Saturday, October 27, 2007

സുകൃതങ്ങളുടെ ശേഷിപ്പ്.

പതിനാല്

കണ്ണെത്തും ദൂരത്ത്‌ ഗതകാല സുകൃതങ്ങളുടെ ഓര്‍മ്മകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന മസ്ജിദുന്നബവി. മക്ക തിരസ്കരിച്ച പുണ്യറസൂലെന്ന സൌഭാഗ്യം നെഞ്ചിലേറ്റാന്‍ ഊഷരഭൂമിയായ യസ്‌രിബിന്‌ ലഭിച്ച ഭാഗ്യമാണ്‌, ഇന്നും ശതകോടികളുടെ ഉള്ളുരുക്കമാക്കി മദീനയെ മാറ്റിയത്‌. ഓരോ മണല്‍ തരിക്കും ആ സ്നേഹപ്രവാഹത്തിന്റെ നൂറ്‌ നുറ്‌ കഥകള്‍ പറയാനുണ്ടാവും.. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ മക്കയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ചെത്തിയ ഒരു കൂട്ടം ദരിദ്രരേയും അവര്‍ക്കിടയിലെ പൂര്‍ണ്ണചന്ദ്രനേയും സ്വീകരിച്ച ആ ഉന്നത പാരമ്പര്യത്തിന്റെ അനന്തരാവകാശികള്‍, ഇന്നും മദീന സന്ദര്‍ശിക്കുന്ന ഭാഷവര്‍ണ ഭേദമന്യേ എല്ലാവരേയും സ്വീകരിച്ച്‌ 'താങ്കളെന്റെ അതിഥിയാവാന്‍ ദയവുണ്ടാവണം' എന്ന് അപേക്ഷിക്കുന്നു... നിര്‍ബന്ധിക്കുന്നു... മദീനക്കാരുടെ ആതിഥേയ മര്യാദയ്ക്ക്‌ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

AD622-ല്‍ മക്കയില്‍ നിന്ന് പലായനം ചെയ്തെത്തിയ പരിശുദ്ധനബി(സ) ശിഷ്യരോടൊപ്പം മണ്ണും മരവും ചുമന്ന് നിര്‍മ്മിച്ചതാണ്‌ മസ്ജിദുന്നബവി. ചളികട്ടകൊണ്ടുള്ള ചുമരുകള്‍ക്കിടയില്‍ ഈന്തപ്പനത്തടി തൂണാക്കി ഈന്തപ്പനയോല മേഞ്ഞ 1050 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കപ്പെട്ട ലളിതമായ ഒരു കെട്ടിടം. പിന്നീട്‌ AD628ല്‍ നബിതിരുമേനിയുടെ ജീവിതകാലത്ത്‌ തന്നെ 2500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നവീകരിച്ച അതേ മസ്ജിദുന്നബവിയാണ്‌ കണ്മുമ്പില്‍ ഒരു കൊട്ടാരമായി മാറിയിരിക്കുന്നത്‌.

ജീവിതത്തിലെ സകല ചലനങ്ങളും ദൈവികസമക്ഷം പ്രതിഫലം ലഭിക്കുന്നതാണെന്നും, ഒരു പുഞ്ചിരിപോലും ദാനമാണെന്നും... എന്തിന്‌ പൊതുവഴിയില്‍ നിന്ന് നീക്കം ചെയ്യുന്ന ഒരു മുള്ള്‌ വരെ ദൈവീക വിശ്വാസത്തിന്റെ ഭാഗമാണെന്നും പഠിപ്പിച്ച നബിതിരുമേനി(സ), മസ്‌ജിദിന്റെ ദൌത്യം ദൈവീക സ്തോത്രങ്ങളില്‍ മാത്രം പരിമിതപ്പെടുത്തിയില്ല. പകരം പ്രവാചകനും ഭരണാധികാരിയും ന്യായാധിപനും സൈന്യാധിപനും എല്ലാമടങ്ങിയ ആ ജീവിത ദൌത്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു മസ്ജിദുന്നബവി.

പ്രവാചകരുടെ ഉന്നതമായ അധ്യാപനങ്ങള്‍ക്ക്‌, അനന്യസാധരണമായ ഭരണനിര്‍വ്വഹണത്തിന്‌, അതുല്യമായ നീതിബോധത്തിനും ന്യായവിധികള്‍ക്കും, ഒട്ടനവധി ദൌത്യവാഹക സംഘങ്ങളുടെ കൂടിക്കാഴ്ചകള്‍ക്ക്‌, കൂമ്പാരമായ സമ്പത്തിന്‌, അത്‌ പാവങ്ങളിലേക്കെത്തിക്കാനുള്ള പെടാപാടുകള്‍ക്ക്‌, ശന്തമായ ഒരു സാമൂഹ്യജീവിതം സാധ്യമാക്കാനുള്ള ചര്‍ച്ചകള്‍ക്ക്‌... അങ്ങനെ ആ ജീവിതത്തിലെ ഒത്തിരി മഹാസംഭവങ്ങള്‍ക്ക്‌ സാക്ഷിയാവാന്‍ ഭാഗ്യം ലഭിച്ച മസ്ജിദുന്നബവി.

