ഇരുപത്തിഅഞ്ച്.
കരുത്തുള്ള തൂണുകളും കമാനങ്ങളും അറബി കയ്യെഴുത്ത് കൊണ്ട് മനോഹരമാക്കിയ ചുവരുകളും.. അത്യപൂര്‍വ്വമായ വൈദ്യുത വിളക്കുകളും... പതിനായിരക്കണക്കിന് തീര്‍ത്ഥാടകരെ ഉള്‍കൊള്ളാന്‍ മാത്രം വിശാലമായ മസ്ജിദുന്നബവിയിലെ, ദീപാലംകൃതമായ ഹാളിലൂടെ ചുറ്റി നടക്കുമ്പോള്‍ ഒരു നിമിഷം ഇതേ മസ്ജിദിന്റെ പൊയ്പോയ കാലം മനസ്സിലേക്ക് ഓടിയെത്തി. ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടപ്പോള്‍ മക്കയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് മദീനയിലെത്തി , അവിടെ അന്തിയുറങ്ങാന്‍ ഒരു വീട് നിര്‍മ്മിക്കുന്നന് മുമ്പ് നബിതിരുമേനി(സ)യും അനുയായികളും ചേര്‍ന്ന് നിര്‍മ്മിച്ച മസ്ജിദാണിത്. ഈന്തപ്പനത്തണ്ട് തൂണാക്കി കുറച്ച് ഭാഗം ഈന്തപ്പന ഓലമേഞ്ഞ ലളിതമായ മസ്ജിദ്... ആ ഓല മേഞ്ഞ ഭാഗം കിടപ്പാടമില്ലാത്ത പാവങ്ങള്‍ക്ക് രാപ്പാര്‍ക്കാന്‍ വേണ്ടി നീക്കിവെച്ചിരുന്നു.
‘എന്റെ സമുദായത്തിന്റെ സമൃദ്ധിയിലാണ് എനിക്ക് ആധി“ എന്ന് ആശങ്ക പ്രകടിപ്പിച്ച പുണ്യറസൂലി(സ)ന്റെ പ്രതിനിധിയായ ഉമര്‍, പില്കാലത്ത് ഇതേ മസ്ജിദിന്റെ മുറ്റം സമ്പത്ത് കൊണ്ട് കുന്ന് കൂടിയപ്പോള്‍ അതിലേക്ക് നോക്കി പൊട്ടിക്കരഞ്ഞെത്രെ... ‘കാല്ക്കല് സീസറിന്റെ കീരീടം സമര്‍പ്പിക്കപ്പെട്ടപ്പോഴും ഓലപ്പായയില്‍ ഉറങ്ങിയവരാണ് എന്റെ റസൂല്‍ (സ)‘ എന്ന മഹാകവി അല്ലാമാ ഇഖബാലിന്റെ വരികളാണ് മനസ്സിലെത്തിയത്...
ഒരു വാക്ക് പറഞ്ഞാല്‍..., ഒരു ആംഗ്യം കൊണ്ടെങ്കിലും അനുവദിച്ചാല്‍, ആ വീട് ഭക്ഷണം കൊണ്ട് നിറയ്ക്കാന്‍ തയ്യാറായിരുന്നു അനുയായികള്‍. പക്ഷേ അവിടുന്ന് ഇഷ്ടപ്പെട്ടത് ദാരിദ്ര്യമായിരുന്നു. നബിതിരുമേനി(സ)യുടെ വീട്ടില്‍ മിക്ക ദിവസങ്ങളിലും മുഴുപ്പട്ടിണിയായിരുന്നു... വല്ലപ്പോഴും ഉണ്ടായിരുന്ന സമൃദ്ധമായ ആഹാരം പച്ചവെള്ളവും ഈന്തപ്പഴവും.... നിറവയറിന് പകരം പട്ടിണി ഇഷ്ടപ്പെട്ട പ്രവാചകര്‍(സ)... “അല്ലാഹുവേ എന്നെ ദരിദ്രനായി ജീവിപ്പിച്ച് ദരിദ്രനായി മരിപ്പിക്കേണമേ..” എന്ന് പ്രാര്‍ത്ഥിച്ചിരുന്ന, ദാരിദ്ര്യം അലങ്കാരമാക്കിയ അവിടുന്ന് പഠിപ്പിച്ചതും ഉള്ളത് കൊണ്ട് സന്തോഷിക്കുകയും ഇല്ലാത്തതില്‍ ക്ഷമിക്കുകയും ചെയ്യുന്ന ജീവിത രീതിയായിരുന്നു.
