Thursday, October 4, 2007

സുഗന്ധം.

പന്ത്രണ്ട്.

വിശുദ്ധ നഗരത്തിന്റെ കാവല്‍ക്കാരനെന്നോണം തല ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന ഉഹ്ദ്‌ മലയുടെ നിഴലില്‍, വിഭാതത്തിന്റെ വിശുദ്ധിയുമായി പ്രവാചക നഗരം കണ്ണെത്തും ദൂരത്ത്‌ പരന്ന് കിടക്കുന്നു. നനച്ച മണലും ഈന്തപ്പന തണ്ടുകളും കൊണ്ട്‌ നിര്‍മ്മിച്ച പഴയകാല കുടിലുകള്‍ക്ക്‌ പകരം കോണ്‍ക്രീറ്റ്‌ സൌധങ്ങള്‍ നിറഞ്ഞ നഗരത്തിന്റെ വിദൂര ദൃശ്യം കാണുന്നുണ്ട്‌.
അതിര്‍ത്തിയില്‍ വെച്ച്‌ ഒട്ടകങ്ങളോട്‌ വിടപറഞ്ഞു. രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും ചലനത്തിലും സൌമ്യത സൂക്ഷിക്കുന്ന, മിണ്ടാപ്രാണികളായ ആ സഹയാത്രികരോട്‌ യാത്രപറഞ്ഞിട്ടും അവയുടെ സാമിപ്യം മനസ്സില്‍ ഒരു ചെറുനൊമ്പരമായി ബാക്കി നില്‍ക്കുന്നു.

ഒരാള്‍ ഞങ്ങള്‍ക്ക് നേരെ നടന്നടുത്തു. മദീനയില്‍ കണ്ട്‌ മുട്ടുന്ന ആദ്യ മദീനക്കാരന്‍. ഓരോരുത്തരേയും പരിചയപ്പെട്ട്‌ ആലിംഗനം ചെയ്ത്‌ സ്വീകരിക്കുമ്പോള്‍ "സഹോദരാ താങ്കള്‍ക്ക്‌ പ്രവാചക നഗരത്തിലേക്ക്‌ സ്വാഗതം" എന്ന് പതുങ്ങിയ സ്വരത്തില്‍ അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവസാന യാത്രികനേയും പരിചയപ്പെട്ട ശേഷം തൊട്ടടുത്ത ടെന്റിലേക്ക്‌ ക്ഷണിച്ചു. കൂടെ 'എന്നോടൊപ്പം അഞ്ച്‌ മിനുട്ട്‌ ചിലവഴിക്കണം' എന്ന അഭ്യര്‍ത്ഥനയും. ഇത്രയും സ്നേഹപൂര്‍വ്വം ഒരാള്‍ നിര്‍ബന്ധിക്കുന്നത്‌ ആദ്യമായിട്ടാണ്‌. മറുത്തൊന്നും പറയാന്‍ ശക്തിയില്ലാതെ അദ്ദേഹത്തോടൊപ്പം നടന്നു.

യാത്ര വിശേഷങ്ങള്‍ അന്വേഷിച്ച് പതുക്കെ നീങ്ങുന്ന ആ മധ്യവയസ്കന്റെ കൂടെ നടക്കുമ്പോള്‍, ഈ മണ്ണിന്റെ ഒരു പിടി മുഷ്ടിയില്‍ അടക്കി ചെവിയോട്‌ ചേര്‍ത്താല്‍ അതിന്റെ ആത്മകഥ കേള്‍ക്കാന്‍ കഴിയുമെന്ന് തോന്നി. മദീനയുടെ തെരുവുകള്‍ എന്തൊക്കെ കണ്ടിരിക്കും... ഹിജ്‌റ മുതല്‍ വിയോഗം വരെ പത്ത്‌ വര്‍ഷം... പ്രവാചകന്‍, ഭരണാധികാരി, ന്യായാധിപന്‍, സൈന്യധിപന്‍... എല്ലാം അടങ്ങിയ അനുപമ വ്യക്തിത്വത്തിന്റെ ആയുസ്സിലെ പത്ത്‌ വര്‍ഷം... എല്ലാറ്റിനും ഈ മണല്‍ തരികളും ദൂരെ ഉയര്‍ന്ന് നില്‍ക്കുന്ന ഉഹ്‌ദും സാക്ഷി.

ഒരു നിമിഷം ‘The 100: A Ranking Of The Most Influential Persons In History‘ എന്ന മൈക്കിള്‍ എച്ച് ഹാര്‍ട്ടിന്റെ പുസ്തകത്തിലെ ആദ്യഭാഗം ഓര്‍ത്തുപോയി. ലോകത്ത് ജീവിച്ച നൂറ് മഹാന്മാരെ തിരഞ്ഞെടുത്ത അദ്ദേഹം അതില്‍ ഒന്നാം സ്ഥാനം എന്ത് കൊണ്ട് മുഹമ്മദ് നബിക്ക് നല്‍കി എന്ന് ആദ്യ ഖണ്ഡികയില്‍ തന്നെ വിശദീകരിക്കുന്നുണ്ട്.