വിശ്വാസിയുടെ ദൈവീക സ്തോത്രത്തിന്‌ മാത്രമല്ല മസ്ജിദ്‌ എന്നും സാമൂഹിക നവോഥാനത്തില്‍ അതിന്‌ വലിയൊരു പങ്ക്‌ വഹിക്കാനുണ്ടെന്നും പ്രവാചകന്‍ പഠിപ്പിച്ചു. മദീനയിലെ മസ്ജിദിന്റെ ഒരു ഭാഗം കിടപ്പാടമില്ലാത്ത പാവങ്ങള്‍ക്ക്‌ ഉറങ്ങാനായി മാറ്റി വെച്ചിരുന്നു പ്രവാചകന്‍. മസ്ജിദിനോട്‌ ചേര്‍ന്ന കൊച്ചുകൂരയില്‍ തന്നെയായിരുന്നു അവിടുന്നും കഴിഞ്ഞിരുന്നത്‌. വിയോഗ ശേഷം അതെ വീട്ടില്‍ തന്നെ ഖബറടക്കി.

ഉള്ളിലെവിടെയോ ഉത്ഭവിച്ച സ്നേഹത്തിന്റെ ചൂട്‌ കണ്‍തടം നനക്കുന്നുണ്ട്‌. വാമൊഴിക്കും വരമൊഴിക്കും പ്രകടിപ്പിക്കാനാവാത്ത വികാരം സിരകളിലൂടെ ഒഴുകുന്നു... പരിശുദ്ധ നബിയുടെ അതിഥി ആയാണല്ലോ ഇന്ന് ഞാനും... ഈ മദീനയില്‍ എത്തിയിരിക്കുന്നത്‌...

വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന ആ മനോഹര സൌധം കണ്ടപ്പോള്‍ പതിനാല്‌ നൂറ്റാണ്ട്‌ മുമ്പ്‌ ഈന്തപ്പനയോലകളുടെ നിഴലില്‍ ലോകാവസാനത്തെക്കുറിച്ചും അന്ന് ലോകത്ത്‌ പ്രത്യക്ഷപ്പെടുന്ന പൈശാചിക ശക്തിയായ ദജ്ജാലിനെ കുറിച്ചും വിശദീകരിച്ചത്‌ ഓര്‍മ്മയില്‍ അത്ഭുതമായെത്തി. 'ലോകം മുഴുവന്‍ നാശത്തിന്റെ വിത്ത്‌ പാകി ദജ്ജാല്‍ മദീന അതിര്‍ത്തിയില്‍ എത്തുമെന്നും അവിടെ വെച്ച്‌ എന്റെ ഈ മസ്ജിദ്‌ നോക്കി ആരുടേതാണ്‌ ആ വെള്ള കൊട്ടാരമെന്ന് അന്വേഷിക്കുമെന്നും' ആയിരുന്നു ആ പ്രവചനം. അതിന്‌ മറുപടി 'അത്‌ മുഹമ്മദിന്റെ കൊട്ടാരമാണെന്ന് ജനങ്ങള്‍ മറുപടി കൊടുക്കുമെന്ന്' അവിടുന്ന് കൂട്ടിചേര്‍ക്കുമ്പോള്‍ മസ്ജിദുന്നബവി ഈന്തപ്പന മേഞ്ഞ മഴയും വെയിലും പൂര്‍ണ്ണമായി തടയാന്‍ കഴിയാത്ത രീതിയിലായിരുന്നു... ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊട്ടാരമായ മസ്ജിദുന്നബവി കാണുമ്പോള്‍ മനസ്സില്‍ പുണ്യറസൂലിന്റെ വാക്കുകള്‍ മുഴങ്ങുന്നു... ചുണ്ടുകള്‍ സലാത്ത്‌ കോണ്ട്‌ സജീവമാക്കി... തുടികൊട്ടുന്ന മനസ്സ്‌ കൊണ്ട്‌ പുണ്യറസൂലിനെ അഭിവാദ്യം ചെയ്തു...

അബ്ദുല്‍ ബാസിത്തിന്റെ മനോഹരമായ പാരായണം അവസാനിച്ചു... വീണ്ടും വൃദ്ധനായ ഇസ്മാഈല്‍ സംസാരിച്ചു തുടങ്ങി. 'മസ്ജിദുന്നബവിയുടേ നിര്‍മ്മാണവും വിപുലീകരണവും വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.' നിശ്ശബ്ദതയ്കിടയില്‍ ഒഴുകിയെത്തുന്ന ആ പരുക്കന്‍ സ്വരം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.


