Wednesday, October 17, 2007

ആസ്വാദനം

പതിമൂന്ന്

ഞങ്ങള്‍ക്കായി കാത്ത്‌ കിടന്ന വാഹനങ്ങളില്‍ ഒന്നിലേക്ക്‌ നടക്കുമ്പോള്‍ തന്നെ യാത്രയുടെ ബാക്കി ഒന്നരമണിക്കൂര്‍ കൂടി വൃദ്ധനായ ഇസ്‌മാഈലിന്റെ കൂടെയാവണം എന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹം കയറിയ വാഹനത്തിന്റെ പിന്‍സീറ്റില്‍ ഞാനും ബിലാലിന്റെ ശബ്ദമാധുരിയെ ഓര്‍മ്മിപ്പിച്ച ആഫ്രിക്കന്‍ വംശജനായ ഉബൈദും കയറി... അതിന്‌ മുമ്പ്‌ തോളിലെ ഭാണ്ഡം കാറിന്റെ ഡിക്കിലൊതുക്കാന്‍ പുഞ്ചിരിയോടെ അദ്ദേഹം ഞങ്ങളെ സഹായിച്ചു.
എനിക്ക്‌ മദീനയുടെ ഒരോ അണുവും ആസ്വദിക്കണമായിരുന്നു. വൃദ്ധന്റെ ചുണ്ടിന്റെ അനക്കത്തിലൂടെ അദ്ദേഹത്തിന്റെ മനസ്സിന്റെ പ്രാര്‍ത്ഥന എന്നിലേക്കും പടര്‍ന്നു. വാഹനത്തിന്റെ താഴ്ത്തിയ ഗ്ലാസ്സിനകത്തൂടെ സൂചിപോലെ തറക്കുന്ന കുളിരുമായി പാഞ്ഞെത്തുന്ന കാറ്റിന്‌ മുഖം നല്‍കി പുറം കാഴ്ചകളോട്‌ സമരസപ്പെടവേ... അദ്ദേഹം പതുക്കേ സംസാരിച്ചു. "മക്കളേ... നിങ്ങളറിയുന്നുണ്ടോ എങ്ങോട്ടാണ്‌ ഈ യാത്രയെന്ന് ?."

നീണ്ട ഒരു മൌനത്തിന്‌ ശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു... "നബി(സ)യുടെ മസ്ജിദാണ്‌ നമ്മുടെ അടുത്ത ലക്ഷ്യം."

വീണ്ടും നിശ്ശബ്ദത പരന്നു. പതിനാല്‌ നൂറ്റാണ്ട്‌ കാലത്തെ ചരിത്രത്തിന്റെ പച്ചപ്പുമായി പരന്ന് കിടക്കുന്ന പുണ്യനഗരവും ആ നഗരത്തിന്റെ ജീവസ്സും തേജസ്സുമായ പ്രവാചകന്റെ മസ്ജിദും... അദ്ദേഹം തുടര്‍ന്നു.
"താങ്കള്‍ക്കറിയാമോ... മുന്ന് മസ്ജിദുകളിലേക്ക്‌ മാത്രമാണ്‌ പ്രവാചകന്‍ തീര്‍ത്ഥാടനം അനുവദിച്ചത്‌. അതിലൊന്ന് കഅ്ബാ ശരീഫ്‌ കുടികൊള്ളുന്ന മക്കയിലെ മസ്ജിദുല്‍ ഹറാം, മറ്റൊന്ന് ജറുസലമിലെ മസ്ജിദുല്‍ അഖ്‌സ പിന്നെ പ്രവാചകന്റെ മസ്ജിദ്‌ എന്നറിയപ്പെടുന്ന 'മസ്ജിദുന്നബവി'യും.