“My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels...“

ഈ മണ്ണില്‍ കാല്‍ പതിയുമ്പോള്‍ ശരീരം മുഴുവന്‍ കുളിര്‌ പായുന്നു. പൂര്‍വ്വസൂരികളുടെ കാല്‍പ്പാടുകളുടെ ചൂടിന്റെ സുഗന്ധം പേറി പരന്ന് കിടക്കുന്ന മദീനയുടെ, അതിര്‍ത്തിയിലെ ആ പഴയ ടെന്റില്‍ ചൂടുള്ള ചായ പതുക്കെ കുടിക്കുമ്പോള്‍, മനസ്സില്‍ അവിടുന്ന് ആ സമൂഹത്തെ സംസ്കരിച്ച രീതി ശാസ്ത്രമായിരുന്നു. ആട് മേച്ച്‌ നടന്നിരുന്ന സംസ്കാര ശൂന്യര്‍ക്കിടയില്‍ സംസ്കാരത്തിന്റെ ഒരു കൈത്തിരി വെട്ടം തെളിക്കാന്‍ അനുഭവിച്ച ത്യാഗങ്ങളുടെ ഓര്‍മ്മകളായിരുന്നു. അതിനായി അനുഭവിച്ച മര്‍ദ്ദനങ്ങളും പരിഹാസങ്ങളുമായിരുന്നു.അതിനായി സ്വീകരിച്ച അധ്യാപന രീതികളായിരുന്നു.

മദീനയിലെ ഒരു സദസ്സാണ് ഓര്‍മ്മയിലെത്തിയത്. ചുറ്റും ഇരിക്കുന്ന അനുയായികള്‍ക്കിടയില്‍ ചന്ദ്രശോഭയോടെ പ്രവാചകന്‍(സ)‍. ആ സമയത്താണ് വെപ്രാളത്തോടെ ഒരു മധ്യവയസ്കന്‍ സദസ്സിലെത്തിയത്. വന്നപാടെ മറ്റൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം ആഗമനോദ്ദേശ്യം അറിയിച്ചു. "എനിക്ക്‌ വ്യഭിചരിക്കണം... അതിന്‌ അങ്ങ്‌ എന്നെ അനുവാദിക്കണം." ആ സദസ്സിന് അത് അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു. നിശബ്ദരായിരിക്കുന്ന സദസ്യര്‍ക്ക് മധ്യേ അദ്ദേഹം വീണ്ടും ആവശ്യം ആവര്‍ത്തിച്ചു.

നബിതിരുമേനി സ്നേഹപ്പൂര്‍വ്വം അദ്ദേഹത്തെ തന്റെ സമീപത്തേക്ക് ക്ഷണിച്ചു. അടുത്തിരുത്തി വിവരങ്ങള്‍ ആരായാന്‍ തുടങ്ങി. ഒരോ കാര്യങ്ങളും പറയുന്നതിനിടെ അയാള്‍ ആഗമനോദ്ദേശ്യം ആവര്‍ത്തിച്ച്‌ കൊണ്ടിരുന്നു. അവിടുന്ന് പതുങ്ങിയ സ്വരത്തില്‍ അദ്ദേഹത്തോട്‌ ചോദിച്ചു..

"സഹോദരാ... വീട്ടില്‍ നിങ്ങളുടെ സഹോദരിയുണ്ടൊ... ?"

അദ്ദേഹം “അതെ“ എന്ന് മറുപടി പറഞ്ഞു. "അവരെ ഒരാള്‍ വ്യഭിചരിക്കുന്നത്‌ താങ്കള്‍ ഇഷ്ടപ്പെടുമോ... ?

പരുഷവും കര്‍ക്കശവുമായ സ്വരത്തില്‍ അദ്ദേഹം പെട്ടന്ന് പ്രതികരിച്ചു.. "ഇല്ല... ഒരിക്കലുമില്ല."

"താങ്കളുടെ മാതാവിനെ ആരെങ്കിലും നശിപ്പിക്കുന്നത്‌ താങ്കള്‍ ഇഷ്ടപ്പെടുമോ... ?"
കൂരമ്പുപോലെ തറക്കുന്ന ചോദ്യത്തില്‍ ആ മനുഷ്യന്‍ ഒന്ന് പിടഞ്ഞു. "അവന്റെ വംശനാശം വരുത്തും ഞാന്‍" അയാള്‍ ക്രൂദ്ധനായി.

"താങ്കള്‍ക്ക്‌ പെണ്മക്കളുണ്ടോ... ?"

"ഉണ്ട്‌"

"അവരെ ആരെങ്കിലും വ്യഭിചരിച്ചാലോ...?"

"അത്‌ എനിക്ക്‌ അസഹ്യമാണ്‌. ആരായലും അവനെ ഞാനും നശിപ്പിക്കും"

അവസാനത്തെ ചേദ്യവും അവിടുന്ന് മൊഴിഞ്ഞു "താങ്കളുടെ ഭാര്യയെ ആരെങ്കിലും വ്യഭിചരിച്ചാലോ... ?"

"അവനെ ഞാന്‍ നശിപ്പിക്കും. അവന്റെ കുടുബത്തെ ഈ ലോകത്ത്‌ ഞാന്‍ ബാക്കിവെച്ചേക്കില്ല..."