ആ മൂല്യങ്ങള്‍ തന്നെയാണ് ആ ജീവിതത്തിന്റെ ഏറ്റവും വലിയ വെളിച്ചവും വ്യക്തി വിശേഷവും... ദൈവിക വെളിപാടിന്റെ ആദ്യവസരത്തില്‍ ഹിറാ ഗുഹയില്‍ നിന്ന്, ഗാബ്രിയേല്‍ മാലാഖയെ കണ്ട് പരിഭ്രാന്തനായെത്തിയ പ്രവാചകരെ (സ), പത്നിയായ ഖദീജ(റ) ആശ്വസിപ്പിച്ചത് ഇങ്ങനെയായിരുന്നു... “അങ്ങ് കുടുബ ബന്ധം ചേര്‍ക്കുന്നു. സത്യം മാത്രമേ പറയാറുള്ളൂ. അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നു. അതിഥികളെ സല്കരിക്കുന്നു. സത്യത്തിന്റെ വിജയത്തിന് വേണ്ടി യത്നിക്കുന്നു... അത് കൊണ്ട് അല്ലാഹു അങ്ങയെ സഹായിക്കും...”
ഈ സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം, ഹുദൈബിയ സന്ധി നല്കിയ സമാധനത്തിന്റെ കാലത്ത് പ്രവാചകര്‍ (സ) അന്നത്തെ പ്രധാന ഭരണാധികാരികള്‍ക്കെല്ലാം കത്തെഴുതുകയുണ്ടായി. അതില്‍ ഒന്ന് റോമന്‍ ചക്രവര്‍ത്തി ഹിറാക്ലിയസ്സിനും ലഭിച്ചു. ആ പുതിയ ഒരു പ്രാവാചകനെ കുറിച്ച് കൂടുതല്‍ അറിയാനായി അറബികള്‍ ആരെങ്കിലും പേര്‍ഷ്യയില്‍ ഉണ്ടെങ്കില്‍ ഹാജറാക്കാന്‍ ചക്രവര്‍ത്തി കല്പ്പിച്ചു... അങ്ങനെ ഹാജരായത് അന്ന് പ്രവാചകന്റെ ശത്രുവായിരുന്ന അബൂസുഫ് യാന്‍ ആയിരുന്നു. പ്രാവാചക(സ)നെ കുറിച്ച് ഹിറാക്ലിയസ്സ് പല ചോദ്യങ്ങളും ചോദിച്ച കൂട്ടത്തില്‍ ഒന്ന് ‘ഈ പ്രവാചകനാണ് എന്ന് വാദിക്കുന്ന വ്യക്തി വല്ല കള്ളവും പറഞ്ഞതായി താങ്കള്‍ക്ക് അറിയുമോ‘ എന്നായിരുന്നു... അബൂസുഫ് യാന്‍ രണ്ട് വട്ടം ചിന്തിക്കുക പോലും വേണ്ടി വന്നില്ല.“ഇല്ല... ഒരിക്കലും ഇല്ല”. എല്ലാ ചോദ്യങ്ങള്‍ക്കും ശേഷം ഈ ചോദ്യത്തരങ്ങളെ വിലയിരുത്തുമ്പോള്‍ ഹിറാക്ലിയസ്സ് പറഞ്ഞു. ‘മനുഷ്യരുമായുള്ള സഹവാസത്തില്‍ ഒരിക്കലും കളവ് പറയാത്ത വ്യക്തി ദൈവത്തെ കുറിച്ച് ഇത്രയും വലിയ അസത്യം പറയുക അസാധ്യമാണ് .’
അവിടുന്നിന്റെ ദൌത്യത്തിന്റെ പ്രധാന കേന്ദ്രം ഈ മസ്ജിദായിരുന്നു. അഞ്ച് നേരം പ്രാര്‍ത്ഥന ഈ മസ്ജിദില്‍ വെച്ച്... രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയതും... കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ചതും, അവര്‍ക്ക് മപ്പ് നല്കിയതും, എത്രയോ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടതും, യുദ്ധത്തിന് പുറപ്പെട്ടതും, സന്ധി സംഭാഷണങ്ങള്‍ക്ക് വേദിയായതും എല്ലാം ഒരേ സ്ഥലം... മസ്ജിദ്... മഴപെയ്താല്‍ ചോര്‍ന്ന് ഒലിക്കുമായിരുന്ന... ഇരുട്ടിയാല്‍ വെളിച്ചത്തിനായി കൂട്ടിയിട്ട വൈക്കോല്‍ കത്തിക്കുമായിരുന്ന ഈ കെട്ടിടത്തിന്റെ, വാചലമായ മൌനത്തോട് സംവദിക്കാനായാല്‍ ആണ്ടുകള്‍ നിളുന്ന കഥാകഥനം ശ്രവിക്കാനാവും... അത്രമാത്രം സംഭവ ബഹുലമായിരുന്നല്ലോ ആ പുണ്യജീവിതം.