അബ്രഹാം പ്രവാചകന്റെ ഓര്‍മ്മകളുമായി ശേഷിക്കുന്ന മക്കയും മസ്‌ദുല്‍ ഹറാമും സഫാമര്‍വാ കുന്നുകളും... സംസമിന്റെ മാധുര്യവും യാത്രയുടെ ആദ്യഘട്ടത്തിലെ മധുരമായിരുന്നു. സാമ്പത്തിക കഴിവും ആരോഗ്യവും യാത്രാ സൌകര്യവും ലഭിച്ച എല്ലാ ഇസ്‌ലാം മത വിശ്വാസിയും ഈ മസ്ജിദ്‌ സന്ദര്‍ശനം ഹജ്ജ്‌ വഴി അല്ലാഹു നിര്‍ബന്ധമാക്കി വെച്ചു. 'മസ്‌ജിദുല്‍ അഖ്‌സ' ദാവീദും സോളമനുമടക്കം ഒട്ടനവധി പ്രവാചകന്മാരുടെ ഓര്‍മ്മകളുമായി നിലനില്‍ക്കുന്നു.

കാറില്‍ നിശ്ശബ്ദത കളിയാടി... വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദം മാത്രം... ഗ്ലാസ്സുയര്‍ത്തി ഞാന്‍ എന്നിലേക്ക്‌ മടങ്ങി. നിശ്ശബ്ദതയെ ഭംഗിച്ചത്‌ പ്രസിദ്ധ ഖാരിഅ്‌ 'അബ്ദുല്‍ ബാസിത്ത്‌ അബ്ദുസ്സമദി'ന്റെ മനോഹര സ്വരമായിരുന്നു. മനസ്സില്‍ സമാധാനത്തിന്റെ താരാട്ട്‌ പോലെ വിശുദ്ധവചനങ്ങള്‍ നിശ്ശബ്ദതയില്‍ മുഴങ്ങാന്‍ തുടങ്ങി.

"അളവറ്റ ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍". വിശുദ്ധ ഖുര്‍ആനില്‍ 114 അധ്യായങ്ങളില്‍ 113 അധ്യായങ്ങളും ആരംഭിക്കുന്നത്‌ ഈ സൂക്തത്തോടെയാണ്‌. തൌബ (പശ്ചാത്താപം) എന്ന അധ്യായത്തില്‍ ഈ സൂക്തം ഇല്ല. എങ്കിലും 'നംല്‌' (ഉറുമ്പ്‌) എന്ന അധ്യായത്തില്‍ പ്രസ്തുത സൂക്തം ഒരു പ്രവാശ്യം ആവത്തിക്കപ്പെട്ടിരിക്കുന്നു.
323760 അക്ഷരങ്ങളിലൂടെ 114 വലുതും ചെറുതുമായ അധ്യായങ്ങളിലൂടെ ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട്‌ പലസമയങ്ങളിലായി അവതരിപ്പിക്കപ്പെട്ട ഈ ഗ്രന്ഥം സൃഷ്ടിച്ചെടുത്തത്‌ ഒരു പുതിയ സമൂഹത്തെയായിരുന്നു. അറബി സാഹിത്യത്തിലെ അമൂല്യരത്നം കൂടിയായ ഈ ഗ്രന്ഥത്തിലൂടെ സഞ്ചരിച്ചാല്‍ നിത്യ നൂതനമായ അതിന്റെ ഭാഷയും ശൈലിയും അറബി അറിയുന്ന ആര്‍ക്കും മനസ്സിലാക്കാനാവും. മനുഷ്യമനസ്സിനോട്‌ സംവദിക്കുന്ന ഈ ഗ്രന്ഥം ലോകത്തിന്‌ പകര്‍ന്ന വെളിച്ചം ഇന്നും തുടരുന്നു.

"ഒരു അന്ധന്‍ സമീപിച്ചപ്പോള്‍ അദ്ദേഹം മുഖം തിരിച്ചുകളഞ്ഞു. നീ എന്ത്‌ ധരിച്ചു ? ഒരു പക്ഷേ അവന്‍ പരിശുദ്ധി നേടിയെങ്കിലോ...?" സ്ഫുടമായ അറബിയില്‍ എണ്‍പതാം അദ്ധ്യായത്തിലെ ആദ്യ സൂക്തങ്ങള്‍ അബ്ദുല്‍ ബാസിത്തിന്റെ ശബ്ദമായി മുഴങ്ങി...

