Tuesday, March 27, 2007

അന്വേഷിച്ചെത്തിയ ഓര്‍മ്മകള്‍.

രണ്ട്.

ആകാശച്ചെരിവിന്റെ ചാരനിറത്തില്‍ സന്ധ്യയുടെ ചെമപ്പ്‌ പതുക്കേ പടരാന്‍ തുടങ്ങിയിരുന്നു. വൃദ്ധന്റെ പരുക്കന്‍ സ്വരത്തിലൂടെ ഹസ്സനുബ്നുസാബിത്തും, കഅബും, ഖന്‍സയും, ലദീദും മാറി മാറി പാടിക്കൊണ്ടിരിക്കവേ, ആ ശബ്ദത്തിന്റെ ഏറ്റവും വലിയ ആസ്വാദകന്‍ അദ്ദേഹം തന്നെയാണെന്ന് ഞാനൂഹിച്ചു. ശബ്ദത്തിന്റെ അരോഹണവരോഹണത്തില്‍ വികാരങ്ങളുടെ വേലിയേറ്റവും തുടികൊട്ടുന്ന ഹൃദയവും എനിക്കും വായിക്കാനായി. സാമാന്യം വേഗത്തില്‍ നീങ്ങുന്ന സംഘത്തിലെ ഏകദേശം മധ്യത്തിലുള്ള എന്റെ ഒട്ടകത്തിന്റെ പുറത്തുറപ്പിച്ച ജീനിയുടെ പരുക്കന്‍ പ്രതലത്തിലൂടെ കൈയ്യോടിച്ച്‌ ഞാനും ആ ശബ്ദത്തില്‍ ലയിച്ചിരുന്നു.

പടര്‍ന്നൊഴുകുന്ന വരികളുടെ ഇടവേളകളിലൊന്നില്‍ പിന്നില്‍ നിന്നാരോ വിളിച്ച്‌ പറയുന്നു... "ഏ.. സഹോദരാ.. ഇസ്മാഈല്‍. ഒന്ന് കൂടി പാടാമോ... ?". സന്തോഷത്തിന്റെ വേലിയേറ്റം ആ ശബ്ദത്തിലടങ്ങിയിരുന്നു. ഹസ്സാനുബ്‌നു സാബിത്തിന്റെ പ്രസിദ്ധമായ പ്രവാചക(സ ) പ്രകീര്‍ത്തനത്തിലെ മനോഹര വരികള്‍

“കാണാനായില്ലെനിക്ക്
അങ്ങയെപ്പോലൊരുത്തമനെയെങ്ങും
ജനനിയായില്ലൊരാളും
അങ്ങയെപ്പോലൊരു സൌന്ദര്യത്തിനു വേറെ

അന്യുനമായ സൃഷ്ടിയല്ലോ അങ്ങ്
എല്ലാമെല്ലാം എങ്ങനെയാകേണ്ടിയിരുന്നോ
അങ്ങനെയല്ലോ അങ്ങെന്ന സൃഷ്ടി.“

പിന്നില്‍ നിന്ന്‍ കരുത്തുള്ള ശബ്ദം വീണ്ടുമുയര്‍ന്നു... "ഇസ്മാഈല്‍... മബ്‌റൂഖ്‌... "

ഹസ്സാന്റെ മനോഹര വരികള്‍ കാതിന് കുളിരായി മനസ്സില്‍ മാധുര്യമായി ആവര്‍ത്തിക്കപ്പെട്ടപ്പോഴാണ് ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മദീനയിലേക്ക് ഭാണ്ഡം മുറുക്കുമ്പോള്‍ കൊച്ചുകൊച്ചു സഹായങ്ങളുമായെത്തിയ ആ വൃദ്ധമുഖം ഓര്‍മ്മയിലെത്തിയത്‌.

