട്ടാല്‍ ... വേറെ വല്ല രാജ്യവും അഭയം നല്‍കിയാല്‍... നാളെ പതിന്മടങ്ങ്‌ ശക്തിയോടെ തിരിച്ചെത്തുമെന്നും അതോടെ താങ്കളുടെ അധികാരം നഷ്ടാമവുമെന്നും അവര്‍ക്ക്‌ അറിയാമായിരുന്നു. അതിനിടവരുത്താതെ വഴിയില്‍ വെച്ച്‌ തന്നെ നശിപ്പിക്കാന്‍ തീരുമാനമായി. നേതാവായ അംറുബ്നുഹിശാം മുഹമ്മദിനെ(സ) ജീവനോടെയോ അല്ലാതെയോ പിടിക്കുന്നവര്‍ക്കായി നൂറ്‌ ചെമന്ന ഒട്ടകം പ്രതിഫലം പ്രഖ്യാപിച്ചു. ഈ കൂറ്റന്‍ പ്രതിഫലം അറിഞ്ഞ പലരും നബിതിരുമേനി(സ)യേയും സിദ്ദീഖി(റ)നേയും തേടിയിറങ്ങി

അതില്‍ ഉമയ്യത്ത്ബ്നു ഖലഫിന്റെ സംഘം സൌര്‍ ഗുഹയുടെ സമീപമെത്തി. ഗുഹമുഖത്തൂടെ കടന്ന് പോവുന്ന ശത്രു സംഘത്തെ ഭയപ്പാടോടെ നോക്കി സിദ്ധീഖ്‌(റ) മന്ത്രിച്ചു... "നബിയേ... അവര്‍ അവരുടെ കാലിലേക്ക്‌ നോക്കിയാല്‍ നമ്മളെ കാണും. ഞാന്‍ വധിക്കപ്പെട്ടാല്‍ പ്രത്യേകിച്ചൊന്നും നഷ്ടപെടാനില്ല. പക്ഷേ അങ്ങ്‌ ഈ ലോകത്തിന്‌ അനുഗ്രഹമാണ്‌..." വിറക്കുന്ന സിദ്ധീഖി(റ)നെ അവിടുന്ന് അശ്വസിപ്പിച്ചു... "മുന്നാമനായി അല്ലാഹു കൂട്ടിനുള്ള ഈ രണ്ടുപേരെ കുറിച്ച്‌ താങ്കളെന്തിന്‌ വേവലാതിപ്പെടണം... നമ്മോടൊപ്പം അല്ലാഹുവുണ്ട്‌."

ഗുഹമുഖത്തെത്തിയവരില്‍ ഒരാള്‍ അതിനകത്ത്‌ അന്വേഷണത്തിനായി തുനിഞ്ഞു. ഗുഹാമുഖത്തെ എട്ടുകാലി വല കണ്ടപ്പോള്‍ സംഘനേതാവായ ഉമയ്യത്ത്‌ പറഞ്ഞെത്രെ... നീ ഇത്ര വിഡ്ഢിയാണൊ... ആ ഗുഹാമുഖത്തെ ചിലന്തി വലയുടെ പഴക്കം നീ ശ്രദ്ധിച്ചോ... മുഹമ്മദ്‌ ജനിക്കും മുമ്പുള്ളതായിരിക്കും അത്‌. എന്നിട്ടും അതിനക്കത്ത്‌ മുഹമ്മദുണ്ടെന്ന് പറയുന്നോ... ഇത്രയും പറഞ്ഞ്‌ സംഘം നീങ്ങി.