ചുട്ട് പൊള്ളുന്ന ജൂണില്‍ മരൂഭൂമിയിലുടെ പാത്തും പതുങ്ങിയും സുഹൃത്തായ അബൂബക്കറു(റ)മൊന്നിച്ച് നബിതിരുമേനി(സ) മദീനയിലെത്തുമ്പോള്‍ ഈ ഊഷരഭൂമി ‘യസ് രിബ്’ ആയിരുന്നു. ആ ആഗമനത്തോടെ ‘യസ് രിബ്‘ ‘മദീനത്തുന്നബി‘(നബിയുടെ പട്ടണം)ആയിമാറി... പിന്നീട് അവിടെ ഒരു ജീവിത വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെ പെടാപാടുകള്‍... മക്കയില്‍ നിന്ന് മദീനയിലേക്ക് ചേക്കേറിയിട്ടും വിടാതെ പിന്തുടര്‍ന്ന മക്കക്കാരുടെ ശത്രുത... അതിന് പുറമെ പാളയത്തിലെ പടയായി മദീനയിലെ യഹൂദ ഗോത്രങ്ങളുടെ വഞ്ചന... ഇതെല്ലാം എതിര്‍ത്ത് തോല്‍പ്പിക്കുമ്പോഴും അതിനേക്കാളുപരി യുദ്ധത്തിലും മദ്യത്തിലും കാമത്തിലും മാത്രം ജീവിതത്തിന്റെ അര്‍ത്ഥവും ദൌത്യവും കണ്ട ഒരു സമൂഹത്തിന് ഇതിനപ്പുറം മറ്റൊരു ലോകമുണ്ടെന്നും അതിന് മുമ്പ് ജീവിച്ച് തീര്‍ക്കേണ്ട ഈ ലോകത്തോടും സമൂഹത്തോടും സാഹചര്യങ്ങോടും കടപ്പാടുകള്‍ ഉണ്ടെന്നും പഠിപ്പിച്ച് ഒരു സമൂഹത്തെ സംസ്കരിച്ചെടുക്കേണ്ട ദൌത്യം... ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രബോധന സംസ്കരണ പ്രവര്‍ത്തങ്ങള്‍... എല്ലാറ്റിനും കരുത്ത് നല്‍കിയത് ഖുര്‍ആന്റെ വിപ്ലവ മന്ത്രവും...
ഹുദൈബിയ സന്ധിയോടൊപ്പം നിലവില്‍ വന്ന സമാധാനത്തിന്റെ ദിനങ്ങളില്‍ ഇസ് ലാം വിദേശങ്ങളിലേക്ക് കൂടി വ്യാപിച്ചു.. കൂട്ടം കൂട്ടമായി ആളുകള്‍ മദീനയിലെത്തി അവിടുത്തെ ശിഷ്യത്വം സ്വീകരിച്ചു... അനുയായികളില്‍ നല്ലൊരു ശതമാനവും പ്രബോധന ദൌത്യവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി...
സന്ധിയനുസരിച്ച് മുസ് ലിങ്ങളൊ ഖുറൈശികളൊ ഇരുകക്ഷികളുടെയും സഖ്യ കക്ഷികളോ പരസ്പരം യുദ്ധം നിഷിദ്ധമായിരുന്നു. സന്ധി നിലവില്‍ വന്ന ശേഷം മുസ് ലിങ്ങളുമായി ‘ഖുസാഅ‘ ഗോത്രവും ഖുറൈശികളുമായി ‘ബനൂബക്കര്‍‘ ഗോത്രവും സന്ധി ചെയ്തു. ഏകദേശം ഒന്നരവര്‍ഷത്തിന് ശേഷം ബനൂബക്കര്‍ ‘ഖുസാ അ’ യെ ഖുറൈശികളുടെ പൂര്‍ണ്ണ പിന്തുണയോടെ ആക്രമിച്ചു. അതോടെ ഹുദൈബിയ സന്ധിയിലെ പ്രധാന വ്യവസ്ഥ ഖുറൈശികള്‍ ലംഘിച്ചു.