ഹസ്താദാനം ചെയ്തകൈകള്‍ സ്വതന്ത്രമാക്കാതെ അദ്ദേഹം പരിചയപ്പെട്ടു. 'ഞാന്‍ ഇസ്മാഈല്‍.... ഞങ്ങളുടെ പ്രപിതാമഹന്റെ പേരാണ്‌ എനിയ്ക്ക്.' ആ വാചകത്തിലെ വല്ലായ്മ എന്റെ മുഖത്ത്‌ വായിച്ചത് കൊണ്ടാവും, തന്റെ പരുക്കന്‍ കൈ നെഞ്ചില്‍ തട്ടി അഭിമാനത്തോടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു... "അബ്രഹാം(അ) പ്രവാചകന്റെയും ഹാജറയുടേയും പുത്രനായ പ്രവാചകന്‍ ഇസ്മാഈല്‍(അ) ആണ് ഞങ്ങളുടെ പിതാമഹന്‍. " ഏകദേശം അയ്യായിരം വര്‍ഷങ്ങള്‍ മുമ്പ് മണ്മറഞ്ഞ ‘ഇസ്മാഈല്‍ പ്രവാചകനെ അദ്ദേഹത്തിന്റെ ആഴമുള്ള കണ്ണുകളില്‍ തേടുകയിരുന്നു ഞാന്‍..

അബ്രഹാം (ഇബ്‌റാഹീം(അ)) പ്രവചകന്‍ പത്നിയായ ഹാജറ(റ)യും കൈക്കഞ്ഞായ ഇസ്മാഈലുമായി(അ) ഇറാക്കില്‍ നിന്ന് നാഴികകള്‍ താണ്ടി മക്കയിലെത്തുമ്പോള്‍ അവിടെ വിജനമായിരുന്നു. ഉയര്‍ന്ന് നില്‍ക്കുന്ന കുന്നുകളും അതിനിടയിലെ ചുട്ട്‌ പോള്ളുന്ന മണല്‍പരപ്പും മാത്രമുള്ള ഒരു വരണ്ട പ്രദേശം. മരത്തണല്‍ പോലുമില്ലാത്ത ഊഷരഭൂമിയില്‍ കുടുബത്തെ ഉപേക്ഷിച്ച്‌ തിരിച്ച്‌ നടക്കവേ ഭാര്യയായ ഹാജറ ഇബ്‌റാഹീം പ്രവാചന്റെ ഇരുചുമലുകളിലും കൈയ്യമര്‍ത്തി, വിജനമായ മരുഭൂമിയിലേക്കും ഭര്‍ത്താവിന്റെ മുഖത്തേക്കും മാറി മാറി നോക്കി ഇടറുന്ന ശബ്ദത്തില്‍ അന്വേഷിച്ചെത്രെ... "ഇബ്‌റാഹീം... ഞങ്ങളെ ആരുടെ ഉത്തരവാദിത്വത്തില്‍ ഏല്‍പ്പിച്ചാണ് അങ്ങ്‌ മടങ്ങുന്നത്... ? "നിറകണ്ണുകള്‍ തുടച്ച്‌ ഇബ്‌റാഹീം നബി(അ) യുടെ മറുപടി ഇതായിരുന്നു... "അല്ലാഹുവിനെ..." ആകാശ ഭൂമികളുടെ അധീശാധികാരിയുടെ ശക്തമായ കാവലില്‍ ആണ് ഉപേക്ഷിക്കപ്പെടുന്നത് എന്ന് ബോധ്യമായ നിമിഷം... ഹാജറ(റ) കൂട്ടിച്ചേര്‍‌ത്തു... "എങ്കില്‍ താങ്കള്‍ക്ക്‌ മടങ്ങാം ഇബ്‌റാഹീം... ഞങ്ങള്‍ക്ക് അവന്‍ ധാരാളമാണ്‌..." ഭാര്യയേയും കുഞ്ഞിനേയും ആ ജനരഹിതമായ മരുഭൂമിയില്‍ ഉപേക്ഷിച്ച് ‘അവര്‍ക്ക് അല്ലാഹു മതി‘ എന്ന മനക്കരുത്തോടെ തിരിഞ്ഞ് നടന്ന ഇബ്രാഹീം പ്രവാചകന്‍ മനസ്സില്‍ തെളിഞ്ഞു...