ക്രൂദ്ധനായ ആ മനുഷ്യന്റെ നെഞ്ചിലൂടെ അവിടുന്നിന്റെ കൈകള്‍ പായുമ്പോള്‍ ആ മനുഷ്യനെ ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു.." നിങ്ങള്‍ നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്ത്രി... ഒരു പെങ്ങളാണ്‌ അല്ലെങ്കില്‍ മാതാവാണ്‌ അല്ലെങ്കില്‍ മകളാണ്‌... അല്ലെങ്കില്‍ ഭാര്യയാണ്‌.. അത്‌ കൊണ്ട്‌ അത്‌ ചെയ്യരുതേ സഹോദരാ... വ്യഭിചാരം തിന്മയാണ്‌. " ആ ചലിക്കുന്ന ചുണ്ടുകളും തന്നെ ആശ്വസിപ്പിക്കുന്ന കൈകളും നോക്കി ആ മനുഷ്യന്‍ വിങ്ങിപ്പൊട്ടി. പതുക്കേ തിരിഞ്ഞ്‌ നടക്കുമ്പോള്‍ അദ്ദേഹം പറഞ്ഞുവെത്രെ "ഈ സദസ്സിലെത്തുമ്പോള്‍ എന്റെ ഏറ്റവും വലിയ ആഗ്രഹവും ഇഷ്ടവും വ്യഭിചാരമായിരുന്നു. പക്ഷേ തിരിഞ്ഞ്‌ നടക്കുമ്പോള്‍ ഞാന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത്‌ വ്യഭിചാരം തന്നെ..."

മറ്റൊരിക്കല്‍ ‘എന്റെ കുടുബത്തിന് ജീവിക്കാന്‍ നിര്‍വ്വാഹമില്ല. വല്ലതും തന്ന് സഹായിക്കണേ...” എന്ന് ആവശ്യപ്പെട്ട് ഒരാള്‍ ആ സദസ്സിലെത്തി. ഒരു നിമിഷം അയാളെ നോക്കി അവിടുന്ന് ചോദിച്ചു. "താങ്കളുടെ കയ്യില്‍ ധനമായി എന്തുണ്ട്‌."

"എന്റെ കയ്യില്‍ ഒന്നും ഇല്ല. ആകെ യുള്ളത്‌ ഒരു കമ്പിളിയും ഒരു പാത്രവും. അത് രാത്രി ഉറങ്ങാനും ഭക്ഷണം പാകം ചെയ്യാനുമുള്ളതാണ്."

"അത്‌ കൊണ്ടുവരൂ.. " അവയുമായി അയാള്‍ പ്രവാചക സവിധത്തില്‍ തിരിച്ചെത്തി."

അവിടുന്ന് അത്‌ വാങ്ങി സദസ്സിനോടായി ചോദിച്ചു "ഇതിന്‌ നിങ്ങള്‍ എന്തു വില തരും."

ഒരാള്‍ പറഞ്ഞു "ഒരു ദിര്‍ഹം" മറ്റൊരാള്‍ "രണ്ട്‌ ദിര്‍ഹം" പറഞ്ഞു.

രണ്ടാമത്തെ ആള്‍ക്ക്‌ അത് നല്‍കി കിട്ടിയ രണ്ട്‌ ദിര്‍ഹം യാചിക്കാന്‍ വന്നവന്റെ കയ്യില്‍ കൊടുത്ത്‌ അത്‌ കൊണ്ട്‌ ഭക്ഷണം കഴിക്കാനും ബാക്കി പണം കൊണ്ട്‌ ഒരു മഴു വാങ്ങാനും ആവശ്യപ്പെട്ടു. മഴുവുമായി അയാള്‍ വീണ്ടുമെത്തി. "താങ്കള്‍ പോയി വിറക്‌ ശേഖരിച്ച്‌ അത്‌ വില്‍ക്കൂ" എന്നായി പ്രവാചകന്‍. ദിവസങ്ങള്‍ക്ക്‌ ശേഷം പ്രവാചക സവിധത്തില്‍ അയാള്‍ വീണ്ടുമെത്തി. ചെലവ്‌ കഴിഞ്ഞ്‌ ബാക്കിയായ പത്ത്‌ ദിര്‍ഹമുമായി.

അവിടുന്ന് സൃഷ്ടിച്ച സമൂഹത്തിന്റെ അടിസ്ഥാനം സമൂഹത്തിന്റെ സമാധനവും സംസ്കാരവും ആയിരുന്നു. ആളോഹരി വരുമാനത്തിന്റെ കനം കൊണ്ട്‌ രാജ്യത്തിന്റെ വികസനം എന്ന പല്ലവിയെ പ്രവാചകര്‍ നിരകരിച്ചു. മക്കയിലെ മര്‍ദ്ദനങ്ങളുടെ കാലത്ത്‌ ഒരു അനുയായി പരാതിയുമായി പ്രവാചക സന്നിധിയില്‍ എത്തി. വാക്കുകള്‍ക്ക്‌ അവസാനം "എന്നാണ്‌ പ്രവാചകരേ ഇതില്‍ നിന്ന് ഒരു മോചനം. അങ്ങ്‌ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലയോ... ?' എന്ന് ആ ശിഷ്യന്‍ കൂട്ടിച്ചേര്‍ക്കുക കൂടി ചെയ്തപ്പോള്‍ നബിതിരുമേനി(സ)യുടെ മറുപടി ഇപ്രകാരമായിരുന്നു. "സഹോദരാ ക്ഷമിക്കുക... നിങ്ങളുടെ മുന്‍ഗാമികള്‍ ഇതിലും കൂടുതല്‍ അനുഭവിച്ചിട്ടുണ്ട്‌. ഇതല്ലാം അവസാനിക്കും... എന്നിട്ട്‌ ഇറാഖില്‍ നിന്ന് മക്ക വരെ ഒരു പെണ്‍കുട്ടിക്ക്‌ തനിച്ച് സഞ്ചരിക്കാവുന്ന ഒരു കാലം സംജാതമാവും..." പില്‍കാലത്ത്‌ മദീന കണ്ട ആ അവസ്ഥയ്ക്‌ ഈ മണല്‍തരികള്‍ സാക്ഷി.