ഇതിന് ശേഷം ‘എല്ലാവരും റമദാനില്‍ മദീനയില്‍ എത്തണം’ എന്ന് എല്ലാ മുസ് ലിം ഗോത്രങ്ങള്‍ക്കും നബി തിരുമേനി(സ) കല്പന അയച്ചു. അങ്ങനെ റമദാന് ആദ്യപകുതിയില്‍ പതിനായിരത്തില്‍പ്പരം സംഘശക്തിയുടെ സൈന്യവുമായി നബി തിരുമേനി മക്കയിലേക്ക് മാര്‍ച്ച് ചെയ്തു.. തീര്‍ത്തും രഹസ്യമായിരുന്നു ഈ സൈനിക നീക്കം. സൈന്യം മക്കയ്ക്കകടുത്ത് താവളമടിച്ച ശേഷമാണ് വിവരം മക്കക്കാര്‍ അറിഞ്ഞത്... നബി തിരുമേനിയെ അനുനയിപ്പിക്കാന്‍ എത്തിയ അബൂസുഫ് യാന്‍ അവിടുത്തെ അനുയായി ആയി മാറി. ഒരു ഏറ്റുമുട്ടല്‍ കൂടാതെ മക്കയില്‍ പ്രവേശിക്കാനായിരുന്നു നബിതിരുമേനിയുടെ ആഗ്രഹം... അത് കൊണ്ട് തന്നെ നേരിട്ട് ആക്രമിക്കാത്ത ആരെയും ആക്രമിക്കരുതെന്ന് അവിടുന്ന് കല്പിച്ചു. അബൂസുഫ് യാന്റെ വീട്ടിലോ മസ്ജിദുല്‍ ഹറാമിലോ ഇനി അവരവരുടെ വീടുകളിലോ താമസിക്കുന്നവര്‍ തീര്‍ത്തും സുരക്ഷിതരായിരിക്കും എന്ന് വിളംബരത്തോടെയാണ് ഈ സംഘം മക്കയിലേക്ക് നീങ്ങിയത്.
മക്കയിലേക്ക് പ്രവേശിക്കും മുമ്പ് നബിതിരുമേനി(സ) സൈന്യത്തെ നാലാക്കി വിഭജിച്ചു. നേതൃത്വം സുബൈര്‍ ബിന്‍ അവ്വാം(റ), ഖാലിദ് ബിന്‍ വാലീദ്(റ), സഅദ് ബിന്‍ ഉബാദ(റ), അബൂ ഉബൈദ(റ) എന്നിവരെ ഏല്‍പ്പിച്ചു. നിരന്തരം മുസ്ലിങ്ങളെ ദ്രോഹിച്ച ഖുറൈശികളാണ് എതിര്‍ചേരിയില്‍ എന്ന് ഓര്‍മ്മ വന്ന ഒരു ദുര്‍ബല നിമിഷത്തില്‍, സംഘനേതാവായ ‘സഅദ്ബിന്‍ ഉബാദ ’(റ) പറഞ്ഞു “ഇന്ന് യുദ്ധത്തിന്റെ ദിവസമാണ്. പവിത്രതയ്ക്ക് വില കല്‍പ്പിക്കപ്പെടാത്ത ദിവസം.” ഇത് അറിഞ്ഞയുടന്‍ പ്രവാചക തിരുമേനി അദ്ദേഹത്തെ സൈനീക നേതൃത്വത്തില്‍ നിന്ന് മാറ്റി... പകരം മകനായ സഅദിനെ ആ ചുമതല ഏല്‍പ്പിച്ചു... ആ പറഞ്ഞത് ‘ശരിയല്ല‘ എന്ന് പറയുകയും ചെയ്തു.
മക്കയിലൂടെ തെരുവിലൂടെ നീങ്ങുന്ന ആ സംഘമനസ്സിനെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്... നേതാവയ പുണ്യറസൂലി(സ) ന്റെ ഒറ്റവാക്കാണ് അവരെ അക്രമത്തില്‍ നിന്ന് തളച്ചിട്ടത്... ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടവരാണ് അവരില്‍ പലരും... വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖുറൈശീ നേതാക്കളുടെ ചാട്ടവാറടി സഹിച്ചവര്‍ അവരിലുണ്ട്... ഈ തെരുവിലാണ് ഖബ്ബാബിന്റെ ശരീരം ഇരുമ്പ് പഴുപ്പിച്ച് പൊള്ളിച്ചത്... ഇവിടെ വെച്ചാണ് അടിമയായ യാസിറും സുമയ്യയും ക്രൂരമായി കൊലചെയ്യപ്പെട്ടത്... ബിലാലിനെ ചുട്ട് പൊള്ളുന്ന മണലില്‍ കിടത്തി നെഞ്ചില്‍ പാറക്കല്ല് കയറ്റി വെച്ച് മര്‍ദ്ദിച്ചതും ഇവിടെത്തന്നെ.. “ദൈവം ഏകനാണെന്ന്” വിളിച്ച് പറയുന്ന ബിലാലിനെ ഉമയ്യത്തും സംഘവും വീണ്ടും വീണ്ടും പ്രഹരിച്ചത്... മാംസം കരിയുന്ന ചൂടിനോ ശരീരത്തില്‍ മറ്റൊരു പൊള്ളലായി പടരുന്ന ചാട്ടയ്ക്കോ നിയന്ത്രിക്കാനാവതെ ‘ദൈവം ഏകന്‍ തന്നെ...” എന്ന് ബിലാല്‍ ആവര്‍ത്തിച്ചതും ഈ മണ്ണില്‍ തന്നെ... ജന്മനാട്ടിലെ ഈ തെരുവുകളി വെച്ചാണ് അവരെ ക്രൂരമായി മര്‍ദ്ദിച്ചതും അവസാനം നിവൃത്തിയില്ലാതെ പാത്തും പതുങ്ങിയും മദീനയിലേക്ക് രക്ഷപ്പെട്ടതും...