മൂന്ന് ദിവസം ആ ഇരുണ്ട ഗുഹയ്കകത്ത്‌. അതിന്‌ ശേഷം യാത്ര പുനരാരംഭിച്ചു... മക്കയില്‍ നിന്ന് മദീനയിലേക്ക്‌. ചുട്ട്‌ പൊള്ളുന്ന ആ ജൂണ്മാസത്തില്‍ പകല്‍ വിശ്രമിച്ച്‌ രാത്രിയില്‍ അവര്‍ യാത്ര തുടര്‍ന്നു. ശത്രുകള്‍ അന്വേഷണം ഉപേക്ഷിച്ചെങ്കിലും ഒരാള്‍ അവിടുന്നിനെ തേടിയെത്തി. അത്‌ സുറാഖയായിരുന്നു.

നൂറ്‌ ഒട്ടകവും സമൂഹത്തിലെ ഉന്നത പദവിയും മോഹിച്ചാണ്‌ സുറാഖ അന്വേഷിച്ചിറങ്ങിയത്‌. യാത്രയില്‍ ഇടയ്കിടേ നബിതിരുമേനി(സ0യും അബൂബക്കറും(റ) സഞ്ചരിച്ച ഒട്ടകങ്ങള്‍ ബാക്കി വെച്ച അടയാളങ്ങള്‍ നോക്കി, താന്‍ ശരിയായ ദിശയില്‍ തന്നെയാണെന്ന് അദ്ദേഹം ഉറപ്പ്‌ വരുത്തികൊണ്ടിരിന്നു. ഇടയ്ക്‌ ദൂരെ രണ്ടു ഒട്ടകങ്ങളെ... അദ്ദേഹത്തിന്റെ മനസ്സ്‌ പിടഞ്ഞു. ആ ഒട്ടകങ്ങളില്‍ ഒന്നില്‍ മുഹമ്മദും (സ) മറ്റേത്‌ അബൂബക്കറു(റ)മാണ്‌. പിടികൂടിയാല്‍ നൂറ്‌ ഒട്ടകവും സമൂഹത്തില്‍ ഉന്നത സ്ഥാനവും സ്വന്തം... സ്വപ്നത്തിന്റെ ചിറകിലേറുമ്പോള്‍ സുറാഖ കുതിരയുടെ വേഗം വര്‍ദ്ധിപ്പിച്ചു... അടുത്തെത്താറായപ്പോള്‍ സുറാഖയുടെ കുതിരയുടെ മുന്‍ കാലുകള്‍ മണലില്‍ ആഴ്‌ന്നു... അദ്ദേഹം തെറിച്ച്‌ താഴേ വീണു. ഏണീറ്റ് വീണ്ടും സുറാഖ യാത്ര തുടര്‍ന്നെങ്കിലും പഴയപോലെ തന്നെ കുതിരക്കുളമ്പുകള്‍ മരുഭൂമിയില്‍ താഴ് ന്ന് പോയി. സുറാഖക്ക്‌ സംശയമായി... മരുഭൂമിയില്‍ യാത്ര ചെയ്ത്‌ പരിചയമുള്ള കുതിര തന്നെ... മുന്നാമതും സംഭവിച്ചപ്പോള്‍ സുറാഖ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞെത്രെ...

"ഒന്ന് നില്‍ക്കണേ..."

ആ ശബ്ദം കേട്ടാണ്‌ നബിതിരുമേനിയും അബൂബക്കറും തിരിഞ്ഞ്‌ നോക്കിയത്‌. സുറാഖ കുനിഞ്ഞ ശിരസ്സുമായി അവരുടെ അടുത്തെത്തി. തന്റെ ആഗമന ഉദ്ദേശ്യം പറഞ്ഞു... കൂടെ ഒരു വാചകവും. അങ്ങയെ തടയാന്‍ എനിക്കാവില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു... ഞാന്‍ തിരിച്ച്‌ പോവുകയാണ്‌. ഇനി ഒരാളും അങ്ങയേ തേടി ഈ വഴിക്ക്‌ വരില്ലന്ന് ഞാന്‍ ഉറപ്പ്‌ തരാം. ഇവിടെ വെച്ച്‌ അങ്ങയെ കണ്ടുമുട്ടിയതിന്‌ ഒരു സാക്ഷ്യപത്രം എഴുതിതരുമോ... അക്ഷരഭ്യാസമില്ലാത്ത പ്രവാചകന്‍ സിദ്ധീഖിനെ അതിന്‌ ചുമതലപ്പെടുത്തി. തലയെടുക്കാന്‍ വന്ന സുറഖ തലതാഴ്ത്തി തിരിച്ചു നടന്നു...