കണ്ണടച്ച്‌ കാതും മനസ്സും തുറന്ന് ശ്രവിച്ച ആ നിമിഷം ശരീരത്തിലൂടെ ഒരു കുളിര്‌ പാഞ്ഞ്‌ പോയി... അന്ധനെ അവഗണിച്ചതിനുള്ള താക്കീതാണ്‌... മദീനയുടെ നായകന്റെ മണ്ണില്‍ നിന്ന് ആദ്യം കേള്‍ക്കുന്ന വചനങ്ങള്‍... ഒരു നിമിഷം എന്റെ മനസ്സില്‍ "അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂം" പുഞ്ചിരിച്ചു... അന്ധനായിരുന്ന ഒരു പ്രവാചക അനുയായി... മക്കയിലെ തെരുവോരങ്ങളിലൂടെ നബിതിരുമേനി(സ)യെ അന്വേഷിച്ച്‌ എത്താറുണ്ടായിരുന്ന നിഷ്കളങ്കനും പരമ ദരിദ്രനുമായ അബ്ദുല്ല."

മക്കയില്‍ നബിതിരുമേനിയും സഖാക്കളും അക്രമിക്കപ്പെട്ടിരുന്ന കാലം. ഖുറൈശി നേതാക്കളെ തന്റെ ദൌത്യം ബോധ്യപ്പെടുത്താന്‍ പ്രവാചക തിരുമേനി പാടുപെട്ട്‌ പരിശ്രമിക്കുന്ന സമയം. ഒരിക്കല്‍ ഖുറൈശി നേതാവും ധനികനും വാഗ്മിയുമായിരുന്ന 'വലീദുബ്നു മുഗീറ', വിശുദ്ധ ഖുര്‍ആന്റെ മാസ്മരികതയില്‍ അത്ഭുതപെട്ട്‌ അതേക്കുറിച്ച്‌ സംസാരിക്കാന്‍ നബിതിരുമേനിയുടെ സമീപമെത്തി. അദ്ദേഹവുമായി ആ വിഷയം സംസാരിച്ച്‌ കൊണ്ടിരിക്കേ... മൂഗീറ ആ വാക്കുകളില്‍ ശ്രദ്ധകേന്ദൃികരിച്ചിരിക്കെ, അന്ധനായ 'അബ്ദുല്ലാഹിബ്നു ഉമ്മു മഖ്‌ത്തൂം' അവിടെയെത്തി.