ആ തെരുവുകളില്‍ തന്നെയാണ് മക്കക്കാര്‍ അവര്‍ ജീവനേക്കാള്‍ ഉപരി സ്നേഹിച്ചിരുന്ന പുണ്യറസൂലിനെ കല്ലെറിഞ്ഞത്... ദിവസങ്ങള്‍ പഴകിയ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല് മാല ആ ശിരസ്സില്‍ വലിച്ചിട്ടത്... ഭ്രാന്തന് ഭ്രാന്തന് എന്ന് ആര്‍ത്ത് വിളിച്ച് തെരുവ് മുഴുവന്‍ വലിച്ചിഴച്ചത്... അവിടെത്തെയും കുടുംബത്തേയും മുന്ന് വര്‍ഷം മുഴുപ്പട്ടിണിക്കിടാന്‍ കാരാറ് തയ്യാറാക്കിയത്... ദൂരെ ജബലുന്നൂറില്‍ നിന്ന് ദൈവീക വെളിപാടിന്റെ ആദ്യാക്ഷരങ്ങളുമായി അവിടുന്ന് ഓടിയെത്തിയതിന് ശേഷം പതിമുന്ന് വര്‍ഷം നീണ്ട യാതനകളുടെ ഓര്‍മ്മകളുമായി... ഏറ്റവും അവസാനം കൊല്ലാന്‍ വേണ്ടി വീട് വളഞ്ഞവര്‍ക്ക് ഇടയിലൂടെ മദീനയിലേക്ക് പലായാനം ചെയ്ത് രക്ഷപ്പെട്ടത്... എന്നിട്ടും മദീനയെ ആക്രമിക്കാന്‍ നിരന്തരം ശ്രമിച്ചത്...
ആരും ഒന്നും മറന്നിട്ടുണ്ടായിരുന്നില്ല... അവര്‍ക്ക് മറക്കാന്‍ കഴിയുമായിരുന്നില്ല... മദീനയിലേക്ക് പലായനം ചെയ്യുമ്പോള്‍ അവര്‍ ഉപേക്ഷിച്ച വീടും സ്വത്തും മക്കക്കാര്‍ കൈയേറിയിരുന്നു... ചിലരുടെ കുടുംബങ്ങളെ മുഴുവന്‍ നശിപ്പിച്ചിരുന്നു... വര്‍ഷങ്ങള്‍ക്ക് മുമ്പ് രായ്ക്ക് രാമാനം പിറന്ന നാട് ഉപേക്ഷിച്ചവര്‍ സുവ്യക്തമായ വിജയത്തിന്റെ പതാകയുമായി തിരിച്ചെത്തുമ്പോള്‍, മക്ക മുഴുവന്‍ ആ കരുത്തിന്റെ കാല്‍കീഴിലിട്ട് ചവിട്ടിയരക്കാന്‍ അവര്‍ ആഗ്രഹിച്ചിരിക്കണം... ആ നഗരം ഒന്നടങ്കം നശിപ്പിക്കാന്‍ അവരുടെ മനസ്സ് പ്രേരിപ്പിച്ചിരിക്കണം... അവരുടെ കത്തുന്ന പ്രതികാര ജ്വാല മുഴുവന്‍ തടഞ്ഞ് നിര്‍ത്തിയത് പുണ്യറസൂലിന്റെ പുഞ്ചിരി മാത്രമായിരുന്നു...