വൃദ്ധന്റെ വാക്കുകളില്‍ ആവേശം അലതല്ലുന്നുണ്ട്‌. എന്റെ മനസ്സ്‌ ആ ഹിജറക്ക്‌ ഏതാനും വര്‍ഷം പിന്നിലേക്ക്‌ സഞ്ചരിച്ചു..

അതേ മക്ക... അതേ അബൂജഹല്‍ എന്നറിയപ്പെടുന്ന അംറുബ്നു ഹിശാം,,, അതേ ഉമയ്യത്ത്‌... അതേ ഉത്ബത്തും ശൈബത്തും... മറ്റു പ്രമാണികളും... അന്ന് മക്കയില്‍ ഒരു ചര്‍ച്ച നടക്കുന്നു. വിഷയം ആചാരനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യുന്ന മുഹമ്മദിനെ എങ്ങനെ സ്വാധീനിക്കാം എന്നത്‌ തന്നെ.

അബൂജഹല്‍ വിഷയം അവതരിപ്പിച്ചു. ചിലര്‍ നടുകടത്താം എന്ന് അഭിപ്രായപ്പെട്ടു. ആ നാട്ടില്‍ മുഹമ്മദ്‌ അനുയായികളേ സൃഷ്ടിച്ചാല്‍ അത്‌ നാളെ നമുക്ക്‌ തന്നെ തലവേദനയാവുമെന്ന് ദീര്‍ഘദൃഷ്ടിയോടെ മറ്റൊരാള്‍ ചിന്തിച്ചു... അപ്പോഴാണ്‌ സദസ്സില്‍ നിന്ന് ആരോ പറഞ്ഞത്‌... "ഒരു വഴിയുണ്ട്‌. അത്‌ മാത്രമാണ്‌ ഈ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം."

സദസ്സ്‌ നിശ്ശബ്ദമായി... അയാള്‍ തുടര്‍ന്നു "മറ്റൊന്നുമല്ല... മുഹമ്മദ്‌ (സ) ജീവനോടെയിരിക്കരുത്‌. ഈ പുതിയ ചിന്തയെ മുളയിലേ നുള്ളിയില്ലങ്കില്‍ നമ്മുടെ ഗോത്ര സംസ്കാരത്തിന്റെ അന്ത്യം അധികം വൈകാതെ സംഭവിക്കും"

എല്ലാവരും തലകുലുക്കി സമ്മതിച്ചു.

പക്ഷേ പൂച്ചക്ക്‌ ആര്‌ മണികെട്ടും എന്ന ചോദ്യമുയര്‍ന്നു. മുഹമ്മദിന്റെ ഗോത്രമായ 'ഹാശിമി' മക്കയിലെ പ്രബല ഗോത്രമാണ്‌. ഒട്ടനവധി യോദ്ധാക്കളുടെ കുടുംബം. ആ രക്തത്തെ നോവിച്ചവനും കുടുബവും ആ ഗോത്ര പ്രതികാരത്തിന്‌ ഇരയാവും എന്നത്‌ മൂന്ന് തരം. അറിഞ്ഞ്‌ കൊണ്ട്‌ അത്തരം ഒരു അബദ്ധത്തിന്‌ ആരും തയ്യാറായില്ല. പരസ്പരം നോക്കുന്ന അവര്‍ക്കിടയില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റു
അദ്ദേഹത്തിന്റെ സദസ്യര്‍ക്ക്‌ പരിചയമുണ്ട്‌. അവര്‍ക്കിടയില്‍ അക്ഷരാഭ്യാസം ലഭിച്ച ചുരുക്കം ചിലരില്‍ ഒരാള്‍. മക്കാകാര്‍ നേരെ നിന്ന് സംസാരിക്കാന്‍ ഭയപ്പെടുന്ന വ്യക്തി. ഒരു കുന്നില്‍ കാറ്റ്‌ കൊള്ളാനെത്തിയാല്‍ മറ്റാര്‍ക്കും ആ വഴി നടക്കാന്‍ പാടില്ലെന്ന് ഒരു നാട്ടുകാരോട്‌ കല്‍പ്പികാന്‍ മത്രം പോന്നവന്‍... കച്ചവട സംഘങ്ങളുടെ പേടി സ്വപ്നം... മക്കക്കാര്‍ ഒട്ടനവധി വിശേഷണങ്ങള്‍ ചാര്‍ത്തികൊടുത്തിരുന്നു ആ മനുഷ്യരൂപത്തിന്‌.