കൈക്കുഞ്ഞായ ഇസ്മാഈലിന്റെ വരണ്ടതൊണ്ട നനയ്ക്കാന്‍ വേണ്ടി, കത്തുന്ന കരളുമായി ആ മാതാവിന്റെ അന്വേഷണവും കുഞ്ഞിന്റെ കാലടിയില്‍ തന്നെ 'സംസം' ശുദ്ധജലപ്രവാഹം സൃഷ്ടിച്ച പ്രപഞ്ചനാഥന്റെ കാരുണ്യവും ഓര്‍ത്തപ്പോള്‍ സജലമിഴികളോടെ ഞാന്‍ നോക്കിനിന്നു... എനിക്കെന്റെ പിതാമഹന്റെ പേരാണെന്ന് അഭിമാനിച്ച ആ വൃദ്ധമുഖത്തെ മായാത്ത പുഞ്ചിരി.

പശ്ചിമാംബരത്തില്‍ ചെഞ്ചായം പൂശിത്തുടങ്ങി . സന്ധ്യാരാഗത്തിന്റെ സുഖമുള്ള തലോടലിന്റെ നിര്‍വൃതിയില്‍ ഒട്ടകങ്ങള്‍ നിശ്ചലമായതോടെ, ഏതാനും നിമിഷം നീണ്ട നിശ്ശബ്ദതക്ക്‌ വിരാമമായി. തൊട്ട്‌ മുമ്പിലെ ഒട്ടകപ്പുറത്തിരുന്ന് ഒരാള്‍ സായഹ്ന പ്രാര്‍ത്ഥനക്കായി ബാങ്ക്‌ വിളിച്ചു...



"അല്ലാഹുവാണ് ഏറ്റവും മഹാന്‍"
"അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍"
"അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍"
"അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍"

"അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."
"അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."
"മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."
"മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. "

ആ ആഫ്രിക്കന്‍ വംശജന്റെ മധുരമുള്ള സ്വരം മരുഭൂമിയുടെ വിജനതയില്‍ ഒഴുകുമ്പോള്‍, ഇസ്‌ലാമിന്റെ ആദ്യകാല 'മുഅദ്ദിന്‍' ബിലാലിനെ ഒര്‍ത്തുപോയി. ഉമയ്യത്ത്‌ എന്ന അറബ്‌ പ്രമാണിയുടെ അടിമയായിരുന്ന കറുത്തനിറവും ചുരുണ്ടമുടിയുമുള്ള ആഫ്രിക്കന്‍ വംശജനായിരുന്നു ബിലാല്‍. ദൈവം ഏകനാണെന്ന് പറഞ്ഞതിനാല്‍ മക്കയിലെ പ്രമാണിമാര്‍ ക്രൂരമായി മര്‍ദ്ദിച്ചു.

പൊള്ളുന്ന മണലില്‍ നെഞ്ചില്‍ ഉരുട്ടി കയറ്റിയ പാറയുമായി മരണോട് മല്ലടിക്കുന്ന ആ കറുത്ത അടിമയുടെ ശരീരത്തില്‍ ഉമയ്യത്ത് എന്ന യജമാനന്റെ ചാട്ട ഉയര്‍ന്ന് പതിച്ച് കൊണ്ടിരുന്നു. ഒരോ പ്രാവശ്യവും ശരീരത്തില്‍ ചോര പൊട്ഞ്ഞ് മംസത്തിന്റെ ഭാഗങ്ങളുമായി അത് തിരിച്ച് ഉയരുമ്പോള്‍, ആ സീല്‍ക്കാരത്തിനിടയില്‍ ‘ദൈവം ഏകന്‍ മാത്രം...’ എന്ന് വേദനയോടെ ഞെരങ്ങുന്ന ബിലാലിനെ അബൂബക്കര്‍ സിദ്ദീഖ്‌* ആയിരുന്നു ധനം നല്‍കി മോചിപ്പിച്ചത്‌.