നബിതിരുമേനി(സ)യുടെ വിയോഗശേഷം AD638-ല്‍ രണ്ടാം ഖലീഫ ഉമര്‍(റ)-ന്റെ കാലത്ത്‌ ആദ്യമായി 4200(70mx60m) ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ആറ്‌ കവാടങ്ങളുമായി മസ്ജിദ്‌ നവീകരിച്ചു. പിന്നീട്‌ മൂന്നാം ഖലീഫ ഉസ്മാന്റെ കാലത്ത്‌(AD649) വീണ്ടും നവീകരിച്ചു. അന്ന് മസ്ജിദിനകത്തെ ഇഷ്ടികകള്‍ അറബിക്‌ കയ്യെഴുത്ത്‌ കൊണ്ട്‌ അലങ്കരിച്ചു. സീലിംഗ്‌ ഇന്ത്യന്‍ വുഡ്‌ കൊണ്ടും തൂണുകള്‍ ഇരുമ്പും ഈയവും ഉപയോഗിച്ച്‌ മാറ്റിപ്പണിതു. കൂടാതെ പ്രാര്‍ത്ഥനയ്ക്‌ നേതൃത്വം നല്‍കുന്നവര്‍ക്കായി ഒരു 'മിഅ്‌റാബും' ഖലീഫ ഉസ്മാന്‍(റ) കാലത്ത്‌ നിര്‍മ്മിക്കപ്പെട്ടു.

പിന്നീട്‌ അബ്ബാസിയ ഭരണാധികാരി ഉമറുബ്നു അബ്ദുല്‍ അസീസിന്റെ നിര്‍ദ്ദേശ പ്രകാരം മദീന ഗവര്‍ണര്‍ ആയിരുന്ന വലീദ്‌ ബിന്‍ അബ്ദുല്‍ മലിക്‌ ആയിരുന്നു പിന്നീട്‌ നവീകരിച്ചത്‌. AD 707-710.അതോടെ മസ്ജിദ്‌ 2369 ചതുരശ്ര മീറ്റര്‍ കൂടി ചേര്‍ത്ത്‌ വിശാലമാക്കുകയും നാല്‌ മിനാരങ്ങള്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു. പിന്നീട്‌ അബ്ബാസിയ ഭരണാധികാരി തന്നെയായ ഖലീഫ മഹ്ദി അല്‍ അബ്ബാസി (AD779-782) 2450 ചതുരശ്ര മീറ്റര്‍ കൂടി വികസിപ്പിച്ചു.

AD1483-ല്‍ സുല്‍ത്താന്‍ ഖൈതബിയുടെ നവീകരണത്തിന്‌ ശേഷം ഓട്ടോമന്‍ തുര്‍ക്കി ഖലീഫയായിരുന്ന അബ്ദുല്‍ മജീദ്‌ മുറാദ്‌ അല്‍ ഉസ്മാനി AD1844-1861യുടെ കാലത്താണ്‌ നവീകരിച്ചത്‌. റൌദാശരീഫിന്‌ മുകളില്‍ പച്ചഖുബ്ബ സ്ഥാപിച്ചതും കൂടാതെ മറ്റു 170 ഖുബ്ബകള്‍ സ്ഥാപിച്ചതും മസ്ജിദിന്റെ വിസ്തീര്‍ണ്ണം വീണ്ടും വര്‍ദ്ധിപ്പിച്ചതും ഇക്കാലത്തായിരുന്നു. കൂടാതെ പ്രവാചകരുടെ കാലത്തുണ്ടായിരുന്ന മസ്ജിന്റെ ഭാഗം പ്രത്യേകം അടയാളപ്പെടുത്തുകയും ചെയ്തു.

പിന്നീട്‌ സൌദീ രാജവംശത്തിലെ 1949-1955 അബ്ദുല്‍ അസീസ്‌ രാജാവിന്റെ കാലത്ത്‌ മസ്ജിന്റെ വലുപ്പം 16327 ചതുരശ്ര മീറ്റര്‍ ആക്കി വികസിപ്പിച്ചു. ഫഹദ്‌ രാജാവിന്റെ കാലത്ത്‌ (1984-1994) വീണ്ടും നവീകരിച്ച മസ്ജിദുന്നബവി ഇപ്പോള്‍ 98500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണം ഉണ്ട്‌. ഒരേ സമയം 650,000 തീര്‍ത്ഥാടകരെ ഉള്‍കൊള്ളാന്‍ മാത്രം സൌകര്യം. മേല്‍ക്കൂര 67000 ച.മീറ്ററും, മസ്ജിദിനോട്‌ അനുബന്ധിച്ച ഓപ്പണ്‍ ഏരിയ 235000 ചതുരശ്ര അടിയും അനുബന്ധമായ ഹറം ഏരിയ 400500 ചതുരശ്രമീറ്റരും ആണ്‌.