അദ്ദേഹം ദൌത്യം ഏറ്റെടുത്തതോടെ അബൂജഹലിനും മക്കക്കാര്‍ക്കും മുഹമ്മദിന്റെ നിമിഷങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പായിരുന്നു. "ഇപ്പോള്‍ തന്നെ മുഹമ്മദിന്റെ തലയുമായി തിരിച്ചെത്താം" എന്ന് വാഗ്ദാനവുമായി അദ്ദേഹം സദസ്സില്‍ നിന്ന് ഇറങ്ങി.

വഴിയില്‍ വെച്ച്‌ കണ്ട ഒരാളോട്‌ യാത്രയുടെ ഉദ്ദേശ്യം വിശദീകരിക്കവേ അയാള്‍ പുച്ഛത്തോടെ ചിരിച്ചു. കൂടെ "സ്വന്തം വീട്ടുകാരെ ശരിയാക്കാന്‍ ശ്രമിക്കൂ ആദ്യം. എന്നിട്ട്‌ പോരെ അന്യനായ മുഹമ്മദിന്റെ കാര്യം" എന്ന് കൂട്ടി ചേര്‍ക്കുകയും ചെയ്തു.

"എന്റെ കുടുബത്തിന്‌ ഇതില്‍ എന്ത്‌ കാര്യം" എന്ന് ദേഷ്യത്തോടെ അന്വേഷിച്ചു അദ്ദേഹം...

"അറിയില്ല അല്ലേ... നിങ്ങളുടെ പെങ്ങളും അവരുടെ ഭര്‍ത്താവും മുഹമ്മദിന്റെ അനുയായികളാണ്‌ മനുഷ്യാ... ആദ്യം അവരെ സ്വന്തം അനുയായാക്ക്‌... എന്നിട്ട്‌ പോരെ" മുഴുവന്‍ കേള്‍ക്കും മുമ്പേ അദ്ദേഹം പെങ്ങളുടെ വീട്ടിലേക്ക്‌ തിരിച്ചു... അടുത്തെത്തിയപ്പോള്‍ തന്നെ അകത്ത്‌ നിന്നുയരുന്ന പുതുമയുള്ള ശബ്ദം അദ്ദേഹം ശ്രദ്ധിച്ചു... "ഗദ്യമോ പദ്യമോ അല്ലാത്ത വല്ലത്ത വശീകരണ ശക്തിയുള്ള വാക്കുകള്‍"