പില്‍കാലത്ത്‌ പ്രാര്‍ത്ഥനക്ക്‌ ക്ഷണിക്കാനായി ‘ബാങ്ക്‌‘ നിലവില്‍ വന്നപ്പോള്‍ പ്രവാചകന്‍ ആ ഉത്തരവാദിത്തം ഏല്‍പ്പിച്ചത് ഇതേ കാപ്പിരിയില്‍ ആയിരുന്നു പിന്നീട് വര്‍ഷങ്ങളോളം മദീനയിലെ മണല്‍ത്തരികള്‍ക്ക് ബിലാലിന്റെ മധുരമുള്ള സ്വരം സുപരിചിതമായി... എന്നും അഞ്ച് നേരം മദീന മസ്ജിന്റെ മച്ചില്‍ നിന്നുയരുന്ന ആ കറുത്തവന്റെ കരുത്തുള്ള സ്വരത്തിന്‍ മറുപടിയായി മദീനക്കാര്‍ പ്രാര്‍ത്ഥനയ്ക്ക് ഓടിയണയുമായിരുന്നു.

നബിതിരുമേനി(സ)യേയും അനുയായികളേയും ആട്ടിയോടിച്ച മക്ക, ഒരിറ്റ്‌ രക്തം പോലും വീഴ്‌ത്താതെ പ്രവാചകര്‍(സ)ജയിച്ചടക്കിയ സമയത്ത് നബിതിരുമേനി(സ) ബിലാലിനെ അന്വേഷിച്ചു. തിങ്ങി നില്‍ക്കുന്ന ജനക്കൂട്ടത്തിന്റെ മുമ്പില്‍ അല്‍പം പരിഭ്രമത്തോടെ എത്തിയ, വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാവരും ആട്ടിയകറ്റിയിരുന്ന ആ ബിലാലിനോട് ഇസ്‌ലാമിന്റെ വിജയപ്രഖ്യപനം നടത്താന്‍ അവിടുന്ന് ആവശ്യപ്പെട്ടു. ക‌അബാ ശരീഫിന്റെ മുകളില്‍ കയറി അത്യുച്ചത്തില്‍ “അല്ലാഹു വാണ് ഏറ്റവും മഹാന്‍... അവനല്ലാതെ ആരാധ്യനില്ലന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു” എന്ന് വിളിച്ച് പറയുമ്പോള്‍ മക്ക പുളകം കൊണ്ടിരിക്കണം... വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉമ്മയ്യത്തിന്റെ ചാട്ടവാറിന്റെ സീല്‍ക്കാരത്തിനൊപ്പം മണല്‍ തരികള്‍ ശ്രവിച്ച വേദനയുടെ സ്വരത്തിന്‍ പകരം സ്വാതന്ത്ര്യത്തിന്റെ ശബ്ദം....

പ്രവാചകരുടെ (സ) വേര്‍പാടിന്‌ ശേഷം ബിലാല്‍ തന്റെ ബാങ്ക്‌ വിളിനിര്‍ത്തി. എങ്കിലും പലരും ആ സ്വരമാധുരിയ്ക്കായി നിര്‍ബന്ധിക്കുമായിരുന്നു. അവരോടെല്ലാം നിറഞ്ഞ കണ്ണുകളോടെ ...“ ബാങ്ക്‌ വിളിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ എനിക്ക് എന്റെ പ്രവാചകനെ (സ) ഒര്‍മ്മവരും... ആ വിയോഗത്തിന്റെ വേദന എനിക്ക് താങ്ങാനാവില്ല... അത്‌ കൊണ്ട്‌ നിര്‍ബന്ധിക്കരുത്‌.“ എന്ന് പറഞ്ഞൊഴിഞ്ഞു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഹസ്രത്ത്‌ ഉമര്‍(റ) വിന്റെ ഭരണകാലത്ത്‌ ഒരിക്കല്‍ ബിലാല്‍ മദീനയിലെത്തി. ഖലീഫയായ ഉമര്‍ ആ സ്വരമാധുരിക്കായി ബിലാലിനെ നിര്‍ബന്ധിച്ചു. കൂടെ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു... "നബി തിരുമേനി(സ) നമ്മുടെ കൂടെ ഉണ്ടായിരുന്ന കാലം ഓര്‍ക്കാനാണ്‌... ദയവായി അങ്ങ്‌ ബാങ്ക്‌ വിളിക്കണം."