മസ്ജിന്റെ പല ഭാഗത്തായി 44.64 മീറ്റര്‍ മുതല്‍ 104 മീറ്റര്‍ വരെ വിവിധ ഉയരങ്ങളിലുള്ള 10 മിനാരങ്ങള്‍. പടിഞ്ഞാറ്‌ ബാബുസ്സലാം, ബാബു അബൂക്കര്‍ സിദ്ധീഖ്‌, കിഴക്ക്‌ ബാബുറഹ്‌മ, ബാബു ജിബ്രീല്‍.. ബാബുന്നിസ്സാ എന്നിങ്ങനെ അഞ്ച്‌ കവാടങ്ങള്‍. കിഴക്ക്‌ കിങ്ങ്‌ അബ്ദുല്‍ അസീസ്‌, അലിയ്യുബ്നു അബൂതാലിബ്‌, വടക്ക്‌: ഉസ്മാനുബ്നു അഫ്ഫാന്‍, കിംഗ്‌ ഫഹദ്‌, ഉമര്‍ ഇബ്നു ഖത്താബ്‌. പടിഞ്ഞാറ്‌: സുല്‍ത്താല്‍ അബ്ദുല്‍ മജീദ്‌, കിംഗ്‌ സഊദ്‌. എന്നീ മെയിന്‍ ഗേറ്റുകള്‍. 85 വാതിലുകളുള്ള ഈ മസ്ജിദിലെ മേല്‍ക്കൂരയില്ലാത്ത ഭാഗങ്ങളില്‍ വെയില്‍ ഉള്ളപ്പോള്‍ മാത്രം വിടരുന്ന പന്ത്രണ്ട്‌ കൂറ്റന്‍ ഇലക്ട്രിക്ക്‌ കുടകളും 4500 വാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാവുന്ന പാര്‍ക്കിംഗ്‌ സൌകര്യവുമടക്കം പ്രവാചകന്റെ മസ്ജിദ്‌ നിര്‍മ്മാണത്തിലും സൌന്ദര്യത്തിലും അപൂര്‍വ്വം കെട്ടിടങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു




മസ്ജിദിന്റെ തെക്ക്‌ കിഴക്ക്‌ മൂലയിലെ പച്ചഖുബ്ബക്ക്‌ താഴെ നബിതിരുമേനിയുടെ ഖബറിടം സ്ഥിതിചെയ്യുന്നു. തൊട്ടടുത്ത്‌ ജീവിതകാലത്ത്‌ അവിടുന്നിന്റെ ഏറ്റവും അടുത്ത അനുയായികള്‍ അബൂബക്കറും ഉമറും... വൃദ്ധന്റെ സ്വരം ഇടറാന്‍ തുടങ്ങിയിരിക്കുന്നു... ഈ പുണ്യമണ്ണിലൂടെ കണ്ണ്‍ പായിക്കുമ്പോള്‍, പച്ചഖുബ്ബ വീണ്ടും വീണ്ടും കാഴ്ചയെ ആകര്‍ഷിക്കുമ്പോള്‍ ശരീരം മുഴുവന്‍ പറയാനാവാത്ത വികാരം അലയടിക്കുന്നു.



ലോകത്തിന്‌ മുഴുവന്‍ മാതൃകാജീവിതം നയിച്ച രണ്ട്‌ മഹാരഥന്മാരും അവരെ ആ നിലയിലെത്തിച്ച നബിതിരുമേനിയും. മനസ്സില്‍ സിദ്ധീഖിന്റേയും ഫാറൂഖിന്റെയും രൂപം തെളിഞ്ഞു. ആദ്യവിശ്വാസിയായ സിദ്ധീഖ്‌. നബിതിരുമേനിയുടെ ഉറ്റസുഹൃത്ത്‌ കൂടിയായിരുന്ന ആ സൌമ്യശീലന്‍... നബിതിരുമേനിയുടെ വിയോഗ ശേഷം ആ സമൂഹത്തിന്റെ നേതൃത്വ ചുമതല അബൂക്കര്‍ സിദ്ധീഖി(റ)നായിരുന്നു. രാജ്യത്തിന്റെ ഭരണാധികാരിയായി സിദ്ധീഖ്‌ തിരഞ്ഞെടുക്കപ്പെട്ട ദിവസം ഒരു പെണ്‍കുട്ടി പറഞ്ഞ്‌ പോയി... എല്ലാ ദിവസവും എന്റെ വീട്ടിലെ ആടുകളെ കറന്ന് തന്നിരുന്ന അബൂബക്കര്‍ രാജ്യത്തിന്റെ ഭരണാധികാരിയായതോടെ ഇനി ആരെ കൊണ്ട്‌ ആ ജോലി ചെയ്യിക്കും. പക്ഷെ പിറ്റേന്നും പതിവ്‌ പോലെ സിദ്ധീഖ്‌(റ) അതിരാവിലെ ജോലിക്ക്‌ എത്തിയിരുന്നു.