അവിടെ ഇരിക്കുന്ന ഖുറൈശിപ്രമുഖന്റെ സ്ഥാനമാനങ്ങളോ അവര്‍ ഏര്‍പ്പെട്ടിരുന്ന സംസാരത്തിന്റെ പ്രാധാന്യമോ ഗൌരവമോ മനസ്സിലാവാത്ത 'അബ്ദുല്ല' നബി തിരുമേനിയോട്‌ ഖുര്‍ആന്‍ പാരായണം ചെയ്ത്‌ കൊടുക്കാന്‍ ആവശ്യപ്പെട്ടു. എപ്പോഴും ആ അപേക്ഷ സന്തോഷത്തോടെ സ്വീകരിക്കാറുള്ള നബിതിരുമേനി ആ സമയത്ത്‌ അദ്ദേഹത്തിന്റെ അപേക്ഷ അവഗണിച്ചു.
പക്ഷേ എല്ലാം അവിടെ അവസാനിച്ചില്ല... ഇതിന്‌ അതിശക്തമായ മുന്നറിയിപ്പുമായി വിശുദ്ധ വചനങ്ങള്‍ അവതരിച്ചു. "ഒരു അന്ധന്‍ സമീപിച്ചപ്പോള്‍ അദ്ദേഹം മുഖം തിരിച്ചുകളഞ്ഞു. നീ എന്ത്‌ ധരിച്ചു ? ഒരു പക്ഷേ അവന്‍ പരിശുദ്ധി നേടിയെങ്കിലോ...? അല്ലങ്കില്‍ അവന്‍ ചിന്തിക്കുകയും അത്‌ അയാള്‍ക്ക്‌ പ്രയോജനപ്പെടുത്തുകയും ചെയ്തേക്കാമല്ലോ. എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടേ. നീ അവന്റെ നേരെ ശ്രദ്ധതിരിക്കുന്നു. അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ താങ്കള്‍ക്കെന്താണ്‌ കുറ്റം?. (അല്ലാഹുവെ) ഭയപ്പെടുന്നനായിക്കൊണ്ട്‌ താങ്കളുടെ അടുത്ത്‌ ഓടിവന്നവനാകട്ടേ. അവന്റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു. അരുത്‌, ഇത്‌ മനുഷ്യനെ ബോധവാന്മാരാക്കാനുള്ള സന്ദേശമാണ്‌. അത്‌ കൊണ്ട്‌ വല്ലവനും ഉദ്ദേശിക്കുന്നെങ്കില്‍ ഇത്‌ ഓര്‍മ്മിക്കട്ടേ..." (ഖുര്‍‌ആന്‍ 80 - 1:12)
ഈ സൂക്തങ്ങള്‍ അവതരിച്ചപ്പോഴും സത്യസന്ധനായ പ്രവാചകന്‍ പരസ്യമാക്കി. ദൈവീക വെളിപാടിന്റെ ചൂടില്‍ ഉരുകിയ മനസ്സും നനഞ്ഞ കണ്ണുകളുമായി ആ അന്ധനോട്‌ നബിതിരുമേനി ക്ഷമചോദിച്ചു. വര്‍ഷങ്ങള്‍ നീണ്ട ആ ജീവിത്തിലുടനീളം അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂമിന്റെ ആഗമനം അറിഞ്ഞാല്‍ ഉടന്‍ അവിടുന്ന് എഴുന്നേറ്റ്‌ സ്വീകരിക്കുമായിരുന്നു. അബ്ദുല്‍ ബാസിതിന്റെ ശബ്ദം മനസ്സിനെ നൂറ്റാണ്ടുകള്‍ക്കപ്പുറം മദീനയുടെ തെരുവുകളില്‍ തപ്പിത്തടഞ്ഞ്‌ സഞ്ചരിച്ചിരുന്ന ആ അഗതിയായ അന്ധനിലെത്തിക്കുന്നു... ആവര്‍ത്തിച്ച്‌ പാരായണം മുഴങ്ങുന്ന ആ വചനങ്ങള്‍ക്കായി ഞാന്‍ മനസ്സിന്റെ വാതില്‍ മലര്‍ക്കേ തുറന്നു.

ജീവിത്തതിലുടനീളം ദൈവീക ഉദ്ബോധനങ്ങള്‍ അനുസരിച്ച്‌ ജീവിച്ച പുണ്യറസൂലില്‍ നിന്ന് ഉണ്ടാവുന്ന ഒരു ചെറിയ കുറവുകള്‍ പോലും ഖുര്‍ആന്‍ കര്‍ശനമായി തടഞ്ഞു. ഉഹ്‌ദ്‌ യുദ്ധത്തിനിടെ അവിടുന്നിന്റെ ശരീരത്തില്‍ മുറിവ്‌ പറ്റി. ശത്രു സൈന്യത്തിലെ 'ഉത്ബത്ത്‌ ബിന്‍ അബീവഖാസ്‌' എറിഞ്ഞ കല്ല് പതിച്ച്‌ പല്ലുകള്‍ പറിഞ്ഞു... ശിരോകവചത്തിന്റെ കണ്ണികള്‍ മുറിവില്‍ ആണ്ടിറങ്ങി... മുഖത്ത്‌ നിന്ന് രക്തം നില്‍കാതെ ഒഴുകാന്‍ തുടങ്ങി... ആ ഘട്ടത്തില്‍ അവിടുന്ന് വേദനയോടെ പറഞ്ഞ്‌ പോയി "തങ്ങളുടെ പ്രവാചകന്റെ മുഖം രക്തപങ്കിലമാക്കിയ ഈ ജനത എങ്ങനെ വിജയിക്കാനാണ്‌". ഉടന്‍ ദൈവീക വചനം അവതരിച്ചു "കാര്യം തീരുമാനിക്കാന്‍ നിനക്ക്‌ യാതൊരു അവകാശവുമില്ല. അല്ലാഹു ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം, അല്ലങ്കില്‍ അക്രമികളായതിനാല്‍ അവരെ ശിക്ഷിച്ചേക്കാം" ( ഖുര്‍‌ആന്‍ 3:128)