ആ വാക്കുകള്‍ ശിരസ്സാവഹിച്ച അനുയായികള്‍. അവരെ ജീവനുതുല്യം സ്നേഹിച്ച പ്രവാചകരും... പല നിഷ്ഠകളും നിയന്ത്രണങ്ങളും പ്രവാചകന്‍ പഠിപ്പിക്കുമ്പോള്‍ അവര്‍ അപ്പടി സ്വീകരിച്ചു. മദ്യം അവര്‍ക്കിടയില്‍ സാര്‍വത്രികമായിരുന്ന സമയം. "മരണ ശേഷം മുന്തിരിവള്ളിക്ക്‌ താഴെ ഖബറടക്കണം... മണ്ണിലേക്ക്‌ ആഴ്‌ന്ന് വരുന്ന മുന്തിരി വേരുകളിലൂടെ എന്റെ അസ്ഥിപഞ്ജരങ്ങള്‍ക്ക്‌ ലഹരി ആസ്വദിക്കണം' എന്ന് അന്ത്യഭിലാഷം എഴുതിയ കവികള്‍ ജീവിച്ച കാലം.

അവര്‍ക്കിടയിലേക്കാണ് "സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം“ എന്ന ഖുര്‍ആന്‍ സൂക്തം മദ്യനിരോധന വിളംബരമായി അവതരിച്ചത്‌.

പ്രവാചക(സ)ശിഷ്യന്മാര്‍ മദീനയിലെ തെരുവുകളില്‍ ആ നിരോധന ഉത്തരവിനെ കുറിച്ച് അറിയിക്കുമ്പോള്‍ ചിലരുടെ കയ്യില്‍ മദ്യചഷകം... ചിലരുടെ തൊണ്ടയിലൂടെ മദ്യം ആമാശയയത്തിലേക്ക്... വേറെ ചിലര്‍ കുടിക്കാനായി കാത്തിരിക്കുന്നു വേറെ ചിലര്‍ മദ്യകച്ചവടക്കാരാണ്‌... ഈ ജനത്തിന്റെ കാതിലാണ് "ആരെങ്കിലും ലഹരി കഴിക്കുകയും അതില്‍ പശ്ചാത്തപിക്കാതിരിക്കുകയും ചെയ്താല്‍ വിധിനിര്‍ണ്ണയ ദിവസം അവന്‍ എന്നില്‍ പെട്ടവനല്ല ... ഞാന്‍ അവന്റെ ആളുമല്ല" എന്ന പ്രവാചക വചനം മുഴങ്ങിയത്.

അതോടെ മദീന മഹാത്ഭുതത്തിന്‌ സാക്ഷിയായി. കഴിച്ച് കൊണ്ടിരുന്നവര്‍ ആ നിമിഷം അവസാനിപ്പിച്ചു. മദ്യചഷകങ്ങള്‍ വലിച്ചെറിഞ്ഞു. മദ്യം ശേഖരിച്ച്‌ വെച്ചിരുന്ന പാത്രങ്ങള്‍ വ്യാപാരികള്‍ തച്ചുടച്ചു. ആമാശയത്തില്‍ മദ്യം എത്തിയ മറ്റുചിലര്‍ "അല്ലാഹുവിന്റെ പ്രവാചകന്‍ നിരോധിച്ച ഒന്നും എന്റെ വയറ്റില്‍ അവശേഷിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല" എന്ന് പറഞ്ഞ്‌ അണ്ണാക്കിലേക്ക്‌ കൈ വിരല്‍ കടത്തി ചര്‍ദ്ദിച്ച്‌ തള്ളി... ആ സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന് ചരിത്രം സാക്ഷി.

അനുയായികളുടെ മനസ്സിനെ വല്ലതെ സ്വാധീനിച്ച വ്യക്തിത്വം. പക്ഷെ അത് സ്നേഹത്തിന്റെ സ്വാധീനമായിരുന്നു. വ്യക്തിജീവിതത്തില്‍ ലാളിത്യം ഇഷ്ടപ്പെട്ട പ്രവാചകന്‍. ജീവിതത്തിലും നിര്യാണത്തിലും ദാരിദ്ര്യം ആഗ്രഹിച്ച അത്യുന്നത വ്യക്തിത്വം... ഒരു ജീവിത വ്യവസ്ഥ പ്രബോധനം ചെയ്തതിനും അത്‌ ജീവിച്ച്‌ കാണിച്ചതിനും കാലം സാക്ഷി... ഈ ഊഷരഭൂമിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന മാമലകളും അവയ്കിടയില്‍ തല ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന ജബലുന്നൂറും ഉഹ്‌ദ്‌ മലയും സാക്ഷി. മരുഭൂമി താണ്ടി ഈ മണ്ണിലെത്തിയ ഞാന്‍ തന്നെ സാക്ഷി.