സിദ്ദീഖും ഫാറൂഖും ജീവിതത്തില്‍ സൂക്ഷിച്ച നീതിബോധത്തിന്റെ ഉത്തമ ഉദാഹരണം അവരുടെ ജീവിതം തന്നെ... ഒരിക്കല്‍ വീട്ടിലെ ആവശ്യങ്ങള്‍ ഭര്‍ത്താവിനെ അറിയിക്കാന്‍ സിദ്ദീഖിന്റെ ഭാര്യ അദ്ദേഹത്തിന്റെ സമീപമെത്തി. രാജ്യകാര്യങ്ങളില്‍ വ്യപൃതനായിരുന്ന അദ്ദേഹത്തോട്‌ അവര്‍ സംസാരിക്കാന്‍ ആരംഭിച്ചതോടെ അദ്ദേഹം വിളക്കണച്ചു... 'എന്തിന്‌ വിളക്കണച്ചു ?' എന്ന ചോദ്യത്തിന്‌ "രാജ്യത്തിന്റെ പൊതുമുതലില്‍ നിന്നുള്ള എണ്ണയാണ്‌ ആ വിളക്കില്‍ കത്തുന്നത്‌... അത്‌ ഉപയോഗിച്ച്‌ വീട്ടുകാര്യങ്ങള്‍ സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല." എന്ന് ഉടനെ മറുപടിയും ലഭിച്ചു.


ആരാരും സഹായത്തിനില്ലാത്ത ഒരു വൃദ്ധയെക്കുറിച്ച്‌ ഉമര്‍(റ) വിവരം ലഭിച്ചു... അദ്ദേഹം തീരുമാനിച്ചു... അവരെ സഹായിക്കണം. പിറ്റേന്ന് രവിലെ ഉമര്‍ ആ ദരിദ്രയുടെ ഭവനത്തിലെത്തി.. പക്ഷേ വീട്‌ വൃത്തിയാക്കിയിരിക്കുന്നു. അവരുടെ വസ്ത്രങ്ങളെല്ലാം അലക്കിയിരിക്കുന്നു... പിറ്റേന്നും ഉമര്‍ എത്തിയെങ്കിലും അപ്പോഴേക്കും അരോ എല്ലാ ജോലിയും തീര്‍ത്ത്‌ പോയിരുന്നു. അത്‌ ആരാണെന്നറിയാനായി ഉമര്‍(റ) നേരത്തെയെത്തി പുറത്ത്‌ മറഞ്ഞിരുന്നു.

ആ വൃദ്ധയുടെ വീട്ടിലെ എല്ലാ ജോലികളും തീര്‍ത്ത്‌ നേരം പുലരും മുമ്പ്‌ പുറത്ത്‌ വരുന്ന വ്യക്തിയെ കണ്ട്‌ ഉമര്‍ നെടുങ്ങിപ്പോയി... മദീനയുടെ ഭരണാധികാരിയും ഉമറിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ഖലീഫ അബൂബക്കര്‍ സിദ്ധീഖ്‌ തന്നെ... തിരിച്ച്‌ നടക്കുമ്പോള്‍ ഉമര്‍ പറഞ്ഞ്‌ പോയി "ഉമറിനെ ജയിക്കുന്നവന്‍ സിദ്ദീഖല്ലാതെ മറ്റാരുണ്ട്‌."

ആ പുണ്യറസൂലിന്റെ ഏറ്റവും അടുത്ത രണ്ട്‌ സഖാക്കള്‍... നന്മക്ക്‌ വേണ്ടി മത്സരിച്ച രണ്ട്‌ ഉറ്റസുഹൃത്തുക്കള്‍. ഒരിക്കല്‍ നബി തിരുമേനി ശിഷ്യരോട്‌ ദാനം ചെയ്യാന്‍ ആവശ്യപ്പെട്ടു... എല്ലാവരും വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ഉമര്‍(റ) മനസ്സില്‍ ആഗ്രഹിച്ചു പോയി... ഈ നന്മകൊണ്ട്‌ സിദ്ദിഖിനെ പിന്നിലാക്കണം. എല്ലാത്തിലും എപ്പോഴും ഒന്നാം സ്ഥാനം സൌമ്യനായ സിദ്ധീഖ്‌ ആയത്‌ കൊണ്ട്‌ ഉമര്‍ മോഹിച്ച്‌ പോയി. ഉമര്‍ തിരിച്ചെത്തിയപ്പോള്‍ തിരുമേനി അന്വേഷിച്ചു "ഉമര്‍ എന്താണ്‌ നിങ്ങള്‍ ദാനം ചെയ്യുന്നത്‌". "എന്റെ മുഴുവന്‍ സമ്പാദ്യത്തിന്റെ നേര്‍പകുതി ദാനം ചെയ്യുകയാണ്‌. ബാക്കി വരുന്ന ഒരു പകുതി എന്റെ കുടുംബത്തിനായി ഞാന്‍ ബാക്കി വെക്കുന്നു" എന്നായിരുന്നു മറുപടി. ഒരു ഭാഗം കുടുബത്തിന്‌ മാറ്റിവെച്ചു." ഉമറിനെ നബിതിരുമേനി അഭിനന്ദിച്ചു... പലരും പലതും കൊണ്ടുവന്നു... അവസാനം സിദ്ധീഖും തിരുസന്നിധിയിലെത്തി...