ഈ പ്രവാചകര്‍ സത്യസന്ധനല്ലയിരുന്നെങ്കില്‍ ഈ സൂക്തങ്ങള്‍ മറച്ചു വെക്കുമായിരുന്നു.. ലോകാവസാനം വരേ മനുഷ്യര്‍ പാരായണം ചെയ്യുന്ന ഗ്രന്ഥത്താളില്‍ ഇന്നും ശേഷിക്കുന്നു ഈ വചനങ്ങളെല്ലാം... അലകടലിലെ തിരമാല പോലെ ഹൃദയത്തില്‍ ആരവമായി ഖുര്‍ആന്‍ വചനങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരുന്നു. വീതിയുള്ള റോഡിലൂടെ സാമാന്യം വേഗതയില്‍ നീങ്ങുന്ന വാഹനത്തിന്റെ ഉയര്‍ത്തിവെച്ച ഗ്ലാസിന്‌ പിന്നിലിരുന്ന് മദീനയുടെ തെരുവുകള്‍ ഞാന്‍ ആസ്വദിച്ചു...

വൃദ്ധന്‍ മുരടനക്കി.. "അതാ... പ്രവാചകന്റെ മസ്‌ജിദ്‌". ശിരസ്സ്‌ മുതല്‍ പാദം വരേ ഒരു തരിപ്പ്‌ പാഞ്ഞ്‌ പോയി... സകല രോമകൂപങ്ങളും ആ സുവാര്‍ത്ത സ്വീകരിച്ചു... ഡ്രൈവറുടെയും വൃദ്ധന്റേയും ഇടയിലൂടെ കാറിന്റെ സുതാര്യമായ ഫ്രണ്ട്‌ ഗ്ലാസ്സിനപ്പുറം... ദൂരെ മദീനയുടെ ജീവനായ പ്രവാചകന്റെ മസ്ജിദിന്റെ വെളുത്ത മിനാരങ്ങളുടെ തിളക്കം എന്റെ നനഞ്ഞ മിഴികള്‍ക്ക്‌ മധ്യേ തെളിഞ്ഞു.


ഖാരിഅ്‌ : ഖുര്‍ആന്‍ പാരായണം നടത്തുന്നവര്‍ക്ക് പറയുന്ന പേര്.

20 comments:

Rasheed Chalil said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം പതിമൂന്നാം ഭാഗവും പോസ്റ്റുന്നു.

സുല്‍ |Sul said...

“ഈ സൂക്തങ്ങള്‍ അവതരിച്ചപ്പോഴും സത്യസന്ധനായ പ്രവാചകന്‍ പരസ്യമാക്കി. ദൈവീക വെളിപാടിന്റെ ചൂടില്‍ ഉരുകിയ മനസ്സും നനഞ്ഞ കണ്ണുകളുമായി ആ അന്ധനോട്‌ നബിതിരുമേനി ക്ഷമചോദിച്ചു.“

നബി തിരുമേനിയുടെ സൂക്ഷ്മവും ജീവിത സ്പര്‍ശിയുമായ ചിത്രം വരഞ്ഞുവെക്കുന്നതിന് ഈ പോസ്റ്റുകള്‍ക്കാവുന്നുണ്ട് ഇത്തിരീ. ഇനിയും താങ്കളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു.

സസ്നേഹം
സുല്‍

കുട്ടിച്ചാത്തന്‍ said...

വായിച്ചു, ഒടുവില്‍ എത്തിച്ചേര്‍ന്നല്ലേ. :)

Areekkodan | അരീക്കോടന്‍ said...

കൂടുതല്‍ പ്രതീക്ഷിക്കുന്നു.

G.MANU said...

havoo....oru punya darSanathinte feeling. print eduthu.. atuthathaninayi kathirikkunnu

Murali K Menon said...

ഞാന്‍ ഹാജരുണ്ടിവിടെ

Ajith Polakulath said...

റഷീദേ...

ഒരു പില്‍ഗ്രിം ഇഫക്റ്റ് ചുറ്റുപാടിലും...

പിന്നെ നല്ലൊരു അറിവ് സമ്പാദിക്കാന്‍ സാധിച്ചു എന്നുള്ളതില്‍ സന്തോഷവും..