അവര്‍ ‘കഅബ‘യില്‍ പ്രവേശിച്ചു... വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാര്‍ത്ഥിക്കാന്‍ അനുവാദത്തിന് വേണ്ടി ഇതേ മണ്ണില്‍ നിന്ന് താക്കോല്‍ സൂക്ഷിപ്പുക്കാരനായ ഉസ്മാനോട് അവിടുന്ന് അപേക്ഷിച്ചിരുന്നു... അന്ന് നിര്‍ദയം ആ അപേക്ഷ നിരസിച്ച അതേ ഉസ്മാന് അതേ താക്കോല്‍ അവിടുന്നിനെ ഏല്‍പ്പിച്ചു... കഅബ ശുദ്ധീകരിച്ചു... കാപ്പിരിയായ ബിലാല്‍ കഅബയുടെ ചുമരില്‍ അള്ളിപ്പിടിച്ച് കയറി... “അല്ലാഹു അക് ബര്... അല്ലാഹു അക് ബര്... അശ് ഹദു അന്‍ല്ലാഇലാഹ ഇല്ലല്ലാ... ‘ (“അല്ലാഹുവാണ് മാഹാന്... അവനല്ലാതെ ആരാധിക്കപ്പെടാന്‍ അര്‍ഹതയുള്ളത് ഒന്നും ഇല്ലന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു....”) ആ കാപ്പിരിയുടെ കരുത്തുള്ള ശബ്ദം മക്കാ മരുഭൂമി ഏറ്റുവാങ്ങി... വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊള്ളുന്ന മണലില്‍ കിടന്ന് വാവിട്ട് കരഞ്ഞ ബിലാലിനെ ആ അന്തരീക്ഷം മറന്ന് കാണില്ല... “മുഹമ്മദ് ദൈവത്തിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു...’ ബിലാലിന്റെ സ്വരം മുഴങ്ങി...
അബ്രാഹം പ്രവാചകനും മകന് ഇസ്മാഈലും നിര്‍മ്മിച്ച ആ ദൈവീക ഭവനത്തിന് ചുറ്റും തടിച്ച് കൂടിയ മക്കക്കാരോടായി അവിടുന്ന് ചോദിച്ചുവെത്രെ... ‘ ഏ... മക്കക്കരേ ... ഞാന്‍ നിങ്ങളെ എന്ത് ചെയ്യാന്‍ പോവുന്നു എന്നാണ് നിങ്ങള്‍ കരുതുന്നത്’ പതിനായിരങ്ങളുടെ സംഘബലത്തോടെ മക്കയിലെത്തിയ മുഹമ്മദും(സ) വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരുടെ സ്നേഹഭാജനമയിരുന്ന അല്‍അമീനും പിന്നീട് എപ്പോഴോ ശത്രുവായി മാറി അവസാനം കൊലകത്തിയുടെ മുനയില്‍ നിന്ന് അത്ഭുതമയി രക്ഷപ്പെട്ട മുഹമ്മദും തമ്മില്‍ അവര്‍ താരതമ്യം ചെയ്യാന്‍ ശ്രമിച്ചിരിക്കണം... അവര്‍ പറഞ്ഞു... ‘നല്ലത് മാത്രം... ഉദാരനായ സഹോദരനാണ് അങ്ങ്... ഉദാരനായ സഹോദരന്റെ പുത്രനും’ തന്റെ അനുയായികളെ ഒന്നു കൂടി നോക്കി അവിടുന്ന് പ്രഖ്യപിച്ചു ‘ പൊയ്ക്കൊള്ളുക... നിങ്ങള്‍ സ്വതന്ത്രരാണ്... ഇന്ന് ഒരു പ്രതികാരവുമില്ല...’ ആ മധുരമുള്ള പ്രതികാരത്തിന് മുമ്പില്‍ മനം നൊന്ത് തലകുനിച്ച് തിരിച്ച് നടക്കുന്ന മക്കക്കാരെ വെറുതെ സങ്കല്പിച്ച് നോക്കി...