ചോദ്യം ആവര്‍ത്തിച്ചു "സിദ്ധീഖ്‌... എന്താണ്‌ താങ്കള്‍ ദാനം ചെയ്യുന്നത" ഉമര്‍(റ) അടക്കം ശിഷ്യന്മാര്‍ കാതോര്‍ത്തിരിക്കവെ ആ സൌമ്യനായി സിദ്ദീഖ്‌ മറുപടി പറഞ്ഞു... "എന്റെ ധനം മുഴുവന്‍..." "താങ്കളുടെ കുടുംബത്തിനൊന്നും ബാക്കിവെച്ചില്ലേ..." എന്ന നബിതിരുമേനിയുടെ മറുചോദ്യത്തിന്‌ സിദ്ദീഖ്‌ ശിരസ്സ്‌ താഴ്‌ത്തി പതുക്കേ പറഞ്ഞു... "എന്റെ കുടുബത്തിന്‌ അല്ലാഹും പ്രവാചകനും തന്നെ ധാരാളാമാണ്‌..."

കണ്ണുകള്‍ സജലങ്ങളായിരിക്കുന്നു... ഇവരുടെ പാദസ്പര്‍ശനമേറ്റ ഈ മണ്ണില്‍ നില്‍ക്കാന്‍ എന്ത്‌ യോഗ്യത എന്ന് മനസ്സ്‌ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു... എല്ലാറ്റിനും സാക്ഷിയായി മദീന മസ്ജിദ്‌ വെളിച്ചത്തില്‍ നിറഞ്ഞ്‌ നില്‍ക്കുന്നു... വാഹനത്തിന്റെ വേഗത കുറഞ്ഞു... നമുക്ക്‌ ഇറങ്ങാറായി... ഉബൈദ്‌ പതുക്കേ പറഞ്ഞു... ഒലിച്ചിറങ്ങിയ കണ്ണിര്‌ പതുക്കേ തുടച്ച്‌ ഞാനും ഇറങ്ങാന്‍ തയ്യാറായി.

24 comments:

Rasheed Chalil said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം - പതിനാല് പോസ്റ്റുന്നു.

സുല്‍ |Sul said...

ഇത്തിരി
താങ്കളുടെ ശ്രമം പ്രശംസനീയം തന്നെ.
മദീനയേയും മസ്ജിദുന്നബവിയേയും കുറിച്ചുള്ള അമൂല്യ വിവരങ്ങള്‍ തന്ന താങ്കള്‍ക്കു നന്ദി. സര്‍വ്വശക്തന്‍ നാമെല്ലാവരേയും അനുഗ്രഹിക്കട്ടെ!!!
-സുല്‍

Areekkodan | അരീക്കോടന്‍ said...

"എന്റെ കുടുബത്തിന്‌ അല്ലാഹും പ്രവാചകനും തന്നെ ധാരാളാമാണ്‌..."


കണ്ണുകള്‍ സജലങ്ങളായിരിക്കുന്നു...

കോയിസ് said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം..
അറിവു പകരുന്ന വിവരണം..

പ്രയാസി said...

അറിയാത്ത പലവിവരങ്ങളും അറിയാന്‍ കഴിഞ്ഞു..ഇത്തിരി.. ഒത്തിരി നന്ദി..:)

കുട്ടിച്ചാത്തന്‍ said...

മസ്ജിദുന്നബവി നവീകരിച്ച കണക്കുകള്‍ പഴയ സാമൂഹ്യപാഠം പുസ്തകത്തിലെ വര്‍ഷങ്ങള്‍ കാണാപ്പാഠം പഠിച്ചതിനെ ഓര്‍മ്മിപ്പിച്ചു.[ഇതൊരു വിമര്‍ശനമായെടുക്കാമോ]

മുസാഫിര്‍ said...

മനസ്സിനെ ആര്‍ദ്രമാക്കുന്ന വര്‍ണ്ണന ഇത്തിരീ.

Murali K Menon said...

വായന തുടരുന്നു....

കുറുമാന്‍ said...

ഇത്തവണയും വളരെ നന്നായിരിക്കുന്നു ഇത്തിരീ. പല കാര്യങ്ങളും അറിയാനും, മനസ്സിലാക്കാനും, പഠിക്കുവാനും, താങ്കളുടെ ഈ ലേഖനത്തിലൂടെ കഴിയുന്നു.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ,

ഈ ലക്കത്തിന്റെ എഴുത്ത് വളരെ straight forward ആണെന്നു പറയട്ടെ. ആലങ്കാരിക പ്രയോഗങ്ങളോ,ആവര്‍ത്തിച്ചു വായിക്കേണ്ട ഭാഗങ്ങളോ ഇല്ലതന്നെ. അഭിനന്ദനങ്ങള്‍!