വാതിലില്‍ ശക്തമായി മുട്ടികൊണ്ട്‌ പെങ്ങളെ വിളിച്ചു... ആ ശബ്ദം കേട്ട്‌ പെങ്ങളും ഭര്‍ത്താവും വിറച്ചുപോയി. തന്റെ സഹോദരന്‍ ശബ്ദത്തിലെ ഗൌരവം ഫാത്തിമ മനസ്സിലാക്കി... പുറത്ത്‌ കയ്യില്‍ വാളുമായി സഹോദരന്‍... ഫാത്തിമ ഭയപ്പാടോടെ വാതില്‍ തുറന്നു. നിങ്ങള്‍ മുഹമ്മദിന്റെ അനുയായികളായോ എന്നായിരുന്നു ആദ്യന്വേഷണം. പിന്നെ എന്താണ്‌ പാരായണം ചെയ്തിരുന്നത്‌... അത്‌ കാണണം എന്ന വാശിയും. എതിര്‍ത്ത്‌ സംസാരിച്ച സഹോദരീ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു... അത്‌ തടയാനെത്തിയ സഹോദരിയേയും... ഇതിനിടയില്‍ അവരുടെ ശരീരത്തില്‍ വാള്‌ തട്ടി... രക്തം ഒഴുകി... അതോടെ അദ്ദേഹം ഒന്ന് തണുത്തു.

"പാരായണം ചെയ്തിരുന്നത്‌ എന്താണ്‌ അത്‌ തരൂ.."

അത്‌ പ്രവാചകന്‌ ദൈവത്തില്‍ നിന്ന് ലഭിക്കുന്ന വെളിപാടായ ഖുര്‍ആന്‍ ആണെന്നും കുളിച്ച്‌ വൃത്തിയായി വന്നാല്‍ അത്‌ വായിക്കാന്‍ നല്‍കാമെന്നും അവര്‍ ആ സഹോദരനോട്‌ പറഞ്ഞു. അദ്ദേഹം കുളിച്ച്‌ വന്നു... ആദ്യമായി പാരായണം ആരംഭിച്ചു...

ആ മനസ്സ്‌ ഉരുകാന്‍ തുടങ്ങി... അതിമനോഹര ഭാഷയില്‍, ഹൃദയാവര്‍ജ്ജകമായ ശൈലിയില്‍ മനുഷ്യനോട്‌ സംസാരിക്കുന്ന ഈ സൂക്തങ്ങള്‍ മനുഷ്യന്റെ കഴിവിനപ്പുറത്തുള്ളതാണെന്ന് എനിക്ക്‌ ബോധ്യമാണെന്നും മുഹമ്മദിനെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ മക്കയിലെ ആ അറിയപ്പെട്ട റൌഡി പ്രവാചകനെ കാണാനായി പുറപ്പെട്ടു. ദൂരെ നിന്ന് തന്നെ വാളുമായി വരുന്ന അദ്ദേഹത്തെ കണ്ട്‌ പ്രവാചക അനുയായികളും ഭയപ്പെട്ടു പോയി. "ഉമര്‍ താങ്കളുടെ ഉദ്ദേശ്യം നല്ലതെങ്കില്‍ സ്വാഗതം. അല്ലെങ്കില്‍ ഇങ്ങനെ തന്നെ തിരിച്ച്‌ പോവാം എന്ന് കരുതരുത്‌.' എന്ന് അവരില്‍ ഒരാള്‍ പറഞ്ഞപ്പോഴേക്കും ഈ ധീരന്‍ പ്രവാചക സവിധത്തിലെത്തി... ആദ്യം പറഞ്ഞു "ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു ആരാധനക്ക്‌ അര്‍ഹന്‍ അല്ലാഹു മത്രമാണെനും അങ്ങ്‌ അവന്റെ പ്രവാചകന്‍ ആണെന്നും"

അടുത്ത വചകം ചരിത്ര പ്രസിദ്ധമാണ്‌. "പ്രവാചകരേ അങ്ങ്‌ പ്രബോധനം ചെയ്യുന്ന ഈ ദര്‍ശനം ഇങ്ങനെ രഹസ്യമാക്കി വെക്കെണ്ടതണോ... എന്ത്‌ കൊണ്ട്‌ ഇത്‌ പരസ്യമക്കുന്നില്ല. കൂടുതല്‍ ആളുകള്‍ ഇത്‌ പരിചയപ്പെടട്ടേ..."