ചോദ്യം ചെയ്യാതെ അനുസരിക്കുന്ന ഒരു കൂട്ടം അനുയായികളുള്ള മദീന രാജ്യത്തിന്റെ ഭരണാധികാരി ചളിക്കട്ട കൊണ്ട്‌ പണിത്‌ ഈന്തപ്പന ഓല മേഞ്ഞ്‌ കുടിലിലാണ് താമസിച്ചത്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കുടിലില്‍ ചൂടിക്കട്ടിലും ‍ ഈന്തപ്പന ഓല നിറച്ച തലയിണയും ആയിരുന്നു ആഢംഭര വസ്തുക്കള്‍. അതില്‍ കിടന്ന് ശരീരത്തില്‍ വീണ ചെമന്ന് തുടുത്ത പാട്‌ നോക്കി കണ്ണ് നിറച്ച അനുയായികളെ അവിടുന്ന് പുഞ്ചിരിയോടെ സമാധാനിപ്പിക്കുമായിരുന്നു. മൂന്ന് ദിവസം തുടര്‍ച്ചയായി വയറ് നിറച്ച് ആഹരിക്കാന്‍ കഴിയാത്ത ദരിദ്രന്‍.. മദീനയുടെ ഭരണാധികാരി ഈ ലോകത്ത് നിന്ന് യാത്ര പറയവേ‍ അവിടുത്തെ ചമ്മട്ടി ഒരു ജൂതന്റെ കയ്യില്‍ പണയത്തിലായിരുന്നു.

അനുയായികളുടെ സ്നേഹം അതിര് കടക്കുമ്പോള്‍ അവിടുന്ന് പറയുമായിരുന്നു ... ഞാന്‍ ഒരു ദൈവദാസന്‍ മാത്രമാണെന്ന്.. ഒരിക്കല്‍ ഒരു അനുയായി സ്നേഹാധിക്യത്താല്‍ "യജമാനനേ... അത്യുന്നതരേ..." എന്ന് വിളിച്ചപ്പോള്‍ നാണത്തോടെ "ഞാന്‍ അബ്ദുല്ലയുടെ മകനും ദൈവത്തിന്റെ ദാസനുമാണ്‌. അതില്‍ കവിഞ്ഞ നിലയില്‍ എന്നെ സംബോധന ചെയ്യരുത്‌" എന്ന് അപേക്ഷിച്ച മഹാമാനുഷന്റെ പാദങ്ങള്‍ പതിഞ്ഞ മണ്ണിലൂടെയാണ് എനിക്കും യാത്ര ചെയ്യേണ്ടത്. മറ്റൊരിക്കല്‍ ഒരു അപിരിചിതന്‍ അവിടുന്നിന്റെ മുമ്പില്‍ നിന്ന് പരിഭ്രമിച്ചപ്പോള്‍ പറഞ്ഞത്‌ "പരിഭ്രമിക്കാതിരിക്കൂ... ഞാന്‍ രാജവല്ല, ഉണക്കമാംസം പാകം ചെയ്ത്‌ കഴിക്കുന്ന ഒരു സാധാരണ ഖുറൈശിയുടെ മകനാണ്‌ ഞാന്‍." എന്ന് ആശ്വസിപ്പിച്ച ആ മഹാമനസ്കതയുടെ മുമ്പില്‍ ഒരു തരി മണ്ണാവാന്‍ ഭാഗ്യമുണ്ടായിരുന്നെങ്കില്‍ എന്ന് മോഹിച്ച് പോയി...

ഈ മണ്ണിന് എന്റെ മനസ്സുമായി സംവദിക്കാന്‍ കഴിയുന്നുണ്ട്... അതിന്റെ ചെറുമര്‍മ്മരങ്ങളുമായി താദാത്മ്യപെട്ടപ്പോള്‍ ‘പുണ്യ പദങ്ങള്‍ വിട്ടേച്ച്‌ പോയ നന്മകള്‍ ജീവിതത്തില്‍ പ്രകാശമാകട്ടേ‘ എന്ന പ്രാര്‍ത്ഥന ചുണ്ടില്‍ വിരിഞ്ഞു. പ്രഭാതമാവാന്‍ ഇത്തിരി സമയം കൂടി ബാക്കിയുണ്ട്‌... പ്രഭാത പ്രാര്‍ത്ഥനക്കായി പ്രവാചകരുടെ മസ്ജിദില്‍ എത്തേണ്ടതുണ്ട് . തോളിലെ ഭാണ്ഡക്കെട്ട്‌ ഒന്ന് കൂടി മുറുക്കി പിടിച്ച് കാലുകള്‍ക്ക് വേഗതകൂട്ടി.

19 comments:

ഇത്തിരിവെട്ടം said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം പന്ത്രണ്ട് പോസ്റ്റുന്നു.

കുറുമാന്‍ said...

ഇത്തിരീ ഈ ലക്കവും നന്നായി.

ഒരു സംശയം : ഒരാള്‍ പറഞ്ഞു "ഒരു ദിര്‍ഹം" മറ്റൊരാള്‍ "രണ്ട്‌ ദിര്‍ഹം" പറഞ്ഞു - പ്രവാചകന്‍ (സ) യുടെ കാലത്തുപയോഗിച്ചിരുന്നത്, ദിര്‍ഹമാണോ, ദിനാറാണോ, അതോ ബാര്‍ട്ടര്‍ സിസ്റ്റമായിരുന്നുവോ?

ഇക്കാസ് മെര്‍ച്ചന്റ് said...

നിങ്ങളെ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു റഷീദിക്കാ..

Abdul Fathah Hamza said...