'എന്തിന്‌ വിളക്കണച്ചു ?' എന്ന ചോദ്യത്തിന്‌ "രാജ്യത്തിന്റെ പൊതുമുതലില്‍ നിന്നുള്ള എണ്ണയാണ്‌ ആ വിളക്കില്‍ കത്തുന്നത്‌... അത്‌ ഉപയോഗിച്ച്‌ വീട്ടുകാര്യങ്ങള്‍ സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല." എന്ന് ഉടനെ മറുപടിയും ലഭിച്ചു....... ഇങ്ങനെ സന്മനസുള്ള ഭരണകര്‍ത്താക്കള്‍ ഇനിയുണ്ടാവുമോ? ഒരിക്കലും ഇല്ല.

Anonymous said...

മസ്ജിദുന്നബവിയെ കുറിച്ച് പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി. ഇനിയും തുടരുക ഈ യാത്ര. അഭിനന്ദങ്ങളോടെ.

G.MANU said...

ഉള്ളിലെവിടെയോ ഉത്ഭവിച്ച സ്നേഹത്തിന്റെ ചൂട്‌ കണ്‍തടം നനക്കുന്നുണ്ട്‌. വാമൊഴിക്കും വരമൊഴിക്കും പ്രകടിപ്പിക്കാനാവാത്ത വികാരം സിരകളിലൂടെ ഒഴുകുന്ന
ithu thanne enteyum feeling....mashey yaathra thudaroo

മഴത്തുള്ളി said...

ഇത്തിരീ,

ഇത്തവണയും വളരെ നന്നായിരിക്കുന്നു അവതരണം.

റിയാസ് കൂവിൽ said...

very nice

റിയാസ് കൂവിൽ said...

very nice dear

വേഴാമ്പല്‍ said...

ഇത്തിരി മാഷെ ,
എത്തവണത്തെയും പോലെ ഈ പോസ്റ്റും വളരെയധികം അറിവു പകരുന്നതായിരുന്നു. തുടര്‍ന്നും എഴുതുക. എല്ലാ ഭാവുകങ്ങളും

മെലോഡിയസ് said...

ഇത്തിരിയേ..ദാണ്ടേ..ഞാന്‍ ഇത് ഇപ്പൊ മുഴുവനും വായിച്ച് തീര്‍ത്തതേയുള്ളു. വായിച്ച് കഴിഞ്ഞപ്പോ എന്താ പറയാ...വളരെ നന്നായിട്ടുണ്ട് ഇത്തിരി. ഒരു പാട് ഭാഗങ്ങള്‍ മനസിനെ ശരിക്കും സ്പര്‍ശിച്ചു. പ്രത്യേകിച്ച് തന്റെ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ച് മൂടുന്ന ആ രംഗമോര്‍ത്തപ്പോള്‍ മനസില്‍ എന്തൊക്കെയോ ഒരു വിങ്ങല്‍ പിന്നെ കണ്ണീരും..

ഇത്തിര്യേ..ഇത് അങ്ങ് തുടരണം ട്ടാ..എല്ലാ വിധ ഭാവുകങ്ങളും.

സാല്‍ജോҐsaljo said...

ഒരു സംസ്കാരത്തിന്റെ അനുഭവങ്ങള്‍, വികാരങ്ങള്‍ ഇവയെ സന്നിവേശിപ്പിക്കുക ശ്രമകരമാണ് തികച്ചും.

ഒരു പോസ്റ്റിനുവേണ്ടി എഴുതിത്തുടങ്ങിയ ഈ സംഘവീക്ഷണം, ഇന്നിപ്പോ പതിനാലിത്തിനില്‍ക്കുന്നു. ക‌അബ് മുതല്‍ മസ്ജിദുന്നബവിയില്‍ എത്തിനില്‍ക്കുന്ന ഇവിടെവരെ എത്തിയത് ഒരു നിയോഗമാണ്.

തുറന്നു പറയട്ടെ, (ഒരു വിവാദമായി കണക്കാക്കരുത് പ്ലീസ്!) അടുത്തുവരെ, ഞാന്‍ പരിചയപ്പെട്ട മുസ്ലിം സഹോദരന്മാരിലെല്ലാം ഒരല്പം തീവ്രവാദം ഞാന്‍ കണ്ടിരുന്നു.(ഞാന്‍ മാത്രമല്ല ഒട്ടനവധിപേര്‍ക്ക് ഇപ്പോഴും!) പക്ഷേ, കണക്കുകൂ‍ട്ടലുകള്‍ തെറ്റുകയാണിവിടെ!