അന്നേ വരെ കാണാത്ത ഒരു കാഴ്ചക്ക്‌ അന്ന് മക്കയുടേ തെരുവോരങ്ങള്‍ സാക്ഷിയായി... രണ്ടു വരിയില്‍ നീങ്ങുന്ന ഒരു പ്രകടനം... "അല്ലാഹുവാണ്‌ മഹാന്‍" എന്ന് ഉച്ചത്തില്‍ വിളിച്ച്‌ അതിലൂടെ കടന്ന് പോയി. വരികളില്‍ ഒന്നിന്‌ മുമ്പില്‍ ഹംസ(റ) എന്ന പ്രവാചക അനുയായിയും രണ്ടാമത്തേതിന്‌ മുമ്പില്‍ കുറച്ച്‌ മുമ്പ്‌ പ്രവാചക ശിരസ്സിനായി ഇറങ്ങി അനുയായി ആയ, പില്‍കാലത്ത്‌ ചരിത്രത്തിലുടനീളം പ്രസിദ്ധനായ ഖലീഫ ഉമറുമായിരുന്നു... മുഹമ്മദിന്റെ ശിരസ്സ്‌ പ്രതീക്ഷിച്ചിരുന്ന ഗ്രോത്രത്തലവന്മാര്‍ക്ക്‌ മുമ്പിലൂടെ ശിരസ്സുയര്‍ത്തിപ്പിടിച്ച്‌ ഉമറിന്റെ നേതൃത്വത്തില്‍ ആ സംഘം മുന്നൊട്ട്‌ നീങ്ങി.

നമുക്ക്‌ യാത്ര പുനാരംഭിക്കാന്‍ സമയമായി... പ്രഭാത നമസ്കാരം പ്രവാചകരുടെ മസ്ജിദില്‍ വെച്ച്‌... ദൈവാനുഗ്രഹം ഉണ്ടെങ്കില്‍... എന്ന ശബ്ദമാണ്‌ തിരിച്ച്‌ മരുഭൂമില്‍ എത്തിച്ചത്‌. എല്ലാവരും അവരവരുടെ വാഹനത്തിനടുത്തേക്ക്‌ നടന്നു.





* Thed Decline and fall of the Roman Empire Vol-2/Chapter 50 - Encyclopedia britanica Publication

* പ്രവാചകരുടെ ഈ പലയാനത്തെ അടിസ്ഥാനമാക്കിയാണ്‌ ഹിജ്‌റ വര്‍ഷം കണക്കാക്കുന്നത്‌. പ്രവാചകന്റെ വിയോഗ ശേഷം ഖലീഫ ഉമറിന്റെ ഭരണകാലത്താണ്‌ ഇങ്ങനെ ഒരു സംവിധാനം നിലവില്‍ വന്നത്‌.
ഇത്‌ ഹിജ്‌റ വര്‍ഷം : 1428. (അതായത്‌ ഹിജ്‌റക്ക്‌ ശേഷം 1428 വര്‍ഷം കഴിഞ്ഞിരിക്കുന്നു)
1.മുഹറം, 2.സഫര്‍, 3.റബീഉല്‍ അവ്വല്‍, 4.റബീഉല്‍ ആഖിര്‍, 5.ജമാദുല്‍ അവ്വല്‍, 6.ജമാദുല്‍ ആഖിര്‍, 7.റജബ്‌, 8.ശഅബാന്‍, 9.റമദാന്‍, 10.ശവ്വാല്‍, 11. ദുല്‍ഖഅദ്‌, 12. ദുല്‍ഹിജ്ജ എന്നിങ്ങനെ പന്ത്രണ്ട്‌ മാസങ്ങളാണ്‌ ഹിജറ വര്‍ഷത്തില്‍ ഉപയോഗിക്കുന്നത്‌.

20 comments:

Rasheed Chalil said...

സാര്‍ത്ഥവാഹ സംഘത്തോടൊപ്പം പത്താം ഭാഗം പോസ്റ്റുന്നു.

ഏറനാടന്‍ said...