ഉമറിന്റെ നിര്‍ബന്ധം സഹിക്കാനാവാതെ ബിലാല്‍ ബാങ്ക്‌ വിളിക്കാന്‍ തയ്യാറായി... മദീനയുടെ മസ്‌ജിദിന്റെ മച്ചില്‍ നിന്ന് ബിലാലിന്റെ ശബ്ധം മുഴങ്ങി....

"അല്ലാഹു അക്‍ബര്‍ ... അല്ലാഹു അക്‍ബര്‍."
"അല്ലാഹു അക്‍ബര്‍ ... അല്ലാഹു അക്‍ബര്‍."

മദീന ഒരു നിമിഷം സ്തബ്ദിച്ചു... അടുത്ത നിമിഷം മദീനക്കാര്‍ കൂട്ടംകൂട്ടമായി മസ്ജിദിലേക്ക് ഓടാന്‍ തുടങ്ങി. ഓടുമ്പോള്‍ അവര്‍ വിളിച്ച്‌ പറഞ്ഞിരുന്നത്രെ... " റസൂല്‍ തിരിച്ച് വന്നിരിക്കുന്നു... ബിലാലിന്റെ ബാങ്ക്‌ മുഴങ്ങുന്നു... ഞങ്ങളുടെ റസൂല്‍ വന്നിരിക്കുന്നു..." മദീന മസ്ജിദ് ലക്ഷ്യമാക്കി ജനക്കൂട്ടം ഓടിത്തുടങ്ങി...

"അശ്‌ഹദു അല്ലാഇലാഹ ഇല്ലള്ളാ..."
"അശ്‌ഹദു അല്ലാഇലാഹ ഇല്ലള്ളാ..."

അടുത്തത്‌ പറയേണ്ടത്‌ ‘മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകന്‍ ആണെന്നാണ്‌...‘ ബിലാല്‍ ശക്തി സംഭരിച്ചു... തൊണ്ടയില്‍ നിന്ന് ശബ്ദം ഇത്തിരി പ്രയാസപെട്ടാണെങ്കിലും പുറത്ത്‌ വന്നു...

"അശ്‌ഹദു അന്ന മുഹമ്മദന്‍... " വാക്കുകള്‍ മുഴുമിക്കാനാവും മുമ്പ് ബിലാലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... തൊണ്ടയിടറി... ബിലാല്‍ പൊട്ടിക്കരഞ്ഞു... കൂടെ ബാങ്ക് കേള്‍ക്കാന്‍ കാത്ത് കാത്തിരുന്ന ഉമറും ചുറ്റും തടിച്ച്‌ കൂടിയ മദീനയും...

പ്രാര്‍ത്ഥനക്കായി പകലിന്റെ ചൂട്‌ ഇനിയും ശേഷിക്കുന്ന മണലില്‍ നിരയായി നിന്നു... ചുവന്ന് തുടുത്ത മാനത്തിനും സ്വര്‍ണ്ണ നിറമാര്‍ന്ന മരുഭൂമിക്കും ഇടയില്‍... സാഷ്ടാംഗങ്ങളുടെ ചൂടിനായി പകലിന്റെ ഉഷ്ണവും പേറി മരുഭൂമിയും കാത്ത്‌ കിടക്കുന്നു.

7 comments:

Rasheed Chalil said...

അഗ്രജന്‍ said...
ദൈവം എന്നു പറയുമ്പോള്‍ ഭക്തിയും ബഹുമാനവുമാണ് തോന്നുകയെങ്കില്‍ റസൂല്‍‍ (സ) എന്നു കേള്‍ക്കുമ്പോള്‍ സ്നേഹമാണ് മനസ്സില്‍ പതയുന്നത്...

ബിലാലിന്‍റെ കഥ കണ്ണുകള്‍ നിറയിച്ചു...

ആയിരം കാതമകലെയാണെങ്കിലും...
..................
...................
...................
ബിലാലിന്‍ സുന്ദര ബാങ്കൊലികള്‍...

ഇത്തിരി ഈ നല്ല എഴുത്ത് തുടരൂ...