ഇനിയും അടുത്തതിലേക്ക് കാല്വയ്ക്കാന്‍ വെമ്പുന്നു..

സ്നേഹപൂര്‍വ്വം

അജിത്ത് പോളക്കുളത്ത്

അപ്പു ആദ്യാക്ഷരി said...

റഷീദ്, പതിവുപോലെ ഈ ലക്കവും നന്നായി. പക്ഷേ ഒരു അഭിപ്രായമുണ്ട്.

ഒരു അന്ധന്‍ സമീപിച്ചപ്പോള്‍ അദ്ദേഹം മുഖം തിരിച്ചുകളഞ്ഞു. നീ എന്ത്‌ ധരിച്ചു ? ഒരു പക്ഷേ അവന്‍ പരിശുദ്ധി നേടിയെങ്കിലോ...? അല്ലങ്കില്‍ അവന്‍ ചിന്തിക്കുകയും അത്‌ അയാള്‍ക്ക്‌ പ്രയോജനപ്പെടുത്തുകയും ചെയ്തേക്കാമല്ലോ. എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടേ. നീ അവന്റെ നേരെ ശ്രദ്ധതിരിക്കുന്നു. അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ താങ്കള്‍ക്കെന്താണ്‌ കുറ്റം?. (അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നനായിക്കൊണ്ട്‌ താങ്കളുടെ അടുത്ത്‌ ഓടിവനാവകട്ടേ. അവന്റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു. അരുത്‌, ഇത്‌ മനുഷ്യനെ ബോധവാന്മാരാക്കാനുള്ള സന്ദേശമാണ്‌. അത്‌ കൊണ്ട്‌ വല്ലവനും ഉദ്ദേശിക്കുന്നെങ്കില്‍ ഇത്‌ ഓര്‍മ്മിക്കട്ടേ..." (80 - 1:12)

പലയാവര്‍ത്തി വായിച്ചിട്ടും താങ്കള്‍ എന്താണിവിടെ പറയാനുദ്ദേശിച്ചതെന്ന് എനിക്കു വ്യക്തമാകുന്നില്ല. ഒന്നു പറഞ്ഞുതരൂ

Rasheed Chalil said...

മക്കയില്‍ നബിതിരുമേനിയും സഖാക്കളും അക്രമിക്കപ്പെട്ടിരുന്ന കാലം. ഖുറൈശി നേതാക്കളെ തന്റെ ദൌത്യം ബോധ്യപ്പെടുത്താന്‍ പ്രവാചക തിരുമേനി പാടുപെട്ട്‌ പരിശ്രമിക്കുന്ന സമയം. ഒരിക്കല്‍ ഖുറൈശി നേതാവും ധനികനും വാഗ്മിയുമായിരുന്ന 'വലീദുബ്നു മുഗീറ', വിശുദ്ധ ഖുര്‍ആന്റെ മാസ്മരികതയില്‍ അത്ഭുതപെട്ട്‌ അതേക്കുറിച്ച്‌ സംസാരിക്കാന്‍ നബിതിരുമേനിയുടെ സമീപമെത്തി. അദ്ദേഹവുമായി ആ വിഷയം സംസാരിച്ച്‌ കൊണ്ടിരിക്കേ... മൂഗീറ ആ വാക്കുകളില്‍ ശ്രദ്ധകേന്ദൃികരിച്ചിരിക്കെ, അന്ധനായ 'അബ്ദുല്ലാഹിബ്നു ഉമ്മു മഖ്‌ത്തൂം' അവിടെയെത്തി.


അവിടെ ഇരിക്കുന്ന ഖുറൈശിപ്രമുഖന്റെ സ്ഥാനമാനങ്ങളോ അവര്‍ ഏര്‍പ്പെട്ടിരുന്ന സംസാരത്തിന്റെ പ്രാധാന്യമോ ഗൌരവമോ മനസ്സിലാവാത്ത 'അബ്ദുല്ല' നബി തിരുമേനിയോട്‌ ഖുര്‍ആന്‍ പാരായണം ചെയ്ത്‌ കൊടുക്കാന്‍ ആവശ്യപ്പെട്ടു. എപ്പോഴും ആ അപേക്ഷ സന്തോഷത്തോടെ സ്വീകരിക്കാറുള്ള നബിതിരുമേനി ആ സമയത്ത്‌ അദ്ദേഹത്തിന്റെ അപേക്ഷ അവഗണിച്ചു.