ഇത്തിരിമാഷേ.. കലുഷിതമാം മനസ്സിനെ കുളിര്‍പ്പിക്കുമീ സദ്‌വചനനീറുറവയാണീ "സാര്‍ത്ഥവാഹക സംഘത്തോടൊപ്പം."

Unknown said...

ഇത്തിരീ :)
ഒത്തിരി നന്നായിരിക്കുന്നു ഈ അദ്ധ്യായവും

യാത്ര തുടരൂ...

Murali K Menon said...

ഇത്തരം ഒരു പോസ്റ്റിംഗ് കിട്ടിയതില്‍ എനിക്ക് ഒരുപാടു സന്തോഷമുണ്ട്. മറ്റെവിടെ നിന്നും കിട്ടാനിടയില്ലാത്ത ചില വിവരണങ്ങള്‍, നന്നായ് എഴുതിയിര്‍ക്കുന്നു. നന്ദി

മുസാഫിര്‍ said...

പല പുതിയ അറിവുകളും കിട്ടി.ഖലീഫാ ഉമറിനെക്കുറിച്ചും ഹിജ്‌റ വര്‍ഷത്തെക്കുറിച്ചും മറ്റും.ഒത്തിരി നന്ദി ഇത്തിരി..

ചെറുശ്ശോല said...

ഇത്തിരി ഒതിരി നന്നാവൂന്നു ഒരൊ അദ്യായങലും , തുടരട്ടെ ഇനിയും .

മയൂര said...

നന്നായിരിക്കുന്നു ഈ അദ്ധ്യായവും ...

G.MANU said...

wow..what an informative post..pls continue

ചീര I Cheera said...

ഇത്തിരീ, എല്ലാം വളരെ താല്പര്യത്തോടു കൂടി തന്നെ വായിയ്ക്കുന്നു..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരുപാട് പുതിയ അറിവുകള്‍ക്ക് നന്ദി..

:: niKk | നിക്ക് :: said...

പുതിയ പുതിയ അറിവുകള്‍ക്കൊപ്പം, ഇത്തവണ ഞാന്‍ കൌതുകത്തോടെ ശ്രദ്ധിച്ചത് ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന ചില പേരുകളാണ്...

ഒത്തിരീ നന്ദി :)

ജാസൂട്ടി said...

ഭാഗം 7 മുതലാണ്‌ ഇതു ശ്രദ്ധയില്‍പ്പെട്ടത്. ഇപ്പോള്‍ ഇതു വരെയുള്ള എല്ലാ ഭാഗങ്ങളും വായിച്ചു.
മറ്റുള്ളവര്‍ക്ക് ഈ അറിവു പകര്‍ന്നു നല്‍കാന്‍ സന്മനസു കാണിച്ച താങ്കള്‍ക്ക് അഭിനന്ദങ്ങള്‍...
ഓരോ ഭാഗങ്ങളും വളരെ മനോഹരമാകുന്നു...

Areekkodan | അരീക്കോടന്‍ said...

ഹിജ്‌റ വരെയുള്ള ഈ ക്രമീകരണം നന്നായി.ഇതേ ശൈലിയില്‍ തന്നെ ബാക്കി ഭാഗങ്ങള്‍ കൂടി പ്രതീക്ഷിക്കുന്നു.....ആശംസകള്‍..

മഴത്തുള്ളി said...

ഇത്തിരീ,

എന്നത്തേയും പോലെ വളരെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ പോസ്റ്റ് ഉപകരിച്ചു. ആശംസകള്‍.

Mubarak Merchant said...

പ്രവാചക സ്നേഹം നിറഞ്ഞു നില്‍ക്കുന്ന ഈ പരമ്പരയില്‍ ദൈവദൂതന്റെ ജീവിതത്തിന്റെ ആദ്യഘട്ടം ഏതാണ്ട് പൂര്‍ണ്ണമായെന്ന് തോന്നുന്നു. ഇതുവരെ വളരെ ഹൃദയഹാരിയായിത്തന്നെ പറഞ്ഞിരിക്കുന്നു.