ഗാന്ധിജി ആഗ്രഹിച്ച ഉമറിന്റെ ഭരണം...
ഉമറിനെ വെളിച്ചത്തിലേക്ക് കൊണ്ട് വന്ന മുഹമ്മദും (സ) ഖുര്‍-ആനും...
നാഥാ ഞങ്ങളെ നീ അനുഗ്രഹിക്കുകയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യേണമേ...

ഇത്തിരീ... യാത്ര തുടരുക...
തിരിഞ്ഞ് നോക്കിയാല്‍ ഞങ്ങളേ കാണാം, പ്രാര്‍ത്ഥനയോടെ, ഭാണ്ടവുമായി, മദീനയിലേക്ക്

മഴത്തുള്ളി said...

ഇത്തിരീ,

ഇത്തവണയും യാത്രയുടെ വിവരണങ്ങള്‍ വളരെ വിജ്ഞാനപ്രദമായിരുന്നു. ആശംസകള്‍.

അപ്പു said...

ഇത്തിരീ, ഇതൊക്കെ വായിക്കുമ്പോള്‍ മനസ്സില്‍ വരുന്ന ഒരു കാര്യമുണ്ട്. പ്രവാചകന്മാരെല്ലാവരും വളരെ നല്ലവരും, അവരുടെ പ്രവര്‍ത്തികളില്‍ നല്ല ബോധ്യമുള്ളവരും ആയിരുന്നു. അവര്‍ക്കു ശേഷം തൊട്ടടുത്തുണ്ടായ ശിഷ്യരും അങ്ങനെ തന്നെ. പക്ഷേ കാലം കഴിഞ്ഞപ്പോള്‍ പതിയെ ചില നല്ല മനസ്സുകളെ ചെകുത്താന്‍ ദുഷിപ്പിക്കുകയും, ക്രമേണ അവര്‍ പഠിപ്പിച്ച ജീവിതരീതികളില്‍ നിന്നു മാറി ദൈവത്തില്‍നിന്നകലാല്‍ പ്രേരിപ്പിക്കുകയും ചെയ്തു. അതിനിടയിലും “ഇത്തിരിവെട്ടവുമായി” സുമനസ്സുകള്‍ ഇന്നും ജീവിക്കുന്നു.

നന്നായി ഈ ലക്കവും ആശംസകള്‍!!

Areekkodan | അരീക്കോടന്‍ said...

ഇത്തിരീ......പതിവു പോലെ വളരെ നല്ല വിവരണം....

നാഥാ ഞങ്ങളെ നീ അനുഗ്രഹിക്കുകയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യേണമേ...
യാത്ര തുടരുക...

G.manu said...

pls continue.....vayikkunnu. ulkollunnu

വേണു venu said...

പൊരുളു തേടുന്ന ഈ യാത്ര തുടരുക.ഇത്തിരീ നന്നാകുന്നു.
ഓ.ടോ.
റ്റെമ്പ്ലേറ്റിനെന്തോ പ്രശ്നം തോന്നുന്നു.

Murali Menon (മുരളി മേനോന്‍) said...

സ്വാര്‍ത്ഥ വാഹക സംഘത്തോടൊപ്പം നിരവധി വായനക്കാര്‍ സഞ്ചരിച്ചുകൊണ്ടിരിക്കയാണ്. ഇത് നാളെ ഒരു ബുക്കായ് പ്രസിദ്ധീകരിക്കപ്പെടാന്‍ സാദ്ധ്യത തെളിയുന്നുണ്ട്. അതുകൊണ്ട് ഒന്നു കൂടി വായിച്ച് ചില അക്ഷരപിശാചുക്കളെ ശരിയാക്കി പോസ്റ്റ് ചെയ്തു വെക്കുക. കണ്ണില്‍ പെട്ടത് ചൂണ്ടിക്കാട്ടുന്നു:

പതുക്കേ - പതുക്കെ
വരേ - വരെ
ചുറ്റുവട്ടവും - ചുറ്റുവട്ടം, ചുറ്റും
ചുറ്റുഭാഗവും - ചുറ്റും
മധ്യനിന്ന് - മദ്ധ്യേ നിന്ന്
അത്ഭുകരമായ - അത്ഭുതകരമായ
നടക്കുമ്പോ - നടക്കുമ്പോള്‍ (നാടന്‍ പ്രയോഗത്തിലല്ലല്ലോ മൊത്തം എഴുതുന്നത്. അതുകൊണ്ട് ള്‍ കൂടി എഴുതുന്നത് നല്ലതാണ്)
ആഗമനോദ്ദ്യേശ്യം - ആഗമനോദ്ദേശ്യം (അതേ പാരഗ്രാഫില്‍ ശരിക്കെഴുതിയിട്ടുമുണ്ട്)

അതിന്‌ അങ്ങ്‌ എന്നെ അനുവാദം നല്‍കണം. - അതിന് അങ്ങ് എന്നെ അനുവദിക്കണം / അതിന് അങ്ങ് എനിക്ക് അനുവാദം നല്കണം

ചരിത്ര സാക്ഷി സാക്ഷി - ചരിത്രം സാക്ഷി
ആഡംഭര - ആഢംഭര (ഇത് ഒന്നുകൂടി പരിശോധിച്ചിട്ട് മതി. എനിക്കും ഒരു സന്ദേഹം)
പ്രവാചകരും - പ്രവാചകനും

ദാരിദ്രന്‍ - ദരിദ്രന്‍
അന്ത്യഭിലാഷം - അന്ത്യാഭിലാഷം
രാജവല്ല - രാജാവല്ല
പ്രാര്‍ത്ഥനക്കയി - പ്രാര്‍ത്ഥനക്കായി
മഹാമസ്കതയുടെ - മഹാമനസ്കതയുടെ