ഈ സംഘത്തോടൊപ്പം എന്നേയും കൂട്ടിയതിന് നന്ദി

March 27, 2007 10:12 PM
തറവാടി said...
can you check the meaning of
" mabrooq" please , sorry in English

Qw_er_ty

March 27, 2007 10:12 PM
നിങ്ങളുടെ ഇക്കാസ് said...
സര്‍വ്വേശ്വരന്റെ ദൂതന്‍ മഹത്തായ ജീവിതത്തിലൂടെ മാനവകുലത്തിനേകിയ കാരുണ്യത്തിന്റെയും ശാന്തിയുടേയും സന്ദേശത്തിന്റെ ചരിത്രത്തിലേക്കുള്ള ഈ യാത്ര കൊടും വേനലിലും മനസ്സിനു കുളിരു പകരുന്നതായി. തുടരുക..

March 27, 2007 10:22 PM
വിചാരം said...
വളരെ നന്നായിരിക്കുന്നു, വികാരതീവ്രതയോടെ തന്നെയുള്ള താങ്കളുടെ എഴുത്ത് അതേ വികാരത്തോടെ വായിച്ചു .. തുടരുക

March 27, 2007 10:27 PM
ദില്‍ബാസുരന്‍ said...
അതിമനോഹരമായ എഴുത്ത്. വളരെ നന്നായിരിക്കുന്നു.

March 27, 2007 10:51 PM
തമനു said...
ഇത്തിരീ,

വളരെ ഭംഗിയായി എഴുതിയിരിക്കുന്നു.

തുടരുക... എല്ലാ ആശംസകളും

March 27, 2007 11:23 PM
പടിപ്പുര said...
സുഖമുള്ള വായന. വളരെ നന്നായിരിക്കുന്നു.

March 28, 2007 12:09 AM
ഏറനാടന്‍ said...
ബിലാലിന്‍ ഗാഥ നന്നായിട്ടെഴുതിയിരിക്കുന്നു.. തുടരുകയീ സപര്യ.

March 28, 2007 12:49 AM
കുട്ടന്മേനൊന്‍ (TM) | KM said...
manoharamayaa ezhuth

March 28, 2007 1:19 AM
ശാലിനി said...
എത്ര നന്നായിട്ടാണ് എഴുതിയിരിക്കുന്നത്. ഇന്നലെ മുതല്‍ വായിക്കാന്‍ ശ്രമിച്ചതാണ്. ചെറുപ്പം മുതലേ ബാങ്ക് വിളി കേട്ടിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് ശരിക്കും അര്‍ത്ഥം മനസിലായത്. നന്ദി.

ബാക്കി ഭാഗങ്ങളും എഴുതുമല്ലോ.

March 28, 2007 1:26 AM
സു | Su said...
വായിക്കുന്നുണ്ട്. ഇനിയും തുടര്‍ന്നെഴുതുക. ലളിതമായ ഭാഷയില്‍ കൂടുതല്‍ മനസ്സിലാവുന്നു.

March 28, 2007 1:33 AM
sandoz said...
ഇത്തിരീ....ഈ ഭാഗവും നന്നായി......വെറും വായനയേക്കാളുപരി......എനിക്ക്‌ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു.....

March 28, 2007 1:51 AM
സാലിം said...
ഇത്തിരീ പ്രവാചകസ്‌നേഹത്തിന്റെ ഈ വെളിച്ചം ഞങ്ങള്‍ക്കെല്ലാം പകര്‍ന്നുതന്ന നീ പരത്തുന്ന വെളിച്ചം ഇത്തിരിയല്ല ഒരുപാടൊരുപാടൊത്തിരിയാണ്

March 28, 2007 2:27 AM
അപ്പു said...
മനോഹരമായിരിക്കുന്നു ഇത്തിരീ.
തറവാടീ... “മബ്രൂക്ക്” എന്ന വാക്ക് അറബിയില്‍ അഭിനന്ദനം അറിയിക്കാന്‍ പറയുന്നതല്ലേ?