പക്ഷേ എല്ലാം അവിടെ അവസാനിച്ചില്ല... ഇതിന്‌ അതിശക്തമായ മുന്നറിയിപ്പുമായി വിശുദ്ധ വചനങ്ങള്‍ അവതരിച്ചു.
"ഒരു അന്ധന്‍ സമീപിച്ചപ്പോള്‍ അദ്ദേഹം മുഖം തിരിച്ചുകളഞ്ഞു. നീ എന്ത്‌ ധരിച്ചു ? ഒരു പക്ഷേ അവന്‍ പരിശുദ്ധി നേടിയെങ്കിലോ...? അല്ലങ്കില്‍ അവന്‍ ചിന്തിക്കുകയും അത്‌ അയാള്‍ക്ക്‌ പ്രയോജനപ്പെടുത്തുകയും ചെയ്തേക്കാമല്ലോ. എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടേ. നീ അവന്റെ നേരെ ശ്രദ്ധതിരിക്കുന്നു. അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ താങ്കള്‍ക്കെന്താണ്‌ കുറ്റം?. (അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നനായിക്കൊണ്ട്‌ താങ്കളുടെ അടുത്ത്‌ ഓടിവനാവകട്ടേ. അവന്റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു. അരുത്‌, ഇത്‌ മനുഷ്യനെ ബോധവാന്മാരാക്കാനുള്ള സന്ദേശമാണ്‌. അത്‌ കൊണ്ട്‌ വല്ലവനും ഉദ്ദേശിക്കുന്നെങ്കില്‍ ഇത്‌ ഓര്‍മ്മിക്കട്ടേ..." (ഖുര്‍‌ആന്‍ 80 - 1:12)

അപ്പൂ... ഇത്രയും ഭാഗം ഒന്ന് കൂടി വായിച്ചാല്‍ ആശയങ്ങള്‍ വ്യക്തമാവും എന്ന് തോന്നുന്നു.

വേണു venu said...

ഇത്തിരി,
വായിക്കുന്നു. മനസ്സിലാക്കുന്നു. തുടരുക.:)

കുറുമാന്‍ said...

ഇത്തിരീ, ഇത്തവണ കഴിഞ്ഞതിലും നന്നായിരിക്കുന്നു. അടുത്തത് പോരട്ടെ.

asdfasdf asfdasdf said...

പോരട്ടെ അടുത്തത്.

thoufi | തൗഫി said...

ലോകത്തെമ്പാടുമുള്ള മാനവകുലത്തിന്
മാര്‍ഗദര്‍ശകനായി നിയുക്തനായ പ്രവാചകന്‍
മുഹമ്മദ് നബിയുടെ നിസ്തുലവും നിസ്വാര്‍ഥവുമായ
ജീവിതത്തെ അടുത്തറിയാന്‍ സഹായിക്കുന്നു,ഇവിടെ.

ലോകത്തെ മൂന്നേമൂന്ന് പുണ്യകേന്ദ്രങ്ങളിലേക്ക് മാത്രം
തീര്‍ഥാടനം അനുവദിക്കപ്പെട്ട ഒരു മതത്തിന്റെ /
പ്രവാചകന്റെ നേരനുയായികള്‍ ഇന്ന് കാണുന്നിടത്തേക്കെല്ലാം ആശ്വാസം തേടി പാഞ്ഞുനടക്കുന്ന കാഴ്ച്ചകാണുമ്പോള്‍ ഏറെ ദുഖം തോന്നുന്നു..

വിശ്വാസം കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്തിയ ഒരുജനതയുടെ ത്യാഗനിര്‍ഭരമായ ഓര്‍മ്മകളുമായി
പ്രവാചകനഗരിയിലേക്ക് കാലെടുത്തുവെച്ച
ഈ തീര്‍ഥാടന സംഘത്തിന് മദീനയുടെ മണ്ണിലേക്ക്
സുസ്വാഗതം..

കാത്തിരിക്കുന്നു..,കണ്ണും കാതും തുറന്നുവെച്ച്..