മേല്‍ സൂചിപ്പിച്ച അക്ഷരതെറ്റുകളൊന്നും തന്നെ വായനയെ യാതൊരു തരത്തിലും ബാധിക്കുന്നില്ലെന്ന് സ്നേഹപൂര്‍വ്വം അറിയിക്കട്ടെ, പിന്നെ എന്തിനാണിത് ചൂണ്ടിക്കാട്ടുന്നത് എന്നാണെങ്കില്‍ ഒരു റെക്കോര്‍ഡ് എന്ന നിലയില്‍ കുറ്റമറ്റതാക്കി വെക്കുന്നതിനുവേണ്ടി മാത്രം.... യാത്ര തുടരുക...ഭാവുകങ്ങള്‍

കുട്ടിച്ചാത്തന്‍ said...

ഇത്തിരിച്ചേട്ടോ വായിച്ച് കഴിഞ്ഞപ്പോള്‍ പറയാന്‍ തോന്നിയ കാര്യം ദേ മുരളിയണ്ണന്‍ എഴുതിയിട്ടിരിക്കുന്നു.ഇതാദ്യമായാണ് ഇത്രേം ഒന്നിച്ച് ഇവിടെ ശ്രദ്ധയില്‍ പെടുന്നത്.
ആഡംഭര - ആഢംബര ആണ് ശരി എന്ന് തോന്നുന്നു.

മൊത്തം പെറുക്കിയെടുക്കാന്‍ തിരിച്ച് പോണോന്ന് ആലോചിച്ചപ്പോഴാ കമന്റ് കണ്ടത്.

ഇത്തിരിവെട്ടം said...

കുറുമന്‍ ആദ്യ വായനക്ക് അഭിപ്രയത്തിന് ഒത്തിരി നന്ദി. ദിനാറും ദിര്‍ഹമും (ഇന്നത്തെ കുവൈറ്റിന്റേയും യു യെ ഇ യുടേയും നാണയങ്ങള്‍ അല്ല) അന്നും ഉണ്ടായിരുന്നു. ദിനാര്‍ സ്വര്‍ണ്ണനാണയവും ദിര്‍ഹം വെള്ളിനാണയവും ആണ്.

ഇക്കാസേ നന്ദി... വായനക്കും പ്രാര്‍ത്ഥനക്കും.

അബ്ദുല്‍ ഫത്തഹ് ഹംസ : ഒത്തിരി നന്ദി.

മഴത്തുള്ളീ നന്ദി.

അപ്പു ഒത്തിരി നന്ദി. അത് തന്നെയാണ് ശരി, എല്ലാ പ്രാവാചകരും മതാധ്യാപകരും പാഠങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍‍ ‍ ശ്രമിക്കുന്ന കുറച്ചാളുകളെങ്കിലും എന്നും കാണും... അത് തന്നെയാണ് ആ പ്രബോധനങ്ങളുടെ മഹത്വവും.

അരീക്കോടന്‍ നന്ദി... വായനക്കും പ്രാര്‍ത്ഥനക്കും.

ജി മനു.. ഒത്തിരി നന്ദി.

വേണുവേട്ടാ നന്ദി. ടെമ്പ്ലേറ്റ് ഒന്ന് മാറ്റി പണിതിരുന്നു.

Murali Menon (മുരളി മേനോന്‍): നന്ദി മാഷേ... പ്രത്യേകിച്ചും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന് ഒത്തിരി നന്ദി.

കുട്ടിച്ചാത്തന്‍ നന്ദി കെട്ടോ... വായനക്കും അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചതിനും.

വായിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.

അഗ്രജന്‍ said...

മുരളീ മേനോന്‍ കാണുന്ന സാധ്യത യാഥാര്‍ത്ഥ്യമാവട്ടെ എന്നാശിക്കുന്നു... ഇത് എല്ലാവര്‍ക്കും വായിക്കാനുതകുന്ന രീതിയില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്.

Sul | സുല്‍ said...

“യാത്ര വിശേഷങ്ങള്‍ അന്വേഷിച്ച് പതുക്കെ നീങ്ങുന്ന ആ മധ്യവയസ്കന്റെ കൂടെ നടക്കുമ്പോള്‍, ഈ മണ്ണിന്റെ ഒരു പിടി മുഷ്ടിയില്‍ അടക്കി ചെവിയോട്‌ ചേര്‍ത്താല്‍ അതിന്റെ ആത്മകഥ കേള്‍ക്കാന്‍ കഴിയുമെന്ന് തോന്നി. മദീനയുടെ തെരുവുകള്‍ എന്തൊക്കെ കണ്ടിരിക്കും... ഹിജ്‌റ മുതല്‍ വിയോഗം വരെ പത്ത്‌ വര്‍ഷം... പ്രവാചകന്‍, ഭരണാധികാരി, ന്യായാധിപന്‍, സൈന്യധിപന്‍... എല്ലാം അടങ്ങിയ അനുപമ വ്യക്തിത്വത്തിന്റെ ആയുസ്സിലെ പത്ത്‌ വര്‍ഷം... എല്ലാറ്റിനും ഈ മണല്‍ തരികളും ദൂരെ ഉയര്‍ന്ന് നില്‍ക്കുന്ന ഉഹ്‌ദും സാക്ഷി.“

ഇത്തിരീ ഈ സംഘത്തോടൊപ്പം ചേര്‍ന്നിട്ട് നാളുകളേറെയായി. കുറെ അറിവുകളും കുറെ നല്ല അനുഭവങ്ങളും. പാവനമായ ഒരു യാത്ര. യാത്രയുടെ ഓരോ അണുവിലും ചെന്ന് കഥപറയുന്ന ഇത്തിരിയുടെ തൂലികക്ക് അഭിനന്ദനങ്ങള്‍!!!