March 28, 2007 2:32 AM
മിന്നാമിനുങ്ങ്‌ said...
ഇത്തിരീ...
ഹൃദയസ്പര്‍ശിയായ എഴുത്ത്‌.
വിശ്വഗുരു അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബിയുടെയും അവിടത്തെ അനുയായികളുടെയും ത്യാഗനിര്‍ഭരമായ ജീവിതത്തെ കൂടുതല്‍ അടുത്തറിയാന്‍
താങ്കളുടെ ലേഖനത്തിലൂടെ കഴിയുന്നു.

"ദൈവം മഹാനാണു"എന്ന വിമോചന സന്ദേശം ആദ്യമായി മാലോകരെ അറിയിക്കാനായി വിശുദ്ധഗേഹമായ കഅബക്കു മുകളില്‍ കയറാന്‍ കറുകറുത്ത കാപ്പിരിയായ എത്യോപന്‍ അടിമ ബിലാല്‍ പ്രവാചകന്റെ നിര്‍ദേശാനുസരണം നിയമിക്കപ്പെട്ടപ്പോള്‍ അന്നേവരെ അടിമജോലി ചെയ്തുമാത്രം ശീലമുള്ള ബിലാലിന്റെ മനസ്സില്‍ തുടികൊട്ടിയ വികാരം വിവരണാതീതമാകും.
ആദ്യം പരിഭ്രമിച്ചു നിന്ന ബിലാലിനെ കഅബക്കു മുകളില്‍ കയറാന്‍ ഒന്നു കുനിഞ്ഞിരുന്ന് തന്റെ മുതുകു വളച്ചു കൊടുത്തതിലൂടെ ആ വിശ്വമോചകന്‍ മനവസമത്വത്തിന്റെ സുന്ദര സന്ദേശം
മാനവകുലത്തെ പഠിപ്പിക്കുകയായിരുന്നു.

താങ്കളില്‍ നിന്ന് ഇനിയും ഒരുപാട്‌ കേള്‍ക്കാനായി കാത്‌ കൂര്‍പ്പിച്ചിരിക്കുന്നു.
എഴുത്ത്‌ തുടരുക..ഭാവുകങ്ങള്‍
ഓ.ടോ)എന്നേയും ഈ"ഖാഫില"യില്‍ ചേര്‍ത്തൂടെ.?

March 28, 2007 3:59 AM
അത്തിക്കുര്‍ശി said...
ഇത്തിരീ..

വയിക്കുന്നുണ്ട്‌.. നന്നായി.. തുടരുക..

March 28, 2007 4:11 AM
സതീശ് മാക്കോത്ത് | sathees makkoth said...
വായിക്കുന്നുണ്ട്.തുടരൂ

March 28, 2007 8:12 AM
Reshma said...
ഒത്തിരിവെട്ടം:)

March 28, 2007 8:16 AM
കരീം മാഷ്‌ said...
ബിലാലിന്റെ ശബ്ദവും,
മദീനത്തെ കാരക്കയും,
മിസിരിലെ സുന്ദരികളും.
സൃഷ്ടികളില്‍ പ്രത്യേകതയുള്ളതാണെന്നു കേട്ടിട്ടുണ്ട്‌.

അടിമകളില്‍ ആദ്യം ഇസ്ലാം സ്വീകരിച്ചതു ബിലാല്‍(റ)ആണെന്നും.

തുടരുക ഇത്തിരിവെട്ടം.
എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോയിരുന്ന മദ്രസാ പഠന ദിനങ്ങളുടെ സ്മരണയുണര്‍ത്തുന്നുണ്ടീ പോസ്റ്റിനു.

March 28, 2007 9:58 AM
കുട്ടിച്ചാത്തന്‍ said...
ഒന്നാം ഭാഗത്തിന്റെ അതേ തീവ്രത. തുടരൂ..

March 28, 2007 10:10 AM
ഇത്തിരിവെട്ടം|Ithiri said...
അഗ്രജന്‍.
തറവാടി.
ഇക്കാസ്.
വിചാരം.
ദില്‍ബാസുരന്‍.
തമനു.
പടിപ്പുര.
ഏറനാടന്‍.
കുട്ടമ്മേനോന്‍.
ശാലിനി.
സു.
സാന്‍ഡോസ്.
സാ‍ലിം.
അപ്പു.
മിന്നാമിനുങ്ങ്.
അത്തിക്കുര്‍ശി.
സതീശ്മാക്കോത്ത്.
രേഷ്മ.
കരീം മാഷ്.
കുട്ടിച്ചാത്തന്‍.