ഇത്തിരിയും,സുല്ലും, അഗ്രജനും, സിയയും,കരീം മാഷും, മുസാഫിറിലും... തുടങ്ങി ഒട്ടനവധിപേര്‍ എഴുതിമാറ്റിയ ഒട്ടേറെ കാര്യങ്ങള്‍! ആത്മബന്ധമാണിപ്പോ ഇവരോടൊക്കെ ഈ ബൂ‍ലോകത്തിനുതന്നെ!

അങ്ങനെവരുമ്പോള്‍ ഇത് തീര്‍ച്ചയായും മുന്‍പ് പറഞ്ഞ നിയോഗമാണ്. ഞാനുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഒരു വിശ്വാസത്തിന്റെ സാന്ദ്രമായ ഉള്ളറകള്‍ തുറന്നുകാട്ടപ്പെടുകയാണിടെ.

ഒരിക്കല്‍ താങ്കള്‍ സൂചിപ്പിച്ചതുപോലെ, താങ്കളുടെ വിരല്‍തുമ്പില്‍ ‘വന്നുവീഴുന്ന‘ ഓരോ വാക്കും ഹൃദയങ്ങളില്‍ എത്തിപ്പെടുന്നു എന്നതാണ് സത്യം. താങ്കളുടെ ഈ സപര്യക്ക് നിദാനവും!

Anonymous said...

വായിക്കുന്നു. എല്ലാം പുതിയ അറിവുകള്‍, തുടരുക ഈയാത്ര.

Sapna Anu B.George said...

ഇത്രമാത്രം വാക് ചാതുരിയും, വിവരങ്ങള്‍ ശേഖരിക്കാനുള്ള ക്ഷമയും പ്രശംസനീയം തന്നെ. ഇനിയും കൂടുതല്‍ വായിക്കാനായി പ്രതീക്ഷിക്കുന്നു

Rasheed Chalil said...

വായിച്ച് അഭിപ്രായം അറിയിച്ച
സുല്‍.
അരീകോടന്‍.
കോയിസ്.
പ്രയാസി.
കുട്ടിച്ചാത്തന്‍.
മുസാഫിര്‍.
മുരളി മേനോന്‍.
കുറുമന്‍.
അക്ഷരജാലകം.
അപ്പു.
സലാം.
ജി മനു.
മഴത്തുള്ളി.
കൂവില്‍.
വേഴാമ്പല്‍.
മെലോഡിയസ്.
സല്‍ജോ.
അശോക്.
സ്വപ്ന അനു ബി ജോര്‍ജ്ജ്..

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

abdu said...

സിദ്ദീഖും ഫാറൂഖും ജീവിതത്തില്‍ സൂക്ഷിച്ച നീതിബോധത്തിന്റെ ഉത്തമ ഉദാഹരണം അവരുടെ ജീവിതം തന്നെ... ഒരിക്കല്‍ വീട്ടിലെ ആവശ്യങ്ങള്‍ ഭര്‍ത്താവിനെ അറിയിക്കാന്‍ സിദ്ദീഖിന്റെ ഭാര്യ അദ്ദേഹത്തിന്റെ സമീപമെത്തി. രാജ്യകാര്യങ്ങളില്‍ വ്യപൃതനായിരുന്ന അദ്ദേഹത്തോട്‌ അവര്‍ സംസാരിക്കാന്‍ ആരംഭിച്ചതോടെ അദ്ദേഹം വിളക്കണച്ചു... 'എന്തിന്‌ വിളക്കണച്ചു ?' എന്ന ചോദ്യത്തിന്‌ "രാജ്യത്തിന്റെ പൊതുമുതലില്‍ നിന്നുള്ള എണ്ണയാണ്‌ ആ വിളക്കില്‍ കത്തുന്നത്‌... അത്‌ ഉപയോഗിച്ച്‌ വീട്ടുകാര്യങ്ങള്‍ സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല." എന്ന് ഉടനെ മറുപടിയും ലഭിച്ചു

സ്നേഹിതന്‍ ‍ഫൈസു said...

"രാജ്യത്തിന്റെ ഭരണാധികാരിയായി സിദ്ധീഖ്‌ തിരഞ്ഞെടുക്കപ്പെട്ട ദിവസം ഒരു പെണ്‍കുട്ടി പറഞ്ഞ്‌ പോയി... എല്ലാ ദിവസവും എന്റെ വീട്ടിലെ ആടുകളെ കറന്ന് തന്നിരുന്ന അബൂബക്കര്‍ രാജ്യത്തിന്റെ ഭരണാധികാരിയായതോടെ ഇനി ആരെ കൊണ്ട്‌ ആ ജോലി ചെയ്യിക്കും. പക്ഷെ പിറ്റേന്നും പതിവ്‌ പോലെ സിദ്ധീഖ്‌(റ) അതിരാവിലെ ജോലിക്ക്‌ എത്തിയിരുന്നു."
കരച്ചില്‍ അടക്കാനാവുന്നില്ല രഷീദ് ഭായ്....