-സുല്‍

ഏറനാടന്‍ said...

ഇരുപത്തേഴാം രാവടുത്ത ഈ പുണ്യറമളാന്‍ മാസത്തെ ഈ വേളയില്‍ ഒത്തിരി പുതിയ വിക്ഞാനങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ തന്ന ഈ സാര്ത്ഥവാഹകസംഘത്തിന്റെ സാരഥിയായ ഇത്തിരിമാഷിന്‌ ഒത്തിരി അഭിനന്ദനങ്ങള്‍ നേരുന്നുവൊപ്പം നന്ദിയും.. ഇത്രയും നല്ല ഉദ്യമത്തിന്‌ താങ്കള്‍ക്ക് അള്ളാഹു എന്നും അനുഗ്രഹങ്ങള്‍ ചൊരിയട്ടെ എന്നാശംസിക്കുന്നു..

സലാം said...

ഈ മണ്ണിന് എന്റെ മനസ്സുമായി സംവദിക്കാന്‍ കഴിയുന്നുണ്ട്... അതിന്റെ ചെറുമര്‍മ്മരങ്ങളുമായി താദാത്മ്യപെട്ടപ്പോള്‍ ‘പുണ്യ പദങ്ങള്‍ വിട്ടേച്ച്‌ പോയ നന്മകള്‍ ജീവിതത്തില്‍ പ്രകാശമാകട്ടേ‘ എന്ന പ്രാര്‍ത്ഥന ചുണ്ടില്‍ വിരിഞ്ഞു. പ്രഭാതമാവാന്‍ ഇത്തിരി സമയം കൂടി ബാക്കിയുണ്ട്‌... പ്രഭാത പ്രാര്‍ത്ഥനക്കായി പ്രവാചകരുടെ മസ്ജിദില്‍ എത്തേണ്ടതുണ്ട് . തോളിലെ ഭാണ്ഡക്കെട്ട്‌ ഒന്ന് കൂടി മുറുക്കി പിടിച്ച് കാലുകള്‍ക്ക് വേഗതകൂട്ടി.

ഞങ്ങളും ഭാണ്ഡവുമായി പിന്നിലുണ്ട്. ഒരോ ചുവടിലും ഈ സംഘത്തോടൊപ്പം. തുടരുക. ഈ വയനാനുഭവം.

അശോക് said...

ചോദ്യം ചെയ്യാതെ അനുസരിക്കുന്ന ഒരു കൂട്ടം അനുയായികളുള്ള മദീന രാജ്യത്തിന്റെ ഭരണാധികാരി ചളിക്കട്ട കൊണ്ട്‌ പണിത്‌ ഈന്തപ്പന ഓല മേഞ്ഞ്‌ കുടിലിലാണ് താമസിച്ചത്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കുടിലില്‍ ചൂടിക്കട്ടിലും ‍ ഈന്തപ്പന ഓല നിറച്ച തലയിണയും ആയിരുന്നു ആഢംഭര വസ്തുക്കള്‍. അതില്‍ കിടന്ന് ശരീരത്തില്‍ വീണ ചെമന്ന് തുടുത്ത പാട്‌ നോക്കി കണ്ണ് നിറച്ച അനുയായികളെ അവിടുന്ന് പുഞ്ചിരിയോടെ സമാധാനിപ്പിക്കുമായിരുന്നു. മൂന്ന് ദിവസം തുടര്‍ച്ചയായി വയറ് നിറച്ച് ആഹരിക്കാന്‍ കഴിയാത്ത ദരിദ്രന്‍.. മദീനയുടെ ഭരണാധികാരി ഈ ലോകത്ത് നിന്ന് യാത്ര പറയവേ‍ അവിടുത്തെ ചമ്മട്ടി ഒരു ജൂതന്റെ കയ്യില്‍ പണയത്തിലായിരുന്നു.

താങ്കള്‍ നല്‍കുന്ന ഈ വെളിച്ചത്തിന്റെ കിരണങ്ങള്‍ക്ക് നന്ദി. പലതും പുതിയ അറിവുകള്‍. അഭിനന്ദങ്ങള്‍.

ഇത്തിരിവെട്ടം said...

അഗ്രജന്‍.
സുല്‍.
ഏറനാടന്‍.
അശോക്...

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

Anonymous said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം തുടരട്ടെ ... മദീന ഒരു വികാരം തന്നെയാണ് മരിക്കുകയാണെങ്കിൽ അവിടുന്നിന്റെ(സ ) കാല്പാദങ്ങ്ല് പതിഞ്ഞ ആ പുണ്ണ്യ ഭൂമിയിൽ വെച്ചായെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുകയാണ് . രസൂലുല്ലാഹി (സ ) തങ്ങള്ടുടെ ചര്യ പിന്പട്ടുന്നവരുടെ കൂടത്തിൽ അല്ലാഹു എല്ലാവരെയും ഉള്പെടുതട്ടെ ആമീൻ abu ashika