വായിച്ചവര്‍, അഭിപ്രായം അറിയിച്ചവര്‍ എല്ലാവര്‍ക്കും നന്ദി.

ഈ സാര്‍ത്ഥവാഹക സംഘത്തില്‍ അംഗമാവാനാഗ്രഹിക്കുന്നവര്‍ ദയവായി ഇമെയില്‍ അഡ്രസ് ഇവിടെ ഇടുക.

സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.

March 28, 2007 9:49 PM
തറവാടി said...
അപ്പു,
അതെ

March 28, 2007 10:09 PM
Sul | സുല്‍ said...
ക്ലേശകരമായ ഒരു യാത്രയുടെ എല്ലാ ഭാവങ്ങളും ഉള്‍കൊണ്ട് താങ്കളുടെ ഓര്‍മ്മകള്‍ക്കൊപ്പം വായനക്കാരെയും കൂടെ നടത്തി, മദീനയിലേക്കുള്ള പാതയില്‍ അവരെ ഒരുമിപ്പിക്കുന്നതിനും ഇസ്ലാമിന്റേയും, പ്രവാചക പ്രഭു നബി(സ)യുടെയും അനുയായികളുടേയും ചരിത്രങ്ങള്‍ അനുവാചക ഹൃദയങ്ങളില്‍ നല്ല രീതിയില്‍ വരഞ്ഞിടുന്നതിനും താങ്കളുടെ എഴുത്തിനാവുന്നു. ഇതു നിര്‍ത്തരുതെന്നൊരപേക്ഷ മാത്രം.

എല്ലാ ഭാവുകങ്ങളും നേരുന്നു.

-സുല്‍

March 29, 2007 12:39 AM
മഴത്തുള്ളി said...
ഇത്തിരിവെട്ടം ഒരു ഒത്തിരിവെട്ടം തന്നെ. മനസ്സിലാകുന്ന വിധത്തില്‍ എത്ര വിശദമായെഴുതിയിരിക്കുന്നു.

ഞാനും സംഘത്തോടൊപ്പം കൂടാം. mashathullikal@gmail.com

March 29, 2007 4:48 AM
നിറം said...
ഇത്തിരിവെട്ടം ഒത്തിരിവെട്ടം തന്നെ.

March 31, 2007 6:45 AM

RAZAK said...

എന്നേയും ഈ"ഖാഫില"യില്‍ ചേര്‍ത്തൂ

Anonymous said...

priya suhurthe, ithrayum ujjwalavum, theevravumay oru vartha vivaranam ente jeevithathil njan vayichittilla. vallathe karayichu enne. orayiram ashamsakal

umrazlog said...

dear brother

very good this blog ,ramadan time your gift this story of madina.
wish you all the best by umraz3 ,
mathiparamba, p.o. ollavilam 673 313 thalassery, kerala.

umrazlog said...

dear brother

very good this blog ,ramadan time your gift this story of madina.
wish you all the best by umraz3 ,
mathiparamba, p.o. ollavilam 673 313 thalassery, kerala.
3.umraz@gmail.com

Basheer Naduvanadan said...

Dear Brother

Due to some tech problems; can't put my words in Malayalam. Although; I would like to congratulate and thank you for this master-piece. Through this blog we experience a different style in reading, much hearty language. May Allah reward for this great work.

Basheer Naduvanad

Anonymous said...

എങ്ങനെ പറഞ്ഞു അറിയിക്കും ഈ വികാരം നബി തങ്ങളും (സ) അവിടത്തെ അനുചരൻ ബിലാൽ (റ ) തമ്മിലുള്ള ആ സ്നേഹബന്ധം ഇങ്ങനെ പറഞ്ഞു തന്ന പ്രിയ സഹോദരന് ഒരായിരം നന്ദി
ABU-ASHIKA