Anonymous said...

വൃദ്ധന്‍ മുരടനക്കി.. "അതാ... പ്രാവാചകന്റെ മസ്‌ജിദ്‌". ശിരസ്സ്‌ മുതല്‍ പാദം വരേ ഒരു തരിപ്പ്‌ പാഞ്ഞ്‌ പോയി... സകല രോമകൂപങ്ങളും ആ സുവാര്‍ത്ത സ്വീകരിച്ചു... ഡ്രൈവറുടെയും വൃദ്ധന്റേയും ഇടയിലൂടെ കാറിന്റെ സുതാര്യമായ ഫ്രണ്ട്‌ ഗ്ലാസ്സിനപ്പുറം... ദൂരെ മദീനയുടെ ജീവനായ പ്രവാചകന്റെ മസ്ജിദിന്റെ വെളുത്ത മിനാരങ്ങളുടെ തിളക്കം എന്റെ നനഞ്ഞ മിഴികള്‍ക്ക്‌ മധ്യേ തെളിഞ്ഞു.

താങ്കളുടെ ഈ യാത്രയില്‍ ഞാനും കൂടെ യാത്രചെയ്യുന്നുണ്ട്. മനോഹരമായ അവതരണം. കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. തുടരുക. അഭിനന്ദങ്ങള്‍.

ഏറനാടന്‍ said...

ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്കാ മനസ്സില്‍ നില്‍പൂ..
ലക്ഷങ്ങളെത്തി നമിക്കും മദീനാ
അക്ഷരജ്യോതിസ്സിന്‍ പുണ്യഗേഹം..
സഫാമര്‍വാ മലയുടെ ചോട്ടില്‍..

ഈ ഗാനം ഇത്തിരിക്കും വായനക്കാര്‍ക്കും വേണ്ടി... തുടരുകയീ സപര്യ..

ദിലീപ് വിശ്വനാഥ് said...

വളരെ നന്നായിട്ടുണ്ട്. ശരിക്കും ഒരു അന്തരീക്ഷം രൂപപ്പെടുത്താന്‍ സാധിച്ചു. അതുകൊണ്ട് വായന ഒരു യാത്രയുടെ അനുഭവം തന്നു.

ഫത്തു said...

ഇത്തിര്യേ... യാത്രക്കിടയില്ല് വണ്ടിയുടെ ടയര്‍ പൊട്ടിഗഹ്ചൂടെ, എന്നിട്ട് യാത്രയൊന്ന് നീട്ടിക്കൂടെ

Ziya said...

പ്രിയ ഇത്തിരി,
ഓരോ ലക്കവും മുടങ്ങാതെ വായിക്കുന്ന നിരവധി വായനക്കാരില്‍ ഒരാളാണ് ഞാന്‍.
പലപ്പോഴും കമന്റിടാന്‍ തുനിയുമ്പോള്‍ വാക്കുകളേ നിര്‍വൃതി വിഴുന്നതിനാല്‍ വെറുമൊരു ‘നന്നായി’ പറയാന്‍ കഴിയുന്നില്ല...
തുടരുക...സഫലമീ യാത്ര

പ്രയാസി said...

ഇത്തിരി..
ഞാനിവിടെ ആദ്യമാ..
വരാന്‍ വൈകിയതില്‍ കുറ്റബോധം തോന്നുന്നു..
തികച്ചും ഒരു പുണ്യയാത്ര ചെയ്യുന്നതു പോലെ..
ഇനിയും ഒരു പാടെഴുതാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ..!

Rasheed Chalil said...

വായിച്ച് അഭിപ്രായം അറിയിച്ച
സുല്‍.
കുട്ടിച്ചാത്തന്‍.
അരീക്കോടന്‍.
ജി മനു.
മുരളിമേനോന്‍.
മുസ്‌രിസ്
അപ്പു.
വേണു.
കുറുമന്‍.
കുട്ടമ്മേനോന്‍.
മിന്നാമിനുങ്ങ്.
സലാം.
ഏറനാടന്‍.
വാല്‍മീകി.
അബ്ദുല്‍ ഫത്ത.
സിയ.
പ്രയാസി...

എല്ലാവര്‍ക്കും ഒത്തിരി നന്ദി.