കഅബയുടെ താക്കോല്‍ സൂക്ഷിക്കാനുള്ള അവകാശം ഉസ്മാന് തന്നെ തിരിച്ച് ലഭിച്ചു... ആ കുടുംബം ഇന്നും അത് സൂക്ഷിക്കുന്നു... നബിതിരുമേനി(സ) ആയിരത്തി നാനൂറ് വര്‍ഷം മുമ്പ് ഏല്‍പ്പിച്ച ഉത്തരവാദിത്വത്തിന്റെ സൂക്ഷിപ്പുക്കാര്‍ എന്ന അഭിമാമത്തോടെ തന്നെ... നബിതിരുമേനിയും അനുയായികളും പലായനം ചെയ്തപ്പോള്‍ ഖുറൈശികള്‍ കൈയ്യടക്കിയ സ്വത്തും അവിടുന്ന് തിരിച്ച് പിടിക്കാന്‍ ശ്രമിച്ചില്ല... പകരം അത് സമ്മാനമായി മക്കക്കാര്‍ക്ക് തന്നെ നല്കി. മക്കക്കാരോടായി അവിടുന്ന് പറഞ്ഞു... “ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന ജനവിഭാഗമാണ് നിങ്ങള്‍... നിങ്ങള്‍ എന്നെ ബഹിഷ്കരിക്കുകയും പുറത്താക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഇവിടെ നിന്ന് നിങ്ങളെ വിട്ട് പോവില്ലായിരുന്നു... “അബൂസുഫ് യാന്റെ വാക്കുകള്‍ ഇതായിരുന്നു ...”യുദ്ധത്തിലും സമാധാത്തിലും അങ്ങ് മാന്യന് തന്നെ.”
ആ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ നെഞ്ചുരുക്കത്തോടെ കഴിഞ്ഞ ഒരു വിഭാഗം ഉണ്ടായിരുന്നു... മദീനക്കാരായ അന്‍സാറുകള്‍... ജന്മനാട് തിരസ്കരിച്ചപ്പോള്‍ അവര്‍ മാറോടണച്ച പുണ്യറസൂലെ(സ)ന്ന സൌഭാഗ്യം ജന്മ നാട്ടില്‍ പരമാധികാരിയായി തിരിച്ചെത്തിയിരിക്കുന്നു.. ഇനി മദീനയിലേക്ക് മടങ്ങുമോ എന്നത് തന്നെയായിരുന്നു അവരുടെ വിഷമം... കാരണം അവര്‍ക്ക് ഈ പ്രവാചകന് എല്ലാമായിരുന്നു... ഒരിക്കല്‍ മദീനയില്‍ നബി തിരുമേനി സമ്പത്ത് ഓഹരി വെക്കുമ്പോള്‍ ചിലര്‍ക്ക് ലഭിച്ചത് കുറഞ്ഞു എന്ന് തോന്നി... ചിലരൊക്കെ കുറച്ച് കൂടി ആഗ്രഹിച്ചു... ഇത് അറിഞ്ഞപ്പോള്‍ അവിടുന്ന് പുഞ്ചിരിയോടെ അവരോട് ചോദിച്ചെത്രെ... “എന്തിനാണ് ധനം... എല്ലാറ്റിനും പകരം ഞാന്‍ പോരേ നിങ്ങള്‍ക്ക്’...“ മദീനക്കാര്‍ ഒന്നിച്ച് പറഞ്ഞു ..“മതി... അങ്ങ് മതി... അങ്ങ് മാത്രം മതി... അതിനേക്കാളും വലിയ ഒരു സമ്പത്തും ഞങ്ങള്‍ക്ക് ഇല്ല ...” മക്കയിലെ ആ വിജയ ദിവസവും നബിതിരുമേനി(സ) മദീനക്കാരോടായി പറഞ്ഞു... “എന്റെ ജീവിതം നിങ്ങളോടൊപ്പമുള്ള ജീവിതമാണ്.. മരണവും നിങ്ങളൊടൊപ്പം തന്നെ...” അവിടുന്ന് മദീനയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു...
നടന്ന് നടന്ന് പുണ്യറസൂലിന്റെ ഖബര്‍ ശരീഫിന് സമീപമെത്തിരിയിരിക്കുന്നു... ഒരു യാത്ര പറച്ചില്... ഇനി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കുമോ എന്നറിയില്ല... ഏറ്റവും പ്രിയപ്പെട്ട ആ നേതാവിന്റെ സമീപം മര്യാദയോടെ നിന്ന്, അഭിവാദ്യം ചെയ്തു... “അസ്സലാമു അലൈക യാ റസൂലല്ലാ...” തൊണ്ട ഇടറിയിരുന്നു... കണ്ണില്‍ ഉറഞ്ഞ സ്നേഹം കവിളില്‍ ചാലുകളായി...
11 comments:
ഇരുപത്തിഅഞ്ച്...