ജന്മിച്ച മണ്ണിലെ പീഢനകാലം കഴിഞ്ഞ് ഒരു ‘സമഗ്ര ജീവിത സംഹിത’യായി ഇസ്ലാം വളര്‍ന്നത് ദൈവദൂതന്റെയും അനുയായികളുടെയും മദീനാ വാസക്കാലത്താണല്ലോ.
നൂറ്റാണ്ടുകളേറെ കഴിഞ്ഞിട്ടും ഇസ്ലാം പ്രചരിച്ചത് സമാധാനത്തിലൂടെയോ അതോ യുദ്ധത്തിലൂടെയോ എന്ന വിഷയത്തില്‍ അജ്ഞതയും തെറ്റു ധാരണകളും ഇന്നും നിലനില്‍ക്കുന്നുണ്ട്.

വായനക്കാര്‍ക്ക് സത്യവും മിഥ്യയും തിരിച്ചറിഞ്ഞ് ആസ്വദിച്ചു വായിക്കാന്‍ കഴിയുന്ന തരത്തില്‍ സൂക്ഷ്മതയോടെ ആയിരിക്കട്ടെ ഇനിയുള്ള ഭാഗങ്ങളുടെ രചന എന്ന് ആശംസിക്കുന്നു.

വേണു venu said...

ഒരുപാടു് പുതിയ അറിവുകള്‍‍ പകരുന്നു ഇത്തിരി. തുടരുക.
യാത്ര ആരംഭിക്കട്ടെ.:)

സുല്‍ |Sul said...

“അങ്ങനെ സാര്‍ത്ഥവാഹക സംഘം” നബിയുടെ ഹിജ്‌റ വരെയെത്തി നില്‍ക്കുന്നു. ഇത്രയും പറഞ്ഞതെല്ലാം നന്നായിരുന്നു. ഇത്തിരിയുടെ വാക്കുകളിലൂടെ, മുഹമ്മദ് നബി (സ.അ) യുടെ ജീവിതത്തിന്റെ ബാക്കി അദ്ധ്യായങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുന്നു.

-സുല്‍

Anonymous said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം പത്താം ഭാഗം കഴിയുമ്പോള്‍ താങ്കള്‍ക്ക് അഭിമാനിക്കാം. നബിതിരുമേനിയുടേ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടം പറയാന്‍ കഴിഞ്ഞതിന്. ഒരുപാട് അറിവ് പകരാന്‍ കഴിഞ്ഞതിന്.

ഒരു യാത്രക്കാരന്റെ ഭാണ്ഡവുമായി താങ്കള്‍ ഈ ചരിത്രത്തിന്റെ ഇടനാഴികകളിലൂടെ സഞ്ചരിക്കുമ്പോള്‍ കൂടെ ഞങ്ങള്‍ക്ക് കൂടി സഞ്ചരിക്കാനാവുന്നു. തുടരുക ഈ യത്ര. അഭിവാദ്യങ്ങള്‍.

Rasheed Chalil said...

വായിച്ച് അഭിപ്രയം അറിയിച്ച
ഏറനാടന്‍.
പൊതുവാള്‍.
മുരളി മേനോന്‍.
മുസാഫിര്‍.
ചെറുശ്ശോല.
മയൂര.
ജി.മനു.
പി ആര്‍.
കുട്ടിച്ചാത്തന്‍.
നിക്ക്.
ജാസു.
അരീക്കോടന്‍.
മഴത്തുള്ളി.
ഇക്കാസ്.
വേണു.
സുല്‍.
സലാം.
എല്ലവര്‍ക്കും ഒത്തിരി നന്ദി.

സജി ലബ്ബ said...

Very Heartfull...
No other word to explain it.
All the Best.....
Yathra Thudarooo

Oru Madinah Prawasi...
Saji Mohammed