പലവെട്ടം ഈ സംഭവങ്ങള്‍ കേട്ടിട്ടുണ്ട്..പക്ഷെ ഇതിനെക്കാളും മനോഹരമായോ വ്യക്തമായോ കേട്ടിട്ടില്ല..ഓരോ സംഭവും കണ്ണിനു മുന്നില്‍ നടക്കുന്നപോലെ..കണ്ണ് അറിയാതെ നിറഞുപോയി..സ്നേഹമെന്നത് കണ്ടെത്തിയ പട്ടണമാണ് മദീന, നമ്മുടെ എറ്റവും വലിയ സ്നേഹഭാജനവും അവിടെ തന്നെ(സ).മദീന സന്ദര്‍ശിക്കാനുള്ള എന്റെ ആഗ്രഹത്തിനു വീണ്ടും ചിറകു നല്കി ഈ കുറിപ്പ്..വളരെ നന്ദി..സര്വ്വശക്തന് സല്‍കര്‍മ്മമായി സ്വീകരികട്ടെ..ആമീന്‍
കണ്ണില്‍ ഉറഞ്ഞ സ്നേഹം കവിളില്‍ ചാലുകളായി...
കുറചൊക്കെയേ മനസ്സിലായുള്ളൂ( ഭയങ്കര ബുദ്ധിയാ)
ഈ ലക്കവും നന്നായിട്ടുണ്ട്.
നല്ല ചിന്തകള്‍ ഉണ്ടാക്കുന്നു
വിടവാങ്ങലിനോടടുക്കുന്നല്ലോ ഈ യാത്രയെന്നറിയുന്നു. ഈ ലക്കവും നന്നായിരിക്കുന്നു.
-സുല്‍
ഇസ്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായങ്ങളിലൊന്നാണ് മക്കാവിജയം.
ഇസ്ലാമിക നാഗരികതയുടെ സംസ്ഥാപനത്തിനും
വ്യാപനത്തിനും വഴിത്തിരിവൊരുക്കിയ
ഉജ്ജ്വല ചരിത്രമുഹൂര്‍ത്തം.ആ സംഭവത്തെ
നെഞ്ചിലേക്കേറ്റു വാങ്ങാന്‍ കഴിയും വിധത്തില്‍
ഹൃദയസ്പൃക്കായി വരച്ചുവെച്ചിരിക്കുന്നു
ഈ കുറിപ്പില്‍.
അന്ധകാരത്തിലും അനാചാരത്തിലും
ആണ്ടുകിടന്ന് ജീവിതലക്ഷ്യം വിസ്മരിച്ച
ഒരു ജനതക്ക് വിമോചനത്തിന്റെ
ഉണര്‍ത്തുപാട്ടുമായി കടന്നുവന്ന
പ്രവാചകന് നീതിയിലധിഷ്ടിതമായ
ലോകത്തെ നയിക്കാനാവശ്യമായ
മാനവസമൂഹത്തെ വളര്‍ത്തിയെടുത്തതെങ്ങനെയെന്ന്
ഈ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
വിശ്വഗുരുവിന്റെ പാദസ്പര്‍ശമേറ്റ
മണ്ണില്‍നിന്ന് തിരിച്ചു നടക്കാനൊരുങ്ങുമ്പോള്‍..,
കണ്ണില്‍ ഉറഞ്ഞ സ്നേഹം കവിളില്‍ ചാലുകളായിഉതിര്ന്നുവീഴുമ്പോള്..,
നാമറിയാതെ പോലും ഹൃത്തടം വേവുന്നുണ്ട്.
തുടര്ലക്കത്തിനായി കാത്തിരിക്കുന്നു.
ജീവിതം ഒരു യാത്രയാകുന്നു,ചുറ്റുപാടിനെ മനസ്സിലാക്കാന്‍ പ്രാപ്തി ലഭിക്കുന്നതു മുതല്‍ ജീവന് ശരീരത്തെ വെടിയുന്ന നിമിഷം വരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന യാത്ര.
ഈ യാത്രയില്‍ നന്മയുടെ പ്രതിരൂപമായി ജീവിച്ച് ലോകത്തിന് വെളിച്ചമേകാന്‍ ജീവിതമുഴിഞ്ഞു വെച്ച പുണ്യവാന് മുഹമ്മദ് നബിയുടെ ജീവിതത്തിലേക്കും കാലത്തിലേക്കും താങ്കള്‍ നടത്തിയ യാത്രയില്‍ ഒപ്പം നടക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.
എന്നത്തേയും പോലെ ഈ ലക്കവും വളരെ നന്നായിട്ടുണ്ട്.
പ്രിയ സഹോദരന് ഇത്തിരിവെട്ടം
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. പ്രവാചക്ന്റെ കൂടെ മദീനയിലുള്ളതു പോലുള്ള ഒരു സുഖം. തുടരുക. താങ്കളെ സര്വ്വശക്തന് അനുഗ്രഹിക്കട്ടെ!
lalithyamulla nabi thirumeniyudey jeevitham jeevichirikkunna namukkum prajothanamaakatte.
Post a Comment